ഒരുപക്ഷേ മറ്റാർക്കും തന്നേ ഇത്രയും ഭംഗിയോടെ പകർത്താനാവില്ല എന്ന് തോന്നിച്ച ഒന്ന്…

സ്വർണ്ണമത്സ്യങ്ങൾ

Story written by Revathy Jayamohan

================

“കൊച്ചേ…”

” മ്മ്..”

“എന്റെ അല്ലേ നീ ..? “

ഓർമ്മകളിൽ എവിടെയോ ആ സംഭാഷണം പിന്നെയും തെളിഞ്ഞു വന്നതും ഒരു നീറ്റലോടെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു…അപ്പോഴേക്കും ട്രെയിൻ ചൂളം വിളിച്ച് തേരട്ട കണക്കെ വളഞ്ഞു പുളഞ്ഞ് മെല്ലെ അടുത്ത സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങിയിരുന്നു…

കണ്ണുകൾ പാതി തുറന്ന് സീറ്റിലേക്ക് ചാഞ്ഞിരിക്കുമ്പോൾ ഉള്ള് നിറയെ ആ മുഖമായിരുന്നു..അയാളെകുറിച്ചുള്ള ഓർമ്മകളായിരുന്നു..!

” റാം..”

കോഴിക്കോട് വച്ച് നടന്ന ഒരു പുസ്തകമേളക്ക് ഇടയിൽ വച്ചാണ് ചിത്രകാരനായ ആ മനുഷ്യനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും…ആദ്യമൊക്കെ സംസാരിക്കാനും എന്തിനേറെ ഒന്ന് ചിരിക്കാൻ പോലും വിമുഖത കാണിച്ച റാം ഇടക്കെപ്പോഴൊ എന്തോ ഓർത്തെന്ന വണ്ണം എനിക്ക് നേരെ തിരിഞ്ഞു കണ്ണൊന്നു ചിമ്മിയടച്ചതിന് ശേഷം മനോഹരമായൊന്ന് പുഞ്ചിരിച്ചപ്പോൾ ഞാൻ അതിശയിച്ചു പോയെന്നുള്ളതാണ് സത്യം..ഞാൻ കണ്ടിട്ടുള്ള, പരിചയപ്പെട്ടിട്ടുള്ള ഒരു പുരുഷനും ഇതുപോലെ ഹൃദയം കൊണ്ട് പുഞ്ചിരിച്ചു കണ്ടിട്ടില്ല..!

ഉച്ചഭക്ഷണം കഴിക്കാനായി റെസ്റ്റോറന്റിൽ കയറി പ്രിയപ്പെട്ട ഭക്ഷണമായ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു കാത്തിരിക്കവേ എനിക്കഭിമുഖമായി കസേര വലിച്ചിട്ട് റാം വന്നിരുന്നു.. തികച്ചും അവിചാരിതമായി…

“ഹാ.. ഇയാൾ ഇവിടേം ഉണ്ടല്ലോ..? “

അയാളത് അത് അതിശയത്തോടെ പറയുമ്പോൾ മറുപടി പറയാതെ ഞാനൊന്ന് പുഞ്ചിരിച്ചു.. തിരികെ റാമിന്റെ മനോഹരമായ നിറ പുഞ്ചിരി പ്രതീക്ഷിച്ചെന്ന വണ്ണം…!

പിന്നീട് നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ എനിക്കിപ്പോഴും അത്ഭുതമാണ്.. ഞാൻ ആവശ്യപ്പെട്ട അതെ ചിക്കൻ ബിരിയാണി തന്നെ റാമും ഓർഡർ ചെയ്യുന്നു.. ഞങ്ങൾ പരസ്പരം സംസാരിച്ചുകൊണ്ട് ‘റഹ്-മത്തിലെ’ രുചിയേറിയ കോഴിക്കോടൻ ബിരിയാണി ആസ്വദിച്ചു കഴിക്കുന്നു…ഞങ്ങളുടെ ബിൽ മൊത്തത്തിൽ റാം പേ ചെയ്യുന്നു..മറുത്തൊന്നും പറയാനാകാതെ ഞാനിങ്ങനെ മൂകയായി നിൽക്കുന്നു…

കോഴിക്കോട് നിന്ന് തിരികെയുള്ള ട്രെയിൻ യാത്രയിലും ഞങ്ങൾ ഒരുമിച്ചായിരുന്നു…യാത്രക്ക് ഇടയിലുള്ള വിരസമായ സമയം തള്ളി നീക്കാനായിരുന്നു വീണ്ടും പരസ്പരം സംസാരിച്ച് തുടങ്ങിയത്…പുസ്തകങ്ങളിൽ തുടങ്ങി പ്രണയം വരെ എത്തി നിന്ന ചർച്ചകൾ…ഒടുവിൽ അത് പ്രണയത്തിനുമപ്പുറം വിരഹത്തിൽ അവസാനിച്ചപ്പോൾ ആ മനുഷ്യന്റെ ശബ്ദം ഇടറിയത്, കൺകോണിൽ നീർകുമിളകൾ ഉരുണ്ട്കൂട്ടിയത്, ഞാനത് കാണാതിരിക്കാനായി പുറംകാഴ്ചകളിലേക്ക് നോക്കിയെന്ന വണ്ണം കണ്ണീർ തുടച്ചുമാറ്റിയത്…ഇതെല്ലാം സസൂക്ഷമം വീക്ഷിക്കവേ ആ മനുഷ്യന്റെയുള്ളിൽ ഒരു സങ്കടകടൽ ഇരമ്പുന്നുണ്ടെന്ന് എനിക്ക് തോന്നി.. അതുകൊണ്ട് തന്നെയാണ് ആ വിഷയത്തെ പറ്റി ഞാൻ കുത്തികുത്തി ചോദിച്ചതും…

ജീവനേക്കാൾ ഏറെ സ്നേഹിച്ചവളെ നഷ്ടമായിട്ട് ആറ് വർഷങ്ങൾക്ക് ഇപ്പുറവും അവളുടെ ഓർമകളിൽ മറ്റൊരു സ്ത്രീയെ കുറിച്ച് ചിന്തിക്കാതെ ജീവിക്കുന്നൊരുവൻ… ആരോടും പരിഭവവും പരാതിയുമില്ലാതെ വിരഹമെന്ന കൂരിരുട്ടിലേക്ക് അലിഞ്ഞു കഴിയുന്ന മനുഷ്യൻ.. സത്യത്തിൽ അത്ഭുതം തോന്നി…ഇങ്ങനെയും ഒരാൾക്ക് മറ്റൊരാളെ ഇങ്ങനെയും പ്രണയിക്കാൻ കഴിയുമോ എന്നോർത്ത്.. അതുകൊണ്ട് തന്നെയാവണം അയാളോട് കൂടുതൽ അടുക്കാൻ ശ്രമിച്ചത്.. അന്തർമുഖനായ ഒരുവന്റെ മുഖത്തെ ആരെയും വശീകരിക്കുന്ന പുഞ്ചിരി കാണാൻ കൊതിച്ചത്..!

അവിടെ മുതൽ റാം എന്ന ചിത്രകാരൻ എന്നിലേക്ക് അത്ഭുതങ്ങളുടെ ഘോഷയാത്ര തുടങ്ങി എന്ന് വേണം പറയാൻ…മെല്ലെ മെല്ലെ ഞങ്ങളുടെ സൗഹൃദത്തിന് പ്രണയത്തിന്റെ നിറങ്ങൾ കടന്ന് വരാൻ ആരംഭിച്ചു…  അരുതെന്ന് പറയാൻ തലച്ചോർ ആവശ്യപെടുമ്പോൾ ഹൃദയം റാമിലേക്ക് ഏറെ അടുക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…ആ ട്രെയിൻ യാത്രക്ക് ശേഷം വീണ്ടും വീണ്ടും ഞങ്ങൾ കണ്ടുമുട്ടി..കരിമഷിയെഴുതിയ ഈ കണ്ണുകൾക്ക് വല്ലാത്ത വശ്യതയുണ്ടെന്ന് റാം ഒരിക്കൽ പറഞ്ഞുകേട്ടപ്പോൾ എന്തോ നാണംക്കൊണ്ട് തല താഴ്ത്താനെ എനിക്ക് കഴിഞ്ഞോള്ളൂ..ഓരോ കൂടി കാഴ്ചകളിലും റാം എന്തെങ്കിലും ഒരു സമ്മാനം എനിക്കായ് നൽകിയിരുന്നു…അവസാന കൂടിക്കാഴ്ചയിൽ മുഖത്തു നാണപൂക്കൾ വിരിയിച്ചുകൊണ്ട് മനോഹരമായി പുഞ്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ  ചിത്രമായിരുന്നു റാം എനിക്ക് നേരെ നീട്ടിയത്..!

ഒരുപക്ഷേ മറ്റാർക്കും തന്നേ ഇത്രയും ഭംഗിയോടെ പകർത്താനാവില്ല എന്ന് തോന്നിച്ച ഒന്ന്…പക്ഷേ  ആ ചിത്രത്തേക്കാൾ തനിക്ക് പ്രിയം തോന്നിയത് അതിന് മുൻപ് റാം എനിക്കായി നൽകിയ മറ്റൊന്നിനോടായിരുന്നു..!

ഒരു ബൗളിൽ ഉദയസൂര്യനെ പോലെ തിളങ്ങുന്ന സ്വർണ്ണവർണ്ണം മേലാകെ നിറഞ്ഞ രണ്ട് മത്സ്യകുഞ്ഞുങ്ങൾ…

“ഇതെന്ത് മീനാണ് റാം..? എന്തൊരു ഭംഗിയാണ് ഇവയ്ക്ക്… “

ഞാൻ അന്നത്‌ ചോദിച്ചപ്പോൾ  മറുപടി പറയാതെ വെറുതെ എന്നെനോക്കിയൊന്ന് പുഞ്ചിരിക്കുക മാത്രമാണ് അയാൾ ചെയ്തത്..

ഒരിക്കൽ നഷ്ടപെട്ട പ്രണയം റാം വീണ്ടും എന്നിലൂടെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നെന്ന് മനസിലായപ്പോഴും അതിനേ വിലക്കാനാകാതെ മൗനമായി നിൽക്കാനെ എനിക്കന്ന് കഴിഞ്ഞോള്ളൂ..ഒരുതരത്തിൽ പറഞ്ഞാൽ മനസ്സുകൊണ്ടെങ്കിലും ഞാനാ മനുഷ്യന്റെ തീവ്രപ്രണയം ആഗ്രഹിച്ചു പോയിരുന്നു..

“നീ എന്റെ അല്ലേ കൊച്ചേ…?”

ആ ചോദ്യം പലയാവർത്തി റാമിൽ നിന്നും ഉയരുമ്പോഴൊക്കെയും വെറുതെ മൗനം പാലിച്ചതേയുള്ളു.. ഒരിക്കൽ ആ ചോദ്യം എല്ലാവിധ ഗൗരവത്തോടെയും ആവർത്തിച്ചപ്പോൾ അല്ല എന്ന് പറയേണ്ടി വന്നു..വീട്ടിലെ സാഹചര്യങ്ങൾ എന്നെകൊണ്ട് അങ്ങനെ പറയിച്ചു എന്നതാവും ശരി..ആ നിമിഷം കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷത്തോളം എന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ കുറിച്ച് മകളെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളെകുറിച്ച് മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളൂ…

അന്ന് എന്റെ മറുപടി കേട്ട് കണ്ണും നിറച്ച് തലതാഴ്ത്തി ഒരു പരാജിതനെപോലെ ഇറങ്ങിപ്പോയ റാം പിന്നീട് ഒരിക്കൽ പോലും എന്റെ മുൻപിൽ വന്നില്ല…ശബ്ദം കൊണ്ട് പോലും എനിക്കരുകിൽ എത്തിയില്ല..ഫോൺ കാൾ ഉൾപ്പടെ എല്ലാം ബ്ലോക്ക്‌ ചെയ്തിരിക്കുന്നു എന്ന് മനസിലാക്കിയപ്പോൾ കാരണമറിയാത്തൊരു നീറ്റൽകൊണ്ട് ഹൃദയമൊന്ന് പിടഞ്ഞു…പിന്നീട് മറ്റൊരു നമ്പറിൽ നിന്നും വിളിച്ചപ്പോൾ ആ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് അറിഞ്ഞു..

വളരെ കുറച്ചു നാളുകൾക്കുള്ളിൽ ഏറെകൊതിച്ച ജോലി ലഭിച്ചെങ്കിലും എന്ത്കൊണ്ടോ പൂർണമായി സന്തോഷിക്കാൻ കഴിയാത്ത പോലെയൊരു അസ്വസ്ഥത എന്നെ മുറുകെ പിടിക്കാൻ തുടങ്ങി..ആറ് മാസത്തോളം നീണ്ട ട്രെയിനിങ് നാളുകൾ…അതിന് ഇടയിൽ അവധി ലഭിക്കുമായിരുന്നില്ല…തിരക്ക് പിടിച്ച ദിനങ്ങൾക്ക് ഇടയിലും എന്തോ ഒരു ശൂന്യത.. പ്രിയപ്പെട്ട ഒരാളുടെ അസാന്നിധ്യം…ആരൊക്കെ ഒപ്പം ഉണ്ടെങ്കിലും ഏകയായി തോന്നിയ പകലുകൾ…ഒരിക്കലും കണക്ട് ആകില്ലെന്നറിയാമെങ്കിലും വെറുതെ ആ നമ്പറിലേക്ക് കാൾ ചെയ്ത് ഉറക്കം വെടിഞ്ഞ രാവുകൾ…

അപ്പോഴൊക്കെയും നിറക്കണ്ണുകളോടെ റാം നൽകിയ സ്വർണ മത്സ്യകുഞ്ഞുങ്ങളെ നോക്കിയിരിക്കും…അവയോട് പരിഭവവും പരാതിയും പറയും…സ്വന്തം ആയാലും ഇല്ലെങ്കിലും നിനക്ക് ശേഷം ഇനി മറ്റൊരുവളില്ലെന്ന് പറഞ്ഞ ആ മനുഷ്യനെ ഓർത്ത്‌ കണ്ണീരോഴുക്കും…ഓർമ്മകളുടെ വേലിയേറ്റത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ നാളുകൾ…

അയാളെ കണ്ട് മുട്ടാതെ ആ മനുഷ്യനോട് സംസാരിക്കാതെയിരുന്നാൽ സത്യമായും ഹൃദയം പൊട്ടി മരിച്ചുപോകുമെന്നോർത്തു കഴിഞ്ഞ നാളുകളിൽ എപ്പോഴോ ആണ്  റാം പണ്ടെന്നോ എനിക്കായ് അയച്ച സമ്മാനപൊതിയിൽ നിന്നും ഒരു അഡ്രെസ്സ് ലഭിച്ചത്…അങ്ങനെയാണ് ഈ യാത്രതുടങ്ങിയത്…കണ്ടുമ്മുട്ടുമോ എന്ന് യാതൊരു ഉറപ്പുമില്ലാത്തൊരു യാത്ര….

********************

ട്രെയിൻ തിരുവനന്തപുരം സ്റ്റോപ്പിൽ തന്റെ യാത്ര അവസാനിപ്പിച്ചപ്പോൾ ഇന്ന് വരെ അപരിചിതമായിരുന്ന ഒരിടത്ത് എത്തിയതിന്റെ ഒരു അസ്വസ്ഥത ഉള്ളിൽ തലപൊക്കി തുടങ്ങി..ആ നിമിഷം റാമിനെ ഓർത്തു..അതോടെ മുൻപോട്ട് തന്നെ പോകാൻ മനസ്സുകൊണ്ട് തീരുമാനമെടുത്ത്  ട്രെയിൻ ഇറങ്ങി സ്റ്റേഷന് പുറത്തേക്ക് നടന്നു..

വിതുരയിലേക്ക് പോകുന്ന ബസിൽ കയറി ടിക്കറ്റ് എടുക്കുമ്പോഴെല്ലാം റാം മാത്രമായിരുന്നു ചിന്തയിൽ…അപ്രതീക്ഷിതമായി കാണുന്ന മാത്രയിൽ എങ്ങനെയാകും പ്രതികരിക്കുകയെന്ന് പലയാവർത്തി ചിന്തിച്ചു നോക്കി…ഒരുത്തരവും ലഭിക്കാതെ വന്നപ്പോൾ എന്ത് തന്നെയായാലും റാമിനെ കണ്ടേ മടങ്ങൂ എന്ന് മനസ്സുകൊണ്ട് തീരുമാനിച്ചുറപ്പിച്ചു..

വിതുരയിൽ ബസ് ഇറങ്ങി ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ തൊട്ടടുത്തൊരു ഷോപ്പ് കണ്ടു…അവിടുത്തെ ചേട്ടനോട് റാമിന്റെ അഡ്രസ് പറഞ്ഞപ്പോൾ ആദ്യം അറിയില്ലെന്ന് പറഞ്ഞെങ്കിലും അത് കേട്ട് എന്റെ മുഖം വാടിയത് കണ്ടിട്ടാവണം സ്നേഹനിധിയായ ആ മനുഷ്യൻ ഫോണിൽ മാറ്റാരെയൊക്കെയോ വിളിച്ചന്വേഷിക്കുന്നത് കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി..ഒടുവിൽ ആ ശ്രമം വിജയിച്ചതിനാലാകണം അല്പം അകലെക്ക് നീങ്ങി നിന്ന് എന്തോ ആലോചിച്ചുകൊണ്ടിരുന്ന എന്നെ മാടിവിളിച്ച് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അയാൾ റാമിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നത്…തിരുവനന്തപുരത്ത്‌ക്കാരുടെ ആ ആത്മാർത്ഥക്കും, സ്നേഹത്തിനും പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടാണ് ഞാനവിടെ നിന്ന് ഇറങ്ങിയത്..എന്റെ പ്രിയപ്പെട്ടവനേയും തേടി..

“റാം..ഒരു സുപ്രഭാതത്തിൽ എന്നിൽനിന്ന് ഒരു അറിയിപ്പും തരാതെ ഇറങ്ങിപോയ മനുഷ്യാ എവിടെയാണ് നിങ്ങൾ..? ഞാനിതാ തേടി വന്നിരിക്കുന്നു…”

കറുത്ത ഷിഫോൺ സാരിക്കുള്ളിൽ കുടുങ്ങിപോയ കാലുകൾ വലിച്ചു വലിച്ചു ആവേശത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നടക്കുമ്പോൾ എന്റെ ഹൃദയം അങ്ങനെ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു..

വലിയൊരു വയലിന്റെ ഓരം ചേർന്ന് അൽപ്പം മുൻപോട്ട് നടന്നതും മനസ്സിൽ അതുവരെയുണ്ടായ  അപരിചിതത്വം മെല്ലെ പരിചിതത്തിലേക്ക് വഴി മാറാൻ തുടങ്ങിയിരുന്നു… റാമിന്റെ വാക്കുകളിലൂടെ അത്രയും സുപരിചിതമായിരുന്നു എനിക്കാ വഴികളോരോന്നും…

മിടിക്കുന്ന ഹൃദയത്തോടെയുള്ള ആ നടത്തം അവസാനിച്ചത്..ഓടു മെനഞ്ഞ വൃത്തിയുള്ള ഒരു കുഞ്ഞു വീടിന് മുൻപിലായിരുന്നു. ആ മുറ്റം നിറയെ പല വർണ്ണങ്ങളിലുള്ള പൂക്കൾ വിരിഞ്ഞു നിന്നിരുന്നു. ഒപ്പം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായ മുല്ല ചെടി പടർന്ന് പന്തലിച്ചങ്ങിനെ പൂത്തുനിൽക്കുന്നത് ഒരു പുളകത്തോടെ ഞാൻ കൺനിറയെ കണ്ടു…ആ കുഞ്ഞു വീടിന്റെ മുൻഭാഗത്തായി വിവിധ തരം മണി പ്ലാന്റുകൾ ഭംഗിയായി തൂക്കിയിട്ടിരിക്കുന്നുണ്ടായിരുന്നു.. ഈ കാഴ്ചകളൊക്കെയും മാസങ്ങൾക്ക് മുൻപേ റാം വീഡിയോവഴിയായും ഫോട്ടോയിലും എനിക്ക് അയച്ചു തന്നതിനാൽ എനിക്കവയെല്ലാം ചിരപരിചിതമായി തോന്നി..

അതിനിടെ  എന്റെ നോട്ടം വരാന്തയിലിരിക്കുന്ന  ബുള്ളറ്റിലേക്ക് പാറി വീണു..ബൈക്കിൽ കേറാത്തവളെ യാത്രകളുടെ രസം പറഞ്ഞ് കൊതിപ്പിക്കുമ്പോൾ ഒക്കെയും അതിലെ പ്രധാനി ഇവനായിരുന്നു…മെല്ലെ അവനെ ഒന്ന് തഴുകിയതും ഉറക്കെയുള്ള കുര കേട്ട് ഞാനല്പം ഭയന്ന് പുറകിലോട്ട് നീങ്ങിനിന്നു…

ടോം..റാമിന് ഏറ്റവും പ്രിയപ്പെട്ടവൻ….ശൗര്യത്തോടെ നിൽക്കുന്ന അവനെ നോക്കി ഒന്ന് കണ്ണ് ചിമ്മി അടുത്ത് ചെന്ന് തലയുടെ മുകൾ ഭഗത്തായി അരുമയോടെ തടവിയതും എന്നെ മനസിലായത് പോലെയവനൊന്ന് ശാന്തനായി വാലാട്ടാൻ തുടങ്ങി…

ടോമിന്റെ കുര കേട്ടിട്ടാണെന്ന് തോന്നുന്നു വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് പ്രായം ചെന്ന ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു..

‘റാമിന്റെ അമ്മയായിരിക്കണം അത്..’

അങ്ങനെ ചിന്തിച്ചുകൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി എടുത്തണിഞ്ഞു കൊണ്ട് ഞാൻ അവരോട് സംസാരിക്കാൻ തുടങ്ങി..

“റാം..? റാം ഇവിടെയില്ലേ..? “

“മോള് ഇവിടെ ഇരിക്ക്.. ഞാനവനെ വിളിക്കാം.. ” പതിഞ്ഞതെങ്കിലും മൃദുവായ ശബ്ദത്തിൽ അത്രയും പറഞ്ഞുകൊണ്ട് ആ അമ്മ അകത്തേക്ക് കയറിയപ്പോൾ എന്റെ ഹൃദയമിടിപ്പ് വല്ലാണ്ട് ഉയരുന്നുണ്ടായിരുന്നു…അതുവരെ സംഭരിച്ചു വെച്ച ആത്മ ധൈര്യം ചോർന്നു പോകും പോലൊരു തോന്നൽ..ആ തോന്നൽ അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കവേ വീടിന് പുറത്തേക്ക് അയാൾ ഇറങ്ങി പതിയെ ഇറങ്ങി വന്നു…

“റാം…! “

ആ മുഖം കണ്ടതും എന്റെ ഉള്ളൊന്ന് നീറി..മാസങ്ങൾക്ക് മുൻപേ എന്റെ മുന്നിൽനിന്ന് ഇറങ്ങിപോയ മനുഷ്യന്റെ നിഴൽ മാത്രമായിരുന്നു അത്..എന്നെ കൊതിപ്പിച്ച കണ്ണുകളുടെ ശോഭ കെട്ട് പോയത് പോലെ…ആരെയും ആകർഷിക്കുന്ന ഹൃദയം തുറന്നുള്ള ചിരിയും ആ ചുണ്ടിൽ കണ്ടില്ല…ഒരു അവശനെ പോലെ എന്റെ മുൻപിൽ വന്നു നിന്ന റാമിന്റെ കൺകോണിൽ നനവ് പ്രത്യക്ഷപെടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

***********************

ആളൊഴിഞ്ഞ അമ്പലക്കുളത്തിന്റെ പടവിൽ അങ്ങനെ ഇരിക്കുമ്പോൾ എനിക്കല്പം അകലെയായി ദൂരേക്ക് നോക്കി അയാൾ നിൽപ്പുണ്ടായിരുന്നു..ഒരു അപരിചിതനെപോലെ….

” റാം.. ” ഞാനയാളെ പേരെടുത്തു വിളിച്ചു..

” മ്മ്.. “

” ഇങ്ങു വാ.. ഇവിടെ വന്നിരിക്ക്…”

ആ വാക്കുകൾ അതേപടി അനുസരിച്ചുകൊണ്ട് റാം  അരികിൽ വന്നിരുന്നു എന്റെ തോളോട് തോളുരുമ്മികൊണ്ട്….വീണ്ടും ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടിയപ്പോൾ സാരി തുമ്പ് അല്പം പൊന്തിച്ചു വെച്ച് ഞാൻ മെല്ലെ കല്പാദങ്ങൾ കുളത്തിലേക്ക് ഇറക്കി വച്ചു….തണുപ്പ് കാല്പദം വഴി ശരീരത്തിലേക്ക് ഇരച്ചുകയറുന്നതും ആസ്വദിച്ചു ഞാനങ്ങനെ ഇരുന്നു..

“താൻ എങ്ങിനെ ഇവിടം വരെയെത്തി….?”

റാമിന്റെ നേർത്ത ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞിരുന്നു..

“കാണണമെന്ന് തോന്നി.. വന്നു.. “

ആ മറുപടി അയാളെ തൃപ്തനാക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…അരികിലിരുന്ന എനിക്ക് നേരെ റാമിന്റെ നോട്ടങ്ങൾ പാറിപതിഞ്ഞു വരുന്നത് അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ ഞാനങ്ങിനെ ഇരിക്കവേ റാമിന്റെ നേർത്ത ശബ്ദം ചെവിയിൽ മുഴങ്ങികേട്ടു..

“കണ്ണിൽ കരിമഴി എഴുതിയിട്ടുണ്ടല്ലോ..രസമുണ്ട് കാണാൻ..”

“എന്തോ ഇന്ന് കണ്ണെഴുതണം എന്ന് തോന്നി.. അത്രമാത്രം..” അനാവശ്യമായ ഒരു ഗൗരവം എന്റെ മറുപടികളിൽ കലരുന്നുണ്ടായിരുന്നു..

“രേവതി..” വീണ്ടും ചെവിക്കരുകിൽ റാമിന്റെ ആർദ്രത നിറഞ്ഞ ശബ്ദം..ഒരു മൂളൽ കൊണ്ടുപോലും അതിന് മറുപടി പറയാതെ സ്വാർത്ഥയായി ഞാനിരിക്കവേ മറുപടി ലഭിക്കില്ലെന്ന് മനസിലായിട്ടാവണം റാമിന്റെ തല പരാജിതപോലെ താഴേക്ക് കുനിഞ്ഞുപോകുന്നത് ഞാൻ കണ്ടു..ഒപ്പം രണ്ട് തുള്ളി കണ്ണുനീർ കല്പടവിലേക്ക് ഇറ്റുവീഴുന്നതും..

“എന്റെ മനുഷ്യാ…എന്നിൽനിന്ന് ഒളിച്ചു, എന്റെ ശബ്ദം കേൾക്കാതെ, എന്നോട് മിണ്ടാനാകാതെ എത്ര നാളിങ്ങനെ മറഞ്ഞു നിൽക്കാൻ കഴിയും നിങ്ങൾക്ക് ..? ” അങ്ങനെ ചോദിക്കുമ്പോൾ റാമിന്റെ മുഖം കഴുത്തിലേക്ക് ചേർത്ത് പിടിക്കാനാണ് എനിക്ക് തോന്നിയത്..ധൃതിയിൽ ഞാൻ അപ്രകാരം തന്നെ പ്രവർത്തിക്കുകയും ചെയ്തു..

“അറിയില്ല.. കൊച്ചിന് എന്നെ വേണ്ടെന്ന് തോന്നിയപ്പോൾ..ഒരു ശല്യമാകാതിരിക്കാൻ ഞാൻ ഇറങ്ങിപോന്നതാണ് എല്ലായിടത്തുനിന്നും..” വിതുമ്പികൊണ്ടുള്ള ആ ശബ്ദം കേട്ടതും റാമിനെ ഞാനെന്റെ കരവലയത്തിൽ നിന്നും മോചിപ്പിച്ചു..എന്നിട്ടാ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു..

“എന്നിട്ട്, എന്നിട്ടിപ്പോൾ എന്തായി..? “

“തുടങ്ങിയടത്തേക്ക് തന്നെ നമ്മൾ വീണ്ടും ചെന്നെത്തി.. പഴയ റാമും, പഴയ രേവതിയും…!”

“ഇപ്പൊ മനസിലായില്ലേ മനുഷ്യാ ഞാൻ എന്താണെന്ന്… ആരുടെ കൊച്ചാണെന്ന്..? “

അതിന് മറുപടി പറയാതെ റാമിന്റെ കൈ വിരലുകൾ എന്റെ കൈകളെ ചേർത്തു പിടിച്ചു…ഈ ഭൂമിയിൽ ഏറ്റവും സുരക്ഷിതമായ സ്ഥലം റാമിന്റെ കൈകളാണെന്ന് എനിക്കപ്പോൾ തോന്നി..പ്രണയപൂർവ്വം ഞാനയാളുടെ ചുമലിലേക്ക് തലചേർത്ത് വെച്ചു.. താടി രോമങ്ങൾ പൊതിഞ്ഞിരിക്കുന്ന ഇടത്തെ കവിളിൽ അമർത്തി ചുംബിച്ചു..!!

അടുത്ത നിമിഷം ഞങ്ങളിരിക്കുന്ന കല്പടവുകൾക്ക് അല്പം അകലെ കുളത്തിലെ ഇളം നീലനിറമുള്ള ജലത്തിൽ സ്വർണ്ണ വർണ്ണമാർന്ന രണ്ട് മത്സ്യങ്ങൾ പ്രത്യക്ഷപെട്ടു.. അവ ഉടലുകൾ ഉരുമ്മി നീന്തി പ്രണയം പങ്കുവെക്കുക്കുമ്പോൾ ആ ഭൂമിയാകെ പ്രണയം കൊണ്ട് ചുവക്കുകയായിരുന്നു..

(അവസാനിച്ചു….)

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും എഴുതി തുടങ്ങുകയാണ്…നല്ലത് ആണേലും മോശം ആണേലും ഒരു വരി എനിക്കായ് കുറിക്കുക…

സ്നേഹത്തോടെ, Revathy Jayamohan