ഒന്നു കൈയ്യെത്തി തൊടുവാനാണ് തോന്നിയത്. രണ്ടു കൈപ്പടങ്ങളും കവിളുകളിൽ ചേർത്തുവച്ച് ആ മുഖം….

ഒരുനാൾ….

Story written by Jayachandran NT

=======================

‘ഭാനൂ ഒന്നു കാണണം. ഞാനൊരു ദിവസം വരുന്നുണ്ട്.’

‘വേണമെന്നില്ല.’ രണ്ടു വാചകങ്ങൾ. അത്രെ ഉണ്ടായിരുന്നുള്ളു ഞങ്ങളുടെ സംഭാഷണം.

അതുകഴിഞ്ഞ് കൃത്യം ഒരു മാസത്തിനപ്പുറം ഞങ്ങൾ തമ്മിൽ കണ്ടു.

‘എന്തിനാണ് വന്നത്?’ അവൾ ചോദിച്ചു. രോഷം കലർന്ന സ്വരം.

‘നിന്നെയൊന്നു കാണുവാൻ.’ എൻ്റെ ശബ്ദം പതിഞ്ഞതായിരുന്നു.

‘വരരുതെന്ന് പറഞ്ഞിരുന്നല്ലോ’ രോഷം മാറിയിയിട്ടില്ല.

‘അതുകൊണ്ടാണല്ലോ വന്നത്.’ എൻ്റെ മറുപടി കേട്ടവൾ ചിരിച്ചു.

ഒന്നു കൈയ്യെത്തിയാൽ തൊടാമെന്ന അകലത്തിലായിരുന്നവൾ നിന്നത്. ഞാനൊരു ദൂരയാത്രക്ക് നിമിഷങ്ങളെണ്ണുകയായിരുന്നു. നമുക്കായി തണൽവിരിച്ച ആൽമരം. ഞാനവളെ കൺനിറയെ കാണുകയായിരുന്നു. അവളുടെ മുഖം! വിടരുന്ന ചിരി!

‘പൂവിനുള്ളിലൊരു പൂവിരിയുന്നത് കണ്ടിട്ടുണ്ടോ!’ എനിക്ക് ആ വാചകം ഓർമ്മ വന്നു. അവളുടെ മുഖത്തെ ചിരിയിലതുണ്ടായിരുന്നു. ഒന്നു കൈയ്യെത്തി തൊടുവാനാണ് തോന്നിയത്. രണ്ടു കൈപ്പടങ്ങളും കവിളുകളിൽ ചേർത്തുവച്ച് ആ മുഖം കൈക്കുമ്പിളിലൊതുക്കുവാൻ. ഇനിയും അരികിലിങ്ങനെ നിന്നാൽ അതു സംഭവിക്കും. അതിനുമപ്പുറം!

മനസ്സിൽ ആ ചിത്രം നിർബന്ധിക്കാൻ തുടങ്ങിയപ്പോഴാണ് പോകാനായി അനുവാദം നൽകിയത്. അന്നായിരുന്നു അവളെ അവസാനമായി കണ്ടത്. ഞാനവളെ തിരഞ്ഞു. കണ്ടെത്തി. ഒന്നു കണ്ടു. പിരിഞ്ഞു. ഇനിയവൾ എന്നെ തിരയട്ടെ. വാശിയായിരുന്നു. വലിയൊരു തറവാട്ടിലേക്ക് അഭയാർത്ഥിയായ അടിമക്ക് സ്നേഹവും വിലക്കിയ വിധിയോട്. കാത്തിരിപ്പ്. കാലങ്ങൾ കഴിഞ്ഞു. മനസ്സിനും, ശരീരത്തിനും ജരാനരകൾ ബാധിച്ചിരിക്കുന്നു.

എനിക്കറിയാമായിരുന്നു.! ഒരിക്കൽ ഈ പടിപ്പുര കടന്നവൾ വരുമെന്ന്. ഞാനെന്നും കാത്തിരുന്നു. ഉച്ചവെയിൽ ചായുമ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ ഞാനുണ്ടായിരുന്നു. കസേരയിലെ തുണി മുഷിഞ്ഞിട്ടുണ്ട്. നീലയിൽ വെള്ളവരകളുള്ള തുണിയിൽ അവിടവിടായി കറുത്ത പുള്ളികൾ വീണിരിക്കുന്നു. കർപ്പൂരവും, തുളസിയിലയുമിട്ടു കാച്ചിയ എണ്ണയുടെ മണവുമുണ്ട്. കൊഴിയുന്ന വെളുത്ത തലമുടികൾ അതിൽ പറ്റിപ്പിടിച്ചിരിക്കുന്നു.

ഉമ്മറത്തിങ്ങനെ കിടന്നാൽ പടിപ്പുര കാണാമായിരുന്നു. മുറ്റത്തെ ഓരോ ഇലയനക്കങ്ങളും എൻ്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുമായിരുന്നു. മുറ്റത്തെ ചെടികളെല്ലാം ഉച്ചമയക്കത്തിലാണ്. നാലുമണിമൊട്ടുകൾ സമയം നോക്കി കാത്തിരിക്കുന്നു. സൂര്യൻ മേൽക്കൂര കഴിഞ്ഞ് പടിഞ്ഞാറ്റിയിലേക്കെത്തുമ്പോൾ മുറ്റത്ത് തണലാണ്. രാവിലെ പെയ്ത മഴയിലെ നനവ് മുറ്റത്തുണ്ടായിരുന്നു. വെയിൽ മങ്ങി. നാലുമണിപ്പൂക്കൾ വിരിഞ്ഞു. എന്നെ നോക്കിയാ പൂക്കൾ ഇളങ്കാറ്റിൽ തലയാട്ടി നൃത്തം വച്ചു. കാറ്റിൽ കർപ്പൂരത്തിൻ്റെ ഗന്ധം. പടിപ്പുരയ്ക്കപ്പുറമൊരു നിഴൽ. എൻ്റെ ഹൃദയമിടിച്ചില്ല. പടിപ്പുര കടന്നവൾ നടന്നുവരുന്നു. പടിപ്പുരയിലെ അടിപ്പടികൾ കുഞ്ഞുണ്ണി എടുത്തു മാറ്റിയിരുന്നു.

ആൾക്കൂട്ടവും, അതിനു ചേരാത്ത നിശബ്ദതയെ മുറിക്കുന്ന കാക്കയുടെ കരച്ചിലും. നടക്കാനവൾക്ക് ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രായം, ശരീരത്തെ തളർത്തിയിട്ടുണ്ട്. ഉമ്മറത്തെ സിമൻ്റിട്ട തിണ്ണയിൽ അവൾ വന്നിരുന്നു. ‘ഞാൻ പ്രതീക്ഷിച്ചിരുന്നു, എന്നും! എനിക്കറിയാമായിരുന്നു ഒരിക്കൽ ഈ പടിപ്പുര കടന്നു നീ വരുമെന്ന്.’ ഞാൻ പറഞ്ഞു.

അവൾ നിർവ്വികാരതയോടെ എന്നെ നോക്കി. തോളിൽ തൂങ്ങിയിരുന്ന ബാഗ് തിണ്ണയിൽ തന്നെ വച്ചു. അവൾ വീടിനകത്തേക്ക് കയറി. വർഷങ്ങളായി അവൾക്കായി എന്നോടൊപ്പം കാത്തിരുന്ന പഴയ തറവാട് അവളെ സ്വാഗതം ചെയ്തു. ചാറ്റൽ മഴ നനഞ്ഞ നാലുകെട്ടിൻ്റെ അകത്തളം. ചുവന്ന തറയോടുകൾ പാകിയ വരാന്ത. അകത്തുള്ള മുറികൾ ഓരോന്നിലായി അവൾ കയറിയിറങ്ങി. സൂര്യപ്രകാശം മേൽക്കൂരയിലെ ഓലക്കീറുകൾക്കിടയിലൂടെ ഇരുട്ടുമൂടിയ മുറികളിൽ അവൾക്ക് വെളിച്ചം പിടിച്ചു. വടക്കിനിയിലെ ഇരുട്ടു നിറഞ്ഞ ചെറിയ മുറിയിൽ കുഞ്ഞ് ജനാലകളായിരുന്നു.

ചുവരുകളിൽ അവളുടെ ചിത്രം വരച്ചിരുന്നു. ജനാലകൾ അവൾ തുറന്നിട്ടു. മങ്ങിയ വെളിച്ചത്തോടൊപ്പം ചെറിയ കാറ്റും അകത്തേക്കു കയറി. ജനാല വഴി അമ്പലക്കുളം കാണാമായിരുന്നു.

‘വൈകുന്നേരങ്ങളിൽ കുളിക്കാനെത്തുന്ന കുട്ടികളുടെ കോലാഹലങ്ങളുണ്ടാകും.’ ഞാൻ പറഞ്ഞു.

ഒരു വശത്തേക്ക് മാത്രം ശാന്തമായൊഴുകുന്ന കുളം. മറുവശത്തെ കരിങ്കൽച്ചുവരുകളിൽ ചെന്ന് തട്ടി ഓളങ്ങൾ വെറുതെ തിരിച്ചൊഴുകാൻ ശ്രമിക്കുന്നു. വൃഥാ ശ്രമം മാത്രം. നാലു ചുറ്റും അതിരുകൾ തിരിച്ചു കാറ്റ് അനുവദിക്കുന്നിടത്തേക്ക് മാത്രം ഒഴുകാൻ വിധിക്കപ്പെട്ട വിലങ്ങണിഞ്ഞ ഉറവ. മുറിയാകെ അവൾ വീക്ഷിച്ചു.

‘നീ വരുമെന്ന് എനിക്കറിയാമായിരുന്നു.’ എൻ്റെ ശബ്ദം അവൾ കേട്ടെന്നു ഞാൻ വിശ്വസിച്ചു. തണുത്ത നിശ്വാസം കാതുകളിൽ മുട്ടിയതുപോലെ അവൾ തിരിഞ്ഞു. അവൾക്കൊരുപാട് മാറ്റമുണ്ട്. കാത്തിരുന്ന വർഷങ്ങൾ. ചുവരിലെ അവളുടെ ചിത്രത്തിലേക്കവൾ മിഴികൾ നട്ടു. അരികിലായി ഞാനുമുണ്ടായിരുന്നു.

‘നീ ജയിച്ചല്ലേ?’

‘ഉവ്വ്’ ഞാൻ പുഞ്ചിരിച്ചതവൾ കണ്ടിട്ടുണ്ടാകും.

ചുളിവുകളില്ലാതെ വെള്ളവിരിപ്പിട്ട കിടക്കയിൽ അവൾ അൽപ്പനേരം ഇരുന്നു. തലയിണ ഉയർത്തിവച്ചു അതിലേക്ക് ചാഞ്ഞു കിടന്നു. പുറത്ത് ഇരുട്ടു പരക്കുന്നത് തുറന്ന ജനാല വഴി കാണാമായിരുന്നു. അമ്പലക്കുളത്തിൽ കുട്ടികളുടെ ബഹളങ്ങൾ കേൾക്കുന്നു.

അവൾ മിഴികൾ ചേർത്തടച്ചപ്പോൾ വശങ്ങളിൽ രണ്ടുനീർത്തുള്ളികൾ തിളങ്ങി.

അവൾ ഉറങ്ങുന്നതും നോക്കി ഞാനരികിലിരുന്നു. തിളങ്ങുന്ന നീർത്തുള്ളികൾ ഒന്നിനെ പുറകെ ഒന്നായി താഴേക്കൊഴുകി തലയിണ നനച്ചു. കരയരുതെന്നു ഞാൻ പറഞ്ഞില്ല. എന്തുകൊണ്ടോ എൻ്റെയുള്ളിൽ ഒരു സന്തോഷമുണ്ടായി. അല്ലെങ്കിലും!വേദനിച്ചും വേദനിപ്പിച്ചും സന്തോഷിക്കുന്നതൊരു ലഹരിയായി എന്നോ മാറിയിരുന്നു. ഓരോന്നു പറഞ്ഞു കുത്തിനോവിക്കുന്നതൊരു സന്തോഷമായിരുന്നു. ഒടുവിലവളുടെ മിഴികൾ നിറഞ്ഞ് പിന്തിരിയും. ഞാൻ ജയിക്കും.

അവൾ ഉണരുമ്പോൾ മുറ്റത്തെ ആൾക്കൂട്ടം ഒഴിഞ്ഞിരുന്നു. പടിപ്പുരയിലെ അടിപ്പടികൾ കാര്യസ്ഥൻ കുഞ്ഞുണ്ണി വീണ്ടും ഉറപ്പിക്കുന്നു. അവളെ കണ്ടതും അയാൾ ചുറ്റികയും ആണിപ്പാട്ടയുമായെഴുന്നേറ്റു.

”നാൽക്കാലികൾ കയറി മുറ്റം അപ്പടിനാശാക്കും. മൂപ്പർക്കതു ഇഷ്ടല്ലാരുന്നേ ” കുഞ്ഞുണ്ണി പറഞ്ഞു.

അവൾ ഉമ്മറത്തെ ചാരുകസേരയിൽ പിടിച്ചു നിന്നു.

”മൂപ്പരെപ്പോഴും പറയുമായിരുന്നു. മോള് ഒരൂസം വരൂന്ന്. എന്താ ചെയ്ക! ഒറ്റപ്പെട്ടൊരു ജീവിതം അങ്ങനങ്ങട്! പകുതിയിൽ നിർത്തി അയാളൊരു ദീർഘശ്വാസമെടുത്തു.

”മോളിരിക്ക് ഞാൻ കാപ്പിയെടുക്കാം.” എന്നു പറഞ്ഞയാൾ അകത്തേക്കു പോയി.

അവൾ ശൂന്യമായ ചാരുകസേരയിലേക്കു നോക്കി. അതിലേക്ക് ചാഞ്ഞ് കിടന്നു.

പടിപ്പുരക്കപ്പുറത്ത് നിന്നൊരു നിഴലനക്കം ഉണ്ടാകുമോ അവൾ വെറുതെ പ്രതീക്ഷിച്ചു. നാലുമണിമൊട്ടുകൾ വീണ്ടും സമയം നോക്കി കാത്തിരിപ്പായി. തെക്കേപ്പറമ്പിൽ നിന്നപ്പോഴും ഒരു കാത്തിരിപ്പിൻ്റെ പട്ടടയിലെ പുക ഉയരുന്നുണ്ടായിരുന്നു.

”എനിക്കറിയാമായിരുന്നു! നീയൊരിക്കൽ ഈ പടിപ്പുര കടന്നു വരുമെന്ന്.” ഞാൻ വീണ്ടും പറഞ്ഞു.

അതു കേട്ടതു പോലെ അവൾ പടിപ്പുരയിലേക്ക് നോക്കി മിഴികളടച്ചു.

~ജെ..