ഏട്ടാ എന്ന് വിളിച്ചപ്പോൾ തല ഉയർത്തി ഞാൻ അവളെ നോക്കി. മറയാൻ പോവുന്ന സൂര്യനെ നോക്കി നിൽക്കുകയായിരുന്നു അവൾ…

കാലം സാക്ഷി

Story written by Ajeesh Kavungal

================

ആശുപത്രി ക്യാന്റീനിൽ ഒരു ചായ ഓർഡർ ചെയ്തു മൊബൈലിൽ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു ഞാൻ..

“ഓർമ്മയുണ്ടോ എന്നെ…”

മുന്നിൽ വന്നിരുന്ന യുവതിയുടെ ചോദ്യം പെട്ടെന്ന് എന്നെ ഞെട്ടിച്ചു. പെട്ടെന്ന് ഞെട്ടൽ മാറി സന്തോഷം ആയി. ആ സന്തോഷം മായാതെ തന്നെ ഞാൻ ആ പേര് വിളിച്ചു…

ശീതൾ നീ ഇവിടെ..നിനക്ക് സുഖമാണോ..ആളാകെ മാറിയല്ലോ..

പെട്ടന്ന് ഒരുത്തരം പറയാതെ അവൾ പുഞ്ചിരിച്ചു കൊണ്ടിരുന്നു.

സുഖം ആണ് ചേട്ടാ.. കല്യാണം കഴിഞ്ഞു. അഞ്ചു വയസ്സുള്ള മോനുണ്ട്. ഭർത്താവിന് ബിസിനസ് ആണ്..ജീവിതം സന്തോഷം ആയി പോവുന്നു..

അവളുടെ ആ മറുപടി എന്നെ കുറച്ചു ഒന്നും അല്ല സന്തോഷിപ്പിച്ചത്. അതിനു ഒരു കാരണവും ഉണ്ടായിരുന്നു. ഒരിക്കൽ ഞാൻ വിചാരിച്ചിരുന്നു. ഇവൾ ജീവിതത്തിൽ തോറ്റു പോവുമെന്ന് അല്ലെങ്കിൽ അവളുടെ ജീവിതം അവസാനിപ്പിക്കുമെന്ന്..

ഒന്ന് മടിച്ചെങ്കിലും പിന്നെയും ഞാൻ ചോദിച്ചു..അച്ഛൻ ഇപ്പൊ….?

ബാക്കി ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ ഞാൻ വിചാരിച്ച സങ്കടം ഒന്നും അവളുടെ മുഖത്ത് ഉണ്ടായിരുന്നില്ല. ചിരിച്ചു കൊണ്ടു തന്നെ അവൾ മറുപടി പറഞ്ഞു..

ജീവിച്ചിരിപ്പുണ്ട്. വലിയ കുഴപ്പം ഒന്നും ഇല്ല.

അത് കേട്ടപ്പോൾ വലിയ ആശ്വാസം തോന്നിയെങ്കിലും എനിക്ക് എന്തോ സന്തോഷം തോന്നിയില്ല

ഓർമ്മകൾ 10.വർഷം പിന്നോട്ട് ഒന്ന് ഓടാൻ തുടങ്ങി. ആ വലിയ നഗരത്തിൽ ഞാനും ജോലിക്കായി അലയുന്ന സമയം. കൂട്ടുകാരന്റെ കനിവ് കൊണ്ട് അവൻ വാടകക്ക് എടുത്ത വീടിന്റെ ഒരു മുറി എനിക്ക് നൽകിയ സമയം. തൊട്ടു അടുത്ത വീട്ടിൽ അച്ഛനും അമ്മയും അനിയനും പിന്നെ ഇവളും താമസിക്കുന്നു..ആ വീട്ടിലെ എല്ലാരും നല്ല സ്വഭാവം ആയതു കൊണ്ട് പെട്ടെന്ന് തന്നെ അടുത്തു.ഇവളുടെ അച്ഛന് ടൗണിൽ ഒരു ചെറിയ കട ഉണ്ടായിരുന്നു..ഫാൻസി സാധനങ്ങൾ വിക്കുന്ന ഒരു കട.

അങ്ങനെ സന്തോഷം ആയി പോകുന്നതിനിടക്കാണ് ആ കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി കൊണ്ട് ക്യാൻസർ എന്ന വില്ലന്റെ വരവ്. കുടുംബത്തിന്റെ നെടും തൂണായ അച്ഛൻ വീണുപോയി.ചികിത്സിച്ചാൽ രക്ഷപെടും എന്ന് ഡോക്ടർ ഉറപ്പ് പറഞ്ഞത് കൊണ്ട് ഉള്ളതെല്ലാം വിറ്റു പെറുക്കി അവർ ചികിത്സ തുടങ്ങി. അവസാനം ഇരിക്കുന്ന വീട് വരെ പണയം വെച്ച് ലോണെടുത്തു. ഒരു കീമോ കൂടി ചെയ്താൽ അയാൾ രക്ഷപെടും എന്ന് ഡോക്ടർ തീർത്തു പറഞ്ഞു. അതിനുള്ള ചിലവ് ഒന്നര ലക്ഷം രൂപ കണ്ടെത്താൻ അവർക്ക് ഒരു മാർഗവും ഇല്ലായിരുന്നു. ബന്ധുക്കളും അവരെ ആവും വിധം സഹായിച്ചു കഴിഞ്ഞിരുന്നു.

ആ സമയത്തു ഞാൻ എന്നും ഹോസ്പിറ്റലിൽ പോവുമായിരുന്നു. പൈസ കൊണ്ടല്ലാത്ത എല്ലാ സഹായവും എന്നാൽ ആവും വിധം ഞാൻ ചെയ്തിരുന്നു. എനിക്ക് എന്നോട് തന്നെ ഏറ്റവും പുച്ഛം തോന്നിയ സമയം ആയിരുന്നു അത്. ഇരുപത്തൊമ്പതു വയസ്സുള്ള എനിക്ക് ഒരു സെക്കന്റ്‌ ഹാൻഡ് സ്‌പ്ലെൻഡർ ബൈക്ക് അല്ലാതെ സ്വന്തമായി അന്ന് വേറെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പഴ്സിൽ അഞ്ഞൂറ് രൂപ പോലും വെക്കാനില്ലാത്ത സാഹചര്യവും.

ഇനിയെന്ത് എന്ന് ആലോചിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ ഇടയിലേക്ക് കുഞ്ഞു പ്രതീക്ഷയുമായി അവളുടെ അച്ഛന്റെ ഒരു കൂട്ടുകാരൻ എത്തി. അയാൾക്ക് അറിയുന്ന ഒരാളുണ്ട്. ഒരു രാജൻ നമ്പ്യാർ. വലിയ കാശുകാരനാണ്. ദുബായിൽ എന്തൊക്കെയോ ബിസിനസ്‌ ഉണ്ട്. ആള് എല്ലാവരെയും അങ്ങനെ സഹായിക്കുകയൊന്നും ഇല്ല. പക്ഷെ ആൾക്ക് താത്പര്യം തോന്നിയാൽ, അവസ്ഥ ഭയങ്കര കഷ്ടം ആണെന്ന് നേരിട്ട് ബോധ്യപ്പെട്ടാൽ ചിലപ്പോൾ പൈസ തരാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞു.

മോള് നേരിട്ട് പോയി ഒന്ന് കണ്ടു സങ്കടം പറഞ്ഞാൽ ഒരു പെൺകുട്ടി ആയതു കൊണ്ട് അയാൾക്ക് സഹായിക്കാതിരിക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ അയാളെ കാണാൻ അവൾ സമ്മതിക്കുകയും ചെയ്തു.

രണ്ടു ദിവസം കഴിഞ്ഞു എന്നെ ഒന്ന് നേരിട്ട് കാണണമെന്ന് അവളുടെ അനിയൻ വന്നു പറഞ്ഞത് അനുസരിച്ചു ഞാൻ അവളെ കാണാൻ ഹോസ്പിറ്റലിനടുത്തുള്ള ബീച്ചിലെത്തി. എന്നെ കാത്തിരുന്ന അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവളാകെ മാറിയത് പോലെ എനിക്ക് തോന്നി. അയാൾ പൈസ കൊടുത്തു കാണില്ല എന്ന് ഞാൻ ഉറപ്പിച്ചു. അടുത്ത് ചെന്ന് തോളിൽ കൈ വെച്ച് ശീതൾ എന്ന് വിളിച്ചതും അവളെന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. അവളെ മെല്ലെ അടർത്തി മാറ്റി ഞാൻ ചോദിച്ചു

“പൈസ കിട്ടിയില്ലേ മോളെ “

ഏങ്ങലടിച്ചു കൊണ്ട് തന്നെ അവൾ മറുപടി പറഞ്ഞു.

“പൈസ കിട്ടി ഏട്ടാ.. പക്ഷെ പകരം കൊടുക്കേണ്ടി വന്നത് എനിക്ക് എന്റെ…”

ബാക്കി പറയാനാവാതെ അവൾ ചുണ്ട് കടിച്ചു പിടിച്ചു കരഞ്ഞു..

എന്റെ തലയിൽ ആരോ കൂടം കൊണ്ട് അടിച്ചത് പോലെ ആണ് എനിക്ക് തോന്നിയത്. കുറച്ചു നേരത്തേക്ക് എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഏകദേശം അമ്പത് വയസ്സിനടുത്തു പ്രായം ഉള്ള ഒരാൾ സാഹചര്യം മുതലെടുത്തു പതിനേഴു വയസ്സ് പ്രായം ഉള്ള ഒരു പെൺകുട്ടിയെ…സങ്കടം സഹിക്കാനാവാതെ ഞാൻ തലയിൽ കൈ വെച്ച് ആ മണ്ണിലേക്കിരുന്നു.

ഏട്ടാ എന്ന് വിളിച്ചപ്പോൾ തല ഉയർത്തി ഞാൻ അവളെ നോക്കി. മറയാൻ പോവുന്ന സൂര്യനെ നോക്കി നിൽക്കുകയായിരുന്നു അവൾ.

“ഏട്ടാ..ഇനി ഒരിക്കലും എന്റെ അച്ഛന്റെയും അമ്മയുടെയും പഴയ ശീതൾ ആയി ജീവിക്കാൻ പറ്റും ന്നു തോന്നുന്നില്ല. മരിക്കാൻ ഉറപ്പിച്ചിട്ടിട്ടാണ് ഞാൻ ഇപ്പൊ നിൽക്കുന്നത്. എനിക്ക് അറിയാം എന്റെ അച്ഛൻ രക്ഷപെടും. അവർക്ക് താങ്ങായി എന്റെ അനിയൻ ഉണ്ടാവും. അല്ലാതെ വേറെ ഒരു വഴി ഞാൻ കാണുന്നില്ല. “

എന്ത് പറയണം എന്ന് അറിയില്ലെങ്കിലും ഞാൻ പറയാൻ തുടങ്ങി.

“മോളെ 17വയസ് മാത്രമേ നിനക്ക് ആയിട്ടുള്ളു. ഇനിയും ജീവിതം ഒരുപാട് ഉണ്ട്. നിനക്ക് നഷ്ടപെട്ടത് എത്ര വലുത് ആണ് എന്നെനിക്കറിയാം. പക്ഷെ നിന്റെ മാതാപിതാക്കളുടെ പ്രതീക്ഷ ആണ് നീ. നിനക്ക് ഒരു കാര്യം അറിയാമോ ഒരിക്കൽ നിന്റെ അച്ഛൻ നിറകണ്ണോടെ എന്നോട് പറഞ്ഞത് ആളുടെ തല കൊണ്ട് വെച്ചിട്ട് ആണെങ്കിലും നിന്നെ ഒരു ഡോക്ടർ ആക്കും എന്നാണ്. നിന്നെ പ്രസവിച്ച അന്ന് തൊട്ടു ഇത്രയും കാലം അവരുടെ കണ്മുന്നിലൂടെ നീ വളർന്നത് ഒരു നിമിഷം കൊണ്ട് ഇല്ലാതായാൽ അവർ അത് താങ്ങും ന്നു നീ കരുതുന്നുണ്ടോ. അല്ലെങ്കിൽ തന്നെ നീ എന്ത് തെറ്റാണ് ചെയ്തത്. നിന്റെ അച്ഛനും അമ്മയും എന്ത് തെറ്റാണു ചെയ്തത്. തെറ്റ് ചെയ്തത് അയാളാണ്. നിന്നെ ഒന്ന് സഹായിക്കാൻ പോലും കഴിയാത്ത ഞാനടക്കമുള്ള സമൂഹമാണ്. മരണം അല്ല നിന്റെ വഴി. നീ ജീവിക്കണം നിന്റെ അച്ഛൻ ആഗ്രഹിച്ച പോലെ.. നിന്റെ തെറ്റ് കൊണ്ടല്ലാതെ നടന്ന ഇത്തിരി സമയത്തെ കാര്യത്തിന് വേണ്ടി ഒരു ജന്മം അവസാനിപ്പിക്കരുത്.

കുറച്ചു നേരം നിർത്തി ഞാൻ വീണ്ടും സംസാരിക്കാൻ തുടങ്ങി.

“ഇങ്ങനെ ഒരു അവസ്ഥ വരുന്ന ഒരു പെൺകുട്ടിയെ എങ്കിലും ഭാവിയിൽ നിനക്ക് രക്ഷിക്കാൻ ആയാൽ അതാണ് നിനക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. നീ ജീവിതത്തിൽ ജയിച്ചു കഴിഞ്ഞാൽ അയാളെ തേടിപ്പിടിച്ചു ചെല്ലണം. പ്രതികാരം ചെയ്യണം അതാണ് വേണ്ടത്. ഒരു വൃത്തികെട്ട ജീവി നിന്നെ ആക്രമിച്ചു എന്ന് മാത്രം കരുതിയാൽ മതി. കുറച്ചു ദേഹം മുറിഞ്ഞു, കുറച്ചു വൃത്തികേടായി അത്ര മാത്രം. ഡെറ്റോൾ ഇട്ട വെള്ളത്തിൽ ഒന്ന് കുളിക്കു..ശരീരത്തിൽ പറ്റിയ അഴുക്കൊക്കെ അങ്ങനെ അങ്ങ് പോവും. നിന്റെ മനസ്സ് അത് ശുദ്ധമാണ്. ആ മനസ് മാത്രം മതി ഇനി നിനക്ക് ജീവിക്കാൻ. മനസ്സിന് തെറ്റ് പറ്റുന്ന ഒരു കാര്യവും ചെയ്യാതിരിക്കുക.”

ഞാൻ പേഴ്സ് തുറന്ന് അതിൽ ആകെ ഉണ്ടായിരുന്ന നൂറ്റി അമ്പത് രൂപ എടുത്തു അവളുടെ കൈയിൽ കൊടുത്തു. ചോദ്യഭാവത്തിൽ എന്നെ നോക്കിയ അവളോട് ഞാൻ പറഞ്ഞു..

“ഇത് കൊണ്ട് നിനക്ക് കുറച്ചു കയറോ ഫ്യുരിടാനോ വാങ്ങാം. അല്ലെങ്കിൽ ഒരു കുപ്പി ഡെറ്റോൾ വാങ്ങാം. ഞാൻ ഇന്ന് ഇവിടെ നിന്നും പോകുകയാണ്. ഇനി നമ്മൾ തമ്മിൽ കാണുന്നത് നിന്റെ അച്ഛൻ ആഗ്രഹിച്ച പോലെ ഒരു ഡോക്ടർ ആയിട്ടാവണം. ഇല്ലെങ്കിൽ നമ്മൾ തമ്മിൽ ഒരിക്കലും കാണരുത്. “

അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ച ശേഷം ഞാൻ തിരിഞ്ഞു നടന്നു..

“പഴയ കാര്യങ്ങൾ ആണോ മനസ്സിൽ ” എന്ന അവളുടെ ചോദ്യം ആണ് എന്നെ ഓർമയിൽ നിന്നും ഉണർത്തിയത്. മറുപടി പറയാതെ ഞാനൊന്ന് പുഞ്ചിരിച്ചു.

“ഏട്ടൻ പറഞ്ഞത് ശരി ആണെന്ന് എനിക്ക് തോന്നി..അച്ഛന് സുഖമായി. കട തുറന്നു. ഞാൻ പഠിച്ചു ഡോക്ടർ ആയി. ഇങ്ങോട്ട് ഇഷ്ടം ആണെന്ന് പറഞ്ഞു വന്ന ആളാണ് പ്രകാശ്. എനിക്ക് സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടാണ് കല്യാണം കഴിച്ചത്. ഏട്ടൻ അന്ന് പറഞ്ഞ അതെ കാര്യങ്ങൾ ആണ് പ്രകാശും പറഞ്ഞത്.

പിന്നെ അയാളോട് പ്രതികാരം എനിക്ക് ചെയ്യേണ്ടി വന്നില്ല. ഈശ്വരൻ തന്നെ ചെയ്തു. അയാൾക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. എഴുന്നേൽക്കാൻ കഴിയാതെ അഞ്ചു വർഷം കിടന്നു..ഒരുപാട് നരകിച്ചാണ് മരിച്ചത്. “

അതിൽ കൂടുതൽ ശിക്ഷ അയാൾക്ക് വേണമെന്ന് എനിക്ക് തോന്നിയെങ്കിലും ഇത് കേട്ടപ്പോൾ ഒരു സന്തോഷം തോന്നി.

ഡ്യൂട്ടി ക്ക് സമയം ആയെന്നു പറഞ്ഞു അവൾ എഴുന്നേറ്റു. ഒരിക്കൽ വീട്ടിൽ വന്നു കാണാമെന്നു പറഞ്ഞു ഫോൺ നമ്പർ വാങ്ങി അവളോട്‌ യാത്ര പറഞ്ഞു ഞാനും കാന്റീനിൽ നിന്നും പുറത്തേക്കിറങ്ങി.

അപ്പോൾ എന്റെ മനസ്സിൽ വേറെ ഒരു കാര്യം കൂടി തെളിയുന്നുണ്ടായിരുന്നു. മഞ്ഞു വീഴുന്ന ഡിസംബർ മാസത്തിലെ ഒരു പുലരിയിൽ രാവിലെ നടക്കാനിറങ്ങിയ ഒരാളെ ഒരു പഴയ സെക്കന്റ്‌ ഹാൻഡ് സ്‌പ്ലെൻഡർ ബൈക്ക് ഇടിച്ചു വീഴ്ത്തുന്നു..കുറച്ചു ദൂരം പോയ ശേഷം ഒന്ന് കൂടി തിരിച്ചു വന്നു കമിഴ്ന്നു വീണു കിടക്കുന്ന അയാളുടെ ഇടുപ്പിനു മോളിലൂടെ ആ ബൈക്ക് കേറി ഇറങ്ങി സ്പീഡിൽ മറയുന്നു..

അപ്പൊ അയാളുടെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു..അന്ന് ആ ബൈക്ക് കാരന്റെ ചുണ്ടിൽ ഉണ്ടായിരുന്ന അതെ പുഞ്ചിരി..

~Ajeesh Kavungal