അവരുടെ ഇത്തരം ആവശ്യങ്ങൾക്ക് ഒരു പെണ്ണു വേണം എന്നതു പോലെ നമ്മുടെ ഇത്തരം ആവശ്യങ്ങൾക്ക് ഒരാണു വേണം എന്നവരും…

Story written by Pratheesh

===============

എന്റെ അ ടിവ യറിനു താഴെ ആറിഞ്ചിൽ മാത്രം സ്നേഹം പ്രകടിപ്പിക്കാനറിയുന്ന ഒരു ട്രിപ്പിക്കൽ മല്ലു ഭർത്താവ് മാത്രമാണയാൾ,

അയാൾക്കാവശ്യം ഒരു ഭാര്യയേയായിരുന്നില്ല, കല്യാണങ്ങൾക്കും വീക്കെന്റ് നൈറ്റ് പാർട്ടികൾക്കും കൂടെ എഴുന്നള്ളിച്ചു കൊണ്ടു നടക്കാൻ കെട്ടുകാഴ്ച്ചകൾ കണക്കെ ഒരു സ്ത്രീയേയായിരുന്നു,

അതിനു മാത്രമായിരുന്നു അയാൾക്ക് ഞാൻ എന്ന ഇ റ ച്ചി ക്കെട്ട്…!

അതോടൊപ്പം തലേ നാളത്തെ ക ള്ളുകുടിയുടെ ഹാങ്ങോവറിൽ തളർച്ച സംഭവിച്ച വികാരങ്ങൾക്ക് പുലർക്കാലത്ത് പിന്നെയും ചൂടുപിടിക്കുമ്പോൾ അതിന്റെ ശമനത്തിനു പിന്നെയും എന്നെ വേണം,

സത്യം പറഞ്ഞാൽ കാശുമുടക്കില്ലാതെ പെൺസു ഖം നുകരാനും, ഫ്ലാറ്റിലെ ജോലിക്കും, ഭക്ഷണം വെച്ചുണ്ടാക്കി വിളമ്പാനും, ആരെങ്കിലും ചോദിച്ചാൽ ഭാര്യയെന്നു പറഞ്ഞു ചൂണ്ടി കാണിക്കാനും ഒരാൾ അതു മാത്രമായിരുന്നു അയാൾക്ക് ഭാര്യ…!

ഏഴെട്ടു മാസം കൊണ്ടു തന്നെ ജീവിതം മടുത്തതായിരുന്നു ഇന്നിപ്പം അഞ്ചു വർഷം കടന്നു പോയിരിക്കുന്നു എന്നത് എനിക്കു തന്നെ വല്ലാത്തൊരത്ഭുതമായി തോന്നുന്നു,

ആദ്യകാലങ്ങളിൽ നല്ല വില കൂടിയ സാരിയും പാർട്ടി ഡ്രസ്സുകളും വാങ്ങി തരുന്നതു കണ്ടപ്പോൾ അത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നാണു വിചാരിച്ചത്,

എന്നാൽ പാർട്ടികളിൽ പങ്കെടുക്കുമ്പോൾ കൂട്ടുകാരിൽ പലരും എന്നെ നോക്കി “യുവർ വൈഫ് ഇസ് സോ ക്യൂട്ട് ” എന്നു പറയുന്നതു കേൾക്കുമ്പോൾ കിട്ടുന്ന ഒരു തരം ആനന്ദത്തിനു വേണ്ടി മാത്രമായിരുന്നു എന്നു ബോധ്യപ്പെട്ടപ്പോൾ എനിക്കു  മനസിലായി,

യജമാനനു അ റ വു മാ ടിനോടുള്ള സ്നേഹം മാത്രമാണ് അവർക്ക് എന്നോടും ഉള്ളതെന്ന്,

അതോടെ എനിക്കും വെറുപ്പായി,

സമ്പന്നത പുറത്തു കാണിക്കാൻ വേണ്ടി വാങ്ങി കൂട്ടുന്ന ആഡംബര കാറിന്റെയും പോഷ് ഫ്ലാറ്റിന്റെയും പോമറേനിയൻ പ ട്ടിയുടെയും ഐഫോണിന്റെയും ഒക്കെ പോലെ,

എന്നെയും വെറും അലങ്കാരത്തിനു വേണ്ടി മാത്രം ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന സുന്ദരിയും മോഡേൺ ലുക്കുമുള്ള ഒരു ഭാര്യ എന്ന നിലയിലെക്ക് ചേർത്തു വെക്കപ്പെട്ടതോടെ,

എന്റെ ജീവിതത്തിന്റെ നേർച്ചിത്രം എനിക്കു തന്നെ മനസിലായി അതോടെ അവരെക്കാൾ ഞാൻ എന്നെ തന്നെയാണ് വെറുത്തത്,

എന്നിട്ടും വീട്ടുകാരെ ഓർത്തും, നാട്ടുകാരുടെ സ്നേഹ സഹതാപ ചോദ്യങ്ങളെ ഓർത്തും കാണാൻ ഇഷ്ടമില്ലാത്തതിനെ കണ്ടില്ലെന്നു നടിച്ചും കേൾക്കാൻ ഇഷ്ടപ്പെടാത്തവയേ കേട്ടില്ലെന്നു നടിച്ചും പിടിച്ചു നിന്നു,

എന്നാൽ കുറച്ചു ദിവസം മുന്നേ ഒരു ദിവസം ഒരു വീക്കെന്റ് നൈറ്റ് പാർട്ടിക്കിടയിൽ അങ്ങേര് ക ള്ളും കുടിച്ച് ഏതോ ഒരു പെണ്ണുമായി ഭയങ്കര ഡാൻസ്,

അവളാണേൽ അങ്ങേരോട് അങ്ങേയറ്റം സഹകരിക്കുന്നുമുണ്ട്, അല്ലെങ്കിലും ക ള്ളു കുടിച്ചാൽ മറ്റു പെണ്ണുങ്ങളെ കാണുമ്പോൾ അങ്ങേരുടെ ഉള്ളിലുള്ള കൊതി താനേ മുളപ്പൊട്ടും,

എന്നാൽ എന്റെ കൂടെയുണ്ടായിരുന്ന മിറാ റെഡ്ഡിയാണ് അങ്ങേരുടെ കൂടെ ഡാൻസ് ചെയ്യുന്നവളുടെ ജീവശാസ്ത്രവും ഭൂമിശാസ്ത്രവുമെല്ലാം എനിക്ക് പറഞ്ഞു തന്നത്,

അങ്ങേരുടെ കമ്പിനിയിലെ തന്നെ സ്റ്റാഫാണത്രേ മന്ദാര മിത്ര’ എന്ന ആ ഡാൻസുകാരി , കമ്പിനി ഇല്ലാത്ത ഒരു പോസ്റ്റുണ്ടാക്കി അവളെ അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതിലെ കമ്പിനി ഉദേശം,

വിദേശത്തു നിന്ന് കമ്പിനിയുടെ പല കാര്യങ്ങളും നേരിൽ കണ്ടു ബോധ്യപ്പെട്ടു സാങ്ങ്ഷൻ ചെയ്യാൻ വരുന്ന ഫോറിൻ എക്സിക്യുട്ടീവുകളെ തങ്ങൾക്കനുകൂലമായി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി അവരെ എന്റെർടെയിൻ ചെയ്യിക്കാൻ ഫ്രീ സർവ്വീസ് ഗിഫ്റ്റായി കമ്പിനി കൂട്ടിനു വിടുന്ന ഉരുപ്പടിയാണു പോലും അവൾ…!

ഇവിടെ ഈ മുംബൈ പോലുള്ള മെട്രൊ നഗരങ്ങൾക്ക് പുറമേ കാണുന്ന വെളുപ്പു മാത്രേയുള്ളൂ അകം രാത്രിയേക്കാൾ ഇരുട്ടിലാണ്,

മന്ദാരയെ ഒന്നു കൂടി നോക്കി വിലയിരുത്തിയ ശേഷം ഇവൾക്ക് ഇതിനൊക്കെയുള്ള കഴിവുണ്ടോ ? എന്നു ഞാൻ മനസിൽ വിചാരിച്ചതും

എന്റെ മനസു വായിച്ച പോലെ മിറ പറഞ്ഞു, ലുക്കിലല്ല മോളെ വർക്കിലാണു കാര്യം” എന്ന്,

എന്നാൽ മിറ രണ്ടാമതു പറഞ്ഞ കാര്യം എന്നിൽ വല്ലാത്ത ചളിപ്പുണ്ടാക്കി, ഈ കാര്യങ്ങൾക്കായി മന്ദാരയെ പലയിടത്തും കാറിൽ കൊണ്ടാക്കുന്നതും തിരിച്ചു കൊണ്ടു വരുന്നതും അങ്ങേരാണെന്നു മിറ പറഞ്ഞതും എന്റെ തൊലിയുരിഞ്ഞു പോകും പോലെ തോന്നിയെനിക്ക്,

അവരെ ഒന്നിച്ച് പല ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വെച്ച് കണ്ടിട്ടുണ്ടെന്നു കൂടി മിറ പറഞ്ഞതും ആ നിമിഷം ഈ ബന്ധം ഒഴിവാക്കി നാട്ടിലെക്ക് തിരിച്ചു പോയാലോ ? എന്നു വരെ തോന്നിപ്പോയ നിമിഷം,

എന്റെ ആ ചിന്തയും വായിച്ചു കൊണ്ട് മിറ പറഞ്ഞു,

നീ ഇപ്പോൾ ആലോചിച്ച പോലെ എന്റെ ഭർത്താവിനെ കുറിച്ചും ഇതുപ്പോലെ കേട്ടപ്പോൾ എനിക്കും തോന്നിയതാണ് വിട്ടിട്ടു പോയാലോയെന്ന്,

പിന്നെ ആലോചിച്ചപ്പോൾ രണ്ടു കാര്യങ്ങൾ മനസിലായി,

ഒന്ന്) നമ്മുടെ മക്കളെ ഈ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നമുക്കു കഴിയില്ല, അതു കൊണ്ടു തന്നെ അവർക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്വറി നഷ്ടമായാൽ അവർ ചിലപ്പോൾ നമ്മളെ വെറുക്കാൻ തുടങ്ങും.,

രണ്ട്) ഇന്ന് ഇതെല്ലാം ചെയ്യുന്ന ഭർത്താവാണ് നമ്മുടെ കൂടെയുള്ളതെന്ന് നമ്മുക്കറിയാം, നാളെ ഇനി ഇതെല്ലാം നമ്മളറിയാതെ രഹസ്യമായി ചെയ്യാൻ കഴിയുന്ന ഒരാളാണു പിന്നെയും വരുന്നതെങ്കിലോ ?അതൊടെ ആ ഉദ്ധ്യമം അവസാനിപ്പിച്ചു,

എന്നാൽ സ്നേഹത്തിനും മറ്റാവശ്യങ്ങൾക്കും വേണ്ടി ഭർത്താവിന്റെ മുന്നിൽ കെഞ്ചേണ്ടതായും നിർബന്ധിക്കേണ്ടതുമായ ഒരു സ്ഥിതി കൈവരാൻ തുടങ്ങിയതോടെ അതിനു മാത്രമായി ഞാനും രഹസ്യമായി മനസിനിണങ്ങിയൊരാളെ കണ്ടു പിടിച്ചു,

അങ്ങേര് കമ്പനി ടൂർ എന്നും പറഞ്ഞ് ഏതെങ്കിലും ഒരുവളെയും കൊണ്ട് ഊരുചുറ്റാൻ പോകുമ്പോൾ ഞാനവനെ ഫ്ലാറ്റിലേക്ക് ക്ഷണിക്കും അത്രതന്നെ,

അവരുടെ ഇത്തരം ആവശ്യങ്ങൾക്ക് ഒരു പെണ്ണു വേണം എന്നതു പോലെ നമ്മുടെ ഇത്തരം ആവശ്യങ്ങൾക്ക് ഒരാണു വേണം എന്നവരും ഓർക്കണമല്ലൊ ?

അതു കേട്ട് എനിക്ക് ചിരിയാണു വന്നത്,

ഒന്നു രണ്ടു ദിവസം കഴിഞ്ഞതും നാട്ടിലുള്ള എന്റെ ഒരു അകന്നബന്ധു മരിച്ചെന്നു പറഞ്ഞു ഒരു ഫോൺ വന്നു അതൊരു അവസരമായെടുത്ത് ഞാൻ എനിക്ക് നാട്ടിൽ പോകണമെന്നു പറഞ്ഞു എന്തോ അപ്പോൾ ഒന്നും പറഞ്ഞില്ല പിറ്റെ ദിവസത്തേക്കു തന്നെ ടിക്കറ്റും എടുത്തു തന്നു,

ആ സമയം മന്ദാരയേ ഓർമ്മ വന്നെങ്കിലും ഞാനെന്റെ ചിന്തകളെ നാട്ടിലെ ഓർമ്മകളോടു ചേർത്തതു മായ്ച്ചു കളയാനാണു ശ്രമിച്ചത്,

നാട്ടിലെക്കുള്ള യാത്രയിൽ പിന്നെയും പഴയ ഓർമ്മകൾ എന്നെ വലം വെക്കാൻ തുടങ്ങി, അതിൽ തന്നെ ആദ്യം തെളിഞ്ഞ മുഖം അവന്റെയായിരുന്നു,

ഇന്നു വരെ മനസിൽ പതിഞ്ഞതിൽ ഏറ്റവും നീറുന്ന ഓർമ്മയായി അവശേഷിക്കുന്ന മുഖം അവന്റെതാണ്,

പള്ളിയിൽ ക്വയർ പാടിയിരുന്ന അവൻ എപ്പോഴാണു മനസിൽ കയറിയതെന്ന് ഓർമ്മയില്ല അന്നു മുതൽ ഇന്നു വരെ മനസിൽ നിന്നും ആ മുഖം വിട വാങ്ങിയതുമില്ല,

ഞാൻ അങ്ങോട്ടു ചെന്നു ഇഷ്ടം പറഞ്ഞു സ്നേഹിച്ചതായാരുന്നു അവനെ എന്നിട്ടും കാര്യത്തോടടുത്തപ്പോൾ ഞാൻ തന്നെ അവനെ ഒരു ദാക്ഷണ്യവുമില്ലാതെ ചതിച്ച് കൈവിട്ടു,

വീട്ടുകാർ കൊണ്ടു വന്ന ചെക്കന്റെ ജോലിയും പദവിയും ഭംഗിയും സ്റ്റാറ്റസും കുടുംബപാരമ്പര്യമൊന്നും എന്നെ മോഹിപ്പിച്ചില്ല,

പക്ഷെ എനിക്ക് ഈ വിവാഹത്തിന് ഒട്ടും താൽപ്പര്യമില്ലെന്നു കണ്ട് അപ്പൻ മറ്റൊരു ഓഫർ മുന്നോട്ടു വെച്ചു, അതായിരുന്നു സത്യത്തിൽ എന്റെ ചിന്തകളെ മാറ്റി മറിച്ചത്,

ഞാൻ ഈ കല്യാണത്തിനു സമ്മതിക്കുകയാണെങ്കിൽ ഇരുന്നൂറ്റി അൻപത് പവൻ സ്വർണ്ണം തന്ന് എന്നെ കെട്ടിക്കും എന്നു അപ്പൻ പറഞ്ഞതും,

ഒരു നിമിഷം മനസിനൊരു ചാഞ്ചാട്ടം,

ചെറുപ്പം തൊട്ടെ ഒരോ കല്യാണത്തിനു പോകുമ്പോഴും പുത്തനുടയാടകളും നെഞ്ചു നിറയേ സ്വർണ്ണത്തിളക്കവുമായി നിൽക്കുന്ന കല്യാണപ്പെണ്ണിനെ കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് എന്നായിരിക്കും ഞാനും ഇതുപ്പോലെ ഒക്കെ അണിഞ്ഞൊരുങ്ങി നിൽക്കുക എന്നത് “

അപ്പൻ സ്വർണ്ണമെന്ന തീ മനസിലേക്ക് കോരിയിട്ടതും ഹൃദയം പിന്നെയും മറന്നു കിടന്ന ആ സ്വപ്നങ്ങളെ തേടി പിടിച്ചു,

അതോടെ മനസ് രണ്ടു തട്ടിലായി….!

അന്ന് രാത്രി മുഴുവൻ എന്റെ ചിന്ത രണ്ടിൽ ഏതിനെ സ്വീകരിക്കണം എന്നറിയാതെ കുഴങ്ങി,

അവസാനം ഏവരാലും ശ്രദ്ധിക്കപ്പെട്ട്  പട്ടുസാരിയുടുത്ത് നെഞ്ചു മുഴുവൻ സ്വർണ്ണപ്രഭയോടെ കല്യാണപ്പെണ്ണായി വെട്ടി തിളങ്ങി നിൽക്കുന്ന എന്റെ മനസിലെ എന്റെ ഭാവനാചിത്രത്തിനു മുന്നിൽ അവനെന്ന സ്നേഹത്തിന്റെ മുഖം മാഞ്ഞു പോയി,

ചിലപ്പോൾ ഇതുപ്പോലൊരു കാരണം കൊണ്ട് ഇഷ്ടമുള്ളവനെ കൈവിട്ടവൾ ഞാൻ മാത്രമായിരിക്കാം,

പണ്ടെല്ലാം എനിക്കൊരു സംശയം ഉണ്ടായിരുന്നു ഒറ്റ രാത്രി ഇരുട്ടി വെളുക്കുന്ന നേരത്തിനുള്ളിൽ ഈ പെണ്ണുങ്ങൾക്കൊക്കെ എങ്ങിനെയാ ഇത്ര പെട്ടന്ന് ഇങ്ങനെയൊക്കെ ഒരാളെ മാറാനും ചതിക്കാനും സാധിക്കുന്നതെന്ന് ? എന്നാൽ ഇപ്പോൾ മനസിലായി മനസ്സു രണ്ടു തട്ടിലായാൽ, ഏറ്റവും സുരക്ഷിതമെന്നു തോന്നുന്ന തട്ടെ താഴൂ എന്ന്..!

എന്നാൽ കല്യാണനാളിലെ തിളക്കം അത് പൊന്നിന്റെ ആയാലും വജ്ജ്രത്തിന്റെ ആയാലും ആ ഒറ്റ ദിവസത്തിന്റെ ആയുസ്സേയുള്ളു വെന്നും,

മുന്നോട്ടുള്ള ജീവിതത്തിന് നമ്മളെ ഹൃദയം കൊണ്ടു സ്നേഹിക്കുന്ന ഒരാളുടെ സമീപ്യമാണ് വേണ്ടതെന്നും ജീവിതം എന്നെ പഠിപ്പിച്ചു,

വിവാഹശേഷം പിന്നെ ഞാനവനെ കണ്ടിട്ടെയില്ല, പിന്നീട് ഒരിക്കലും അവനെ കുറിച്ച് അറിയാൻ ശ്രമിച്ചില്ല എന്നതാണു ശരി,

നാട്ടിലെത്തിയതും കൂടുതലായി ആഗ്രഹിച്ചത് അവനെയൊന്ന് കാണാനായിരുന്നു, അങ്ങിനെയാണ് പഴയ കൂട്ടുകാരി ശ്രീലിഖയെ കണാൻ പോയത് അവളാണ് പറഞ്ഞത് ആ പ്രശ്നങ്ങൾക്കു ശേഷം അവൻ സെമിനാരിയിൽ ചേർന്നെന്നും അച്ചനായെന്നും..!

അവളുടെ ആ വാക്കുകൾ എന്നിൽ ഒരു നടുക്കമുണ്ടാക്കി, ഞാൻ കാരണം അവനും ആഗ്രഹിച്ച ജീവിതത്തിലേക്ക് നടന്നു കയറാനാവാതെ പോയതിലെ ദു:ഖം എന്നെ പിന്നെയും ഒന്നു പൊള്ളിച്ചു,

പിറ്റെ ദിവസം വയനാട്ടിലെ പുൽപ്പള്ളിയിലെ അവന്റെ ഇടവകയിൽ അവനെ തിരഞ്ഞു ഞാൻ ചെന്നു, ഞാൻ വന്നതറിഞ്ഞ് അവനും എന്നെ കാണാൻ വന്നു,

പുഞ്ചിരിച്ചു കൊണ്ടാണ് അവനെന്നെ സമീപിച്ചത് യാതൊരു പരിഭവവും ആ മുഖത്തുണ്ടായിരുന്നില്ല, ഏറ്റവും സൗമ്യമായും ശാന്തമായും സ്നേഹമായും അവനെന്നോടു സംസാരിച്ചു,

ഞാനാണെങ്കിൽ കൂടുതൽ നേരവും അവന്റെ വാക്കുകൾക്ക് ചെവിയോർത്ത് അവനെ നോക്കിയിരിക്കാനാണു ശ്രമിച്ചത്,

അതിനിടയിലും ഞാനവനോട് ചോദിച്ചു നാട്ടിൽ വരുമ്പോൾ ഞാൻ വന്നു കണ്ടോട്ടെയെന്ന് ?

അതിനവൻ ചിരിക്കുക മാത്രമാണ് ചെയ്തത്,

മുക്കാൽ മണിക്കൂറോള്ളം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു, മറ്റൊരു ഫാദർ വന്നവനെ വിളിച്ചതും അവൻ പറഞ്ഞു പ്രാർത്ഥനക്കു സമയമായെന്ന്,

അതും പറഞ്ഞവൻ തിരിച്ചു പോകാൻ എന്റെ സമ്മതത്തിനായി കാത്തു നിൽക്കവേ ഞാനവനോട് ചോദിച്ചു,

നമ്മുടെ പ്രണയം ഒരു പരാജയമായിരുന്നല്ലെയെന്ന് ?

അതു കേട്ട് ചിരിച്ച ശേഷം അവൻ പറഞ്ഞു,

പ്രണയം ഒരു പരാജയമായിരുന്നെങ്കിൽ നീ എന്നെ ഒരിക്കലും ഓർമ്മിക്കുകയോ  എന്നെ തിരഞ്ഞ് ഇവിടെ വരുകയോ ചെയ്യുമായിരുന്നില്ല,

അതു കേട്ട് ഞാനവനെ നോക്കവേ അവൻ പറഞ്ഞു,

*പ്രണയം ഒരിക്കലും പരാജയപ്പെടുകയില്ല പരാജയപ്പെടുന്നത് നമ്മൾ വ്യക്തികൾ മാത്രമാണ്* “

അതു പറഞ്ഞ് ചിരിച്ചു കൊണ്ടവൻ തിരിച്ചു നടന്നകന്നു,

അവന്റെ ആ വാക്കുകൾ ഉള്ളിലെവിടെയൊക്കയോ ജീവിക്കാനുള്ള ഊർജ്ജം നിറക്കുന്നതു പോലെ തോന്നി,

മടക്കയാത്രയിലുടനീളം ആ വാക്കുകളുടെ വല്ലാത്തൊരു അനുഭൂതി നുകർന്നാണ് തിരിച്ചു പോന്നത്….!

~Pratheesh