എനിക്കും മോനും പെണ്ണിനെ ഇഷ്ട്ടായി. ഇനി നിങ്ങൾക്ക് ഒക്കെ സമ്മതം ആണെങ്കിൽ ഇവളെ ഞങ്ങൾക്ക് തന്നേര്…

എഴുത്ത്: മഹാ ദേവൻ

====================

“ഒന്നും വേണ്ട, പെണ്ണിനെ തന്നാൽ മതി എന്ന് പറയേണ്ട താമസം, ഒന്നും തരാതെ ഇങ്ങോട്ട് കെട്ടിക്കേറ്റി വിട്ടേക്കുവാ മോളെ. നീന്റ വീട്ടുകാർക്ക് ഒരു ഇച്ചിരി പോലും നാണോം മാനോം ഇല്ലേ”

കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയതേ ഉള്ളൂ. പാവപ്പെട്ട വീട്ടിലെ ആയത്കൊണ്ട് തന്നെ പൊന്നും പണവും നൽകി കെട്ടിച്ചയക്കാനുള്ള ആവതില്ലായിരുന്നു അച്ഛന്. ആ സമയത്തായിരുന്നു ശരത്തിന്റെ ആലോചന വരുന്നത്.

“എനിക്കും മോനും പെണ്ണിനെ ഇഷ്ട്ടായി. ഇനി നിങ്ങൾക്ക് ഒക്കെ സമ്മതം ആണെങ്കിൽ ഇവളെ ഞങ്ങൾക്ക് തന്നേര് ” എന്ന ശരത്തിന്റെ അമ്മ പറയുന്നത് കേട്ടപ്പോൾ അമ്മയ്ക്കും അച്ഛനുമെല്ലാം വല്ലാത്ത സന്തോഷം ആയിരുന്നു.

“ഇഷ്ടക്കേടിന്റ അല്ല. വളച്ചുകെട്ടാതെ കാര്യം പറയാലോ. പെട്ടന്ന് ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ….അത് മാത്രമല്ല, നാട്ടുനടപ്പ് അനുസരിച്ചു മറ്റു കാര്യങ്ങൾ ഒന്നും നിങ്ങൾ….. “

അച്ഛൻ എങ്ങും തൊടാതെ പറഞ്ഞു തുടങ്ങിയപ്പോഴേ ശരത്തിന്റെ അമ്മ കൈ ഉയർത്തി അച്ഛനെ തടഞ്ഞു.

“സ്ത്രീധനം ആണ് ഉദ്ദേശിച്ചതെങ്കിൽ ന്റെ മോന് അതിന്റ ആവശ്യം ഇല്ല. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ കുട്ടിയെ ന്റെ മോന് കൊടുക്കുക. ഇതിനപ്പുറത്തേക്ക് അവനും ഒരു അഭിപ്രായവും ഉണ്ടാകില്ല. അച്ഛൻ ചെറുപ്പത്തിലേ മരിച്ചതാ. അന്ന് മുതൽ ഇതുവരെ അവനെ വളർത്തിയത് ഞാനാ..അതുകൊണ്ട് അമ്മ പറയുന്നതിനപ്പുറം അവനില്ല….അല്ലെ മോനെ “

അമ്മയുടെ ചോദ്യം കേട്ട് ശരത് ഒന്ന് പുഞ്ചിരിച്ചു.

“അപ്പൊ ആ വിഷയത്തെ കുറിച്ച് ചിന്തിക്കാതെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ. ഏല്ലാം നല്ല രീതിയിൽ തന്നെ നടക്കട്ടെ. അന്ന് അമ്മയുടെ വാക്കുകൾ തന്ന സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷേ ആ സന്തോഷത്തിന്റെ ആയുസ്സ് വിവാഹശ്ശേഷം ഒരാഴ്ചയായിരുന്നു എന്നിപ്പോൾ അറിയുന്നു.

“അമ്മയെന്താ അങ്ങനെയൊക്കെ സംസാരിക്കുന്നെ. അമ്മ തന്നെ അല്ലെ അന്ന് അങ്ങനെ ഒക്കെ പറഞ്ഞത്. എന്നിട്ടും കല്യാണം നടത്താൻ ന്റെ അച്ഛൻ പെട്ട കഷ്ടപ്പാട് കണ്ടതാ ഞാൻ….അതിനിടക്ക് എനിക്ക് സ്വർണ്ണം കൂടെ….. “

രേണുകയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഇത്ര പെട്ടന്ന് അമ്മയുടെ സ്വഭാവത്തിൽ വന്ന മാറ്റം അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

“ഓഹ്…വേണ്ടെന്ന് പറഞ്ഞാൽ ഒന്നും തരാതെ ഇവിടെ കെട്ടിലമ്മയാക്കിക്കൊള്ളാം എന്നാണോ. വേണ്ടെന്ന് പറഞ്ഞത് ഞങ്ങടെ മര്യാദ. അറിഞ്ഞു വേണ്ടത് കൊണ്ടുവരേണ്ടത് നിന്റെം നിന്റെ തന്തയുടെയും മര്യാദ. അതെങ്ങനാ  നക്കിതിന്നാൽ ഗതി ഇല്ലാത്ത വീട്ടിൽ നിന്ന് പെണ്ണ് കെട്ടിയാൽ ഇതൊക്കെ തന്നെ അവസ്ഥ.”

അമ്മയുടെ വാക്കുകളിലെ പുച്ഛം അവളെ വല്ലാതെ സങ്കടപ്പെടുത്തി. അർഭാടത്തോടെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു നേരം ഭക്ഷണം മുടങ്ങിയിട്ടില്ല വീട്ടിൽ, ഉടുക്കാനും ഉണ്ണാനും ഉള്ള വരുമാനം എന്ത് ജോലി ചെയ്തിട്ട് ആണേലും അച്ഛൻ കണ്ടെത്തുമായിരുന്നു.

മറുത്തൊരു വാക്ക് പോലും പറയാൻ കഴിയാതെ തേങ്ങലുകൾ തൊണ്ടയിൽ കുടുങ്ങി. അന്ന് രാത്രി ശരത് വരുമ്പോൾ അവൾ റൂമിലായിരുന്നു.

“ഇതെന്താ ഇവിടെ വന്നിരിക്കുന്നത്. “

പതിയെ അവൾക്കരികിൽ ഇരുന്ന് താഴ്ന്നിരുന്ന തല പതിയെ പിടിച്ചു പൊക്കി.

“ഇതെന്താണെടോ, കരയുവാണോ. അതിനിപ്പോ എന്നാ പറ്റി. ആഹ്..വീട്ടുകാരെ പിരിഞ്ഞു നിൽക്കുന്ന സങ്കടം ആകുമല്ലേ “

അവൻ പുഞ്ചിരിയോടെ അവളുടെ കയ്യിൽ പിടിക്കുമ്പോൾ അവന്റ മാറിലേക്ക് ചേർന്നിരുന്നു പൊട്ടിക്കരഞ്ഞു രേണുക.

പിന്നേ അമ്മ പറഞ്ഞ കാര്യങ്ങൾ വിഷമത്തോടെ അവന് മുന്നിൽ അവതരിപ്പിക്കുമ്പോൾ “സാരമില്ലെ” എന്നും പറഞ്ഞവൻ അവളെ ആശ്വസിപ്പിച്ചു.

“സ്ത്രീധനം വേണ്ടെന്ന് പറഞ്ഞോണ്ട് മാത്രാ വിവാഹം തന്നെ ഞാൻ സമ്മതിച്ചത്. എന്റെ അച്ഛനെ കൊണ്ട് അതിനു കഴിയില്ലെന്ന് എനിക്കറിയാം. പക്ഷേ ഇപ്പോൾ…. “

രേണുക ശരത്തിന്റെ മുഖത്തേക്ക് തന്നെ നോക്കുമ്പോൾ അവനും നിസ്സാരമട്ടിൽ പറയുന്നുണ്ടായിരുന്നു

“അതിപ്പോ അമ്മ പറഞ്ഞതിൽ തെറ്റൊന്നും ഇല്ലല്ലോ രേണു. വേണ്ടന്ന് പറഞ്ഞാലും നിന്റ അച്ഛൻ നിനക്കായി എന്തേലും തരും എന്നാണല്ലോ കരുതുക. ചില നാട്ടുനടപ്പുകളും ഉണ്ടല്ലോ. ഇതൊന്നും വാങ്ങി എനിക്ക് സുഖിക്കാൻ ഒന്നുമല്ല. നാളെ നമുക്കൊരു വീട് വെക്കണമെങ്കിൽ, അല്ലെങ്കിൽ എനിക്ക് ന്തേലും ഒരു പുതിയ ജോലി നോക്കണമെങ്കിൽ അതിലേക്ക് ഇൻവെസ്റ്റ്‌ ചെയ്യാൻ അതൊക്കെ ഉപകരിക്കും. അതൊക്കെ അറിഞ്ഞു ചെയ്യേണ്ടത് നിന്റ വീട്ടുകാർ അല്ലെ. അത് ചെയ്യാതെ അമ്മ പറഞ്ഞത് തെറ്റാണെന്നും പുച്ഛിച്ചെന്നുമൊക്കെ പറഞ്ഞ് കരഞ്ഞിരുന്നിട്ട്  ന്തിനാ? പോട്ടെ…കഴിഞ്ഞത് കഴിഞ്ഞു. ഇനി പതിയെ അച്ഛനോട് കാര്യം പറഞ്ഞ് ന്തേലും വാങ്ങിച്ചെടുക്ക്. ഇനി ജീവിക്കേണ്ടത് ഇവിടെ അല്ലെ. അപ്പോ അമ്മ പറയുന്നത് കൂടെ കുറച്ചു കേൾക്കണ്ടേ “

ശരത് പറഞ്ഞത് പുഞ്ചിരിയോടെ ആയിരുന്നെങ്കിൽ രേണുക കേട്ടത് നെഞ്ചിടിപ്പോടെ ആയിരുന്നു. തുടക്കമായപ്പോൾ തന്നെ ഇങ്ങനെ ആണെങ്കിൽ തുടർന്നങ്ങോട്ട് എങ്ങനെ ആയിരിക്കും എന്ന് ചിന്തിക്കുമ്പോൾ ഉള്ളിൽ ഒരു ആന്തൽ.

അവൾ പിന്നേ ഒന്നും പറയാൻ നിൽക്കാതെ തോർത്തുമെടുത്തു ബാത്‌റൂമിലേക്ക് നടന്നു.

ഭക്ഷണം കഴിക്കാൻ ഇരികുമ്പോൾ അവൾ മടിയോടെ ആയിരുന്നു പറഞ്ഞത്.

“കല്യാണം കഴിഞ്ഞിട്ട് വീട്ടിൽ പോയില്ലല്ലോ. ഞങ്ങളൊന്നു വീട്ടിൽ പൊക്കോട്ടെ അമ്മേ “

അവളുടെ ചോദ്യം കേട്ടപ്പോൾ ശരത് അമ്മയെ ഒന്ന് ഇടംകണ്ണിട്ട് നോക്കി. അമ്മയുടെ മുഖത്തു കേട്ട ഭാവം പോലും ഇല്ലെന്ന് കണ്ടപ്പോൾ അവനും ഭക്ഷണത്തിലേക്ക് ശ്രദ്ധിച്ചു.

“അമ്മയും ഏട്ടനും ഒന്നും പറഞ്ഞില്ല”

രേണുക പ്രതീക്ഷയോടെ അമ്മയെയും ശരത്തിനെയും മാറിമാറി നോക്കുമ്പോൾ ശരത് പകുതി താല്പര്യത്തോടെ അമ്മയെ നോക്കാതെ തന്നെ ചോദിക്കുന്നുണ്ടായിരുന്നു

“ഒന്ന് പോയി വരാലെ അവിടെ വരെ. അല്ലെങ്കിൽ നാട്ടുകാരൊക്കെ എന്ത് പറയും. കല്യാണം കഴിഞ്ഞു ചെക്കനും പെണ്ണും ആ വഴി തിരിഞ്ഞുനോക്കിയില്ല എന്ന് കരുതില്ലേ “

അവന്റ എങ്ങും തൊടാതെ ഉള്ള ചോദ്യം കേട്ടപ്പോൾ ആണ് അമ്മ തല ഉയർത്തിയത്.

“നിനക്ക് എന്താ അ ച്ചിവീട്ടിൽ അന്തി ഉറങ്ങാൻ മുട്ടി നിൽക്കുവാണോ?നാണമില്ലാത്ത പെങ്കോന്തൻ.അവിടെ പോയി എവിടെ കിടക്കാനാ നീ. ഒന്ന് കാലു നിവർത്താൻ പോലും സ്ഥലമില്ലാത്തിടത്തു എല്ലാരുടേം നടക്കു കിടക്കാൻ ആണോ ഇത്ര മുട്ടി നിൽക്കുന്നത്. “

അമ്മയുടെ എടുത്തടിച്ചപ്പോലുള്ള സംസാരം കേട്ടപ്പോഴേ ശരത് തല താഴ്ത്തി ചോറ് കഴിക്കാൻ തുടങ്ങി.

“ഇനി പോയെ പറ്റൂ എന്നാണെങ്കിൽ എനിക്ക് വിരോധമൊന്നും ഇല്ല. പക്ഷേ, പോയിട്ട് ഇവളെ അവിടെ ആക്കി അപ്പോൾ തന്നെ പൊന്നേക്കണം.  പണി ലീവ് ആക്കിയുള്ള വിരുന്ന് കൂടൽ ഒന്നും വേണ്ട.”

അത്രേം പറഞ്ഞത് അവനോട് ആയിരുന്നു. അത് കഴിഞ്ഞ് അമ്മ അവളുടെ മുഖത്തേക്ക്  തറപ്പിച്ചു നോക്കി.

“ദേ കൊച്ചേ, പോകുന്നതൊക്കെ കൊള്ളാം. ഒരു ദിവസം നിന്നിട്ടിങ് പൊന്നേക്കണം. പിന്നേ പോരുമ്പോൾ അച്ഛനോട് മയത്തിൽ പറഞ്ഞ് കയ്യിലും കഴുത്തിലുമായി എന്തേലുമൊക്കെ ഒപ്പിച്ചെടുക്കാൻ നോക്ക്.”

അതിന് പറയാൻ മറുപടി ഒന്നുമില്ലായിരുന്നപ്പോൾ അവളിൽ.

രാവിലെ കുളിച്ചൊരുങ്ങി പോകാനായി ഇറങ്ങുമ്പോൾ അവനും ഉണ്ടായിരുന്നു കൂടെ.

“ഞാൻ പോട്ടെ “

അമ്മയുടെ മുന്നിൽ നിക്കുമ്പോൾ അവരവളെ പുച്ഛത്തോടെ നോക്കി,

“പോകുന്നതൊക്കെ കൊള്ളാം. വരുമ്പോൾ പറഞ്ഞത് മറക്കണ്ട “

അതിനവൾ ഒന്ന് പുഞ്ചിരിച്ചു.

“അതിനിനി ആര് വരാൻ ? “

അവളുടെ പെട്ടന്നുള്ള ആ ചോദ്യം കേട്ട് അമ്മയും ശരത്തും പരസ്പരം നോക്കി.

“നീ എന്താ പറഞ്ഞത്. മനസ്സിലായില്ല “

ശരത് ആണ് ചോദിച്ചത്.

“അതിന് ഇനി ആരാ ഇങ്ങോട്ട് വരുന്നത് എന്ന്. താലി കെട്ടുന്നത് കഴുത്തിലാണ്. പക്ഷേ നിങ്ങളൊക്കെ കെട്ടുന്നത് കയ്യിലും കാലിലും ആണ്. കെട്ടിക്കേറിവരുന്ന പെണ്ണ് പിന്നേ സ്വന്തം വീട്ടിൽ പോണേൽ നിങ്ങടെ ഒക്കെ കാലു പിടിക്കേണ്ട അവസ്ഥ. ആണിന് പെണ്ണിന്റ വീട്ടിൽ ഒരു ദിവസം പോലും നിൽക്കാൻ പറ്റില്ല. വീടും വീട്ടുകാരെയും വിട്ട് പെണ്ണ് വരണം. അതും ജീവിതകാലം. എന്നാൽ ആണിന് ഒരു ദിവസം പോലും…അങ്ങനെ ഉള്ളവർ വെറുതെ കഷ്ടപ്പെട്ട് എന്നെ കൊണ്ടുവിടാൻ അങ്ങോട്ട് വരണമെന്ന് ഇല്ല. എന്റെ വീട്ടിലേക്കുള്ള വഴി എനിക്കറിയാം. പിന്നേ സ്ത്രീധനം വേണ്ട, എന്നാൽ പൊന്നും പണവും വേണം എന്ന് പറയുന്ന പുതിയ വ്യവസ്ഥിതി കൊള്ളാം. പക്ഷേ, കുറെ കാശ് തന്നെ ഇതുപോലെ ഒരു ഹോസ്റ്റൽ മുറിയിൽ താമസിക്കേണ്ട ആവശ്യം എനിക്കില്ല. അതിന് വേണ്ടി വാശി പിടിച്ചു എന്റെ അച്ഛനെ ഒരു കടക്കാരനാക്കി നിങ്ങടൊപ്പം എനിക്ക് സന്തോഷത്തോടെ കഴിയുകയും വേണ്ട.

കടമകൾ തീർക്കാൻ കടക്കാരനാവാൻ വേഗം കഴിയും പിന്നേ ആ കടം വീട്ടാൻ  കത്തിതീരും വരെ കഷ്ടപ്പെടേണ്ടി വരും ന്റെ അച്ഛൻ…അങ്ങനെ ഒരു അവസ്ഥയെക്കാൾ നല്ലത്  ഈ ഒരു പോക്ക് തന്നെ ആണ്. കഴുത്തിൽ വീണ കുരുക്കിൽ കിടന്ന് ശ്വാസം മുട്ടി ജീവിക്കുന്നതിനേക്കാൾ നല്ലത് കടം കൊണ്ടുപോകാത്ത അച്ഛന്റെ സന്തോഷം കണ്ട് ജീവിക്കുന്നതാണ്. “

രേണുക പുഞ്ചിരിയോടെ രണ്ട് പേരെയും മാറിമാറി നോക്കികൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നും ” രേണു ” എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു ശരത്.

ആ വിളി കേട്ടപ്പോ അവൾ ഒരു നിമിഷം നിന്നു. പിന്നേ അയാളുടെ മുനിലേക്ക് വന്നു.

“കെട്ടിയത് വെറും ചരടും കോർത്തത് വെറും പൊന്നുമല്ലെന്ന് മനസ്സിലാക്കണം. താലി എന്നത് രണ്ട് മനസ്സുകളെ തമ്മിൽ ചേർത്തുവെക്കുന്നതാണ്. അല്ലാതെ സ്ത്രീധനം എന്ന പേമെന്റ് വാങ്ങി പെണ്ണിനെ പേയിൻ ഗസ്റ്റ് ആക്കാനുള്ള അഡ്വാൻസ് അല്ല ഈ താലി. “

അവളയാലെ നിരാശയോടെ നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നു.

കഴുത്തിൽ വീണ കുരുക്കിൽ കിടന്ന് ശ്വാസം മുട്ടി ജീവിക്കുന്നതിനേക്കാൾ നല്ലത് കടം കൊണ്ടുപോകാത്ത അച്ഛന്റെ സന്തോഷം കണ്ട് ജീവിക്കുന്നതാണ് എന്നോർത്തുക്കൊണ്ട്!!!!

✍️ദേവൻ