ഒരു സഹോദരൻ എന്നതിനും അപ്പുറം ഒരമ്മ ചെയ്യേണ്ട കടമ ഒരിക്കൽ പോലും എന്നെക്കൊണ്ട് ചെയ്യാൻ കഴിഞ്ഞില്ല….

Story written by Jishnu Ramesan

=============

വേണിക്ക് വയസറിയച്ചപ്പോഴായിരുന്നൂ ഒരമ്മയുടെ സാമീപ്യവും സ്നേഹവും പരിചരണവും അവൾക്ക് വേണമായിരുന്നു എന്ന ചിന്ത വിപിനെ അലട്ടിയത്…

കടം വാങ്ങിയവർ ദിവസേന വീട്ടിൽ കയറി പ്രശ്നമുണ്ടാക്കിയപ്പോ ആ ത്മ ഹത്യ എന്ന വഴിയാണ് അച്ഛൻ തിരഞ്ഞെടുത്തത്.. പിടിച്ചു നിൽക്കാമായിരുന്നിട്ടും അച്ഛൻ എന്തിന് ആത്മഹത്യ ചെയ്തു എന്ന് ഇന്നും അറിയില്ല..

അച്ഛൻ പോകുമ്പോ അമ്മയ്ക്ക് വേണിയെ എട്ടാം മാസമാണ്.. കുഞ്ഞനിയത്തി വേണി വന്നതിൽ പിന്നെ അവനെല്ലാം അവളാണ്.. കുടുംബശ്രീ സഹായം കൊണ്ട് വീടിന് തൊട്ടടുത്ത് തന്നെ ഒരു ചെറിയ പലചരക്ക് കട തുടങ്ങാൻ കഴിഞ്ഞു..അമ്മയെ കടയിൽ സഹായിക്കാൻ ഞാനും പിന്നെ വീടിനടുത്ത് തന്നെയുള്ള ഞങ്ങളുടെ വല്യമ്മയും വരും..

അച്ഛന്റെ ആ ത്മ ഹത്യ ഒരു സിമ്പതി എന്നോണം കടം വാങ്ങിയവർ പലരും ഒഴിവാക്കി..ചിലപ്പോ അച്ഛൻ ഏതോ ലോകത്തിരുന്ന് താൻ ചെയ്ത അബദ്ധം ഓർത്ത് വിങ്ങുന്നുണ്ടാവും…

വിധിയെന്ന പാഴ് വാക്ക് വേണിക്ക്‌ എട്ട് വയസുള്ളപ്പോ ഞങ്ങളുടെ അമ്മയെയും കൊണ്ടു പോയി..കുറച്ച് കഷ്ടപ്പെട്ടിട്ട്‌ ആണെങ്കിലും ഡിഗ്രീ മൂന്നാം വർഷം പൂർത്തിയാക്കിയിരുന്നു ഞാനന്ന്..

പിന്നീട് ഞാൻ തന്നെയായിരുന്നു എന്റെ അനിയത്തികുട്ടിക്ക് എല്ലാം.. സ്കൂളിൽ കൊണ്ടാക്കുന്നതും തല ചീകി കെട്ടുന്നതും അങ്ങനെ എല്ലാം..പിന്നെ തൊട്ടടുത്ത് വല്യമ്മ ഉണ്ട് ,അതൊരു വല്യ സഹായം തന്നെയാണ്.. പാവം അവിടുത്തെ ജോലിയെല്ലാം ഒതുക്കി നേരെ വീട്ടിലേക്ക് വരും..

ഡിഗ്രിക്ക് ശേഷം പിന്നീട് ഒരു ജോലിക്കോ തുടർ പഠനത്തിനോ പോയില്ല..അമ്മയായി തുടങ്ങി വെച്ച പലചരക്ക് കട നല്ല രീതിയിൽ തന്നെ ഞാൻ നടത്തിക്കൊണ്ട് പോയി…

ഒരു സഹോദരൻ എന്നതിനും അപ്പുറം ഒരമ്മ ചെയ്യേണ്ട കടമ ഒരിക്കൽ പോലും എന്നെക്കൊണ്ട് ചെയ്യാൻ കഴിഞ്ഞില്ല…എല്ലാത്തിനും വല്യമ്മയാണ് സഹായത്തിനു…

വേണിക്ക്‌ വയസറിയച്ചപ്പോ അവളും അമ്മയുടെ സാമീപ്യം ആഗ്രഹിച്ചിട്ടുണ്ടാവും….ഒരിക്കൽ പോലും എന്നോട് അമ്മയെ പറ്റി ചോദിച്ചിട്ടില്ല..മനഃപൂർവം ആയിരിക്കാം ചോധിക്കാത്തത്..എല്ലാം അറിഞ്ഞു തുടങ്ങിയ പ്രായത്തിലാണല്ലോ അമ്മ ഞങ്ങളെ വിട്ട് പോയത്…

വേണി ഒരു പെൺകുട്ടി ആയതിനു ശേഷം മനസ്സിൽ വല്ലാത്തൊരു ഭയമാണ്..ക്ലാസ് കഴിയുന്ന സമയത്ത് കട വല്യമ്മായെ ഏൽപ്പിച്ച് ഞാൻ അവളെ കൂട്ടാൻ ബൈക്കും എടുത്ത് പോകും…

അവളുടെ വിവാഹ പ്രായം ആയതോടു കൂടി നല്ല ആലോചനകളും വന്നു തുടങ്ങി..ഒരിക്കൽ പോലും ദൂര സ്ഥലത്തേക്ക് എന്റെ വേണി മോളെ കെട്ടിച്ചുവിടാൻ താല്പര്യമില്ല…

നല്ലൊരു ആലോചന വന്നപ്പോ അവളുടെ ഇഷ്ടത്തോടെ ആണെങ്കിലും വിവാഹത്തിന് സമ്മതം പറഞ്ഞപ്പോ അവളുടെ ഉണ്ടക്കണ്ണുകൾ നിറഞ്ഞിരുന്നു…കല്യാണ ചെക്കന് എന്റെ കുഞ്ഞനിയത്തിയെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഞാൻ തന്നെയാണ് കൈ പിടിച്ച് കൊടുത്തത്…

അച്ഛന്റെയും അമ്മയുടെയും ഫോട്ടോയ്ക്ക് മുന്നിൽ കൊച്ചു കുഞ്ഞിനെ പോലെ അവള് വിങ്ങി പൊട്ടി..കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വേണി ഈ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ ഒന്ന് പൊട്ടിക്കരയാൻ തോന്നി…പക്ഷേ പിടിച്ചു നിന്നു എന്ന് തന്നെ പറയണം..

ആ ഒരു രാത്രി ബന്ധുക്കളോക്കെ ഉണ്ടായിരുന്നിട്ടും തികഞ്ഞ ഏകാന്തതയായിരുന്നു ഇവിടം…

ഇന്നിപ്പോ ഈ വീട്ടിലെ ഒരു അതിഥിയെ പോലെ ഇടക്ക് വേണി വരും..പക്ഷേ ഇപ്പോഴും ഇവിടുത്തെ എന്റെ കുഞ്ഞനിയത്തി തന്നെയാണ് അവള്..അതിനിടക്ക് ഒരു കുഞ്ഞു വാവയ്ക്ക്‌ ജന്മം കൊടുത്തു അവള്…പലപ്പോഴും ഒറ്റക്കിരുന്നു കരഞ്ഞിട്ടുണ്ട് ഞാൻ..

ബന്ധുക്കളുടെയും വേണിയുടെയും നിർബന്ധം എന്നെ കൊണ്ടൊരു കല്യാണം കഴിപ്പിക്കാൻ തന്നെയാണ്…കാരണം, ‘എത്ര നാള് ഒറ്റയ്ക്ക് ജീവിക്കും, ഏട്ടനും ഒരു കൂട്ട് വേണ്ടേ’ എന്ന് തന്നെയാണ്..

ഇന്നിപ്പോ എനിക്ക് ചേർന്ന ഒരു പെണ്ണിനെ അവള് തന്നെ തിരഞ്ഞു പിടിച്ചു…നാളെ എന്റെ വിവാഹമാണ്, വീട്ടിലെ കാര്യകാരിയായി എല്ലാത്തിനും വേണി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുകയാണ്…

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോ മനസ്സിൽ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, “ഇതൊക്കെ കാണാൻ ഞങ്ങളുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ..” മനസ്സിലൊരു വിങ്ങലായിരുന്നു ആ നിമിഷം….

~ജിഷ്ണു രമേശൻ