പക്ഷെ അതിലും വലുത് എനിക്ക് എന്റെ ഇച്ഛായനാണ്..ഇച്ഛായൻ ഇല്ലാതെ എനിക്ക് ജീവിക്കണ്ട..

മംഗല്യം തന്തു നാ നേ നാ….

എഴുത്ത്: ദേവാംശി ദേവ

==================

“ഹൊയ്‌..ഇച്ഛായ..”

പൊട്ടിപ്പൊളിഞ്ഞ പടവുകൾ ഓടി ഇറങ്ങി കുളത്തിന്റെ താഴത്തെ പടിയിൽ ഇച്ഛായനടുത്തായി ഇരുന്നു..

“നീ ഇന്ന് ക്ലാസ്സിൽ പോയില്ലേ ദേവ..”

“ഇല്ല..രാവിലെ മുതൽ ഭയങ്കര വയറു വേദന..അതുകൊണ്ട് പോയില്ല..” അതുകേട്ടതും അങ്ങേരെന്നെ കണ്ണുരുട്ടി നോക്കി.

“ഇച്ഛായൻ ഇന്ന് ഓഫീസിൽ പോയില്ലേ..” ഞാൻ വിഷയം മാറ്റി.

“ഇല്ല..കുറച്ച് എഴുതാൻ ഉണ്ടായിരുന്നു.” ഗൗരവത്തോടെ പറഞ്ഞിട്ട് കൈയ്യിലിരുന്ന പേപ്പറിൽ എന്തൊക്കെയോ കുത്തി കുറിക്കാൻ തുടങ്ങി..

ഇച്ഛായൻ ചെറിയൊരു എഴുത്തുകാരനാണ്..മാഗസീനിലൊക്കെ ഇച്ഛായന്റെ കഥകൾ അച്ചടിച്ച് വരും..അത് കണ്ട് ഞാനും ഒന്ന് എഴുതാൻ ശ്രെമിച്ചതാ പണ്ട്..എഴുതിയത് ആരും അറിയാതെ ഒരു മാഗസിന് അയച്ചു കൊടുത്തു..അതിനെ അവർ എട്ടായി മടക്കി തിരിച്ചയച്ചു..ഞാൻ സ്കൂളിൽ പോയിരുന്ന സമയം ആയതുകൊണ്ട് അമ്മയുടെ കൈയ്യിലാണ് കിട്ടിയത്..അത് വായിച്ച് അച്ഛനും അമ്മയും ഏട്ടനും കുറച്ചൊന്നും അല്ല എന്നെ കളിയാക്കിയത്..അതോടെ ആ പണി നിർത്തി..

“ഇച്ഛായ…പിന്നെ..ഞാൻ ഇന്നും ആ സ്വപ്നം കണ്ടു..”

“എന്ത് സ്വപ്നം..” പേപ്പറിൽ നിന്നും മുഖം ഉയർത്താതെ ചോദിച്ചു.

“എന്റെ കല്യാണം.”

“നിനക്ക് ഇങ്ങനെ സ്വപ്നം കണ്ട് നടക്കാതെ കല്യാണത്തിന് സമ്മതിച്ചൂടെ..ദത്തൻ പറഞ്ഞു നല്ലൊരു ആലോചന വന്നിട്ടും നീ അതിന് സമ്മതിക്കുന്നില്ലെന്ന്.”

“എനിക്ക് കല്യാണത്തിന് സമ്മതമാ..പക്ഷെ കെട്ടുന്നത് ഇച്ഛായൻ അവണമെന്ന് മാത്രം..തൂവെള്ള ഗൗണിൽ തലയിൽ വെള്ള നെറ്റൊക്കെ ഇട്ട് നിൽക്കുന്ന എന്റെ കഴുത്തിൽ മന്ത്രകോടിയുടെ നൂലിൽ കോർത്തൊരു കുഞ്ഞ് മിന്ന് ഇച്ഛായൻ ചാർത്തുന്നത്..അതാ ഞാൻ ഇന്നും കണ്ട സ്വപ്നം.”

“ദേവ..തോന്നിവാസം പറയാതെ എഴുന്നേറ്റ് പോ..”

“തോന്നിവാസമോ..എന്റെ പ്രണയം നിങ്ങൾക്ക് തോന്നിവാസം ആണോ മനുഷ്യ.”

“ഇതൊന്നും നടക്കാൻ പോകുന്നില്ലെന്ന് നിന്നോട് നൂറാവർത്തി ഞാൻ പറഞ്ഞതാ..ഞാനൊരു അനാഥനാണ് ദേവ..അച്ഛനും അമ്മയും ഇല്ലാത്തവൻ.”

“കോ പ്പാണ്..അച്ഛനും അമ്മയും ഇല്ലാതെ നിങ്ങള് മാനത്തു നിന്ന് പൊട്ടിവീണതാണോ..

ഞാൻ ഏഴാം ക്ലസ്സിൽ പഠിക്കുമ്പോ കൂടെ പഠിച്ചിരുന്ന അശ്വതിക്ക് അവളുടെ കാമുകൻ ദിവസവും ചോക്ലേറ്റ് വാങ്ങി കൊടുക്കുന്ന കണ്ടപ്പോഴാ ആദ്യമായി എനിക്കും പ്രേമിക്കണമെന്ന് തോന്നിയത്. ആരെ പ്രേമിക്കുമെന്ന് തല പുകഞ്ഞ് ആലോചിച്ചപ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് നിങ്ങളുടെ മുഖമാ..അച്ഛനും അമ്മയും അറിഞ്ഞാൽ തല്ലുമോ ദത്തേട്ടൻ അറിഞ്ഞാൽ കൊ ല്ലുമോ എന്നൊക്കെയുള്ള ചിന്തകൾക്ക് മുകളിൽ നിറഞ്ഞു നിന്നത് ചോക്ലേറ്റ്….അല്ല നിങ്ങളുടെ മുഖമായിരുന്നു..

ചോക്ലേറ്റ് പോയിട്ട് ഒരു ഉമ്മപോലും ഇതുവരെ കിട്ടിയിട്ട് ഇല്ല..എന്നിട്ടും അന്നുമുതൽ ഇന്നുവരെ നിങ്ങളെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ഞാൻ വേറെ കല്യാണം  കഴിക്കണം അല്ലെ..കാണിച്ചു തരാം ഈ ദേവ ആരാണെന്ന്..”

നേരെ വീട്ടിലേക്ക് ചെന്ന് റൂമിൽ കയറി ബെഡ്‌ഡിലേക്ക് വീണു. ജനലിലൂടെ അപ്പുറത്തേക്ക് നോക്കി. പഴയ രീതിയിൽ പണി കഴിപ്പിച്ച ഓടിട്ട വീട്. തിരുമുറ്റം തറവാട്..തിരുമുറ്റത്ത് സാമുവൽ ജോണിനും ഭാര്യ അന്നമ്മ സാമുവലിനും ഏക മകൻ  അലക്സ് സാമുവൽ തിരുമുറ്റം. എന്റെ അലക്‌സിച്ചായൻ.

എനിക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോളാണ് ഇച്ഛായനും കുടുംബവും ഞങ്ങളുടെ വീടിനടുത്തുള്ള വലിയ പറമ്പ് വാങ്ങി വീട് വെച്ച് താമസത്തിന് വരുന്നത്..എന്റെ സഹോദരൻ ദേവദത്ത് എന്ന ദത്തേട്ടനും ഇച്ഛായനും ഒരേ പ്രായക്കാർ ആയിരുന്നു..ഒരേ ക്ലാസ്സിൽ കൂടി ആയപ്പോൾ അവർ നല്ല സുഹൃത്തുക്കൾ ആയി..ഞാൻ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ ദത്തേട്ടനെക്കാളും എന്റെ മേൽ ശ്രെദ്ധ ഇച്ഛായന് ആയിരുന്നു..അതുപോലെ തന്നെ അപ്പച്ചനും അമ്മച്ചിക്കും എന്നെ ജീവൻ ആയിരുന്നു.

അപ്പച്ചനും അമ്മച്ചിയും വലിയ കുടുംബത്തിലെ അംഗങ്ങൾ ആയിരുന്നു..അതുകൊണ്ട് തന്നെ ഇച്ഛായന് ഒരുപാട് ബന്ധുക്കൾ ഉണ്ടായിരുന്നു..ഇച്ഛായൻ പത്തിൽ പഠിക്കുമ്പോളാണ് അപ്പച്ചൻ ഒരു ആക്സിഡന്റിൽ മരിക്കുന്നത്..അപ്പോൾ മാത്രമാണ് അപ്പച്ചന്റെ ബിസിനെസ്സ് നഷ്ടത്തിൽ ആയതും ഒരുപാട് കടങ്ങൾ ഉണ്ടെന്നുമൊക്കെ അമ്മച്ചിയും ഇച്ഛായനും അറിഞ്ഞത്..അതോടെ അവരൊരു ബാധ്യത ആകുമോ എന്ന് പേടിച്ച് ബന്ധുക്കളാരും പിന്നെ അവരെ തിരിഞ്ഞു നോക്കിയില്ല..അമ്മച്ചി വീടും വീടിരിക്കുന്ന കുറച്ച് സ്ഥലവും ഒഴിച്ച് ബാക്കി പറമ്പ് വിറ്റ് കടങ്ങൾ തീർത്തു..വിറ്റുപോയ പറമ്പിൽ ആയിരുന്നു ഇച്ഛായൻ ഏറ്റവും പ്രിയപ്പെട്ട ആ കുളം. അവിടെയാണ് അപ്പച്ചൻ ഇച്ഛായനെയും ദത്തേട്ടനെയും നീന്തൽ പഠിപ്പിച്ചത്..

അമ്മച്ചി പിന്നെ അച്ഛന്റെ സഹായത്തോടെ ചെറിയൊരു ജോലി നേടി..അച്ഛനും അമ്മയും അവരെക്കൊണ്ട് ആകുമ്പോലെ സഹായിക്കുമായിരുന്നു.പ്ലസ് ടു കഴിഞ്ഞതോടെ ഇച്ഛായനും പാർട് ടൈം ജോലിക്ക് പോയി തുടങ്ങി..ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് സൈലന്റ് അറ്റാക്കിന്റെ രൂപത്തിൽ അമ്മച്ചിയും ഞങ്ങളെ വിട്ട് പോകുന്നത്. അതോടെ ഇച്ഛായൻ ആകെ തളർന്നു..ഡിപ്രെഷൻ ബാധിച്ചത് പോലെ എപ്പോഴും ഒറ്റക്കിരിക്കും…ഇച്ഛായന്റെ ഓരോ വേദനയും എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..ഒരു കൗമാരക്കാരിയുടെ കൗതുകത്തിനപ്പുറം അലക്സിച്ചായൻ ദേവാംശിക്ക് ആരൊക്കെയോ ആണെന്ന് ഞാൻ സ്വയം മനസ്സിലാക്കിയതും ആ ദിവസങ്ങളിൽ ആയിരുന്നു..ദത്തേട്ടൻ എപ്പോഴും ഇച്ഛായന്റെ കൂടെ കാണും..അച്ഛനും അമ്മയ്ക്കും സ്വന്തം മോൻ തന്നെയാണ് ഇച്ഛായൻ..

പതിയെ ഇച്ഛായൻ ജീവിതത്തിലേക്ക് തിരികെ വന്നു..പഠിത്തം തുടർന്നു..ജോലി വാങ്ങി..ലോണെടുത്ത് വിറ്റുപോയ പറമ്പ് തിരികെ വാങ്ങി..

“അലക്സിന് ഇനി ഒരു വിവാഹത്തെ പറ്റി ചിന്തിച്ചു കൂടേ.” അച്ഛന്റെ ആ ചോദ്യം എന്റെ നെഞ്ചിലേക്കാണ് കുത്തി കയറിയത്.

പിന്നെ ഒന്നും നോക്കിയില്ല പിറ്റേന്ന് തന്നെ പോയി ഐ ലൗ യൂ പറഞ്ഞു..കാരണം പുകച്ചൊരെണ്ണം അപ്പൊ തന്നെ കിട്ടി…പിന്നെ കുറെ ഉപദേശവും. അതൊന്നും കേട്ടില്ല..എങ്ങനെ കേൾക്കും..ചെവിയിലൊരു മൂളൽ മാത്രമേ കേൾക്കുന്നുള്ളൂ..

എന്നിട്ടും അതുകൊണ്ടെന്നും ഞാൻ തളർന്നില്ല..നല്ല അന്തസ്സായി പുറകെ നടന്നു..ഇപ്പോഴും നടക്കുന്നു..

ഓരോന്ന് ഓർത്ത് ഉറങ്ങിയത് അറിഞ്ഞില്ല..വൈകുന്നേരം അമ്മ വിളിച്ചപ്പോഴാണ് എഴുന്നേറ്റത്..

“ദേവുവിന് വന്ന ആലോചനയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞ് പയ്യന്റെ അച്ഛൻ വിളിച്ചിരുന്നു.” രാത്രി അത്താഴം കഴിക്കാൻ ഇരിക്കുമ്പോഴാണ് ദത്തേട്ടൻ പറഞ്ഞത്.

“എനിക്ക് ആ വിവാഹം വേണ്ട ഏട്ടാ..”

“നല്ല ബന്ധമാണ് മോളെ..”

“അതല്ല ഏട്ടാ..എനിക്ക് വേറൊരു ഇഷ്ടമുണ്ട്.”

അച്ഛനും അമ്മയും ദത്തേട്ടനും അമ്പരപ്പോടെ എന്നെ നോക്കി..

“ആരാ..”

ദത്തേട്ടനാണ് ചോദിച്ചത്.

“അലക്‌സിച്ചായൻ.”

********************

“അലക്‌സ് ഇരിക്കു..” ദത്തേട്ടൻ വിളിച്ചത് അനുസരിച്ച് ആ രാത്രി തന്നെ  വന്നതാണ് ഇച്ഛായൻ.

“അലക്സേ..നിന്നെ ഞങ്ങൾക്ക്  ഒരുപാട് ഇഷ്ടമാണ്..സ്വന്തം മകൻ തന്നെ ആണ് നീ ഞങ്ങൾക്ക്..ദേവൂനെ നിന്നെ ഏല്പിക്കുന്നതിൽ ഞങ്ങൾക്ക് വിഷമമുണ്ടായിട്ട് അല്ല..അലക്സിന് അറിയാലോ ജാതിയും മതവുമൊക്കെ നോക്കുന്ന പഴയ തറവാട്ടുകാരാണ് എന്റെയും ദേവയുടെ അമ്മയുടെയും കുടുംബക്കാർ..അവരെയൊക്കെ പിണക്കി കൊണ്ട് ദേവൂന്റെ ഇഷ്ടം നടത്താൻ ഞങ്ങൾക്ക് കഴിയില്ല..അലക്സിന് മനസ്സിലാകുമല്ലോ..”

“അച്ഛാ..ദേവയുടേത് അവളുടെ പ്രായത്തിൽ തോന്നുന്ന പ്രശ്നം മാത്രമാണ്..അല്ലാതെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ല..നിങ്ങള് അവൾക്ക് വേറെ വിവാഹം ഉറപ്പിച്ചോളൂ..ഞാനും കാണും ദത്തനൊപ്പം എല്ലാ കാര്യങ്ങൾക്കും.”

ഇച്ഛായൻ എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ ഇറങ്ങി പോയി..

**************

“അലക്സേ…അലക്സേ…” ദത്തേട്ടൻ വാതിലിൽ തട്ടിവിളിച്ചപ്പോളാണ് ഇച്ഛായൻ വാതിൽ തുറന്നത്.

“ദേവു ഇങ്ങോട്ടേക്ക് വന്നോ അലക്സേ..”

“ഇങ്ങോട്ടേക്കോ…ഇല്ല. എന്താ ദത്ത..”

ദത്തേട്ടൻ കൈയ്യിലിരുന്ന പേപ്പർ ഇച്ഛായന് നേരെ നീട്ടി..

അച്ഛനും അമ്മക്കും ദത്തേട്ടനും,

നിങ്ങൾ പറഞ്ഞതുപോലെ ജാതിയും മതവും ബന്ധുക്കളും നാട്ടുകാരും എല്ലാം വലിയ പ്രശ്നങ്ങൾ തന്നെയാണ്..പക്ഷെ അതിലും വലുത് എനിക്ക് എന്റെ ഇച്ഛായനാണ്..ഇച്ഛായൻ ഇല്ലാതെ എനിക്ക് ജീവിക്കണ്ട..

ദേവ….

“ദത്താ, നീ വിഷമിക്കാതെ..അലക്‌സ് ജീവിച്ചിരിക്കുമ്പോൾ അവൾക്കൊന്നും വരില്ല..നമുക്ക് നോക്കാം..” ദത്തേട്ടനും ഇച്ഛായനും എന്നെ തിരക്കി ഇറങ്ങി..

“ദേവ..” ഇച്ഛായൻ  കുളക്കരയിലേക്ക് വരുമ്പോൾ ഞാൻ അവിടെ ഇരുന്ന് ലൂഡോ കളിക്കുകയായിരുന്നു..

“നീ എന്തൊക്കെയാ ദേവ കാണിക്കുന്നത്..നിന്റെ അച്ഛനും അമ്മയും ഏട്ടനും നിന്നെ കാണാതെ പേടിച്ചിരിക്കുവാ..നീ വീട്ടിൽ പോ..”

“ഞാനൊന്നും കാണിച്ചില്ലല്ലോ ഇച്ഛായ..കാണിക്കാൻ പോകുന്നതല്ലേ ഉള്ളു..കുറച്ചു നേരം ഒന്ന് വെയ്റ്റ് ചെയ്യ്.”

“ദേവ നീ..” ഇച്ഛായൻ എന്തോ പറയാൻ വന്നതും ആരോ അങ്ങോട്ടേക്ക് നടന്നു വരുന്ന ശബ്ദം കേട്ടു..ദത്തേട്ടനാകും..പിന്നെ ഒന്നും നോക്കിയില്ല..ഫോൺ താഴെ വെച്ച് കുളത്തിലേക്ക് എടുത്ത് ചാടി..വെള്ളത്തിൽ ഒന്ന് മുങ്ങി പൊങ്ങി വകുന്നപ്പോൾ ഇച്ഛായൻ ഞെട്ടി നിൽക്കുവാണ്..

‘നോക്കി നിൽക്കാതെ ചാടി രക്ഷിക്ക മനുഷ്യ…’

മനസ്സിൽ പറയുന്ന കൂട്ടത്തിൽ ഒന്ന് രണ്ട് തവണ കൂടി മുങ്ങി..എനിക്ക് നീന്തൽ അറിയില്ല..ഒരിക്കൽ ഇച്ഛായനും ദത്തേട്ടനും കൂടി പഠിപ്പിക്കാൻ ശ്രമിച്ചതാ..അന്ന് കുറച്ച് വെള്ളം കുടിച്ചു..പിന്നെ ആ സാഹസത്തിന് മുതിർന്നിട്ടില്ല.

ആദ്യത്തെ അമ്പരപ്പ് മാറിയതും ഇച്ഛായൻ കുളത്തിലേക്ക് എടുത്ത് ചാടി. രണ്ടു കൈയ്യാലും എന്നെയും കോരി എടുത്ത് പടികൾ കയറുമ്പോൾ ദത്തേട്ടൻ ഓടി വന്നു..ബോധം ഉണ്ടായിട്ടും ഇല്ലാത്തത് പോലെ കണ്ണടച്ച് കിടന്നു..

“എന്താ അലക്സേ..എന്താ എന്റെ ദേവൂന് പറ്റിയത്..”

“അവൾക്ക് കുഴപ്പമൊന്നും ഇല്ല ദത്ത” ഏട്ടനെ അശ്വസിപ്പിക്കുമ്പോഴും ആ ശബ്ദം ഇടറുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു.

ഇച്ഛായൻ തന്നെയാണ് എന്നെ റൂമിലെ ബെഡിൽ കൊണ്ട് കിടത്തിയത്. അമ്മയുടെ നിലവിളിയും അച്ഛന്റെ ശബ്ദവുമൊക്കെ കേൾക്കുന്നുണ്ട്..

“മോളെ.. കണ്ണ് തുറക്കടി.” അമ്മ അടുത്തിരുന്ന് കണ്ണീരോടെ കവിളിൽ തട്ടി വിളിച്ചു..ആവശ്യത്തിലധികം അവശത അഭിനയിച്ച് കണ്ണ് തുറന്നു..

“എന്തിനാ മോളെ നീ ഇത് ചെയ്തത്.”

“എന്തിനാ അമ്മേ എന്നെ രക്ഷിച്ചത്..ഇച്ഛായൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല..”

“ശേഖരേട്ട..നാട്ടുകാരും ബന്ധുക്കളും എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ പിണങ്ങിക്കോട്ടെ…എനിക്കെന്റെ മോളാണ് വലുത്..അവളെ അലക്സിന് തന്നെ കൊടുത്താൽ മതി.” അമ്മ അച്ഛനോട് കരഞ്ഞുകൊണ്ട് പറഞ്ഞു.

“അലക്സേ..നിനക്ക് വേണ്ടി ജീവൻ കളയാൻ തയാറായ ഇവളെ ഞങ്ങൾ നിനക്ക് തന്നെ തരുവ.” എന്റെ കൈപിടിച്ച് ഇച്ഛായന്റെ കയ്യിൽ വെച്ചു കൊടുത്തിട്ട് അച്ഛൻ പുറത്തേക്ക് പോയി. പുറകെ അമ്മയും.

“സോറി ടാ..” നിറകണ്ണുകളോടെ ഇച്ഛായന്റെ തോളിൽ തട്ടിയിട് ദത്തേട്ടനും പുറത്തേക്ക് നടന്നു.

“ഇച്ഛായ..ഇപ്പൊ കണ്ടോ എല്ലാം സെറ്റ്..എങ്ങനെയുണ്ട് എന്റെ ബുദ്ധി..”

എല്ലാവരും പുറത്തേക്ക് പോയപ്പോൾ ചാടി എഴുന്നേറ്റ് ചോദിച്ചത് മാത്രമേ ഓർമയുള്ളൂ..ചെവിക്കകത്തു കൂടിയൊക്കെ പുകപോകും പോലെ..കുറച്ചു നക്ഷത്രങ്ങൾ തലക്ക് ചുറ്റിലും തിരുവാതിര കളിക്കുന്നു..

“നിർത്തിക്കോ ദേവ നിന്റെ തമാശ..നീ കാണിക്കുന്ന കളികളൊക്കെ കണ്ട് നെഞ്ചു പൊട്ടി നിൽക്കുവാ നിന്റെ അച്ഛനും അമ്മയും ഏട്ടനും. എന്ത് നിസാരമായാണ് നീ അവരെ കബളിപ്പിക്കുന്നത്..”

“ശരിയാ ഇച്ഛായ ഞാൻ അവരെ കബളിപ്പിച്ചത് തന്നെയാ…കാരണം അച്ഛനോ അമ്മക്കോ ദത്തേട്ടനോ ഇച്ഛായൻ എന്നെ വിവാഹം കഴിക്കുന്നതിൽ പ്രശ്നം ഇല്ല..അവരുടെ പ്രശ്നം ബന്ധുക്കളാണ്..അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറയുമെന്നൊ പിണങ്ങുമെന്നോ കരുതി എനിക്ക് മറക്കാൻ കഴിയില്ല ഇച്ഛായനെ..

എന്റെ ഇഷ്ടം തമാശയാണെന്ന് പറയല്ലേ ഇച്ഛായ..ഇച്ഛായാണ് വേണ്ടി മരിക്കാൻ മടിയുണ്ടായിട്ട് അല്ല..കൂടെ ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാ അത് ചെയ്യാത്തത്. ഇച്ഛായന്റെ മനസ്സിലും ഞാനുണ്ടെന്നുള്ള ഉറപ്പുള്ളതുകൊണ്ടാ..

എത്രയോ പ്രാവശ്യം ഇച്ഛായൻ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്..പക്ഷെ ഒരിക്കലെങ്കിലും ഇഷ്‌മില്ലെന്ന് പറഞ്ഞിട്ടുണ്ടോ..

പറയിച്ഛായാ..എന്നെ ഇഷ്ടമില്ലെന്ന് ഒരു തവണ പറയ്. പിന്നെ ഞാൻ പുറകെ വരില്ല..എന്റെ വീട്ടുകാര് പറയുന്ന വിവാഹത്തിന് സമ്മതിക്കാം. പറയ്..ഇച്ഛായന്റെ മനസ്സിൽ ഞാൻ ഇല്ലെന്ന് പറയ്.” ഇച്ഛായന്റെ ഷർട്ടിൽ പിടിച്ച് കുലുക്കികൊണ്ട് ചോദിക്കുമ്പോൾ നിറഞ്ഞൊഴുകുകയായിരുന്നു എന്റെ കണ്ണുകൾ..

മറുപടിയായി ഇച്ഛായൻ എന്നെ മുറുകെ കെട്ടി പിടിച്ചു..

“പറ്റില്ലെടി..എനിക്ക് അങ്ങനെ പറയാൻ പറ്റില്ല..ഈ നെഞ്ച് നിറയെ നീ മാത്രമേ ഉള്ളു..നിന്നോട്ടുള്ള സ്നേഹം മാത്രമേയുള്ളൂ..അർഹതയില്ലാത്തതുകൊണ്ട് അകന്നു നിന്നതാ..നിനക്ക് മോഹങ്ങൾ തന്നാൽ അച്ഛനെയും അമ്മയെയും ദത്തനെയും വിഷമിപ്പിക്കേണ്ടി വരും..തളർന്നു പോയിടത്തു നിന്ന് കൈപിടിച്ചയർത്തിയവരാ..നന്ദികേട് കാണിക്കാൻ വയ്യാത്തത് കൊണ്ടാ..നമ്മള് കാരണം അവർ വിഷമിച്ചാൽ നമുക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയോ ദേവ..”

“അറിയാം ഇച്ഛായ..ഇപ്പൊ അവര് സമ്മതിച്ചില്ലേ..ഇനി നമ്മുടെ ജീവിതം കൊണ്ട് നമുക്കവരെ സന്തോഷിപ്പിക്കാം.”

“അപ്പൊ നിന്നെ ഞാൻ തന്നെ സഹിക്കണം അല്ലെ..”

“വിധി അതായി പോയില്ലേ..സഹിച്ചേ പറ്റു..”

“അപ്പൊ ഇനി….”

“മംഗല്യം തന്തു നാ നേ നാ…”

❤️❤️❤️❤️❤️❤️❤️