അമ്മായി അല്ലെ ഈ ആലോചന കൊണ്ട് വന്നത്..പെട്ടന്ന് തിരിഞ്ഞു നിന്നു ഉണ്ണിമായ ചോദിച്ചത് കേട്ട് ദേവകിയമ്മായി അടക്കം എല്ലാരും ഞെട്ടി..

ഇവിടെ എല്ലാം ഇങ്ങനാണ്…

Story written by Unni K Parthan

=====================

“ഭർത്താവിന്റെ ചേതനയറ്റ ശരീരം കണ്ടിട്ട് പൊട്ടികരയാത്തവളാണ്..കണ്ടില്ലേ..ചിതയുടെ ചൂടാറിട്ടില്ല..നടക്കുന്ന നടപ്പ് കണ്ടോ..”

ഗിരിയേട്ടന്റെ മരണം കഴിഞ്ഞു പുലയടിയന്തിരത്തിന്റെ അന്ന് രാത്രി ദേവകി അമ്മായിയുടെ സംസാരം കേട്ട് ഉണ്ണിമായയുടെ ഉള്ളൊന്നു പിടഞ്ഞു..വാക്കുകൾക്ക് നമ്മേ ഇത്രയും ആഴത്തിൽ വേദനിപ്പിക്കാൻ കഴിയുന്നു എന്ന് അറിഞ്ഞു തുടങ്ങി ഉണ്ണിമായ..

“അമ്മായി അല്ലെ ഈ ആലോചന കൊണ്ട് വന്നത്..” പെട്ടന്ന് തിരിഞ്ഞു നിന്നു ഉണ്ണിമായ ചോദിച്ചത് കേട്ട് ദേവകിയമ്മായി അടക്കം എല്ലാരും ഞെട്ടി..

“മോളേ..” ഉണ്ണിമായയുടെ അച്ഛൻ ഓടി വന്നു ഉണ്ണിമായയേ ചേർത്ത് പിടിച്ചു..

“അറിയാലോ….വിവാഹം കഴിഞ്ഞു ഏഴ് വർഷം ആയി..എന്റെ ഗിരിയേട്ടൻ ഇപ്പോളും എന്റെ കൂടെ ഉണ്ട് എന്ന് തന്നാ എന്റെ വിശ്വാസം..

“ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് ഞാൻ..” ഉറച്ചതായിരുന്നു ഉണ്ണിമായയുടെ ശബ്ദം..

പിറന്ന നാടിന്നു വേണ്ടി വീരമൃത്യു വരിച്ച ധീര സൈനികന്റെ വിധവ..എല്ലാരും കണ്ടതല്ലേ..നമ്മുടെ ഗിരിയേട്ടനെ നാട് നൽകിയ വിട…

ഇട്ടിരുന്ന യൂണിഫോം ദേശീയ പതാകയിൽ പൊതിഞ്ഞു ഞാൻ വാങ്ങിയപ്പോൾ എന്റെ കൈകൾ വിറച്ചില്ല..ഞാൻ കരഞ്ഞില്ല..ഇനീം കരയില്ല…കാരണം ഞാൻ ഒരു പട്ടാളക്കാരന്റെ ഭാര്യയാണ്..എന്റെ ഗിരിയേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട് ജോലിയുടെ ഗൗരവം..ഏത് നിമിഷവും..നിനക്ക് ആ വാർത്ത കേൾക്കേണ്ടി വരാം..അന്ന് നീ കരയരുത്..ഒന്ന് ഉറക്കേ വിളിച്ചേക്കണം..എന്റെ ശരീരം നിന്റെ അടുത്ത് എത്തുമ്പോൾ….

ഭാരത് മാതാ കി ജയ്…എന്ന്..

അത് മതി പെണ്ണേ ഒരു പട്ടാളകാരന്റെ മരണത്തിനു കിട്ടുന്ന സിവിലിയൻ ബഹുമതിയേക്കാളും എത്രയോ വലുതാണ് ആ വാക്കുകൾ എന്ന് അറിയുമോ..എന്നെ ചേർത്ത് പിടിച്ചു പലപ്പോഴും പറഞ്ഞു പഠിപ്പിച്ച ഒരു കാര്യം ആയിരുന്നു അത്..

കരയരുത്..തളരരുത്..നാടും..നാട്ടുകാരും..രാജ്യവും നിന്റെയും മോളുടെയും കൂടെ ഉണ്ടാവുമെന്ന്…”

ഉണ്ണിമായ നിന്നു കിതച്ചു…

“മോളേ…” അച്ഛൻ ഒന്ന് കൂടെ ഉണ്ണിമായയേ ചേർത്ത് പിടിച്ചു..

“ഈ ഉണ്ണിമായയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണു നീര് വീഴില്ല..പക്ഷെ..എന്റെ ഒരു നോട്ടത്തിൽ ചിലപ്പോൾ ഭസ്മമായി പോകും എല്ലാം…കാരണം ഞാൻ ഒരു പട്ടാളക്കാരന്റെ ഭാര്യയാണ്..ധീര വനിത..ഒരു കാര്യം കൂടി കേട്ടോ..അഞ്ചു വയസുകാരിയായ ഞങ്ങളുടെ ദേവു മോളേ ഞാൻ പട്ടാളത്തിൽ ചേർക്കും..ഞങ്ങളുടെ മോൾക്ക്‌ ഇപ്പോളേ അത് സമ്മതമാണ്…

അല്ലേ മോളേ..” അതും പറഞ്ഞു ഉണ്ണിമായയുടെ സംസാരം കേട്ട് കൊണ്ടിരുന്ന ദേവു മോള് തലയാട്ടി..

“മ്മ്..എനിച്ചും അച്ഛനെ പോലേ പട്ടാളത്തിൽ ആവണം..”

“ഞാൻ ഒരു ഭാര്യയാണ്..വീര മൃത്യു വരിച്ച ധീരസൈനികന്റെ ധീര വനിതയാണ് ഞാൻ..

എന്റെ ഗിരിയേട്ടന്റെ വീരമൃത്യുവിൽ ഞാൻ കരയില്ല..അത് നോക്കി ഇവിടെ ആരും നോക്കി ഇരിക്കുകയും വേണ്ടാ..

ഞാൻ ഒരു അമ്മയാണ്..വാത്സല്യ നിധിയായ അമ്മ..എനിക്ക് എന്റെ മോള് മതി ഇനി മുന്നോട്ടുള്ള ജീവിതത്തിനു വെളിച്ചം പകരാൻ..”

ദേവു മോളേ എടുത്തു ഉണ്ണിമായ അകത്തേക്ക് നടന്നു..

ശുഭം..