ആദ്യരാത്രിയിൽ പതിവ് പോലെ പാലും പഴങ്ങളുമൊന്നുമില്ല. അവൾ ഡ്രസ്സ്‌ മാറി ഒരു നെറ്റിയണിഞ്ഞു…

Story written by Ammu Santhosh

==================

“നല്ല ചെക്കനാ മാഷേ. നമ്മുടെ കുട്ടിയെ കോളേജിൽ പോകുന്ന വഴി കണ്ടിട്ട് ഇഷ്ടായിട്ട് എന്നോട് വന്നു ആലോചിക്കാൻ പറഞ്ഞതാ. അവനല്ല കേട്ടോ, അവന്റെ അച്ഛൻ. ചെക്കൻ ചെന്ന് അച്ഛനോട് പറഞ്ഞു അച്ഛൻ എന്നോട് പറഞ്ഞു.”

നകുലൻ മാഷ് ഒന്നാലോചിച്ചു.

“മൂത്ത മകളുടെ അനുഭവം തന്ന വേദന മാറിയിട്ടില്ല. ഇവൾ ഈ വർഷം കൂടി കഴിഞ്ഞാൽ ഒരു ടീച്ചർ ആകാനുള്ള യോഗ്യത നേടും. ഒരു സ്കൂളിൽ ജോലിയായിട്ട് മതി എന്നാ അവൾക്ക്. ഇളയ ഒരു കുട്ടി കൂടി ഉണ്ടല്ലോ. അതിന്റെ പഠനം നടക്കുന്നതേയുള്ളു. ഒരു കല്യാണം ഉടനെ ചിന്തിക്കാൻ കൂടി വയ്യ “

ബ്രോക്കർ ദിവാകരൻ ചേട്ടൻ ഒന്ന് ആലോചിച്ചു പിന്നെ പറഞ്ഞു

“മാഷേ അവർക്കൊന്നും വേണ്ട. പെണ്ണിനെ മാത്രം മതി. അച്ഛനും മോനും മാത്രേയുള്ളു അവിടെ. അവന്റെ അച്ഛനും ഒരു മാഷായിരുന്നു. അമ്മ കുഞ്ഞിലേ മരിച്ചു പോയി. മാഷ് ഒന്നാലോചിക്ക്. നമ്മൾ വിചാരിക്കുന്ന സമയത്തു ഇത് പോലെ നല്ല ഒരാലോചന വരണം എന്നില്ലല്ലോ “

“പയ്യന് എന്താ ജോലി?”

“പോലീസിലാ. ഇൻസ്‌പെക്ടർ ആണ്. പേടിക്കണ്ട പാവാ “

മാഷിന്റെ മുഖത്തെ ചെറിയ പരിഭ്രമം കണ്ടയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു

പിന്നെ കുട എടുത്തു വെയിലേക്ക് നടന്നു തുടങ്ങി

“മോളെന്ത് പറയുന്നു?”

കഞ്ഞി കുടിച്ചു കൊണ്ടിരിക്കെ അച്ഛൻ മകൾ ദേവിയോട് ചോദിച്ചു

“അവൾ എന്ത് പറയാൻ? ഞാൻ പറയാം. നമുക്കിത് വേണ്ട. അച്ഛനും മകനും മാത്രം ഉള്ള ഒരു വീട്. പെണ്ണുങ്ങൾ ആരുമില്ല. ഈ കാലത്ത് എന്തൊക്ക വാർത്തകൾ ആണ്? നമുക്ക് കുറച്ചു അംഗങ്ങൾ ഒക്കെ ഉള്ള വീട്ടിൽ മതി. മൂത്തവളുട അനുഭവം വരരുത് ” അമ്മ പെട്ടെന്ന് പറഞ്ഞു

“ചേച്ചിയെ കല്യാണം കഴിച്ചു വിട്ടത് അമ്മയും ചേച്ചിമാരും ഒക്കെ ഉള്ള വീട്ടിലേക്ക് അല്ലെ? എന്നിട്ട് അയാളുടെ പീ* ഡനം കൊണ്ട് പാവം ആ* ത്മഹത്യ ചെയ്തില്ലേ? ആ കടങ്ങൾ പോലും തീർന്നില്ല. ഇവർക്ക് ഒന്നും വേണ്ടല്ലോ. പഠിക്കുന്നതിനും ജോലിക്ക് പോകുന്നതിനും തടസ്സം ഇല്ലെങ്കിൽ എനിക്ക് സമ്മതമാണ്. അച്ഛന് അത്രയും കഷ്ടപ്പാട് കുറയുമല്ലോ ” അവൾ പുഞ്ചിരിച്ചു

“അങ്ങനെ ചിന്തിക്കേണ്ട മോളെ”

“അങ്ങനെയും ചിന്തിക്കണം..” അവൾ അച്ഛന്റെ പാത്രം കൂടിയെടുത്ത് എഴുന്നേറ്റു

അമ്മ അച്ഛന്റെ മുഖത്ത് ഒന്ന് നോക്കി. പിന്നെ അയാളുടെ അരികിൽ ചെന്നു

“അവൾക്ക് ധൈര്യം ഉണ്ട്. എന്തിനെയും നേരിടാനുള്ള അറിവും. ഇത് നടത്താം. ചിലപ്പോൾ ഒക്കെ അവരായിരിക്കും ശരി “

അയാൾ ഒന്ന് മൂളി.

എല്ലാം പെട്ടന്നായിരുന്നു. വിവാഹം കഴിഞ്ഞു ദേവി പോകാൻ ഇറങ്ങിയപ്പോൾ അയാൾഅവളുടെ മുഖത്ത് തലോടി

“എന്തുണ്ടെങ്കിലും അച്ഛനോട് പറയണം വേദനിപ്പിക്കുന്ന ഒന്നിനും അഡ്ജസ്റ്റ് ചെയ്തു നിൽക്കണ്ട. ഇത് നിന്റെ വീടാണ് പോരുക “

ദേവി ആ കാല് തൊട്ട് തൊഴുതു പിന്നെ ചെക്കനൊപ്പം കാറിൽ കയറി

അച്ഛനും മകനും മാത്രം ഉള്ള ഒരു വീട്. അച്ഛൻ അമ്മയാകുന്ന വീട്

അവൾക്കത് പുതിയ അനുഭവം ആയിരുന്നു

ആദ്യരാത്രിയിൽ പതിവ് പോലെ പാലും പഴങ്ങളുമൊന്നുമില്ല. അവൾ ഡ്രസ്സ്‌ മാറി ഒരു നെറ്റിയണിഞ്ഞു

“ദേവി കിടന്നോളു ട്ടോ എനിക്ക് ഒരു അർജെന്റ് ഡ്യൂട്ടി വന്ന് പെട്ടിട്ടുണ്ട്. പോലീസ് ആയി പോയില്ലേ “

അവൾ തലയാട്ടി.

ശിവ. അതാണ് കക്ഷി

എന്ത് വിളിക്കും?

തന്നെ ക്കാൾ അഞ്ചു വയസ്സ് മൂത്തതാണ്. കാഴ്ചയിൽ തോന്നില്ലെങ്കിലും…

അവൾ എന്തൊക്കെയോ ചിന്തിച്ചു കിടന്നു ഉറങ്ങി

നേരെത്തെ എണീറ്റു അടുക്കളയിൽ ചെന്നപ്പോൾ അച്ഛൻ പുട്ട് ഉണ്ടാക്കുകയാണ്

“മോള് ഉണർന്നോ. ഞാൻ നേരെത്തെ എണീക്കും. വെറുതെ ഇരിക്കണ്ടല്ലോ എന്ന് കരുതി ഓരോ ജോലി തീർത്തു വെയ്ക്കും “

“എന്നെ കൂടെ കൂട്ടുമോ?”

അവൾ പുഞ്ചിരിച്ചു

“പിന്നെ എന്താ മോളും പോരെ”

അവർ ഒന്നിച്ചു ഭക്ഷണം ഉണ്ടാക്കി

“ശിവ ഇപ്പൊ വരും കേട്ടോ. “

അവൾ തലയാട്ടി

കല്യാണത്തിന് മുൻപ് അങ്ങനെ അധികം സംസാരിച്ചിട്ടില്ല

ഒന്ന് രണ്ടു കാൾസ്. രണ്ടു തവണ കണ്ടു

പക്ഷെ താലി കെട്ടി കഴിഞ്ഞു ഉടനെ ഒരാൾ എങ്ങനെ ഇത്രയും പ്രിയമുള്ളവനാകുന്നത്?

അവൾ ജനാലയിലൂടെ നോക്കി നിൽക്കുമ്പോൾ ആള് വന്നു.

കുളിച്ചു ഭക്ഷണം കഴിഞ്ഞു അവൾക്കരികിലേക്ക് തന്നെ വന്നു

“ദേവി സോറി. രണ്ടു ദിവസം എന്ത് വന്നാലും വിളിക്കല്ലേ എന്ന് കെഞ്ചിയിട്ടുണ്ട് “”

അവൾ ചിരിച്ചു പോയി

പിന്നെ എന്ത് പറയണം എന്നറിയാതെ നിന്നു

“പറ വിശേഷം..വീട്ടിലെ കാര്യങ്ങൾ ഒക്കെ “

അവൾ അവനടുത്ത് ഇരുന്നു. പരസ്പരം കുറേ സംസാരിച്ചു

വൈകുന്നേരം അമ്പലത്തിലേക്ക് ചെറിയ ഒരു യാത്ര

പക്ഷെ എപ്പോഴും അവളുടെ ഉള്ളിൽ ചേച്ചി അനുഭവിച്ച വേദനകൾ ഒക്കെയും മായാതെ കിടപ്പുണ്ടായിരുന്നു

ആദ്യരാത്രി മുതൽ അനുഭവിച്ച പീ* ഡനങ്ങൾ..ദേഹത്തെ മുറിവുകൾ. ഒടുവിൽ അച്ഛൻ കൂട്ടി കൊണ്ട് വന്നെങ്കിലും ചേച്ചി മരണത്തിലേക്ക് തന്നെ പോയി. സത്യത്തിൽ ഉള്ളിൽ പുരുഷനെ പേടിയുണ്ട്

ശിവ വളരെ സോഫ്റ്റ്‌ ആയ ആളാണ് എന്ന് ദേവിക്ക് തോന്നി. ആ രാത്രി സംസാരിച്ചിരിക്കെ തന്നെ ഉറങ്ങിപ്പോയി രണ്ടാളും…

പിറ്റേന്ന്…

“മഴക്കാലം വന്നുന്ന തോന്നണേ “

വീശിയടിക്കുന്ന പിശറൻ കാറ്റിൽ നിന്ന് തുണികൾ എടുത്തു കൊണ്ട് അച്ഛനും അവളും ഓടി വീട്ടിലേക്ക് കയറി

“ആകെ നനഞ്ഞു. പനി പിടിക്കേണ്ട “

തല തുവർത്തി തരുന്ന രണ്ടു കൈകളുട കരുതൽ

അവൾ അവനെ ഉറ്റു നോക്കി

“ഞാൻ ഒരുമ്മ തന്നോട്ടെ?” അവൻ ചോദിച്ചു

അവൾ അതിശയത്തോടെ അവനെ നോക്കി

“എന്താപ്പോ അങ്ങനെ ഒരു ചോദ്യം?”

അവൻ ചിരിച്ചു

“തനിക്ക് ഇഷ്ടമാണോ അത്?”

അവൾ മനസിലാകാതെ കണ്ണുകൾ വിടർത്തി

“തന്റെ ശരീരമാണ് ദേവി. ഞാൻ അനുവാദം ചോദിക്കണം. എനിക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യേണ്ടത് എന്റെ ശരീരത്തിലല്ലേ? “

അവളുടെ കണ്ണുകൾ നിറഞ്ഞു

“ഇതൊക്കെ ആരാ പറഞ്ഞു തന്നത്?”

“അച്ഛൻ “

അവൻ പറഞ്ഞു

ദേവി അവന്റെ കൈകൾ തന്റെ ഉടലിൽ ചേർത്ത് വെച്ചു

പിന്നെ അവനോട് ചേർന്നു നിന്നു

അവന്റെ ചുംബനങ്ങളിൽ പൂത്തു. അവന്റെ ലാളനകളിൽ ലയിച്ചു

ഒറ്റ മനസായി ഒറ്റ ഉടലായി ചേർന്ന് കിടക്കുമ്പോൾ അവൻ വീണ്ടും പറഞ്ഞു

“ഞാൻ ഭർത്താവ് ആയത് കൊണ്ട് മാത്രം ഒന്നും വേണ്ട. ഇഷ്ടം ഉണ്ടെങ്കിൽ മാത്രം മതി. പീരിയഡ് ആകുമ്പോൾ, മൂഡ് സ്വിങ് ഉണ്ടാകുമ്പോൾ ഒക്കെ എന്നോട് തുറന്നു പറഞ്ഞാൽ മതി..ഇനി നിനക്ക് ഇഷ്ടം ഉണ്ടെങ്കിൽ അതും ഓപ്പൺ ആയിട്ട് പറയാം. നമുക്കിടയിൽ മറവുകൾ വേണ്ട..കേട്ടോ “

ദേവി ഒന്ന് മൂളി

പിന്നെ അവനോട് ചേർന്ന് കിടന്നു കണ്ണുകൾ അടച്ചു

ഒരുറക്കം അവളെ തേടി വന്നു

എല്ലാ പുരുഷനും ഒരു പോലെയല്ലന്ന തിരിച്ചറിവുകൾക്ക് ഒടുവിൽ ഒരു സമാധാനത്തോടെ…

അതേ എല്ലാവരുമൊരുപോലെയല്ല, പെണ്ണുടലിലേക്ക് കടന്നു കയറും മുന്നേ അനുവാദം ചോദിക്കുന്ന ആണുമുണ്ട്

അവനാണ് ആണ്