ഞാൻ ആണേൽ ഇരിക്കാൻ പോലും വയ്യാതെ എങ്ങി എങ്ങി ആ മരത്തിൽ ചാരി നില്കും….

അമ്മയോർമ്മകൾ……..

എഴുത്ത്: ഷീജ തേൻമഠം

=================

എല്ലാരെയും പോലെ ആ ഓർമ്മകൾ എനിക്ക് ചിരിയും സന്തോഷവും തരാറില്ല..ഒട്ടുമുക്കലും തല്ലു കിട്ടിയ കണ്ണീരോർമ്മകൾ ആണ്. ആഗ്രഹിക്കാതെ കിട്ടിയ കുട്ടിയോടുള്ള വെറുപ്പ്‌ അമ്മേടെ മരണം വരെയും ഉള്ളിൽ ഉണ്ടാരുന്നു…

അമ്മേടെ തല്ലു എന്ന് പറഞ്ഞാൽ ചുമ്മാ പിടിച്ചു നിർത്തി തല്ലു അല്ല. അടുക്കളയുടെ പുറകിൽ ഉള്ള കോഴിക്കൂടിന്റെ സൈഡിൽ ഒരു പൂവരിശ് ഉണ്ടാരുന്നു. എന്റെ കുറ്റം ആരെലും പറഞ്ഞു കൊടുത്തു അമ്മ അറിഞ്ഞാൽ, എന്നെ പിടിച്ചു വലിച്ചു ആ പൂവാരിശിൽ കൊണ്ടു കെട്ടിയിടും അതും കൈ രണ്ടും പുറകിലേക്ക് ആക്കി..എന്നിട്ടാണ് അടിയുടെ പൂരം ആദ്യത്തെ നാലഞ്ചു അടി നിന്നു കൊള്ളും.

മുന്നോട്ടു പോകും തോറും കുഞ്ഞു ഷീജാ കിടന്നു ഞെളിപിരി കൊണ്ടു ചാടാൻ തുടങ്ങും. അമ്മേ പേടിച്ചു ആരും തടസം പിടിക്കാൻ വരില്ല. ഒടുവിൽ അടിക്കുന്ന വടി ഒടിഞ്ഞു എന്ന് മനസിലാകുമ്പോൾ കെട്ടു പോലും അഴിക്കാതെ അമ്മ കേറിപോകും..

ഞാൻ ആണേൽ ഇരിക്കാൻ പോലും വയ്യാതെ എങ്ങി എങ്ങി ആ മരത്തിൽ ചാരി നില്കും. ചിലപ്പോൾ മണിക്കൂറോളം…

അമ്മേം കുറ്റം പറയാൻ പറ്റില്ല. കാരണം അമ്മാതിരി കുരുത്തകേടിന്റെ കടന്നൽ കൂടാരുന്നു ഞാൻ. 8 ആം വയസിൽ ഇരു കര നിറഞ്ഞ മണിമലയറ്റിൽ മുങ്ങാം കുഴി ഇട്ടു നീന്തി മറിയുക. അപ്പന്റെ ചേട്ടന്റെ മോളെ തന്തയ്ക്കു പറയുക..അട വെച്ച കോഴിയുടെ തലയിൽ പിടിച്ചു പൊക്കി മാറ്റി ആ മൊട്ട മൊത്തം താഴെ ഇട്ടു പൊട്ടിക്കുക. താഴെ തോട്ടിൽ ഊത്ത പിടുത്തം സമയങ്ങളിൽ അവർ പിടിച്ചു കുടത്തിൽ ഇടുന്ന മീൻ ആരും കാണാതെ പിടിച്ചു തോട്ടിലേക്കു എറിയുക. ഞായറാഴ്ചകളിലെ കപ്പേം പോ ത്തും തീറ്റിയിൽ അടി വെയ്ക്കുക……

എനിക്ക് 12 വയസ് ഉള്ളപ്പോ ആണ് ചേച്ചിക്ക് മോൾ ഉണ്ടാകുന്നതു..കുടുംബത്തിലെ ആദ്യതെ കുഞ്ഞു. പൊക്കിക്കൊണ്ട് നടക്കുമാരുന്നു ഞാൻ. അങ്ങനെ ഒരു മഴക്കാലം വന്നു. ഊത്ത പിടുത്തം ബഹളം..എനിക്കാണേൽ അത് കാണാൻ പോകാൻ ആഗ്രഹം. ഒടുവിൽ ഒരു വയസുള്ള കുഞ്ഞിനേയും പൊക്കി എടുത്തു ഞാൻ തോട്ടിലേക്കു പോയി പോകുന്ന വഴി ഒരു ചെറിയ കനാൽ ഉണ്ട്. വേഗം എത്താൻ കുഞ്ഞിനേയും കൊണ്ടു ഓടിയത് മാത്രേ ഓര്മയുള്ളു. കാലു തെന്നി ഞാനും കുഞ്ഞും കനാലിൽ വീണു..മഴ പെയ്ത് നല്ല വെള്ളപൊക്കം..നീന്തൽ അറിയാവുന്നത് കൊണ്ടു കുഞ്ഞിനെ നെഞ്ചോടു ചേർത്ത് കനാലിന്റെ കരയിൽ കേറി ഇരുന്നു.വീണപ്പോ കല്ലിൽ തട്ടിയത് ആവാം എന്റെ ഇടത്തെ തുടയിൽ കമ്പു കീറുമ്പോലെ  ഒരു വല്യ മുറിവ്..ആരൊക്കെയോ ഓടി വന്നു കുഞ്ഞിനെ പിടിച്ചു വാങ്ങി വെള്ളം ഓക്കെ തട്ടി കളഞ്ഞു. ഈ നേരം കൊണ്ടു ഞാൻ കനാലിൽ വീണ കാര്യം തിരുവല്ല മൊത്തം അറിഞ്ഞു .അമ്മേടെ അടി അറിയാം എങ്കിലും ഞാൻ പയ്യെ കുഞ്ഞിനേയും കൊണ്ടു വീട്ടിലേക്കു ചെന്നതും അമ്മ കുഞ്ഞിനെ വാങ്ങി അകത്തു കൊണ്ടു കിടത്തിട്ട് എന്നെ പിടിച്ചു വീണ്ടും പൂവാരിശിൽ കൊണ്ടു കെട്ടിയിട്ടു…

ഈ പ്രാവശ്യം അടിച്ചില്ല..പകരം രാവിലെ പത്തു മണി മുതൽ വൈകുന്നേരം ആറു മണി വരെ ഒരു വറ്റു ചോറു പോലും തരാതെ ആ പെരു മഴത്തു എന്നെ നിർത്തി. അതും ചോര ഒലിക്കുന്ന കാലും ആയിട്ട്..ഞാൻ കുഞ്ഞിനേയും കൊണ്ടു വീണു എന്നത് മാത്രേ അച്ചാച്ചൻ അറിഞ്ഞുള്ളൂ. എന്നെ പട്ടിണിക്ക് നിർത്തി എന്നത് വൈകുന്നേരം ആയപ്പോ ആരോ പറഞ്ഞു അറിഞ്ഞിട്ടു കടയിൽ ആരെയോ നിർത്തി അച്ചാച്ചൻ ഓടിവന്നു. അമ്മേ വായിൽ വന്ന ചീത്ത ഓക്കെ വിളിച്ചു എന്നെ അഴിച്ചു എടുക്കുമ്പോ ചോര കുറെ പോയതിന്റെ ആവാം ഞാൻ മയങ്ങി വീണു..

ഒടുവിൽ അപ്പുറത്തെ കുഞ്ഞൂഞ്ഞു ചേട്ടനും അച്ചാച്ചനും കൂടെ എന്നെ പൊക്കിക്കൊണ്ട് തിരുവല്ല ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ടോയി. പനി കൂടി ടൈഫോയ്‌ഡ് ആയി. രണ്ടാഴ്ച ഹോസ്പിറ്റലിൽ വാസം..ഹോസ്പിറ്റലിൽ എനിക്ക് കൂട്ട് കൂഞ്ഞൂഞ്ഞു ചേട്ടന്റെ മോൾ ഓമന….

കൃത്യമായി ഒരു മാസം കഴിഞ്ഞില്ല ദേ ഞാൻ അടുത്ത എന്തോ കുരുത്തക്കേട് ഒപ്പിച്ചു..അമ്മേടെ കൈയിൽ കിട്ടിയത് കുക്കർ ആണ്. അതും കൊണ്ടു ഒരൊറ്റ ഏറു എനിക്കിട്ടു..നമ്മൾ ആരാ മോൾ. ഒഴിഞ്ഞു മാറി എങ്കിലും തലക്കിട്ടു എറിഞ്ഞ കുക്കർ കൃത്യമായി ഇടത്തെ തോളിൽ കൊണ്ടു.( ഇപ്പോളും ഇടത്തെ തോളിലു ഒരു വേദന ഉണ്ടേ )

എനിക്ക് അമ്മയോർമ്മകൾ കണ്ണീരു ആണെങ്കിൽ എന്റെ മാലാഖാമാർക്കു അമ്മയോർമ്മകൾ ചിരി നിറഞ്ഞതും കുസൃതി നിറഞ്ഞതും ആണ്……

ഇത്രയൊക്കെ കിട്ടിട്ടും ഞാൻ നന്നായോ..അതും ഇല്ല. തല്ലിപൊളിയുടെ, കടന്നൽ കൂടിന്റെ തേനീച്ച കൂടായി ഞാൻ ഇന്നും ഇങ്ങനെ മുന്നോട്ടു….. 🤭😂