ആദ്യമായിട്ടാ ഫോണിലൂടെയാണെങ്കിലും എന്റെ മനസ്സ് ഞാൻ മറ്റൊരാളുടെ മുന്നിൽ തുറന്ന് വച്ചത്….

നടിയെ പ്രണയിച്ച നർത്തകൻ….

Story written by Saji Thaiparambu

================

സെക്കന്റ് ഷോയ്ക്ക് ടൗണിലെ തീയറ്ററിൽ പോയി പുതിയ സിനിമ കണ്ടപ്പോൾ മുതൽ യദുവിന്റെ മനസ്സിലെന്തോ വല്ലാത്തൊരു തിരയിളക്കം.

തീയറ്ററിൽ നിന്നിറങ്ങിയപ്പോൾ, കൂട്ടുകാരൻ സന്ദീപ് അവനോട് സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ, മറുപടി ഇങ്ങനെയായിരുന്നു.

“ങ്ഹാ, ഒരാവറേജ്, പക്ഷേ അതിലെ നായിക, ഹോ എന്താടാ അവളുടെ ഒരു ഭംഗി “

ഇത് കേട്ട് കൂട്ടുകാരൻ തിരിച്ച് ചോദിച്ചു. എന്നാൽ പിന്നെ, നിനക്കോളെ ഒന്നാലോചിച്ചൂടെ?

“ഓഹ്. അവരൊക്കെ വലിയ സെലിബ്രിറ്റികൾ, നമ്മള് വെറും ചെളിക്കുത്ത് ഡാൻസുമായി നടക്കുന്നവർ”

വലിയ സിനിമാറ്റിക് ഡാൻസർ എന്ന തലക്കനവുമായി നടന്ന അവന്, അപ്പോൾ അതൊരു കുറച്ചിലായി തോന്നി.

എങ്കിലും സിനിമയിലെ നായിക മനോമോഹിനി അവന്റെ മനസ്സിൽ പൗർണ്ണമിയായ് തെളിഞ്ഞ് തന്നെ നിന്നു.

വീട്ടിലേക്ക് തിരിച്ച് പോരുമ്പോൾ ബസ് സ്റ്റാന്റിലെ കടയിൽ നിന്ന്, നാനയുടെയും, വെള്ളിനക്ഷത്രത്തിന്റെയും പുതിയ ലക്കം വാങ്ങാൻ അവൻ, പ്രത്യേകം ശ്രദ്ധിച്ചു.

വീട്ടിലെത്തിയ ഉടനെ ആദ്യം ചെയ്തത്, മാഗസിനിലുള്ള മനോമോഹിനി’യുടെ ചിത്രങ്ങൾ ഓരോന്നായി വെട്ടിയെടുത്ത് ബെഡ് റൂമിന്റെ ചുമരിലെല്ലാം ഒട്ടിച്ചു.

എന്നിട്ട് ആ ചിത്രങ്ങളിൽ നോക്കി മലർന്നങ്ങനെ കിടക്കുമ്പോൾ, അവനേതോ സ്വപന ലോകത്തായിരുന്നു, ആ കിടപ്പിൽ അറിയാതുറങ്ങി പോയി.

പിറ്റേന്ന് രാവിലെ കാപ്പി കുടിക്കാനായി അമ്മ വന്ന് കതകിൽ മുട്ടിവിളിച്ചു.

യദു ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്ന് വാതിൽ തുറന്നിട്ട് വീണ്ടും പോയി കട്ടിലിൽ കിടന്നു.

യദുവിന്റെ, അമ്മ സാവിത്രി, കാപ്പി കൊണ്ട് മേശപ്പുറത്ത് വച്ചിട്ട് തിരിഞ്ഞപ്പോഴാണ് ചുമരിൽ ഒട്ടിച്ച് വച്ചിരിക്കുന്ന ഏതോ പെണ്ണുങ്ങളുടെ ഫോട്ടോ കണ്ണിലുടക്കിയത്.

“എന്റെ മുത്തപ്പാ ഇതെന്തു പണിയാ യദൂ നീഈ മതിലുമ്മേലൊക്കെ കാണിച്ച് വച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പെയിൻറ് ചെയ്ത് എന്ത് മിനുസമാക്കിയിട്ടാ ചൊമരായിത്, കണ്ടവള്മാരുടെയൊക്കെ ഫോട്ടോ ഒട്ടിക്കാൻ നിനക്കെന്താ പ്രാന്തുണ്ടാ”.

അമ്മയുടെ ആക്രോശം കേട്ട് യദു കട്ടിലിൽ നിന്നെഴുന്നേറ്റ് ചുമരിലൊട്ടിച്ച ഏറ്റവും വലിയ ചിത്രത്തിന് അടുത്ത് വന്ന് നിന്നിട്ട് അതിൽ കൈ കൊണ്ട് തഴുകി അമ്മയോട് പറഞ്ഞു.

“അമ്മേ, ഇതാരാന്നാ അമ്മയുടെ വിചാരം, ഇത് സിനിമാനടി, മനോമോഹിനിയാണമ്മേ”

എന്തോ അപരിചിതത്വം പോലെ സാവിത്രി ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.

സിനിമാ നടിയോ? ഇങ്ങനൊരു നടിയെ ഞാനൊരു പടത്തിലും കണ്ടിട്ടില്ലല്ലോ”

അവർ സംശയം പ്രകടിപ്പിച്ചു.

“ങ്ഹാ, അമ്മേ , ഇത് പുതുമുഖ നടിയാ, ഞാനിന്നലെ കണ്ട സിനിമയിലെ നായിക, എനിക്കവരുടെ അഭിനയം കണ്ടപ്പോൾ വല്ലാത്തൊരാരധന തോന്നി.
അതാ ഞാനിത് ഇവിടെ ഒട്ടിച്ചത്.

അത് കേട്ട് സാവിത്രി ഒന്നിരുത്തി മൂളി.

“സാധാരണ എല്ലാ ആൺ കുട്ട്യോളും ദുൽഖർ സൽമാന്റെയും, നിവിൻ പോളിയുടെയും പുറകെയാ, ഇവിടൊരുത്തൻ പുതുമുഖ നടിയെയും കൊണ്ട് വന്നിരിക്കുന്നു…

ആരോടെന്നില്ലാതെ പിറുപിറുത്ത് കൊണ്ട് അവർ അടുക്കളയിലേക്ക് പോയി.

യദു കതകടച്ചിട്ട് ചിത്രത്തിനടുത്ത് നിന്ന്, അതിലേക്ക് കണ്ണടുക്കാതെ നോക്കി നിന്നു.

“എങ്ങനെയാ ഇവളുമായി ഒന്നടുക്കുന്നത്, ജസ്റ്റ് ഒരു ഫ്രണ്ട് ഷിപ്പ് എങ്കിലും കിട്ടിയാൽ മതിയാരുന്നു. ഇവർക്കും ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാവുമല്ലോ, ആ വഴിക്കൊന്ന് ശ്രമിച്ച് നോക്കാം “

അവൻ ആലോചിച്ച് അവസാനം അവളിലേക്കെത്താനുള്ള എളുപ്പവഴി കണ്ടെത്തി

നെറ്റ് ഓൺ ചെയ്ത്, ഫെയ്സ് ബുക്കിലെ സേർച്ച് ബോക്സിൽ നടിയുടെ പേരടിച്ച് നോക്കി.

“ഹോ ഭാഗ്യം കിട്ടി.

അവൻ സന്തോഷത്തിൽ തുള്ളിച്ചാടി. അവളുടെ പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ വേഷമാണ് പ്രൊഫൈൽ പിക് ഇട്ടിരിക്കുന്നത്. അതിലെ ആഡ് ഫ്രെണ്ട് എന്ന ബോക്സിൽ ഒരു നെഞ്ചിടിപ്പോടെ ക്ലിക്ക് ചെയ്തു.

“എന്റെ മുത്തപ്പാ, ഈ റിക്വസ്റ്റ് അവള് അക്സപ്റ്റ് ചെയ്യണേ”

അവൻ നെഞ്ചുരുകി പ്രാർത്ഥിച്ചു.

ഡാൻസ് പ്രാക്ടീസിന് പോകാനുള്ളത് കൊണ്ട്, അവൻ, നേരെ ബാത്ത് റൂമിലേക്ക് കയറി.

ഡാൻസ് സ്കൂളിലെ ഉച്ചവരെയുള്ള പ്രാക്ടീസ് കഴിഞ്ഞ് ലഞ്ച് ബ്രേക്കായപ്പോൾ, അവൻ വേഗം, മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു.

ഫെയ്സ് ബുക്കിലെ നോട്ടിഫിക്കേഷൻ നോക്കി, റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തിട്ടുണ്ടോയെന്ന്. പക്ഷേ നിരാശയായിരുന്നു ഫലം. കുറെ അലവലാതിതികളുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നിട്ടുണ്ട് ,ഇവനൊന്നും വേറെ പണിയില്ലേ? അവൻ നിരാശയോടെ ,വന്ന റിക്വസ്റ്റുകളൊന്നും അക്സപ്റ്റ് ചെയ്യാതെ ചൂണ്ട് വിരലുകൾ കൊണ്ട് തേച്ചോണ്ടിരുന്നു.

പെട്ടെന്നാണ് അതിലൊരു റിക്വസ്റ്റ് അവന്റെ ശ്രദ്ധയിൽ പെട്ടത്. അവനതിലേക്ക് വീണ്ടും പ്രീണ്ടും സൂക്ഷിച്ച് നോക്കി.

മനസ്സിൽ ലെഡു പൊട്ടി.

മനോമോഹിനിയുടെ ഫ്രണ്ട് റിക്വസ്റ്റ് ആയിരുന്നു അത്, അവനത് വിശ്വസിക്കാനാവുന്നില്ലായിരുന്നു. ഇതെങ്ങനെ സംഭവിച്ചു. അവളെന്തായാലും എനിക്കയച്ചതല്ലായിരിക്കും, ഒരു പക്ഷേ ആള് മാറി വല്ലോം അറിയാതെ ക്ലിക്ക്, ചെയ്തതാവാം.

മുത്തപ്പൻ എന്റെ വിളി കേട്ടു

എന്തായാലും ഇതൊന്ന് അക്സപ്റ്റ് ചെയ്തിട്ട് മെസ്സഞ്ചർ വഴി ചാറ്റ് ചെയ്ത് നോക്കാം രോഗി ഇച്ഛിച്ചതും, വൈദ്യൻ കല്പിച്ചതും പാല് തന്നെ.

മിടിക്കുന്ന ഹൃദയത്തോടെ അക്സപ്റ്റ് ചെയ്തതിന് ശേഷം നേരെ മെസഞ്ചറിൽ കയറി, അവളുടെ അക്കൗണ്ടിലേക്ക് അവനൊരു ഹായ് സെന്റ് ചെയ്തു.

അവളുടെ പ്രെഫൈൽ പിക്കിനടുത്ത് പച്ച തെളിഞ്ഞിട്ടുണ്ട്, ഭാഗ്യമുണ്ടെങ്കിൽ റിപ്ളേ കിട്ടും.

അവൻ കണ്ണടച്ച് ധ്യാനനിരതനായി

കുറച്ച് കഴിഞ്ഞപ്പോൾ, മെസ്സേജ് ടോൺ കേട്ട അവൻ കണ്ണ് തുറന്ന് നോക്കി.

ആയിരം നക്ഷത്രങ്ങൾ അവന്റെ മുഖത്ത്, ഒന്നിച്ചുദിച്ചു.

അവൾ തിരിച്ച് ഹായ് പറഞ്ഞിരിക്കുന്നു.

വിറയ്ക്കുന്ന കൈകളോടെ അവൻ വീണ്ടും സ്ക്രീനിലെഴുതി

“എനിക്ക് തന്നെയാണോ, റിക്വസ്റ്റ് അയച്ചത്. ആണെങ്കിൽ എന്നെ എങ്ങനെയാ പരിചയം “

മുപടിക്കായി അക്ഷമയോടെ കാത്തിരുന്നു

“ഞാൻ ഫെയ്സ് ബുക്ക് ഓപ്പൺ ചെയ്യുമ്പോഴെല്ലാം ആഡ് ഫ്രെണ്ട് എന്ന ലിസ്റ്റിൽ ഇയാളുടെ പ്രൊഫൈൽ കാണാറുണ്ട്. നിങ്ങൾ അതിൽ പ്രഭുദേവയുടെ പിക്കല്ലേ ഇട്ടിരിക്കുന്നത്, താഴെ പേര് യദു കൃഷ്ണനെന്നും, അങ്ങനെ വെറുതെ കൗതുകത്തിന് നോക്കിയതാ, അപ്പോൾ നിങ്ങളൊരു പ്രൊഫഷണൽ ഡാൻസർ ആണെന്നറിഞ്ഞു. എനിക്കും ഡാൻസിനോട് വല്ലാത്ത ക്രേസാണ്. ഞാൻ ഭരതനാട്യം പഠിക്കുന്നുണ്ട്.

“അത്രയും അറിഞ്ഞപ്പോൾ യദുവിന് ഒരു പടയണിയുടെ താളത്തിനൊത്ത് നൃത്തം ചെയ്യാൻ തോന്നി.

ബാക്കി അറിയാനും പങ്ക് വയ്ക്കാനും ഉള്ള ത്വരയിൽ അവർ ചാറ്റിങ്ങ് തുടർന്നു.

ഞാനും ഫെയ്സ് ബുക്കിൽ നിങ്ങടെ പടം കണ്ടപ്പോൾ പരിചയപ്പെടണമെന്ന് ഒത്തിരി ആഗ്രഹിച്ചിരിക്കുകയായിരുന്നു. ഇത് വല്ലാത്ത സർപ്രൈസ് ആയിരിക്കുകയാ, ഇതെന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞിട്ട് എനിക്കൊന്ന് ആഘോഷിക്കണം, അവരുടെ മുന്നിൽ എനിക്കൊന്ന് ഞെളിഞ്ഞ് നടക്കണം”

അവൻ ആവേശത്തിന്റെ കൊടുമുടിയിലായി കഴിഞ്ഞിരുന്നു.

ഉം, അതിനെന്താ നമുക്കൊന്നിച്ചാഘോഷിക്കാമല്ലോ, ഞാനും വരാം, നിങ്ങള് വിളിച്ചാൽ “

അത് കേട്ട് അവന് അത്ഭുതമായി.

“ങഹേ, നിങ്ങളും വരുമെന്നോ, അതിന് എന്റെ നാടോ, വീടോ ഒന്നും നിങ്ങൾക്കറിയില്ലല്ലോ?”

അവർ ആകാംക്ഷയോടെ ചോദിച്ചു

അത് യദു എനിക്ക് പറഞ്ഞ് തന്നാൽ മതി. എവിടെ ഏത് കഫേയിലാണ് നിങ്ങൾ സാധാരണ ഒത്ത് കൂടാറുള്ളത്. അവിടെ ഒരു ഡേറ്റും സമയവും പറഞ്ഞാൽ ഞാനുമെത്താം.

അവിശ്വസനീയമായിരുന്നു അവനെല്ലാം.

ഒരു മായാലോകത്തെന്ന പോലെ, അവൻ മായാമോഹിനിയുടെ പ്രൊഫൈൽ പിക്കിന് താഴെയുള്ള വെളുത്ത പ്രതലത്തിൽ, ഒത്ത് ചേരേണ്ട സ്ഥലവും സമയവും എഴുതി മെസ്സേജ് സെൻറ് ചെയ്തു. എല്ലാം ഒരു സ്വപ്നം പോലെ അവന് തോന്നിയുള്ളൂ.

ഒടുവിൽ ആ ദിവസമെത്തി, അവൻ കൂട്ടുകാരെയൊക്കെ ഫോണിൽ വിളിച്ച് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.

ടാ വരുന്നത് ഒരു സാധാരണക്കാരിയല്ല. അവിടെ വന്നിട്ട് നിന്റെയൊക്കെ ഒരു മാതിരി ചന്ത സ്വഭാവമൊന്നും കാണിച്ചേക്കരുത്. എന്റെ വില കളയരുത് കേട്ടല്ലോ”

ഫോണിലൂടെ കൂട്ട്കാർക്ക് വേണ്ട ഉപദേശങ്ങൾ കൊടുത്തിട്ട് അവന്റെ ബെസ്റ്റ് ഫ്രണ്ട് അജിത്തിന്റെ ബൈക്കിന് പുറകിലിരുന്ന് ടൗണിലേക്ക് പുറപ്പെട്ടു.

കോഫി ഷോപ്പിൽ ചെല്ലുമ്പോൾ ഇരുള് വീണ് തുടങ്ങിയിരുന്നു.മോഹിനിയോട് ഏഴ് മണി പറഞ്ഞത് മനപ്പൂർവ്വമായിരുന്നു. അല്ലെങ്കിൽ അവളെ കാണുമ്പോൾ എല്ലാവരും കൂടി പരിചയപ്പെടാനും ഓട്ടോ ഗ്രാഫ് വാങ്ങാനും തിരക്ക് കൂട്ടും. ശല്യം കൂടുമ്പോൾ അവളെങ്ങാനും തിരിച്ച് പോയാലോ?

കഫേയിലെ ഒഴിഞ്ഞ കോണിലായി കൂട്ടുകാരൊക്കെ നേരത്തെ സീറ്റ് പിടിച്ചിട്ടുണ്ട്. എല്ലാവരും നല്ല മിടുക്കന്മാരായിട്ട് ഒരുങ്ങി തന്നാ വന്നിരിക്കുന്നത് അവളോടൊപ്പം സെൽഫിയെടുക്കാൻ

“ഇതെന്താടാ നീ സൂട്ടും, കോട്ടുമിട്ടോണ്ട് വന്നത് , ഇത് നമ്മുടെ ഡാൻസിന് ഉപയോഗിക്കുന്നതല്ലേ?

ഒരു പരിഹാസത്തോടെ അഭിയുടെ ചോദ്യം.

ശരിയാണ് അവൻ പറഞ്ഞത്, പക്ഷേ അവള് ഈ കോട്ടിട്ട തന്റെ ഫോട്ടോയാണ് ഫെയ്സ് ബുക്കിൽ കണ്ടിട്ട് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ചാറ്റ് ചെയ്തപ്പോൾ പറഞ്ഞിരുന്നു. അത് കൊണ്ടാണ് ഈ വേഷം തന്നെ ധരിച്ചത് .

“ഓഹ് ഒന്നുമില്ലടാ, അവള് കാണുമ്പോൾ ഒട്ടും കുറയാൻ പാടില്ലല്ലോ”

മായാമോഹിനിയുടെ ബോയ് ഫ്രണ്ടിനെ പോലെയായിരുന്നു യദുവിന്റെ സംസാരം.

അവൻ പുറത്ത് ഓരോ കാർ വന്ന് നില്ക്കുമ്പോഴും നെഞ്ചിടിപ്പോടെ പുറത്തേക്ക് നോക്കും. അവളിറങ്ങി വരുന്നുണ്ടോ എന്ന്.

പെട്ടെന്ന് തോളിലൊരു കരസ്പർശം ഏറ്റപ്പോൾ അവൻ തിരിഞ്ഞ് നോക്കി.

“സോറിട്ടോ, ഒത്തിരി നേരമായോ വന്നിട്ട് “

പുതിയ മോഡൽ ചുരിദാർ ധരിച്ച ഒരു പെൺകുട്ടി, ഏതാണ്ട് ഒരു ഇരുപത് വയസ്സ് പ്രായമുണ്ടാകും. ഇരു നിറമാണെങ്കിലും കാണാൻ തരക്കേടില്ല. പക്ഷേ തനിക്കിവളെ മുമ്പെങ്ങും കണ്ട് യാതൊരു പരിചയവും തോന്നുന്നില്ല. അന്തം വിട്ടുള്ള അവന്റെ നോട്ടം കണ്ടപ്പോൾ അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഹലോ, ഇതെന്താ കിനാവ് കാണുന്നോ, ഇതിനാണോ എന്നെ കോഫി കഴിക്കാൻ വിളിച്ചത്.”

“ങ് ഹേ,

അവൻ വാ പൊളിച്ചു പോയി.

“അതിന് നിങ്ങളാണോ മായാ മോഹിനി”

തൊണ്ടയിൽ കുടുങ്ങിയ നാവിനെ പുറത്തെടുത്ത് അവൻ ചോദിച്ചു.

“അതേ എന്താ വിശ്വാസമായില്ലേ, യദു എന്നെ ആദ്യയിട്ടല്ലേ കാണുന്നത്, അതായിരിക്കും ഇത്ര അമ്പരപ്പ് ‘”

അവന് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. തണുത്ത കഫേയിലെ ഫാമിലി കാബിനിലിരുന്ന് അവൻ വല്ലാതെ വിയർത്തു. എങ്കിലും, ധൈര്യം സംഭരിച്ച് അവളോട് ചോദിച്ചു.

“അപ്പോൾ നിങ്ങളുടെ പ്രൊഫൈലിൽ, ഞാൻ കണ്ട ചിത്രങ്ങളെല്ലാം, അത് സിനിമാനടി, മായാമോഹിനിയുടെ തല്ലേ?

അത് കേട്ട് ഒന്ന് പുഞ്ചിരിച്ചിട്ട് അവന്റെ എതിർവശത്തുള്ള കസേരയിൽ ഇരുന്നിട്ട് അവൾ പറഞ്ഞു.

“അതെ അത് ശരിയാണ് എനിക്ക് എന്റെ ഫോട്ടോ സൊന്നും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നതിനോട് താത്പര്യമില്ല. എന്തിനാ വെറുതെ മറ്റുള്ളവരെക്കൊണ്ട് ആവശ്യമില്ലാത്ത കമന്റൊക്കെ മേടിച്ച് കൂട്ടുന്നത്. അത് കൊണ്ട് ഞാൻ ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന പുതിയ നായികനടിമാരുടെയൊക്കെചിത്രങ്ങളാണ്, ചൂസ് ചെയ്യുന്നത്. ഇപ്പോഴത്തെ ട്രെൻഡ് മായാമോഹിനിയായത് കൊണ്ട്, അവരുടെ ചിത്രമിട്ടു.

അവൾ പറഞ്ഞ് തീരുംമുമ്പേ അവൻ ചാടിയെഴുന്നേറ്റു.

“അപ്പോൾ എന്നെ ചീറ്റ് ചെയ്യുകയായിരുന്നല്ലേ, സിനിമാ നടിയാണെന്ന് പറഞ്ഞ് ഞാനെന്റെ കൂട്ടുകാരൊടൊക്കെ വീമ്പിളക്കിയത് വെറുതെയായ്,

അവന് സങ്കടവും, ദേഷ്യവും കൊണ്ട് ശബ്ദം പതറിയിരുന്നു.

“അതിന് ഞാനെപ്പോഴെങ്കിലും പറഞ്ഞോ ഞാനൊരു നടിയാണെന്ന്. എനിക്ക് ഡാൻസ് ഇഷ്ടമായത് കൊണ്ട് ഭരതനാട്യം പഠിക്കുന്നെ ണ്ടെന്ന് പറഞ്ഞു. ഞാനറിഞ്ഞോനിങ്ങളുടെ മനസ്സിൽ ഇങ്ങനൊരു തെറ്റിദ്ധാരണയുണ്ടെന്ന്.

പറഞ്ഞ് നിർത്തുമ്പോൾ അവളുടെ ശബ്ദം കനത്തിരുന്നു.

എല്ലാം കേട്ട് യദു ഒരു പ്രതിമയെ പോലെയിരിക്കുകയായിരുന്നു.

അവൾ ചുറ്റിനും കണ്ണോടിച്ചു.

അവന്റെ കൂട്ടുകാരൊക്കെ ഒരു പരിഹാസത്തോടെ തന്നെ നോക്കുന്നു.

അവൾ പെട്ടെന്ന് മുഖം തിരിച്ച് യദുവിനെ നോക്കി വീണ്ടും പറഞ്ഞു

“യദു , ഞാനൊരിക്കലും യദുവിനെ ചതിച്ചിട്ടില്ല. ആദ്യമായിട്ടാ ഫോണിലൂടെയാണെങ്കിലും എന്റെ മനസ്സ് ഞാൻ മറ്റൊരാളുടെ മുന്നിൽ തുറന്ന് വച്ചത്. അത് യദുവിന്റെ നിഷ്കളങ്കത എനിക്ക് ബോധ്യപ്പെട്ടത് കൊണ്ടാ,

ഒന്ന് നിർത്തിയിട്ട് അവളെഴുന്നേറ്റു.കൈയ്യിൽ കരുതിയിരുന്ന ഒരു ടെക്സ്റ്റൈൽ കവർ, അവന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

“ഇത് ഞാൻ യദുവിന് തരാൻ വാങ്ങിയതാ തുറന്ന് നോക്കിയിട്ട് ഇഷ്ടപെട്ടില്ലെങ്കിൽ വേയ്സ്റ്റ് ബോക്സിലേയ്ക്ക് ഇട്ടേയ്ക്കു..അത് മേശപ്പുറത്ത് വച്ചിട്ട് അവൾ വേഗമിറങ്ങിപ്പോയി.

യദു കവർ തുറന്ന് നോക്കിയപ്പോൾ, റെയ്മണ്ടിന്റെ ഒരു സ്യൂട്ടായിരുന്നു അത്.

അത് കവറിലേക്ക് തിരിച്ച് വച്ച്, മൊബൈലെടുത്ത് അവളുടെ ഫെയ്സ് ബുക്ക് പേജിൽ ഇങ്ങനെ എഴുതി.

“നീയൊരു നടിയല്ലെങ്കിലും നർത്തകിയല്ലേ, എനിക്കേറ്റവും യോജിച്ച കൂട്ടുകാരി നീ തന്നെയാണ്.

~സജിമോൻ തൈപറമ്പ്