ഒറ്റക്കുള്ള അയാളുടെ ഫോട്ടോസിന് താഴെ ഒരു സ്ത്രീയുടെ സ്ഥിരം കമൻ്റ് വരുമ്പോഴും അത് ആരെന്ന് ചോദിക്കുമ്പോഴും…

അവൾ

Story written by Aathira Remesh

================

മീരാ..അവൻ എന്തിന് നിന്നെ ഉപേക്ഷിച്ചു?? ഇനി എങ്കിലും നീ ഈ മൗനം ഒന്നവസാനിപ്പിക്ക കുട്ട്യേ!!ഇങ്ങനെ ഒന്നും മിണ്ടാതിരുന്നാൽ സത്യം ഞങ്ങൾക്കും അറിയണ്ടേ??

സത്യം…എന്ത് സത്യം ??

ദാസ് എന്തിനു നിന്നെ വേണ്ട എന്ന് വച്ചു…

അവൻ അല്ല ഞാൻ ആണ് അവനെ വേണ്ട എന്ന് വെച്ചത്…ഞാൻ ആണ് അവനെ ഉപേക്ഷിച്ച് ഇറങ്ങിയത്…

എന്തിന്??

ഒത്തു പോകാൻ സാധിക്കാത്തത് കൊണ്ട്…

പിന്നെയും അതെ ഉത്തരം…

അമ്മ അതെ ചോദ്യമാണ് ആവർത്തിക്കുന്നത്…

എന്താ നിൻ്റെ ഉദ്ദേശം?? നീ ഒരു പെണ്ണാണ്..

ജീവിക്കാൻ…പെണ്ണായതു കൊണ്ട് എന്താ??

എങ്ങനെ ജീവിക്കാൻ? ഒറ്റയ്ക്ക് ഈ സമൂഹത്തിൽ…

ന്താ സമൂഹത്തിന്??… ഈ സമൂഹത്തിൽ അന്തസ്സോടെ സ്ത്രീയായി ജീവിക്കും ഞാൻ!!

നിൻ്റെ ഫെമിനിസം എനിക്ക് കേൾക്കേണ്ട??

ഹഹ…ഫെമിനിസം. അമ്മയ്ക്ക് അറിയോ എന്താ ഫെമിനിസം എന്ന്…

നിനക്ക് അറിയോ??എനിക്ക് അറിയാം തന്നിഷ്ടതിന് ജീവിക്കുന്ന പെണ്ണുങ്ങളെ വിളിക്കണ പേരാണ് ഫെ മി നി ച്ചി കൾ.

ഹഹഹ…

മീര നിൻ്റെ ചിരി എന്നെ അലോസരപ്പെടുത്താണ്…എന്നെ മാത്രമല്ല ഇവിടെ എല്ലാവരെയും…

എന്തിന്?? അമ്മേ എന്നാലേ സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന രാഷ്ട്രീയവ്യവഹാരമാണ് സ്‌ത്രീസമത്വവാദം, സ്ത്രീവാദം അഥവാ ഫെമിനിസം. പൊതുവേ ഫെമിനിസം എന്ന ഇംഗ്ലീഷ് വാക്ക് കൊണ്ട് തുല്യത എന്നാണ് അർത്ഥമാക്കുന്നത്…അല്ലാതെ??

നിനക്കിപ്പോൾ ദാസിനോടൊപ്പം നിൽക്കണം സമത്വം വേണം അല്ലേ??സ്ത്രീ അടങ്ങി ഒതുങ്ങി ജീവിക്കേണ്ടവൾ തന്നെയാണ്…

അല്ല..ആര് പറഞ്ഞു??..എനിക്ക് ഞാനായി ജീവിക്കണം ഒറ്റ രാത്രിയെങ്കിലും…

അതിന് അവൻ…?

അമ്മ എൻ്റെ അമ്മയാണൊ അതോ…??ഞാൻ ഒരിക്കലും ഒരു ഭാരം ആകില്ല എൻ്റെ മോനും!!! ആ ഉറപ്പ് പോരെ നിങ്ങൾക്ക്..അമ്മേ എനിക്ക് ഒന്നും കൊട്ടിഘോഷിച്ച് നടക്കണ്ട…അതിനു ഒരു താല്പര്യവും ഇല്ല…എനിക്ക് ഞാനായി തുടരണം അതിനു ഞാൻ തടസ്സം നിൽക്കുന്ന എന്താണോ അതൊന്നു മാറ്റി അത്രമാത്രം.

ഈ കൊച്ചിനെ നീ എങ്ങനെ വളർത്തും?

അതിനെ ഞാൻ വളർത്തിക്കോളാം.

ഒരു ആൺ തുണ ഇല്ലാതെ??

ഇവൻ അപ്പോ ആണല്ലേ??

കുഞ്ഞോ അവനോ?? അവനെന്തറിയാം?

കുറെ കഴിയുമ്പോൾ അവൻ പഠിച്ചോളും എല്ലാം…

മീരാ നീ?? ഒറ്റയ്‌ക്ക് ജീവിക്കും നിനക്ക് ആരും ഉണ്ടാവില്ല…നിൻ്റെ തീരുമാനങ്ങൾ നിൻ്റേതു മാത്രമാണ്…

കൂടുതൽ ഒന്നും പറയാനില്ല…എനിക്ക് അയാളുടെ കൂടെ ഒരുമിച്ചു നിൽക്കാൻ തോന്നുന്നില്ല ഇപ്പോഴും ഇനി മുന്നോട്ടും…അത് കൊണ്ട് ഞാൻ ഇനി ഒറ്റയ്ക്ക് നടക്കാൻ തീരുമാനിച്ചു!!ഇനി കൂടുതൽ ഒന്നും ചോദിക്കേണ്ട…എനിക്ക് ഉത്തരം പറയാൻ ഇല്ല…അമ്മയുടെ മുഖത്ത് നോക്കാതെ ഞാൻ പതിയെ മുറിയിൽ കയറി കതകടച്ചു…വിങ്ങി പൊട്ടിയ മനസ്സ് ഞാൻ ആരെയും തുറന്നു കാട്ടിയില്ല…ഞാൻ എല്ലാം ഒരു ഡയറിയിൽ കോറിയിട്ടൂ…അല്ലാതെ എൻ്റെ മനസ്സ് തുറന്നു കാണിക്കാൻ പറ്റിയ ആരും എനിക്കുണ്ടായിരുന്നില്ല!!അല്ലെങ്കിൽ അയാളെ ഞാൻ ആരുടെയും മുന്നിൽ തരം താഴ്ത്താൻ ആഗ്രഹിച്ചിരുന്നില്ല…

10/10/10 ഞായർ ഈ ദിവസത്തിനും ഉണ്ടൊരു പ്രത്യേകത നീ എന്നിൽ ഇനി അവശേഷിക്കുന്നില്ല…നമുക്ക് ഉണ്ടായ പൊന്നുമോൻ നിനക്ക് ഒരു ഭാരമെന്ന് നീ പറഞ്ഞ നിമിഷം നിന്നിൽ നിന്നല്ല ഞാൻ ഗർഭം ധരിച്ചത് എന്ന് ഞാനും പറഞ്ഞു പഠിപ്പിച്ചു എൻ്റെ മനസ്സിനെ…നിൻ്റെ മരണത്തിന് പോലും അവനെ കൊണ്ട് ഞാൻ കർമ്മം ചെയ്യിക്കില്ല…നീ പറഞ്ഞ വാക്കാണ് എന്നെ നോവിച്ചത്…ഏതോ ദിവസത്തിൽ നിനക്ക് പറ്റിയ അബദ്ധം ആണെൻ്റെ കുഞ്ഞെന്ന്…ആ അബദ്ധത്തിലൂടെ ഒരിക്കലും നിനക്ക് മോക്ഷം ലഭിക്കാൻ ഞാൻ അനുവദിക്കുകയില്ല!!!

ഞാൻ നിന്നിൽ മരിച്ചു ദാസ്…ഇനി നിന്നിൽ ഞാൻ എന്ന സത്യമില്ല…എന്നിൽ നീ എന്ന മിഥ്യയും…എന്നെ കൊ ന്ന ത് നീ തന്നെയാണ്…നീ എന്നെ സ്നേഹിച്ചു വഞ്ചിച്ചു…വഞ്ചന മരണം എന്നത് നീ അറിഞ്ഞില്ല…ഏറ്റുവാങ്ങിയ ഞാൻ അറിഞ്ഞു!!!

സ്ത്രീകൾ പലതും മറക്കും…പ്രണയിക്കുമ്പോൾ സ്വയം പ്രണയിക്കാനും മറക്കും. അവരുടെ ജീവിതം അവനിലേക്ക് ഒതുങ്ങും…അവൻ്റെ ചൂടിൽ അവളൊരു കൂടൊരുക്കും അതിൽ ഇങ്ങനെ മൂടിയിരിക്കും…

ദാസ് , നീ എന്നിൽ നിന്നകലുന്നത് ഞാൻ വേദനയോടെ നോക്കി നിന്നു. പലപ്പോഴും സ്നേഹത്തിന് വേണ്ടി വഴക്കുണ്ടാക്കി നിരാഹാരം കിടന്നു…എന്തിന് വേണ്ടി…ഞാൻ അറിഞ്ഞിരുന്നില്ല , അല്ല അറിയാൻ വൈകി…

“യാചിച്ചു കിട്ടുന്ന സ്നേഹത്തിൻ്റെ ആയുസ്സ് നീർക്കുമിള പോലെന്ന് “

ഞാൻ എന്നെ ശ്രദ്ധിച്ചു തുടങ്ങി, ഒരു പുരുഷൻ ആഗ്രഹിക്കുന്ന സ്ത്രീ സൗന്ദര്യം എന്നോ എനിക്ക് നഷ്ടമായി…പിന്നെ , അയാളെ കുറ്റം പറയുന്നത് എന്തിന് അഴകും പ്രസരിപ്പും ഉള്ള സ്ത്രീ ശരീരം തേടി അയാളും പോയി…പക്ഷേ, സ്ത്രീയുടെ ഉള്ളിലെ സ്നേഹത്തിൻ്റെ ആഴം ആയാൾ കണ്ടില്ല…അല്ലായെങ്കിൽ അയാൾക്ക് വേണ്ടത് അയാൾക്ക് വഴങ്ങുന്ന ഒരു ശരീരം മാത്രമായിരുന്നു…

തെറ്റുകൾ ചെയ്യാൻ തുടങ്ങിയപ്പോൾ എന്നിൽ തെറ്റുകൾ ദാസ് കണ്ട് പിടിക്കുകയായിരുന്നു…മകനെ പോലെ ഞാൻ സ്നേഹിച്ച എൻ്റെ അനിയനിൽ പോലും അയാൾ സംശയത്തിൻ്റെ അസ്ത്രങ്ങൾ പായിച്ചു…കഷ്ടം, ഇപ്പൊൾ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നുന്നു…അയാളുടെ വിശ്വാസം നേടാൻ പോയതിന്…

ഒറ്റക്കുള്ള അയാളുടെ ഫോട്ടോസിന് താഴെ ഒരു സ്ത്രീയുടെ സ്ഥിരം കമൻ്റ് വരുമ്പോഴും അത് ആരെന്ന് ചോദിക്കുമ്പോഴും ഉത്തരം നൽകാതെ എൻ്റെ കൂട്ടുകാരിൽ എൻ്റെ ജാരനെ തിരക്കുന്ന തിരക്കിലായിരുന്നു ദാസ്…ശെ, കഷ്ടം ഞാൻ എന്തിന് അതിലും അയാളോട് വിശദീകരണം നൽകാൻ പോയി…എന്നോട് എനിക്ക് ഇപ്പൊൾ അറപ്പ് തോന്നുന്നു…

കുടുംബകോടതിയിൽ നിന്ന് വിവാഹ മോചനം വാങ്ങി ഇറങ്ങുമ്പോൾ നെഞ്ചിലേക്ക് ആരോ ശക്തിയായി ഇടിക്കുന്ന പോലെ തോന്നി…അയാളെ ഞാൻ പ്രണയിച്ചിരുന്നു…ഒരു ഉപാധികളും ഇല്ലാതെ…പക്ഷേ…അവിടെ നിന്നങ്ങിട് ഞാൻ ഒറ്റയ്ക്കെ ഉള്ളൂ എന്ന തിരിച്ചറിവ് എനിക്ക് കിട്ടി…പെൺമക്കളെ കല്യാണം കഴിച്ചു വിട്ടുകഴിഞ്ഞാൽ പിന്നെ അവർ തിരിച്ചു വരുമ്പോൾ അവർക്കെന്ത് സംഭവിച്ചു എന്ന് അന്വേഷിക്കാതെ അവരെ മനസ്സിലാക്കാതെ കുറ്റപ്പെടുത്തി അവരെ ഒറ്റയ്ക്കാക്കി പോകുന്ന അച്ഛനമ്മാരെ ഓർത്ത് എനിക്ക് പുച്ഛം തോന്നി…കഷ്ടം!!

എല്ലാം കഴിഞ്ഞ് വീട്ടിലെ ഇരുട്ടിൽ ഞാൻ പൊട്ടിക്കരഞ്ഞു…അമ്മേ…അമ്മ കരയുവാന്നോ..അമ്മയ്ക്ക് കുട്ടായി ഇല്ലെ?? കൊഞ്ചികൊണ്ട് അവൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ അവനെ വാരി പുണർന്നു…നെറ്റിയിലും കവിളിലും ചുംബിച്ചു…

ഇല്ലട കുട്ടാ…അമ്മ ഇനി കരയില്ല ഒരിക്കലും!! എനിക്ക്  ജീവിക്കണം…ജയിക്കണം…ആരുടെയും മുൻപിൽ തോൽക്കില്ല…ഇനി കരയില്ല!! അങ്ങനെ ഉറച്ചു മുന്നോട്ട് ജീവിച്ച പോരാട്ടത്തിൻ്റെ നാളുകളിൽ എപ്പോഴോ ആരോ പറഞ്ഞറിഞ്ഞു ദാസ് വേറെ വിവാഹം കഴിച്ചന്ന്…കരയാൻ വെമ്പിയെങ്കിലും കരഞ്ഞില്ല…ഉള്ളിൽ മരിച്ചവർക്ക് വേണ്ടി കരയുമോ പിന്നെയും?? ഞാൻ ഒഴിയാൻ അയാളും ഒരുപാട് ആഗ്രഹിച്ചിരുന്നു…ഞാൻ ഒരു വിഡ്ഢി കടിച്ചു തൂങ്ങാൻ ശ്രമിച്ചു. എത്രയോ രാത്രികളിൽ ദാസ് പറഞ്ഞിട്ടുണ്ട് അവളോടുള്ള വികാരമാണ് ഞാൻ നിന്നിൽ തീർക്കുന്നത് എന്ന്…ഓർക്കുമ്പോൾ അറപ്പ് തോന്നുന്നു എന്നോട് അയാൾ അത് പറഞ്ഞു കൊണ്ട് എന്നെ അനുഭവിക്കുമ്പോൾ ശവം കണക്കെ കിടന്നു കൊടുത്തതിനു…ശെ കഷ്ടം!!!ഞാൻ വെറും ഒരു പെണ്ണായി കിടന്നുകൊടുത്തത് ഓർത്ത് ഞാൻ ഇപ്പൊൾ എന്നെ തന്നെ വെറുക്കുന്നു. കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങി…അതിൻ്റെ ചൂട് എനിക്ക് അസഹ്യമായി തോന്നി…

ഇനി അയാൾക്ക് വേണ്ടി കരയണോ?? ഉള്ളിൽ ഇരുന്നാരോ എന്നോട് ചോദിച്ചു….

മീരാ…

നീ എന്തിനു കരയുന്നു ? എന്നെ അവൻ വേദനിപ്പിച്ചത് കൊണ്ട്…

നീ എന്തിനു കരയുന്നു? അവൻ എന്നെ  അവഗണിച്ചത് കൊണ്ട്…

അപ്പൊൾ മറുപുറത്ത് ആരോ ചിരിച്ചു…ഞാൻ ചോദിച്ചു…

എന്തിന് നീ ചിരിക്കുന്നു? അവനു വേണ്ടി ഇനി നീ ഒരിക്കലും കരയാതിരിക്കാൻ!!!

എൻ്റെ മനസാക്ഷി പോലും മാറി ചിന്തിക്കാൻ എന്നെ പ്രേരിപ്പക്കുന്നതായി എനിക്ക് തോന്നി…

പേരിൻ്റെ അറ്റത്ത് ഒരു സർ നെയിം ആവശ്യമില്ല എന്ന് മനസ്സിലാക്കി ഒറ്റയ്ക്ക് നടക്കാൻ തുടങ്ങിയിട്ട് ഇപ്പൊൾ ഇരുപത് വർഷം…അന്നത്തെ ഇരുപത്തി രണ്ടുകാരിക്ക് ഇന്ന് നാല്പത്തി രണ്ട് വയസ്സ് അന്നത്തെ മൂന്ന് വയസുകാരന് ഇന്ന് ഇരുപത്തി മൂന്നു…അവൻ അവൻ്റെ ജീവിതം നിറമുള്ളതാക്കൻ അധ്വാനിക്കുന്നു , അത് കണ്ട് എൻ്റെ ഉള്ളിലെ സ്ത്രീ അഭിമാനിക്കുന്നു…തളരാതെ ഒരു ആൺകുട്ടിയെ വളർത്തി അവനെ പൊരുതാൻ പഠിപ്പിച്ചതിന്….ഒരിക്കലും ഞാൻ അവനെ അവൻ്റെ സ്രഷ്ടാവിനെ പോലെ അക്കുകയില്ല…

ഉറക്കം ഒഴിച്ച് പഠിച്ചു നേടിയ ജോലിയോടൊപ്പം ഞാൻ പതിയെ എഴുത്തിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു…എൻ്റെ എഴുത്തുകളിൽ അച്ചടി മഷി പുറളുമ്പോൾ ഞാൻ എന്നിലേക്ക് മടങ്ങി വന്നതിൽ ഞാൻ അഭിമാനിച്ചു…മരിക്കാതെ പൊരുതി ജീവിച്ചതിൽ എന്നെ ഞാൻ അഭിനന്ദിച്ചു!!!

ഇന്നിപ്പോൾ എഴുത്തിൻ്റെ ലോകത്തേക്ക് ചുവടു വച്ചിട്ട് പത്ത് വർഷത്തിലേറെ ഓരോ അരങ്ങിലും ചെല്ലുമ്പോൾ മീരയുടെ പേരിനു വാലില്ലെ എന്ന് ചോദിക്കും…പണ്ടൊരു സുഹൃത്ത് പറഞ്ഞത് ആവർത്തിക്കും

“മീര അഗ്നിയാണ് ഒറ്റയ്ക്ക് പൊരുതുന്ന അഗ്നി”

————————

എഴുത്തിടത്തിൽ നിന്ന് മാറുമ്പോൾ ഞാൻ കുട്ടൻ്റെ അമ്മയാകും…അവനിഷ്ടമുള്ളതൊക്കെ മതിയാവോളം ചെയ്തു കൊടുക്കുന്ന അവൻ്റെ മാത്രം അമ്മ…

കാര്യമായ പണിയിൽ നിൽക്കുമ്പോൾ ഒടികിതച്ച് കുട്ടൻ്റെ വരവ്..

അമ്മേ…അമ്മേ…അമ്മേ…

എന്താടാ??

അമ്മേ ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് അമ്മയുടെ സ്വാർത്ഥത്തിന് എന്ന് ഇപ്പൊ ദെ മനോരമയിൽ നിന്ന് വിളിച്ചു പറഞ്ഞു…

മം…

അമ്മേ….ശെ!!

എന്താടാ ??

എന്താ ഒരു സന്തോഷം ഇല്ലാത്ത പോലെ??

ഒന്നിലും അധികം സന്തോഷിക്കുന്നത് ശരിയല്ല…ജീവിതം പഠിപ്പിച്ച പാഠം….

ഈ അമ്മ….എനിക്ക് അങ്ങ് ഭയങ്കര സ്നേഹം തൊന്നുവ…എൻ്റെ അമ്മയുടെ നേട്ടം കണ്ട്…എല്ലാവരും ഒരുപാട് കളിയക്കിയിട്ടില്ലെ നമ്മളെ , ഇനി അസൂയപെടട്ടെ എല്ലാം…പറ…എൻ്റെ അമ്മയ്ക്ക് ഇപ്പൊ എന്താ വേണ്ടേ…എവിടെ പോവാന തൊന്നണെ??

ഗുരുവായൂർ…ഞാൻ ഒന്ന് ചിരിച്ചു…

ആഹാ…അത്രേ ഉള്ളൂ പോയേക്കാം…ഇത്രയും പറഞ്ഞു അവൻ എന്നെ ചേർത്ത് പിടിച്ചു…അവൻ്റെ കണ്ണിലെ സന്തോഷമായിരുന്നു എനിക്ക് കിട്ടിയ വലിയ അവാർഡ്…

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് തൊഴുതു ഇറങ്ങുമ്പോൾ ഉള്ളിൽ നിറയുന്ന ഒരു കുളിരുണ്ട്…എൻ്റെ കൂടെ എന്നെ ചേർത്ത് പിടിച്ചു ഭഗവാൻ നടക്കുന്ന പോലെ എനിക്ക് തോന്നി കുട്ടൻ എന്നെ ചേർത്ത് പിടിച്ചു നടന്നപ്പോൾ…

അമ്മയുടെ കണ്ണ് നിറഞ്ഞു അല്ലേ??

ഉവ്വ്…

എന്തെ??…

നീ വലുതായി, അത് കണ്ട്…

ഈ അമ്മ…

അവനു വേണ്ടിയാണ് ഞാൻ ജയിക്കാൻ തീരുമാനിച്ചത്. അവനു വേണ്ടി മാത്രമാണ് ഞാൻ എന്നെ സ്നേഹിച്ചത്…അവൻ അല്ലേ അപ്പൊൾ എൻ്റെ ഈ വളർച്ചയുടെ പടവുകൾ കയറാൻ എന്നെ സഹായിച്ച എൻ്റെ ഉർജ്ജം…ഒരു പക്ഷെ അവൻ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെ ജീവനോടെ പോലും….

————————-

കുറച്ചു കാലത്തേക്ക് മാധ്യമങ്ങളുടെ ഇരയായി ഞാൻ…പലരും പല ചോദ്യങ്ങൾ ചോദിച്ചു…ഒരുപോലെയുള്ള ചോദ്യങ്ങൾ ഒരേ ഉത്തരങ്ങൾ….അത് കൊണ്ട് തന്നെ എല്ലാവർക്കുമായി ഒരു പ്രസ് മീറ്റ് വച്ചു…

സ്വാർത്ഥം എഴുതാൻ എന്നെ പ്രേരിപ്പിച്ചതിനെ കുറിച്ച് ചോദ്യങ്ങൾ പൊങ്ങി…ഞാൻ പറഞ്ഞു  എൻ്റെ ജീവിതം തന്നെയാണ് “സ്വാർത്ഥം” …അല്ല അത് എൻ്റെ കഥ തന്നെയാണ്…ജീവിതത്തിൽ ഒറ്റപ്പെടുന്ന സ്ത്രീകളുടെ കഥ…സ്വയം പ്രണയിക്കാൻ മറന്ന സ്ത്രീകളുടെ കഥ. അതിജീവനത്തിൻ്റെ കഥ.

എഴുത്തിലേക്ക് വന്നതിനെ കുറിച്ച് ഒന്ന് പറയാമോ?? ജീവിത കഥ (കൂട്ടത്തിൽ ഒരു സ്ത്രീ ചോദിച്ചു)

പണ്ട് കേട്ട ഒരു കഥ പറയാം…നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാവുന്ന പരുന്തിൻ്റെ കഥ. ഒന്നുകിൽ അതിജീവനം അല്ലെങ്കിൽ മരണം എന്നുറച്ച് പരിവർത്തനത്തിന് ഒരുങ്ങും…പരുന്ത് അതിജീവനം തിരഞ്ഞെടുക്കും കഠിന വേദന സഹിച്ചു പുതിയ രൂപത്തിൽ പിന്നെയും മുന്നോട്ട് ജീവിക്കാൻ അതിൻ്റെ യൗവ്വനം നിലനിർത്തും…ജീവിതത്തിൻ്റെ നിർണായക ഘട്ടത്തിൽ ഞാനും ഒരു പരിവർത്തനത്തിന് ശ്രമിച്ചു…ഉയർന്നു പറക്കാൻ തടസമായ പ്രതിബന്ധങ്ങളെ തകർത്തെറിഞ്ഞ് ഞാനും പറന്നു…എൻ്റെ കുഞ്ഞ് പരുന്തിനെയും കൊണ്ട്!!!

സ്ത്രീകളോട്  പറയാൻ എന്തെങ്കിലും….

ഞാൻ എന്ത് പറയാൻ എൻ്റെ ജീവിതം അലല്ലോ മറ്റൊരാൾക്ക്…

ഒന്ന് പറയാം…

മാറ്റങ്ങൾ അനിവാര്യമാണ്..മനസ്സിൻ്റെ മാറ്റങ്ങൾ!! അവഗണന തോന്നിയാൽ അപ്പോഴേ മനസ്സ് മാറ്റിയേക്കണം…പിന്നെ കടിച്ചു തൂങ്ങരുത്…ഒരു ബന്ധത്തിലും…യാചിക്കരുത് ഒന്നിന് വേണ്ടിയും…ഒറ്റപെടുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് നടക്കുന്നത് തന്നെയാണ്…

പിന്നെയും കുറെ ചോദ്യങ്ങൾ വന്നു കുടുംബജീവിതത്തെ കുറിച്ച് ദാസിനെ കുറിച്ച്…മറുപടി ഒന്നും പറഞ്ഞില്ല…എല്ലാവരോടും യാത്ര പറഞ്ഞു പ്രസ് മീറ്റിൽ നിന്ന് ഇറങ്ങി…

ആരോ എന്നെ നോക്കുന്ന പോലെ എനിക്ക് തോന്നി…ഒരു പിൻവിളി പോലെ…ഞാൻ ഒന്ന് തിരിഞ്ഞു നടന്നു അവിടെ ഒരു കോണിൽ നിൽക്കുന്ന മുഷിഞ്ഞ വസ്ത്രമുടുത്ത ഒരു മനുഷ്യനെ ഞാൻ കണ്ടു ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി അതാരെന്ന്…

“ദാസ്” (ഞാൻ മനസ്സിൽ പറഞ്ഞു)

മീരാ…(ഒരു നെടുവീർപ്പോടെ അയാൾ വിളിച്ചു)

മറന്നിട്ടില്ല അല്ലേ??..

ഇനി ഒന്നും പറയാൻ അനുവദിക്കാതെ ഞാൻ ചോദിച്ചു ജീവിതം സുഖം തന്നെയല്ലേ…അപ്പോഴേക്കും കുറെ ക്യാമറാ കണ്ണുകൾ എൻ്റെ പുറകെ കൂടി…ഒന്നും പറയാൻ നിൽക്കാതെ കേൾക്കാൻ നിൽക്കാതെ ഞാൻ നടന്നു…അയാളുടെ കണ്ണിലെ ദയനീയത യിൽ നിന്ന് എനിക്ക് മനസ്സിലായി അയാളുടെ ഇപ്പോഴത്തെ അവസ്ഥ…പക്ഷേ,എന്തോ എനിക്ക് അയാളോട് ദയ തോന്നിയില്ല…

മീരാ…മീരാ…എന്നുള്ള വിളി ഞാൻ കേട്ടു ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു അവൻ്റെ കൈയിൽ മുറുകെ പിടിച്ച്…അവൻ എന്ന എൻ്റെ സ്വാർഥതതയെ ചേർത്ത് പിടിച്ച്…

നാളെ ഒരു പക്ഷെ പല തമ്പ്നെയിലും കാണാം യൂട്യൂബിൽ മീരയുടെ ഭർത്താവ് ആരെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും…ഭർത്താവിനോട് മീര കാട്ടിയ അതിക്രമം എന്നൊക്കെ…എല്ലാം വെറും മാധ്യമ പ്രഹസനങ്ങൾ!!!

————————–

ഞാൻ ഞങ്ങളുടെ ചെറിയ വലിയ ലോകത്തിലേക്ക്  മടങ്ങി…

അമ്മേ…

ഉം..

അത് എൻ്റെ അച്ഛൻ ആയിരുന്നോ??

മം…

അമ്മയ്ക്ക് സങ്കടം ഉണ്ടോ??

എന്തിന്…

അച്ഛനെ കണ്ടത് കൊണ്ട്…

അച്ഛൻ…ഞാൻ ചിരിച്ചു…

ഇന്നും അച്ഛൻ്റെ പേരിൻ്റെ കോളത്തിൽ മാത്രം ഒതുങ്ങുന്ന ഒരു പേര് അല്ലേ…”ദാസ്”

മൗനമായിരുന്നു അവനുള്ള മറുപടി…അല്ലെങ്കിൽ അവൻ അയാളെ അച്ഛൻ എന്ന് വിളിക്കുന്നത് പോലും ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല…ഞാനും ഒരു സ്വാർത്ഥ ആയിരുന്നു…

കുറെ നേരത്തെ മൗനത്തിനോടുവിൽ എൻ്റെ എഴുതിടത്തിൽ പോയി ഇരുന്നു…പതിയെ എൻ്റെ “സ്വാർത്ഥം” മറിച്ച് മറിച്ച് നോക്കി വെറുതെ…ഓരോ വരിയിലും ഞാൻ അനുഭവിച്ച എൻ്റെ കണ്ണുനീരിൻ്റെ ഉപ്പുരസം അറിഞ്ഞു…അയാളുടെ അവഗണനയുടെ വഞ്ചനയുടെ ചതിയുടെ കഥകൾ നിറഞ്ഞു…എൻ്റെ കണ്ണുകൾ നിന്ന് രക്തം ഒഴുകി…

അന്ന് ഞാൻ പറന്നുയരാൻ കൊതിച്ചു…നീ എന്നെ കൂട്ടിൽ അടച്ചു…ചിറകടിച്ചു ഞാൻ കരഞ്ഞു…നീ എൻ്റെ ചിറകുകൾ അരിഞ്ഞു…കണ്ണീരൊഴുക്കി ഞാൻ കരഞ്ഞു…നീ അന്നുറക്കെ ചിരിച്ചു…അന്ന് ഞാൻ വെറും ഒരു കുരുവി…പക്ഷേ, ഇന്ന് ഞാനൊരു പത്രി…പറന്നുയരുന്ന പത്രി!!!

(പത്രി :- പരുന്ത് എന്നർത്ഥം)

പുസ്തകം അടയ്ക്കുന്നതിന് മുന്നേ അവസാന വരിയിൽ ഞാൻ എഴുതി ചേർത്തു…

“അവൾ”

തീയാവണം…

സ്ത്രീയാവണം…

തീ പോലെ ജ്വലിക്കണം…

തൊട്ടാൽ പൊള്ളണം…

ശുദ്ധയായി ജ്വലിക്കണം…

*********

~ആതിര