അങ്ങനെയൊന്നും മേടിച്ചു കുടിക്കാൻ പാടില്ല എന്ന വല്ല നിയമവും ഈ ജോലിക്കുണ്ടൊ….

അറിഞ്ഞും അറിയാതെയും….

Story written by Suresh Menon

===================

മാരിയമ്മൻ കോവിലിന്റെ മുന്നിൽ നിന്ന് വലത് വശത്തേക്ക് വണ്ടി തിരിച്ച് വിവിധ തരം ഐസ് ക്രീം ,ഫ്ര്യൂട്ട് സ് ജ്യൂസുകൾ വിൽക്കുന്ന ആ വലിയ കടയുടെ വിശാലമായ പാർക്കിങ്ങ് സ്പേസിൽ വണ്ടി പാർക്ക് ചെയ്തു.

“പൈനാപ്പിൾ ജ്യൂസ് ആകാം ല്ലെ “

വിൽസന്റെ ചോദ്യത്തിന് ആലീസ് തലകുലുക്കി. കാറിൽ നിന്ന് പുറത്തിറങ്ങി. ഗേറ്റിൽ നിന്നിരുന്ന സെക്യുരിറ്റി ആചാരപ്രകാരം ഒന്നു വണങ്ങി .തിരിച്ച് വിൽസൺ ഒന്നു പുഞ്ചിരിച്ചു. മുകളിലേക്ക് നോക്കി. കത്തുന്ന സൂര്യൻ. നല്ല ചൂട്….

“ഒരു പൈനാപ്പിൾ ജ്യൂസ് . ഒരു കുപ്പി തണുക്കാത്ത വെള്ളവും “

ക്യാഷിൽ ഇരിക്കുന്ന ആളോട് വിൽസൺ പറഞ്ഞു.

“സാറ് കാറിലിരുന്നോളു. അങ്ങോട്ട് കൊണ്ടു തരാം “

വിൽസൺ കാറിലേക്ക് നടന്നു. പോകുന്ന വഴിക്കും സെക്യുരിറ്റി വീണ്ടും ഒന്നു വണങ്ങി…

“എന്താ ചൂടല്ലെ …. അതേയ് ആ സെക്യുരിറ്റിയെ ഒന്നു നോക്കിയെ… ഈ വെയിലത്ത് ഒരു കുട പോലുമില്ലാതെ. ആകെ വിയർത്ത് കുളിച്ചിരിക്കുന്നു “

” ഉം ” ആലീസിന്റെ വാക്കുകൾ കേട്ട വിൽസൺ ഒന്നു മൂളി .

” ഒരു ജ്യൂസ് മേടിച്ച് അയാൾക്ക് കൊടുക്ക്.പീപ്പിൾ സെല്ലിങ്ങ് ഹാപ്പിനസ്സ് എന്ന് കേട്ടിട്ടില്ലെ. അനുഭവിക്കാൻ യോഗമില്ല ഇവർക്കൊന്നും “

വിൽസൺ പുറത്തേക്കിറങ്ങി. സെക്യൂരിറ്റിക്ക് നേരെ നടന്നു

” ഞാനൊരു പൈനാപ്പിൾ ജ്യൂസ് മേടിച്ചു തന്നാൽ കുടിക്കുമൊ “

“സർ “

വിൽസന്റെ വാക്കുകൾ കേട്ട സെക്യൂരിറ്റിക്ക് ഒന്നും മനസ്സിലായില്ല

“എന്താ സംശയം. അങ്ങനെയൊന്നും മേടിച്ചു കുടിക്കാൻ പാടില്ല എന്ന വല്ല നിയമവും ഈ ജോലിക്കുണ്ടൊ . “

“അങ്ങിനെയൊന്നും ഇല്ല സാർ “

“എന്നാൽ കുഴപ്പമില്ല ” വിൽസൺ മുമ്പോട്ട് നടന്നു.

“സർ ” ആ വിളി കേട്ടപ്പോൾ വിൽസൺ തിരിഞ്ഞു നോക്കി.

“ഞാനൊരു കാര്യം പറഞ്ഞ സാറ് ദേഷ്യപ്പെടുമൊ ” വിൽസന്റെ നെറ്റിചുളിഞ്ഞു.

“സർ…. ഒരു പൈനാപ്പിൾ ജ്യൂസിന് ഏതാണ്ട് നൂറു രൂപയുടെ അടുത്ത് വരും. സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ എനിക്ക് അതിന്റെ കാശ് തന്നാൽ ഭാര്യക്ക് മരുന്ന് മേടിക്കണ്ട ദിവസമാണിന്ന്. നൂറു രൂപയുടെ കുറവുണ്ട് പലരോടും ചോദിച്ചു സാർ …. നടന്നില്ല … “

വിൽസൺ അയാളുടെ മുഖത്തേക്ക് നോക്കി. ഒന്ന് ചിന്തിച്ചതിന് ശേഷം പഴ്സിൽ നിന്നും നൂറ് രൂപ അയാളുടെ നേർക്ക് നീട്ടി …. നിറഞ്ഞ മനസ്സോടെ കൈകൂപ്പി കൊണ്ട് ആ സെക്യൂരിറ്റി അത് സ്വീകരിച്ചു.

ജ്യൂസ് കുടിച്ചതിന് ശേഷംവിൽസൺ വണ്ടി സ്റ്റാർട്ട് ചെയ്തു.

“അയാൾക്ക് നമ്മളെ മനസ്സിലായില്ല എന്ന് തോന്നുന്നു “

അലീസ് അത് പറഞ്ഞപ്പോൾ അതെയെന്ന അർത്ഥത്തിൽ വിൽസൺ തലയാട്ടി.

“ഉം മനസ്സിലായിട്ടില്ല”

വണ്ടി അവരേയും കൊണ്ട് ടൗണിലൂടെ നേരെ വീട്ടിലേക്ക് നീങ്ങി……

……………………………

“സാറിപ്പൊ കുറച്ചു കാലമായി ഇങ്ങോട്ട് വരാറില്ലല്ലൊ….” നീണ്ട ആറേഴ് മാസങ്ങൾക്ക് ശേഷം ആ ജ്യൂസ് കടയിൽ വിൽസൺ വീണ്ടും ചെന്നപ്പോൾ കൗണ്ടറിലിരിക്കുന്ന മനുഷ്യൻ ചോദിച്ചു:

“ഞങ്ങൾ ഒരു ചെറിയ ടൂറിലായിരുന്നു. കുറച്ച് യൂറോപ്യൻ രാജ്യങ്ങൾ എല്ലാം കറങ്ങി …”

” ഇവിടെ മുൻപ് ഒരു സെക്യൂരിറ്റി സ്റ്റാഫ് ഉണ്ടായിരുന്നില്ലെ പ്പോ കാണാനില്ലല്ലൊ….”

“ഹോ പുള്ളിക്കാരൻ പോയി. ജോലി വിട്ടു. പുള്ളിക്ക് ഒരു ചെറിയ ലോട്ടറി യൊക്കെ അടിച്ചു പത്ത് ഇരുപത് ലക്ഷത്തോളം കയ്യിൽ കിട്ടി. ഇപ്പൊ വീടിന്നടുത്ത് തന്നെ ഒരു ചെറിയ കടയൊക്കെ തുടങ്ങി ജീവിച്ചു പോണു.

” ഹോ അത് കൊള്ളാം. ഞാൻ ചോദിച്ചെന്നെയുള്ളു. “

“ശരി സർ “

പൈനാപ്പിൾ ജ്യൂസും കയ്യിൽ പിടിച്ച് വിൽസൺ കാറിലേക്ക് നടന്നു ….

………………..

“നമ്മക്കൊരു ആട്ടോ വിളിച്ച് പോകാം . എനിക്കാ സാറിനെ ഒന്ന് കാണണം “

കടയിൽ സാധനങ്ങൾ പൊതിഞ്ഞു കൊടുക്കുന്ന തിരക്കിൽ സരോജിനി മാധവനോടായി പറഞ്ഞു

” മനുഷ്യത്വമുള്ള സാറാ . ഇങ്ങനെയൊന്നും അധികം പേർ കാണുകേല ” സരോജിനി തുടർന്നു.

“ജ്യൂസ് കടയിലെ സെക്യുരിറ്റി ജോലി വിട്ടെ പിന്നെ ആ സാറിനെ കണ്ടിട്ടില്ല. ഞാൻ ഒന്നെ ചോദിച്ചുള്ളു. നിനക്ക് മരുന്ന് മേടിക്കാൻ ഒരു മടിയും കൂടാതെ യാ കാശെടുത്ത് തന്നെ ….”

മാധവൻ കസ്റ്റമറുടെ കയ്യിൽ നിന്ന് കാശു മേടിക്കുമ്പോൾ മറുപടി കൊടുത്തു

” പലപ്പോഴും വിചാരിക്കും ആ സാറിനെ ഒന്ന് പോയി കാണണം ന്ന് .നാളെ ഞായറാഴ്ചയല്ലെ . നമുക്കൊന്ന് പോയി കാണാം. നമ്മുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളൊക്കെ കാണുമ്പോ സാറിന് സന്തോഷമാകും “

“പോകാം നാളെ തന്നെ “

…………………..

മഴയില്ല . സൂര്യൻ ജ്വലിച്ചു നിൽക്കുന്നു. മഴ മാറിയ ആശ്വാസത്തിലായിരിക്കണം ജനങ്ങൾ തിരക്കിട്ട് നഗരത്തിലൂടെ ഓരോരോ ആവിശ്യങ്ങൾക്കായി നടന്ന് നീങ്ങുന്നത് കാണാം.

” കോൺവെന്റ് സ്റ്റോപെത്തിയാൽ ഒന്ന് പറയണെ “

മാധവൻ ഓട്ടോക്കാരനോട് പറഞ്ഞു.

“ഇനിയും ഒത്തിരി ദൂരമുണ്ടൊ….”

സരോജിനിയുടെ സംശയത്തിന് ഇല്ലെന്നർത്ഥത്തിൽ മാധവൻ തലകുലുക്കി ….

കോൺവെന്റ് ജംങ്ക്ഷനിൽ എത്തിയപ്പോൾ രണ്ടു പേരും ഇറങ്ങി എതിരെ കാണുന്ന വഴിയിലൂടെ നടന്ന് സഹകരണ ബാങ്ക് വഴി വലത്തോട്ട് തിരിഞ്ഞപ്പോൾ ഒരു ഭഗവതി ക്ഷേത്രം . അതിന്റെ വലത് വശത്തായി ഒരു വലിയ വീട് .

“ഇതാണ് ” മാധവൻ സരോജിനിയോടായി പറഞ്ഞു.

ആ വലിയ ഗേറ്റിന്റെ ഇടത് വശത്തായുള്ള ചെറിയ ഗേറ്റ് തുറന്ന് കിടപ്പുണ്ട്. അതിലൂടെ അവർ രണ്ടു പേരും അകത്തേക്ക് കയറി … നിറയെ ചെടികളും പൂക്കളും പലയിടങ്ങളിലായി നട്ടുപിടിപ്പിച്ചിട്ടുണ്ട്.. വിശാലമായ മിറ്റത്ത് രണ്ട് കാർ കിടപ്പുണ്ട്. തോട്ടത്തിന്റെ വലത് വശത്തായി പലതരം റോസാ പൂക്കൾ: രണ്ടു പേരും അതും നോക്കി നിന്നു കുറച്ചുനേരം ..

“ഇവിടെ ആരും ഇല്ലെന്ന് തോന്നുന്നു . ഒരു ശബ്ദവും കേൾക്കുന്നില്ലല്ലൊ “

സരോജിനി പതിയെ പറഞ്ഞു.

മാധവൻ ചുറ്റും ഒന്ന് നോക്കി കാളിംഗ് ബല്ലിനായി പരതി. വരാന്തയുടെ വലത് വശത്തെ ചുമരിന്റെ മുകളിൽ കാളിംഗ് ബൽ കണ്ടു. പതിയെ ഉമ്മറ പടികയറി കാളിംങ്ങ്ബൽ അടിക്കാനായി തുനിഞ്ഞു. മുൻവശത്തെ വാതിൽ ചെറുതായി തുറന്നിരിക്കുന്നത് അപ്പോഴാണ് മാധവന്റെ ശ്രദ്ധയിൽ പെട്ടത്. പതിയെ ഒന്നു തള്ളി നോക്കി ആരെയും കാണുന്നില്ല …. അകത്ത് ആരുമില്ലെന്ന് തോന്നുന്നു. വാതിൽ തുറന്നിട്ടുകൊണ്ട് എവിടെ പോയി … അയാൾ കാളിംഗ് ബൽ അടിക്കുവാൻ തുനിഞ്ഞു.

പൊടുന്നനെ അയാൾ ഒരു നിമിഷം നിശ്ചലമായി നിന്നു . വാതിൽ തുറന്നപ്പോൾ കണ്ടത് ….. ആ ചുമരിലെ വലിയ ഫോട്ടോ ….അതെ അത് തന്നെ….സത്യമാണോന്നറിയാൻ അയാൾ തുറന്ന വാതിലിലൂടെ ഒരിക്കൽ കൂടി നോക്കി … തലമുതൽ കാൽപ്പാദം വരെ വല്ലാത്തൊരു തണുപ്പ് കയറിയതുപോലെ….ശ്വാസഗതി കൂടി … വല്ലാത്തൊരു ക്ഷീണം പോലെ …വീഴാതിരിക്കാൻ ചുമരിൽ താങ്ങി നിന്നു …

“സോനു വിൽസൺ “

അതെ ..അത് തന്നെ. ചുമരിൽ തൂക്കിയിരിക്കുന്ന ഫോട്ടോയിലെ ആ പയ്യൻ… അതെ സോനു വിൽ സൺ തന്നെ …

മാധവൻ പെട്ടെന്ന് പടിയിറങ്ങി …സരോജിനിയുടെ ചുമലിൽ പിടിച്ചു.

“ബാ നമുക്ക് പോകാം ….”

“പോകാനൊ … സാറിനെ കാണണ്ടെ ……”

” നീ വാ ഞാൻ പറയുന്നത് കേൾക്ക് ….”

സരോജിനിക്ക് ഒന്നും മനസ്സിലായില്ല . ഇപ്പൊ ചോദിച്ചാൽ ഒന്നും പറയില്ല എന്നത് കൊണ്ട് മിണ്ടാതെ കൂടെ നടന്നു …..

ആട്ടോറിക്ഷയിൽ വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴും മാധവൻ ചിന്തയിലായിരുന്നു …

” സോനു വിൽസൺ “

” നിയന്ത്രിത വന മേഖലയിലേക്കാണ് ഈ നാലു യുവാക്കളും പ്രവേശിച്ചിരിക്കുന്നത്. ഇവർ മ ദ്യവും ല ഹ രി മരുന്നും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട് … പാറയുടെ മുകളിൽ നിന്ന് കാൽ വഴുക്കി വെള്ളത്തിൽ വീണ് ഒഴുക്കിൽ തല പാറക്കല്ലിൽ ചെന്നിടിച്ചാണ് രണ്ടു യുവാക്കൾ മരണപെട്ടത് എന്ന് കണ്ടെത്തിയിട്ടുണ്ട് …. സോനു വിൽസൺ (24) അരുൺ ശങ്കർ (26) എന്നീ യുവാക്കളാണ് മരിച്ചത് .മൃതദേഹം മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുന്നു. നിയന്ത്രിത മേഖലയിലേക്ക് ഈ യുവാക്കൾ എങ്ങിനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നു ….”

വർഷങ്ങൾക്ക് മുമ്പ് ദൃശ്യ മാദ്ധ്യമങ്ങളിൽ എത്രയോ ദിവസങ്ങളിൽ തുടർച്ചയായി വന്ന വാർത്ത മാധവൻ ഓർത്തു.പിന്നീട് ഇതെക്കുറിച്ച് പല തരത്തിലുള്ള വാർത്തകൾ വന്നു കൊണ്ടേയിരുന്നു ….

” നിയന്ത്രിത വനമേഖലയിലെ യുവാക്കളുടെ അപകട മരണം …. സെക്യൂരിറ്റി ഗാർഡ് മാധവനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. മുവായിരം രൂപയും ഒരു കുപ്പി വിദേശ മ ദ്യ വും തനിക്ക് കൈക്കൂലിയായി കിട്ടി എന്ന് ചോദ്യം ചെയ്യലിൽ മാധവൻ സമ്മതിച്ചു … “

പിന്നെ ജയിൽ വാസം …. ജോലി നഷ്ടപെടൽ….. ദുരിതം നിറഞ്ഞ നാളുകൾ ………

രാത്രി കണ്ണടച്ചു കിടക്കുന്ന മാധവന്റെ അരികിൽ സരോജിനിയിരുന്നു …

“ദേ ഇത് വരെ ഒന്നും കഴിച്ചില്ല …അവിടുന്ന് പോന്നെ പിന്നെ ഒന്നും മിണ്ടും ന്നും ല്ല്യ….എന്തെങ്കിലും ഒന്ന് പറ …….”

സരോജിനി വലിയ വിഷമത്തോടെ മാധവനെ കുലുക്കി വിളിച്ചു ….

മാധവൻ പതിയെ കണ്ണു തുറന്നു .സരോജിനിയുടെ കൈവിരലുകൾ കൂട്ടി പിടിച്ചു.

” നിനക്ക് സോനു വിൽസനെ ഓർമ്മയുണ്ടൊ ….” സരോജിനിയുടെ നെറ്റി ചുളിഞ്ഞു.

“പണ്ട് …ആ പാറയുടെ മുകളിൽ നിന്ന് വഴുക്കി വീണ….:

“ആ ആ ഞാനോർക്കുന്നു ….”

” അവന്റെ വീടാണത് …നമ്മളിന്ന് പോയത് ….”

“അയ്യോ …അപ്പൊ ആ സാറിന്റെ ……”

മാധവൻ അതേ എന്നർത്ഥത്തിൽ തലയാട്ടി …

കുറച്ച് നേരത്തേക്ക് രണ്ട് പേരും ഒന്നും മിണ്ടിയില്ല

“അതേയ് …. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കാര്യമല്ലെ … നിങ്ങൾ അതിനുള്ള ശിക്ഷയും അനുഭവിച്ചു. ഒരബദ്ധം പറ്റിയതല്ലെ … പോരാത്തതിന് നമ്മള് ചെന്നത് അവർ അറിഞ്ഞിട്ടുമില്ല….” സരോജിനി ഒന്ന് നിർത്തി തുടർന്നു ….

“എനിക്ക് തോന്നുന്നത് സാറിനും അന്ന് നിങ്ങളെ കണ്ടപ്പോ മനസ്സിലായിട്ടില്ലെന്നാ ഇല്ലെങ്കിൽ അന്ന് നിങ്ങളെ കണ്ടപ്പോ എനിക്ക് മരുന്ന് മേടിക്കാനുള്ള പണം തരുമായിരുന്നൊ ……”

മാധവൻ എല്ലാം ശ്രദ്ധയോടെ കേട്ട് കൊണ്ട് കിടന്നു …

“ഇനിയും അതെല്ലാം ഓർത്ത് മനസ്സ് വിഷമിക്കാതെ … ഞാൻ പോയി ഒരു ചായയിട്ട് കൊണ്ട് വരാം …. എനിക്കുറപ്പാ അവർ നിങ്ങളെ തിരിച്ചറിഞ്ഞിട്ടില്ല….സമാധാനമായിരിക്ക് “

സരോജിനി അടുക്കളയിലേക്ക് പോയി …

സ്വൽപ്പം ദൂരത്ത് …. കുറച്ചപ്പുറത്ത് … ആ വലിയ വീട്ടിൽ … ബെഡ്റും ലാംപിന്റെ വെളിച്ചത്തിൽ വിൽസണോട് ചേർന്നു കിടന്ന് അലീസ് പതിയെ പറഞ്ഞു.

“ബാൽക്കണിയിൽ നിന്നാണ് കണ്ടത് … അവർ രണ്ടു പേരും ആ ചെറിയ ഗേറ്റ് തുറന്ന് മടങ്ങി പോകുന്നു … ഞാൻ ഉടനെ തന്നെ ചുവട്ടിലേക്ക് വന്നു … അപ്പോഴേക്കും അവർ നടന്നു നീങ്ങി … “

“എന്നാലും എന്തിനായിരിക്കും അവർ വന്നത്. “

“നമ്മളെ കാണാനാണെങ്കിൽ പിന്നെന്താ കാണാതെ പോയത് ….”

വിൽസണും തന്റെ സംശയം പ്രകടിപ്പിച്ചു.

“ഞാനൊന്ന് ചോദിക്കട്ടെ … “വിൽസൺ തലയിണയിൽ ചാരി ഇരുന്നു കൊണ്ട് ചോദിച്ചു

” ഇനിയെങ്ങാനും ചുമരിൽ തൂക്കിയ മോന്റെ ഫോട്ടോ കണ്ട് കാണുമൊ “

“ഏയ് അങ്ങിനെയൊന്നുമായിരിക്കില്ല. നമ്മളെ കാണാൻ വരുന്ന വർ കോളിംഗ് ബൽ അടിക്കാതെ വീട്ടിലേക്ക് എത്തി നോക്കി മടങ്ങി പോകുമൊ .എന്തൊ എനിക്ക് ങ്ങനെ തോന്നുന്നില്ല … ഒരുപക്ഷെ ഇവിടെ ആരും ഇല്ല എന്ന് തോന്നിയത് കൊണ്ട് പോയതാണേലൊ … “

വിൽസൺ മറുപടി ഒന്നും പറഞ്ഞില്ല. നിത്യവും കഴിക്കാറുള്ള ബി പി ഗുളികകയ്യിലെടുത്തു. ഗ്ലാസിലേക്ക് വെള്ളമൊഴിക്കുന്നതിനിടയിൽ ആലീസ് പറഞ്ഞു.

“എന്തായാലും ഇനി അതേക്കുറിച്ചൊന്നും ഓർത്ത് വെറുതെ ടെൻഷനടിക്കണ്ട . നമുക്ക് നഷ്ടപെടാനുള്ളത് നഷ്ടപെട്ടു … അതിലും വലുതൊന്നുമല്ലല്ലൊ ഇത് ….നമ്മളെ അവർക്ക് മനസ്സിലായിട്ടില്ല എന്നുറപ്പാ …. അതിനി അങ്ങിനെ തന്നെയിരിക്കട്ടെ ….. ഒന്നും ചികഞ്ഞ് വെറുതെ പുറത്തെടുക്കേണ്ട “

ബെഡ് റൂം ലാംപ് പതിയെ ഓഫ് ചെയ്ത് ആലീസ് വിൽസ നോട് ചേർന്ന് കിടന്ന് കണ്ണുകളടച്ചു …

അറിഞ്ഞെന്നോ അറിഞ്ഞില്ലെന്നൊ അറിയാതെ …. ഒന്നും അറിഞ്ഞില്ലെന്ന് സ്വയം വിശ്വസിപ്പിച്ച് അവർ നാലു പേരും പതിയെ പതിയെ ഉറക്കത്തിലേക്ക് നീങ്ങുകയായിരുന്നു ആ രാത്രിയിൽ ………