അങ്ങനുണ്ടായിരുന്നേൽ അവളുടെ വിവാഹം ഉറപ്പിക്കും മുൻപെങ്കിലും ഒരു വാക്ക് നിന്നോടവൾ ചോദിച്ചേനെ…

Story written by Rejitha Sree

==================

“നീ ഇങ്ങനെ നെഞ്ചിലിട്ടു ഊതി കത്തിക്കാൻ അവൾ നിന്നെ സ്നേഹിച്ചിട്ടുണ്ടോ..?

“അങ്ങനുണ്ടായിരുന്നേൽ അവളുടെ വിവാഹം ഉറപ്പിക്കും മുൻപെങ്കിലും ഒരു വാക്ക് നിന്നോടവൾ ചോദിച്ചേനെ.. “

“ഇതിപ്പോ എന്തിന്റെ പേരിലാ നീ ഇങ്ങനെ.””!

ദേഷ്യത്തോടെ ശരത് അവന്റെ തോളിൽ പിടിച്ചു തള്ളി.. “ഇങ്ങനൊന്നുമായിരുന്നില്ല നീ.. ഇതിപ്പോ ആകെ കോലം കെട്ട്.. ന്തുവാടാ ഇത്..?

വിഷ്ണുവിന്റെ കോലം കണ്ട് ശരത്തിന്റെ കണ്ണുനിറഞ്ഞു..

വിഷ്ണുവിന്റെ ഓരോ രാത്രിയും പകലും ഉറക്കം കെടുത്തിയ ചോദ്യവും അതായിരുന്നു…

7 വർഷം മുൻപ് ചേട്ടന്റെ മകളുടെ കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങിലായിരുന്നു തനുവിനെ ഞാൻ ആദ്യമായി കണ്ടത്. കണ്ടപ്പോഴേ അവൾ എനിക്കുള്ളതാണെന്നു ഞാൻ അങ്ങ് ഉറപ്പിച്ചു.

പിന്നീട് അവളെ ഓരോ വട്ടം കാണുംതോറും അവളുടെ കണ്ണുകൾ ഞാൻ കാണാതെ ഒരുപാട് സ്വപ്‌നങ്ങൾ എന്റെ കണ്ണുകളിലേയ്ക്ക് പകർന്നു നൽകി.

കുടുംബക്കാർ തമ്മിൽ നേരത്തെ പരിചയമുള്ളതുകൊണ്ട് ഞങ്ങളെ ആരും സംശയിച്ചതുമില്ല. എന്റെ കൂട്ടുകാരന്റെ ചേച്ചിയാണ് ഒടുവിൽ ആ രഹസ്യം കണ്ടുപിടിച്ചത്.

“അതെ ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന്.” പിന്നെ എല്ലാവരുടെയും പ്രണയം പോലെയുള്ള നീണ്ട ഫോൺ വിളികളും ചാറ്റും ഒക്കെയായി വർഷങ്ങൾ അങ്ങനെ കഴിഞ്ഞുപോയി.

“വിഷ്ണുവേട്ടാ.. ഇനിയും ഇങ്ങനെ പ്രണയിച്ചു പോകാൻ പറ്റില്ല വീട്ടിൽ കല്യാണാലോചനകൾ വരുന്നുണ്ട്… കാര്യങ്ങൾക്ക് ഒരു തീരുമാനം എന്റെ വീട്ടുകാരെ അറിയിക്കണം.. “

“ആ.. എനിക്കറിയാം. പക്ഷെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാൻ എനിക്ക് ഒരു ജോലി വേണ്ടേ..”

വിഷ്ണുവിന്റെ വാക്കുകൾ കേട്ട് “തനു”മൗനം പാലിച്ചു

“ഡോ.. പെണ്ണെ.. താൻ വിഷമിക്കേണ്ട.. “

അപ്പുറത്തെ വീട്ടിലെ ശങ്കരേട്ടന്റെ മകൻ ശരത് ദുബായിലാണ്. ഈ വരവിനു തിരിച്ചു പോകുമ്പോൾ എന്നെയും കൂട്ടാമെന്നു പറഞ്ഞിട്ടുണ്ട്.

“പിന്നെ… സിവിൽ എഞ്ചിനീയർ ഒരു കുറഞ്ഞ പണിയൊന്നുമല്ലെടോ..”

അതുകേട്ട അവളുടെ ചിരിയുടെ ശബ്ദം എന്റെ മനസ്സിൽ അവളുടെസന്തോഷത്താൽ തെളിഞ്ഞ മുഖത്തെ ഓർമിപ്പിച്ചു.

“പോകും മുൻപ് നിന്റെ അച്ഛനെ ഒന്ന് വന്ന് കാണുന്നുണ്ട് ഞാൻ. ന്നിട്ട് പറയണം എന്റെ പെണ്ണിനെ ആർക്കും കൊടുക്കരുതെന്ന്… “

“മ്മ്.. ന്നിട്ട്.. ” അവൾ കൊതിയോടെ കേട്ടിരുന്നു

“ന്നിട്ട്. കെട്ടിക്കൊണ്ടിങ്ങുപോരും… “

“ന്നാ പെട്ടന്ന് തന്നെ വന്നുപറഞ്ഞോണം.. “

പക്ഷെ കാര്യങ്ങൾ എന്റെ എന്റെ അമ്മയെ ധരിപ്പിച്ചപ്പോഴേ അമ്മ വീട്ടിൽ ഇല്ലാത്ത ബഹളം ഉണ്ടാക്കി.

“ഇതിപ്പോ ഒരു പെങ്ങളൊരുത്തി നിനക്കുണ്ടെന്ന വല്ല വിചാരവും നിനക്കുണ്ടെൽ ഇങ്ങനെ നീ ചിന്തിക്കുമോ വിഷ്ണു.. ” അമ്മയുടെ തീപാറുന്ന ദേഷ്യം വിഷ്ണുവിന്റെ ആഗ്രഹങ്ങൾക്ക് മേലെ കനലുകൾ കോരി നിറച്ചു.

ഒന്നിനും ഒരു മറുപടി അപ്പോൾ നല്കാനാകാതെ ഞാൻ പിറ്റേ ആഴ്ച തന്നെ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

ദുബൈയിൽ എത്തിയിട്ട് ആദ്യം വിളിച്ചത് അവളെയായിരുന്നു. തന്റെ യാത്ര അവളെ അത്രയേറെ വേദനിപ്പിച്ചിരുന്നു.

പിന്നെയുള്ള ഞങ്ങളുടെ സംസാരങ്ങളിൽ എപ്പോഴും ഭാവിയിലേക്കുള്ള നിറം പകർന്ന സ്വപ്‌നങ്ങൾ ആയിരുന്നു.

വിവാഹത്തിനോടുള്ള അമ്മയുടെ എതിർപ്പ് സംസാരത്തിനിടയിൽ എപ്പോഴോ ഞാൻ അവളോട് പറഞ്ഞു. ആദ്യം പ്രശ്നമൊന്നുമില്ലന്നു പറഞ്ഞെങ്കിലും പിന്നീട് പിന്നീട് അവളുടെ സംസാരത്തിൽ മാറ്റം വരാൻ തുടങ്ങി.

വീട്ടുകാരുടെ സമ്മതമില്ലാതെ അവളെ കെട്ടിക്കില്ലന്നു അവളുടെ വീട്ടുകാരും അവളെ അറിയിച്ചു. അതിൽ പിന്നെ അവളുടെ ഇങ്ങോട്ടുള്ള കാൾ ഇല്ലാണ്ടായി. ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ മാത്രം സംസാരം. ഒരു വട്ടം വിളിച്ചപ്പോൾ അവളുടെ അമ്മ ഫോൺ എടുത്തു.

“എന്താ മോനെ.. നിനക്ക് സുഖമാണോ “

.അമ്മയുടെ ചോദ്യം എന്തൊക്കെയോ പറയാൻ വേണ്ടി അവളെ വിളിച്ച എന്റെ ശബ്ദമടപ്പിച്ചു

“സുഖമായിരിക്കുന്നു.. അവളെവിടെ അമ്മേ”

“അവളുണ്ട് മോനെ വയ്യാന്നു പറയുന്നു. കൊടുക്കണോ.. “

“വേണ്ട കിടക്കുവാണേൽ കിടന്നോട്ടെ.. ഞാൻ പിന്നെ വിളിച്ചോളാം… “

വിഷ്ണു ഫോൺ കട്ട്‌ ചെയ്തു..

പിന്നീട് പല ആവർത്തി ദിവസങ്ങളോളം വിളിച്ചെങ്കിലും അവൾ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല. അയക്കുന്ന മെസ്സേജ് ആദ്യമൊക്കെ റീഡ് ആകുന്നുണ്ടെങ്കിലും പിന്നീട് ആ നീലവരകൾ കാണാതെയായി. പിന്നെ ആ നമ്പറിലേയ്ക്ക് തന്റെ കോളും മെസ്സേജും ഒന്നും പോകാതായി….

അവളുടെ അകൽച്ച എന്തിനാണെന്ന് മനസ്സിലാകാതെ ഞാൻ…ഫോണിൽ വരുന്ന ഓരോ കോളും മെസ്സേജും അവളുടെയാകുമെന്നോർത്തു… പക്ഷെ..

ഉണ്ടായില്ല.. എങ്കിലും നാട്ടിൽ വന്നാൽ ഉടനെ അവളെ കാണണമെന്നും കല്യാണം നടത്താമെന്നും എന്റെ മനസ്സിൽ ഉറപ്പുണ്ടായിരുന്നു. എന്റെ തനു അത്ര പാവമാണ്..അവൾക്ക് ഒരിക്കലും എന്നെ മറക്കാൻ ആകില്ല. ഞാൻ ഉറച്ചു വിശ്വസിച്ചു.

നാട്ടിൽ അമ്മയോട് വിവാഹത്തെ പറ്റി ചോദിക്കുമ്പോൾ അമ്മ ഒരിക്കലും സമ്മതിക്കില്ലെന്ന വാക്ക് തന്നെ അപ്പോഴും പറഞ്ഞു…

അന്ന് നാട്ടിൽ നിന്നുവന്ന കാൾ അത്ര സുഖമുള്ള വാർത്ത ആയിരുന്നില്ല സമ്മാനിച്ചത്. പെങ്ങൾ സ്വന്തം ജീവിതം മറ്റൊരാളുമായി ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു. കല്യാണം നടത്തികൊടുത്തില്ലെങ്കിൽ ഇറങ്ങിപോകുമെന്ന ഭീഷണിയാണ്. അതേത്തുടർന്ന് അമ്മയും അച്ഛനും അവരുടെ രജിസ്റ്റർ മാര്യേജ് നടത്തി കൊടുത്തു. കൊള്ളാം… അവൾക്ക് സ്വന്തം ആഗ്രഹങ്ങൾ ഇത്ര നാൾ വളർത്തിയവരെക്കാൾ എത്ര വലുതായിരുന്നു… അച്ഛൻ ഒരേയൊരു മകളാണെന്ന്‌ പറഞ്ഞു ഉത്സവ പറമ്പിൽ പോകുമ്പോൾ അവളെ തലയിലേറ്റി നടക്കുമായിരുന്നു. അവൾക്കിഷ്ടപെട്ട സാധങ്ങൾ കൊണ്ട് മുറിയാകെ അവൾ നിറച്ചിരുന്നു.

പെങ്ങളുടെ ആഗ്രഹങ്ങൾക്ക് ഒന്നും എതിരുപറയാതെ ഞാനും അവളുടെ കൂടെത്തന്നെയുണ്ടായിരുന്നു …എന്നിട്ടും… ഓരോന്നോർത്ത് വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞു. ..

മാസങ്ങളും ദിവസങ്ങളും ഒരു അർത്ഥവുമില്ലാതെ എന്റെ ജീവിതത്തിൽ കൊഴിഞ്ഞുകൊണ്ടേയിരുന്നു..

മുഖപുസ്തകത്തിലേയ്ക്ക് നോക്കിയിരുന്ന എനിക്ക് അന്ന് പരിചിതമല്ലാത്ത ഒരു id യിൽ നിന്നു ഒരു “ഹായ്” വന്നു

“ഇയാളെന്തുചെയ്യുന്നു. “

ചോദ്യ മെസ്സേജ് കണ്ടപ്പോൾ വിഷ്ണു പ്രൊഫൈൽ ഒന്നാരിച്ചുപെറുക്കി. ഒരു ഫേക്ക് id ആണ്.

“ഒന്നും ചെയ്യുന്നില്ല. “ഞാൻ മറുപടി കൊടുത്തു.

ന്റെ മറുപടി കണ്ടിട്ട് വിടുന്ന ലക്ഷണമില്ലാതെ അവൾ വീണ്ടും മെസ്സേജ് അയച്ചുകൊണ്ടിരുന്നു. അങ്ങനെ വളരെ കുറച്ചു ദിവസം കൊണ്ട് ഒരു നല്ല സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായി. അതുകൊണ്ടാണോ എന്തോ കുറെ കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു

“ചേട്ടനെ ആരേലും ഇഷ്ടമാണെന്നു പറഞ്ഞാൽ എന്തുചെയ്യും ന്ന് “

ഒരു നീണ്ട നിശബ്ദതയ്ക്കു ശേഷം ഞാൻ ടൈപ്പ് ചെയ്തു

“എന്നെ കാത്ത് ഒരു പെൺകുട്ടി നാട്ടിൽ ഉണ്ട്. നാട്ടിൽ എത്തിയിട്ട് അവളെ വിവാഹം ചെയ്യാനിരിക്കയാണ് ഞാൻ.. “

പിന്നീട് ആ ഫേക്ക് ഐഡി ശബ്ദിച്ചതേയില്ല.

പിറ്റേന്ന് രാവിലെ അറിയാത്ത ഒരു നമ്പറിൽ നിന്നും ഒരു കാൾ വന്നു ട്രൂകോളറിൽ നാട്ടിലെ ഏതോ നമ്പർ ആണെന്ന് എഴുതി കാട്ടി ഞാൻ കാൾ അറ്റൻഡ് ചെയ്തു

“എന്നെ മറന്നോ.”

മറുവശത്തെ ശബ്ദത്തിന്റെ ഉടമ എന്റെ തനു ആണെന്ന തിരിച്ചറിവ് നെഞ്ചിൽ ഒരു പിടച്ചിലുണ്ടാക്കി..

“ഞാൻ എങ്ങനെ മറക്കാനാണ്.. നീയല്ലേ ഒരുമുന്നറിയിപ്പുമില്ലാതെ എന്നെ വേണ്ടന്നു വച്ച് പോയത്..”

“അത്.. ” നീണ്ട നിശബ്ദയ്ക്ക് ശേഷം അവൾ പറഞ്ഞു.. “ഇത് എന്റെ അമ്മയുടെ നമ്പർ ആണ്. സേവ് ചെയ്യണ്ട. ഞാൻ എന്റെ നമ്പറിൽ നിന്നു വിളിക്കാം…”

പിന്നീടുള്ള ഞങ്ങളുടെ ദിനങ്ങൾ പണ്ടത്തേതിലും മനോഹരമായി എനിക്ക് തോന്നി..നിത്യേനയുള്ള ഫോൺ വിളികൾ ആഗ്രഹങ്ങൾ ഓരോന്നായി വീണ്ടും പെറുക്കികൂട്ടിയപ്പോൾ നെഞ്ചിൽ അവൾ പണ്ട് കുത്തിയ വേദന ഒരു മുള്ളിന്റെ വേദന മാത്രമായി..

ഇടയ്ക്കെപ്പോഴോ ഉള്ള സംസാരത്തിൽ വീണ്ടും ആ നഷ്ടം ഓർമ്മവന്നപ്പോൾ വിഷ്ണു പറഞ്ഞു

“ഇനിയുമൊരു വേദന താങ്ങാൻ എനിക്കാകില്ല തനു “

” നീ ഇല്ലാതായപ്പോൾ ഞാൻ അനുഭവിച്ച ഏകാന്തത നിന്നോട് വാക്കുകളിലൂടെ വർണ്ണിക്കാൻ എനിക്കാകില്ല… അത്രയ്ക്ക്… വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞു.. ഇനി നീ എന്നെ വിട്ടുപോകരുത്.. ഈ ലോകത്തിൽ മറ്റൊന്നിനും പകരം വക്കാൻ ഞാൻ നിന്നെ കൊടുക്കില്ല…. ഇനിയൊരു നഷ്ടം… താങ്ങില്ല ഞാൻ.. എന്റെ കൂടെ വേണം നീ ” വിഷ്ണുവിന്റെ വാക്കുകൾ ഇടറി…

മറുതലയ്ക്കൽ നിന്നു മറുപടിയ്ക്കുപകരം കേട്ടത് തനുവിന്റെ അടക്കിപ്പിടിച്ച തേങ്ങലായിരുന്നു.

വീട്ടിൽ അമ്മയുടെ സമ്മതം മാത്രം ഇല്ലാതിരുന്നത് വിഷ്ണുവിന്റെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി..സമയമുണ്ടല്ലോ.. ഞാൻ നാട്ടിൽ വരും മുൻപ് ശരത് നാട്ടിൽ എത്തും അവനെക്കൊണ്ട് സംസാരിപ്പിക്കാം. അവനാകുമ്പോൾ അമ്മയുടെ രീതിയ്ക്കനുസരിച്ചു സംസാരിച്ചോളും..പക്ഷെ അപ്പോൾ ഞാനും അവിടെ ഉണ്ടാകണം. ഇനിയും ഇവിടെ നിന്നാൽ എനിക്ക് എന്റെ തനുവിനെ…ഞാൻ ലീവിനുള്ള കാര്യങ്ങൾ എല്ലാം ശെരിയാക്കി. എന്റെ പ്രാർത്ഥന കൊണ്ടോ എന്തോ പെട്ടന്ന് തന്നെ ലീവ് അനുവദിച്ചുകിട്ടി.

നാട്ടിലെ പച്ചപ്പിൽ കാലുകുത്തിയപ്പോൾ മനസ്സിൽ പുതുശ്വാസം വീണപോലെ..കാറിന്റെ സൈഡ് ഗ്ലാസ്സിലൂടെ വിഷ്ണു പുറത്തേക്കു നോക്കിയിരുന്നു.

“എന്താ ഇനി നിന്റെ പ്ലാൻ..? ശരത് ഡ്രൈവ് ചെയ്യുന്നതിനിടെ വിഷ്ണുവിന്റെ മുഖത്തുനോക്കി ചോദിച്ചു.

“എന്താ..അമ്മയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കണം. ” നിന്നെക്കൊണ്ടേ അത് നടക്കു ശരത്.

ശരത് ഇരുത്തിയൊന്ന് മൂളി..

“കൊള്ളാം നിന്റെ അമ്മയോട്..” അതിലും ഭേദം ഞാൻ വല്ല പറമ്പിലും പോയി ആകാശം നോക്കി പറയുന്നതാ…

“എടാ.. നീ എന്തോർത്തൊണ്ട..അമ്മയുടെ സ്വഭാവം നിനക്കറിയില്ലേ നീ അവളോട് ഇറങ്ങിവരാൻ പറ… കെട്ടുകഴിഞ്ഞു വീട്ടിൽ ചെല്ലാം…”

“അതിനു അവൾ ഇറങ്ങി വരേണ്ടെ…”

ഞാൻ അത് പറഞ്ഞതാ. അപ്പോൾ “വീട്ടിൽ സമ്മതമില്ലാതെ അവൾ ഒന്നിനുമില്ലെന്ന്…!!

“ഇതിപ്പോൾ ഒന്നും നടക്കില്ല” ശരത്തിന്റെ ദേഷ്യം ഗിയർ ഓരോന്നിലായി മാറികൊണ്ടിരുന്നു.

വീട്ടിൽ ചെന്നിറങ്ങിയപ്പോൾ അമ്മയുടേം അച്ഛന്റേം മുഖത്ത് അത്ര സന്തോഷം ഉണ്ടായിരുന്നില്ല..

ആഴ്ച ഒന്ന് കഴിഞ്ഞപ്പോൾ ഞാൻ പുറത്തുപോയ നേരത്തായിരുന്നു ശരത് വന്ന് കാര്യങ്ങൾ അമ്മയോട് അവതരിപ്പിച്ചത്..അമ്മയുടെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലെന്ന് നിരാശയോടെ അവൻ എന്നെ അറിയിച്ചു..

“ഇനി എന്താണ് നിന്റെ അടുത്ത പ്ലാൻ…?

“അറിയില്ല.. ” വിഷ്ണു നിരാശയോടെ ശരത്തിനെ നോക്കി..

“നീ തനുവിനോട് ഒന്നുകൂടി സംസാരിച്ചു നോക്ക്.. “അവൻ തന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞ വെറും വാക്കണേലും ഞാൻ ഒന്നുക്കൂടി അവളെ വിളിച്ചു.

അവൾ അപ്പോൾ ഫോൺ എടുത്തില്ല.

എല്ലാം കൈ വിട്ടുപോകുന്നതിന്റെ ഒരു തണുപ്പ് ഞാൻ അറിഞ്ഞുതുടങ്ങി..

വൈകുന്നേരം കനാൽ വരിയിൽ ഇരിക്കുമ്പോൾ അവളുടെ കാൾ കണ്ടു. കൂട്ടുകാരുടെ ഇടയിൽ നിന്നും മാറി നിന്നു കാൾ അറ്റൻഡ് ചെയ്തു.

“വിഷ്ണുവേട്ടാ… ഞാൻ ആണ്.. “

“ആ.. നീ പറ.. “ഞാൻ കുറെ വിളിച്ചിരുന്നു..

“കണ്ടു.. ഞാൻ അതിനല്ല ഇപ്പോൾ വിളിച്ചത്…”

“നമ്മൾ ഒരുമിച്ചു ചെയ്ത ടിക് ടോക് വീഡിയോസ് ഇനി ഷെയർ ചെയ്യല്ലേ…”

” അതെന്താ..?

വിഷ്ണു സംശയത്തോടെ ചോദിച്ചു..

“അല്ല.. എന്റെ വുഡ്ബീ അത് കണ്ടു റിമൂവ് ചെയ്യാൻ പറഞ്ഞു.

ശരത്തിനു ആദ്യം തമാശയായാണ് തോന്നിയത്.. “വുഡ്ബി യോ.. ആഹ്.. അത് ഞാനല്ലേ..?

“അല്ല.. ” അവളുടെ ശബ്ദം മാറി.

“എന്റെ വിവാഹമാണ്… നെക്സ്റ്റ് വീക്ക്‌.”

“അദ്ദേഹമാണ് എന്നോട് വീഡിയോ യെ കുറിച്ച് പറഞ്ഞത്. “

കാതിൽ തീ കോരിയിട്ടപോലെയുള്ള അവളുടെ വാക്കുകൾക്കു ശേഷം ഒരു മൂളൽ മാത്രമായിരുന്നു…

എങ്ങോട്ടെന്നില്ലാതെ പാടവരമ്പത്തൂടെ നടന്നു. ലക്ഷ്യം തെറ്റിയ പട്ടം പോലെ….

പിറ്റേന്ന് അവൾ ഒരുപാട് തന്റെ ഫോണിൽ വിളിച്ചിട്ടുണ്ടായിരുന്നു.. പക്ഷെ ചേച്ചിയെ കണ്ടപ്പോൾ അവളുടെ ഒരു കല്യാണ കുറി തന്നെ കാണിച്ചിട്ട് പറഞ്ഞു “അവളെ നിനക്ക് വിധിച്ചതല്ല.. മോൻ കഴിഞ്ഞതെല്ലാം മറക്കണം എന്ന്.. !! എന്തുപെട്ടന്ന് ചേച്ചി അത് പറഞ്ഞു തീർത്തു എന്ന് ഞാൻ ഓർത്തു.

അവൾ വിളിച്ചിട്ട് ഞാൻ മനഃപൂർവം എടുക്കാഞ്ഞതാണെന്നോർത്തു അവൾ അയച്ച മെസ്സേജ് പിന്നീട് ആണ് ഞാൻ കണ്ടത്.

“വീട്ടിൽ വിവാഹക്കാര്യം സംസാരിച്ചിട്ട് ശരത് പോയ ദിവസം അമ്മ വിളിച്ചിട്ടുണ്ടായിരുന്നു.. ഒരുപാട് സ്വപ്‌നങ്ങൾ അമ്മയ്ക്ക് മകന്റെ മേലെ ഉണ്ടെന്നും അത് എന്നെപോലെ ഒരു പെണ്ണിന് വേണ്ടി കളയാനുള്ളതല്ലെന്നും… മോൾ എത്രയും പെട്ടന്ന് വേറെ വിവാഹം കഴിച്ചു പോകണം..

അമ്മയുടെ മകനെ തട്ടിയെടുത്താൽ അമ്മയുടെ മരണം മോൾക്ക്‌ കാണേണ്ടി വരും എന്നുള്ള വോയിസ്‌ മെസ്സേജ് അതിനൊപ്പം ഉണ്ടായിരുന്നു.. ഒരു നിമിഷം ഞാൻ ആലോചിച്ചു.. “ഇതിൽ ആരാണ് ശെരി..!!. നഷ്ടങ്ങൾ തന്റെ നെഞ്ചിലേക്കാണമർന്നു പൊട്ടിക്കരഞ്ഞു

******************************

ശരത്തിന്റെ മുഖത്തുനോക്കി അവൻ പൊട്ടി ചിരിച്ചു.. “ഒന്നൂല്ലെടാ നിക്ക്..!! ചങ്ക് പോലെ നീ കൂടെയുള്ളപ്പോ ഞാൻ എന്തിനാടാ കരയുന്നത്.. അവള് പോയാൽ വേറൊരുത്തി.. നമ്മൾക്ക് അത്രേയുള്ളൂ..!! ആ തേപ് ഡയലോഗും പറഞ്ഞു സ്വയം ആശ്വസിച്ചു നിലാവത്തുകൂടി ശരത്തിന്റെ തോളിൽ കയ്യിട്ടു ആടികുഴഞ്ഞു വിഷ്ണു മുന്നോട്ട് നീങ്ങി….

~രജിത ശ്രീ…

അഭിപ്രായങ്ങൾ മറക്കാതെ പറയണേ..ഒറിജിനൽ story ആണ്..