എത്രയൊക്കെ സന്തോഷം ഉണ്ടെന്നു പറഞ്ഞാലും അത് വല്ലാത്തൊരു വേദന ആയിരുന്നു…

എഴുത്ത്: അക്ഷയ ജിജിൻ

=================

ഹരിയേട്ടാ എനിക്കെന്തോ ടെൻഷൻ ആവുന്നു…ഏട്ടൻ ഇല്ലാതെ…എനിക്ക് പറ്റില്ല ഹരിയേട്ടാ….

വീഡിയോ കാൾ ചെയ്തപ്പോൾ ഹരിയുടെ മുന്നിൽ നീലു പൊട്ടി കരഞ്ഞു പോയി..

അയ്യേ നീലു കരയല്ലേ..കരഞ്ഞ വാവക്ക് സങ്കടം ആവില്ലേ…എന്നെ കൂടി വിഷമിപ്പിക്കല്ലേ..ഹരി സമാധാനിപ്പിച്ചു..

എന്നാലും ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം നമ്മുടെ വാവ വരാൻ പോവല്ലേ..അപ്പൊ ഹരിയേട്ടനും കൂടെ വേണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചതാ..നീലു സങ്കടം പറഞ്ഞു…

എന്റെ നീലു ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ…ലീവ് കിട്ടാഞ്ഞിട്ടല്ലേടി…എനിക്കും നല്ല ആഗ്രഹം ഉണ്ടെന്ന് നിനക്കറിയില്ലേ…എന്ത് ചെയ്യാനാ പ്രവാസികളുടെ അവസ്ഥ ഇത് തന്നെ…. പോയി മുഖമൊക്കെ കഴുകി  നല്ല ഹാപ്പി ആയിട്ടിരിക്ക്..നാളെ അഡ്മിറ്റ്‌ ആവാൻ പോവുമ്പോ നല്ല ഹാപ്പി ആയിട്ട് വേണം പോവാൻ…ഞാൻ എപ്പോളും നീലുവിന്റെ കൂടെ തന്നെ ഉണ്ട്….എന്റെ വാവയോട് പറയണേ….അച്ഛന് വരാൻ പറ്റാത്തോണ്ടാന്ന്…ഒരുപാട് ആഗ്രഹം ഉണ്ട് കാണാൻ എന്ന്….

ഹരി ഫോൺ വെച്ചപ്പോളും നീലുവിന് വല്ലാത്തൊരു വിഷമം മനസ്സിൽ കെട്ടി നിന്നിരുന്നു…9 മാസത്തിന്റെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുവാവ വരുന്നതിന്റെ സന്തോഷം ഉണ്ടെങ്കിലും   ഈ സമയത്ത് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആളുടെ പ്രസൻസ് കൂടെയില്ലാത്തതിന്റെ വിഷമം അവളെ വല്ലാതെ തളർത്തിയിരുന്നു…കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നില്ലായിരുന്നു….എന്നത്തേയും പോലെ പഴയ കാര്യങ്ങൾ ചിന്തിച്ചു കൊണ്ട് അവൾ കിടന്നു….

ഹരിയേട്ടാ….ഹരിയേട്ടാ…ഇതെവിടെയാ..ഒന്നിങ്ങു വേഗം വാ….

എന്താ നിലു..എന്താ പറ്റിയെ…ഹരി നിലുവിന്റെ വിളി കേട്ട് പെട്ടന്ന് റൂമിലേക്ക്‌ വന്നു..

ഒന്നും പറ്റിയില്ല ഹരിയേട്ടാ…കള്ള ചിരിയോടെ നിലു പറഞ്ഞു…

ഒറ്റ വീക്ക് വെച്ച് തരും ട്ടോ രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കാൻ…ഞാൻ വിചാരിച്ചു എന്തോ പറ്റിയിട്ടു വിളിക്കുവാന്ന്…

അതെ വീക്ക് വെച്ച് തന്നാലേ ചോയ്ക്കാനും പറയാനും ഒക്കെ ആള് വരുന്നുണ്ട്…..ഒന്നിങ്ങോട്ട് നോക്കിയേ….നീലു കൈ നീട്ടി കാണിച്ചു..

നീലുവിന്റെ കയ്യിലെ പ്രേഗ്നെൻസി കാർഡിലെ 2 വരകൾ അവൾ ഹരിക്ക് കാണിച്ചു കൊടുത്തു…പെട്ടന്ന് സന്തോഷം കൊണ്ട് ഷോക്ക് ആയ അവസ്ഥ ആയിരുന്നു ഹരിക്ക്…

നീലു…ഇത് സത്യാണോ..ഞാൻ അച്ഛനും നീലു അമ്മയും ആവാൻ പോവാണോ?? എനിക്ക് എന്താ പറയേണ്ടെന്നറിയില്ല..സന്തോഷം കൊണ്ട് ഹരി നീലുവിനെ കെട്ടിപിടിച്ചു…

ഹരിയേട്ടാ സന്തോഷിക്കാൻ വരട്ടെ..ആദ്യം നമ്മുക്ക് ഒരു ഡോക്ടറെ കാണിച്ചു ഇതുറപ്പികാം…

വൈകുന്നേരം ഡോക്ടറെ കാണിച്ചു വരുമ്പോൾ ഹരിക്കും നീലുവിനും മാത്രം അല്ല ആ വീട്ടിലെ എല്ലാവരുടെ മനസ്സിലും സന്തോഷത്തിന്റെ പൂത്തിരി വിടർന്നിരുന്നു. പിന്നീട് ഓരോ ദിവസവും നീലുവിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ മത്സരം ആയിരുന്നു എല്ലാരും…

വിവരം അറിഞ്ഞപ്പോൾ തന്നെ അവളുടെ അച്ഛനും അമ്മയും വന്നു…പേരക്കുട്ടി വരാൻ പോവുന്നതിന്റെ സന്തോഷം കുറച്ചൊന്നുമല്ലായിരുന്നു അവർക്ക്….

നീലുവിന്റെ അച്ഛൻ എല്ലാവരോടുമായി പറഞ്ഞു..മോൾക് റസ്റ്റ്‌ പറഞ്ഞതല്ലേ 3 മാസം. അത് വരെ അവിടെ വന്നു നിൽക്കട്ടെ.

അയ്യോ ശേഖരനൊന്നും തോന്നരുത് അവള് എന്റെ മോളു തന്നെ ആ..മോൾക്കെന്താ ഇവിടെ റെസ്റ്റെടുത്തൂടെ..പെട്ടന്ന് പോവാന്ന് പറഞ്ഞ ഒരു വിഷമാ…ഹരിയുടെ അമ്മ പറഞ്ഞു.

അച്ഛാ നീലുനെ ഞങ്ങൾ പൊന്നു പോലെ നോക്കും അച്ഛൻ പേടിക്കേണ്ട…ഹരിയും പറഞ്ഞു…

നീലുവിനും അത് തന്നെ ആയിരുന്നു ഇഷ്ടം…അങ്ങനെ ഓരോ ദിവസവും കടന്നു പോവുമ്പോളും രണ്ട് പേരുടെയും മനസ്സിൽ ചെറിയൊരു വിഷമം കടന്നു കൂടിയിരുന്നു…ഗൾഫിൽ ജോലി ചെയ്യുന്ന ഹരി കല്യാണത്തിന് വേണ്ടി 4 മാസം ലീവ് എടുത്തതാണ്…ഇതിപ്പോ തിരിച്ചു പോവാൻ സമയം അടുത്ത് തുടങ്ങി..ഇപ്പൊ ഉള്ള സന്തോഷം  കെടുത്തേണ്ട എന്ന് കരുതി രണ്ടാളും ഒന്നും പരസ്പരം പറഞ്ഞില്ല..

ഓരോ ദിവസം ചെല്ലും തോറും നീലുവിന് ആദ്യം തോന്നിയ ഭക്ഷണത്തോടുള്ള കൊതി മെല്ലെ മെല്ലെ മടുപ്പായി മാറി..എന്തിന്റെയെങ്കിലും മണം അടിച്ചാൽ വരെ ച്ഛർദി ആയി മാറി..ഓരോ വട്ടം ഛർദിച്ചു തളർന്നു കിടക്കുമ്പോളും അരികിൽ നിന്ന് മാറാതെ താങ്ങായി ഹരി ഉണ്ടായിരുന്നു…ഭക്ഷണത്തോട് മടുപ്പ് കാണിക്കുമ്പോൾ ഓരോ ഉരുളയാക്കി ഹരി വായിൽ വെച്ച് കൊടുത്തു ഒരു കുഞ്ഞിനെ ഊട്ടും പോലെ അവളെ ഊ ട്ടുമായിരുന്നു…ഗർഭിണികൾക്ക് പച്ച മാങ്ങാ തിന്നാൻ കൊതി ഉണ്ടാവും എന്ന് എല്ലാരും പറഞ്ഞു കേട്ട ഹരി മാവിൽ കല്ലെറിഞ്ഞു വീഴ്ത്തി നല്ല പുളിക്കുന്ന നാട്ടുമാങ്ങ നീലുവിന് കൊണ്ട് കൊടുക്കുമ്പോൾ അവളുടെ കണ്ണ് സന്തോഷം കൊണ്ട് തിളങ്ങിയിരുന്നു..

ഒരു ദിവസം രാത്രി ഹരിയെ പറ്റി കിടക്കുമ്പോ നിലു ചോദിച്ചു..ഹരിയേട്ടാ ഏട്ടന് പോവാതിരുന്നൂടെ…

നിലുവിന്റെ പെട്ടന്നുള്ള ചോദ്യം ഹരിയെ വിഷമത്തിലാക്കി…

നിലു ഞാൻ ഇത്രയും ദിവസം മനഃപൂർവം അത് മറന്നിരിക്കുക ആയിരുന്നു…നിന്റെയും വാവയുടെയും അരികിൽ നിന്ന് എനിക്ക് പോവാൻ തോന്നിയിട്ടല്ല…എനിക്കറിയാം ഈ സമയത്ത് നിനക്ക് ഏറ്റവും കൂടുതൽ വേണ്ടത് എന്റെ പരിചരണം ആണെന്ന്. പക്ഷെ പോവാതെ പറ്റില്ല നിലു…കല്ല്യാണം കഴിഞ്ഞ കടങ്ങൾ ഒക്കെ ബാക്കിയല്ലേ…

ഹരി പറയുമ്പോൾ നിലുവിന്‌ മറുപടി ഒന്നും ഇല്ലായിരുന്നു..ഹരി പോവാനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ നിലുവിന്റ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു ഒപ്പം ഹരിയുടെ മനസ്സും..

വാവേ അച്ഛൻ പോയിട്ട് വേഗം വരാ ട്ടോ…നിലുവിന്റെ വയറ്റിൽ കൈ വെച്ച് പറയുമ്പോൾ അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ പെയ്യുന്നുണ്ടായിരുന്നു..അത് കാണാൻ ഉള്ള കെൽപ്പ് ഹരിക്കില്ലായിരുന്നു..

എന്റെ നിലുവിനെ നന്നായി നോക്കണേ…നിങ്ങളെ കയ്യിൽ ഏല്പിച്ചു പോകുവാ ഞാൻ…നിലുവിന്റെയും ഹരിയുടെയും അമ്മമ്മാരോട് അതും പറഞ്ഞു പോവുമ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു..

ഹരി എന്തായിരുന്നു തനിക്ക് എന്ന് നിലുവും മറിച്ചു ഹരിയും അറിഞ്ഞ ദിവസങ്ങൾ ആയിരുന്നു പിന്നീടുള്ളത്..

ഓരോ വട്ടം ച്ഛർദിച്ചു തളരുമ്പോളും കൂടെ എല്ലാവരും ഉണ്ടെങ്കിലും ഹരിയുടെ സാമിപ്യം അവളെ വല്ലാതെ മിസ്സ്‌ ചെയ്യ്തു…വീഡിയോ കാൾ ചെയ്യുമ്പോൾ വാവയുടെ വിശേഷം പറയാൻ നൂറു നാവായിരുന്നു നിലുവിന്…ഒപ്പം ഹരി കൂടെ ഇല്ലാത്തതിന്റെ പരാതിയും പരിഭവവും..

ഓരോ പ്രാവശ്യം ഹോസ്പിറ്റലിൽ പോവുമ്പോളും ഹരി കൂടെ ഇല്ലാത്തത് വലിയൊരു കുറവായി തോന്നി നിലുവിന്..കുഞ്ഞാവ ആദ്യമായി അനങ്ങിയപ്പോൾ അതൊന്നു ഹരിയെ കാണിച്ചു കൊടുക്കാൻ അവളുടെ ഹൃദയം തുടിച്ചു പോയി..കൂടെ ഇരുന്നു വയറിൽ ചെവി കോർത്തു ആ അനക്കം ആസ്വദിക്കനും കുഞ്ഞി കുറുമ്പിനോട് കുശലം പറയാനും ഹരിക്കും കൊതി തോന്നി. പിന്നീട് ഓരോ മാസങ്ങളിൽ ഉണ്ടാവുന്ന ആസ്വസ്ഥതകൾ കൂടി വരുമ്പോളും വീർത്തു ഉന്തിയ വയറു താങ്ങി പിടിച്ചു നടക്കുമ്പോളും ഹരി കൂടെ ഉണ്ടാവണമെന്ന് നീലു അതിയായി ആഗ്രഹിച്ചു…

എത്രയൊക്കെ സന്തോഷം ഉണ്ടെന്നു പറഞ്ഞാലും അത് വല്ലാത്തൊരു വേദന ആയിരുന്നു…

പ്രവാസികളുടെയും ഭർത്താവ് കൂടെ ഇല്ലാത്തവരുടെയും ഭാര്യമാർ അനുഭവിച്ചറിഞ്ഞ വേദന ആണത്..പ്രസവ സമയത്തും ലീവ് കിട്ടില്ല എന്നറിഞ്ഞപ്പോ നിലു ഒന്ന് കൂടെ തളർന്നു പോയി..എന്നാലും തന്റെ കുഞ്ഞാവ വരുന്നതാലോചിച്ചു ഒരുപാട് സന്തോഷിച്ചു…ഇതെല്ലാം ആലോചിച്ചപ്പോൾ എപ്പോളോ ആണ് നിലു ഉറങ്ങി പോയി..

പെട്ടന്ന് വയറിൽ മിന്നൽ പിണർപ്പ് പോലൊരു വേദന തോന്നിയിട്ടാണ് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണ്ണർന്നത്.പിന്നെ എല്ലാം പെട്ടന്നായിരുന്നു. എല്ലാവരും കൂടെ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോവുമ്പോൾ അവൾ ഹരിയെ വിളിക്കാൻ മറന്നില്ല..

ഹരിയേട്ടാ….ഞാൻ പോയി വരാം നമ്മുടെ കുഞ്ഞാവേനേം കൊണ്ട പെട്ടന്ന് വരാം

നിലൂ മോളെ..ഒട്ടും പേടിക്കണ്ട…ഞാൻ കൂടെ ഉണ്ട്…ഒന്നും ഉണ്ടാവില്ല….ഹരി ധൈര്യം പകർന്നു.

കരഞ്ഞു വിളിക്കുന്ന നിലുവിനെ ലേബർ റൂമിൽ കയറ്റി കുറച്ചു കഴിഞ്ഞു നേഴ്സ് ഒരു മാലാഖ കുഞ്ഞിനെ പുറത്തു കൊണ്ട് വന്നു….നീലിമ പ്രസവിച്ചു പെൺകുട്ടി ആണ്….

ഒബ്സെർവേഷൻ കഴിഞ്ഞു നിലുവിനെ റൂമിലേക്ക്‌ മാറ്റിയപ്പോൾ അവൾ തന്റെ കുഞ്ഞിനെ ചേർത്ത് വെച്ച് ആദ്യം തന്നെ ചോദിച്ചത് ഹരിയെ ആയിരുന്നു…

ഹരിയേട്ടൻ വിളിച്ചായിരുന്നോ അമ്മേ..ഹരിയേട്ടനോട് പറഞ്ഞില്ലേ ഞങ്ങളുടെ മാലാഖ വന്ന കാര്യം…

മോളെ അറിഞ്ഞപ്പോ തൊട്ട് ഹരിയെ ഞങ്ങൾ വിളിക്കുവാ..കിട്ടുന്നില്ല…അമ്മ അത് പറഞ്ഞപ്പോ നീലുവിന് സഹിക്കാൻ പറ്റിയില്ല.

ഇത്രയും നേരം ആയിട്ടും ഹരിയേട്ടനെ കിട്ടിയില്ലെന്നോ…അല്ലെങ്കിൽ എന്താ ഒന്നിങ്ങോട്ട് വിളിച്ചാൽ…കാത്തു കാത്തിരുന്നിട്ട് അവസാനം ഇത്രയും ഉള്ളു ലെ ഏട്ടന്..പോരാത്തതിന് ഇന്ന് ലീവും ആണ്…പല ചിന്തകളും അവളുടെ മനസ്സ് അസ്വസ്തമാക്കി…

ഓരോ മണിക്കൂറ് കഴിഞ്ഞു പോവുമ്പോളും ഹരിയുടെ ഒരു മെസ്സേജ് പോലും വരാത്തതിൽ നീലുവിന് നിരാശയും ദേഷ്യവും ഒക്കെ വന്നു…കുഞ്ഞിനെ പോലും ഹരിയേട്ടന് കാണണ്ടേ അമ്മേ എന്ന് ചോദിച്ചു കരയുമ്പോൾ അമ്മ ആശ്വസിപ്പിച്ചു. എന്റെ നീലു വിഷമിക്കാതിരിക്ക് ചിലപ്പോൾ ഉറങ്ങി പോയതാവും ക്ഷീണം കൊണ്ട്..മോളു കുറച്ചു ഉറങ്ങിക്കോ ഉണരുമ്പോളേക്കും ഹരി വിളിക്കും…ക്ഷീണം കൊണ്ട് നിലു പലതും ചിന്തിച്ചു ഉറങ്ങി പോയി..

അവളെ സമാധാനിപ്പിച്ചെങ്കിലും എല്ലാർക്കും ആദി ഉണ്ടായിരുന്നു…ഉറക്കത്തിൽ തന്റെ കയ്യിൽ ആരോ മുറുകി പിടിക്കുന്നത് അറിഞ്ഞാണ് നിലു ഞെട്ടി ഉണ്ണർന്നത്…

ചിരിച്ചു കൊണ്ട് തന്റെ മുന്നിൽ തന്റെ കുഞ്ഞിനേയും മടിയിൽ വെച്ചിരിക്കുന്ന ഹരിയെ കണ്ടു നീലു ഞെട്ടി പോയി…താൻ സ്വപ്നം കാണുകയാണെന്നു തോന്നി കണ്ണ് വലിച്ചടച്ചു തുറന്നു നോക്കി…അല്ല സത്യം തന്നെ ആണ്. തന്റെ ഹരിയേട്ടൻ…

നിലൂ…എനിക്ക് എങ്ങനെയാട എന്റെ കുഞ്ഞാവ വരുമ്പോ അവിടെ നിക്കാൻ പറ്റുക…

ഹരിയേട്ടാ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അവൾ ഹരിയെ വാരി പുണർന്നു.

ഒന്ന് പറഞ്ഞുണ്ടായിരുന്നോ…അമ്മേ ആരും എന്നോട് പറഞ്ഞില്ലല്ലോ…അവൾൻ അവളെ ചേർത്ത് പിടിച്ചു…

നിലൂ ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല…എല്ലാം ഒരു സർപ്രൈസ് ആവട്ടെന്ന് കരുതി.

അപ്പൊ ഏട്ടന് ലീവ് കിട്ടിയോ…അപ്പോളും നിലുവിന്റെയും കൂടെ ഉള്ളോരുടെയും ഞെട്ടൽ മാറിയിട്ടില്ലായിരുന്നു…

ഇല്ല ലീവൊന്നും കിട്ടിയില്ല. ഞാൻ മതിയാക്കി പോന്നു. എനിക്ക് വയ്യ ഇനിയും പ്രിയപെട്ടവരുടെ അടുത്ത് നിന്ന് മാറി നിൽക്കാൻ…നാട്ടിൽ ഉള്ള എന്തെങ്കിലും ജോലി ചെയ്തു ജീവിക്കണം ഇനി നമ്മുടെ സ്വത്തിന്റെ കൂടെ..ഇങ്ങനെ മാറി നിന്ന് പൈസ ഉണ്ടാക്കിയിട്ടെന്താ..നമ്മുടെ കുഞ്ഞു മോൾ അച്ഛന്റെയും അമ്മയുടെയും ചൂടറിഞ്ഞു വളരണം..

അത് കേൾക്കുമ്പോ അവൾക്ക് വിശ്വസിക്കാൻ പറ്റിയില്ല…നിലുവിനെ ചേർത്ത് വെച്ച് കുഞ്ഞി കുറുമ്പിനെ മടിയിൽ വെച്ചിരിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും ചൂടറിഞ്ഞു സുഖമായിട്ട് ഉറങ്ങുവായിരുന്നു കുഞ്ഞുവാവ..

****************

ഈ ഒരു അവസ്ഥയിലൂടെ കടന്നു പോവുന്ന എത്രയോ പ്രവാസികളും ദൂരെ ജോലി ചെയ്യുന്നവരും ഒക്കെ നമ്മുടെ നാട്ടിൽ ഉണ്ട്…പലപ്പോഴും അവർ അനുഭവിക്കുന്ന വിഷമങ്ങൾ അവരോളം മറ്റാർക്കും അറിയാൻ പറ്റണം എന്നില്ല….

ശുഭം..

~അക്ഷയ ജിജിൻ