അതു വരെ മനസ്സിലേയ്ക്ക് കടന്നു വന്നഎല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടാതെ ഞാൻ നിന്നു വിയർക്കുകയായിരുന്നു…

പുനർജനി….

Story written by Rajesh Dhibu

===============

ദുബായ് എയർപോർട്ടിൽ കൂട്ടുകാരനെ കൊണ്ടിറക്കി സാധനങ്ങൾ ട്രോളിയിൽ എടുത്തു വെക്കുമ്പോഴാണ്. ഞങ്ങളുടെ അരികിലൂടെ മിന്നായം പോലെ ഒരു സ്ത്രീ കടന്നു പോയത്..

കെട്ടിപ്പിടിക്കുന്നതിനിടയിൽ അവൻ്റെ കാതിൽ താൻ ഒച്ചവെച്ചത് ഒരു പക്ഷേ അവൾ കേട്ടിരിക്കണം .. “മച്ചാനെ വരുമ്പോൾ അമ്മച്ചിയോട് തനിക്കുള്ള പൊതി മറക്കരുതെന്ന് പറയണം കേട്ടോടാ.”

പെട്ടന്നാണ് ആ സ്ത്രീ ഞെട്ടി  തിരിഞ്ഞു കൊണ്ടന്നെ നോക്കിയത്….തൻ്റെ ശബ്ദം കുറച്ച് ഉച്ചത്തിലായോ…ജാള്യത മറച്ചു പിടിച്ചു അവനെ യാത്രയാക്കി കാറിനരികിലേയ്ക്ക് തിരികെ നടക്കുമ്പോഴാണ് ആ സ്ത്രീ. എൻ്റെ  അടുക്കലേയ്ക്ക് നടന്നു വന്നത്..

“മലയാളിയാണോ..” ?

കളിയാക്കിയതാണോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ആ മുഖത്തേയ്ക്ക് ഒന്നു നോക്കി..വിയർപ്പുതുള്ളികൾ പറ്റിപ്പിടിച്ച നെറ്റിയിൽ അങ്ങിങ്ങെ മുടികൾ ഒട്ടിപ്പിടിച്ചു കിടക്കുന്നു..ഉറക്കച്ചടവ് വിളിച്ചോതുന്ന കണ്ണുകളിൽ നനവ് പടർന്നിരിക്കുന്നു..വരണ്ടുണങ്ങിയ ചുണ്ടുകൾ എന്തോ പറയുവാൻ വെമ്പുന്നു.

ഒട്ടിയ കവിൾ തടത്തിൽ മുൻപ് എപ്പോഴോ കരഞ്ഞ കണ്ണുനീർ പാടുതെളിഞ്ഞു കാണാം. ശരീരം മറയ്ച്ചിരിക്കുന്നതിനു മാത്രം വാരി ചുറ്റിയതു പോലെയുള്ള സാരി. തോളിൽ കിടക്കുന്ന ഭാരമില്ലാത്തതു ബാഗും ചെളി പുരണ്ടു നിറം മങ്ങിയ രണ്ടു വാർചെരുപ്പ്. മുൻപ് ആഭരണങ്ങൾ ധരിച്ചിരിക്കണം കഴുത്തിനു ചുറ്റുമുള്ള കറുപ്പ് തിരിച്ചറിയും വിധം തെളിഞ്ഞു കാണാമായിരുന്നു…

ഞാൻ ഒറ്റനോട്ടത്തിലവളെയൊന്നു അടിമുടി അളന്നു.

ദുബായിലും മലയാളി ഭിക്ഷക്കാരോ..?മനസ്സ് ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു…ക്ഷീണിച്ചു അവശയായിരുന്നാലും ആ മുഖത്തെ ഐശ്വര്യം വിട്ടുപോയിരുന്നില്ല.

ചിലപ്പോൾ വലിയ വീട്ടിലെ വല്ല സ്ത്രീകളുമാകും ഇവിടെ വന്ന് പെട്ടു പോയതാകും…

ഞാൻ ഒരു നിമിഷം കൊണ്ടു തന്നെ തൻ്റെ സംശയത്തിനുള്ള മറുപടിയും സ്വയം കണ്ടെത്തുകയായിരുന്നു.

തിരികെ നടക്കാനൊരുങ്ങിയ തന്നെ അവളുടെ കണ്ണിൽ നിന്നടർന്നു വീണ രണ്ടു തുള്ളി കണ്ണുനീർ പിടിച്ചു നിറുത്തി..ഒരു നിമിഷം ഞാനൻ്റെ വീട്ടുകാരെ ഓർത്തുപോയി

ഇമകൾക്കിടയിലെ നിശ്ചലമായ ആ ക്യഷ്ണമണികൾ തന്നെ നോക്കി യാചിക്കുകയാണ്..വല്ല പൈസയും കൊടുത്തു ഒഴിവാക്കാമെന്ന് കരുതിയപ്പോൾ നിയമത്തിൻ്റെ കൈപ്പുരസം മനസ്സിലേയ്ക്ക് ഓടിയെത്തി…കണ്ടിട്ട് വല്ല്യ പ്രായം ഒന്നും തോന്നിക്കുന്നില്ല.

“ചേച്ചീ.. എന്ന് വിളിച്ചാലോ..അതു വേണ്ട. ചിന്തിച്ചു നിൽക്കുവാനുള്ള സാവകാശം മനസ്സ് അനുവദിച്ചു തരാത്ത കാരണത്താൽ അരോചകരമാകാതെ തന്നെ വിളിച്ചു നോക്കി..

“ഏയ്..നിങ്ങൾക്ക് പൈസ വല്ലതും വേണോ കാറിലേയ്ക്ക് കയറിക്കൊള്ളൂ..? പുറത്ത് വച്ച് തന്നാൽ വല്ല പോലീസും കണ്ടാൽ മതി എന്നെ പിടിച്ചു അകത്തിടും.. “

സഹതാപത്തിൻ്റെ നേർ വരമ്പുകളിൽ നിന്നല്ലാതെ അല്പം ഗൗരവം കലർത്തിയാണ് ചോദിച്ചത്

മറുപടിയ്ക്ക് പകരം വീണ്ടും അതേ രണ്ടു തുള്ളി കണ്ണുനീർ വീണ്ടും നിലംപതിച്ചു.

“താൻ വരുന്നുണ്ടോ എനിക്ക് ധൃതിയുണ്ട്….”

തൻ്റെ തിരക്കുകൂട്ടൽ ഒരു പക്ഷേ അവളുടെ മനസ്സിൽ ആശ്രിതനെ നഷ്ടപ്പെടുമെന്നുള്ള ഭയം നിഴലിച്ചിരിക്കണം അവൾ മടിച്ചു മടിച്ചു കാറിൻ്റെ പിറകിലേയ്ക്ക് കയറി….

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ പിറകിലേയ്ക്ക് ഒന്നു തല വെട്ടിച്ചു നോക്കി..

കാറിൻ്റെ ഡോറിനോട് ചേർന്ന് പുറത്തേയ്ക്ക് മിഴികളൂന്നിയ അവൾക്ക് വല്ലാത്ത അസ്വസ്ഥതയും വീർപ്പുമുട്ടലുകളുമുണ്ടന്ന് അവളുടെ ആ സീറ്റിനറ്റം ചേർന്നുള്ള ഇരിപ്പുകണ്ടപ്പോൾ എനിക്കു മനസ്സിലായി..

“പോവാല്ലേ.” അവൾ പുറത്തേയ്ക്ക് നോക്കി കൊണ്ടു തന്നെ മെല്ലെ തലയാട്ടി.

ഞാൻ വീണ്ടും റിവർവ്യൂ മിററലൂടെ പിറകിലേയ്ക്ക് നോക്കി..സത്യത്തിൽ ആ ഇരുപ്പിൽ തനിക്കു വല്ലാത്ത ഭയം തോന്നി..വല്ല മണ്ട മറി കേസ് എങ്ങാനുമാകുമോ..കയ്യിൽ പെടുമോ..ഭഗവതി…ഇപ്പോഴാണ് ഒന്നു നിവർന്നു നിൽക്കാനുള്ള ജോലിയും സ്ഥിരതയും കൈവന്നത്..അതെല്ലാം അസ്തമിക്കാൻ നിമിഷ നേരം മതിയാകും.

മലയാളിയാണെന്നുള്ളൊരു ആശ്വാസം തന്നിൽ പരിഗണനയായി വീണ്ടും തെന്നിതെറിച്ചു വരികയായിരുന്നു.

കാറിൻ്റെ വേഗത സാവധാനമാക്കി കൊണ്ട് മിററിൽ നോക്കി കൊണ്ടു ചോദിച്ചു..

“തൻ്റെ പേരെന്താ…താൻ എവിടേയ്ക്കാ….എന്താ തൻ്റെ പ്രശ്നം.”

എന്തോ ചിന്തയിലായിരുന്നിരിക്കണം കണ്ണാടിയിലേയ്ക്ക് നോക്കിയെന്നു മൂളി..ഞാൻ കേട്ടു എന്നെനിക്ക് മനസ്സിലാകുവാൻ വേണ്ടിയായിരുന്നോ..അതോ…

മറുപടി പറയുവാൻ ഉത്തരങ്ങൾ ആലോചിച്ചു കൂട്ടുകയാണോ. അധികനേരത്തെ മൗനത്തിന് ഇടകൊടുക്കാതെ..ചോദ്യമാവർത്തിച്ചു..

ഇത്തവണ അൽപം ഗൗരവത്തിലാണ് ചോദിച്ചത്…

“തൻ്റെ പേരന്തുവാന്ന്..”?

“മഹാലക്ഷ്മി”

സത്യത്തിൽ ആ മറുപടി കേട്ടപ്പോൾ ചിരിയാണ് വന്നത്….കരിഞ്ഞുണങ്ങിയ മഹാല്ക്ഷ്മിയെ ആദ്യമായിട്ടാ..തുറന്നു പറയാൻ മനസ്സുവെമ്പിയെങ്കിലും ചിരിയടക്കി പിടിച്ചു കൊണ്ട് കണ്ണാടിയിലുടെയല്ലാതെ ഒന്നു തിരിഞ്ഞു നോക്കി..

മുൻപ് കണ്ട അതേ ഭാവങ്ങൾ അവരുടെ മുഖത്ത് വീണ്ടും സ്ഥാനം പിടിച്ചിരിക്കുന്നു. തുളുമ്പുവാൻ തയ്യാറായി നിൽക്കുന്ന മിഴിനീർ മുത്തുകൾ…

“താൻ കരയാതെ കാര്യം പറയുന്നുണ്ടോ..”

മറുപടി വരാൻ വൈകിയപ്പോൾ കാർസൈഡിലേയ്ക്ക് ഒതുക്കി പേഴ്സ് കയ്യിലെടുത്ത് കുറച്ചു പൈസ അവൾക്കു നേരെ നീട്ടി.

“ദാ ഇതു വച്ചോളൂ ഇവിടെ ഇറങ്ങിക്കോളൂ. ഭക്ഷണം കഴിച്ച് എങ്ങോട്ടാണെന്നു വച്ചാൽ, പോയ്ക്കോളൂ..”

പറഞ്ഞു തീരുന്നതിനു മുൻപ് ഏങ്ങലടിച്ച അവളുടെ വിറയ്ക്കുന്ന ശബ്ദങ്ങൾ ആ കാറിൽ മുഴങ്ങികൊണ്ടിരുന്നു..

“എനിക്ക് പൈസ വേണ്ട സാർ എന്നെ രക്ഷിക്കണം ..”.ആ ശബ്ദ ശലകങ്ങൾ തൻ്റെ കണ്ണുകളെ നനയിച്ചിരുന്നോ..

തൻ്റെ ആരുമല്ലാതിരുന്നിട്ടും പാതിവഴിയിൽ ആ പാവത്തിനെ  ഇറക്കി വിടരുതേ എന്ന് തന്നോട് ആരോ പറയുന്നതുപോലെ തോന്നി..

“താൻ എന്താ സംഭവിച്ചതെങ്കിലും പറഞ്ഞാലല്ലേ, എനിക്ക് എന്തങ്കിലും ചെയ്യുവാൻ കഴിയൂ..”

“തൊണ്ട വരളുന്നു സാർ കുറച്ചു വെള്ളം.” താൻ കുടിച്ചതിൻ്റെ ബാക്കിയായിരുന്നാലും മറുത്തൊന്നും ചിന്തിക്കാതെ ആ വെളളകുപ്പി അവർക്കു നേരെ നീട്ടി..

ആർത്തിയോടെയവർ കുടിച്ചിറക്കുന്നത് വേദനയോടെയാണ് ഞാൻ നോക്കി കണ്ടത്..കാലിയായ കുപ്പിയിലേക്കും തൻ്റെ മുഖത്തേക്കുമുള്ള നോട്ടത്തിൽ അവരുടെ ദാഹം വിട്ടുമാറിയിട്ടില്ല എന്നനിക്കു മനസ്സിലായി..

അകത്തെത്തിയ അൽപ ദാഹജലത്തിൻ്റെ പിൻബലത്തിൽ അവളുടെ ശബ്ദ ശലകങ്ങൾക്കു പുതുജീവൻ വച്ചു…

“മരിക്കാൻ എനിക്ക് പേടിയാണ് സാർ ജീവിക്കുവാൻ കൊതിയും എന്നാൽ സാഹചര്യങ്ങൾ തന്നെ മരണത്തിലേയ്ക്ക് വലിച്ചിഴക്കുകയാണ്..”

“താനെന്തൊക്കെയാണ് പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല ..” ആശ്ചര്യത്തോടെയും അതോടൊപ്പം അത്ര തന്നെ ഭയത്തോടെയും ആ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി കൊണ്ടുചോദിച്ചു.

“ഞാൻ എന്നോടു ചോദിക്കുന്നതും ഇതേ ചോദ്യമാണ്. ഉത്തരമറിയാത്ത ചോദ്യം… “എന്നെ എനിക്കു തന്നെ മനസ്സിലാകുന്നില്ല.”

“നമുക്ക് വല്ലതും കഴിക്കാം.”

അവളുടെ മനസ്സിൻ്റെ ഉള്ളിലെ നീറുന്ന വേദനകളെ കുറിച്ചു അറിയാൻ എനിക്കാകാംക്ഷയായി..

ഗ്രീൻ ലൈൻ പാർക്കിൻ്റെ ഭാഗത്ത് കാർ ഒതുക്കിയതിനു ശേഷം ദിയാഫ റസ്ൻ്റോറൻ്റിലേക്ക് നടന്നു..തൊട്ടുപിറകെ ഭയന്നു വിറച്ചുകൊണ്ടവളും..

ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കൽ പോലും അവളനോട് സംസാരിച്ചിരുന്നില്ല..വിശപ്പ് അത്രയധികം അവളെ കീഴ്പ്പെടുത്തിയിരുന്നു…

ഭക്ഷണം കഴിച്ചെഴുന്നേറ്റതിനു ശേഷം സാരിത്തലപ്പിനറ്റം പിടിച്ച് മുഖം തുടച്ചു കൊണ്ടവൾ ചിരിച്ചു കൊണ്ടന്നെയൊന്നു നോക്കിയപ്പോൾ എന്തോ ആയിരം പേർക്ക് അന്നദാനം നടത്തിയ ഒരു സംതൃപ്തിയായിരുന്നു മനസ്സ് മുഴുവനും.

“താനിനിയെങ്ങോട്ടാ..”

“എനിക്കറിയില്ല സാർ”

ഉം എന്നു മൂളി കൊണ്ട് പാർക്കിലേയ്ക്ക് നടന്നു..നടക്കുന്നതിനിടയിൽ മറന്നു പോകരുതെയെന്ന് കരുതിയ ആ ചോദ്യമോർത്തെടുത്തു കൊണ്ടൊരിക്കൽ കൂടി ചോദിച്ചു.

“സുന്ദരിയായൊരു സ്ത്രീ ഈ വലിയ നഗരത്തിലിങ്ങനെയിങ്ങനെയായി……?”അവളും തന്നോടതു പറയുവാൻ ആഗ്രഹിച്ചിരിക്കണം..അപ്രതീക്ഷിതമായിട്ടാണവൾ പറഞ്ഞത്…

“സാർ നമുക്കൽപനേരം ഇവിടെയിരുന്നാലോ..”

തിരിഞ്ഞു നോക്കുന്നതിനു മുൻപായി തന്നെയവൾ ആ കാലി ബഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു..

അവളോടൊപ്പം ചെന്നിരിക്കുകയല്ലാതെ എനിക്കു മുൻപിൽ മറ്റ് പോംവഴികളുണ്ടായിരുന്നില്ല…

“ഒരു പാട് നന്ദി ..”

“അതാണോ എൻ്റെ ചോദ്യത്തിനുള്ള മറുപടി..”

“സത്യമാണ് സാർ. മനസ്സ് നിറഞ്ഞതുകൊണ്ടാണ് പറഞ്ഞത് സാറിനറിയോ..ഇന്നലെ രാത്രി മുതൽ ഞാൻ അവിടെയിരിക്കുന്നതാ..എത്രയെത്ര പേരുടെയടുത്ത് കൈകൾ നീട്ടി..പലരും എന്തോ തന്നെ തിരിഞ്ഞു പോലും നോക്കിയില്ല..ചിലർക്കു സഹായിക്കണ്ടമെന്നുണ്ട്…എന്നാൽ അവരുടെയെല്ലാം കൺകളിൽ ഞാൻ കണ്ടത് എൻ്റെ ശരീരത്തിലെ ചില ഭാഗങ്ങളിലെ പ്രതിബിംബങ്ങളായിരുന്നു..അവസാനത്തെ ആളായിരുന്നു സാർ…ഇല്ലങ്കിൽ ഈ വഴിയോരത്തെ വിടെയെങ്കിലും തളർന്നുവീണിട്ടുണ്ടാകും സാറിനെ കണ്ടപ്പോൾ എനിക്കു പ്രതീക്ഷയുണ്ടായിരുന്നു..സാറിൻ്റെ കണ്ണിൽ ഞാൻ കണ്ടത്..എൻ്റെ കണ്ണിലെ അതേ കണ്ണീർ നനവായിരുന്നു..ഇല്ലങ്കിൽ വിശ്വാസത്തോടെ ഞാൻ കൂടെ വരില്ലായിരുന്നു…”

ആ വാക്കുകൾ എൻ്റെ ഉറങ്ങിക്കിടന്ന ഓർമ്മകളെ തൊട്ടുണർത്തിയോ എന്നറിയില്ല.

പണ്ടെങ്ങോ ശ്രുതി പറഞ്ഞ അതേ വാക്കുകൾ

“കിച്ചേട്ടൻ്റെ കണ്ണുകളെ എനിക്കു വിശ്വാസമാണ് ആ കണ്ണുകൾക്ക് ഒരിക്കലും ചതിക്കുവാൻ കഴിയില്ലന്ന് ..”

“സാർ…” അവളുടെ വിളി വീണ്ടുമെന്നെ കൃഷ്ണകുമാറെന്ന സാധാരണക്കാരനിലേക്ക് കൂട്ടികൊണ്ടു വന്നു..

“സാർ എന്താണ് ആലോചിക്കുന്നത് ..”

മുടിയിഴകളിലൂടെ വിരൽ കോർത്തുകൊണ്ട് ചുമ്മാ ഒന്നു ചിരിച്ചു.

“ഏയ്..ലക്ഷ്മി തൻ്റെ കഥ പറഞ്ഞാട്ടെ.”

“കഥ തന്നെയാ സാറേ…ജീവിത കഥ പറഞ്ഞു തുടങ്ങിയാൽ തീരുമെന്ന് തോന്നുന്നില്ല.”

എൻ്റെ കണ്ണുകൾ അവളെയൊന്നു പാളി നോക്കി

ഒരോ വാക്കിലും പ്രതീക്ഷയുടെ നേർത്ത കണികകൾ തനിക്കു വായിച്ചെടുക്കാമായിരുന്നു.

“നാട്ടിലെവിടെയാ സ്ഥലം “

“ആലപ്പുഴയിലെ ഹരിപ്പാട്”

“എല്ലാം ഞാൻ തുറന്നു പറയാം സാറേ..

കഥ കേട്ടു കഴിഞ്ഞതിനു ശേഷം ഇവിടെ തനിച്ചാക്കി പോകില്ലയെന്നെനിക്കു വാക്കു തരണം.” അവളുടെ വെളുത്തു വിറങ്ങലിച്ച താമരയിതളിൻ്റെ നിറമുള്ള തുറന്ന കൈ എനിക്കു നേരെ നീട്ടികൊണ്ടു കെഞ്ചി…

ആ കൈ ഉള്ളനടിയിലേയ്ക്ക് എൻ്റെ കൈ തലം ചേർത്തുവച്ചപ്പോൾ തൻ്റെ ശരീരത്തിലൂടെ ഒരു മിന്നൽ പ്രവാഹം കടന്നു പോയതുപോലെ തോന്നി..

“എൻ്റെ വിവാഹം കഴിഞ്ഞതാ സാറേ .. ” അതു കേട്ടതും ആശ്ചര്യത്തോടു കൂടി ഞാനാ മുഖത്തേയ്ക്ക് ഒന്ന് നോക്കി..

തിരുനെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിചരടെല്ലാം അന്യമായൊരു വിവാഹിതയോ..

സൂക്ഷിച്ചു നോക്കണ്ട സാറെ.!!!

“അതൊരു നാടകകല്യാണമായിരുന്നുവെന്ന് ഇവിടെ വന്നതിനു ശേഷമാണ് എനിക്കു ബോധ്യമായത്.. “

ചെറുപുഞ്ചരിയോടവൾ പറയുമ്പോഴും അനുസരണയില്ലാതെ ആ മിഴികൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു..

‘ശരിയാണ് സാറെ കുങ്കുമച്ചുവച്ച് പതിയാത്ത സിന്ദൂരരേഖയും..ആലില താലിയുടെ ഊഷ്മളതയേൽക്കാത്ത മാറിടങ്ങളും ഈയുള്ളവളുടെ നിർഭാഗ്യമാണ് സാറേ…വിഷ്ണു എന്നെ പെണ്ണുകാണുവാൻ വരുമ്പോൾ ഞാൻ കണ്ട സ്വപ്നമല്ലായിരുന്നു..യഥാർത്ഥത്തിൽ സംഭവിച്ചത് .. “

ഒരേ ഒരു മകൻ, സ്വന്തമായി ദുബായിൽ ബിസ്നസ്സ്, പയ്യന് വീട്ടുകാരെന്നു പറയാൻ അമ്മ മാത്രമേയുള്ളൂ എന്ന് പറഞ്ഞപ്പോൾ സ്വന്തം മകളുടെ ഭാവി സുരക്ഷിതമാണന്ന് കരുതിയ എൻ്റെ അച്ഛനും അമ്മയും ഇപ്പോഴെത്തെ അവസ്ഥ കണ്ടാൽ നെഞ്ചു പൊട്ടിച്ചാവും സാറേ .. “

കീകൊടുത്താൽ പ്രവർത്തിക്കുന്ന വിഷ്ണുവിന് ഒരു ഭാര്യയെ അല്ല വേണ്ടിയിരുന്നത്. ഏതു പാതിരാത്രിയിലും ആരുടെ കൂടെ കിടക്കുവാൻ പറഞ്ഞാലും സന്തോഷത്തോടെ സമ്മതം മൂളുന്ന ഒരു തെരുവു വേ ശ്യ യായിരുന്നു അവന് വേണ്ടിയിരുന്നത് .. “

“ആ സ്ത്രീ അവൻ്റെ അമ്മ ആയിരുന്നില്ല. അവൻ്റെ വരുമാനത്തിൽ അഹങ്കരിച്ച് കോലം കെട്ടി നടക്കുന്ന ഒരു വൃത്തികെട്ട സ്ത്രീയായിരുന്നു അവർ.”

“പാവം എൻ്റെ അച്ഛൻ മാട്രിമോണിയിലെ കള്ളത്തരങ്ങളെ അപ്പാടെ വിശ്വസിച്ചു… അല്ല ഇവരുടെ മോഹന വാഗ്ദാനങ്ങളിൽ അകപ്പെട്ടു പോയി എന്നു പറയുന്നതാകും ശരി. .. “

“നിശ്ചയം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ പാസ്പോർട്ട് എടുക്കണം..ഞങ്ങളുടെ മരുമകളെ ഞങ്ങൾ കൊണ്ടുപോവുകയണന്ന് ആ സ്ത്രീ അമ്മയുടെ അടുത്ത് ആണയിട്ടു പറഞ്ഞപ്പോൾ അമ്മ കണ്ടത് എൻ്റെ അനുജത്തിയുടെ കൂടെ ഭാവിയായിരുന്നു. വിവാഹ ദിവസത്തിനു മുൻപ് കയറി പോരണം. പഠിപ്പു പൂർത്തിയാകുന്നതിനു മുൻപ് നാ ലക്കമുള്ള ജോലി ശരിയാക്കിയിട്ടുണ്ട് എന്നിവർ അച്ഛനോട് പറഞ്ഞപ്പോൾ മറുത്തൊന്നും ചിന്തിക്കാൻ അച്ഛനു സമയമുണ്ടായിരുന്നില്ല. “

“എന്തിനു പറയാൻ ഞാനും ഒരു പാട് സ്വപ്നം കണ്ടു. ടി വി യിലും പത്രങ്ങളിലും മാത്രം കണ്ടിരുന്ന സ്വർഗ്ഗതുല്യമായ നഗരത്തിലേക്ക് പറക്കുവാൻ ഞാനും ദിവസങ്ങളെണ്ണി കാത്തിരുന്നു. ആദ്യമായി വിമാനത്തിൽ കയറിയപ്പോഴുണ്ടായ ഭയവും ഉത്കണ്ടയും എയർപോർട്ടിൽ കൂട്ടുവാൻ എത്തിച്ചേർന്ന അവരുടെ സ്നേഹം പൊഴിക്കുന്ന മധുരവാക്കുകളിൽ അലിഞ്ഞില്ലതെയായി..കൊട്ടാരം പോലെയുള്ളവലിയ ഒരു ബംഗ്ലാവിലേയ്ക്കാണ് അവരെന്നെ കൂട്ടികൊണ്ടു പോയത്..അതിനു ളളിലേയ്ക്ക് വലതുകാൽ വച്ചു കയറിയപ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെണ്ണാണന്ന് ഞാൻ അഹങ്കരിച്ചു പോയി.. “

“യാത്രാ ക്ഷീണമോ അതോ ക്ലൈ മറ്റ് മാറിയതുകൊണ്ടോ എന്നറിയില്ല വന്ന ദിവസം മുതൽ തലവേദനയും പനിയും എന്നെ പിടികൂടി..അപ്പോഴുള്ള അവരുടെ പരിചരണവും ശുശ്രൂഷയും കണ്ടപ്പോൾ സത്യത്തിൽ ഞാനൻ്റെ വീട്ടുകാരെ പോലും മറന്നു പോയി എന്നു പറയാം.. “

“ദിവസങ്ങൾ പൊഴിയവേ..വിഷ്ണുവിൻ്റെ ചില സംസാരപ്രകൃതിയും താൻ വിവാഹം കഴിക്കുവാൻ പോകുന്ന പെണ്ണായിരുന്നിട്ടും ഒരിക്കൽ പോലും എന്നെ സ്പർശിക്കുകയോ പ്രണയ നിമിഷംങ്ങൾക്ക് ഇടമൊരുക്കാതിരുന്നതും എന്നിൽ ചെറിയ സംശയങ്ങൾ നാമ്പെടുക്കുവാൻ കാരണമായി..പകൽ മുഴുവനും ജോലി സംബന്ധമായി രണ്ടു പേരും പുറത്തു പോകുന്നതിനാൽ ദിവസം ചെല്ലും തോറും ഞാനാ  വലിയ വീട്ടിൽ ഒറ്റപ്പട്ടതു പോലെ തോന്നി തുടങ്ങി.. “

“ഒരു ദിവസം യാദൃശ്ചികമായിട്ടാണ് ഞാനാ കാഴ്ച കണ്ടത്..പാതിരാത്രിയിൽ മ ദ്യ പിച്ചു ലക്കുകെട്ട രണ്ടു പേരും അൽപ വസ്ത്രധാരണത്തോടെ ഒരേ മുറിയിലേയ്ക്ക് കടന്നു പോകുന്നത്..ഇത്രെയും വലിയ വീട്ടിൽ..

ആ കാഴ്ച എൻ്റെ കണ്ണുകളെ വിശ്വസിപ്പിക്കാൻ ഒരു പാട് സമയമെടുത്തു…അതു വരെ മനസ്സിലേയ്ക്ക് കടന്നു വന്നഎല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടാതെ ഞാൻ നിന്നു വിയർക്കുകയായിരുന്നു .. ‘

“പിന്നീട് ഞാനവരെ കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങി. അസുഖം മാറിയ എന്നെയവർ പല ക്ലബ്ലുകളിലും പാർട്ടിക്കും കൊണ്ടു പോകുവാൻ തുടങ്ങി. ജീവിതത്തിലിന്നു വരെ സാരിയും ചുരിദാറും മാത്രം ധരിച്ചിരുന്ന തന്നെയവർ നിർബന്ധിച്ചു കുറുകിയ വസ്ത്രങ്ങളും ശരീരഭാഗങ്ങൾ എടുത്തു കാണിക്കുന്ന വസ്ത്രങളും ധരിക്കാൻ നിർബന്ധിതയാക്കി.. പോകുന്ന പല സ്ഥലങ്ങളിലും വിഷ്ണുവിൻ്റെ ഭാവി വധുവിൻ്റെ ഒരു പരിഗണനയും എനിക്കുണ്ടായിരുന്നില്ല ..”

അവിടെയെല്ലാം അവരുടെ ഒരു അടുത്ത ബന്ധുവായിട്ടാണ് പരിചയപ്പെടുത്തിയിരുന്നത്. പല അപരിചർക്കൊപ്പം എന്നെ തനിയെ വിട്ട് അവർ മറ്റുള്ളവരുടെ കൂടെ സമയം ചില വഴിക്കുമ്പോൾ കടുത്ത നിരാശയോടൊപ്പം ഭയവും കൂടിയായിരുന്നു. എന്നിട്ടും ഇതെല്ലാം ആധുനിക നഗരത്തിൻ്റെ വേറിട്ട കാഴ്ചകളായിരിക്കുമെന്ന് സ്വയം സമാധാനിച്ചു.”

“ഒരിക്കൽ കുളി കഴിഞ്ഞ് പുറത്തിറങ്ങിയ ഞാൻ അപ്രതീക്ഷിതമായി ആ വാക്കുകൾ കേൾക്കാനിടയായി..അമ്മയെന്ന ആ സ്ത്രീ ഫോണിലൂടെ ആരോടൊ സംസാരിക്കുന്നത്. ഒരു ഇടി മുഴക്കം പോലെയാണ് അതെൻ്റെ കാതുകളിൽ വന്നു പതിച്ചത്…

“എനിക്ക് കുറച്ചു സാവകാശം കൂടി തരൂ..അവൾ ഒന്നു പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. നാട്ടിൻ പുറത്തുകാരിയല്ലേ..അതിൻ്റെ യേi..ചേ ചേ..അവൻ്റെ വിരൽ കൂടി അവളുടെ ദേഹത്ത് തൊട്ടട്ടില്ല…നൂറു ശതമാനം വിശ്വസിക്കാം, തനി തങ്കം”

അവർ പറഞ്ഞത് തന്നെ കുറിച്ചാണന്ന് അവരുടെ മുൻ കാഴ്ചപ്പാടുകൾ തനിക്കു വെളിപ്പെടുത്തി തന്നു. പിന്നീടുള്ള എൻ്റെ ചിന്ത മുഴുവൻ ഇവിടെ നിന്ന് എങ്ങിനെ രക്ഷപ്പെടുമെന്ന് മാത്രമായിരുന്നു. കയ്യിലാണങ്കിൽ പൈസയില്ല. വിളിച്ചു പറയാൻ ഫോണുപോലുമില്ല. രാത്രിയിൽ അവരോടൊപ്പം കാറിലുള്ള സഞ്ചാര മൊഴിച്ചാൽ ഈ വീടുവിട്ടാൽ പുറം ലോകമെന്താണന്നു എനിക്കറിയില്ല..ഒരു പാട് കരഞ്ഞു അതല്ലാതെ മറ്റൊന്നും എനിക്കറിയില്ലായിരുന്നു.”

“അന്നു രാത്രി പുറത്തേയ്ക്ക് പോകുവാനായ് വന്നു വിളിച്ചപ്പോൾ ഞാൻ വരുന്നില്ലയെന്ന് തറപ്പിച്ചു പറഞ്ഞു. പെട്ടന്നായിരുന്നു ഇരുവരുടേയും മുഖഭാവം മാറിയത്. ഇതു വരെ കാണാത്ത തരത്തിലുള്ള രോഷപ്രകടനവും അസദ്യ വർഷവും കൊണ്ടെന്നെ ആരുമല്ലാതാക്കി..അതു കേൾക്കുവാൻ കഴിയാതെ ഞാൻ എൻ്റെ കാതുകളെ പൊത്തിയിരുന്നു. അത്രക്കും അറപ്പുളവാക്കുന്നവയായിരുന്നു അവർ  സംസാരിച്ചത്..

അന്നവർ ആ വീട്ടിൽ എന്നെ തനിച്ചാക്കി പുറത്തു പോയി. ആ വലിയ വീട്ടിൽ ഞാൻ തനിച്ച് ഉറങ്ങാതെ നേരം വെളുപ്പിച്ചു. പിന്നീട് ആ മുറി അടഞ്ഞുതന്നെ കിടന്നു. ദിവസങ്ങളോളം…ഞാൻ രക്ഷപ്പെടാതിരിക്കുവാനായി പുറത്തു നിന്നും അവർ പൂട്ടിയിരുന്നു.

ഇടയ്ക്ക് വന്ന് എന്നോട് ചോദിക്കും. അവർക്ക് അനുകൂലമല്ലാത്ത മറുപടി എന്നിൽ നിന്നും ലഭിക്കുമ്പോൾ പിന്നീടങ്ങോട്ട് ചെറുതായിട്ടുള്ള  ശാരീരീരിക പീ ഡ നങ്ങളായി..പല ദിവസങ്ങളിലും പട്ടിണിയായിരുന്നു.”

ഒരു ദിവസം  മുറി വൃത്തിയാക്കുവാൻ വന്ന സ്ത്രീ വാതിൽ തുറന്ന സമയത്ത് കയ്യിൽ കിട്ടിയതുമെടുത്ത് എങ്ങോട്ടെന്നില്ലാതെ ഇറങ്ങി ഓടുകയായിരുന്നു. പേരറിയാത്ത പല സ്ഥലങ്ങളിലൂടെയും കറങ്ങി തിരിഞ്ഞു ഇവിടെ വരെയെത്തി സാറെ. ഇനിയെങ്ങോട്ടു പോകണമെന്നറിയില്ല..സാറെ. “

“എനിക്കൻ്റ അച്ചനേയും അമ്മയേയും ഒന്നു കാണണം മരിക്കുന്നതിനു മുൻപ്  ഈ ഒരു ആഗ്രഹം മാത്രമേയുള്ളൂ.. ” അവൾ പുറം കൈകൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു നിറുത്തി…

ശ്വാസം വിടാതെയാണ് അവൾ പറഞ്ഞതു മുഴുവൻ ഞാൻ കേട്ടുകൊണ്ടിരുന്നത്…ജീവിതത്തിലാദ്യ മായിട്ടാണ് ഇത്തരത്തിൽ ഒരു സംഭവം നേരിട്ടറിയുന്നത്.. കുറച്ചുസമയത്തിന് അവർക്ക് മറുപടി നൽകുവാൻ പോലും എനിക്കു സാധിച്ചിരുന്നില്ല…മനസ്സ് എവിടെയൊക്കെയോ..കറങ്ങി തിരിയുകയായിരുന്നു.’

ഒരുപാട് ചിന്തിച്ചു കൂട്ടുന്നതിൽ ഒരു അർത്ഥമില്ല. കഴിഞ്ഞതു കഴിഞ്ഞു. വരാനുള്ളതിലേക്ക് തനിക്ക് എന്തു ചെയ്യുവാൻ സാധിക്കും എന്നതിനെ കുറിച്ച്  മനസ്സിനെ പാകപ്പെടുത്തിയെടുത്തു…

ഈ പാവത്തിനെ വഴിയിലിറക്കി വിട്ടിരുന്നെങ്കിൽ ഈ ജന്മത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ പാപമായിരുന്നേനേ..

എങ്ങിനെയാണവളെ ആശ്വസിപ്പിക്കേണ്ടതെന്നറിയുന്നില്ല.’ ആ കണ്ണുനീരിൽ നിറയെ അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു..എല്ലാം വറ്റി വരണ്ട  ഇവളോട് തനിക്ക് എന്താണ് പറയാനുണ്ടാവുക ചേർത്തുപിടിച്ചുകൊണ്ടു പാറിപറന്നു കിടക്കുന്ന അവളുടെ മുടിയൊതുക്കി ആ ശിരസ്സിലൂടെ ഒന്നു തലോടാൻ തന്റെ മനസിന്റെ ഉള്ളിന്റെയുള്ളം ത്രസിക്കുന്നതവൻ തിരിച്ചറിഞ്ഞു

വരും വരായ്മകളെ കുറിച്ചു  ചിന്തിക്കാതെ വിറക്കുന്ന ആ കൈകളിൽ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു എന്നെ വിശ്വസിക്കാം…

“ഭയപ്പെടാതിരിക്കു..എല്ലാം ശരിയാകും എല്ലാം ശരിയാകും..മഹാലക്ഷ്മി ഇപ്പോൾ നാട്ടിലേയ്ക്ക് പോകുന്നത് ആപത്താണ്‌. തന്നെ കാൺമാനില്ല എന്നു പറഞ്ഞു കൊണ്ട് അവർ പോലീസിൽ പരാതി നൽകിയിട്ടുണ്ടാകും. പാസ്പോർട്ട് പരിശോധിക്കുന്നതിലൂടെ അവർ ലക്ഷ്മിയെ അറസ്റ്റു ചെയ്യും..വീണ്ടും അവരുടെ കയ്യിൽ തന്നെ അകപ്പെടും പഴയതെല്ലാം ഒരു ദുഃസ്വപ്നമായി മറന്നേക്കൂ..പഠിപ്പ് തുടരാം…ജോലിയും സമ്പാദിക്കാം…ഇന്നു മുതൽ ലക്ഷമിയുടെ പുനർജന്മമാണ്..ശ്രീ ബുദ്ധൻ പറഞ്ഞതു കേട്ടിട്ടില്ലേ. പ്രതീക്ഷകൾ അവസാനിക്കുമ്പോൾ മനസ്സമാധാനം ആരംഭിക്കുന്നു..സമാധാനമായി ഇരിക്കൂ..ഇനിയുള്ള ജീവിതം  ലക്ഷ്മിയുടെ മാത്രമാണ്..അച്ഛൻ്റയും അമ്മയുടേയും ആ പഴയ മഹാലക്ഷ്മിയായിട്ടേ ഇനി നാട്ടിലേക്ക് പോകാവൂ..എല്ലാത്തിനും എൻ്റെ സഹായമുണ്ടാകും, വിഷ്ണുവായിട്ടില്ല. ഒരു സാധാരണക്കാരനായ കൃഷ്ണ കുമാറിൻ്റെ വാക്കാണ്..അവർ ഇരുവരും ഒരുമിച്ചു എഴുന്നേറ്റു നടന്നു… “

തിരികെ നടക്കുന്നതിനിടയിൽ ആ കൈകൾ അറിയാതെ കോർത്തു പോവുകയായിരുന്നു. അവർക്കിടയിൽ പുതിയ അധ്യായം തുടങ്ങുകയായിരുന്നു…

എന്നു നിങ്ങളുടെ സ്വന്തം ദീപു…