ഒരുപക്ഷെ ഭാര്യയുടെ ഒരു പിടി നല്ല ഓർമകളിലേക്ക് അദ്ദേഹത്തിന്റെ മനസ് സഞ്ചരിച്ചിരിക്കാം…

നല്ല പാതി

എഴുത്ത്: അശ്വനി പൊന്നു

=================

ഏട്ടന്റെ തീരുമാനത്തിന് എതിരു നിൽക്കാത്ത ഞാൻ എന്റെ കല്യാണക്കാര്യത്തിലും പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറഞ്ഞില്ല…

ആരോടും പ്രത്യേകിച്ച് അടുപ്പം ഇല്ലായിരുന്നെങ്കിലും പിജി പഠിച്ചു കൊണ്ടിരിക്കുന്ന എനിക്ക്, ഒരു പത്താം ക്ലാസ് പോലും കഴിയാത്ത കൃഷിക്കാരന്റെ കല്യാണ ആലോചന ഉൾകൊള്ളാൻ പറ്റിയിരുന്നില്ല.

കാരണം വിദ്യാഭ്യാസം കുറഞ്ഞയാൾ തുടർപഠനം നടത്താൻ തന്നെ അനുവദിക്കുമോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു….

അമ്മയും ഏട്ടനും പയ്യന്റെ സ്വഭാവ ഗുണങ്ങൾ കണക്കിലെടുത്തു ഹരിയേട്ടനുമായുള്ള വിവാഹം ഉറപ്പിക്കുമ്പോൾ എന്റെ മനസ് ഒന്നിനോടും പൊരുത്തപെടാനാവാതെ മരവിച്ചിരിക്കുകയായിരുന്നു എങ്കിലും അച്ഛൻ മരിക്കുമ്പോൾ ഉണ്ടാക്കി വച്ച കടങ്ങൾ തലയിലേറ്റിയ ഏട്ടനെ കുറിച്ചോർത്തപ്പോൾ ഒന്നും എതിർക്കാനും കഴിഞ്ഞില്ല

അതിനാൽ തന്നെ ഏറെ ആഘോഷങ്ങൾ ഇല്ലാതെ ഹരിയേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഇനിയെന്ത് എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു…

എങ്കിലും ഏട്ടന്റെയും അമ്മയുടെയും കണ്ണിലുള്ള തിളക്കം എനിക്ക് സന്തോഷമേകുന്നവ ആയിരുന്നു…

ആദ്യ രാത്രിയിൽ സ്നേഹത്തോടെ പിറകിലൂടെ വന്നു തഴമ്പ് പിടിച്ച കൈകൾ കൊണ്ട് ഹരിയേട്ടൻ  എന്റെ അരകെട്ടിലൂടെ പിടിക്കുമ്പോൾ പേടിച്ച മുഖത്തോടെ  ഞാൻ തിരിഞ്ഞു നോക്കി…

ഹരിയേട്ടന്റെ പുഞ്ചിരി ആശ്വാസം പകരുന്നതായിരുന്നെങ്കിലും മനസിനുള്ളിൽ ഒരു ഭയം ഉടലെടുത്തതുകൊണ്ടാകാം എനിക്കെന്റെ കണ്ണുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…

എന്തിനാ രേഖ നീ കരയുന്നത് എന്നെ ഇഷ്ടമില്ലാതെ ആണോ വിവാഹത്തിനു സമ്മതിച്ചതെന്നു ചോദിച്ചപ്പോൾ എന്റെ ഉള്ളിലെ ആഗ്രഹം ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു….

“ഇഷ്ടമില്ലാതെ ഒന്നുമല്ല ഹരിയേട്ടാ എനിക്ക് പഠിക്കണം…എന്റെ പിജി കമ്പ്ലീറ്റ് ചെയ്യണം ഇവിടെ നിന്ന് ഒരുപാട് ദൂരയല്ലേ എന്റെ കോളേജ് അപ്പൊ ഞാൻ എന്താ ചെയ്യുക…എന്റെ വീട്ടുകാർ എന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ചതാണ് “

നേർത്ത പ്രതീക്ഷയിൽ ഞാനതു പറഞ്ഞപ്പോൾ ഹരിയേട്ടന്റെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു…

“രേഖ നിന്റെ കോളേജ് ഇവിടെ നിന്നും ഒരുപാടകലെയാണ്…ഇവിടെ ഞാനും അച്ഛനും മാത്രമാണുള്ളത് ഞങ്ങൾക്കൊരു സഹായമാകാൻ കൂടിയാണ് നിന്നെ കല്യാണം കഴിച്ചത്. നീ രാവിലെ നേരത്തെ പോയി വൈകി വന്നാൽ ഇവിടുത്തെ കാര്യമെല്ലാം ആരാ നോക്കുക അതുകൊണ്ട് ഇത്രയൊക്കെ പഠിപ്പ്  മതി”

ഹരിയേട്ടന്റെ വാക്കുകൾ ഞാൻ നേരത്തെ പ്രതീക്ഷിച്ചതാണെങ്കിലും എനിക്കെന്റെ കണ്ണുനീർ കണങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…

അതൊന്നും തന്നെയേൽക്കുന്ന വിഷയമല്ലെന്ന മട്ടിൽ ഹരിയേട്ടൻ കട്ടിലിന്റെ അരികിലേക്ക് കയറി കിടന്നപ്പോൾ മുത്തു കണക്കെ പൊഴിയുന്ന കണ്ണുനീർ തലയിണയിലേക്കമർത്തി ഒപ്പം എന്റെ വിധിയെ പഴിച്ചുകൊണ്ട് എല്ലാ മോഹങ്ങളും ഉപേക്ഷിക്കാൻ മനസ്സിലുറപ്പിച്ചു കൊണ്ട് ഹരിയേട്ടന്റെ  അരികിലായി ഞാനും കിടന്നു….

പിറ്റേന്ന് രാവിലെ എഴുനേറ്റു ഹരിയേട്ടന്റെ കാൽ തൊട്ടു വന്ദിച്ച ശേഷം കുളിച്ചു ഒരു റോസ് നിറത്തിലുള്ള കോട്ടൺ സാരിയുമെടുത്തുടുത്തു കൊണ്ട് ഞാൻ പെണ്ണിന്റെ സ്പര്ശനം ഏറ്റിട്ടു നാളേറെയായി കിടക്കുന്ന അടുക്കളയിൽ കയറി കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി ആദ്യം അച്ഛന് നൽകിയപ്പോൾ ആ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു…

ഒരുപക്ഷെ ഭാര്യയുടെ ഒരു പിടി നല്ല ഓർമകളിലേക്ക് അദ്ദേഹത്തിന്റെ മനസ് സഞ്ചരിച്ചിരിക്കാം…

ശേഷം ഹരിയേട്ടനെ തൊട്ടുണർത്തി വിളിച്ചപ്പോൾ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ ഏറെ നേരം നോക്കി നിന്നു….പിന്നീട് ചായ വാങ്ങിക്കുടിച്ചു പുറത്തേക്ക് നടക്കുമ്പോൾ വീണ്ടും എന്നെ തിരിഞ്ഞു നോക്കികൊണ്ടേയിരുന്നു…

വീണ്ടും അടുക്കളയിൽ കയറി രാവിലത്തെ പലഹാരങ്ങൾ ഉണ്ടാക്കുമ്പോഴേക്കും ഹരിയേട്ടൻ തൂമ്പയുമെടുത്തു വയലിലേക്ക് നടന്നിരുന്നു

“ഒന്നും മിണ്ടാതെ ദൂരേക്ക് നടന്നകലുന്ന ഹരിയേട്ടനെ നോക്കി നിൽക്കുന്ന എന്റെ അടുത്തേക്ക് അച്ഛൻ വന്നു

“അച്ഛാ ഒന്നും കഴിക്കാതെയാ പോയത്.. “

“അത് സാരമില്ല മോളെ സമയം ആറര ആയിട്ടേയുള്ളൂ 2 മണിക്കൂർ കഴിയുമ്പോൾ അവൻ വന്നോളും അതാ അവന്റെ ശീലം. ഈ കാണുന്ന നെല്ലും മറ്റുള്ള വിളകളും എല്ലാം എന്റെ കുട്ടിയുടെ അധ്വാനം ആണ് പതിനഞ്ചാം വയസ് മുതൽ കഷ്ടപെടുകയാ എന്റെ എന്റെ കുട്ടി അന്നുമുതൽ ഇന്നുവരെ വെയിലിന്റെ കാഠിന്യമല്ലാതെ എന്റെ കുട്ടി മറ്റൊരു സുഖം അനുഭവിച്ചിട്ടില്ല “

ഇതും പറഞ്ഞു അച്ഛൻ കണ്ണ് തുടയ്ക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു

ഞാൻ വേഗം ഇഡലിയും സാമ്പാറും ഉണ്ടാക്കി അച്ഛന് കൊടുക്കുമ്പോഴും എന്റെ കണ്ണുകൾ ഹരിയേട്ടന്റെ വരവിനായി കാത്തിരുന്നു…..

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹരിയേട്ടൻ വന്നു  വയലിൽ നിന്നും പറ്റിയ ചളികൾ കാലിൽ നിന്നും കഴുകി കളയുമ്പോൾ ഞാൻ എന്റെ മനസ്സിൽ നിന്നും പഠനം എന്ന ചിന്തയും കഴുകി കളഞ്ഞു…..

ഹരിയേട്ടനും ഞാനും ചായ കുടിക്കാൻ ഇരിക്കുമ്പോൾ കുഞ്ഞമ്മാമയുടെ വീട് വരെ പോകണം എന്ന് പറഞ്ഞു അച്ഛൻ ഇറങ്ങി….

“രേഖ ഇന്നെനിക്ക് ഒരിടം വരെ പോകണം നിനക്ക് തനിച്ചിരിക്കാൻ പേടി ഉണ്ടോ “

ഞാൻ  ഇല്ലെന്നു തലയാട്ടി..ഹരിയേട്ടൻ വേഷം മാറ്റി  വേഗം റെഡിയായി  പുറത്തേക്കിറങ്ങി..ഞാൻ എന്റെ പണികളെല്ലാം പെട്ടന്ന് ചെയ്തു തീർത്തു വയലിലേക്കിറങ്ങി…നെല്കതിരെല്ലാം വിളഞ്ഞു നില്കുന്നു പാകമാവാത്ത നെല്കതിരെടുത്തു കടിച്ചു പൊട്ടിക്കുമ്പോൾ മധുരമായ ഒരു നീരെന്റെ വായിലേക്ക് എത്തുന്നുണ്ടായിരുന്നു. ആ മധുരത്തിന് എന്റെ ഹരിയേട്ടന്റെ വിയർപ്പിന്റെ വിലയാണെന്ന് എനിക്ക്  മനസിലായി….

ഓരോന്ന് ഓർത്തു നിൽകുമ്പോൾ ആണ് റോഡിലൂടെ  ഹരിയേട്ടന്റെ വരവ് കാണുന്നത്….വേഗം പാടവരമ്പിലൂടെ ഓടി വീട്ടിൽ എത്തി…

“എന്തിനാ രേഖ നട്ടുച്ചയ്ക്ക് വയലിൽ പോയി വെയിൽ കൊള്ളുന്നത് “

ഒന്നുമില്ലെന്ന്‌ തലയാട്ടി ഞാൻ ഭക്ഷണം വിളമ്പാനായി അടുക്കളയിലേക്ക് കടന്നു….

രേഖാ ഒന്നിവിടെ വരൂ എന്നുറക്കെ ഹരിയേട്ടൻ വിളിച്ചപ്പോൾ ഞാൻ റൂമിലേക്ക് നടന്നു..

“ഞാൻ എവിടേക്കാണ് പോയതെന്ന് നീ അന്വേഷിച്ചോ “

വീണ്ടും ഇല്ലെന്നു തലയാട്ടി

“അതെന്താ അന്വേഷിക്കാത്തത് പിന്നെ ഒരു കാര്യം ഈ തലയാട്ടാൽ വേണ്ട വായ തുറന്നു മറുപടി പറയണം ഇന്നാ നോക്ക്….. “

ഒരു കവർ എന്റെ നേരെ നീട്ടി…ഞാനത് തുറന്നു നോക്കി…എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല……

ഇവിടെ അടുത്തുള്ള കോളേജിൽ എനിക്കുള്ള അഡ്മിഷൻ ശരിയാക്കി വന്നിരിക്കുന്നു ഹരിയേട്ടൻ

ഓടിച്ചെന്ന് ഹരിയേട്ടന്റെ മാറിലേക്ക് വീണു കെട്ടിപിടിച്ചു ഏന്തി വലിഞ്ഞു നെറ്റിയിൽ ഉമ്മ കൊടുക്കുമ്പോൾ ഇരുകൈകൾ കൊണ്ട് ഹരിയേട്ടൻ  എന്നെയും മുറുകി പുണർന്നു….

ഹരിയേട്ടൻ എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു…

“പെണ്ണ് കാണാൻ വന്ന ദിവസം തന്നെ നിന്നെ പഠിപ്പിക്കണം എന്ന കണ്ടിഷൻ മാത്രമേ നിന്റെ ഏട്ടൻ എന്റെ മുന്നിൽ വച്ചിരുന്നുള്ളൂ. പല കാരണങ്ങൾകൊണ്ടും പഠനം മുടങ്ങിപ്പോയ എനിക്കതിനു സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ…കല്യാണത്തിരക്കിനിടയിൽ തന്നെ നിന്റെ ഏട്ടൻ നിന്റെ സെർട്ടിഫിക്കറ്റുകൾ എല്ലാം എന്നെ ഏൽപ്പിച്ചിരുന്നു…കൃഷിക്കാരൻ ആണെങ്കിലും നിന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിച്ചു തരാൻ എനിക്ക് കഴിയും…

പിന്നെ ഇന്നലെ രാത്രി നിനക്ക് ഒരു സർപ്രൈസ്‌ തരാൻ വേണ്ടിയാ നിന്നെ വിഷമിപ്പിച്ചത്…ഇനിയൊരിക്കലും എന്റെ പെണ്ണിന്റെ കണ്ണ് നിറയരുത് പൊന്നുകൊണ്ട് മൂടാൻ കഴിഞ്ഞില്ലെങ്കിലും പൊന്നുപോലെ നോക്കാം എന്റെ അവസാന ശ്വാസം വരെ…

ഇത് പറഞ്ഞു തീർന്നതും എന്റെ കണ്ണുകളിൽ സന്തോഷാശ്രു പൊഴിച്ച് കൊണ്ട് ഹരിയേട്ടന്റെ കവിളിൽ തുരുതുരെ ഉമ്മ കൊടുത്തു…

“അതേയ് എനിക്ക് വിശക്കുന്നുണ്ട് ട്ടോ “

“സോറി ഹരിയേട്ടാ എന്നോട് ആ കാര്യം വിട്ടുപോയി “

എന്ന് പറഞ്ഞു അടുക്കളയിലേക്ക് നടക്കുമ്പോൾ എന്റെ സാരിയുടെ തുമ്പിൽ പിടിച്ചു വലിച്ചുകൊണ്ട് ചേർത്ത് നിർത്തി കാതിലായി പറഞ്ഞു

“ആ വിശപ്പല്ല ഇന്നലെ രാത്രി മുതൽ ഈയുള്ളവൻ പട്ടിണിയാണെ “

ഇതുകേട്ട് നാണം കൊണ്ട് “അയ്യടാ ” എന്നും പറഞ്ഞു ഞാൻ ഹരിയേട്ടനെ തള്ളിമാറ്റി കുസൃതി നിറഞ്ഞ ചിരിയോടെ ഓടുമ്പോൾ എനിക്കുറപ്പായി ഇവൻ തന്നെ എന്റെ നല്ല പാതി…

ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കുമ്പോൾ മീശ പിരിച്ചുകൊണ്ട് ഇന്ന് രാത്രി നിന്നെ എടുത്തോളാമെടി എന്ന മട്ടിൽ ചിരിക്കുകയായിരുന്നു

ശുഭം

~അശ്വനി പൊന്നു