പുനർവിവാഹം ~ ഭാഗം 07, എഴുത്ത്: ആതൂസ് മഹാദേവ്

“മോളെന്താ ഒന്നും മിണ്ടാത്തത് “

അവളിലെ ഏറെ നേരത്തെ മൗനം കണ്ട് രാധമ്മ അൽപ്പം ആദിയോടെ ചോദിച്ചു..!!

“അവർ എന്താ രാധമ്മേ പറഞ്ഞത് “

അത് ചോദിക്കുമ്പോൾ തന്റെ ഉള്ളിലെ ഇടർച്ച പുറത്തേയ്ക്ക് വരാതെ ഇരിക്കാൻ അവൾ നന്നേ പാട് പെട്ടു..!!

” മോള് അകത്തേയ്ക്ക് വാ ഞാൻ എല്ലാം പറയാം “

അതും പറഞ്ഞ് അവർ മോളെയും കൊണ്ട് അകത്തേയ്ക്ക് കയറി..!! അവർക്ക് പുറകെ ഒരു നിശ്വസത്തോടെ നേത്രയും..!!

കുറച്ച് മണിക്കൂറുകൾക്ക് മുന്നേ

രാധമ്മ മോൾക്ക് ഭക്ഷണവും കൊടുത്ത് അവളെ ഒന്ന് കുളിപ്പിച്ച് ഒരുക്കി എടുത്തു..!! നീല നിറമുള്ള ബനിയൻ സെറ്റും ഇട്ട് മുടി എല്ലാം കൂടെ ഉയർത്തി മുകളിൽ ആയ് കെട്ടി വച്ചിട്ടുണ്ട്..!!

കാണാൻ ഒരു കൊച്ച് പാവകുട്ട്യേ പോലുണ്ട് കള്ളി പെണ്ണ്..!! ചുവന്ന് വീർത്ത കവിളും, പിളർത്തി വച്ച ചുണ്ടും ഇളം ബ്രൗൺ നിറമുള്ള കണ്ണുകളും ആണ് അവളുടെ ഭംഗി..!! ആര് കണ്ടാലും ഒന്നൂടെ നോക്കി പോകും അതാണ് അല്ലി മോള്..!!

“അമ്മമ്മേടെ കുട്ടി ഇവിടെ ഇരിക്ക്..!! അമ്മമ്മയ്ക്ക് ഇത്തിരി ജോലി ഉണ്ട് “

രാധമ്മ അവളെ സോഫയുടെ താഴെ പായ വിരിച്ച് അവിടെ ഇരുത്തി..!! ശേഷം കുറച്ച് ടോയ്‌സ് എടുത്ത് അവൾക്ക് കൊടുത്ത് കൊണ്ട് കൂടെ ടീവിയിൽ കാർട്ടൂൺ വച്ച് കൊടുത്തു..!!

“മോള് ഇവിടെ ഇരിക്ക് അമ്മമ്മ ഇപ്പൊ വരാട്ടോ “

അതും പറഞ്ഞ് അവർ പതിയെ കിച്ചണിലേക്ക് പോയി..!! കുഞ്ഞി പെണ്ണ് ആണെങ്കിൽ ആസ്വദിച്ച് ടീവി കാണുവാണ്..!! ഇടയ്ക്ക് ഇടയ്ക്ക് കൈയിൽ ഇരിക്കുന്ന പാവ കുട്ടിയെ നോക്കി എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുമുണ്ട്..!!

പെട്ടന്ന് ആണ് പുറത്ത് കോളിങ്ങ് ബെൽ മുഴങ്ങിയത്..!! അത് കേട്ട് ആവണം രാധമ്മ കിച്ചണിൽ നിന്ന് വേഗം പുറത്തേയ്ക്ക് വന്നു..!!

“ഇതാരാ ഈ നേരത്ത് “

അവർ തനിയെ അതും പറഞ്ഞ് ടീവിയിൽ നോക്കി ഇരിക്കുന്ന അല്ലി മോളെ ഒന്ന് നോക്കി കൊണ്ട് പോയ്‌ വാതിൽ തുറന്നു..!! മുന്നിൽ നിൽക്കുന്നവരെ അവർ ഒരു സംശയ ദൃഷ്ടിയോടെ വീക്ഷിച്ചു..!!

“ആരാ മനസിലായില്ല “

“ഞാൻ മാധവ് മേനോൻ അൽപ്പം ദൂരെ നിന്ന് വരുവാണ്..!! ഇത് എന്റെ ഭാര്യ പാർവതി..!! ഞങ്ങൾ ശ്രീ മംഗലം തറവാട്ടിൽ നിന്നാണ് “

“”ശ്രീ മംഗലം “” എന്ന് മാത്രം ആണ് അവരുടെ കാതുകളിൽ പതിഞ്ഞത്..!! അതിന്റെ ഫലമെന്നോണം അവരിൽ ഒരു ഞെട്ടൽ ഉളവായി..!! നേത്രയിൽ നിന്ന് കേട്ടറിഞ്ഞത് ആണ് ശ്രീ മംഗലം തറവാടും..!! അവിടെ ഉള്ള അംഗങ്ങളെ കുറിച്ചും..!!

“ഞങ്ങൾക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് അകത്തേയ്ക്ക് വരവോ?? “

രാധയുടെ മൗനം കണ്ട് ആവണം മാധവൻ അത് ചോദിച്ചത്..!! പെട്ടന്ന് അവർ ഡോറിന്റെ മുന്നിൽ നിന്ന് ഒരു സൈഡിലേയ്ക്ക് മാറി കൊണ്ട് പറഞ്ഞു..!!

“അക.. അകത്തേയ്ക്ക് വരൂ “

അത് കേൾക്കാൻ കാത്തിരുന്ന പോലെ അവർ രണ്ടാളും അകത്തേയ്ക്ക് കയറി..!! എന്നാൽ അകത്തേയ്ക്ക് കയറിയ അവരിൽ ആദ്യം ഉടക്കിയ കാഴ്ച്ച ഇതാണ്..!!

കൈയിൽ ഇരിക്കുന്ന പാവ കുട്ടിയുടെ കവിളിൽ ആയ് കടിച്ച് കൊണ്ട് കുലുങ്ങി ചിരിക്കുന്ന അല്ലി പെണ്ണ്..!! ഒരു വേള അവർ രണ്ടാളും ഒരുപോലെ ആ കാഴ്ച്ച നോക്കി നിന്നു..!!

എന്നാൽ രാധമ്മയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി..!! അവർ വേഗം പോയ്‌ അല്ലി മോളെ വാരി എടുത്തു..!! അത് ഇഷ്ടം ആകാത്തത് പോലെ അവരുടെ മുഖം മാറുന്നത് രാധ കാണുകയും ചെയ്തു..!!

“ഇരിക്കൂ “

അല്ലി മോളിൽ തന്നെ മിഴികൾ ഉറപ്പിച്ച് അവർ ഇരുന്നു..!! ഒരു വേള അവളെ കാൺകേ അവരുടെ കണ്ണിൽ വാത്സല്യം കൂറി..!!

” എന്താ നിങ്ങൾക്ക് പറയാൻ ഉള്ളത് “

രാധമ്മ ചോദ്യത്തിന് തുടക്കം കുറിച്ചു..!! അത്രയും നേരം അല്ലി മോളിൽ നോട്ടം എയ്തു നിന്ന മാധവും പാർവതിയും ആ ചോദ്യം കേൾക്കെ നോട്ടം രാധായ്ക്ക് നേരെ തിരിച്ചു..!!

” ഞങ്ങൾക്ക് സംസാരിക്കാൻ ഉള്ളത് നിങ്ങളോട് അല്ല നേത്രയോട് ആണ് “

ആ വാക്കുകളിൽ ഒരു തരം ധാർഷ്ഡ്യം ഉള്ളത് പോലെ തോന്നി രാധമ്മയ്ക്ക്..!! അത് മനസിലാക്കി കൊണ്ട് അവർ അൽപ്പം കടുപ്പത്തിൽ പറഞ്ഞു..!!

“മോള് ഇവിടെ ഇല്ല..!! ഇനി ഉണ്ടെങ്കിൽ തന്നെ അവൾക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യവും കാണില്ല..!! അതുകൊണ്ട് പറയാൻ ഉള്ളത് എന്താന്ന് വച്ചാൽ എന്നോട് പറഞ്ഞിട്ട് പോകാം “

” താല്പര്യം കാണിച്ചേ മതിയാകൂ കാരണം ഞങ്ങൾ സംസാരിക്കാൻ വന്നത് അവൾക്ക് വേണ്ടി അല്ല..!! ദേ ഞങ്ങളുടെ ഈ കൊച്ച് മകൾക്ക് വേണ്ടി ആണ്..!! ഞങ്ങളുടെ മകന്റെ ചോരയ്ക്ക് വേണ്ടി “

പാർവതി എഴുന്നേറ്റ് നിന്ന് വീറോടെ പറഞ്ഞു..!! അത് കേൾക്കെ രാധ ഒന്ന് പുച്ഛത്തോടെ ചിരിച്ചു..!!

“ഇപ്പോഴാണോ മകന്റെ ചോരയെ നിങ്ങൾക്ക് ഓർമ വന്നത്..!! ഇത്രയും നാളും ഇല്ലാതെ ഇരുന്ന സ്നേഹം ഇപ്പോൾ എവിടെ നിന്ന് പൊട്ടി മുളച്ചു..!! ഹ്മ്മ് കൊച്ചു മകൾ ആണ് പോലും..!! അത് പറയാൻ ഉള്ള യോഗ്യത ഉണ്ടോ നിങ്ങൾക്ക്..!! ഇതേ കൊച്ചു മകൾ ഇത്രയും നാള് എങ്ങനെ ആണ് കഴിഞ്ഞത് എന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ..!! മകന്റെ വാക്ക് കേട്ട് ഒരു പാവം പെണ്ണിനെ പടി അടച്ച് പിണ്ഡം വയ്ക്കുമ്പോൾ ചിന്തിച്ചുവോ നിങ്ങൾ  അവളും ഒരു അമ്മയുടെ മകൾ ആണെന്ന്..!! അന്നും അവളുടെ ഉദരത്തിൽ ഉണ്ടായിരുന്നു നിങ്ങളുടെ നിങ്ങളുടെ മകന്റെ ചോര..!! അന്നൊന്നും ഇല്ലാതിരുന്ന സ്നേഹം ഇപ്പൊ എവിടെ നിന്ന് വന്നു നിങ്ങൾ “

അവർ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു..!! ഒരു വേള പാർവതി വിറളി വെളുത്ത് പോയി..!!

“മതി നിങ്ങളുടെ പ്രസംഗം കേൾക്കാൻ അല്ല ഞങ്ങൾ വന്നത്..!! ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ വേണം..!! തരാൻ ഇനി ഉദ്ദേശം ഇല്ലെങ്കിൽ നിയമപരമായി ഞങ്ങൾക്ക് മൂവ് ചെയ്യേണ്ടി വരും “

മാധവ് സോഫയിൽ നിന്ന് എഴുന്നേറ്റ് ദേഷ്യത്തോടെ അതിൽ ഉപരി വാശിയോടെ പറഞ്ഞു..!! എന്നാൽ അയാളുടെ ആ വാക്കുകൾ രാധയിൽ ഒരു ഞെട്ടൽ ഉളവാക്കി..!!

“അവൾ വരുമ്പോൾ ഇതൊന്ന് പറഞ്ഞേക്ക്..!! പിന്നെ കണ്ട കുപ്പാത്തൊട്ടിയിൽ വളരാൻ ഉള്ളത് അല്ല ഇവൾ..!! ശ്രീ മംഗലത്തെ കുട്ടി ആണ്..!! അപ്പൊൾ അവൾ അവിടെ തന്നെ വളരും “

അതും പറഞ്ഞ് അയാൾ അവരെ നോക്കി ഒരു പുച്ഛത്തോടെ പുറത്തേയ്ക്ക് ഇറങ്ങി പോയി..!! അയാൾക്ക് പുറകെ അതെ ഭാവത്തോടെ പാർവതിയും..!!

എന്നാൽ എല്ലാം കേട്ട് നിറ കണ്ണുകളോടെ നിൽക്കുവായിരുന്നു അവർ..!! അവർ അല്ലി മോളെ തന്നിലേയ്ക്ക് അടക്കി പിടിച്ചു..!! അവളെ ആർക്കും വിട്ട് കൊടുക്കില്ല എന്നാ പോലെ..!!

തുടരും….