മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു..

ഇനിയും….

Story written by Unni K Parthan

================

“പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ..വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ..ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു..

“നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ…മാത്രല്ല നീ എന്റെ ഭാര്യയല്ലേ..എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി..

“അറിയാലോ ഏട്ടാ..വീട്ടിലേ സാഹചര്യം..മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്..ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ..ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ..ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി..

“എനിക്ക് വിശക്കുന്നു..നീ കഴിക്കാൻ എടുത്തു വെച്ചേ..ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം..നേരത്തെ ഉറങ്ങണം..രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ ബാത്‌റൂമിലേക്ക് നടന്നു..

ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു..

“നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു..

“കുളിക്കാൻ കേറി..കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..”

“മ്മ്..മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു..

“ന്തേ..പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി…

“കൃഷ്ണാ..കൊ ല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു..

“അത് പിന്നേ…” ദേവിക വിക്കി..

“മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു..

“ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..”

“അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..ദേവിക നിന്നിടത്തു നിന്ന് ഉരുകി..

“മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി..

“ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം..പക്ഷെ..ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്..ഞങ്ങളുടെ മോളാണ്..ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും..

പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി..പക്ഷെ..മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്..ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്..കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്..ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല..ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും..

വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്..പുതിയ ജീവിതവും പുതിയ ചുറ്റുപാടും..അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും..നാളേയുടെ പുലരികൾ..ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും..കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം..മോളുടെ ഭാവി..എല്ലാം ഇനി ഭദ്രമായിരിക്കും..പത്മാവതി പറഞ്ഞു നിർത്തി..

ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു..

“കരയല്ലേ പെണ്ണേ..നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു..ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു..മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു…

ശുഭം

~Unni K Parthan