തീരം ~ ഭാഗം 01 – 10, എഴുത്ത്: അനിപ്രസാദ്

ആർത്തിരമ്പി പെയ്ത്  പ്രകൃതിയുടെ കലിയടങ്ങും പോലെയാണ് ഒരു മനുഷ്യ ജന്മം കണ്മുമ്പിൽ അഗ്നി വിഴുങ്ങിക്കളഞ്ഞതെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി.

ഇപ്പോഴും അവർക്ക് അങ്ങോട്ട് വിശ്വസിയ്ക്കാൻ കഴിയുന്നില്ല രാമചന്ദ്രൻ മാഷ് ഈ ഭൂമി വിട്ട് പൊയ്ക്കളഞ്ഞു എന്ന്. ഇന്നലെ രാവിലെയാണ് രാമചന്ദ്രൻ മാഷിനെ താൻ അവസാനമായി കണ്ടതെന്ന് രത്നമ്മ ടീച്ചർ ഓർത്തു.

ഏഴുമണിയോട് അടുത്ത നേരത്ത്‌ മാഷ് പാൽ വാങ്ങാനായി കവലയിലുള്ള പീലിച്ചായന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് താൻ കാണുന്നത്.

പാൽക്കാരൻ പാൽ വീട്ടിലെത്തിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മാഷ് കവലയിലുള്ള അയാളുടെ വീട്ടിൽ പോയാണ് പാൽ വാങ്ങുന്നത്. ഒരിയ്ക്കൽ താൻ അതിനെ പറ്റി മാഷോട് ചോദിച്ചപ്പോൾ മാഷ് അന്ന് തനിയ്ക്ക് തന്ന മറുപടി ഇതാണ്.

“ഒരു പണിയുമില്ലാതെ വെറുതേ വീട്ടിലിരിപ്പല്ലേ ടീച്ചറേ ഞാൻ. ഇതൊരു ജോലിയും ചെറിയൊരു വ്യായാമവും ആയിക്കോട്ടെ എന്ന് കരുതി ഞാനാണ് അയാളോട് പറഞ്ഞത് പാൽ വാങ്ങാനായി ഞാൻ വീട്ടിലേക്ക് വന്നോളാം എന്ന്..”

നാട്ടിലും വീട്ടിലും ഒരേ പോലെ പ്രിയപ്പെട്ടവനായ രാമചന്ദ്രൻ മാഷിനെ ഒരിയ്ക്കൽ പരിചയപ്പെടുന്ന ആരും തന്നെ പിന്നെ അദ്ദേഹത്തെ എത്ര നാൾ കഴിഞ്ഞു കണ്ടാലും മറക്കാനേ ഇടയില്ല.

അതാണ്‌ രാമചന്ദ്രൻ മാഷിന്റെ ഏറ്റവും വലിയ ഗുണം.

ആർക്കും, ഏത് നേരത്തും ഉപകാരി. ഏത് പാതിരായ്ക്കും അദ്ദേഹത്തിന്റെ സഹായം അഭ്യർത്ഥിച്ചു ധൈര്യമായി ‘ശ്യാമ മോഹനം ‘എന്ന വീടിന്റെ പടി കടന്നെത്താം.

ഇന്നലെ വൈകിട്ടാണ് തന്നെ കവലയിൽ കട നടത്തുന്ന സാബു വിളിച്ചറിയിയ്ക്കുന്നത് രാമ ചന്ദ്രൻ മാഷേ അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിയ്ക്കയാണെന്ന്.

ഒരു മണിയ്ക്കൂറിനകം അടുത്ത വാർത്തയെത്തി അദ്ദേഹം മരണപ്പെട്ടിരിയ്ക്കുന്നു എന്ന്.

ആദ്യം അത് കേൾക്കേ ഒരു മരവിപ്പായിരുന്നു മനസ്സിൽ. പതിയെ പതിയയെങ്കിലും അതൊരു സത്യമാണെന്ന് മനസിലാക്കാൻ താൻ ആർക്കൊക്കെ ഫോൺ ചെയ്തു എന്നതിന് കണക്കില്ല. ആരുടെയെങ്കിലും നാവിൽ നിന്ന് പ്രതീക്ഷക്ക് വകയുണ്ട് ടീച്ചറേ എന്നൊന്ന് കേട്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ സത്യം സത്യമായി മുമ്പിൽ നിൽക്കുമ്പോൾ ആഗ്രഹങ്ങൾക്ക് അതിരിടാതെ തരമില്ലല്ലോ.

ഒരു നാടും മറു നാടും ഇളകി വന്നാണ് രാമചന്ദ്രൻ മാഷിന് അന്ത്യയാത്ര നൽകിയത്. അദ്ദേഹത്തിന്റെ ജനപ്രീതി എത്രയ്ക്കുണ്ടായിരുന്നു എന്ന് അപ്പോഴാണ് മനസിലാകുന്നത്.

ആയിരമോ പതിനായിരമോ  വിദ്യാർഥികൾക്ക് അക്ഷരജ്ഞാനം പകർന്നു നൽകിയ മനുഷ്യനാണ്. അതിന്റെ രണ്ടിരട്ടി മനുഷ്യരെങ്കിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ ഈ വീട്ടിൽ വന്നുപോയിട്ടുണ്ട്.

രാമചന്ദ്രൻ മാഷിന്റെ കത്തി തീർന്ന ചിതയിൽ നീണ്ട കൊള്ളി കൊണ്ട് ഒരാൾ തീക്കനലുകൾ കോരി ചിതറുന്നത് അവിടെ നിന്നാൽ രത്നമ്മ ടീച്ചർക്ക് കാണാമായിരുന്നു.

നക്ഷത്ര കുരുന്നുകൾ പൊഴിഞ്ഞ് വീഴും പോലെ തീപ്പൊരികൾ നാല് പാടും ചിതറുന്നു. ഇടയ്ക്കിടെ ചെറിയ ശബ്ദത്തോടെ എന്തൊക്കെയോ പൊട്ടുന്ന ഒച്ചയും കേൾക്കാം.

മാനത്തിന്റെ കിഴക്കൻ കോണിൽ കരിമ്പുക അടിഞ്ഞു കൂടും പോലെ  കറുപ്പ് വ്യാപിയ്ക്കുന്നത് കണ്ടിട്ടാകാം കുറച്ചാൾക്കാർ ചേർന്ന് ചിതയ്ക്ക് മീതെ ഒരു ടാർപ്പ വലിച്ചു കെട്ടാനുള്ള പണികൾ തുടങ്ങുന്നുണ്ട്.

ചടങ്ങുകൾ തീർന്നതോടെ ആൾക്കാരെല്ലാം ഒരുവിധം തിരികെ പോയി കഴിഞ്ഞിട്ടുണ്ട്.

തൊട്ടടുത്ത അയൽക്കാരും, രാമചന്ദ്രൻ മാഷിന്റെ രണ്ട് പെണ്മക്കളുടെ കുടുംബവും, അവരുടെ ബന്ധുമിത്രാദികളുമൊക്കെയാണ് ഇനി ശേഷിയ്ക്കുന്നത്.

രത്നമ്മ ടീച്ചർ ഓരോന്ന് ഓർത്തുകൊണ്ട് നിൽക്കേ അവരുടെ അടുത്തേയ്ക്ക് പഴയൊരു സ്നേഹിതയായ വരദ നടന്നു വന്നു.

ഏകദേശം പത്ത്‌ വർഷം മുമ്പ് അവർ രണ്ട് പേരും ഒരേ സ്കൂളിൽ ഒന്നോ ഒന്നരയോ വർഷം ഒരുമിച്ച് ജോലിചെയ്തിട്ടുള്ളതാണ്.

“ഇടയ്ക്കൊക്കെ വീട്ടിൽ വരുമ്പോൾ ഞാൻ രത്നമ്മ ടീച്ചറേ കുറിച്ച് അമ്മയോട് തിരക്കാറുണ്ട്.. അമ്മയ്ക്ക് പ്രായമായതിന്റെ ഇത്തിരി ഓർമ്മക്കുറവ് ഉണ്ടേ.. അതുകൊണ്ട് ഒരു തവണ ചോദിയ്ക്കുമ്പോ പറയും നാട്ടിലുണ്ടെന്ന്..
പിന്നീടൊരു തവണ കൂടി ചോദിച്ചാൽ പറയും ടീച്ചർ മകളുടെ കൂടെ ചെന്നൈയിൽ ആണെന്ന്..ശരിയ്ക്കും ടീച്ചർ ചെന്നയിലാണോ അതോ നാട്ടിലാണോ സ്ഥിരം…” വരദ തിരക്കി.

“ചെന്നൈയിലാണ്.. ഞാനിപ്പോൾ വന്നിട്ട് ഒരാഴ്ചയാകുന്നതേയുള്ളൂ.. ഇന്ന്‌ മടങ്ങി പോകാനിരുന്നതാ..അപ്പോഴാ രാമചന്ദ്രൻ മാഷ്…” അവർ ഒരു നെടുവീർപ്പിട്ടു.

“പെട്ടന്നിങ്ങനെ വരാൻ എന്താ ടീച്ചറേ… ഇപ്പോഴെങ്ങാനും പോകേണ്ട മനുഷ്യനാണോ…”

“മരണത്തിന്റെ ഏറ്റവും മാരക രൂപമാ ഈ അറ്റാക്ക്.. അത് ഏതൊക്കെ തരമാണെന്നും, എങ്ങിനെയൊക്കെ വന്ന് മനുഷ്യ ജീവനെ കീഴടക്കുമെന്നും ആർക്കും പറയാൻ പറ്റില്ല… എന്നാലും ഒരു ദിവസം തികച്ച് പോലും മാഷ് കിടന്നില്ലെന്നുള്ളതാ…അവസാനമായി ജീവനോടെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ…” രത്നമ്മ ടീച്ചർക്ക് സങ്കടം വന്നെങ്കിലും അതവർ ചുണ്ടുകൾ കടിച്ചു പിടിച്ച് പണിപ്പെട്ട് അടക്കി.

“ഇത്രേയുള്ളൂ മനുഷ്യൻ. അല്ലേ ടീച്ചറേ..അതുഞാനായാലും..മറ്റൊരാൾ ആയാലും..ആരായാലും.”

അവർ സംസാരിച്ചു നിൽക്കേ വടക്കേതിലെ ഭാർഗവി വന്ന് രത്നമ്മ ടീച്ചറേ വിളിച്ചു.

“ടീച്ചറേ.. ഒന്നിങ്ങോട്ട് വരുവോ…”

“എന്താ ഭാർഗവിയമ്മേ…” രത്നമ്മ ടീച്ചർ തല തിരിച്ചു അവരെ നോക്കി.

“ആ കൊച്ച് ഒരു തുള്ളി വെള്ളം പോലും കുടിയ്ക്കുന്നില്ല ടീച്ചറേ..നേരത്തോട് നേരമായിട്ടും ഒരു വക കഴിച്ചിട്ടും ഇല്ല. ഒന്ന് ചലിയ്ക്കുക പോലും ചെയ്യാതെ അത് ഒരേ ഇരിപ്പ് ഇരിയ്ക്കുവാ..അതൊന്ന് കരഞ്ഞിരുന്നെങ്കിൽ ഞാനിങ്ങനെ ആധി പിടിയ്ക്കില്ലായിയുന്നു…”

“ആരാ ഭാർഗവിയമ്മേ.. നവമി ആണോ…”

“ഉം.. അതിരുന്ന് പുകഞ്ഞു കത്തുവാ ടീച്ചറേ. ഏത് നേരമാ പൊട്ടി തെറിയ്ക്കുന്നതെന്ന് പറയാൻ പറ്റില്ല.. ദൈവമേ.. അതിന്റെ സമനില തെറ്റി പോകാണ്ടിരുന്നാൽ മതിയാരുന്നു. അതൊരു മനുഷ്യ ജീവിയല്ലേ..”

“ഭാർഗവിയമ്മ വാ. അവൾക്ക് കുടിയ്ക്കാൻ എന്തെങ്കിലും എടുക്ക്…”

“അവിടെ കൊണ്ട് വച്ചിട്ടുണ്ട് ടീച്ചറേ..നാരങ്ങാവെള്ളം ഒരു കപ്പ് നിറയെ കൊണ്ട് വന്നതാ.. അടുത്ത വീട്ടിൽ വച്ച പഷ്ണി ക്കഞ്ഞി കുടിയ്ക്കാൻ അങ്ങോട്ട് വരില്ലെന്ന് വിചാരിച്ചു അത് കുടിയ്ക്കുന്നെങ്കിൽ കുടിച്ചോട്ടെ എന്ന് കരുതി കഞ്ഞിയും കൊണ്ട് വച്ചിട്ടുണ്ട്.”

രത്നമ്മ ടീച്ചർ നേരെ നവമി ഇരിയ്ക്കുന്ന റൂമിലേക്ക് ചെന്നു.

കട്ടിലിൽ, ഇരു കാലുകളും കൈകൊണ്ട് ചുറ്റിപ്പിടിച്ചു കാൽമുട്ടുകൾക്ക് മുകളിലേക്ക് തല ചായ്ച്ചു വച്ച് ഇരിക്കുകയാണ് അവൾ.ജീവിതത്തിൽ ഇനിയൊന്നും പ്രതീക്ഷിയ്ക്കാനില്ലാത്തവളുടെ ഒരു ഭാവം അവളുടെ കണ്ണുകളിൽ രത്നമ്മ ടീച്ചർക്ക് കാണാൻ കഴിഞ്ഞു.

ആ കാഴ്ച കണ്ടിട്ട് രത്നമ്മ ടീച്ചർക്ക് സങ്കടം വന്നു. രാമചന്ദ്രൻ മാഷ് ജീവന്റെ ജീവനായി കൊണ്ട് നടന്ന പെണ്ണാണ്. അവൾക്കും തിരിച്ച് അതിന്റെ നൂറിരട്ടി സ്നേഹമായിരുന്നു മാഷോട്.. ആ വേർപാട് ഇവളിൽ എത്രത്തോളം ആഘാതം ഏൽപ്പിച്ചിട്ടുണ്ടാവുമെന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ.

രത്നമ്മ ടീച്ചർ നവമിയുടെ അടുത്തേയ്ക്ക് ഇരുന്ന ശേഷം അവളുടെ ശിരസ്സിൽ തൊട്ടു. അതൊരു പ്രതിമയാണെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി. തണുത്തുറഞ്ഞ ഒരു പ്രതിമ. രത്നമ്മ ടീച്ചർ എണീറ്റ് മറുവശത്ത്‌ വന്ന് നവമിയ്ക്ക് അഭിമുഖമായി ഇരുന്നു.

ഭാർഗവിയമ്മ ഒരു കപ്പ് നാരങ്ങാ വെള്ളം എടുത്ത്‌ രത്നമ്മ ടീച്ചർക്ക് നേരെ നീട്ടി.

“ഇതങ്ങോട്ട് കുടിയ്ക്കാമ്പറ ടീച്ചറേ. അതിന്റെ തൊണ്ട വരണ്ടു പൊട്ടി കിടക്കയാവും.. ആ ക്ഷീണവും ഒന്ന് മാറിക്കിട്ടും…”

“ഇത് കുടിയ്ക്ക് മോളേ… നിന്റെ ഈ ഇരിപ്പ് കണ്ടിട്ട് സഹിയ്ക്കുന്നില്ലല്ലോ കുഞ്ഞേ..
അച്ഛൻ പോയി..ആ സത്യം ഇനി നമ്മളെല്ലാം ഉൾക്കൊണ്ടേ പറ്റൂ…നമ്മൾ ഇനി എത്ര സങ്കടപ്പെട്ടാലും പോയ മാഷ് തിരിച്ച് വരില്ല മോളേ..നീ ഒന്ന് തല ഉയർത്തിപ്പിടി കുഞ്ഞേ…എന്നിട്ട് ഇതിൽ നിന്ന് ഒരു കവിൾ വെള്ളമെങ്കിലും കുടിയ്ക്ക് മോളേ..”

രത്നമ്മ ടീച്ചർ അങ്ങനെ പറഞ്ഞപ്പോൾ നവമി മെല്ലെ കണ്ണുകൾ മൂടി കളഞ്ഞു.
അതൊരു പ്രതിഷേധം ആണെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി.

അകാരണമായി തന്റെ അച്ഛനെ തന്നിൽ നിന്ന് അടർത്തിയെടുത്തുകൊണ്ട് പോയ കാലത്തോടുള്ള പ്രതിഷേധം. എന്റച്ഛനില്ലാത്ത ലോകത്ത്‌ ഇതൊന്നും എനിയ്ക്ക് കാണുകയേ വേണ്ടെന്ന പ്രതിഷേധം…

“അവൾക്ക് വിശപ്പും, ദാഹവും ഒന്നും കാണില്ല ടീച്ചറേ. അതാ അവളിങ്ങനെ നിഷേധാർത്ഥത്തിൽ ഇരിയ്ക്കുന്നത്.. നമ്മൾ കാണാഞ്ഞിട്ടായിരിയ്ക്കും. അവൾക്ക് ദാഹിച്ചപ്പോൾ അവൾ പോയി വെള്ളമോ ജ്യൂസോ ഒക്കെ എടുത്ത്‌ കഴിച്ചിരിയ്ക്കും. അല്ലെങ്കിൽ തന്നെ ഇവൾക്ക് തിന്നാനും കുടിയ്ക്കാനുമുള്ളത് അച്ഛൻ ഏത് നേരവും ഇവിടെ സ്റ്റോക്ക് ചെയ്തു വച്ചേക്കുവല്ലേ..”

വാതിൽക്കൽ നിന്നൊരു ശബ്ദം കേട്ട് രത്നമ്മ ടീച്ചർ അവിടേയ്ക്ക് നോക്കുമ്പോൾ കാണുന്നത് ഇരു കൈകളും മാറിൽ പിണച്ച് കെട്ടി വാതിൽ പടിയിലേക്ക് ചാരി തങ്ങളെ തന്നെ നോക്കി നിൽക്കുന്ന സൗമ്യയെ ആണ്… അവൾക്ക് തൊട്ടു പിന്നിൽ നിൽപ്പുണ്ട് മൂത്തവൾ സൗമിനി …സൗമിനി പക്ഷേ ഇപ്പോഴാണ് അവിടേയ്ക്ക് വന്നത്.

“എന്താടീ ഇവിടെ..” സൗമിനി വാതിലിന് പുറത്ത് നിന്നുകൊണ്ട് അകത്തേയ്ക്ക് നോക്കി സൗമ്യയോട് ചോദിച്ചു.

“രത്നമ്മ ടീച്ചർ ഇവിടുത്തെ കുഞ്ഞുവാവയെ മാമൂട്ടുന്നു..കണ്ടില്ലേ ചേച്ചി..”

മുറിയ്ക്കുള്ളിലെ കാഴ്ച സൗമിനിയ്ക്ക് കൃത്യമായി കാണാൻ വേണ്ടി സൗമ്യ അൽപ്പം ഒഴിഞ്ഞ് കൊടുത്തു.

“ഇവിളിതെന്താടീ നിരാഹാരം ഇരിയ്ക്കുന്നോ… ആരെ കാണിയ്ക്കാനാ ഇവൾ ഈ അടവ് എടുക്കുന്നത്…”

സൗമിനിയുടെ മുഖത്ത്‌ നവമിയോടുള്ള വെറുപ്പ് കാണാമായിരുന്നു.

“ചേച്ചി അവളോട് നേരിട്ട് ചോദിയ്ക്ക്.മുമ്പിൽ ഇരിപ്പുണ്ടല്ലോ ആൾ ..””

  “ചോദ്യവും പറച്ചിലും ഒക്കെ പിന്നെ. ഇവളെ അമ്മ അന്വേഷിയ്ക്കുന്നുണ്ട്. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..അമ്മയ്ക്ക് ഇവളുടെ കാര്യത്തിൽ എന്തോ തീരുമാനം എടുക്കാനുണ്ടെന്ന്..” സൗമിനി പറയുന്നത് കേട്ട് രത്നമ്മ ടീച്ചർ അമ്പരന്നു പോയി.

“തീരുമാനമോ.. എന്ത് തീരുമാനം..” അവർ തിരക്കി.

“ആ.. അതൊന്നും എനിയ്ക്കറിയില്ല ടീച്ചറേ.. അമ്മ പറഞ്ഞത് ഞാൻ വന്ന് ഇവളോട് പറഞ്ഞു. അത്രേയുള്ളൂ..”

“നിന്റെ അമ്മയുടെ തീരുമാനം എന്താണെന്ന് നീ അമ്മയോട് തിരക്കിയില്ലേ…”

“ആ.. ഇല്ല.. എനിയ്ക്കതിന്റെ ആവശ്യമില്ലെന്ന് തോന്നി. അല്ലെങ്കിൽ തന്നെ ഇവളുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം അമ്മ എടുക്കുന്നതിന് ഞാനെന്തിനു ചോദിയ്ക്കണം…”

  “ചോദിയ്ക്കണ്ടേ.. നിങ്ങടെ അമ്മയാണെന്ന് കരുതി ഇവളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുമ്പോൾ അതെന്താ അമ്മേ എന്ന് നീ ചോദിയ്ക്കണ്ടേ സൗമിനീ.. ഇത് നിന്റെ അനിയത്തി അല്ലേടീ…അപ്പോൾ അതറിയാനുള്ള അവകാശവും നിനക്കില്ലേ…”

“അനിയത്തിയോ.. ആരുടെ അനിയത്തി… എന്നോ ഒരു ദിവസം എവിടെ നിന്നോ അച്ഛൻ ഒരു പെൺകുട്ടിയെയും കൂട്ടി വീട്ടിലേക്ക് വന്നിട്ട് പറയുന്നു മക്കളേ ഇവൾ നിങ്ങളുടെ അനിയത്തിയാണെന്ന്..

അന്ന് ഞങ്ങൾക്ക്, അതായത് എനിയ്ക്കും സൗമ്യയ്ക്കും അറിയില്ല ഇത് ചോദ്യം ചെയ്യപ്പെടേണ്ടിയിരുന്നതാണെന്ന്… പക്ഷേ അറിവുള്ള അമ്മയ്ക്ക് അതിനുള്ള ധൈര്യവും പോരായിരുന്നു. ധൈര്യമില്ലായിരുന്നു എന്നല്ല അമ്മ എന്ത് പറഞ്ഞാലും അനുസരിയ്ക്കുന്ന ഒരു പ്രകൃതമായിരുന്നില്ല അച്ഛന്റേത്.. അങ്ങനെ പറയുന്നതാവും ശരി.. അല്ലെങ്കിൽ ഇന്ന്‌ ഇവൾ ഈ ഇരിപ്പ് നമ്മൾക്ക് മുമ്പിൽ ഇരിയ്ക്കുമായിരുന്നില്ലല്ലോ…”

സൗമിനി, നവമിയെ തന്നെ നോക്കികൊണ്ട് രോഷത്തോടെ പറഞ്ഞു.
രത്നമ്മ ടീച്ചറിൽ നിന്നും ഒരു മറുപടിയും കിട്ടാതായപ്പോൾ സൗമിനി അനിയത്തിയെ നോക്കി പറഞ്ഞു.

“സൗമ്യേ.. നീ ഇവളേ വിളിച്ച് അമ്മയുടെ അടുത്തേയ്ക്ക് കൊണ്ട് ചെല്ല്. അമ്മയ്ക്ക് ഇവളുടെ കാര്യത്തിൽ എന്തോ തീരുമാനം എടുക്കാനുണ്ട്… ഇവളെ ഇനി ഇവിടെ നിർത്താൻ പറ്റില്ലെന്ന് അമ്മ അങ്കിൾ മാരോട് പറയുന്നത് ഞാൻ കേട്ടു..”

“ഇവിടെയല്ലാതെ ഈ കൊച്ച് എങ്ങോട്ട് പോകും…” അത് കേട്ട് നിന്ന ഭാർഗവി ചോദിച്ചു.

“അതൊന്നും എനിയ്ക്കറിയില്ല ചേച്ചീ. ചേച്ചിയ്ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചെന്ന് അമ്മയോട് ചോദിയ്ക്ക്..അല്ലെങ്കിൽ തന്നെ അതൊക്കെ ചോദിയ്ക്കാൻ ചേച്ചി ആരാ.. ഞങ്ങടെ കുടുംബ കാര്യങ്ങളിൽ ഇടപെടാൻ ചേച്ചി നിൽക്കല്ലേ..ചേച്ചിയെന്നല്ല ആരും..”

രത്നമ്മ ടീച്ചറേമുന വച്ച് ഒന്ന് നോക്കിയ ശേഷം സൗമിനി അവിടെ നിന്നും പോയി.

സൗമ്യ നടന്ന് നവമിയുടെ മുമ്പിലേക്ക് വന്നു.

“എണീൽക്കെടീ അവിടുന്ന്. മതി നിന്റെ അഭിനയം.. ചേച്ചി പറഞ്ഞത് കേട്ടില്ലേ. എണീറ്റ് അമ്മയുടെ അടുത്തേയ്ക്ക് ചെല്ല്. നീയിനി ഈ വീട്ടിൽ വേണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാനുള്ള നേരമായി. എണീറ്റ് വന്നോ പെട്ടന്ന്. നീ ഇവിടിങ്ങനെ വാശി പിടിച്ചിരുന്നു അമ്മയെ ഇങ്ങോട്ട് വരുത്താൻ നിൽക്കല്ലേ.. അറിയാമല്ലോ അമ്മയുടെ സ്വഭാവം..”

ഒരു ഭീഷണിയുടെ സ്വരത്തിലാണ് സൗമ്യയുടെ സംസാരം.

“കഷ്ട്ടമുണ്ട് മോളേ.. ഈ നേരത്ത്‌ തന്നെ ഇതിനോട് ഇങ്ങനൊക്കെ ചെയ്യാൻ നിങ്ങൾക്ക് എങ്ങിനെ കഴിയുന്നോ എന്തോ.. ഒരിത്തിരി മനുഷ്യപ്പറ്റ് കാണിയ്ക്കരുതോ നിങ്ങൾക്ക് ഇതിനോട്.. ഇതൊരു മനുഷ്യ ജീവിയല്ലേ. ഒന്നാമതേ അതിന്റെ മാനസിക നില പോലും അത്ര ശരിയല്ല….” തനിയ്ക്കും ഇതേ പ്രായത്തിൽ ഒരു മകളുള്ളതാണല്ലോ എന്നോർക്കേ ആയിരുന്നു ഭാർഗവിയമ്മയ്ക്ക് സങ്കടം.

“മാനസിക നില ശരിയല്ലങ്കിലേ അതിനുള്ള ചികിത്സ കൊടുക്കാനാ എണീറ്റ് അങ്ങോട്ട് വരാൻ പറഞ്ഞത്. അല്ലാതെ ഇവളെ അവിടെ കൊണ്ട് പോയി കൊല്ലാനും തിന്നാനും ഒന്നുമല്ല…”

“അതെനിയ്ക്ക് മനസിലായല്ലോ.. രണ്ടിന്റെയും സംസാരത്തിൽ തന്നെ കാണാനുണ്ട് എന്തോ ചികിത്സയാ കൊടുക്കാൻ പോണതെന്ന്.. ആ മാഷിന്റെ ചിതയ്ക്ക് തീ വീഴാഞ്ഞിരുന്നതാ ഇതിന്റെ കഷ്ടകാലം തുടങ്ങാൻ..എനിക്കിതൊന്നും കാണാനുള്ള ശക്തിയില്ല ടീച്ചറേ. ഞാമ്പോവാ…” . ഭാർഗവി യമ്മ തന്റെ കയ്യിലിരുന്ന നാരങ്ങാ വെള്ളം നിറച്ച കപ്പ് മേശപ്പുറത്തേയ്ക്ക് വച്ചിട്ട് അവിടെ നിന്നിറങ്ങിപ്പോയി.

“എണീൽക്കെടീ…” സൗമ്യ വന്ന് നവമിയുടെ കൈക്ക് പിടിയ്ക്കാൻ നേരം രത്നമ്മ ടീച്ചർ തടഞ്ഞു.

“സൗമ്യ പൊക്കോ.. അവളെ ഉപദ്രവിയ്ക്കാൻ നിൽക്കണ്ട. ഞാൻ അവളെ അങ്ങോട്ട് കൊണ്ട് വന്നോളാം..”

സൗമ്യ മനസ്സില്ലാ മനസോടെ കൈ പിൻവലിച്ചു. പിന്നെ തിരിച്ച് നടന്നിറങ്ങി പുറത്തേയ്ക്ക് പോയി.

ഭാഗം 02

സൗമിനി വരുന്നത് കണ്ടതോടെ ഹാളിൽ ഇരുന്നവരെല്ലാം നിശബ്ദരായി.

അവളുടെ കൂടെ നവമി ഇല്ലെന്ന് കണ്ടപ്പോൾ പദ്മ പ്രിയയ്ക്ക് അമ്പരപ്പായി

“അവളെവിടെ.നവമി . നീ അവളെ വിളിച്ചോണ്ട് വരാനല്ലേ മോളേ പോയത്…”
പദ്മപ്രിയ ചോദിച്ചു.

“ഞാൻ വിളിയ്ക്കാഞ്ഞിട്ടാണോ അമ്മേ.. വരണ്ടേ അവൾ… അവൾക്ക് തോന്നി തുടങ്ങിയിട്ടുണ്ടാകും ഇനി ഇവിടെയാരെയും അനുസരിയ്‌ക്കേണ്ടതില്ലെന്ന്..എനിയ്ക്ക് വയ്യ അതിൽ കൂടുതൽ അവളുടെ കാല് പിടിയ്ക്കാൻ…ഞാൻ സൗമ്യയോട് പറഞ്ഞിട്ടുണ്ട് വിളിച്ചോണ്ട് വരാൻ.അവളിപ്പോൾ കൂട്ടിക്കൊണ്ട് വരും..”

ഇതുവരെ ബാക്കിയുള്ളവരെല്ലാം അവിടെയിരുന്നു രാമചന്ദ്രൻ മാഷിന്റെ മരണത്തെക്കുറിച്ചും, അഹങ്കാരപൂർണ്ണമായ അദേഹത്തിന്റെ ജീവിതത്തെ കുറിച്ചും തങ്ങൾക്കുള്ള അറിവുകൾ പരസ്പരം പങ്കു വച്ചുകൊണ്ടിരുന്നതാണ്.

ഹാളിൽ സോഫായുടെ ഒരറ്റത്തായി പദ്മപ്രിയ ഇരിപ്പുണ്ട്. അവരുടെ മുഖത്ത്‌ ഇന്നലെ തന്റെ ഭർത്താവ് മരണപ്പെട്ടു പോയതിന്റെ ഒരു ദുഃഖവും കാണാനില്ലെങ്കിലും കൺതടങ്ങളിൽ ചുവപ്പ് തടിച്ച് കിടക്കുന്നു.

അവർക്ക് എതിരെയുള്ള ഡിവോൺ കോട്ടിൽ പത്മപ്രിയയുടെ നേരെ ഇളയ സഹോദരങ്ങളായ ചന്ദ്രനുണ്ണിത്താനും,പ്രഭാകരനുണ്ണിത്താനും ഇരിയ്ക്കുന്നു.

അവരുടെ ഭാര്യമാരായ മാലതിയും, സ്നേഹലതയും അടുത്തടുത്തായി ഇരിയ്ക്കുന്നു.

പിള്ളേരെയെല്ലാം അവർ നേരത്തെ അവിടെനിന്നും പറഞ്ഞു വിട്ട് മറ്റൊരു മുറിയിലേക്ക് മാറ്റിക്കഴിഞ്ഞു.

ഇനിയുള്ളത് രാമചന്ദ്രൻ മാഷിന്റെ സഹോദരി ശ്രീദേവിക്കുട്ടിയും മകൻ അജയനുമാണ്. ശ്രീദേവികുട്ടി അടുക്കളയിലേക്ക് വെള്ളമെടുക്കാനായി ചന്ദ്രൻ പറഞ്ഞു വിട്ടിരിയ്ക്കയാണ്.

നവമിയോട് തങ്ങൾ സംസാരിക്കുമ്പോൾ ശ്രീദേവി കുട്ടിയും അജയനും അടുത്തില്ലാതിരിയ്ക്കുന്നതാണ് നല്ലതെന്ന് അവർക്കറിയാം.

ശ്രീദേവി കുട്ടിയോട് എന്തെങ്കിലുമൊക്കെ പറഞ്ഞു മനസിലാക്കാമെങ്കിലും അജയൻ ഒരു തല തെറിച്ചവൻ ആയിട്ടാണ് അവർക്കെല്ലാം തോന്നിയിട്ടുള്ളത്.എന്നാൽ മുഖത്തടിച്ചത് പോലെ സംസാരിയ്ക്കാനും, മറ്റുള്ളവരിൽ തെറ്റെന്തെങ്കിലും കണ്ടാൽ അത് തുറന്ന് പറയാനും ഒരു മടിയും കാണിയ്ക്കാറില്ല അജയൻ.

അതുകൊണ്ട് തന്നെ കുടുംബത്തിലുള്ള എല്ലാവരുടെയും കണ്ണിലെ ഒരു കരടാണ് അജയൻ.

അജയനെ ആ സദസ്സിൽ നിന്നും ഒഴിവാക്കാൻ പദ്മപ്രിയയുടെ രണ്ടു സഹോദരന്മാരും ശ്രമിച്ചെങ്കിലും അജയൻ അതൊന്നും ഗൗനിയ്ക്കാനേ പോയില്ല.

പദ്മയാന്റി യുടെ ഈ സഹോദരന്മാരെ ഒറ്റയെണ്ണത്തിനെ രാമചന്ദ്രൻ അങ്കിൾ ജീവിച്ചിരുന്നപ്പോൾ ഈ വീടിന്റെ ഏഴയലത്ത്‌ അടുപ്പിയ്ക്കാറില്ലായിരുന്നു എന്ന് അജയന് അറിയാം. അതൊക്കെ അവരുടെ തന്നെ കയ്യിലിരിപ്പിന്റെ ഗുണമാണെന്ന് അജയൻ മനസിലാക്കിയിട്ടുണ്ട്. അവരങ്ങനെ നവമിയെ വിചാരണ ചെയ്തു ഈ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള തന്ത്രം മെനഞ്ഞ് കൊണ്ടുള്ള കാത്തിരിപ്പാണ് ഇതെന്ന് അജയന് എപ്പോഴോ ഒരു സൂചന കിട്ടി.

രത്നമ്മ ടീച്ചറിന് പിന്നാലേ നവമി വരുന്നത് കണ്ടതോടെ മാലതി തൊട്ടടുത്ത്‌ നിന്ന സ്നേഹലതയെ കൈകൊണ്ട് തൊട്ടു. സ്നേഹലത ഒരു അടയാളം പോലെ ഭർത്താവിന്റെ ഇരു ചുമലുകളിലും കൈകൊണ്ട് അമർത്തി.

ചന്ദ്രനുണ്ണി ത്താനും കണ്ടു അവർ വരുന്നത്.

“ഈ സ്ത്രീ ഇവിടുണ്ടായിരുന്നോ… ഇവരെന്തിനാ ഇപ്പോൾ അവൾക്കകമ്പടി സേവിയ്ക്കുന്നത്… അവൾക്കെന്താ തനിയേ നടക്കാൻ അറിയില്ലേ..”
ചന്ദ്രൻ അനുജന്റെ ചെവിയ്‌ക്കരികിലേക്ക് മുഖമടുപ്പിച്ചു പറഞ്ഞു.

“ഹ.. ഏട്ടൻ അത് വിട്ടു കളയെന്നേ.. അവര് നമ്മളെ എതിർക്കാനൊന്നും നിൽക്കത്തില്ല അവരോട് ഇറങ്ങി പോകാൻ പറഞ്ഞാൽ മതി അപ്പോൾ പൊക്കോളും…”

രത്നമ്മ ടീച്ചർ നവമിയെയും കൂട്ടി വന്നിട്ട് പദ്മ പ്രിയയെ നോക്കി ചിരിച്ചു.
അവർഅത് കണ്ടെങ്കിലും അങ്ങോട്ട് ശ്രദ്ധിയ്ക്കാനേ നിന്നില്ല.

രത്നമ്മ ടീച്ചർ അവളെ അവിടെ ഒഴിഞ്ഞ് കിടന്ന ഒരു സിംഗിൾ സോഫായിലേക്ക് ഇരുത്തി.

കുറച്ച് നിശബ്ദ നിമിഷങ്ങൾക്ക് ശേഷം തുടങ്ങിയ്ക്കോ എന്ന് പ്രഭാകരനുണ്ണിത്താൻ ഏട്ടന് കണ്ണുകൾ കൊണ്ട് സംജ്ഞ നൽകി.

“നവമീ…” ചന്ദ്രൻ വിളിച്ചു..

“ഇങ്ങോട്ട് നോക്ക്. ഞങ്ങളുടെ മുഖത്തേയ്ക്ക്.. നീയിങ്ങനെ കണ്ണീർഒഴുക്കികൊണ്ട് മുഖം കുനിച്ചിരുന്നാൽ ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾ ആരോട് പറയും…”

നവമി ചുരീ ദാറിന്റെ ഷാൾ കൊണ്ട് കണ്ണുകൾ തുടച്ച ശേഷം ചന്ദ്രനെ നോക്കി.

“ഞങ്ങളെല്ലാം പിരിഞ്ഞ് പോകുന്നതിനു മുമ്പ് നിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ. അതാ നിന്നെ ഞങ്ങൾ ഇങ്ങോട്ട് വിളിപ്പിച്ചത്..നിന്നെ അങ്ങിനെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് ഞങ്ങൾക്ക് പോകാൻ കഴിയില്ലല്ലോ…” ഒന്ന് നിർത്തിയിട്ട് അയാൾ തുടർന്നു.

“നിന്റെ അമ്മയ്ക്ക്, അതായത് നീ അമ്മയെന്ന് വിളിയ്ക്കുന്ന ഞങ്ങളുടെ പദ്മേച്ചിയ്ക്ക് ഇനി നിന്നെയും നോക്കി കൊണ്ട് ഇവിടെ ശിഷ്ടകാലം ജീവിയ്ക്കാൻ ഒട്ടും താൽപ്പര്യമില്ലെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്..

പദ്മേച്ചിയ്ക്ക് കുറച്ച് അസുഖങ്ങൾ ഒക്കെയുള്ളതിനാൽ ഇനി മുതൽ പദ്മേച്ചി താമസിയ്‌ക്കുക ബാഗ്ലൂരിൽ ശ്രീകുമാറിന് ഒപ്പമായിരിയ്ക്കും. അവിടെ നിന്നെയും കൂടി കൊണ്ട് ചെന്ന് താമസിപ്പിയ്ക്കുക എന്നുള്ളത് ശ്രീകുമാറിന് ബുദ്ധിമുട്ടായതിനാൽ നിന്നെ എവിടെങ്കിലും സുരക്ഷിതമായ ഒരിടത്ത്‌ എത്തിയ്ക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്ലാൻ… നീ എന്ത് പറയുന്നു..ഞങ്ങൾ നിർദേശിയ്ക്കുന്ന ഇടത്തേയ്ക്ക് പോകാൻ നീ തയ്യാറാണോ… ഇനി അല്ലെന്ന് പറഞ്ഞാലും നിന്നെ ഇവിടെനിന്ന് നോക്കാൻ ശാരീരിക അവശതകളുള്ള ചേച്ചി തയ്യാറാവില്ലെന്നാ എനിയ്ക്ക് തോന്നുന്നത്…”

ചന്ദ്രൻ പറഞ്ഞു നിർത്തി.

“അല്ല അങ്കിളേ.. എനിയ്ക്കൊരു സംശയം..” അജയൻ പെട്ടന്ന് ചാടിക്കയറി പറഞ്ഞു. അതോടെ എല്ലാവരുടെയും ശ്രദ്ധ അജയനിലേക്കായി.

“അങ്കിൾ പറഞ്ഞില്ലേ പദ്മാന്റിയ്ക്ക് എന്തോ ശാരീരിക അവശതകൾ ഉണ്ടെന്ന്.. അതെന്താ അങ്കിളേ ആന്റിയ്ക്ക് ഞങ്ങളാരും അറിയാത്ത ഒരസുഖം.

ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെ അങ്കിൾ അത് എന്നേ അറിയിയ്ക്കുമായിരുന്നല്ലോ. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ഞാൻ രാമചന്ദ്രൻ അങ്കിളിനെ കണ്ടപ്പോഴും അതിന്റെ ഒരു സൂചനപോലും നൽകിയില്ലല്ലോ എന്നോട്. എന്നിട്ടിപ്പോൾ ഇതുപോലൊരസുഖം നിമിഷനേരം കൊണ്ട് എങ്ങിനെ വന്നു പദ്മആന്റിയ്ക്ക്..”

“എല്ലാമനുഷ്യർക്കും, അത് നിന്റെ അമ്മയ്ക്കുൾപ്പെടെ ഒരസുഖം വരാൻ അധികം സമയമൊന്നും വേണ്ടെടാ ചെക്കാ..അര സെക്കന്റ് സമയം മതി.. അത് തന്നെ ധാരാളമാ…

പിന്നെ നാട്ടിലുള്ള എല്ലാ മനുഷ്യർക്കും അസുഖം വരുമ്പോൾ അത് അപ്പത്തന്നെ വന്ന് നിന്നെ അറിയിച്ചോണം എന്ന് ഒരു നിയമമൊന്നും ഈ നാട്ടിലില്ല. അതറിയില്ലേ നിനക്ക്..”

“ഞാൻ എന്റെയൊരു സംശയം ചോദിച്ചെന്നേയുള്ളൂ. അതിന് അങ്കിൾ ഇങ്ങനെ ദേഷ്യപ്പെടുവൊന്നും വേണ്ട…”

“അജയാ.. നിന്നോട് ഏട്ടൻ ഒരു തവണ പറഞ്ഞു കഴിഞ്ഞു ഇവിടിരുന്നു ഷോ കാണിയ്ക്കരുതെന്ന്. ഇനി അത് നിനക്ക് കാണിച്ചേ കഴിയൂ എന്നുണ്ടെങ്കിൽ പുറത്ത് പൊക്കോണം.. ഈ കുടുംബത്തിൽ ഇല്ലാത്ത സകലരും പുറത്ത്‌ പോണം. മനയിലായല്ലോ..”

അത് തനിയ്ക്കുള്ള ഒരു സൂചനയാണെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി. ഇവിടിപ്പോൾ ഈ കുടുംബത്തിൽ പെട്ടതല്ലാത്തആൾ എന്ന നിലയ്ക്ക് താൻ മാത്രമാണല്ലോ ഉള്ളത്.

അത് മനസിലായെങ്കിലും രത്നമ്മ ടീച്ചർ അറിഞ്ഞ മട്ടേ നടിച്ചില്ല.

“നവമീ..നിനക്ക് ഈ വീടല്ലാതെ മറ്റൊരു വീടും സ്വന്തം അച്ഛനും ഉള്ള വിവരം നിനക്കറിയാമല്ലോ… ഇനിയുള്ള കാലം നീ അവിടെ പോയി ജീവിയ്ക്കണം… നിനക്ക് അവിടൊരു അച്ഛനുണ്ട്.. അമ്മയും കാണും.. നീ അങ്ങോട്ട് പോണം മോളേ… കഴിഞ്ഞ പതിനെട്ടു വർഷം നിനക്ക് ഈ വീട് അഭയം നൽകി..അല്ല നീ ഈ വീട്ടിൽ സ്വന്തം പോലെ ജീവിച്ചു… നിന്റെ അച്ഛനെന്ന് നീ പറയുന്ന ആൾ ജീവനോടെ ഇരുന്നപ്പോഴൊന്നും നിന്നോട് ഞങ്ങൾ ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടിട്ടില്ലായിരുന്നു.. ഇനി അത് ആവശ്യപ്പെടാതെ വയ്യ..”

നവമി ഒരു ഞെട്ടലോടെ മുഖമുയർത്തി അവരെ നോക്കി. അവളുടെ കണ്ണുകൾ മുമ്പിൽ നിൽക്കുന്ന ഓരോ മുഖങ്ങളിലൂടെയും ഊർന്ന് പോയി അവസാനം ചെന്ന് അജയന്റെ മുഖത്ത്‌ നിന്നു.

അവനാകട്ടെ വിതുമ്പി പൊടിയാൻ നിൽക്കുന്ന നവമിയുടെ മുഖം കണ്ടിട്ട് നെഞ്ച് വിലങ്ങി..അവളുടെ കണ്ണിന്റെ വെള്ളകളിൽ ഓരോ തുള്ളി ചോര ഇറ്റിച്ചത് പോലെ ഒരു ചുവപ്പ് രാശി പടർന്നു കിടപ്പുണ്ടായിരുന്നു.

“ഞാൻ… ഞാനെങ്ങോട്ട് പോകാനാ അങ്കിളേ…പെട്ടന്നൊരു നിമിഷം വിളിച്ച് അങ്കിൾ എന്നോട് ഇവിടെ നിന്നിറങ്ങിപ്പോണം എന്ന് പറഞ്ഞാൽ എനിയ്ക്ക് പോകാൻ ഒരിടമുണ്ടോ…

ഞാൻ.. ഞാനെങ്ങോട്ടും പോകില്ല. ഈ വീട് വിട്ട് ഞാൻ എവിടേക്കുമില്ല… എനിയ്ക്കിവിടെ ജീവിച്ചാൽ മതി..ഇതാ എന്റെ വീട്..രാമചന്ദ്രൻ മാഷാ എന്റെ അച്ഛൻ… എന്റെ അമ്മയാ ഈ ഇരിയ്ക്കുന്നത്… എനിയ്ക്കിവരൊക്കെയല്ലാതെ ഈ ലോകത്ത്‌ മറ്റാരുമില്ല.. എന്റെ അമ്മയേം, ഈ വീടും വിട്ട് എനിയ്ക്ക് എവിടേയ്ക്കും പോകണ്ട..” അവൾ, നിങ്ങളാരും പറയുന്നത് ഞാൻ അംഗീകരിച്ചു തരില്ലെന്ന മട്ടിൽ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടിരുന്നു.

“അമ്മയോ…ആരാടീ നിന്റെ അമ്മ…ഞാനോ..” അതുവരെ എല്ലാം കേട്ടുകൊണ്ടിരുന്ന പദ്മപ്രിയ പല്ലുകൾ ഞെരിച്ചു കൊണ്ട് ചോദിച്ചു.

“നിനക്ക് ജന്മം തരാത്ത ഞാനെങ്ങിനെ നിന്റെ അമ്മയാകുമെടീ…എനിയ്ക്ക് മൂന്ന് മക്കളേയുള്ളൂ.. മൂന്ന് മക്കൾക്ക് മാത്രമേ ഞാനെന്റെ ഈ വയറ്റിൽ പിറവി കൊടുത്തിട്ടുള്ളൂ…

നിനക്കൊരച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അയാളോട് പോയി നീ ചോദിയ്ക്കണം നിന്റെ അമ്മ ആരാണെന്ന്. എന്നിട്ട് അയാൾ ചൂണ്ടിക്കാണിയ്ക്കുന്ന ആളേ വേണം നീ അമ്മേയെന്ന് വിളിയ്ക്കാൻ..അല്ലാതെ നീ അമ്മേയെന്ന് വിളിച്ചത് കൊണ്ട് ഞാൻ നിന്റെ അമ്മയാകില്ല..നീയെന്നൊരു വ്യക്തി ഈ ഭൂമിയിൽ പിറവിയെടുത്തതിന് കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി അപമാനിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കായാണ് ഞാൻ..

കഴിഞ്ഞ പതിനെട്ടു വർഷമായി എന്റെ ജീവിതം നരക തീയിലാക്കിയ നിനക്ക് ഇനിയും ഞാൻ അഭയം തരണോ..പൊയ്ക്കോണം…എവിടേയ്ക്കെന്ന് വച്ചാൽ പോയി തേടി കണ്ടു പിടിച്ചോണം നിനക്ക് ജന്മം തന്നവരെ…

നീയെന്നൊരു അപമാനം ചുമക്കാൻ ഇനിയും പദ്മ പ്രിയയെ ഈ ജന്മത്ത്‌ കിട്ടില്ല.”

അവർ പറഞ്ഞു നിർത്തുമ്പോഴേയ്ക്കും കിതയ്ക്കാൻ തുടങ്ങിയിരുന്നു. നവമിയോട് അവർ കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്ന പകയാണ് കെട്ടഴിഞ്ഞു പുറത്തേയ്ക്ക് വരുന്നതെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി.

അവർ എടുത്തിട്ടുള്ള ഈ തീരുമാനത്തിൽ നിന്ന് അവരെ പിന്തിരിപ്പിയ്ക്കുക എളുപ്പമാകില്ല. എങ്കിലും പെട്ടന്ന് ഈ കൊച്ച് പെൺകുട്ടി തെരുവിലേക്ക് ഇറങ്ങി എങ്ങോട്ട് പോകും എന്നുള്ള ചിന്ത അവരെ പദ്മ പ്രിയയോട് ഒന്ന് അപേക്ഷിച്ച് നോക്കാൻ തീരുമാനിപ്പിച്ചു.

“നമ്മൾക്കെല്ലാം മനസാക്ഷിഎന്നൊന്ന് ഉള്ളതല്ലേ പദ്മേ…നിങ്ങൾക്ക് അതൊരിത്തിരിയെങ്കിലും ശേഷിയ്ക്കുന്നുണ്ടെങ്കിൽ ഇവളോട് ഒന്ന് കരുണ കാണിച്ചു കൂടെ…”

രത്നമ്മ ടീച്ചർ കെഞ്ചും പോലെ ചോദിച്ചു.

“കരുണയോ..ഇവളോടോ..അങ്ങനൊരു സാധനം ഇവളോട് ഞാൻ കാണിച്ചാൽ ദൈവം എന്നേ ശിക്ഷിയ്ക്കും.കഴിഞ്ഞ പതിനെട്ടു വർഷമായി എന്റെ ഭർത്താവിനെ എന്നിൽ നിന്ന് അന്യനാക്കി കളഞ്ഞ മുതലാ ഈ നിൽക്കുന്നത്. ഇവളോട് ഞാനിനിയും കരുണകാണിയ്ക്കാൻ നിന്നാൽ പിന്നെ പദ്മ പ്രിയ എന്ന ജന്മത്തിന് എന്തർത്ഥമാണുള്ളത്..”

അവരുടെ കണ്ണിൽ വൈരപ്പൊടി തിളങ്ങുന്നത് രത്നമ്മ ടീച്ചർക്ക് കാണാമായിരുന്നു.

ഇന്നലെ വരെ തന്നെ അമ്മേയെന്ന് വിളിയ്ക്കാൻ സമ്മതിയ്ക്കുകയും, താൻ അമ്മയായി കാണുകയും ചെയ്ത വ്യക്തി…ആ വ്യക്തിയുടെ നാവിൻ തുമ്പിൽ നിന്ന് പാഞ്ഞു വന്ന തീ വള്ളികൾ നവമിയെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ച് കളഞ്ഞു.

“രണ്ട് ദിവസം സമയം തരും നിനക്ക്..അതിന് മുമ്പ് ഇറങ്ങിയ്ക്കോണം ഈ വീട്ടിൽ നിന്ന്.. എവിടേയ്ക്ക് പോകും നീയെന്ന ചോദ്യം എന്റെ മുമ്പിലേക്ക് ഇട്ടു തരരുത്..ഒരു ദയയും കിട്ടാൻ പോകുന്നില്ല എന്നിൽ നിന്ന്..

നീ എവിടെ നിന്ന് ഈ വീട്ടിലേക്ക് കൈ പിടിച്ചെത്തിയോ, അവിടേയ്ക്ക് തന്നെ മടങ്ങി പൊയ്ക്കോണം… ഒരവകാശവും പറയാതെ…ഒരു തുള്ളി കണ്ണീർ പോലും പൊഴിയ്ക്കാതെ പൊക്കോണം എന്റെ മുമ്പിൽ നിന്ന്..”

പദ്മപ്രിയ അവസാന വാക്ക് പോലെ പറഞ്ഞു.

പദ്മപ്രിയയുടെ മറ്റൊരു മുഖം കണ്ടു തരിച്ചു നിൽക്കുകയായിരുന്നു അജയൻ.
ഇവർ ഇന്നോളം അണിഞ്ഞിരുന്ന മുഖം മൂടിയാണ് ഇവിടെ അഴിച്ചു മാറ്റി വച്ചിരിയ്ക്കുന്നത്.

അഭിനയവും, ചമയവും അഴിച്ചു മാറ്റിയ പച്ചയായ സ്ത്രീ…ഇവർക്കിങ്ങനെയും ഒരു മുഖമുണ്ടായിരുന്നു.

അജയൻ നോക്കുമ്പോൾ എന്തോ പറയാനായി രത്നമ്മ ടീച്ചർ പദ്മ പ്രിയയുടെ അടുത്തേയ്ക്ക് വരികയാണ്.

“വേണ്ട ടീച്ചറേ…” അവൻ അവരെ തടഞ്ഞു.

“കരുണ എന്തെന്നറിയാത്ത ഇതിന്റെയൊന്നും കാല് പിടിച്ചു കരഞ്ഞിട്ട് പോലും കാര്യമില്ല. ഇവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിയ്ക്കുന്നവർ വെറുതേ നാണം കെടാമെന്നേയുള്ളൂ.. അല്ലാതെ ഇവറ്റകളുടെയൊന്നും മനസലിയില്ല..”

അവൻ തിരിഞ്ഞു ചന്ദ്രനെയും, പ്രഭാകരനെയും നോക്കി.

“ആണത്തം കാണിയ്ക്കേണ്ടിയിരുന്നത് ഇപ്പോഴല്ല ഉണ്ണിത്താൻ മാരേ..
രാമചന്ദ്രൻ അങ്കിൾ ജീവനോടെ ഇരുന്നപ്പോഴായിരുന്നു.

അന്ന് അതിന് നിങ്ങൾക്ക് നട്ടെല്ലില്ലായിരുന്നു… അവിടെ നട്ടെല്ലിന്റെ സ്ഥാനത്ത്‌ വാഴപ്പിണ്ടിയും പിടിപ്പിച്ചു കൊണ്ട് മറഞ്ഞിരുന്നു നിങ്ങൾ… അവസരം കാത്ത്‌..അല്ലേ…പക്ഷെ ഇതുകൊണ്ടൊന്നും കഥ തീരുന്നില്ലെന്ന് രണ്ട് ഉണ്ണിത്താൻ മാരും ചെവിയിൽ കുറിച്ച് വച്ചോ…”

അവൻ നടന്നു നവമിയുടെ അടുത്തേയ്ക്ക് വന്നു.

“ധൈര്യമായിട്ട് ഇരിയ്ക്കെടീ. നിന്റെ തലയിൽ വരച്ച വര ഇപ്പോഴായിരിയ്ക്കും നീ എത്തി ചേരേണ്ടിടത്ത്‌ നിന്നെ കൊണ്ടെത്തിയ്ക്കാൻ പോകുന്നത്…ഏതായാലും മുഖം മൂടിയിട്ട നര, ക പി, ശാചുകൾ വാഴുന്ന ഒരിടമായിരിയ്ക്കില്ല അത്..”

“ഡാ…” പെട്ടന്ന് ചന്ദ്രൻ ചാടി എണീറ്റു.

“നര, കപ്പി,ശാച് എന്ന് നീ വിളിച്ചത് ആരെയാടാ…” ചന്ദ്രൻ കൈ വീശി അവന്റെ മുഖത്തടിയ്ക്കാനായി പാഞ്ഞു വന്നു.

“നവമിയല്ല അജയൻ..ഒന്ന് തന്നാൽ ഇവിടിട്ട് ഒമ്പതെണ്ണം ഞാൻ തിരിച്ച് തന്നിരിയ്ക്കും. അത് വാങ്ങിയ്ക്കാൻ ശേഷിയുണ്ടെങ്കിൽ മാത്രമേ അജയൻറെ ശരീരത്ത്‌ കൈവയ്ക്കാൻ പാടുള്ളൂ.അത് ഏത് തമ്പുരാൻ കുട്ടിയായാലും, ഉണ്ണിത്താനായാലും .”

അജയനെ തല്ലാനായി ഉയർത്തിയ ചന്ദ്രന്റെ കൈമെല്ലെ താണ് പോയി.

ഭാഗം 03

ശ്രീകുമാർ കാർമെല്ലെ ഓടിച്ചുകൊണ്ട് വന്ന് മുറ്റത്തിന്റെ ഒരു കോണിലേക്ക് ഒതുക്കിയിട്ടു.

കാറിനുള്ളിൽ ഇരുന്നു കൊണ്ട് അവന്റെ ഭാര്യ നിമിഷ വീടിന് നേർക്ക് നോക്കി.
“അച്ഛന്റെ ബോഡി എടുത്തതോടെ ബന്ധുക്കാരും, നാട്ടുകാരുമെല്ലാം സ്ഥലം വിട്ടെന്ന് തോന്നുന്നല്ലോ ശ്രീ..ഇവിടെങ്ങും ആരെയും കാണുന്നില്ലല്ലോ.
ശ്രീയുടെ സഹോദരിമാരും ആ തക്കത്തിന് സ്ഥലം കാലിയാക്കിയോ..”

“ഇനിയിപ്പോൾ വീട്ടിൽ ആളില്ലെന്ന കുറ്റമായോ നിമിഷേ നിനക്ക്..ഇതുവരെ ആൾതിരക്കിൽ നിനക്ക് ശ്വാസം മുട്ടുന്നു എന്നായിരുന്നല്ലോ പരാതി..”

“ശ്വാസം മുട്ടുന്നെന്ന് ഞാൻ വെറുതേ പറഞ്ഞതാണോ. അങ്ങോട്ട് തിരിഞ്ഞാലും ഇങ്ങോട്ട് തിരിഞ്ഞാലും വൃത്തിയില്ലാത്ത ഓരോന്ന് ഓടിവന്നു കയ്യിൽ പിടിയ്ക്കും. പിന്നെ മരണവീടാണെന്ന ചിന്തപോലും ഇല്ലാതാ വിശേഷം തിരക്കൽ..എല്ലാരും എന്നെ ആദ്യമായിക്കാണും പോലാ അത്ഭുതത്തോടെ നോക്കുന്നത്…”

“അതവർക്ക് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേടീ… നീയത് മനസിലാക്കുന്നില്ലെന്ന് മാത്രം…”

“ഇതാണോ ശ്രീടെ കുടുംബക്കാരുടെ സ്നേഹം..ഇത് നല്ല സ്നേഹമാ.. ഏതോ ചെളിയിലും, തൊഴുത്തിലും പോയികിടന്നിട്ട് വന്ന് ആ അഴുക്കെല്ലാം എന്റെ വസ്ത്രത്തിലേക്ക് പകർന്നു തരുന്നതിനെ സ്നേഹമെന്നല്ല വിളിയ്ക്കേണ്ടത്.”

അവൾ പരിഹാസത്തോടെ അവനെ നോക്കി.

“നീ ഇറങ്ങുന്നോ അതോ ഇതിൽ തന്നെ ഇരിയ്ക്കുന്നോ…”

ശ്രീകുമാർ അവളുടെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ തിരക്കി. ഒപ്പം തന്നെ അവൻ ഡോർ തുറന്നു പുറത്തേക്കിറങ്ങുകയും ചെയ്തു.

ശ്രീകുമാറും, നിമിഷയും മകനുമൊത്ത്‌ കുറച്ചുമുമ്പാണ് പുറത്തേയ്ക്ക് പോയത്. തിരുവല്ലയിൽ ഉള്ള, നിമിഷയുടെ കുടുംബ വീട്ടിലേക്കാണ് അവർ പോയത്.

രാവിലെ മുതൽ ആഹാരമൊന്നും കഴിയ്ക്കാതെ വിശന്ന് വലഞ്ഞു പോയപ്പോൾ നിമിഷ അവനെ നിർബന്ധിച്ചു പുറത്തേയ്ക്ക് കൊണ്ട് പോവുകയായിരുന്നു.

മൂന്നുമണിയായപ്പോൾ കഞ്ഞിയും കറിയും കണ്ടതോടെ അതുവരെ വിശന്നിരുന്ന നിമിഷയ്ക്ക് ദേഷ്യം വന്നു. ശ്രീകുമാറിനും കഞ്ഞി കുടിയ്ക്കുന്നതിനോട് വലിയ താൽപ്പര്യമില്ലായിരുന്നു.

അങ്ങനെയാണ് അവർ മകളെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങുന്നത്.
തിരികെ പോരുമ്പോൾ മകൾ ഹിമയെ അവർ നിമിഷയുടെ വീട്ടിൽ നിർത്തിയിട്ടാണ് പോന്നത്.

ശ്രീകുമാറും, നിമിഷയും സിറ്റൗട്ടിലേക്ക് വന്നു കയറുമ്പോൾ പ്രഭാകരനുണ്ണിത്താൻ പകയോടെ കൈവിരലുകൾ കൂട്ടി ഞെരിച്ചു കൊണ്ട് സ്വീകരണമുറിയിൽ നിന്ന് ഇറങ്ങി വരികയാണ്. അയാളുടെ മുഖഭാവം കാൺകെ ഇവിടെ ഗൗരവതരമായതെന്തോ സംഭവിച്ചു കഴിഞ്ഞിരിയ്ക്കുന്നു എന്ന് ശ്രീകുമാറിന് തോന്നി.

“എന്താ അങ്കിളേ..എന്താ മുഖം വല്ലാതിരിയ്ക്കുന്നത്…അങ്കിൾ അവളോട് സംസാരിച്ചില്ലേ ഞങ്ങൾ പറഞ്ഞ കാര്യം…”

ശ്രീകുമാർ അയാളുടെ അടുത്തേയ്ക്ക് ചെന്നിട്ട് ശബ്ദം താഴ്ത്തി ചോദിച്ചു.

പ്രഭാകരനുണ്ണിത്താൻ കുറുക്കന്റേത് പോലെയുള്ള കണ്ണുകൾ തുറിച്ച് അവനെ നോക്കി.

“സംസാരിച്ചു…അവൾ പക്ഷേ ചെറഞ്ഞു നിൽക്കയാ, അവളിവിടെ നിന്ന് പോകാൻ തയ്യാറല്ലെന്ന്. നിന്റെ അച്ഛനെ തന്നെ മതിയെന്ന് അവൾക്കും അച്ഛനായിട്ട്. അവൾക്ക് ഈ ജന്മത്ത്‌ വേറൊരാളെ അച്ഛനായി കാണാനാകില്ല പോലും..”

“എന്നിട്ട് നിങ്ങൾ അതങ്ങു സമ്മതിച്ചു കൊടുത്തോ..ആ നിമിഷം അവളുടെ അഹങ്കാരം തീർത്തു കൊടുക്കാനുള്ളതിന് പകരം നിങ്ങളെല്ലാം കയ്യും കെട്ടി കേട്ടു നിന്നു. അല്ലേ..അവടെ ഇരു കരണത്തും ഓരോന്ന് കൊടുത്തിട്ട് ഉള്ള കൂറത്തുണിയും വാരി പുറത്തിട്ട ശേഷം ഇറങ്ങാൻ പറയണമായിരുന്നു അവളോട്. ഇനി ആ പ, ട്ടി, ച്ചിയോട് ഒരു മര്യാദയും കാണിയ്ക്കേണ്ട കാര്യമില്ല.”

ശ്രീകുമാർ മുമ്പോട്ട് നടക്കാൻ നേരം പ്രഭാകരനുണ്ണിത്താൻ പിന്നിൽ നിന്ന് അവന്റെ കൈക്ക് പിടിച്ചു.

“അവിടെ നിൽക്ക്. അവിടെ ചന്ദ്രനുണ്ട്. നീയിപ്പോൾ അങ്ങോട്ട് പോകണ്ട..
അതുമല്ല അവൾക്ക് പിന്തുണയുമായി ആ തലതെറിച്ചവനുമുണ്ട്..”

“അതാരാ അങ്കിളേ പുതിയൊരു അവതാരം..”

“അജയൻ..”ശ്രീദേവിയാന്റിയുടെ മകൻ അജയനോ.. അവനെന്താ ഈ പ്രശ്നത്തിൽ കാര്യം..ഇത് അവനെയോ, അവന്റെ അമ്മയെയോ ബാധിയ്ക്കുന്ന പ്രശ്നമല്ലല്ലോ..”

“അങ്ങനെ എന്തെങ്കിലും ചിന്ത അവനുണ്ടോ…വഴിയേ പോകുന്ന വഴക്കിനെപിടിച്ച് വേലി പൊളിച്ച് അകത്തിടുന്ന സ്വഭാവമല്ലേ അവന്റേത്…”

“അവന്റെ ആ സ്വഭാവമൊക്കെ അവന്റെ മറ്റേടത്ത്‌ എടുത്താൽ മതി ഇവിടെ വേണ്ട..പുറത്തിറങ്ങാൻ പറയാൻ വയ്യാരുന്നോ നിങ്ങൾക്ക് അവനോട്….”
ശ്രീകുമാർ, തന്നെ പിടിച്ചിരുന്ന പ്രഭാകരനുണ്ണിത്താന്റെ കൈ പിടിച്ച് മാറ്റി.

“മോനേ.. നീ അകത്ത് ചെന്ന് പ്രശ്നമുണ്ടാക്കാൻ നിൽക്കരുത്. ചന്ദ്രേട്ടൻ അവരുമായി സംസാരിച്ചു കൊണ്ട് നിൽക്കയാ..നമ്മൾ പറയുന്നത് അവൾക്ക് മനസിലാക്കാനുള്ള കഴിവില്ലെങ്കിൽ പോരേ ബല പ്രയോഗം..അതുമല്ല അവളൊരു പെണ്ണാണെന്ന് ഓർക്കണം.”

“പെണ്ണായാലും, ആണായാലും നമ്മുടെ വീടുമായി ഒരു ബന്ധവുമില്ലെന്ന് അറിഞ്ഞു കഴിഞ്ഞാൽ ഇറങ്ങി പൊയ്ക്കൂടേ അവൾക്ക്..പിന്നെയും എന്തിനാ ഇവിടിങ്ങനെ കടിച്ചു തൂങ്ങി നിൽക്കുന്നത്.”

ശ്രീകുമാർ അത്രയും പറഞ്ഞിട്ട് അകത്തേയ്ക്ക് ചെന്നു. അവൻ ചെന്ന് കയറുമ്പോൾ ആ സദസ് പെട്ടന്ന് നിശ്ചലമായതു പോലെ അവന് തോന്നി.

അവൻ കോർണർ സോഫായിൽ ഇരിയ്ക്കുന്ന അമ്മയെ നോക്കി.

“അമ്മ ഇവളോട് എല്ലാം പറഞ്ഞു കൊടുത്തില്ലേ. അവൾക്കെല്ലാം മനസിലായിക്കാണുമല്ലോ. പോകേണ്ട വഴി പറഞ്ഞു കൊടുത്തു വണ്ടിക്കൂലിയും ഏൽപ്പിച്ചു പറഞ്ഞു വിടണം. അതിൽ കൂടുതൽ ഒരു ചർച്ചയുടെയും ആവശ്യമില്ല ഇവിടെ.ഇത്രയും നാൾ നമ്മളെ കൊള്ള ചെയ്തു അച്ഛന്റെ പിൻബലത്തോടെ ഇവിടെ സുഖിച്ചു ജീവില്ലേ. ഇനി മതി… നിനക്ക് വേണ്ടി ഇനി പണം ചിലവാക്കാൻ, അത് നിന്റെ പഠിപ്പിനായാലും, വസ്ത്രത്തിനായാലും, മരുന്നിന് വേണ്ടിയായാലും ഈ വീട്ടിൽ ആളില്ല.ആരും ചിലവാക്കുമെന്നും നീ പ്രതീക്ഷിയ്ക്കണ്ട..”

അവൻ ഒരു ഉത്തരവിട്ടു തീർപ്പ് കല്പിയ്ക്കും പോലെ പറഞ്ഞു.

“ഇതിനൊരു എതിർ അഭിപ്രായം ആർക്കെങ്കിലുമുണ്ടെങ്കിൽ ഇപ്പോൾ പറയാം..
പറഞ്ഞാൽ മാത്രം പോരാ, പറയുന്നവർ ഇവളെ കയ്യോടെ കൂട്ടിക്കൊണ്ട് പോവുകയും വേണം. അല്ലെങ്കിൽ ഞാനിവളെ നിങ്ങളുടെ വീട്ടുമുറ്റത്ത്‌ കൊണ്ട് വിടും. പറഞ്ഞേക്കാം..ആർക്കെങ്കിലുമുണ്ടോ എതിരഭിപ്രായം…” ശ്രീകുമാർ ആ റൂമിലുണ്ടായിരുന്ന എല്ലാവരെയും നോക്കി.

അവസാനം അവന്റെ കണ്ണുകൾ ചെന്ന് അജയന്റെ മുഖത്ത്‌ തറഞ്ഞു നിന്നു.

“നവമി ഈ വീട്ടിൽ നിന്ന് അവളുടെ സ്വന്തം അച്ഛന്റെ അടുത്തേയ്ക്ക് പോകുന്നതിൽ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ..ഉണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞോണം. എന്റെ മുമ്പിൽ വച്ച്…”

“ഹേയ്.. എനിയ്ക്കെന്തു പ്രശ്നം…നവമി ഇവിടുന്ന് അവളുടെ അച്ഛന്റെ അടുത്തേയ്ക്ക് സ്വയം പോകുകയാണെങ്കിൽ എനിയ്ക്കൊരു പ്രശ്നവുമില്ല. മറിച്ച് സന്തോഷമേയുള്ളൂ.
ഇത് പക്ഷേ അങ്ങനെയല്ലല്ലോ..അവളെ നിങ്ങളെല്ലാം ചേർന്ന് ഇറക്കി വിടുകയല്ലേ…”

“ആണെങ്കിൽ…ഞങ്ങൾ അവളെ ഇറക്കിവിടുകയാണ് എന്ന് തന്നെ വച്ചോ.
നീ എന്ത് ചെയ്യും…നിനക്ക് കൊണ്ടുപോയി നിന്റെ വീട്ടിൽ താമസിപ്പിയ്ക്കാമല്ലോ അവളെ…അതെന്താടാ നീ ചെയ്യാത്തത്…”

ശ്രീകുമാർ, അജയനെയും, അവന്റെ തൊട്ടടുത്തു നിന്ന അമ്മ ശ്രീദേവി കുട്ടിയേയും മാറി മാറി നോക്കി.

“ഇത് അനീതിയല്ലേ ശ്രീയേട്ടാ…ഇത്രയും നാൾ സ്വന്തം അച്ഛനും, അമ്മയും, കൂടപ്പിറപ്പുകളും ആയി കണ്ടവർ മുഴുവൻ ഒരു ചേരിയിൽ നിരന്നു നിന്ന് നീ ഇന്ന്‌ മുതൽ ഞങ്ങളുടെ ശത്രുവാണ്, അതുകൊണ്ട് രാജ്യം വിട്ടു പൊയ്ക്കൊള്ളണം എന്ന് യുദ്ധം പ്രഖ്യാപിയ്ക്കുക…എന്നിട്ട് എല്ലാവരും ഒരേ സ്വരത്തിൽ അതിനെ ന്യായീകരിയ്ക്കുക..പകച്ചു, പതറി നിൽക്കുന്ന അവൾക്ക് എങ്ങോട്ട് പോകണമെന്ന് പോലും അറിയില്ല..ഒരു മനുഷ്യജന്മമാണ് അതെന്നോർത്തിട്ടെങ്കിലും ഒരിറ്റ് ദയ കാണിയ്ക്കരുതോ ശ്രീയേട്ടാ നിങ്ങൾക്ക്‌ നവമിയോട്.”

“മനസില്ലെടാ എനിയ്ക്ക്..ഇവളോട്..ഈ ചെ, റ്റയോട് ദയ കാണിയ്ക്കാൻ എനിയ്ക്കെന്നല്ല, ഈ കുടുംബത്തിലെ ഒറ്റ മനുഷ്യർക്ക് കഴിയില്ല..എന്റെ പാവം അമ്മ കഴിഞ്ഞ പതിനെട്ടു വർഷം കുടിച്ച കണ്ണീരിന്റെ ആയിരത്തിൽ ഒരംശം ഇവളുടെ കണ്ണിൽ നിന്ന് പൊഴിഞ്ഞിട്ടില്ലല്ലോ..ഞങ്ങൾ സമൂഹത്തിൽ നിന്ന് അനുഭവിയ്‌ക്കേണ്ടി വന്നനാണക്കേട് എത്രയുണ്ടെന്ന് അറിയോ നിനക്ക്… രാമചന്ദ്രൻ മാഷിന് രഹസ്യ ബന്ധത്തിൽ ഒരു മകളുണ്ടെന്ന് ഞങ്ങളെ കാണുമ്പോൾ ഊറി ചിരിച്ചു കൊണ്ട് പറയുന്ന മനുഷ്യരേ നീ മുഖാമുഖം നേരിട്ടിട്ടുണ്ടോ…ഇല്ലെങ്കിൽ ആ അപമാനം നേരിട്ടൊന്നു അറിഞ്ഞു നോക്കണം..

ഈ കുടുംബത്തിലുള്ള മുഴുവൻ മനുഷ്യരും അപമാനിയ്ക്കപ്പെട്ടതും, സങ്കടപ്പെട്ടതും ഈ നിൽക്കുന്ന ഇവൾ ഒറ്റയൊരുത്തി കാരണമാണ്…അതിന് ഇവൾക്ക് ഈ ജന്മത്ത്‌ മാപ്പില്ല.. മാപ്പില്ലെന്ന് മാത്രമല്ല ഇനിയുള്ള കാലം ഒരിയ്ക്കൽ പോലും ഇവൾ ഞങ്ങളുടെ മുൻപിൽ വന്നു പെടാനും പാടില്ല…” അവൻ പല്ലുകൾ ഞെരിച്ചു.

“അങ്ങനൊള്ള മഹാ ശപഥമൊന്നും എടുത്തേക്കല്ലേ ശ്രീയേട്ടാ.ആര് ആരുടെ മുമ്പിലേക്കാ കൈനീട്ടി ചെല്ലേണ്ടതെന്ന് ദൈവം തീരുമാനിച്ചു വച്ചിട്ടുണ്ട്..നിങ്ങളുടെയാരുടെയും മുൻപിൽ അവൾ വന്നു പെടരുതെന്ന് പറഞ്ഞില്ലേ ശ്രീയേട്ടൻ..ചിലപ്പോൾ ദൈവം നിങ്ങളെ കൂട്ടത്തോടെ അവളുടെ മുൻപിൽ കൊണ്ടെത്തിച്ചെന്നും വരാം…”

“മതിയെടാ അവൾക്ക് വേണ്ടി കുരച്ചത്..കഴിഞ്ഞെങ്കിൽ ഇറങ്ങി പോകാൻ നോക്ക്… അല്ലെങ്കിൽ കഴുത്തിന് പിടിച്ച് തൂക്കിയെടുത്ത്‌ നിന്നെ വെളിയിൽ തള്ളും. പറഞ്ഞേക്കാം.”

അവനുള്ള മറുപടി പറയാൻ അജയൻ വായ തുറക്കും മുൻപേ ശ്രീദേവിക്കുട്ടി അവനെ തടഞ്ഞു.

“മിണ്ടരുത്..നടക്ക് പുറത്തേയ്ക്ക്..” അവർ അവന്റെ കൈക്ക് പിടിച്ച് കൊണ്ട് മുന്നോട്ട് നടന്നു.

“അമ്മേ.. അവർ അവളെ…” അജയൻ അവിടെ ബലമായി തിരിഞ്ഞു നിന്നു

“അജയാ നിന്നോട് നടക്കാനാ പറഞ്ഞത്. അവർ അവളെ ഒന്നും ചെയ്യില്ല. ഇനി എന്തെങ്കിലും ചെയ്‌താൽ തന്നെ നിനക്ക് എന്താടാ…

അവളെ അവർ എത്തിയ്ക്കാൻ ശ്രമിയ്ക്കുന്നത് സ്വന്തം അച്ഛന്റെ അടുത്തേയ്ക്കല്ലേ. അല്ലാതെ മറ്റെങ്ങോട്ടും അല്ലല്ലോ..”

“ഇനി അത് ഇവളുടെ സ്വന്തം അച്ഛൻ ആണോ എന്ന് ആര് കണ്ട് അമ്മേ.. മനസാക്ഷിയില്ലാത്ത വർഗ്ഗങ്ങളാ ഇത്. ഇവർ അതും ചെയ്യും അതിനപ്പുറവും ചെയ്യും..”

“അവർ ഇനി എന്ത് ചെയ്താലും നമ്മൾ അതിൽ ഇടപെടേണ്ട കാര്യമില്ല… അവളുടെ വിധിയാണെന്ന് കരുതിയാൽ മതി ഇത്.

അല്ലായിരുന്നെങ്കിൽ എന്റെ ഏട്ടൻ ഇപ്പോഴെങ്ങും മരിയ്ക്കുമായിരുന്നില്ല.”

ശ്രീദേവി ക്കുട്ടി സങ്കടത്തോടെ അവനെ പിടിച്ചുകൊണ്ടു പുറത്തേയ്ക്ക് നടന്നു.

“മതി ഇവിടുത്തെ ജീവിതം. ഇനി ഇവിടെ നിൽക്കണ്ട മോളേ… പദ്മ ചേച്ചി രണ്ട് ദിവസത്തെ സമയം തന്നിട്ടുണ്ടല്ലോ… നിന്നെ നിന്റെ അച്ഛന്റെ അരികിൽ എത്തിച്ചിട്ടേ ഞാൻ തിരികെ ചെന്നൈക്ക് പോകൂ…ധൈര്യമായി ഇരിയ്ക്ക് നീ…ഞാൻ ഇപ്പോൾ വരാം…”

രത്നമ്മ ടീച്ചർ നവമിയുടെ മുഖം പിടിച്ചുയർത്തി അത്രയും പറഞ്ഞശേഷം ധൃതിയിൽ പുറത്തേയ്ക്ക് നടന്നു.

അവർ ചെല്ലുമ്പോൾ അജയനും അമ്മയും ഗേറ്റിന് വെളിയിൽ ഇറങ്ങി നിൽക്കുകയാണ്.ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോകാൻ നിൽക്കുകയാണ് അവർ. അതിനിടയിലാണ് അവരുടെ അടുത്തേയ്ക്ക് രത്നമ്മ ടീച്ചർ വരുന്നത്.
അവർ വരുന്നത് അജയൻ കണ്ടിരുന്നു.

“എന്താ ടീച്ചറേ..” അവർ അടുത്തേയ്ക്ക് വന്നപ്പോൾ അവൻ തിരക്കി.

“അജയാ.. ഞാൻ അജയനോട് ഒരു സഹായം ആവശ്യപ്പെടാൻ വന്നതാണ്..
അജയൻ എന്നെ ഒന്ന് സഹായിയ്ക്കണം..”

“ടീച്ചർ പറഞ്ഞോ..എന്തുസഹായമാ ഞാൻ ടീച്ചർക്ക് ചെയ്തു തരേണ്ടത്…”

“അജയന് ബുദ്ധിമുട്ടില്ലെങ്കിൽ നാളെ എന്റെ കൂടെ അജയൻ ഒരു സ്ഥലം വരെ ഒന്ന് വരണം.”

“എവിടേയ്ക്കാ ടീച്ചറേ…”അവൻ തിരക്കി.

“അവളെ നമുക്ക്നീ വേണെങ്കിൽ പോയി നിന്റെ അച്ഛൻ എവിടെയാണെന്ന് കണ്ടുപിടിച്ച് ചെന്നോ എന്നും പറഞ്ഞു അങ്ങനങ്ങു തെരുവിലേക്ക് ഇറക്കിവിടാൻ പറ്റുവോ. അവളെ നമുക്കവിടെ എത്തിയ്ക്കണ്ടേ..അതിന് മുമ്പ് നമുക്ക് പോയി അദ്ദേഹത്തെ ഒന്ന് കാണണം. അതിനാണ് ഞാൻ അജയനോട് എന്റെ കൂടെ വരാമോ എന്ന് ചോദിച്ചത്…”

“നിങ്ങള് പെട്ടന്നൊരു നിമിഷം പതിനെട്ടു വയസുള്ള ഒരു പെൺകുട്ടിയെയും കൊണ്ട് ചെന്ന് അയാൾക്ക് മുമ്പിൽ നിർത്തിയിട്ട് ഇത് നിങ്ങളുടെ മകളാണ്.. ഇത്രയും കാലം മറ്റൊരാളാണ് ഇവളെ വളർത്തിയത്.ശിഷ്ടകാലം നിങ്ങളാണ് ഇവളെ നോക്കേണ്ടതും, ഇവളുടെ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതും എന്ന് പറഞ്ഞാൽ അയാൾ അനുസരിയ്ക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..”

ശ്രീദേവിക്കുട്ടി, രത്നമ്മ ടീച്ചറേ നോക്കി ചോദിച്ചു. അതൊരു ചോദ്യമാണ്..അതിനൊരുത്തരം നൽകാൻ തനിയ്ക്കാവില്ലെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി.

“അവളെ അയാൾ ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ ടീച്ചർ എന്ത് ചെയ്യും..അവളെയും കൂട്ടി നിങ്ങൾ മടങ്ങി പോരുമോ..മടങ്ങി വന്നാൽ അവൾ എവിടെ താമസിയ്‌ക്കും…ടീച്ചർ സ്വന്തം വീട്ടിൽ അവളെ നിർത്തുമോ..തൊഴിലുറപ്പ് പണി ചെയ്തു ജീവിയ്ക്കുന്ന എന്റെ കാര്യം ടീച്ചർക്ക് അറിയാമല്ലോ..ഇവനാണെങ്കിൽ വല്ലപ്പോഴുമൊക്കെ ഓട്ടോ ഓടിയ്ക്കാൻ പോയാൽ കിട്ടുന്ന കാശ് വസ്തു പണയപ്പെടുത്തി വീട് വച്ചതിന്റെ ബാങ്ക് പലിശ അടയ്ക്കാൻ മാത്രേ തികയൂ..അത് പോലും നടക്കാത്ത മാസങ്ങളുമുണ്ട്…

ടീച്ചറാണെങ്കിൽ നാളെ മോൾടെ അടുത്തേയ്ക്ക് പോകാനിരിയ്ക്കുവല്ലേ..അത് മുടക്കിയിട്ട് വെറുതേ നവമിയുടെ ബാധ്യത എടുത്തു ചുമലിൽ വയ്ക്കണോ..

ഞാൻ പറയുന്നത് അവര് തന്നെ അവളെ അവളുടെ അച്ഛന്റെ അരികിലോ, അമ്മയുടെ അരികിലോ എവിടാണെന്ന് വച്ചാൽ കൊണ്ട് ചെന്ന് ചേർക്കട്ടെ എന്നാണ്. തണ്ടും, തടിയുമുള്ള അവരെയൊക്കെ കാണുമ്പോ അയാൾ ചിലപ്പോൾ കയ്യൊഴിഞ്ഞെന്ന് വരില്ല…അതുപോലാണോ ടീച്ചർ അവളെയും കൊണ്ട് ചെല്ലുമ്പോൾ. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണേ..ഇനി എന്താ വേണ്ടതെന്ന് ടീച്ചർക്ക് തീരുമാനിയ്ക്കാം.”

ദൂരെ നിന്ന് ഒരു ഓട്ടോ വന്നപ്പോൾ ശ്രീദേവി കുട്ടി അതിന് കൈകാണിച്ചെങ്കിലും ഓട്ടോ നിർത്താതെ പാഞ്ഞു പോയി.

“രാമചന്ദ്രൻ മാഷോടും, നവമിയോടും നമുക്കൊരു കടമയില്ലേ ചേച്ചീ… നാളെ ഒരു ദിവസം അവളുടെ മുഖത്ത്‌ വീണ്ടും നോക്കേണ്ടി വന്നാൽ ധൈര്യത്തോടെ അവളെ നമുക്ക് അഭി മുഖീകരിയ്ക്കാമല്ലോ… അവൾക്കും തോന്നിക്കോളും എല്ലാരേയും പോലെ വഴിയിൽ തള്ളാതെ ചേർത്തു പിടിച്ച് നിർത്തി അവളെ നമ്മൾ സുരക്ഷിതമായ ഒരിടത്ത്‌ എത്തിച്ചെന്ന്.. അത്രയും മതി..”

രത്നമ്മ ടീച്ചർ നിറ മനസോടെ പറഞ്ഞു. രാവിലെ ഒമ്പതു മണിയാകുമ്പോൾ രത്നമ്മ ടീച്ചറിന്റെ വീട്ടിലേക്ക് വന്നോളാം എന്ന വാക്ക് കൊടുത്തിട്ടാണ് അജയൻ അമ്മയെയും കൂട്ടി അവിടെ നിന്നും മടങ്ങി പോന്നത്.

ഭാഗം 04

രണ്ടാം ശനിയാഴ്ച, ഉച്ച നേരം.

വീട്ടു വേലക്കാരി ജഗദമ്മ മേശപ്പുറത്ത്‌ ചോറും കറികളും കാലമാക്കി കൊണ്ട് വന്ന് അടച്ചു വച്ചിട്ട് എല്ലാവരും ഉണ്ണാൻ വരുന്നതിനായി കാത്ത്‌ നിൽക്കുകയാണ്. രണ്ടാം ശനി അവധി ആയതിനാൽ ഇന്ന്‌ സുമംഗല ചേച്ചിയ്ക്ക് വില്ലേജ് ഓഫീസിലേക്ക് പോകേണ്ട..പള്ളിക്കത്തോട് വില്ലേജ് ഓഫീസിലാണ് വില്ലേജ് അസിസ്റ്റന്റ് ആയി സുമംഗല ചേച്ചിയ്ക്ക് ജോലി.

ഇനി അടുക്കളയിൽ എന്തെങ്കിലും പണി ചെയ്തു തുടങ്ങണമെങ്കിൽ എല്ലാവരും വന്നു ചോറുണ്ടിട്ട് പോകേണ്ടതുണ്ട് എന്നതിനാലാണ് ജഗദമ്മ അവിടെ തന്നെ നിന്നത്.

ശനിയാഴ്ച ആയതിനാൽ ഇന്ന്‌ പ്രവീണമോൾക്കും, അനു റാണിയ്ക്കും ക്‌ളാസില്ല.

സന്ദീപ് കൂട്ടുകാരനെ കാണാൻ പുറത്ത് പോയിരിയ്ക്കുന്നതിനാൽ ഏത് നിമിഷം വേണമെങ്കിലും തിരിച്ചെത്താം.വിജയകൃഷ്ണൻ സാർ ഉച്ചയ്ക്ക് ഉണ്ണാനായി എത്തുന്നതിനു മുൻപേ തന്നെ, അവധി ദിവസങ്ങളിൽ പുറത്തേയ്ക്ക് എവിടെപ്പോയാലും സന്ദീപ് കൃത്യ സമയത്തിന് തിരിച്ചെത്താറുണ്ട്.

ജഗദമ്മ നോക്കി നിൽക്കേ ബാൽക്കണിയിൽ നിന്നും സുമംഗല പടവുകൾ ഇറങ്ങി താഴേയ്ക്ക് വന്നു.

നാൽപ്പത്തിയേഴിലും ഉടയാത്ത യൗവ്വനം കാത്ത് സൂക്ഷിയ്ക്കുന്ന ആ ശരീരം സ്ത്രീകളിൽ പോലും അസൂയ ഉളവാക്കും. നീൾ മുടിയും, മയങ്ങിയ കണ്ണുകളുമാണ് സുമംഗലയുടെ പ്രത്യേകത..ആഡ്യത്തത്തിൽ നിറഞ്ഞ സുന്ദര രൂപമാണ് അവരുടേത്..ഒറ്റ നോട്ടത്തിൽ അവരെ കണ്ടാൽ ഒരു നാൽപ്പതിനപ്പുറം ആരും പറയില്ല

“അവരെവിടെ ജഗദമ്മേ.. കഴിയ്ക്കാൻ വന്നില്ലേ…നീ പോയി വിളിച്ചോണ്ട് വാ..അല്ലെങ്കിൽ വാതിലടച്ചു രണ്ടും റൂമിനുള്ളിൽ തന്നെ ഇരുന്നു കളയും.. പിന്നെ വിജയേട്ടൻ വരാതെ പുറത്തിറങ്ങില്ല..”

സുമംഗല പറഞ്ഞത് കേട്ട് ജഗദമ്മ ചെന്ന് ആദ്യം മൂത്തവളായ പ്രവീണയുടെ മുറി വാതിലിൽ തട്ടി വിളിച്ചു. പ്രവീണ താഴേയ്ക്ക് വരാൻ തയ്യാറെടുക്കുകയായിരുന്നു.

“ഞാൻ ഓർത്തതേയുള്ളൂ ചേച്ചി ഇപ്പോൾ വന്നു വിളി തുടങ്ങുമെന്ന്..നടന്നോ ചേച്ചീ.. ഞാൻ വന്നു..അനു ഇറങ്ങി വന്നോ ചേച്ചീ…”

“ഇല്ല. അനുമോളെ ഞാൻ ചെന്ന് വിളിച്ചോണ്ടും വരാം.. അമ്മ വന്ന് നിങ്ങളെ കാത്തിരിപ്പുണ്ട്…”

ജഗദമ്മ ചെന്ന് അനു റാണിയെയും കൂട്ടി വരുമ്പോൾ അവരെ കാത്ത്‌ പ്രവീണ റൂമിന് പുറത്ത് നിൽപ്പുണ്ട്.

അവർ മൂവരും താഴേയ്ക്കിറങ്ങി ചെന്നു.

“നീ കിടന്ന് ഉറങ്ങുവാരുന്നോ അനൂ… പോയി മുഖം കഴുകിയിട്ട് വന്നിരിയ്ക്ക് മോളേ…” അനുവിന്റെ മുഖത്തേയ്ക്ക് നോക്കികൊണ്ട് സുമംഗല പറഞ്ഞു.

അനു റാണി എണീറ്റ് ചെന്ന് വാഷ് ബേസിനിൽ മുഖം കഴുകി തുടച്ച ശേഷം വന്നിരിയ്ക്കുമ്പോൾ അവൾക്ക് മുമ്പിലേക്ക് ജഗദമ്മ പ്ളേറ്റ് വച്ചു.

“എനിയ്ക്ക് ചോറ് വേണ്ട ചേച്ചീ..ചപ്പാത്തി ഇരിപ്പില്ലേ. അത് മതി.” ജഗദമ്മ ചോറ് വച്ചിരിയ്ക്കുന്ന ഹോട്പാൻ അവൾക്ക് മുമ്പിലേക്ക് നീക്കി വച്ചപ്പോൾ അനു തന്റെ പ്ളേറ്റ് പിന്നോക്കം വലിച്ചു.

“രാവിലെ നീ ചപ്പാത്തിയല്ലേ അനൂ കഴിച്ചത്. ഇനി വൈകിട്ടും നിനക്ക് ചോറ് വേണ്ടല്ലോ.. ഇപ്പോഴെങ്കിലും ഒരു പിടി ചോറ് കഴിയ്ക്ക് അനൂ…”

അമ്മ പറഞ്ഞത് കേട്ടപ്പോൾ മനസ്സില്ലാ മനസോടെ അനു തന്റെ പാത്രം ജഗദമ്മ ചേച്ചിയ്ക്ക് ചോറ് വിളമ്പി വയ്ക്കാൻ പാകത്തിന് വച്ചു കൊടുത്തു.

അവർ കഴിയ്ക്കാനായി ചോറിലേക്ക് കയ്യിടും മുൻപേ മുറ്റത്ത്‌ സന്ദീപിന്റെ ബൈക്ക് വന്നു നിൽക്കുന്ന ഒച്ച കേട്ടു.

“സന്ദീപേട്ടൻ വന്നല്ലോ.. ഇനി അച്ഛനും കൂടി ഇന്ന് ഇത്തിരി നേരത്തെ വന്നിരുന്നെങ്കിൽ ഇന്നെങ്കിലും നമുക്ക് എല്ലാ പേർക്കും കൂടി ഒരുമിച്ചിരുന്ന് കഴിയ്ക്കാമായിരുന്നു. അല്ലേ അമ്മേ..”

അനു റാണി അമ്മയെ നോക്കി പറഞ്ഞു. സുമംഗല അവിടെ ഇരുന്നു കൊണ്ട് ഭിത്തിയിലെ ക്ളോക്കിലേക്ക് നോക്കി. ചുരുങ്ങിയത് മുക്കാൽ മണിയ്ക്കൂർ കൂടിയെങ്കിലും കഴിയാതെ വിജയേട്ടൻ വരാൻ പോകുന്നില്ല. വിജയേട്ടൻ കോടതിയിൽ നിന്നിറങ്ങി ഇപ്പോൾ വക്കീൽ ഓഫീസിലേക്ക് എത്തിയിട്ടേ ഉണ്ടാകൂ.

സന്ദീപ് ഡൈനിങ് റൂമിലേക്ക് വന്നു നോക്കിയ ശേഷം പോയി കൈകഴുകിയിട്ട് ആഹാരം കഴിയ്ക്കാൻ വന്നിരുന്നു.

മക്കൾക്ക് വേണ്ട കറികളൊക്കെ വിളമ്പി കൊടുത്തത് സുമംഗലയാണ്.
ജഗദമ്മ അവർക്ക് ഗ്ലാസുകളിൽ വെള്ളമൊക്കെ നിറച്ച് കൊടുത്തു കൊണ്ട് നിന്നു.

ആഹാരം കഴിച്ച ശേഷം അവർ ഒന്നൊന്നായി എണീറ്റ് പോയി കൈ കഴുകിയ ശേഷം തങ്ങളുടെ റൂമിലേക്ക് പോന്നു.

റൂമിലേക്ക് വന്നു കയറിയ ഉടൻ പ്രവീണ ഫോൺ ഓൺ ചെയ്തു നോക്കി.
അതിലേക്ക് ജിഷിന്റെ ആറു മിസ്സ്ഡ് കോളുകൾ വന്നു കിടപ്പുണ്ടായിരുന്നു.

അവൾ ചെന്ന് ഡോർ ലോക്ക് ചെയ്ത ശേഷം ജിഷിനെ തിരികെ വിളിച്ചു. വാതിൽ അടയ്ക്കാതെ ഇരുന്നാൽ അനു എപ്പോഴാണ് ഉള്ളിലേക്ക് ഇടിച്ചു കയറി വരുന്നതെന്ന് പറയാൻ പറ്റില്ല.

“നീയിത് ഫോൺ ഓഫാക്കി വച്ചിട്ട് എവിടെപ്പോയി കിടക്കയാ വീണേ…” ജിഷിന്റെ സ്വരത്തിൽ തന്നോടുള്ള മുഷിവ് അവൾക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു.

“ഞാൻ വീട്ടിലല്ലേ ജിഷിൻ…ജിഷിനോട് ഞാൻ പറഞ്ഞതല്ലേ ഇന്ന്‌ എന്നെ ഫോണിൽ വിളിയ്ക്കരുതെന്ന്. ആരെങ്കിലും ഏത് നേരവും എന്റെ കൂടെ കാണും ജിഷിൻ..അല്ലെങ്കിൽ തന്നെ അനു മോൾക്ക് നമ്മുടെ കാര്യത്തിൽ എന്തോ സംശയം തോന്നി തുടങ്ങിയിട്ടുണ്ട്. അവളുടെ സംശയം ശരിയാണെന്ന എന്തെങ്കിലും ഒരുറപ്പ് അവൾക്ക് കിട്ടിയാൽ അവൾ ആ നിമിഷം അത് അമ്മയെ അറിയിയ്ക്കും.. പറഞ്ഞില്ലെന്നു വേണ്ട..”

“അവൾ പറയട്ടേടീ.. അതോടെ നമ്മുടെ ടെൻഷൻ മാറി കിട്ടുമല്ലോ.. നമ്മുടെ ബന്ധം എങ്ങിനെ വീട്ടിൽ അറിയിക്കുമെന്ന നിന്റെ പേടിയും പോകും.”

“അതോടെ തീരും സർവ്വതും എന്നും കൂടി ജിഷിൻ ഓർത്തോ..പിന്നെ ഈ ജന്മത്ത്‌ ചിലപ്പോൾ നമ്മൾ തമ്മിൽ കണ്ടെന്നും വരില്ല..ജിഷിൻ എന്താ കരുതിയേക്കുന്നത്..നമ്മുടെ ബന്ധം വീട്ടിൽ അറിഞ്ഞാലുടൻ അച്ഛനും അമ്മയും അടുത്ത നിമിഷം നമ്മുടെ കല്യാണം നടത്തി തരുമെന്നോ…നടന്നത് തന്നെ…ഞാൻ പിന്നെ പഠിയ്ക്കാൻ പോകേണ്ടത് ചിലപ്പോൾ ചെന്നൈയിലേക്കോ, ഊട്ടിയിലേക്കോ ആയിരിയ്ക്കും. ഇയാൾ എന്ത് ചെയ്യും…”

“എടീ.. എടീ.. വിജയകൃഷ്ണൻ വക്കീലിന്റെ മോളേ..എടീ വില്ലേജ് അസിസ്റ്റന്റ് സുമംഗലയുടെ മോളേ.. നിന്നെ ചെന്നൈയിലല്ല, ഊട്ടിയിൽ അല്ല ഈ ലോകത്തിന്റെ ഏത് കോണിൽ ആ കാപാലികർ കൊണ്ട് പോയി ഒളിപ്പിച്ച് വച്ചാലും ജിഷിൻ അവിടെ വന്നിരിയ്ക്കും..നീ നോക്കിയ്ക്കോ അത് നരകത്തിലാണെങ്കിൽ പോലും ഞാൻ അവിടെ വന്ന് നിന്നെ കൊത്തി ക്കൊണ്ട് പോകും…നിന്റച്ഛൻ വിജയകൃഷ്ണൻ വക്കീല് അതും നോക്കി വായും പിളർന്നു നിൽക്കേയുള്ളൂ..കാണണോ നിനക്ക്..”

“ജിഷിൻ …ദേ വെറുതേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ…അച്ഛൻ വിചാരിയ്ക്കണം ജിഷിൻ എന്നെ കല്യാണം കഴിയ്ക്കണമെങ്കിൽ. അതറിയോ…”

“ഒരച്ഛനും വിചാരിയ്ക്കേണ്ടെടീ..ജിഷിൻ ഒറ്റയാൾ വിചാരിച്ചാൽ മതി.. നീ നോക്കുമ്പോ കാര്യം ഞാനൊരു ഫ്രീ ലാന്റ് ഫോട്ടോ ഗ്രാഫറാ..എന്നാൽ ജിഷിനല്ലാതെ ഈ ജന്മത്ത്‌ നിന്നെ വേറൊരാണ് കല്യാണം കഴിയ്ക്കാൻ വരില്ല മോളേ… നിന്റച്ഛൻ വിജയകൃഷ്ണൻ വക്കീൽ അത് സ്വപ്നം കണ്ടാൽ ആ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിയ്ക്കത്തേയുള്ളൂ.”

ജീഷിന്റെ വാക്കുകൾ അവളിൽ ചൊരിഞ്ഞ ആനന്ദാധിരേക്യം പറഞ്ഞറിയിക്കാൻ പറ്റുന്നതായിരുന്നില്ല.ഏതൊരു പെണ്ണും അവൾ സ്നേഹിയ്ക്കുന്ന പുരുഷനിൽ നിന്നും കേൾക്കാൻ കൊതിയ്ക്കുന്ന വാക്കുകളാണ് അതെല്ലാം.അവൾക്കിനി കുറച്ച് ദിവസത്തേയ്ക്ക് മനസിനെ സന്തോഷിപ്പിച്ചു നിർത്താനും സ്വയം സ്വപ്നലോകത്ത്‌ ജീവിയ്ക്കാനും ഇതൊക്കെ തന്നെ ധാരാളമാണ്.

പ്രവീണ അവിടെ കിടന്നുകൊണ്ട് ജനലിലൂടെ താഴെ കാണുന്ന ഗേറ്റിങ്കലേക്ക് നോക്കി.

അവിടെ ഗേറ്റിന് പുറത്ത് അച്ഛന്റെ കാർ വന്നു നിൽക്കുന്നതും, ഗേറ്റ് കീപ്പർ അച്യുതൻ ഗേറ്റ് തുറന്നു കൊടുക്കുന്നതും അവൾ കണ്ടു.

“ജിഷിൻ അച്ഛൻ വന്നു. ഞാൻ പിന്നെ വിളിയ്ക്കാം…”

“ഛേ.. എന്റെ ഫാദർ ഇൻലായ്ക്ക് വരാൻ കണ്ട നേരം… ഇന്നെങ്കിലും നിന്റെ അച്ഛനുള്ള ആഹാരം ആ സെക്യുരിറ്റിയുടെ കയ്യിൽ കൊടുത്ത്‌ അങ്ങ് വക്കീൽ ഓഫീസിൽ എത്തിയ്ക്കാൻ വയ്യാരുന്നോടീ…”

“പോ അവിടുന്ന്. വേണ്ടാത്ത വർത്തമാനം പറയാതെ…ഞാൻ വച്ചേക്കുവാണേ.. പിന്നെ വിളിച്ചോളാം കേട്ടോ.”

ജിഷിന്റെ മറുപടിയ്ക്ക് കാത്ത്‌ നിൽക്കാതെ അവൾ കോൾ കട്ട് ചെയ്തു.

ജിഷിൻ ഫോണിന്റെ ഡിസ്‌പ്ലെയിലേക്ക് നോക്കി നിൽക്കുന്നത് കണ്ട് ശ്യാം വന്ന് അവന്റെ തോളിൽ കയ്യിട്ടു.

“ഫോണിലൂടെ ഒരുമ്മ പോലും കൊടുക്കും മുൻപ് അവൾ കോൾ കട്ട് ചെയ്തു കളഞ്ഞല്ലോ അളിയാ..ഇത് നീ മനസ്സിൽ കരുതിയേക്കുന്നത് പോലെ വല്ലതും നടക്കുവോ അളിയാ..അതോ അവസാനം നീ മണ്ണും ചാരി നിൽക്കത്തേയുള്ളോ..”

“പോടാ അവിടുന്ന്. അവൾക്കെന്നോട് അസ്ഥിയിൽ പിടിച്ച പ്രേമമാ..നീ നോക്കിയ്ക്കോ.. ഒരു മൂന്ന് മാസത്തിനുള്ളിൽ അവളെ വിളിച്ചിറക്കി താലി കെട്ടി ഞാനെന്റെ വീട്ടിൽ കൊണ്ടുപോകും.. ജിഷനാ പറയുന്നത്..”

“നടന്നാൽ മതിയാരുന്നു. നടന്നില്ലെങ്കിൽ നീ പോയി അവിവേകമൊന്നും കാണിച്ചു കളയല്ലേ പൊന്നു മോനേ…”

ശ്യാം പറഞ്ഞതിന് മറുപടിയായി ജിഷിൻ അവനെ നോക്കി ഒരു ചിരി ചിരിച്ചു.
പലവിധ അർത്ഥങ്ങളും ഉൾകൊള്ളുന്ന ഒരു ചിരിയാണ് അതെന്ന്…

============

എല്ലാവരും വീട്ടിലുള്ള നേരമാണെങ്കിൽ ആഹാരം കഴിയ്ക്കാൻ നേരം മക്കളും, ഭാര്യയുമൊക്കെ തന്റെ അരികിൽ വേണമെന്ന നിർബന്ധം വിജയകൃഷ്ണൻ വക്കീലിനുണ്ട്.

അതറിയാവുന്നതിനാൽ എല്ലാവരും വെറുതെയെങ്കിലും വന്ന് ഒന്ന് അച്ഛന്റെ അരികിൽ ഇരുന്ന് എന്തെങ്കിലുമൊക്കെ വിശേഷം പറഞ്ഞ ശേഷം എണീറ്റു പോകും.

ഇന്ന്‌ വിജയകൃഷ്ണൻ ആഹാരം കഴിയ്ക്കാനിരിയ്ക്കുമ്പോൾ അനു റാണി ഇല്ലെന്ന് കണ്ട് അവൾ എവിടെ എന്ന് അദ്ദേഹം തിരക്കി.

ആരും കാണാതെ അനു അച്ഛന്റെ കയ്യിൽ നിന്ന് ഒരുരുള ചോറ് എങ്ങിനെങ്കിലുമൊക്കെ വാങ്ങി കഴിയ്ക്കാറുള്ളതാണ്.

“അവളെവിടെ.. അനു…” ആഹാരം കഴിയ്ക്കുന്നതിനിടയിൽ അയാൾ പ്രവീണയെ നോക്കി തിരക്കി.

“അവൾ അവിടെ കിടന്ന് പോത്ത്‌ പോലെ ഉറങ്ങുന്നു. അച്ഛൻ വന്ന വിവരം അറിഞ്ഞിട്ട് കൂടിയില്ല..”

“നിനക്ക് അവളെ കൂടി വിളിച്ചു കൊണ്ട് ഇറങ്ങി വരാൻ വയ്യാരുന്നോ മോളേ…”

“എന്തിനാ..എന്നിട്ട് അച്ഛൻ അവൾക്ക് മാത്രം ആരും കാണാതെ ഉരുട്ടി വായിൽ വച്ചു കൊടുക്കും. അതിനല്ലേ. അവൾ അങ്ങനിപ്പോ സുഖിയ്ക്കണ്ട…”

“എടീ കുശുമ്പി..” സുമംഗല അവളെ നോക്കി ചിരിച്ചു.

“അച്ഛൻ ഞങ്ങൾക്കാർക്കും തരാറില്ലല്ലോ..” പ്രവീണ അച്ഛനെ പരിഭവത്തോടെ നോക്കി.

“നീ എന്നോട് ചോദിച്ചിട്ടില്ലല്ലോ മോളേ.. അവള് ചോദിച്ചു വാങ്ങിയ്ക്കുന്നതല്ലേ…”

“അവള് ചോദിച്ചു വാങ്ങിയ്ക്കുന്നതാണെങ്കിലും അവൾക്ക് കൊടുക്കുമ്പോ അച്ഛൻ എനിയ്ക്കും തരണ്ടേ…”

“അപ്പറഞ്ഞത് ന്യായം..വിജയേട്ടന് അതിനെന്തെങ്കിലും മറുപടിയുണ്ടോ..” സുമംഗലയുടെ ചോദ്യത്തിനുള്ള മറുപടിയായി അടുത്ത ഉരുട്ടിയെടുത്ത ചോറുരുള അയാൾ പ്രവീണയ്ക്ക് നേരെ നീട്ടി.

ഒരു ചമ്മിയ ചിരി അമ്മയ്ക്ക് കൊടുത്തിട്ട് പ്രവീണ വായ തുറന്നു. അടുത്തതായി വിജയകൃഷ്ണൻ വക്കീൽ സുമംഗലയെ നോക്കി.

“ഇനി തനിയ്ക്ക് വേണോ..” അയാൾ തിരക്കി.

“പോ അവിടുന്ന്.. പെണ്ണിന്റെ മുമ്പിൽ വച്ചാ…” കപട ഗൗരവം മുഖത്ത്‌ വരുത്തി സുമംഗല എണീറ്റ് പുറകോട്ട് മാറി നിന്നു.

വിജയകൃഷ്ണൻ ചോറുണ്ട് കഴിയും മുൻപേ മുറ്റത്ത്ഒരു വാഹനം വന്നു നിൽക്കുന്ന ഒച്ച കേട്ടു.

“ആരോ വന്നല്ലോ..” വിജയകൃഷ്ണൻ അവിടെ ഇരുന്ന് കൊണ്ട് പറഞ്ഞു.

“നോക്ക് മോളേ. അച്ഛനെ അന്വേഷിച്ചു വന്നവരാണെങ്കിൽ ഔട്ട് ഹൗസിനു മുന്നിൽ ഇരിയ്ക്കാൻ പറയ്..” സുമംഗല നിർദേശിച്ചു.

വീട്ടിൽ വിജയകൃഷ്ണന്റെ ഓഫീസ് റൂമായി പ്രവൃത്തിയ്ക്കുന്നത് ഔട്ട് ഹൗസ് ആണ്.

പ്രവീണ വാതിൽ തുറന്ന് സിറ്റൗട്ടിലേക്കിറങ്ങിചെല്ലുമ്പോൾഅവർ വന്ന ഓട്ടോയുടെ ഡ്രൈവർ എന്ന് തോന്നിപ്പിയ്ക്കുന്ന യുവാവ് പുറത്തിറങ്ങി നിന്ന് ചുറ്റിനും വീക്ഷിച്ചു കൊണ്ട് നിൽക്കയാണ്.

“ആരാ.. എന്താ വേണ്ടത്..” പ്രവീണയുടെ ചോദ്യം കേട്ട് അജയൻ തിരിഞ്ഞു നിന്ന് അവളെ നോക്കി.

“വിജയകൃഷ്ണൻ വക്കീലിന്റെ വീടല്ലേ ഇത്.” അജയൻ തിരക്കി.

“അതേ. ആരാ.. എന്ത് വേണം..”
.
“സാറുണ്ടോ ഇവിടെ..”

“ഉം. അച്ഛനിപ്പോൾ വന്നതേയുള്ളൂ. ആഹാരം കഴിച്ചുകൊണ്ട് ഇരിക്കയാ..
കേസിന്റെ കാര്യത്തിനെന്തെങ്കിലും ആണെങ്കിൽ ദേ.. അവിടെ പോയി ഇരുന്നോ. അച്ഛൻ അങ്ങോട്ട് വരും..”

അവൾ ഔട്ട് ഹൗസിനു നേർക്ക് വിരൽ ചൂണ്ടി.

അത് വരെ ഓട്ടോയിൽ ഇരുന്ന രത്നമ്മ ടീച്ചർ പുറത്തേയ്ക്ക് ഇറങ്ങി വന്നു.

“ഞങ്ങൾ കേസിന്റെ കാര്യം സംസാരിയ്ക്കാൻ വന്നതല്ല മോളേ. ഞങ്ങൾക്ക് വക്കീലിനോട് അൽപ്പം പേഴ്സണൽ കാര്യം സംസാരിയ്ക്കാനുണ്ട്. അതിന് വേണ്ടി വന്നതാ..”

“എന്ത് കാര്യം പറയാനാണെങ്കിലും അച്ഛനോടല്ലേ സംസാരിയ്ക്കാനുള്ളത്. അവിടെ ഇരുന്നോ. അച്ഛൻ അങ്ങോട്ട് വരും.. ഓട്ടോ ഇത്തിരി മാറ്റി ഇട്ടോളൂ…”

പ്രവീണ തിരികെ അകത്തേയ്ക്ക് പോയി.

“ആരാ മോളേ ഓട്ടോയിൽ വന്നത്.” അവൾ ചെന്നപ്പോൾ സുമംഗല ചോദിച്ചു.

“ഒരു സ്ത്രീ..പിന്നെ..ആ ആട്ടോ ഡ്രൈവറും അവരുടെ ആരോ ആണെന്ന് തോന്നുന്നു അവരുടെ സംസാരം കേട്ടിട്ട്..അച്ഛനോട് അവർക്ക് പേഴ്സണൽ ആയിട്ട് എന്തോ സംസാരിയ്ക്കാനുണ്ടെന്ന്… ദൂരേന്ന് വരികയാണെന്ന് തോന്നുന്നു. കൊല്ലം രെജിസ്ട്രേഷൻ ആണ് ഓട്ടോ.” കൊല്ലം എന്ന് കേട്ടതോടെ അവസാന ചോറുരുള വായിലേക്ക് കൊണ്ട് പോയ വിജയകൃഷ്ണന്റെ കൈ വല്ലാതൊന്നു ഉലഞ്ഞു പോയി. അയാൾ മുഖമുയർത്തി ഭാര്യയെ നോക്കുമ്പോൾ അവിടെ നിന്നു കൊണ്ട് സുമംഗല പുറത്ത് വന്ന ആ സ്ത്രീ ആരെന്നറിയാൻ മുഖം തിരിച്ച് ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കയാണ്.

ഭാഗം 05

ഗേറ്റ് കീപ്പർ അച്യുതൻ വന്ന് ഔട്ട് ഹൗസിന്റെ വാതിൽ തുറന്നിടുന്നത് കണ്ടപ്പോൾ രത്നമ്മ ടീച്ചർക്ക് മനസിലായി വിജയകൃഷ്ണൻ വക്കീൽ ഇപ്പോൾ ഇവിടേയ്ക്ക് എത്തിച്ചേരുമെന്ന്.

അയാൾ ചോദിയ്ക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയും, തങ്ങൾക്ക് പറയാനുള്ളതും എല്ലാം അവർ മനസ്സിൽ അക്കമിട്ട് അടുക്കിയിരുന്നത് ഒന്ന് കൂടി ഓർത്തെടുത്തു.

“അയാൾ കയ്യൊഴിഞ്ഞാൽ നമ്മൾ എന്ത് ചെയ്യും ടീച്ചറേ.. പെട്ടന്നൊരു ദിവസം അപരിചിതരായ രണ്ട് പേർ കയറി വന്ന് നിങ്ങൾ പതിനെട്ടു വർഷം മുമ്പ് ആത്മാർത്ഥ സുഹൃത്തിന്റെ കയ്യിൽ വളർത്താൻ ഏൽപ്പിച്ച നിങ്ങളുടെ മകളെ തിരിച്ചെടുത്തോണം എന്ന് പറയുമ്പോൾ അത് അംഗീകരിച്ചു തരാൻ അയാൾ തയ്യാറാകുമോ..അയാൾ ഒരു വെറും മനുഷ്യനല്ല… ജില്ലാ കോടതിയിലെ നല്ലൊരു ക്രി, മിനൽ വക്കീൽ ആണെന്ന് കൂടി നമ്മൾ ഓർക്കണം..എനിയ്ക്കെന്തോ, ഇത് നടക്കുമെന്ന് ഒരു വിശ്വാസവും വരുന്നില്ല..”

അജയന്റെ വാക്കുകളിൽ നിരാശ പ്രകടമായിട്ടുണ്ടെന്ന് ടീച്ചർക്ക് തോന്നി. അവർ അവനെ ഒന്ന് മുഖം തിരിച്ച് നോക്കിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.

അവരുടെ മനസിലും ഇതേ ആശങ്കകളൊക്കെ എപ്പോഴേ തോന്നി തുടങ്ങിയതാണ്. പക്ഷേ പിന്തിരിഞ്ഞു പോകാൻ വയ്യ..പ്രത്യേകിച്ചും നവമിയുടെ മുഖം ഓർക്കേ..

അവൾ കുടിച്ച കണ്ണീരിനും, നെഞ്ച് പൊട്ടി കരഞ്ഞ രാവുകൾക്കും ഒക്കെ ഇയാളാണല്ലോ ഹേതു എന്നോർക്കേ പിന്തിരിയാൻ രത്നമ്മ ടീച്ചർ ഒരുക്കമല്ലായിരുന്നു.

“ടീച്ചറേ.. അയാൾ വരുന്നുണ്ട്…” രാജ കൊട്ടാരത്തിന്റെ മനോഹാരിതയിൽ തീർത്ത ആ വീടിന്റെ ഭംഗി ആസ്വദിയ്ക്കുന്നതിനിടയിൽ അതിന്റെ മുൻ വാതിൽ തുറക്കുന്നത് കണ്ട് അജയൻ പറഞ്ഞു.

ആറടി ഉയരമുള്ള അതിനൊത്ത ശരീര ഭാഷയും, മുഖത്ത്‌ ഗാoഭീര്യവുമുള്ള ഒരാൾ തങ്ങൾ ഇരിയ്ക്കുന്ന ഔട്ട് ഹൗസിനു നേർക്ക് നടന്നു വരുന്നത് രത്നമ്മ ടീച്ചർ കണ്ടു.

തൂവെള്ള നിറം..അയാളുടെ കണ്ണുകളിലോ, മുഖത്തെവിടെയോ ഒരു കൗശലം ഒളിഞ്ഞിരിപ്പുണ്ടോ എന്ന് രത്നമ്മ ടീച്ചർക്ക് സംശയമായി.

അയാൾ തങ്ങളെ കടന്ന് പോകുമ്പോൾ കൈകൊണ്ട് ഒരാഗ്യം കാണിയ്ക്കുന്നത് അവർ കണ്ടു. വന്നോളൂ എന്നായിരുന്നു അതിന്റെ അർത്ഥം. എന്നിട്ടും അദ്ദേഹം ഓഫീസിനുള്ളിലേക്ക് കയറി അര മിനിറ്റിനു ശേഷമാണ് രത്നമ്മ ടീച്ചർ അകത്തേയ്ക്ക് കയറി ചെന്നത്.

അജയനോട്‌ അവർ പുറത്തിരിയ്ക്കാൻ ആവശ്യപ്പെട്ടു. എന്തെങ്കിലും ആവശ്യം വന്നാൽ അവനെ വിളിച്ചോളാം എന്ന് പറഞ്ഞിട്ടാണ് അവർ അകത്തേയ്ക്ക് പോയത്.

വിശാലമായ ഒരു ഹാൾ രണ്ടായി തിരിച്ചതിന്റെ ഒരു ഭാഗമാണ് ഓഫീസ് റൂമായി പ്രവൃത്തിയ്ക്കുന്നത്. നല്ല വൃത്തിയിലും, വെടിപ്പിലും സൂക്ഷിയ്ക്കപ്പെടുന്ന ഇടം.

രത്നമ്മ ടീച്ചർ അകത്തേയ്ക്ക് കയറിയതോടെ വാതിൽ തനിയേ അടഞ്ഞു.

താനിരിയ്ക്കുന്നതിനു മുന്നിലുള്ള മേശയ്ക്കപ്പുറത്ത്‌ ഇട്ടിരിയ്ക്കുന്ന കസേരയിലേക്ക് വിരൽ ചൂണ്ടി വിജയകൃഷ്ണൻ, അവരോട് ഇരിയ്ക്കാൻ ആവശ്യപ്പെട്ടു.

രത്നമ്മ ടീച്ചർ ഇരുന്ന് കഴിഞ്ഞിട്ട് സ്വയം പരിചയപ്പെടുത്തി.

‘രത്നമ്മ ടീച്ചർ ‘ ആ പേര് ഓർമകളിലെങ്ങോ നിന്ന് ചികഞ്ഞെടുക്കാൻ ഒരു ശ്രമം നടത്തിയ ശേഷം അതയാൾ വേണ്ടെന്ന് വച്ചു.

“ഞാൻ ഈ പേര് എവിടെയോ കേട്ടിട്ടുള്ളതായി തോന്നുന്നു. പക്ഷേ ഓർമ കിട്ടുന്നില്ല…” അയാൾ പറഞ്ഞു.

“അത് സാറ് പറയുന്നത് കളവാണ്. ഞാൻ കൊല്ലത്ത്‌ രാമൻ കുളങ്ങര എന്ന സ്ഥലത്ത്‌ നിന്നാണ് വരുന്നതെന്നുകേട്ടപ്പോൾ തന്നെ സാറിന് ഏകദേശമൊക്കെ പിടികിട്ടിയിരിയ്ക്കും എന്നാണ് ഞാൻ കരുതിയത്..”

“രാമൻ കുളങ്ങര എന്ന് ഞാൻ കേട്ടിട്ടുണ്ട്..പക്ഷേ രത്നമ്മ ടീച്ചർ…” പിടികിട്ടുന്നില്ലെന്ന് വീണ്ടും അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി.

“രാമചന്ദ്രൻ മാഷും ഞാനും ഒന്നിച്ചു ഒരേ സ്കൂളിൽ ഒരുപാട് നാൾ ജോലിചെയ്തിട്ടുള്ളതാണ്. രാമൻ കുളങ്ങര എച് എസിൽ..”

വിജയകൃഷ്ണൻ വക്കീലിന്റെ മുഖത്തെ സംശയ ഭാവം മാറി അവിടെ ഒരു കൗതുകമോ, ആകാംഷയോ ഒക്കെ മാറി മാറി വരുന്നത് അവർ കണ്ടു.

“രാമചന്ദ്രൻ മാഷ് ഡത്തായിപ്പോയി..” അയാളുടെ മുഖത്തുണ്ടാകാൻ പോകുന്ന ഭാവ വ്യത്യാസം കാണാനായി രത്നമ്മ ടീച്ചർ പെട്ടന്ന് പറഞ്ഞു.

കുഷ്യൻ പതിപ്പിച്ച കസേരയ്ക്ക് പിന്നിലേക്ക് ചാഞ്ഞിരുന്ന വിജയകൃഷ്ണൻ ഒരു ഞെട്ടലോടെ പെട്ടന്ന് മുന്നോട്ട് ആഞ്ഞു.

അയാളുടെ ചുണ്ടുകൾ എന്തോ മന്ത്രിച്ചു എന്ന് രത്നമ്മ ടീച്ചർക്ക് തോന്നി.
കരി നീല ചില്ല് ഗ്ലാസ് പതിപ്പിച്ച മേശമേൽ കോർത്തു വച്ചിരുന്ന അയാളുടെ കൈവിരലുകൾ തമ്മിൽ തമ്മിൽ കൊരുത്തു വലിച്ചു കൊണ്ടിരുന്നു.

“രണ്ട് ദിവസമായി..എല്ലാം കഴിഞ്ഞു..അറ്റാക്കായിരുന്നു… പെട്ടന്ന് പോകുമെന്ന് ഞങ്ങളാരും കരുതിയിരുന്നതല്ല..” രത്നമ്മ ടീച്ചർ മന്ത്രിയ്ക്കും പോലെ പറഞ്ഞു.

വിജയകൃഷ്‌ണൻ മുഖത്ത്‌ നിന്ന് കണ്ണട എടുത്തു മാറ്റുന്നതും,ചൂണ്ടുവിരലും, തള്ള വിരലും കൊണ്ട് ഇരു കൺ തടങ്ങളിലും തൊടുന്നതും അവർക്ക് കാണാമായിരുന്നു.

അൽപ്പ സമയത്തെ നിശബ്ദതയ്ക്ക് ശേഷം രത്നമ്മ ടീച്ചർ പറഞ്ഞു തുടങ്ങി.

“ഞാൻ ഇപ്പോൾ ഇവിടേയ്ക്ക് വന്നത് എന്തിനെന്ന് ഊഹിയ്ക്കാനുള്ള കഴിവൊക്കെ സാറിന് കാണുമെന്ന് എനിയ്ക്കറിയാം..പക്ഷേ പറയാതെ വയ്യ..ആ പെൺകുട്ടിയുടെ ഇനിയുള്ള ജീവിതം മഹാ ദുരിതത്തിൽ ആയിപ്പോകും. അതുണ്ടാകാതിരിക്കണമെങ്കിൽ സാറ് മനസ്സ് വച്ചേ മതിയാകൂ..നവമിയെ കുറിച്ച്..”

വിജയ കൃഷ്ണൻ വക്കീൽ ഒരു ഞെട്ടലോടെ മുഖമുയർത്തി മുമ്പിലിരിയ്ക്കുന്ന സ്ത്രീയേ നോക്കി. അവിശ്വസനീയ മായതെന്തോ കേട്ട ഭാവമായിരുന്നു അയാളുടെ മുഖത്ത്‌.

“നവമിയുടെ കാര്യമാണ് ഞാൻ സൂചിപ്പിച്ചത്… അവളുടെ ഒരേ ഒരു സംരക്ഷകനായ രാമചന്ദ്രൻ മാഷ് മരിച്ചു പോയതോടെ അവളുടെ ജീവിതം ഏത് അവസ്ഥയിലേക്കാണ് പോകാൻ പോകുന്നതെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ…”

“നവമിയോ..ഏത് നവമി..എനിയ്ക്ക് അങ്ങനെയൊരാളെ അറിയില്ലല്ലോ… പിന്നെ അവരുടെ ജീവിതം ഏത് അവസ്ഥയിലേക്ക് പോയാൽ എനിയ്ക്കെന്താ.നിങ്ങൾ ഇനി സ്ഥലം മാറി കയറി വന്നതാണോ ഇവിടേയ്ക്ക്…” അയാൾ അവരുടെ മുഖത്ത്‌ നിന്നും നോട്ടം മാറ്റിക്കളഞ്ഞു.

“സ്ഥലമൊന്നും മാറിയിട്ടില്ല വക്കീലേ.. എല്ലാം മനസിലാക്കിയിട്ട് തന്നെയാ ഞാൻ വന്നിരിയ്ക്കുന്നത്.നവമിയെ സാറിന് അറിയില്ലെന്നോ… സ്വന്തം മകളെ അറിയില്ലെന്ന് പറയുന്ന ലോകത്തെ ആദ്യത്തെ വ്യക്തിയൊന്നും ആയിരിയ്ക്കില്ല സാർ താങ്കൾ..അതുകൊണ്ട് അത് പോട്ടെ..പക്ഷേ പതിനെട്ടു വർഷം മുമ്പ് സ്വന്തം സുഹൃത്തിന് മകളെ വളർത്താനായി കൈമാറ്റം ചെയ്യപ്പെടുമ്പോൾ അവൾക്ക് നാല് വയസ്സ് പ്രായമുണ്ടായിരുന്നു എന്നാണ് രാമചന്ദ്രൻ മാഷ് എന്നോട് പറഞ്ഞിട്ടുള്ളത് എന്നാണ് എന്റെ ഓർമ..അതായത് നവമി എന്ന പേരോടെത്തന്നെ ആ കുട്ടി നാല് വർഷം നിങ്ങൾക്കൊപ്പം ജീവിച്ചിരുന്നു എന്ന് അർത്ഥം..

നാല് വർഷം സ്വന്തം മകളായി നവമി എന്ന പേരിട്ട് വളർത്തിയിട്ട് പതിനെട്ടു വർഷത്തിന് ശേഷം ആ പേര് പാടേ മറന്നുപോയി എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ വക്കീലേ.. നിങ്ങൾ തന്ത്ര പൂർവ്വം ഒഴിഞ്ഞു മാറുകയാണ് എന്നേ ഞാൻ പറയൂ…”

“നിങ്ങൾ എന്ത് ഭ്രാന്താണ് ഈ പറയുന്നത്.. എവിടെയോ കിടക്കുന്ന ഒരു പെൺകുട്ടി, അതും ആർക്കോ ജനിച്ചവൾ..അവൾ എന്റെ മകളാണ് എന്നൊരു ആരോപണം ഉന്നയിച്ചു കൊണ്ടുവന്നാൽ ഞാൻ അത് കണ്ണും പൂട്ടി അംഗീകരിച്ചു തരണോ…ഇത്രയും നേരം നിങ്ങളെ കേൾക്കാൻ ഇരുന്ന് തന്നത് തന്നെ എന്റെ തെറ്റ്..നിങ്ങൾക്ക് പോകാം…നിങ്ങൾ ഇവിടേയ്ക്ക് വന്നിരിയ്ക്കുന്നത് ഏതോ ഒരു പെൺകുട്ടിയുടെ സംരക്ഷണം ഞാൻ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടാനോ, അതോ എന്റെ കുടുംബം നശിച്ചു ചിതറി പോകുന്നത് കാണാനോ…രണ്ടായാലും അത് നടക്കാൻ പോകുന്നില്ല.”

വിജയകൃഷ്ണൻ വക്കീൽ തീർത്തു പറഞ്ഞു.

“എനിയ്ക്ക് ആരുടേയും ജീവിതം നശിച്ചു കാണാനോ നശിപ്പിയ്ക്കാനോ ഒട്ടും താൽപ്പര്യമില്ല സാർ..ഞാൻ സാറിനോട് പറഞ്ഞത് ന്യായമായ ഒരാവശ്യമാണെന്ന് സാറിന് അറിയാം. സാർ എത്ര കണ്ണടച്ചു നിന്നാലും ഇരുട്ടുണ്ടാകാൻ പോകുന്നില്ല സാർ.. ആദ്യം താങ്കൾ അതൊന്ന് മനസിലാക്കണം.”

“ഇക്കാര്യത്തിൽ ഇതിൽ കൂടുതലൊന്നും എനിയ്ക്ക് മനസിലാക്കേണ്ട ആവശ്യമില്ല.. എനിയ്ക്കങ്ങനെ ഒരു മകളില്ലെന്ന് എനിയ്ക്കറിയുന്നതിൽ കൂടുതൽ വാസ്തവം വേറേ ഇല്ലല്ലോ…

അത് കൊണ്ട് പറയുകയാണ്.ഇത്രയും നേരം ഒരധ്യാപിക എന്ന നിലയിൽ നിങ്ങൾക്ക് നൽകിയ ബഹുമാനം ഇനി എന്നിൽ നിന്ന് ഉണ്ടായി എന്ന് വരില്ല..അതുകൊണ്ട് കൂടിയാണ് ഞാൻ പറയുന്നത് മുഖം കറുത്ത്‌ സംസാരിയ്ക്കാൻ ഇടയാക്കാതെ നിങ്ങൾക്ക് മടങ്ങി പോകാം എന്ന്..”

“ഞാൻ മടങ്ങി പോകാൻ തന്നെയാണ് സാർ വന്നത്.പക്ഷേ അതിന് മുമ്പ് ഞാൻ തെറ്റിദ്ധരിച്ചു പോയി നവമി എന്നൊരു പെൺകുട്ടിയ്ക്ക് നിങ്ങളിൽ നിന്ന് നീതി കിട്ടുമെന്ന്.വെറും നീതിയല്ല, അവളുടെ അച്ഛൻ എന്ന സ്ഥാനത്തിന്റെ നീതി.

അവൾ നിങ്ങളുടെ മകളല്ലെന്ന് തുറന്ന് പറഞ്ഞ സ്ഥിതിയ്ക്ക് അവളെ ഇനി ഏതോ ഒരു പെൺകുട്ടി എന്ന് പറയുന്നത് തന്നെയല്ലേ നല്ലത്…ഒന്ന് കൂടി പറയാനുണ്ട് എനിയ്ക്ക്..

സ്വന്തം കൂട്ടുകാരന്, ആത്മാർത്ഥ സ്നേഹിതന് താങ്കൾ നൽകാത്ത നീതിയൊന്നും ഇവിടെ നിന്നും ഞാനും പ്രതീക്ഷിച്ച് വരാൻ പാടില്ലായിരുന്നു അല്ലേ സാർ..

ചെയ്യാത്ത തെറ്റിന്റെ നുകം ശിരസ്സിൽ ഏറ്റി കൊടുത്തു സ്വന്തം സുഹൃത്തിനെ, പതിനെട്ടു വർഷം നരകതീയിലിട്ട് നീറ്റിച്ച ശേഷം, സ്വയം ജീവിതം ആഘോഷമാക്കിയ താങ്കളിൽ നിന്ന് ഞാൻ എന്ത് നീതി പ്രതീക്ഷിയ്ക്കാൻ.. അല്ലേ…

ഞാൻ അത് മനസ്സിൽ നിന്നേ കളഞ്ഞു..പക്ഷേ നിങ്ങൾ ഒന്നോർക്കണം.സ്വന്തം ചോ, രയിൽ പിറന്ന നിങ്ങളുടെ മകൾ നാളെ ഒരു പക്ഷേ തെരുവിന്റെ ഏതെങ്കിലും ഒരു മൂലയിൽ കൂനിപ്പിടിച്ചു നിൽക്കുന്നത് നിങ്ങൾക്ക് കാണേണ്ടി വന്നേക്കാം..അതല്ലെങ്കിൽ ഏതെങ്കിലും ഒരു പെൺ വാ, ണിഭ, ക്കാരന്റെയോ, സ്ത്രീ ല, മ്പ, ടന്റെയോ പിന്നാലേ ശിരസ്സും കുനിച്ച് കൊണ്ട് പോകുന്നത് കണ്ടേയ്ക്കാം..ഏതാനും നാണയതുട്ടുകൾക്ക് വേണ്ടി..അതല്ലെങ്കിൽ രാ വെളുപ്പിയ്ക്കാൻ വേണ്ടി മാത്രം ഒരിടം തേടി..

നമ്മുടെ നാടാണ്..ഒന്നും പറയാൻ വയ്യ.വിശപ്പടക്കാൻ ഒരു പിടി അന്നത്തിനോ, ദാഹമകറ്റാൻ ഒരു തുള്ളി വെള്ളത്തിനോ വേണ്ടി ഇതും ഇതിനപ്പുറവും നമ്മുടെ കണ്മുമ്പിൽ സംഭവിച്ചേക്കാം…കാരണം നാളെ ആരും തുണയില്ലാതെ തെരുവിലേക്ക് ഇറങ്ങി പോകേണ്ട പെണ്ണാണ് അവൾ..ഇന്നോളം അവളെ കാത്ത്‌ സംരക്ഷിച്ചു കൊണ്ട് പോന്ന സുരക്ഷിത കരങ്ങൾ അവളെ വിട്ടു പോയി കഴിഞ്ഞു..ഇനി അവൾക്ക് ചുറ്റുമുള്ളത് കുറെ കഴുകക്കൂട്ടങ്ങൾ മാത്രം..അവർക്ക് അവളെ വേണ്ട..അവളുടെ ര, ക്തവും മാം, സവും ഭക്ഷിയ്ക്കാൻ വേണ്ടി മാത്രം ദുരയോടെ കാത്തിരിയ്ക്കുന്ന മനുഷ്യ മൃ, ഗങ്ങ, ളാണ് അവരൊക്കെ …

ആരും വരില്ല അവളെ രക്ഷിയ്ക്കാൻ..ഇപ്പറയുന്ന ഞാൻ പോലും… നമ്മുടെയെല്ലാം കണ്മുമ്പിലൂടെ അവൾ ദുരിതത്തിലേക്ക് ആണ്ടു പോകുമ്പോൾ വിജയ കൃഷ്ണൻ വക്കീലും അത് കണ്ട് കാണാത്ത ഭാവത്തിൽ കണ്ണടച്ചിരുന്നോണം. കാരണം ലോകത്തുള്ള ജനങ്ങൾക്ക് മൊത്തം നീതിവാങ്ങിച്ചു കൊടുക്കുന്ന താങ്കളുടെ മകളല്ലല്ലോ അവൾ..”

രത്നമ്മ ടീച്ചർ അയാളുടെ മുഖത്തേയ്ക്ക് നോക്കി. വികാര വിക്ഷോഭത്താലും മാനസിക സമ്മർദത്താലും അയാളുടെ മുഖം വലിഞ്ഞു മുറുകി കഴിഞ്ഞിരുന്നു.

ആ മനസ്സിൽ ഇപ്പോൾ ഒരു ചാഞ്ചാട്ടം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്ന് അവർക്ക് തോന്നി.

“പതിനെട്ടു വർഷം മുമ്പ് സ്വന്തം മകളെ കൂട്ടുകാരന് വളർത്താനായി കൈമാറുമ്പോൾ അയാളിൽ നിന്നും താങ്കൾ പിടിച്ചെടുത്തത് ആ കുടുംബത്തിന്റെ അന്നോളമുണ്ടായിരുന്ന സമാധാനമായിരുന്നു എന്ന് വക്കീലിന് അറിയാമോ..
അറിയില്ലെങ്കിൽ താങ്കൾ അറിയണം…

അവിടെ തീർന്നിരുന്നു രാമചന്ദ്രൻ മാഷിന്റെ ജീവിതം..ഓരോ ദിവസവും സ്വന്തം ഭാര്യയോടും മക്കളോടും പട വെട്ടി ഒരേ കൂരയ്ക്ക് കീഴിൽ കഴിയുന്ന ഒരു മനുഷ്യന്റെ അവസ്ഥ താങ്കൾക്ക് ഊഹിയ്ക്കാൻ കഴിയുമോ വക്കീലേ…

ഇല്ലെങ്കിൽ ഒന്ന് ഓർത്തു നോക്കണം..അതത്ര സുഖകരമായ അവസ്ഥയല്ലെന്ന് അപ്പോഴേ മനസിലാകൂ..എത്രയെത്ര രാപ്പകലുകളിൽ അയാൾ ഭാര്യയോടും മക്കളോടും അവൾക്ക് വേണ്ടി പോരടിച്ചിട്ടുണ്ടാകും..

അവരോടു മാത്രമാണോ..എത്രയെത്ര ബന്ധുമിത്രാദികൾക്ക് മുൻപിൽ അയാൾ ഉത്തരം മുട്ടി നിന്നു പോയിട്ടുണ്ടാകും..നാട്ടുകാരുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാകും മാഷ് കൊടുത്തിട്ടുണ്ടാവുക… അവരെയും എല്ലാം പറഞ്ഞു വിശ്വസിപ്പിയ്ക്കണമല്ലോ…

അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും ഇക്കാര്യത്തിൽ കുറ്റം പറയാനും കഴിയില്ല..അവർക്ക് മുമ്പിൽ നവമി എന്ന പെൺകുട്ടി രാമചന്ദ്രൻ മാഷുടെ മകളാണ്…അതായത് അദ്ദേഹത്തിന്റെ അവിഹിത സന്തതി.

സ്വന്തം ഭർത്താവിന്റെ അവിഹിത സന്തതിയാണ് അയാളുടെ ഭാര്യ കണ്ണ് തുറന്ന് നോക്കുമ്പോൾ ഏതുനിമിഷവും മുന്നിൽ കാണുന്നത്..അതിൽ കൂടുതൽ എന്ത് വേണം ആ കൊച്ച് പെൺകുട്ടിയ്ക്കും, അവളെ ഏറ്റെടുത്ത ആ നല്ലവനായ മനുഷ്യനും ജീവിതം താറു മാറാകാൻ..

ശ്വാസം വിടാൻ പോലുമാകാത്ത വിധമുള്ള അദ്ദേഹത്തിന്റെ പതിനെട്ടു വർഷക്കാലയളവിലെ ജീവിതം…

ഇതൊക്കെ എന്തിനാണ് അദ്ദേഹം ശിരസ്സിൽ ഏറ്റിയത് എന്ന് കൂടി ഓർക്കണം.
സ്വന്തം സുഹൃത്തിന്റെ ആത്മാഭിമാനം കാത്ത്‌ സംരക്ഷിക്കാൻ സ്വന്തം ജീവിതം നശിപ്പിച്ചു കളഞ്ഞയാൾ.. ഇതിനൊക്കെയുള്ള പ്രത്യുപകാരമായി വേണമെങ്കിൽ വെറും വിഡ്ഢി എന്നൊരു വിശേഷണം കൂടി താങ്കൾക്ക് രാമചന്ദ്രൻ മാഷിൽ ചാർത്തി കൊടുക്കാൻ സാധിച്ചേക്കും…”

വിജയകൃഷ്ണൻ വക്കീൽ അവർക്ക് മുൻപിൽ നിന്ന് എണീറ്റ് ജനാലയ്ക്കരികിൽ ചെന്ന് നിന്ന് വീട്ടിലേക്ക് നോക്കി..

അവിടെ സുമംഗലയുണ്ട്..തന്റെ മൂന്ന് മക്കളുണ്ട്..സ്വർഗം പോലെ,സ്നേഹം മാത്രം നിറഞ്ഞു തുളുമ്പുന്ന ഒരു വീടുണ്ട്…

“ഞാൻ പൊയ്ക്കോട്ടെ സാർ…” അയാൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ രത്നമ്മ ടീച്ചർ എണീറ്റു.

“എനിയ്ക്കൊരു കുടുംബമുണ്ട് ടീച്ചറേ..അത് അനാഥമായി പോകുന്നതൊന്നും എനിയ്ക്ക് ചെയ്യാൻ പറ്റില്ല.അത് ചിന്ന ഭിന്നമായിപ്പോയാൽ പിന്നെ വിജയകൃഷ്ണൻ ഇല്ല .” അയാൾ അവർക്ക് മുഖം കൊടുക്കാതെ പറഞ്ഞു.

“ഇത് നിങ്ങൾ എന്നോടല്ല വിജയ കൃഷ്ണൻ വക്കീലേ പറയേണ്ടിയിരുന്നത്.
പതിനെട്ടു വർഷം സ്വന്തം കൂട്ടുകാരന്റെ മുമ്പിൽ നിന്ന് നിങ്ങൾ യാചിയ്ക്കുമ്പോൾ നിങ്ങളുടെ മുഖത്ത്‌ നോക്കി രാമചന്ദ്രൻ മാഷ് പറയേണ്ടിയിരുന്ന വാചകമാണ് ഇത്..എങ്കിൽ എനിയ്ക്ക് വന്ന് ഇന്ന്‌ നിങ്ങളുടെ അരികിൽ ഈ നിൽപ്പ് നിൽക്കേണ്ടി വരില്ലായിരുന്നു.”

തന്റെ മുമ്പിൽ നിൽക്കുന്ന സ്ത്രീ ഒരു ചാട്ട വാർ കൊണ്ട് തന്നെ വീശിയടിച്ചത് പോലെയാണ് വിജയകൃഷ്ണൻ വക്കീലിന് തോന്നിയത്…അത്രയ്ക്കുണ്ടായിരുന്നു ആ വാക്കുകളുടെ ശക്തി.

രത്നമ്മ ടീച്ചർ തിരിഞ്ഞു വാതിൽ തുറക്കാൻ തുടങ്ങുമ്പോൾ അയാൾ പിന്നിൽ നിന്ന് വിളിച്ചു.

“ടീച്ചറേ..” രത്നമ്മ ടീച്ചർ തിരിഞ്ഞു നോക്കി.

“അവൾ.. അവളുടെ ഫോട്ടോയുണ്ടാകുവോ ടീച്ചറുടെ ഫോണിൽ..” അയാൾ മടിച്ചു മടിച്ചു ചോദിച്ചു.

രത്നമ്മ ടീച്ചർ ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം ഫോണിന്റെ ഗാലറിയിൽ നിന്ന് നവമിയുടെ ഫോട്ടോ അയാൾക്ക് കാണിച്ചു കൊടുത്തു. പനിനീർ പൂവിന്റെ ചാരുതയുള്ള ഒരു മുഖംഅയാൾ ഡിസ്പ്ലേയിൽ കണ്ടു.

അയാൾ ആ ചിത്രത്തിലേക്ക് തൊടാനായി ഒന്ന് കൈനീട്ടിയെങ്കിലും പെട്ടന്ന് കൈ പിൻ വലിച്ചു.

ഭാഗം 06

“അയാൾ ആ പെൺകുട്ടിയുടെ അച്ഛൻ തന്നെ ആണോ ടീച്ചറേ… രാമചന്ദ്രൻ അങ്കിളിന് ആള് മാറി പോയിട്ടൊന്നും ഇല്ലല്ലോ. അല്ലേ…”

ഓട്ടോ തിരികെരാമൻ കുളങ്ങരയിലേക്ക് ഓടിക്കൊണ്ടിരിയ്ക്കുകയാണ്.
ഓട്ടോ തിരുവല്ലയിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് ഓടി മാന്നാർ ടൗൺ അടുത്തുകൊണ്ടിരുന്നു. റോഡിന് ഇരുവശവും വിശാലമായ, അനന്തതയിലേക്ക് നീണ്ടു നീണ്ടു പോകുന്ന വെങ്കല പാത്രങ്ങൾ വിൽക്കുന്ന കടകളാണ്.. ചില കടകളിൽ മാത്രം തിരക്കുണ്ടെങ്കിലും മിക്ക കടകളിലും വല്ലപ്പോഴുംനടക്കുന്ന കച്ചവടമാണ്.ഇടയ്ക്കിടയായി മാത്രം മറ്റ് കടകളും കാണാം.

രത്നമ്മ ടീച്ചർ താൻ പറഞ്ഞത് കേട്ടില്ലെന്ന് തോന്നിയപ്പോൾ അജയൻ ആട്ടോയുടെ സ്പീഡ് കുറച്ച് കൊണ്ട് തിരിഞ്ഞു നോക്കി.

“എന്താ അജയാ..” രത്നമ്മ ടീച്ചർ തിരക്കി.

“ടീച്ചർക്ക് വെള്ളം വല്ലതും കുടിയ്ക്കാൻ വേണോ. ഇനി ഓന്നൊന്നര മണിയ്ക്കൂർ യാത്രയുള്ളതല്ലേ…”

“വേണ്ട.. വീട്ടിലെത്തിയിട്ട് മതി ഇനി എന്തെങ്കിലും..”

“ഞാനൊരു കാര്യം പറയട്ടെ ടീച്ചറേ..ഇനി ചോദ്യവും പറച്ചിലും, അനുവാദം ചോദിയ്ക്കലും ഒന്നും വേണ്ട..നമുക്ക് നവമിയെ നേരിട്ട് അവിടെ എത്തിച്ചാലോ..അയാൾ പറഞ്ഞില്ലേ അയാൾക്കൊരു കുടുംബമുണ്ടെന്നും, അത് തകർന്ന് പോകുന്ന യാതൊന്നും അയാൾ ചെയ്യില്ലെന്നും…

അയാൾക്ക് മാത്രമല്ല കുടുംബം ഉള്ളതെന്നും, അയാൾക്കുള്ളതിനേക്കാൾ ജാഗ്രതയോടെയാ മറ്റുള്ളവർ അവരവരുടെ കുടുംബം നോക്കുന്നതെന്നും അയാൾക്കൊന്ന് മനസിലാക്കി കൊടുക്കണ്ടേ…”

“എന്തിന്…”

“അ, വിഹിതമായി ഒരു മകളെ ജനിപ്പിയ്ക്കുമ്പോൾ അയാൾ ഓർക്കേണ്ടിയിരുന്നതല്ലേ പിൽക്കാലത്ത്‌ തനിയ്ക്കൊരു കുടുംബമുണ്ടാകുമെന്ന്…”

“നമ്മൾ അയാളോടുള്ള വാശിയ്ക്ക് നവമിയെ അവിടെ കൊണ്ട് വിട്ടാൽ ആരാടാ അതിന്റെ പരിണിത ഫലം അനുഭവിയ്ക്കേണ്ടത്…”

“അയാൾ അനുഭവിയ്ക്കണം. അല്ലാതെ ആരനുഭവിയ്ക്കാനാ.. അയാളല്ലേ അവൾക്ക് ജന്മം നൽകിയത്…നവമിയെ നമ്മൾ അവിടെ കൊണ്ട് വിടുന്നത് രഹസ്യമായൊന്നും ആയിരിയ്ക്കരുത്. അയാളുടെ ഭാര്യയും മക്കളും ഉൾപ്പെടെ അയാളുടെ അമ്മ വരെ അവിടെ ഉള്ളപ്പോഴായിരിയ്ക്കണം..

എന്നിട്ട് മക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കണം ഇവൾ, ഈ നിൽക്കുന്ന നവമി എന്ന പെൺകുട്ടി നിങ്ങളുടെ സഹോദരി ആണെന്ന്..അത് കണ്ടു നിൽക്കുന്ന അയാളുടെ ഭാര്യയോടും പറയണം, നിങ്ങളുടെ കഴുത്തിൽ താലി കെട്ടും മുൻപ് മറ്റൊരു പെണ്ണിന് നിങ്ങളുടെ ഭർത്താവ് നൽകിയ രഹസ്യ സമ്മാനമാണ് ഇതെന്ന്…

അയാളുടെ അമ്മയോടും പറയണം ചെറുമകളുടെ സംരക്ഷണം മകനെ കൊണ്ട് ഏറ്റെടുപ്പിയ്ക്കേണ്ട ചുമതല നിങ്ങൾക്ക് കൂടി ഉള്ളതാണെന്ന്..ഇരുപത്തിരണ്ട് വർഷം ഇത് ഇയാൾ ആരുടെയൊക്കെ കണ്ണുകൾ കെട്ടി മൂടി വച്ചോ അവരെല്ലാം ഒരേ പോലെ ഈസത്യം അയാളുടെ മുൻപിൽ വച്ചു മനസിലാക്കണം.ഇനി ഒരു കള്ളം പറഞ്ഞു നവമിയ്ക്ക് മുൻപിൽ നിന്ന് അയാൾ ഒഴിഞ്ഞ് മാറരുത്..മനസാക്ഷി തൊട്ട് തേച്ചിട്ടില്ലാത്ത അവനോടൊക്കെ അങ്ങനെ തന്നെയാ പെരുമാറേണ്ടത്…”

“എന്നിട്ട്…എന്നിട്ട് എന്ത് ചെയ്യും അജയാ..ബാക്കി കൂടി പറയ് നീ… നമ്മൾ ഇവളെ അവിടെത്തിയ്ക്കുമ്പോൾ അപ്പോഴും അയാൾ കയ്യൊഴിഞ്ഞാലോ..അയാളുടെ മുമ്പിൽ ചെല്ലുന്ന ആരെയും അയാൾക്ക് അറിയില്ലെന്നും ഇതൊരു തട്ടിപ്പിന്റെ ഗൂഡ തന്ത്രം ആണെന്നും അയാൾ തന്റെ ഭാര്യയോടും മക്കളോടും പറഞ്ഞാൽ പിന്നെന്താണ് നമ്മുടെ മുൻപിലുള്ള വഴി..

വിജയകൃഷ്ണൻ വക്കീലിന്റെ ഭാര്യയും മക്കളും നമ്മൾപറയുന്നത് വിശ്വസിയ്ക്കുമോ, അതോ അദ്ദേഹവും അയാളുടെ സുഹൃത്തും പറയുന്നത് വിശ്വസിയ്ക്കുമോ…

വേണമെങ്കിൽ തട്ടിപ്പിന് ശ്രമിച്ചു എന്ന് പറഞ്ഞു അയാൾക്ക് നമ്മളെ പോലീസ് കസ്റ്റഡിയിൽ ആക്കാൻ വരെ കഴിഞ്ഞെന്നിരിയ്ക്കും.

നമ്മുടെ കയ്യിൽ മരിച്ചു പോയ രാമചന്ദ്രൻ മാഷിന്റെ മൊഴികളല്ലാതെ മറ്റൊരു തെളിവും ഇക്കാര്യത്തിൽ ഇല്ല. ആ മൊഴിയാകട്ടെ റെക്കോർഡ് ചെയ്ത് പോലും നമ്മൾ കയ്യിൽ സൂക്ഷിച്ചിട്ടില്ല.”

“അപ്പോൾ നമ്മൾ വെറുതേ വന്നിട്ട് പോകുന്നു എന്നാണോ ടീച്ചർ പറഞ്ഞു വരുന്നത്..” അജയന്റെ ശബ്ദത്തിൽ രോഷം കലർന്നു.

“അയാൾ മനസോടെ സമ്മതിയ്ക്കണം. അല്ലാതെ വേറേ വഴിയില്ല…”

“ഇത് അനീതിയല്ലേ ടീച്ചറേ..ഒരന്യ പെണ്ണിന്റെ ജീവിതം തകർത്തു കൊണ്ട് സ്വന്തം ചോരയിൽ ഒരു കുഞ്ഞിനെ ജനിപ്പിയ്ക്കുക..അതിന് ശേഷം ആ സ്ത്രീയെ വേണ്ടെന്ന് വയ്ക്കുക..

അവർക്ക് ജനിച്ച കുഞ്ഞിനെ നാല് വയസുവരെ ഓർഫനേജിൽ തള്ളിയ ശേഷം അവിടെ നിന്ന് വീണ്ടെടുത്ത്‌ പരിചയം മാത്രം കൈമുതലുള്ള തന്റെ സുഹൃത്തിന് വളർത്താൻ നൽകുക…

അതോടെ ആ വീട്ടിലുള്ളവരുടെ ജീവിതവും നാല് പാടും ചിതറിപ്പോകുന്നു…
ഇതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഒരു നായ കുഞ്ജിനോട് പോലും ആരും ചെയ്യില്ലല്ലോ ടീച്ചറേ.

ഇവനോടൊന്നും ഇങ്ങനെ ഒരാവശ്യവും പറഞ്ഞുകൊണ്ട് കാല് പിടിയ്ക്കാനൊന്നുമല്ല ചെല്ലേണ്ടത്.

നേരെ ചെന്ന് മുഖമടച്ച് രണ്ടെണ്ണം പൊട്ടിയ്ക്കണം… എന്നിട്ട് പറയണം നീ നിർമിച്ച നിന്റെ ഒരു മുതൽ രാമചന്ദ്രൻ അങ്കിളിന്റെ വീട്ടിൽ നിൽപ്പുണ്ട്. ഒരു നിമിഷം വൈകാതെ വന്നു വാരി കെട്ടി കൊണ്ട് പൊയ്ക്കൊള്ളണമെന്ന്…”

അവൻ ആരോടോ ഉള്ള വാശി തീർക്കാനെന്ന മട്ടിൽ ഓട്ടോ ഓടിച്ചു കൊണ്ടിരുന്നു.

വണ്ടി കരുനാഗപ്പള്ളി അടുക്കാറായപ്പോൾ അവൻ വീണ്ടും അവരോട് തിരക്കി.

“നമ്മൾ ചെന്ന് ആന്റിയോട് എന്ത് പറയും ടീച്ചറേ… നാളെ നവമി അവിടെ നിന്ന് ഇറങ്ങി കൊടുത്തോണം എന്നല്ലേ ആന്റി പറഞ്ഞിട്ടുള്ളത്..”

“നമ്മൾ ആരെങ്കിലും അവളെ ഏറ്റെടുത്തേ പറ്റുള്ളൂ അജയാ… എനിയ്ക്ക് വേണമെങ്കിൽ ഒന്നോ രണ്ടോ ദിവസം കൂടി ഇവിടെ നിൽക്കാൻ പറ്റും. അതിനപ്പുറം പറ്റില്ല… എന്തെങ്കിലും ഒരു നിർവാഹമുണ്ടായിരുന്നെങ്കിൽ ഞാൻ അവളെ കൂടി ചെന്നൈക്ക് കൊണ്ട് പോയേനെ…അതും പറ്റില്ലല്ലോ…”

“ടീച്ചർ അമ്മയോട് ഒന്ന് സംസാരിച്ചു നോക്ക്. ടീച്ചർ പറയുമ്പോ അമ്മ ചിലപ്പോൾ മറുത്ത്‌ പറഞ്ഞെന്ന് വരില്ല…”

“ശ്രീദേവി കുട്ടി ഇന്നലെ തന്നെ നയം വ്യക്തമാക്കിയതല്ലേ.. തൊഴിലുറപ്പ് പണിയ്ക്ക് പോയാ അവർ നിന്നേ കൂടി പോറ്റുന്നതെന്ന്. അതിന്റർത്ഥം ഇക്കാര്യത്തിൽ ഒരു സഹായവും ചോദിച്ചു കൊണ്ട് ആരും അങ്ങോട്ടേക്ക് ചെന്നേക്കരുതെന്നല്ലേ.”

“അത് അങ്ങനൊരു സാധനം… ഒരെണ്ണത്തിന് അല്ലെങ്കിൽ ഒരെണ്ണത്തിന് ഈ ഭൂമിയിൽ മനുഷ്യപ്പറ്റ് ഇല്ലാതായിപ്പോയല്ലോ.. അമ്മയാണേലും, അമ്മയുടെ ആങ്ങളയാണേലും എല്ലാം കണക്കാ…”

“നീയെന്തിനാടാ അമ്മയെ പറയുന്നത്…ഇരുപത്തിനാല് വയസുള്ള നീ വീട്ടിലിരുന്നിട്ടാ നിന്റമ്മ തൊഴിലുറപ്പിനു പോയി നിന്നേ ഊട്ടുന്നെന്നു പറഞ്ഞത്..എന്നിട്ടും നീ അമ്മയെ കുറ്റം പറയുന്നോ..അറിയാവുന്നൊരു ജോലി ചെയ്ത് കുടുംബം നോക്കണമെന്ന് നിനക്ക് എന്നെങ്കിലും തോന്നിയിരുന്നെങ്കിൽ ഇന്ന്‌ അവൾക്കും പെരുവഴിയിലേക്ക് ഇറങ്ങേണ്ട ഗതി വരില്ലായിരുന്നു അജയാ…നിന്റെ അമ്മ മറുത്ത്‌ ഒരു വാക്കും പറയില്ലായിരുന്നു..

ഇതെന്ന് തുടങ്ങിയതാടാ നീ ഈ ഊര് ചുറ്റൽ..സീരിയൽ സംവിധാനം… സീരിയൽ അഭിനയം, യു ട്യൂബ് സിനിമാ… എന്നൊക്കെ പറഞ്ഞു വർഷങ്ങളായി കിടന്ന് അലയുവല്ലേ..എന്നിട്ട് എവിടെങ്കിലും എത്തിപ്പെടാൻ പറ്റിയോടാ നിനക്ക്.ഒരു സീരിയലിൽ അസിസ്റ്റന്റായി ജോലിയ്ക്ക് ചെന്നിട്ട് അവിടെ അടിയുണ്ടാക്കി തിരിച്ച് പോന്നു.

ഇനി ആ മേഖലയിൽ അറിയാവുന്ന ആരെങ്കിലും നിനക്ക് കൈ തരുവോടാ… വെറുതേ അവിടൊക്കെ ചുറ്റി തിരിഞ്ഞു നേരം കളയാമെന്നല്ലാതെ…”

“എന്റെ ടീച്ചറേ ഞാനതെല്ലാം വിട്ടു.ഇനി സീരിയൽ ഷൂട്ടിങ് നടക്കുന്നതിന്റെ മുമ്പിൽ കൂടി പോലും യാത്രപോകില്ല. പോരേ..”

“ങാ.. നന്നാവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിനക്ക് കൊള്ളാം…”

നീണ്ടകര പാലത്തിനു മുകളിൽകൂടി ഓട്ടോ ഓടിക്കൊണ്ടിരുന്നു.അസ്തമയത്തിന് നാന്ദി കുറിച്ച് കൊണ്ട് പടിഞ്ഞാറൻ ചക്രവാളത്തിൽ ഒരു ചുമന്ന തടിപ്പ് വീണു കിടപ്പുണ്ടായിരുന്നു.ദൂരെ,കടൽ വാനത്തിന് മേലേ പാറി പറക്കുന്ന പ്രാപ്പിടിയന്മാരുടെ ആർത്തലയ്ക്കൽ കേൾക്കാം… ഹാർബറിൽ, മത്സ്യബന്ധനം കഴിഞ്ഞു വന്ന ബോട്ടുകൾ നിരയൊപ്പിച്ചു നിർത്തിയിട്ടിരിയ്ക്കുന്നു.

പൊടുന്നനെ ആ കാഴ്ചകളും മാഞ്ഞു പോയി.

“നമ്മൾ എങ്ങോട്ടാടീച്ചറെ പോകുന്നത്…ടീച്ചർ വീട്ടിൽ ഇറങ്ങുന്നോ അതോ നവമിയുടെ അടുത്തേയ്ക്കാണോ…”

രാമൻ കുളങ്ങര ജങ്ഷനിൽ എത്തിയപ്പോൾ അവൻ തിരക്കി.

“അവളെ കാണണ്ടേ.വിധിവാക്യം അറിയാനായി അവൾ നമ്മളെ കാത്തിരിയ്ക്കയല്ലേ.അതിനേക്കാൾ ഉപരി പദ്മപ്രിയയ്ക്ക് നമ്മൾ ഒരു മറുപടി കൊടുക്കണമല്ലോ..ഈ രാത്രി കഴിഞ്ഞാൽ നവമിയെ എന്ത് ചെയ്യും എന്നൊരു തീരുമാനത്തിൽ എത്തണം…”

“കുറച്ച് ദിവസം കൂടി നവമിയെ അവിടെ നിർത്താൻ നമുക്ക് പദ്മആന്റിയോട് ആവശ്യപ്പെട്ടാലോ..”

“രക്ഷയില്ല..നമുക്ക് പദ്മയെ കുറ്റപ്പെടുത്താൻ കഴിയില്ല അജയാ…അവരുടെ ജീവിതത്തിലെ സുവർണ്ണകാലമായ പതിനെട്ടു വർഷം നശിപ്പിച്ചു കളഞ്ഞവളാണ് നവമി എന്ന് അവരുടെ മനസ്സിൽ ഉള്ളിടത്തോളം കാലം അവരിൽ നിന്നും ദയയേതും നമ്മൾ പ്രതീക്ഷിയ്ക്കെയേ വേണ്ട..എന്നാലും ഒരു രാത്രി കൂടി നമുക്ക് സമയമുണ്ടല്ലോ.”

അജയൻ ഓട്ടോ ഓടിച്ചു കൊണ്ട് വന്ന് ഗേറ്റിന് വെളിയിൽ നിർത്തുന്നത് നിമിഷ കാണുന്നുണ്ടായിരുന്നു.

അവൾ ചെന്ന് ശ്രീകുമാറിനെയും കൂട്ടി പദ്മപ്രിയയുടെ അടുത്തേയ്ക്ക് വന്നു.

“കണ്ടിട്ട് അവളെ കൂട്ടിക്കൊണ്ട് പോകാനുള്ള വരവാണെന്ന് തോന്നുന്നു അമ്മേ… ശ്രീദേവിയാന്റിയുടെ മകൻ അജയനും കൂടെയുണ്ട്…” നിമിഷ അവരോട് പറഞ്ഞു.

“അവനാണല്ലോ ഇപ്പോൾ ടീച്ചറുടെ വാല്.. ഈ പെഴച്ചുണ്ടായവന് വേറേ പണിയൊന്നുമില്ലേ..” ശ്രീകുമാറിന് അജയന്റെ പേര് കേൾക്കേ കലി വരും..എന്ത് കാര്യത്തിനും നവമിയ്ക്ക് അനുകൂലമായി സംസാരിക്കുകയും, അവളുടെ ഭാഗത്ത്‌ നിൽക്കുകയും ചെയ്യുന്നു എന്നതാണ് ശ്രീകുമാർ അജയനിൽ കണ്ട പോരായ്മ.

“അവൾ റെഡിയായി നിൽക്കുവാണോന്നു നോക്ക് മോളേ.. ആണെങ്കിൽ ഇറങ്ങിയ്ക്കോളാൻ പറയ്.. യാത്രപറയാനായി പോലും നശൂലം എന്റെ മുൻപിലേക്ക് വന്നേക്കരുതെന്ന് പറയണം. ഇനി എന്റെ മുൻപിൽ അവളുടെ തിരുമുഖം വന്ന് പെട്ടു പോകരുത്.”

പദ്മ പ്രിയ ഇരുന്നിടത്ത്‌ നിന്നും ചലിയ്ക്കാതെ പറഞ്ഞു

രത്നമ്മ ടീച്ചറും അജയനും മുൻപിലും പിറകിലും ആയി സിറ്റൗട്ടിലേക്ക് കയറി ചെന്നു.

നാളെ രാമചന്ദ്രൻ മാഷിന്റെ സഞ്ചയന ചടങ്ങുകൾക്ക് വേണ്ടിയുള്ള സാധനങ്ങളൊക്കെ മുറ്റത്തെ പന്തലിൽ അങ്ങിങ്ങായി കൂട്ടിയിട്ടുണ്ട്.

വീടിന് വെളിയിൽ നിന്ന ശ്രീദേവി കുട്ടി അവരെ കണ്ട് അടുത്തേയ്ക്ക് വന്നു.

“ടീച്ചറേ.. എന്തായി പോയിട്ട്…” അവർ ഉദ്വേഗത്തോടെ തിരക്കി.

“പറയാം.. ആദ്യം ശ്രീദേവി കുട്ടി എനിയ്ക്കൊരു സഹായം ചെയ്ത് തരുമെന്ന വാക്ക് തരണം…ചെറിയൊരു സഹായം മതി ശ്രീദേവി കുട്ടീ..”

രത്നമ്മ ടീച്ചർ പറയാൻ പോകുന്നത് എന്താണെന്ന് മനസിലായിട്ടോ എന്തോ അവരുടെ മുഖത്ത്‌ അന്നേരം വരെയുണ്ടായിരുന്ന പ്രസന്ന ഭാവം മാഞ്ഞു പോയി.

“ആ പെങ്കൊച്ചിനെ ഞാൻ ഏറ്റെടുത്തോണം എന്നെങ്ങാനും പറയാനാണെങ്കിൽ അത് നടക്കില്ലേ ടീച്ചറേ.. ഞാൻ ആദ്യമേ പറഞ്ഞേക്കാം…”

“എന്നെന്നേക്കുമായി ഏറ്റെടുക്കുന്ന കാര്യം അല്ല ശ്രീദേവീ.. അത് നിങ്ങളെക്കൊണ്ടാകില്ലെന്ന് എനിയ്ക്കറിയരുതോ..ഒരു രണ്ടു ദിവസത്തേയ്ക്ക് മതി. അതിനപ്പുറം വേണ്ട…”

“രണ്ട് ദിവസത്തേയ്ക്കാണെങ്കിൽ അത് ഇവിടെ തന്നെ നിൽക്കട്ടെ. വെറുതേ എന്തിനാ അതിനെ ഇവിടുന്ന് വലിച്ചിറക്കി എന്റടുത്തോട്ട് കൊണ്ട് വരുന്നത്…
അതങ്ങു അവരെ പറഞ്ഞു സമ്മതിപ്പിച്ചാൽ പോരേ..”

“അവര് സമ്മതിയ്ക്കില്ല ശ്രീദേവീ…ശ്രീദേവിയ്ക്കറിയില്ലേ അവരെ..ശ്രീദേവിയുടെ ആങ്ങളയെ ആണ് നവമി പതിനെട്ടു വർഷക്കാലം അച്ഛാ എന്ന് വിളിച്ചു പോന്നത്… രാമചന്ദ്രൻ മാഷും അംഗീകരിച്ചു പോന്ന ബന്ധമാണ് അത്..
പക്ഷേ പദ്മപ്രിയ…

അറിയാമല്ലോ… അറിയാമല്ലോ ഞാൻ പറയാതെ തന്നെ.”

“ഏതായാലും നാളെ ഇവിടുത്തെ ചടങ്ങുകൾ പൂർത്തിയാകാതെ അവളെ ഇവിടെനിന്നാരും ഇറക്കിവിടില്ലല്ലോ..അപ്പോൾ നോക്കാം…” വിവരം തിരക്കാൻ വന്നതേ അബദ്ധമായെന്ന മട്ടിൽ ശ്രീദേവിക്കുട്ടി തിരികെ നടന്നു പോയി.

രത്നമ്മ ടീച്ചർ നേരെ നവമിയുടെ അടുത്തേയ്ക്കാണ് പോയത്.അവൾ തന്റെ മുറിയിൽ അച്ഛനുള്ളപ്പോഴത്തെ നല്ലകാലത്തിന്റെ ഓർമകളുടെ മാറാലകളാൽ ചുറ്റപ്പെട്ടിരിയ്ക്കയായിയുന്നു.

സങ്കടത്തിര തള്ളലിന്റെ ചൂട് ലാവ അവളുടെ കൺ തടങ്ങളിൽ കെട്ടി കിടപ്പുണ്ടായിരുന്നു.

രത്നമ്മ ടീച്ചറേ കണ്ട് അവൾ എണീറ്റ് നിന്നു.

“നീയൊന്നും കഴിച്ചില്ലേ മോളേ… വെള്ളം പോലും കുടിച്ച ലക്ഷണമില്ലല്ലോ നിന്നേ കണ്ടിട്ട്.”
അവളുടെ പാറി പറന്നു കിടന്ന മുടിയിൽ അവർ വാത്സല്യത്തോടെ തലോടി.

നവമി അവരെ നോക്കി തലയാട്ടി.

“കഴിച്ചെന്നോ ഇല്ലെന്നോ..ഞാൻ എന്ത് കരുതണം .”

“കഴിച്ചു.” അവൾ പിറു പിറുത്തു. അതിന് പക്ഷേ കാറ്റിന്റെ ഒച്ചയേ ഉണ്ടായിരുന്നുള്ളൂ.

അവൾ മുഖമുയർത്തി രത്നമ്മ ടീച്ചറേ നോക്കി.

“ടീച്ചർ പോയിട്ട് അച്ഛനെ കണ്ടായിരുന്നോ…” അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു നാളം തിളങ്ങുന്നുണ്ടെന്ന് അവർക്ക് തോന്നി. തെരുവിലേക്ക് താൻ വലിച്ചെറിയപ്പെടുന്നതിനേക്കാൾ നല്ലത് അപരിചിതമായതെങ്കിലും സുരക്ഷിതമായ ഒരു തീരത്ത്‌ ചെന്നടിയുന്നതാണ് നന്നെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകണം.

“വരുമെടീ… നിന്നെ കൊണ്ട് പോകും..” അവൾ ഒന്നാശ്വസിച്ചോട്ടെ എന്ന് കരുതി അവർ പറഞ്ഞു.

നവമി, രത്നമ്മ ടീച്ചർക്ക് പിന്നിൽ നിൽക്കുന്ന അജയനെ നോക്കി.
അവൾക്കൊരു ഉറപ്പ് വേണം..വിശ്വാസം വേണം…അല്ലാതെ അവൾക്ക് ആശ്വസിയ്ക്കാൻ പറ്റില്ല.

അജയൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട്ആശ്വസിച്ചോളൂ എന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു.

“അവിടിരിയ്ക്ക് നീ.. ഞാൻ നിന്റെ അമ്മയെ ഒന്ന് കണ്ടിട്ട് വരട്ടെ..”

രത്നമ്മ ടീച്ചർ പദ്മ പ്രിയയുടെ അടുത്തേയ്ക്ക് ചെന്നു. അവിടെ അവർക്ക് ചുറ്റും മക്കൾ മൂന്ന് പേരും നിൽപ്പുണ്ട്..മരുമകൾ നിമിഷയാകട്ടെ അവർക്ക് കുടിയ്ക്കാനായി എന്തോ കൊണ്ട് വന്നു കൊടുക്കുന്നു.

രത്നമ്മ ടീച്ചർ വരുന്നത് കണ്ട് അവർ മുഖത്തോട് മുഖം നോക്കി.

“കൊണ്ട് പൊയ്ക്കോ.. പോയി കണ്ടില്ലേ..അവിടുണ്ട്.. ആ മുറിയിൽ.”

പദ്മ പ്രിയ, നവമിയുടെ റൂമിന് നേർക്ക് വിരൽ ചൂണ്ടി

“ചോദ്യവും വേണ്ട പറച്ചിലും വേണ്ട…അവളുടെ മുഖം പോലും ഞങ്ങൾക്കാർക്കും കാണണ്ട… നാശം ഇറങ്ങി പോയിട്ട് വേണം എനിയ്ക്ക് സർവ്വതും അടിച്ചു നനച്ച് ശുദ്ധി കലശം നടത്താൻ.”

പകയടങ്ങും പോലെ അവർ പറഞ്ഞു.

“കൊണ്ട് പൊയ്ക്കോളാം ഞങ്ങൾ.. ഒരു ദിവസം സമയം കൂടി പദ്മ പ്രിയ ഞങ്ങൾക്ക് തരണം.. അവളുടെ അച്ഛന്റെ ചടങ്ങല്ലേ നാളെ..അതിൽ പങ്കെടുക്കാനുള്ള അവസരം കൂടി പദ്മപ്രിയ അവൾക്ക് കൊടുക്കണം..”
രത്നമ്മ ടീച്ചർ താഴ്മയോടെ പറഞ്ഞു.

“അവളുടെ അച്ഛനോ..” സൗമിനി ചീറി.

“എവിടോ തെരുവിൽ കഴിയേണ്ട അവളെ ഞങ്ങളുടെ അച്ഛൻ കൊണ്ട് വന്ന് ഈ വീട്ടിൽ കുടിയിരുത്തി എന്ന് കരുതി എന്റെ അച്ഛൻ എങ്ങിനെ അവളുടേതാകും ടീച്ചറേ… എന്റെ അച്ഛന് മൂന്ന് മക്കളേയുള്ളൂ..അത് ഈ നിൽക്കുന്ന ഞങ്ങൾ മൂന്ന് പേരാണ്… നാലാമതൊരു മകൾ ഞങ്ങടെ അച്ഛനില്ല.. ഉണ്ടെന്ന് ടീച്ചർ പറഞ്ഞാലും ഞങ്ങൾ സമ്മതിച്ചു തരില്ല…അതല്ല ഇനി അച്ഛന്റെ സ്വത്ത്‌ പങ്കിട്ടെടുക്കയാണ് അവളുടെ ലക്ഷ്യമെങ്കിൽ ഈ ജില്ലയ്ക്കുള്ളിൽ അവളെ ഞങ്ങള് വാഴിയ്ക്കില്ല.. നോക്കിയ്ക്കോ.”

സൗമിനി കൈകൾ കൂട്ടി ഞെരിച്ചു.

ഭാഗം 07

രാമചന്ദ്രൻ മാഷുടെ സഞ്ചയന ചടങ്ങുകൾ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു കാണും..ക്ഷണിയ്ക്കപ്പെട്ടു എത്തിയ അതിഥികളൊക്കെ മടങ്ങി പ്പോയിക്കഴിഞ്ഞു.

വീട്ടുകാരും അടുത്ത ബന്ധു മിത്രാദികളും ആയിട്ടുള്ള കുറെ പേർ മാത്രമാണ് ഇപ്പോൾ അവിടെ അവശേഷിയ്ക്കുന്നത്.

നവമിയെ ഇടയ്ക്ക് മാത്രമാണ് വല്ലപ്പോഴും ഒന്ന് പുറത്തേയ്ക്ക് കണ്ടതെന്ന് രത്നമ്മ ടീച്ചർ ഓർത്തു.

അവൾ ആരോടെങ്കിലും സംസാരിയ്ക്കാൻ ചെന്നാലോ, സൗമ്യയോ, സൗമിനിയോ ഇരിയ്ക്കുന്ന ഇടത്തേയ്ക്ക് ചെന്നാലോ അവളെ കാണുന്നതോടെ അവരെല്ലാം സംസാരം നിർത്തി മറ്റൊരിടത്തേയ്ക്ക് മാറിപ്പോകും.

കുട്ടികൾക്ക് പോലും മുതിർന്നവരിൽ നിന്നും എന്തോ നിർദേശം കിട്ടിയിട്ടുണ്ടെന്ന് തോന്നും അവരുടെയും പ്രവൃത്തികൾ കണ്ടാൽ.

അതുകൊണ്ടൊക്കെ ആകണം നവമി പുറത്തേയ്ക്ക് വരാൻ മടിച്ചു നിൽക്കുന്നത്. അത് അറിയാവുന്നതിനാൽ ഇടയ്ക്കിടെ ടീച്ചറും, അജയനും മാറി മാറി അവൾ ഇരിയ്ക്കുന്ന റൂമിൽ വന്ന് അവളോട് എന്തെങ്കിലുമൊക്കെ പറഞ്ഞ ശേഷം തിരിച്ച് പോകും.

വൈകുന്നേരമായതോടെ ശ്രീദേവി ക്കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോകാൻ തയ്യാറാകുന്നത് കണ്ട് രത്നമ്മ ടീച്ചർ അവരുടെ അടുത്തേയ്ക്ക് ചെന്നു.

“ശ്രീദേവീ.. പറഞ്ഞത് ഓർമയുണ്ടല്ലോ.. നാളെ ഞാൻ നവമിയെ അങ്ങോട്ട് കൊണ്ട് വരുവേ… അവിടൊന്നു നിർത്തിയ്ക്കോണം ഒരാഴ്ച അവളെ.. മറക്കല്ലേ… ശ്രീദേവിക്കുട്ടി എനിയ്ക്ക് വാക്ക് തന്നതാണ്.. ഞാനൊന്ന് ചെന്നൈയിൽ പോയിട്ട് മടങ്ങി വരും വരെ മതി…നവമിയുടെ കാര്യത്തിൽ എന്തെങ്കിലും ഒരു പരിഹാരവുമായിട്ടേ ഞാൻ മടങ്ങിവരൂ.. ഒന്നിനും പറ്റിയില്ലെങ്കിൽ ഞാൻ അവളെ ചെന്നൈക്ക് കൊണ്ട് പൊയ്ക്കോളാം.”

“ഒരാഴ്ചയോ.. അതെങ്ങിനെ ശരിയാകും ടീച്ചറേ..ടീച്ചറ് മുമ്പേ പറഞ്ഞത് രണ്ട് ദിവസത്തേക്ക് എന്നല്ലേ.. ഒരാഴ്ച ഞാനെന്താ വേലയ്ക്കും, കൂലയ്ക്കും പോകാതെ അവൾക്ക് കാവലിരിയ്ക്കണോ.”

“ശ്രീദേവി ആർക്കും കാവലിരിയ്ക്കയൊന്നും വേണ്ട..അവൾ കൈക്കുഞ്ഞൊന്നും അല്ലല്ലോ..ശ്രീദേവിയ്ക്ക്, ശ്രീദേവിയുടെ ജോലിയ്ക്ക് പോകാം അതിനി എന്തായാലും…

ഇവിടെ എങ്ങിനെയാണോ നവമി ഇരിയ്ക്കുന്നത് അതേപോലെ അവൾ ശ്രീദേവിയുടെ വീട്ടിലും ഇരുന്നോളും.”

“പഷ്ട്ട്..ടീച്ചറിതെന്തറിഞ്ഞിട്ടാ ഇവിടേം, അവിടേം ആയിട്ട് ഉപമിയ്ക്കുന്നത്..ഇവിടെ സർവ്വ നേപദ്മേട്ടത്തിയുണ്ട്. പോരാത്തതിന് വീട്ടിൽ ആരെങ്കിലുമൊക്കെ ജോലിക്കാരും കാണും.അതുപോലാണോ അവിടെ..

അവിടെ ഞാനങ്ങ് പോയിക്കഴിഞ്ഞാൽ എന്റെ ചെറുക്കൻ അജയൻ മാത്രമാ ഉള്ളത്… ഒരാഴ്ചയൊക്കെ ഇവറ്റകളെ രണ്ടിനെയും തനിയേ വീട്ടിൽ ഇരുത്തിയിട്ട് എനിയ്ക്ക് മനഃസമാധാനത്തോടെ ഇറങ്ങി ജോലിയ്ക്ക് പോകാൻ പറ്റുവോ.. പ്രായം തികഞ്ഞ രണ്ട് പിള്ളേരല്ലേ ടീച്ചറേ അവര്…”

“അതിന്…അതിനെന്താ ശ്രീദേവീ..കഷ്ടം, ശ്രീദേവിയ്ക്ക് ഇത്ര വിശ്വാസമില്ലാതായോ മകനെ…”

“എനിയ്ക്കെന്റെ മോനേ ഒരു വിശ്വാസക്കുറവുമില്ല.. അവൻ എത്തരക്കാരനാണെന്ന് എന്നെക്കാൾ കൂടുതൽ ആർക്കും അറിയില്ലല്ലോ.

എനിയ്ക്ക് വിശ്വാസമില്ലാത്തത് അവളെയാ… എന്റെ ആങ്ങളയുടെ ദത്ത്‌ പുത്രിയെ..
പോകാനൊരിടമോ, തല ചായ്ക്കാൻ ഒരു കൂരയോ ഇല്ലാതെ നിൽക്കുന്നവളാ അവൾ..എന്റെ ചെക്കനെ കാണുമ്പോ അവൾക്കെന്തെങ്കിലും ദുർബുദ്ധി തോന്നിയാൽ അതോടെ തീരും എന്റെ അജയന്റെ ജീവിതം…

ഒരു രണ്ട് ദിവസമൊക്കെ വേണമെങ്കിൽ ഞാൻ വീട്ടിലിരിയ്ക്കാൻ നോക്കാം.
ടീച്ചർ എന്തൊക്കെ പറഞ്ഞാലും അതിനപ്പുറമുള്ള സഹായമൊന്നും ചെയ്യാൻ എന്നെക്കൊണ്ട് കഴിയില്ല.” ശ്രീദേവി കുട്ടി തീർപ്പ് കല്പിയ്ക്കും പോലെ പറഞ്ഞു.

രത്നമ്മ ടീച്ചർ അതിന് മറുപടി പറയാതെ അല്പസമയം എന്തോ ഓർത്തെടുക്കും മട്ടിൽ നിന്നു.

പിന്നെ അവർ തുടർന്നു.:”അഞ്ച് ദിവസം ശ്രീദേവി കുട്ടി തൊഴിലുറപ്പിനു പോയില്ലെങ്കിൽ ജോലിയ്ക്ക് പ്രശ്നമൊന്നും വരില്ലല്ലോ. അല്ലേ.. “

“അതില്ല..ചിലപ്പോൾ അതിനേക്കാൾ വലുത് വല്ലതും നടന്നെന്ന് വരും..എനിയ്ക്കും എന്റെ ചെറുക്കനും മാത്രമല്ല രത്നമ്മ ടീച്ചർ കൊണ്ട് വന്ന് എൽപിയ്ക്കുന്ന സാധനത്തിനും മൂന്ന് നേരം മൃഷ്ട്ടാന്നം ഉരുട്ടി വിഴുങ്ങാൻ പറ്റിയെന്നു വരില്ല.. ഞാൻ വയസാം കാലത്ത്‌ ഇറങ്ങിപ്പോയി ജോലി ചെയ്തില്ലെങ്കിൽ ഈ ഒരു കാര്യം സംഭവിച്ചെന്ന് വരും.. വിശപ്പിലും വലുതല്ലല്ലോ ജോലി…”

“അത് ശ്രീദേവി കുട്ടി എനിയ്ക്ക് വിട്ടേര്..അഞ്ച് ദിവസം ശ്രീദേവി കുട്ടി പണിയ്ക്ക് പോകാതെ വീട്ടിലിരുന്നാൽ പത്ത്‌ ദിവസത്തെ തൊഴിലുറപ്പ് കൂലി ഞാൻ കയ്യോടെ തന്നോളാം. പോരേ.”

താൻ കേട്ടത് ശരിയാണോ എന്ന അർത്ഥത്തിൽ അവർ രത്നമ്മ ടീച്ചറുടെ മുഖത്തേയ്ക്ക് നോക്കി.

രത്നമ്മ ടീച്ചർ എന്നേ വിശ്വസിച്ചോളൂ എന്ന് പറയും പോലെ അവരുടെ കൈ പിടിച്ചമർത്തി. ആ പ്രശ്നം അവിടെ പരിഹരിയ്ക്കപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു രത്നമ്മ ടീച്ചർ.

അവർ തിരികെ നടന്നു നവമിയുടെ അടുത്തേയ്ക്ക് പോകാൻ നേരം ശ്രീദേവി കുട്ടി പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു.

“ഗതികേട് കൊണ്ടാ ടീച്ചറേ. ജോലിയ്ക്ക് പോകാതെ പറ്റില്ല..ജോലിയ്ക്ക് പോയാൽ തന്നെ കിട്ടുന്ന പത്തോ മുന്നൂറോ രൂപ കൊണ്ട് എന്താകാനാ.. അതും വർഷത്തിൽ പകുതി ദിവസം പോലും ജോലി കാണില്ല. അപ്പോൾ ജോലിയുള്ളപ്പോൾ വീട്ടിൽ കയറി ഇരിയ്ക്കാൻ പറ്റുവോ…”

രത്നമ്മ ടീച്ചർ അവരെ നോക്കി തനിയ്ക്ക് മനസിലായി എന്ന അർത്ഥത്തിൽ തലയാട്ടിയ ശേഷം നടന്ന് പോയി.

==============

രാത്രി. ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു പദ്മപ്രിയ. ബെഡിൽ സൗമ്യയുടെയും, സൗമിനിയുടെയും മക്കൾ രാവിലെ മുതൽ കയറിക്കിടന്ന് കളി ആയതിനാൽ ബെഡ് ഷീറ്റ് മുഴുവൻ മുഷിഞ്ഞിട്ടുണ്ടായിരുന്നു. ശ്രീകുമാറിന്റെ കുഞ്ഞുങ്ങൾ നിമിഷയുടെ പപ്പയോടൊപ്പം രാവിലെ തന്നെ സ്ഥലം വിട്ടതിനാൽ അവർ ഈ കൂട്ടത്തിൽ പെട്ടിട്ടില്ല.

പദ്മപ്രിയ മുഷിഞ്ഞ ബെഡ് ഷീറ്റ് മാറ്റി പുതിയൊരെണ്ണം എടുത്ത്‌ വിരിച്ച ശേഷം പില്ലോ കവറുകളും മാറ്റിയിട്ടു.

പിന്നെ ചെന്ന് എ സി ഓഫ്‌ ചെയ്തശേഷം ഫാൻ ഏറ്റവും കുറഞ്ഞ സ്പീഡിൽ ഇട്ടു.
വൈകുന്നേരം മുതൽ എ സി ഓൺ ചെയ്തിട്ടിരിയ്ക്കുന്നതിനാൽ മുറിയ്ക്കകം നന്നായി തണുത്തുറഞ്ഞു കിടക്കുകയാണ്.

പദ്മപ്രിയബാത്ത് റൂമിലേക്ക് കയറി പോയി മുഖം കഴുകി തുടച്ചു വന്നപ്പോഴാണ് വാതിലിൽ മെല്ലെ തട്ടുന്ന ഒച്ച കേട്ടത്.

സൗമ്യയും സൗമിനിയും ഇപ്പോഴാണല്ലോ ഇവിടെ വന്നിരുന്നു കാര്യം പറഞ്ഞ ശേഷം മടങ്ങി പോയതെന്ന് അവർ ഓർത്തു.

പിന്നെ ആരാകും ഇത്..സാധാരണ ശ്രീകുമാറാണ് വാതിലിൽ തട്ടി അനുവാദം ചോദിച്ച ശേഷം എവിടേയ്ക്കും കടന്ന് വരുന്നത്.

“വാതിൽ ഓടാമ്പൽ ഇട്ടിട്ടില്ല മോനേ. കേറി വാടാ..” പദ്മപ്രിയ ബെഡിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി വന്നത് നവമിയായിരുന്നു.

“നീയോ.. നിനക്കെന്താ ഇവിടെ കാര്യം… കടക്കെടീ പുറത്ത്…” നവമിയെ കണ്ടതോടെ ദേഷ്യം കൊണ്ട് അവരുടെ മുഖം ചുവന്നു.

“അമ്മേ…” നവമി അവരെ നോക്കി തൊഴുതു..

“മിണ്ടരുത് നീ എന്നോട്. നിന്റെയീ ചീഞ്ഞളിഞ്ഞ നാവുയർത്തി എന്നേ അങ്ങനെ വിളിയ്ക്കരുത്. എനിക്കിഷ്ടമല്ല നീയെന്നെ അമ്മേ എന്ന് വിളിയ്ക്കുന്നത്…”

അവർ ചീറി..

“ഒരിയ്ക്കൽ മാത്രം…ഒരിയ്ക്കൽ കൂടി മാത്രം ഞാൻ അമ്മേയെന്ന് ഒന്ന് വിളിച്ചോട്ടെ അമ്മേ…ആരോരും അല്ലാതിരുന്നിട്ടും ഈ വീട്ടിൽ എനിയ്ക്കഭയം തന്നത് അമ്മയല്ലേ… പതിനെട്ടു വർഷം ഞാൻ ഈ മുഖത്ത്‌ നോക്കിയല്ലേ അമ്മേ എന്ന് വിളിച്ചത്… പെട്ടന്നൊരു നിമിഷം അതെല്ലാം നിർത്തിയ്ക്കോണം എന്ന് പറഞ്ഞാൽ ഞാൻ എങ്ങിനാ അമ്മേ…”

നവമി വിതുമ്പി പൊടിഞ്ഞു..

“മതിയെ, ടീ പൂങ്കണ്ണീർ കാണിച്ചത്..നിന്റെ യീ കണ്ണീർ നശിപ്പിച്ചു കളഞ്ഞത് എന്റെ പതിനെട്ടു വർഷങ്ങളാ. അതറിയില്ലേ നിനക്ക്.. എന്നിട്ട് അവൾ വന്നു നിന്ന് പതിനെട്ടു വർഷം അമ്മേ എന്ന് വിളിച്ചതിന്റെ കൂലി ആവശ്യപ്പെടുന്നു..

നീയെന്താടീ കരുതിയത്..എന്റെ ഭർത്താവ് നിന്നേ കൊണ്ട് വന്ന് ഇവിടെ പ്രതിഷ്ഠിച്ചപ്പോൾ ഞാൻ മനസോടെ അത് സമ്മതിച്ചു കൊടുത്തതാണെന്നോ..
വിട്ടു വീഴ്ച ആയിരുന്നെടീ അത്..എന്റെ മക്കളുടെ ഭാവി ഓർത്ത്‌..അവരുടെ ജീവിതത്തെ കരുതി…ഈ കുടുംബം താറു മാറായി പോകാതിരിയ്ക്കാൻ വേണ്ടി…അങ്ങിനെ അങ്ങിനെ..

അല്ലാതെ ഇന്നോളം ഒരു തവണ പോലും നിന്നേ ഞാനെന്റെ മോളായി കണ്ടിട്ടില്ല.. നിന്നേ ഒരു വട്ടമെങ്കിലും ഞാനങ്ങനെ വിളിച്ചിട്ടുണ്ടെങ്കിൽ അതെന്റെ ഗതികേട്.. ഇനി അത് ഈ ജന്മത്ത്‌ തുടരാൻ ഞാനുദ്ദേശിയ്ക്കുന്നില്ല.

നാണമില്ലേ, ടീ നിനക്ക്.എത്ര ആട്ടിയോടിച്ചാലും പോകാതെ പിന്നെയും പിന്നെയും എന്റെ മുമ്പിലേക്ക് വരാൻ..”

പദ്മപ്രിയയെ ചെറുതല്ലാത്ത രീതിയിൽ കിതയ്ക്കാൻ തുടങ്ങിയിരുന്നു.

“ഞാൻ.. ഞാനെന്ത് തെറ്റാ അമ്മേ അമ്മയോട് ചെയ്തത്… ഇത്രയേറെ വെറുക്കപ്പെടാൻ ഞാൻ അമ്മയ്ക്ക് ദോഷം വരുന്ന എന്തെങ്കിലും പ്രവൃത്തി ചെയ്തിട്ടുണ്ടോ… ഉണ്ടെങ്കിൽ അമ്മ പറയ്…”

“ഇല്ലേ..ഇല്ലേടീ..ഇല്ലെങ്കിൽ പിന്നെ പി, ഴച്ചുണ്ടായ നിന്റെ ജന്മം ആഘോഷമാക്കാൻ നീ എന്തിനാടീ എന്റെ ജീവിതം തിരഞ്ഞെടുത്തത്…എന്തിനാടീ നിന്നേ ഇവിടേയ്ക്ക് തന്നെ കെട്ടിയെടുത്തത്…”

“ഞാൻ.. ഞാനാണോ അമ്മേ തെറ്റുകാരി..ഈ ഭൂമിയിൽ ഞാൻ ജനിച്ചു പോയി എന്നൊരു കുറ്റമല്ലാതെ വേറെന്തു തെറ്റാ അമ്മേ ഞാൻ എല്ലാവരോടും ചെയ്തത്…അത് പോലും എന്റെ കുറ്റം കൊണ്ടാണോ…

അറിവില്ലാത്ത പ്രായത്തിൽ ആരാലോ നയിക്കപ്പെട്ടു ഞാൻ എത്തിച്ചേർന്ന ഒരിടം മാത്രമല്ലേ അമ്മേ ഇത്… അല്ലാതെ അമ്മയുടെ ജീവിതം തകർക്കണമെന്നോ, ഈ കുടുംബത്തിൽ അശാന്തിയുണ്ടാക്കണമെന്നോ കരുതി ഒരിയ്ക്കൽ പോലും ഞാൻ പ്രവൃത്തിച്ചിട്ടില്ല…ഈ അവസാന നിമിഷമെങ്കിലും അമ്മ എന്നേ വെറുക്കല്ലേ അമ്മേ.. ഞാൻ അമ്മയുടെ കാല് പിടിയ്ക്കാം..”

നവമി അവരുടെ കാലിൽ തൊടാൻ നേരം അവർ പിന്നിലേക്ക് മാറി.

“തൊട്ടു പോകരുത് നീ എന്റെ ശരീരത്തിൽ… നീയെന്താടീ പറഞ്ഞത്..
ഈ അവസാന നിമിഷത്തിൽ എന്നോ..അതേടീ ഇത് അവസാന നിമിഷമാ..ഇത്രയും കാലം നീ ഒരുപാട് മനുഷ്യരേ പറ്റിച്ച് സുഖലോലുപതയിൽ കഴിഞ്ഞില്ലേ.. അതിന്റെ അവസാനമാടീ ഇത്..

കഴിഞ്ഞ പതിനെട്ടു വർഷം പദ്മപ്രിയ, നീ കാരണം ഒഴുക്കിയ കണ്ണീരിന് നീ അനുഭവിയ്ക്കാൻ തുടങ്ങുകയാ..ഓർത്തോ…ദൈവം അതിനെല്ലാം നിന്നോട് എണ്ണിയെണ്ണി കണക്ക് ചോദിച്ചിരിയ്ക്കും.. ഇനി ഏത് കൊട്ടാരത്തിൽ നീ വാഴാൻ പോയാലും അനുഭവിച്ചിരിയ്ക്കുമെടീ…”

കണ്ണുകളിൽ നീർ നിറഞ്ഞു കാഴ്ച മങ്ങിയപ്പോൾ നവമി പുറം കൈ കൊണ്ട് കണ്ണീരൊപ്പി.

“മതിയെടീ നാടകം..ആരെക്കാണിയ്ക്കാനാ നിന്റെ ഈ അഭിനയം..അത് കാണാനുള്ളവൻ പോയി… ഞാൻ കുടിച്ച കണ്ണീരിന്റെ കോടിയിൽ ഒന്ന് വരുമോടീ നിന്റെ ഈ സങ്കടം..ഇല്ല…പോ എന്റെ മുമ്പിൽ നിന്ന്.ഏത് നരകത്തിൽ പോയാലും നിന്നേ അനുഗ്രഹിച്ചയയ്ക്കാൻ പദ്മപ്രിയയ്ക്ക് ഈ ജന്മം പോരാതെ വരും..”

അവർ അവളുടെ മുഖം കാണാതിരിയ്ക്കാനായി കണ്ണുകൾ അടച്ചു.

ഇനി നിന്നിട്ട് ഒരു കാര്യവുമില്ലെന്ന് നവമിയ്ക്ക് തോന്നി. നാളെ താൻ ഈ വീട്ടിൽ നിന്ന് പോകും മുൻപേ അമ്മയോട് യാത്ര ചോദിയ്ക്കണം എന്ന് കരുതി വന്നതാണ് അവൾ.

നവമി മെല്ലെ തിരിഞ്ഞു നടന്നു പുറത്തിറങ്ങുമ്പോൾ അവിടെ സൗമ്യയും, സൗമിനിയും നിൽപ്പുണ്ടായിരുന്നു.

“നീയെന്തിനാടീ അമ്മയെ കാണാൻ വന്നത്..അമ്മയ്ക്ക് നിന്നേ കാണുന്നത് ഇഷ്ടമല്ലെന്ന് നിനക്കറിയരുതോ.. പിന്നെന്തിനാ ഇങ്ങോട്ട് വന്നത്…” സൗമ്യ അവളോട് ദേഷ്യത്തിൽ തിരക്കി.

“ഞാൻ.. ഞാൻ അമ്മയോട് യാത്ര പറയാൻ…” നവമി ഷാളിന്റെ തുമ്പുയർത്തി മുഖം തുടച്ചു.

“യാത്ര പറയാൻ നീയെന്താ, രാത്രിയിൽ എങ്ങോട്ടെങ്കിലും ടൂർ പോകാൻ പോവാണോ…”സൗമിനി പരിഹസിച്ചു. നവമി മറുപടി പറയാതെ നിൽക്കുന്നത് കണ്ട് അർത്ഥവത്തായി ഒന്ന് മൂളിയ ശേഷം അവർ പദ്മപ്രിയയുടെ റൂമിലേക്ക് ചെന്നു.

“എന്താ അമ്മേ ഇവിടെ ഒരു ഉച്ചത്തിലുള്ള സംസാരം കേട്ടത്… അവളെന്തിനാ ഇപ്പോൾ ഇവിടെ വന്നിട്ട് പോയത്…”

സൗമ്യ ചെന്ന് അമ്മയുടെ അടുത്തേയ്ക്കിരുന്നു ചോദിച്ചു.

“നാളെ മുതൽ അവള് ശ്രീദേവി തമ്പുരാട്ടിയുടെ വീട്ടിൽ പൊറുതിയ്ക്ക് പോവല്ലേ.. അപ്പോൾ എന്റെ അനുഗ്രഹം വേണമെന്ന്..ഞാൻ കൊടുത്തിട്ടുണ്ട് അവൾക്ക് അനുഗ്രഹം…ഗതിയില്ലാത്ത ജന്മം..”

“അവൾക്ക് അനുഗ്രഹമല്ല കൊടുക്കേണ്ടത്. കരണം തീർത്ത്‌ രണ്ട് പൊട്ടീരാ. എന്നിട്ട് ഈ നിമിഷം ഇവിടുന്ന് ഇറങ്ങിയ്ക്കോണം എന്ന് പറയണമായിരുന്നു…”

സൗമ്യ പുറത്ത് നവമി പോയ വഴിയേ നോക്കി നിന്ന് പറഞ്ഞു..

==============

അജയൻ ഓട്ടോ കൊണ്ട് വന്ന് ഗേറ്റിന് വെളിയിൽ നിർത്തിയിട്ട് രത്നമ്മ ടീച്ചറോട് പറഞ്ഞു.

“ടീച്ചർ പോയി നവമിയെ കൂട്ടിക്കൊണ്ട് വാ.ഇന്നലെ മുതൽ ആ വീട്ടിലുള്ള എല്ലാർക്കും എന്നോടും, അമ്മയോടും പകയായി കാണും. ഞങ്ങൾ അവളെ സംരക്ഷിയ്ക്കുന്നതിൽ.. എന്നേ കണ്ടാൽ ആരെങ്കിലും പൊട്ടി തെറിയ്ക്കാനും സാധ്യതയുണ്ട്..എന്തിനാ വെറുതേ ഒരു സീനുണ്ടാക്കുന്നത്..”

അവൻ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നിയതിനാൽ രത്നമ്മ ടീച്ചർ അതിന് മറുപടി പറയാതെ ഓട്ടോയിൽ നിന്നിറങ്ങി വീട്ടിലേക്ക് ചെന്നു.

മുൻ വാതിൽ തുറന്നിട്ടിരിയ്ക്കയാണെങ്കിലും അവിടെങ്ങും ആരുമുള്ള ലക്ഷണം കാണാനില്ല.ഏതോ റൂമുകളിൽ അടക്കി പിടിച്ച സംസാരമോ, ഒച്ചയനക്കങ്ങളോ ഉണ്ടെങ്കിലും വാതിൽ അടഞ്ഞു കിടക്കയാണ്.

പദ്മപ്രിയയുടെ റൂമിന്റെ വാതിലിൽ അവർ തൊട്ടു നോക്കിയെങ്കിലും അത് അകത്ത്‌ നിന്നും ലോക്ക് ചെയ്തിരിയ്ക്കുകയായിരുന്നു.

രത്നമ്മ ടീച്ചർ നവമിയുടെ റൂമിലേക്ക് ചെന്നു. കയ്യിൽ ചെറിയൊരു എയർ ബാഗും പിടിച്ച് അവൾ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു.

രത്നമ്മ ടീച്ചർ അവിടെയിരുന്നുകൊണ്ട് തന്റെ ഫോണിൽ നിന്ന് പദ്മപ്രിയയെ വിളിച്ചുനോക്കി. കോൾ പകുതി എത്തും മുമ്പേ കട്ടായി പോയി.

“ആർക്കും നിന്നേ കാണണ്ട.നീ പോകുന്നത് കാണണ്ട…നീയാരോടും യാത്ര പറയുന്നത് പോലും അവർ ഇഷ്ടപ്പെടുന്നില്ല..അതാണ്‌ അവരെല്ലാം മാറി നിൽക്കുന്നത്. ശരിയ്ക്കും പറഞ്ഞാൽ ഇത് പോലൊരിടത്ത്‌ നിന്നുള്ള രക്ഷപ്പെടലാ മോളേ ഇത്. ഒന്നുമല്ലങ്കിൽ അവിടെ അജയനുണ്ടല്ലോ…വാ.. എണീൽക്ക്.പോകാം…”

രത്നമ്മ ടീച്ചർ അവളെ പിടിച്ചെണീൽപ്പിച്ചു മുന്നേ നടന്നു. കഴിഞ്ഞ പതിനെട്ടു വർഷക്കാലം താൻ ജീവിച്ചു പോന്ന വീട്..തന്നെ കാത്ത്‌ സംരക്ഷിച്ചു പോന്ന വീട്..താൻ കളിച്ചു വളർന്ന വീട്..തന്നെ താനാക്കിയ സാഹചര്യങ്ങൾ..അച്ഛന്റെ സ്നേഹം.. കളി.. ചിരി..

ഒരു നിമിഷം കൊണ്ട് നവമിയുടെ മനസിലൂടെ നൂറ്‌ നൂറോർമ്മകൾ കടന്ന് പോയി. വിങ്ങുന്ന ഹൃദയത്തോടെ, നെഞ്ചുലയുന്ന നൊമ്പരത്തോടെ അവൾ പുറത്തേയ്ക്ക് വന്നു. മുറ്റത്ത്‌ നിന്ന് ഒരു തവണ കൂടി അവൾ വീടിന് നേർക്ക് നോക്കി. പിന്നീട് അവൾ കണ്ണടച്ചപ്പോൾ രണ്ട് തുള്ളി നീർക്കണങ്ങൾ മുറ്റത്തെ ചൊരിമണലിലേക്ക് വീണു.

അവർ പുറത്തേയ്ക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് മെറൂൺ കളറുള്ള ഒരു വിദേശ നിർമ്മിത കാർ ഒഴുകിയിട്ടെന്നോണം ഗേറ്റ് കടന്ന് മുറ്റത്തേയ്ക്ക് വന്നു നിൽക്കുന്നത്.

രത്നമ്മ ടീച്ചർ അതിഥികൾ ആരെന്നറിയാനായി അവിടെ തന്നെ നിന്നു.
നവമിയുടെ കണ്മുമ്പിൽ ഒരു പുക മറയല്ലാതെ ആ കാഴ്ചകളൊന്നും ഇല്ലായിരുന്നു.

കാറിന്റെ മുൻവാതിൽ തുറന്ന് വിജയകൃഷ്ണൻ വക്കീൽ ഇറങ്ങുന്നത് കണ്ട് രത്നമ്മ ടീച്ചറിന്റെ നെറ്റി ചുളിഞ്ഞു.

ഭാഗം 08

ആധുനിക രീതിയിൽ,രണ്ട് നിലകളിൽ പണി തീർത്ത ആ മനോഹരമായ രമ്യ ഹർമ്മത്തിന്റെ മട്ട്പ്പാവിലൂടെ, വിജയകൃഷ്ണന്റെ കണ്ണുകൾ ഊർന്നിറങ്ങി സിറ്റൗട്ടിൽ നിൽക്കുന്ന യുവതികളുടെ മുഖത്തെത്തി നിന്നു.

മുറ്റത്ത്‌ ഒരു കാർ വന്നു നിൽക്കുന്ന ഒച്ച കേട്ട് അവർ വാതിൽ തുറന്നിറങ്ങി വന്നതാണ്.അവർക്ക് പിന്നിലായി പദ്മപ്രിയയും വന്നു നിൽപ്പുണ്ട്.

മൂവർക്കും എത്ര ആലോചിച്ചിട്ടും വന്നിരിയ്ക്കുന്ന അതിഥി ആരെന്ന് മനസിലായില്ല.

അവർ നോക്കി നിൽക്കേ രത്നമ്മ ടീച്ചർ നടന്നു വിജയകൃഷ്ണന്റെ മുമ്പിൽ ചെന്നു നിന്നു. പിന്നീട് അവർ അയാളെ നോക്കി തൊഴുതു. പുറത്ത് നിന്നും അജയനും അപ്പോഴേയ്ക്കും അങ്ങോട്ട് എത്തി ക്കഴിഞ്ഞിരുന്നു.

വിജയകൃഷ്ണന്റെ കണ്ണുകൾ രത്നമ്മ ടീച്ചറുടെ മുഖത്ത്‌ നിന്ന് തെന്നി മാറി നാവമിയുടെ മുഖത്തേയ്ക്ക് എത്തി.

ഇരുപതോ, ഇരുപത്തിരണ്ടോ വയസ്സ് പ്രായം മതിയ്ക്കുന്ന ഒരു പെൺ കിടാവ്.
പേടിച്ചരണ്ട മാൻ പേടയുടെ മുഖം..ആരിലും കൗതുകം ജനിപ്പിയ്ക്കുന്ന മുഖചാരുത.

വഴിയറിയാതെ, ജീവിതയാത്രയുടെ നൂൽപ്പാലത്തിലേക്ക് കാലെടുത്തു വച്ച് നിൽക്കുകയാണ് അവൾ..

നാല് വയസ്സൊ മറ്റോ പ്രായമുള്ള ഒരു കുഞ്ഞ് കയ്യുടെ പൂവുടൽ മൃദുലത തന്റെ കയ്യിൽ ഇപ്പോഴുമുണ്ടെന്ന് വിജയകൃഷ്ണൻ വക്കീലിന് തോന്നി.

രാമചന്ദ്രന് താനിവളെ കൈമാറുമ്പോൾ ഇന്നും ഇവൾ നോക്കിയ ആ നോട്ടം തന്റെ 0നെഞ്ചിലുണ്ട്. നിസ്സഹായതയോടെ, നിറഞ്ഞു തുളുമ്പുന്ന കണ്ണോടെ അന്ന് തന്റെ മുൻപിൽ നിന്ന് നടന്നു മറഞ്ഞുപോയ ആ ചെറിയ പെൺകുട്ടിയാണ് ഇപ്പോൾ തന്റെ മുൻപിൽ നിൽക്കുന്നത്.

കാലം അവളിൽ നടത്തിയ കൊത്തു പണികൾ മാറ്റി വച്ചാൽ ഇന്നും അവളുടെ മുഖത്ത്‌ അന്നത്തെ ആ പഴയ നിസ്സoഗത തന്നെയാണ് കാണാൻ കഴിയുക.

“ഞാൻ ഇവളെ ഇവിടെനിന്നും അജയന്റെ വീട്ടിലേക്ക് കൊണ്ട് പോകാൻ തുടങ്ങുകയായിരുന്നു…” രത്നമ്മ ടീച്ചർ വിജയകൃഷ്ണൻ വക്കീലിനോട് പറഞ്ഞു.
പിന്നെ അജയൻ ഇതാണെന്ന് മനസിലാക്കിക്കോട്ടെ എന്ന് കരുതി അവർ അജയന് നേർക്ക് വിരൽ ചൂണ്ടി. വിജയ കൃഷ്ണൻ ഗൗരവത്തോടെ അജയനെ ഒന്ന് നോക്കി.

മുറ്റത്ത്‌ നിൽക്കുന്നവർ തമ്മിൽ തമ്മിൽ സംസാരിക്കുന്നത് എന്താണെന്ന് സൗമ്യയ്ക്കും സൗമിനിയ്ക്കും പിടി കിട്ടിയില്ല.

“വാടീ.. ഇവിടെ വന്ന് ഇത്രയ്ക്കും അധികാരത്തോടെ നിൽക്കുന്നത് ആരാണെന്ന് നമ്മൾക്ക് ഒന്നറിയണ്ടേ..”

സൗമ്യയേയും കൂട്ടി സൗമിനി അതിഥിയുടെ മുമ്പിലേക്ക് ചെന്നു.

“ആരാ ടീച്ചറേ ഇത്..ഞങ്ങൾക്ക് ഇയാളെ മനസ്സിലായില്ലല്ലോ. അമ്മയ്ക്കും അറിയില്ലെന്ന് പറയുന്നു…”

അവർ രത്നമ്മ ടീച്ചറേ നോക്കി ചോദിച്ചു.

“നിങ്ങളുടെ അച്ഛന്റെ സുഹൃത്താണ്..വിജയകൃഷ്ണൻ വക്കീൽ…” രത്നമ്മ ടീച്ചർ അദ്ദേഹത്തെ അവർക്ക് പരിചയപ്പെടുത്തി.

“ഞാൻ നവമിയെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ്…” വിജയകൃഷ്ണൻ വക്കീൽ പറഞ്ഞു.

“ഇവളെ കൂട്ടിക്കൊണ്ട് പോകാനോ. അതിന് നിങ്ങളുടെ ആരാണ് ഇവൾ.. ഇവളെയല്ലേ ടീച്ചർ വിളിച്ചിറക്കി കൊണ്ട് പോകുന്നത്…”

“വിളിച്ചിറക്കി കൊണ്ട് പോകുന്നോ…ആര്…രത്നമ്മ ടീച്ചറോ… നിങ്ങൾ ഇവിടെനിന്നും ഇറക്കി വിട്ടതല്ലേ ഈ പെൺകുട്ടിയെ. അല്ലാതെ അവൾ സ്വമേധയാ ഇവിടെ നിന്ന് ഇറങ്ങി പോന്നതാണോ…” വിജയകൃഷ്ണൻ തോക്കിൻ കുഴലിലൂടെ എന്ന വണ്ണം സൗമിനിയെ നോക്കി.

“ആ അതൊന്നും ഞങ്ങൾക്കറിയില്ല..അച്ഛൻ മരിച്ചതോടെ ഇനി ഇവിടെ നിൽക്കുന്നത് ശരിയല്ലെന്ന് അവൾക്ക് തോന്നിക്കാണും. അത് കൊണ്ട് ഇറങ്ങി പോകുന്നതായിരിയ്ക്കും അവൾ..അവളെ ഞങ്ങളാരും തടഞ്ഞു നിർത്തിയില്ലെന്നത് നേര്…”

അത്രയും പറഞ്ഞിട്ട് സൗമിനി അലക്ഷ്യമായി നവമിയ്ക്ക് നേരെ തിരിഞ്ഞു.

“നിനക്ക് അറിയാമോടീ ഇത് ആരാണെന്ന്…” അവൾ നവമിയോട് ചോദിച്ചു.

“ഇല്ല…” നവമി മുഖമുയർത്താതെ മറുപടി പറഞ്ഞു.

“പിന്നെ എന്തുദ്ദേശിച്ചാടീ എല്ലാം വാരിക്കെട്ടിക്കൊണ്ട് നീ ഇയാളുടെ കൂടെ പോകാൻ തയ്യാറായി നിൽക്കുന്നത്…”

നവമി പെട്ടന്ന് മുഖമുയർത്തി രത്നമ്മ ടീച്ചറേ നോക്കി.

“സൗമിനീ…ഈ നിൽക്കുന്നത് അവൾക്ക് ഒരു അപരിചിതൻ അല്ല.. അവളുടെ അച്ഛനാണ്..അവളെ കാണാൻ വന്നതാണ് അദ്ദേഹം…”

“അച്ഛനോ…” സൗമിനി നെറ്റി ചുളിച്ചു കൊണ്ട് അയാളെ അടിമുടി നോക്കി.

“ഈ പതിനെട്ടു വർഷക്കാലം ഏത് കുടത്തിൽ ഒളിച്ചിരിയ്ക്കയായിരുന്നു ഈ അച്ഛൻ..അല്ല പെട്ടന്ന് ഭൂമി പിളർന്നു ഇവിടെ ഞങ്ങൾക്ക് മുമ്പിൽ ഇവൾക്ക് പുതിയൊരച്ഛൻ പ്രത്യക്ഷപ്പെട്ടത് കൊണ്ട് ചോദിച്ചു പോയതാ..”

അത് തന്നോടുള്ള പരിഹാസമാണെന്ന് വിജയകൃഷ്ണൻ വക്കീലിന് മനസിലായി.

“സൗമിനി.. അല്ലേ…” വിജയകൃഷ്ണൻ അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു. സൗമിനിയുടെ മുഖത്തുണ്ടായിരുന്ന ഹാസ്യ ഭാവം പൊടുന്നനെ മാഞ്ഞു പോയി.പെട്ടന്ന് മുൻപിൽ വന്നു നിന്ന് ഒരപരിചിതൻ തന്റെ പേര് വിളിയ്ക്കുന്നത് കേട്ടിട്ടുള്ള വിഭ്രാന്തി ആയിരുന്നു അവളിൽ.

“നിന്റെ അച്ഛൻ രാമചന്ദ്രൻ പറഞ്ഞിട്ടുണ്ട് നീയാണ് മൂത്ത മകളെന്ന്…നിനക്കിളയതായി രണ്ട് പേർ വേറെയുണ്ടെന്നും അറിയിച്ചിട്ടുണ്ട്..
വിജയകൃഷ്ണൻ ഒരു കുടത്തിലും പോയി ഒളിച്ചിട്ടില്ലായിരുന്നു മോളേ..അങ്ങനെ ഒളിയ്ക്കേണ്ട ഒരു ഗതികേട് വിജയകൃഷ്ണന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..അത് നിനക്ക് ഇപ്പോൾ പറഞ്ഞാൽ മനസിലാകില്ല..ചിലപ്പോൾ മനസിലാകുന്ന ഒരു കാലം വന്നെന്നിരിയ്ക്കും. കൂടുതൽ ഞാൻ അന്ന് വിശദീകരിച്ചു തരാം…

ഞാൻ പറഞ്ഞല്ലോ എന്റെ പേര്..വക്കീലാണ്..കോട്ടയം ജില്ലാ കോടതിയിൽ…ഞാൻ വന്നത് നവമിയെ കൂട്ടിക്കൊണ്ട് പോകാനാണ്…അതിനുള്ള അവകാശം എനിയ്ക്കുള്ളത് കൊണ്ട്ഞാൻ എന്റെ കൂടെ കൊണ്ട് പോവുകയാണ് ഇവളെ.നിങ്ങൾ അടിച്ചിറക്കി പുറത്ത് കളയും മുമ്പേ അവൾക്കും ഏതെങ്കിലും ഒരു തീരമണയണമല്ലോ .അവളെ ആ തീരത്തേയ്ക്ക് എത്തിയ്ക്കുകയാണ് ഞാൻ..”
വിജയകൃഷ്ണൻ വക്കീൽ പറഞ്ഞു നിർത്തി.

നവമി ഒരു ഞെട്ടലോടെ മുഖമുയർത്തി അയാളെ നോക്കി.

രത്നമ്മ ടീച്ചർ അന്വേഷിച്ചു പോയ തന്റെ അച്ഛനാണോ ദൈവമേ ഇത്.

അവളുടെ മേലാസകലം ഒരു കുളിരല പാഞ്ഞു പോയി. കഴിഞ്ഞ ഇരുപത്തി രണ്ട് വർഷവും തന്റെ കണ്മുമ്പിൽ വരാതെ മറഞ്ഞു നിന്ന ആൾ…അവൾക്ക് അച്ഛന്റെ രൂപം കണ്ടിട്ടും കണ്ടിട്ടും മതി വരുന്നുണ്ടായിരുന്നില്ല.

“ടീച്ചറേ…” അജയൻ രത്നമ്മ ടീച്ചറേ നോക്കി വിളിച്ചു.

“നവമിയെ കൊണ്ട് പോകയാണോ അവളുടെ അച്ഛൻ…”

അവൻ തിരക്കി. അവന്റെ ചോദ്യത്തിന് മറുപടി പറയാതെ രത്നമ്മ ടീച്ചർ വിജയകൃഷ്ണനെ നോക്കി.

“അതിനല്ലേ അജയാ നിങ്ങൾ ഇന്നലെ എന്നേ കാണാൻ വന്നത്… മറന്നു പോയോ..” വിജയകൃഷ്ണൻ പറഞ്ഞു.

“പക്ഷേ സാർ മറുപടിയൊന്നും തന്നില്ലല്ലോ….”

“ഞാൻ മറുപടി തന്നില്ലെന്ന് വച്ചാൽ അതിന്റെയർത്ഥം ഞാൻ വളർത്താൻ ഏൽപ്പിച്ച പെൺകുട്ടിയെ തിരികെ വാങ്ങില്ലെന്നാണോ…”

“വളർത്താൻ ഏൽപ്പിച്ച പെൺകുട്ടിയോ..അപ്പോൾ നവമി സാറിന്റെ മകളല്ലെന്നാണോ…” അജയൻ അമ്പരപ്പോടെ ചോദിച്ചു.

“അജയൻ എഴുതാപ്പുറമൊന്നും വായിയ്‌ക്കേണ്ട.രാമചന്ദ്രൻ നിങ്ങളോട് കള്ളം പറയാൻ വഴിയില്ലല്ലോ… നവമിയെ അതുകൊണ്ട് തന്നെ ഞാൻ കൂട്ടിക്കൊണ്ട് പോവുകയാണ്…”

“സാർ.. ഇത്ര പെട്ടന്ന്…പെട്ടന്ന് ഒരാൾ അവൾക്ക് മുമ്പിൽ വന്ന് ഞാനാണ് അച്ഛൻ, ഞാൻ നിന്നേ എന്റെ കൂടെ കൊണ്ട് പോവുകയാണ് എന്നൊക്കെ പറയുമ്പോൾ അവൾക്ക് അതുൾക്കൊള്ളാൻ പറ്റുമോ എന്ന് നമ്മൾ നോക്കണ്ടേ സാർ…”

“അവൾ ഉൾക്കൊണ്ടോളും അജയാ..അജയൻ അതോർത്ത്‌ വിഷമിയ്ക്കണ്ട..അവൾ പോകുന്നത് അവൾക്ക് അവകാശപ്പെട്ട ഇടത്തേയ്ക്ക് തന്നെയാണ് അജയാ.. അത് അജയനെ പോലെ തന്നെ അവൾക്കും അറിയാം…”

“എന്നാലും സാർ…രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട്..അവൾ എല്ലാം ഒന്ന് മനസ്സിൽ ഉറപ്പിച്ച ശേഷം പോരേ എന്നാ…”

“അവൾക്ക് അതെല്ലാം മനസ്സിൽ ഉറപ്പിയ്ക്കാൻ രണ്ട് മണിയ്ക്കൂർ ധാരാളമാ അജയാ..അതാകട്ടെ കൊല്ലത്ത്‌ നിന്നും ഞങ്ങൾ കോട്ടയത്ത്‌ എത്തിച്ചേരുന്ന സമയത്തോളമുണ്ട്.ഇനി രണ്ട് ദിവസമല്ല, രണ്ട് നിമിഷം പോലും ഞാനിവളെ ഇവിടെ ഒറ്റയ്ക്ക് നിർത്തിയിട്ട് പോകില്ല.. ഒരു ഹിംസ്ര മൃഗത്തിനും കടിച്ചു കീറാൻ..”

അയാളുടെ നോട്ടം ഒരു വേള തന്റെ മുഖത്തേയ്ക്ക് വന്നപ്പോൾ സൗമിനിയ്ക്ക് മനസിലായി അത് തങ്ങളെ ഉദ്ദേശിച്ചാണെന്ന്.

തികട്ടി വന്ന ദേഷ്യം സൗമിനി പണിപ്പെട്ട് അടക്കി പിടിച്ചു.

“അജയാ..” രത്നമ്മ ടീച്ചർ അവന്റെ കൈക്ക് പിടിച്ചു.

“നീ ഈ പറഞ്ഞ രണ്ട് ദിവസം കഴിഞ്ഞാലും അവൾക്ക് പോയേ തീരൂ..
അല്ലേ…”

അജയൻ നിസ്സഹായതയോടെ തലയാട്ടി.

“അവളെ നമ്മൾ നോക്കാനായി മറ്റൊരാൾക്ക് കൈമാറുകയോ, അല്ലെങ്കിൽ ഏതെങ്കിലും അഗതി മന്ദിരത്തിൽ ഏൽപ്പിയ്ക്കുകയോ അല്ല ചെയ്യുന്നത്..
രണ്ട് ദിവസം നമ്മൾ അലഞ്ഞതും ഇതിനല്ലേടാ…അപ്പോൾ സന്തോഷിയ്ക്കയല്ലേ വേണ്ടത് അവൾ സുരക്ഷിതമായ കരങ്ങളിൽ തന്നെ എത്തിച്ചേർന്നതോർത്ത്‌…ആർക്കും ഒരു ഭാരമാകാതെ അവൾ അവൾക്കവകാശപ്പെട്ട ഇടത്ത്‌ പോയി ജീവിയ്ക്കട്ടെ. അവളുടെ സന്തോഷവും, അവളുടെ നന്മയും അല്ലെടാ മോനേ നമ്മൾ ആഗ്രഹിച്ചത്.. സന്തോഷത്തോടെ നമ്മൾ അവളെ യാത്രയാക്കണം.”

അജയൻ എന്തോ ഓർത്തെടുക്കും മട്ടിൽ തലയാട്ടി. പക്ഷേ അവനിൽ ഒട്ടും ഉത്സാഹമില്ലായിരുന്നു. അവന്റെ നന്മയുള്ള മനസ്സിൽ നവമിയെ കരുതി എന്തൊക്കെയോ മോഹങ്ങൾ പൂത്തുലഞ്ഞു കിടപ്പുണ്ടായിരുന്നെന്ന് അവർ ഓർത്തു.അതായിരുന്നു അവൾക്ക് വേണ്ടി അവൻ ഇത്രയും അത്യുത്സാഹത്തോടെ ഓടി നടന്നത്.

അവൾക്കൊരഭയ തീരം തന്റെ വീടാണെന്ന് മനസിലായപ്പോൾ അവൻ എന്ത് ആഹ്ലാദവാനായിരുന്നു.

ഇപ്പോൾ പക്ഷേ അവന്റെ ചൊടിയും, ചുണയുമൊക്കെ എങ്ങോ മറഞ്ഞു പോയിക്കഴിഞ്ഞു.

രത്നമ്മ ടീച്ചർക്ക് പക്ഷേ അത് കണ്ടില്ലെന്ന് നടിയ്ക്കെയേ നിർവാഹമുള്ളായിരുന്നു.

“ഇവിടെ ആരോടും എനിയ്ക്ക് ഒന്നും ചോദിയ്ക്കാനില്ല…പറയാനും..ഞാനിവളെ കൊണ്ട് പോവുകയാണേ ടീച്ചറേ…”അയാൾ ടീച്ചറോട് അനുവാദം ചോദിയ്ക്കും പോലെ പറഞ്ഞു.

രത്നമ്മ ടീച്ചർ നവമിയുടെ മുഖം ഇരു കൈകളാലും കോരി തന്റെ മുഖത്തിന്‌ നേർക്കുയർത്തി.

അവളുടെ രണ്ട് കണ്ണുകളും തുളുമ്പി നിൽക്കുകയാണ്.
.
“കരയണ്ട. നല്ലതേ വരൂ…എവിടെ പോയാലും. ദൈവമുണ്ട് മോളേ നിന്റെ കൂടെ.”
അവർ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

രത്നമ്മ ടീച്ചറിന്റെ കണ്ണിൽ നിന്ന് ഒരു നീർത്തുള്ളി നവമിയുടെ മൂക്കിൻ തുമ്പിലൂടെ ഊർന്നു നിലത്തേയ്ക്ക് വീണു.

“പോട്ടെ ടീച്ചറേ..” അവളുടെ നിശ്വാസവായുവിന് ഉച്ച സൂര്യന്റെ ചൂടുണ്ടായിരുന്നു.

“എന്നേ മറന്നു കളയല്ലേ ടീച്ചറേ… എന്നെങ്കിലുമൊക്കെ… വല്ലപ്പോഴുമെങ്കിലും….”
അവളുടെ വാക്കുകൾ വിറയുന്നുണ്ടെന്ന് അവർക്ക് തോന്നി.

“വല്ലപ്പോഴും ഒന്നും അല്ലെടീ. എന്നും വിളിയ്ക്കും. പോരേ… അത് നീ മറന്നാലും ഞാൻ വിളിച്ചോളാം..”

തൃപ്തിയോടെ നവമി അവരുടെ കവിളിൽ ഒരുമ്മ കൊടുത്തു. പിന്നീട് അവൾ അജയന്റെ അരികിലേക്ക് ചെന്നു. അവൻ അവർക്ക് പുറം തിരിഞ്ഞു ദൂരെയെങ്ങോ നോക്കി നിൽക്കയാണ്..ആകാശത്തിന് കീഴെ, അനന്തതയിലൂടെ ഒരു കൂട്ടം പറവകൾ ദിക്കറിയാതെ പറന്നകലുന്ന കാഴ്ചയിലാണ് അവന്റെ കണ്ണുകൾ.

“അജയേട്ടാ…” അവൾ വിളിച്ചു. പെട്ടന്ന് അവൻ ഒന്ന് ഞെട്ടിയത് പോലെ അവൾക്ക് തോന്നി.

“പൊക്കോട്ടെ അജയേട്ടാ…എന്നെങ്കിലുമൊക്കെ എന്നേ കാണാനും വരണേ അങ്ങോട്ട്… സമയമുള്ളപ്പോൾ മതി… ശ്രീദേവിയപ്പച്ചിയേയും കൊണ്ട് വരണേ…”

“ഊം..” അജയൻ മുഖം തിരിച്ച് അവളെ നോക്കാതെ മൂളി.

“നോക്ക് അജയേട്ടാ.. പിണങ്ങി നിൽക്കുവാണോ…”

“അല്ലെടീ.. പൊക്കോ.. ഞാൻ വന്നോളാം…”അജയൻ പെട്ടന്ന് അവളെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ തന്റെ ഓട്ടോ കിടക്കുന്ന ഇടത്തേയ്ക്ക് പോയി.പോകുന്ന പോക്കിൽ അവൻ കണ്ണുകൾ തുടയ്ക്കുന്നത് അവൾ കണ്ടു.

വിജയകൃഷ്ണൻ വക്കീൽ നവമിയ്ക്ക് മുമ്പിലേക്ക് വന്നിട്ട് തിരക്കി.

“എന്താ നിന്റെ കയ്യിൽ ഇരിയ്ക്കുന്ന ഈ ബാഗിൽ…”

“എന്റെ ഡ്രസുകളാണ്…” വിജയകൃഷ്ണൻ വക്കീൽ തിരിഞ്ഞു നടന്നു ചെന്ന് കാറിന്റെ പിൻ ഡോർ തുറന്ന് അതിൽ നിന്ന് രണ്ട് കിറ്റുകൾ പുറത്തെടുത്തു.

ആലുക്കാസ് വെഡിങ് സെന്ററിന്റെ പരസ്യം പ്രിന്റ് ചെയ്ത കവറുകളായിരുന്നു അത്. വിജയകൃഷ്ണൻ അത് നവമിയ്ക്ക് നേരെ നീട്ടി.

നിന്റെ കയ്യിലിരിയ്ക്കുന്ന ബാഗും, നീ ധരിച്ചിരിയ്ക്കുന്ന ഡ്രെസ്സും പോലും അഴിച്ചു വീട്ടിനുള്ളിൽ വച്ചേക്കണം..എന്നിട്ട് ഇതു ധരിച്ചു വേണം നീ എന്റെ കൂടെ പോരാൻ… നിന്റെ കാലിലെ ചെരുപ്പോ, നീ നെറ്റിയിൽ ഒട്ടിച്ചിരിയ്ക്കുന്ന പൊട്ടോ പോലും ഇവിടെ നിന്ന് എടുക്കാൻ പാടില്ല… ഇതുവരെ നിന്റെ വശമുണ്ടായിരുന്ന സർവ്വതും ഇവിടെ ഉപേക്ഷിച്ചേക്കണം… പോയിട്ട് വാ… “

അയാൾ നീട്ടിയ കിറ്റ് വാങ്ങി കയ്യിൽ പിടിച്ചു കൊണ്ട് സൗമിനിയ്ക്ക് മുമ്പിലൂടെ അവൾ വീട്ടിനുള്ളിലേക്ക് പോയി.

“ഒരു ചുരീദാറും, ഒരു കുങ്കുമ പൊട്ടും തിരികെ വച്ചിട്ട് പോയാൽ കടം തീരുമെന്ന് വക്കീലിന് ആരാ പറഞ്ഞു തന്നത്.. പതിനെട്ടു വർഷം എന്റെ അമ്മ ഇവളെ പോറ്റി വളർത്തിയതിന്റെ കടമുണ്ട് വക്കീലേ.. വക്കീലിന്റെ കണക്ക് പുസ്തകത്തിൽ എത്ര എഴുതി കൂട്ടി ഹരിച്ചാലും കണക്ക് തെറ്റിപ്പോവുകയേ ഉള്ളൂ..” സൗമിനി പരിഹസിച്ചു.
.
“വിജയകൃഷ്ണന്റെ കണക്ക് തെറ്റിയ്ക്കാൻ നീ ഇനി വേറൊരു ജന്മമെടുത്ത്‌ ഭൂമിയിൽ പിറക്കണം… നിന്റെ അച്ഛന്റെ അക്കൗണ്ട് എടുത്ത്‌ ആദ്യം നീയൊന്ന് പരിശോധിച്ചു നോക്ക്.. തെറ്റാത്ത കണക്ക് നിനക്ക് അവിടെ കാണാം…

ബാക്കി വന്ന ആറു ദിവസം അവൾ ഈ വീട്ടിൽ നിന്നെടുത്ത ഉച്വാസ വായുവിന്റെ വരെ കൂലി കൂട്ട് പലിശ ചേർത്തു നിന്റെ മേശപ്പുറത്ത്‌ കാണും…”
സൗമിനിയുടെ മുഖത്തടിയ്ക്കും മട്ടിൽ അയാൾ പറഞ്ഞു.

നിറം കെട്ടു പോയ കോട്ടൺ ചുരീദാറിൽ നിന്ന് വിലകൂടിയ ഒരു ചുരീദാറും ധരിച്ചു നവമി വീട്ടിനുള്ളിൽ നിന്ന് ഇറങ്ങി വന്നു.

അവളുടെ കയ്യിൽ രണ്ട് പവൻ വീതം തൂക്കം വരുന്ന രണ്ട് വളകൾ കിടപ്പുണ്ട്.
കഴുത്തിൽ അധികം നീളമില്ലാത്ത ഒരു കട്ടി ചെയിനും കാണാം.

ഇപ്പോൾ അവളുടെ മുഖത്ത്‌ ഒരു തെളിച്ചമൊക്കെ വന്നിട്ടുണ്ടെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി. എവിടെയോ നഷ്ടപ്പെട്ട് പോയ അവളുടെ ആത്മ വിശ്വാസം പതിയെ പതിയെ തിരിച്ചെത്തുന്നതാകാം അത്.

വിജയ കൃഷ്ണൻ വക്കീൽ കാറിന്റെ മുൻവശത്തെ ഡോർ തുറന്ന് പിടിച്ചതോടെ നവമി വന്ന് കാറിനുള്ളിലേക്ക് കയറിയിരുന്നു. അവളെ ഒന്നുകൂടി കാണാനായി രത്നമ്മ ടീച്ചർ നോക്കും മുൻപേ അവർക്ക് മുൻപിൽ വാതിലടഞ്ഞു.

വിജയകൃഷ്ണൻ നന്ദി പൂർവ്വം രത്നമ്മ ടീച്ചറേ ഒന്ന് നോക്കിയ ശേഷം കാറിലേക്ക് കയറി.

കാർ അവിടെയിട്ട് തന്നെ തിരിച്ച ശേഷം അയാൾ ഓടിച്ചു പുറത്തിറക്കി.

അവർ നോക്കി നിൽക്കേ നവമി കയറിയ കാർ ദൂരേയ്ക്ക് ദൂരേയ്ക്ക് ഓടി മറഞ്ഞു കൊണ്ടിരുന്നു.

നവമിയുടെ കഥ, ഹൃദയഹാരിയായ ഒരു കുടുംബ കഥ കൂടി നിങ്ങൾക്ക് മുമ്പിലേക്ക് വരികയാണ്.
നന്ദി, സ്നേഹം.

ഭാഗം 09

അജയന്റെ ഓട്ടോ മുറ്റത്ത്‌ വന്നു നിൽക്കുന്നത് കണ്ടതോടെ ചെയ്തുകൊണ്ടിരുന്ന ജോലി നിർത്തിയിട്ട് ശ്രീദേവിക്കുട്ടി മുൻ വശത്തേയ്ക്ക് വന്നു.

ഓട്ടോയുടെ പിന്നിൽ നിന്ന് നവമി പുറത്തേക്കിറങ്ങുന്നുണ്ടോ എന്നാണ് അവർ ആദ്യം നോക്കിയത്. അജയൻ മാത്രമാണ് ഓട്ടോയിൽ ഉള്ളതെന്ന് കണ്ടതോടെ അവരിറങ്ങി വണ്ടിയുടെ അടുത്തേയ്ക്ക് ചെന്നു.

ഓട്ടോ വന്ന് നിന്നിട്ടും അതിൽ നിന്നിറങ്ങാതെ അജയൻ അവിടെ തന്നെ ഇരിയ്ക്കുന്നത് കണ്ട് അവർക്ക് അത്ഭുതമായി.

“അവളെവിടെ മോനേനവമി.. നിന്റെ കൂടെ ഇങ്ങോട്ട് വന്നില്ലേ.. അതോ പദ്മ ചേച്ചി,അവൾ അവിടെ തന്നെ നിന്നോട്ടെ എന്ന് പറഞ്ഞോ..”

ശ്രീദേവിക്കുട്ടി മകനോട് തിരക്കി.

അമ്മയ്ക്ക് മറുപടി കൊടുക്കാതെ അവൻ അവരുടെ മുഖത്തേയ്ക്ക് രണ്ട് നിമിഷം കോപത്തോടെ നോക്കി നിന്നു. പിന്നെ ഓട്ടോയിൽ നിന്ന് പുറത്തിറങ്ങി.

അവിടെ മുറ്റത്ത്‌ പ്ലാസ്റ്റിക് ഷീറ്റിൽ ഉണങ്ങാനായി നിരത്തിയിട്ടിരുന്ന വറ്റൽ മുളക് വാരി വയ്ക്കാൻ വേണ്ടി ശ്രീദേവികുട്ടി കൊണ്ട് വച്ചിരുന്ന ഈറ്റകുട്ട അവൻ ചവിട്ടി തെറുപ്പിച്ചു.

“എടുത്തോണ്ട് പൊക്കോണം സർവ്വതും എന്റെ മുമ്പിൽ നിന്ന്…” അവൻ അകത്തേയ്ക്ക് കയറി പോകുന്ന വഴിയിൽ എന്തൊക്കെ ഇരുന്നോ അതെല്ലാം അവൻ തലങ്ങും വിലങ്ങും തട്ടി ക്കളഞ്ഞു.

“നിനക്കെന്താടാ ഭ്രാന്ത് പിടിച്ചോ…കണ്ണിൽ കണ്ടത് മുഴുവൻ ദാ അവൻ വാരിയിട്ട് നശിപ്പിക്കുന്നു… ഇവനിത് എന്തിന്റെ കേടാ..”

അവർ മകന് പിന്നാലേ അകത്തേയ്ക്ക് ചെന്നു.

“പൊക്കോണം എന്റെ മുമ്പിൽ നിന്ന്.. അമ്മയാണെന്നൊന്നും ഞാൻ നോക്കില്ല..കരുണയില്ലാത്ത വർഗ്ഗങ്ങൾ…”

അവൻ തിരിഞ്ഞു നിന്ന് അവർക്ക് നേരെ കൈ ചൂണ്ടി ചീറി.

“എടാ അജയാ, നിനക്ക് എന്താ പറ്റിയതെന്ന്…പറയെടാ…അവളെവിടെ.. നവമി..നീ അവളെ കൊണ്ടുവരാനല്ലേ പോയത്…”

അജയൻ പോയ ഇടത്ത്‌ തക്കതായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ശ്രീദേവി ക്കുട്ടിയ്ക്ക് തോന്നി. അല്ലാതെ വെറുതെയൊന്നും ഇത്രയധികം ക്ഷോഭിയ്ക്കുന്നവനല്ല അജയൻ.

“മോനേ, അവളെവിടെ..അവളെന്താ നിന്റെ കൂടെ വരുന്നില്ലെന്ന് പറഞ്ഞോ..”

“എന്റെ കൂടെ വരാൻ ഞാനവളുടെ ആരാ..അമ്മയോട് ഞാൻ പറഞ്ഞതല്ലേ അമ്മയും കൂടെ വരാൻ..അമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ അവൾ പോവില്ലായിരുന്നു…”

ദേഷ്യമടങ്ങിയപ്പോൾ അവന്റെ ഒച്ച താണുപോയി.

“അവള് പോയോ.. എവിടേയ്ക്ക്..” ശ്രീദേവി ക്കുട്ടി അമ്പരന്നു പോയി.

“ഞാനും രത്നമ്മ ടീച്ചറും പോയില്ലേ കോട്ടയത്തിന്..അയാൾ വന്നിട്ടുണ്ടായിരുന്നു. ആ വക്കീല്. അവളുടെ അച്ഛൻ…”

“അയാൾ അവളെ കൊണ്ടുപോകാൻ വന്നതാണോ..നിങ്ങൾ ചെന്നപ്പോൾ അയാൾക്ക് നവമിയെ ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെന്നല്ലേ പറഞ്ഞു വിട്ടത്…”

“അപ്പോൾ അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ അയാളുടെ മനസ്സ് മാറി ക്കാണും. സ്വന്തം മകളല്ലേ..അവൾ എവിടെയോ അലഞ്ഞു തിരിഞ്ഞു ജീവിതം തുടങ്ങാൻ പോവുകയാണെന്ന് ചിന്തിച്ചപ്പോൾ അയാൾക്ക് തോന്നിയിട്ടുണ്ടാകും വീട്ടിൽഎല്ലാവരുമായി ആലോചിച്ചിട്ട് അവളെ കൊണ്ട് പോന്നേക്കാമെന്ന്..”

“അയാൾക്ക് ഭാര്യയും, മക്കളുമൊക്കെ ഉണ്ടെന്നല്ലേ നീ പറഞ്ഞത്..അവരൊക്കെ സമ്മതിച്ചു കാണുമോ മോനേ..”

“ആ.. അതൊന്നും എനിയ്ക്കറിയില്ല. അവർ സമ്മതിയ്ക്കാതെ അയാൾക്ക് അവളെ അവിടെ കൊണ്ട് ചെല്ലാൻ പറ്റില്ലല്ലോ..”

“ങാ.. അതും ശരിയാ..”അവർ ഒരു ദീർഘ ശ്വാസം വിട്ടു. വലിയൊരു ഭാരം തന്റെ ചുമലിൽ നിന്ന് ഒഴിഞ്ഞ് പോയ ഒരാശ്വാസമാണ് അമ്മയുടെ മുഖത്തെന്ന് അവന് തോന്നി.

അജയൻ ഒന്നും കുടിയ്ക്കാനോ, തിന്നാനോ നിൽക്കാതെ തന്റെ റൂമിലേക്ക് പോന്നു…

===================

കാർ ഓടിക്കൊണ്ടിരുന്ന റോഡിന് ഇരു വശവും പച്ച പ്പട്ടണിഞ്ഞ അതി വിശാലമായ നെൽപ്പാടങ്ങളാണ്. അതങ്ങു നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു.പച്ച പൊൻ നിറം അവസാനിയ്ക്കുന്നിടത്ത്‌ പടിഞ്ഞാറൻ മേഘം ചാഞ്ഞിറങ്ങി ആകാശം അതിര് തീർക്കുന്നു.

നെൽക്കതിരുകൾ ആടിയുലയുന്നത് കണ്ടാൽ അറിയാം പുറത്ത് നല്ല കാറ്റ് വീശുന്നുണ്ടെന്ന്.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ വിജയകൃഷ്ണൻ മുഖം ചെരിച്ച് നവമിയെ നോക്കി.

ഒരു ചലനവുമില്ലാതെ ഒരു നേർ രേഖയിലേക്ക് എന്നവണ്ണം നോക്കി ഇരിയ്ക്കുകയാണ് അവൾ.

താൻ എവിടേയ്ക്കാണ് പോകുന്നതെന്നോ, തന്നെ എവിടെയാണ് കൊണ്ടെത്തിയ്ക്കാൻ പോകുന്നതെന്നോ ഉള്ള ഒരാശങ്കയും അവളുടെ മുഖത്ത്‌ കാണാനില്ല. മറിച്ച്, ആര് തന്നെ എവിടെ കൊണ്ടുപോയാലും അവിടേയ്ക്ക് വരാൻ വിധിയ്ക്കപ്പെട്ടവളാണ് താനെന്ന ഒരു ഭാവം മാത്രം ആ മുഖത്ത്‌ ഉണ്ടെന്ന് വിജയ കൃഷ്ണന് തോന്നി.

റോഡിൽ നിന്ന് ഇരുന്നൂറ് മീറ്ററോളം ഉള്ളിലേക്ക് ഇരുവശവും മനോഹരമായ പൂച്ചെടികൾ വച്ചു പിടിപ്പിച്ച ഒരു റോഡിലേക്ക് കാർ കയറിയതോടെ നവമി ഇരു വശവും ഒന്ന് കണ്ണുകൾ കൊണ്ടുഴിഞ്ഞു.

മനോഹരമായ നിരവധി കാറുകൾ നിർത്തിയിട്ടിരിയ്ക്കുന്നതിനിടയിലേക്ക് വിജയകൃഷ്ണൻ തന്റെ വാഹനം കൊണ്ട് ചെന്ന് നിർത്തി.

“ഇറങ്ങ്.. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം.. വിശക്കുന്നില്ലേ നിനക്ക്…കുറച്ച് നേരമായി വെള്ളം പോലും കുടിയ്ക്കാതുള്ള ഇരിപ്പല്ലേ.” വിജയകൃഷ്ണൻ സീറ്റ് ബെൽറ്റ് ഊരുന്നതിനിടയിൽ പറഞ്ഞു.

വിജയ കൃഷ്ണൻ പുറത്തിറങ്ങിയിട്ട് നോക്കുമ്പോൾ നവമി അവിടെ തന്നെ ഇരിക്കുകയാണ്.

അവൾക്ക് ഡോർ തുറക്കാൻ വശമില്ലാത്തത് കൊണ്ടാണ് ഇറങ്ങാത്തത് എന്ന് കരുതി അയാൾ അവൾക്കിറങ്ങാനായി ഡോർ തുറന്നു കൊടുത്തു.

“ഇറങ്ങെടീ…” അയാൾ അവളെ നോക്കി പറഞ്ഞു.

“അച്ഛൻ കഴിച്ചിട്ട് വാ.. എനിയ്ക്ക് വേണ്ട..വിശപ്പില്ല..” അവൾ അവിടെയിരുന്നു കൊണ്ട് പിറുപിറുത്തു.

“എനിയ്ക്ക് കഴിയ്ക്കാൻ വേണ്ടിയല്ല ഞാൻ കാർ നിർത്തിയത്.. നിനക്ക് വേണ്ടിയാ.. നമ്മൾ വീട്ടിൽ ചെല്ലുമ്പോൾ ചിലപ്പോൾ ആഹാരം തികഞ്ഞില്ലെന്ന് വന്നാൽ എന്ത് ചെയ്യും.. നീ ഇന്ന്‌ പട്ടിണി ഇരിയ്ക്കുമോ..”

“എനിയ്ക്ക് വേണ്ടച്ഛാ.. വേണ്ടാഞ്ഞിട്ടാ…”

“ശരി. ആഹാരം വേണ്ടെങ്കിൽ വേണ്ട. എന്നാലും നീ ഇറങ്ങിവാ. എനിയ്ക്ക് നിന്നോട് സംസാരിയ്ക്കാനുണ്ട്.. കുറച്ച് കാര്യങ്ങൾ നമ്മൾ വീട്ടിലെത്തും മുൻപേ നീ അറിയാനുള്ളത് എനിയ്ക്ക് നിന്നേ അറിയിയ്ക്കണം. അതിന് വേണ്ടി കൂടിയാ ഞാനിവിടെ വണ്ടി നിർത്തിയത്…”

അയാൾ അത്രയും പറഞ്ഞതോടെ നവമി കാറിൽ നിന്ന് പുറത്തിറങ്ങി.
വിജയകൃഷ്ണൻ ഡോർ ലോക്ക് ചെയ്ത ശേഷം മുൻപേ നടന്നു.

നിരനിരയായി തീർത്ത നിരവധി ഹട് സർവീസുകൾ ഉള്ള ഹോട്ടലായിരുന്നു അത്. ചെറിയ കൂടാരങ്ങൾക്ക് പിന്നിൽ തടാകം പോലെ പരന്നു കിടക്കുന്ന പുഞ്ചപ്പാടം.പുഞ്ചയ്ക്ക് മീതെ നടന്നു ഇരതേടുന്ന കൊറ്റികളുംനീർക്കാക്ക കൂട്ടങ്ങളും..

അതിനിടയിൽ അവിടെയും ഇവിടെയുമായി ചൂണ്ടയെറിഞ്ഞു മീൻ വെട്ടുന്നതും കാത്തിരിക്കുന്ന ആൾക്കാർ. നവമിയ്ക്ക് അതെല്ലാം കൗതുകകരമായ കാഴ്ചകളായിരുന്നെങ്കിലും അവളുടെ മനസിൽ വരാൻ പോകുന്ന നിമിഷങ്ങളെ കുറിച്ചുള്ള ആകുലതകളായിരുന്നു നിറഞ്ഞു നിന്നത്.

വിജയകൃഷ്ണൻ അവളെയും കൂട്ടി ഒരു കൂടാരത്തിൽ കയറിയ ശേഷം ഇരിയ്ക്കാൻ അവളോട് ആംഗ്യം കാട്ടി.

നാല് പേർക്കിരുന്നു ആഹാരം കഴിയ്ക്കാനുള്ള സൗകര്യങ്ങളായിരുന്നു അതിനുള്ളിൽ ഉണ്ടായിരുന്നത്.

നവമി ഇരുന്നതിന്റെ നേരെ എതിർ വശത്തായി വിജയകൃഷ്ണൻ ഇരുന്നു.

ഓർഡറെടുക്കാൻ ആൾ വന്നപ്പോഴേയ്ക്കും അയാൾ ചപ്പാത്തിയ്ക്കും വെജിറ്റബിൾ കുറുമയ്ക്കും ഓർഡർ നൽകി.

“ഒന്ന് നന്നായി മധുരം ചേർത്തതും, ഒന്ന് തീരെ മധുരമിടാതെയും രണ്ട് കോഫി..പിന്നെ വെജിറ്റബിൾ സലാഡ്..”

പത്ത്‌ മിനിറ്റിനുള്ളിൽ ഓർഡർ നൽകിയ ആഹാരം എത്തി. വിശപ്പില്ലെന്ന് പറഞ്ഞെങ്കിലും നവമിയ്ക്ക് വയർ കത്തി എരിയുന്നുണ്ടായിരുന്നു. മൂന്ന് ചപ്പാത്തിയും കറിയും കാപ്പിയും കുടിച്ചതോടെ അവൾക്ക് വല്ലാത്തൊരശ്വാസം തോന്നി.

കൈ കഴുകിയ ശേഷം നവമി നിൽക്കുന്നത് കണ്ട് അവളോട് ഇരിയ്ക്കാൻ അയാൾ ആവശ്യപ്പെട്ടു.

അവൾ ഒരു കസേരയിലേക്ക് ഇരുന്നു.

“ഞാൻ നിന്നോട് സംസാരിയ്ക്കണമെന്ന് പറഞ്ഞത് നീ ചെന്ന് കയറാൻ പോകുന്ന നമ്മുടെ വീടിനെ കുറിച്ചാണ്..അവിടുത്തെ സാഹചര്യത്തെ കുറിച്ചാണ്..അവിടെയുള്ള മറ്റ് മനുഷ്യരേ കുറിച്ചാണ്..” അയാൾ മുഖവുര ഒന്നും ഇല്ലാതെ പറഞ്ഞു തുടങ്ങി.

അയാൾ വീട്ടിലുള്ളവരെയെല്ലാം ആദ്യം അവൾക്ക് പറഞ്ഞു പരിചയപ്പെടുത്തി കൊടുത്തു.വേലക്കാരെ ഉൾപ്പെടെ..

“നിന്നേക്കാൾ ഇളയവരാണ് നിന്റെ സഹോദരങ്ങളെല്ലാം … പക്ഷേ അവർക്ക് മുമ്പിലേക്ക് നീ ആദ്യമായി ചെല്ലുകയാണെന്ന് ഓർക്കണം.. അതിന്റേതായ ഒരപരിചിതത്വം കാണും അവരിൽ.

പെട്ടന്നൊരു നിമിഷത്തിൽ,അപരിചിതയായ ഒരു പെൺകുട്ടിയെ സ്വന്തം മക്കൾക്കും ഭാര്യയ്ക്കും മുമ്പിലേക്ക് കൊണ്ട് ചെന്ന് നിർത്തിയിട്ട് പറയുക, ഇതെന്റെ മകളാണ്..ഇനി മുതൽ ഇവൾ ഇവിടെയാണ്‌ താമസിയ്‌ക്കുക..എന്റെ മക്കളെല്ലാം ഇവളെ മൂത്ത സഹോദരിയായിട്ട് കരുതണം…എന്റെ ഭാര്യ ഇവളെ സ്വന്തം മക്കളിൽ ഒരാളായിട്ട് അംഗീകരിച്ചോണം….”

വിജയകൃഷ്ണൻ ഒന്ന് നിർത്തി..

“അവരാരും ആദ്യം അംഗീകരിച്ചു തന്നെന്നു വരില്ല..അംഗീകരിച്ചു തരില്ലെന്ന് മാത്രമല്ല അവർ ഇതിനെ നഖ ശിഖാന്തം എതിർത്തെന്ന് പോലും വരാം…

നാല് വശത്ത് നിന്നും വരാൻ പോകുന്ന ആ എതിർപ്പിനെ അതിജീവിച്ചു വേണം നീ വിജയകൃഷ്ണന്റെ വീട്ടിൽ നിൽക്കാൻ..മനസിലായോ….”

നവമി അയാൾ പറയുന്നത് തനിയ്ക്ക് മനസിലായി എന്ന രീതിയ്ക്ക് തല ഒന്ന് ചലിപ്പിച്ചു പോലുമില്ല.പകരം അവളുടെ കണ്ണുകളിൽ താൻ നേരിടേണ്ട സാഹചര്യത്തിന്റെ ഭീകരതകൾ എത്രത്തോളം വലുതായിരിയ്ക്കും എന്നൊരു സന്ദേഹമുണ്ട്കാണാൻ.

“ഞാൻ ഇങ്ങനെ പറഞ്ഞെന്ന് കരുതി ഇതുപോലൊന്നും സംഭവിയ്ക്കണമെന്നില്ല… എന്റൊരു ഊഹം വച്ചു ഞാൻ പറഞ്ഞൂന്നു മാത്രം…ആദ്യം അവർക്കൊരു അമ്പരപ്പ് കാണുമായിരിക്കും..അതിന്റെ ഒരുപ്രതിഷേധവും വന്നെന്നിരിയ്ക്കും.

പക്ഷേ നിന്നേ കുറിച്ച് കൂടുതൽ അറിയുമ്പോൾ…നീ ജീവിച്ച സാഹചര്യം മനസിലാക്കുമ്പോൾ അവർക്ക് നിന്നോടുള്ള വെറുപ്പെല്ലാം മാറി പകരം ഇഷ്ട്ടമാകും…

നല്ല അറിവും, വിദ്യാഭ്യാസവും, മറ്റുള്ളവരോട് സ്നേഹവും, കരുതലും ഒക്കെയുള്ളവരാണ് നിന്റെ സഹോദരങ്ങൾ… അവർക്ക് നിന്നേ സ്നേഹിയ്ക്കാനോ ഇഷ്ടപ്പെടാനോ കഴിയാതിരിയ്ക്കില്ല…

പക്ഷേ അതിനല്പം സമയം എടുത്തൂന്ന് വരുമെന്ന് മാത്രം…

അവരിൽ ഒരു തെറ്റ് കണ്ടാൽ പൊറുക്കാനുള്ള മനസ്സ് നിനക്കുമുണ്ടാകണം..
അവരുടെ നാവിൽ നിന്ന് അറിയാതെ ഊർന്നു വീഴുന്ന ഒരു വാക്ക് കേട്ട് ഒരിയ്ക്കലും നീ കണ്ണീർ പൊഴിയ്ക്കാൻ ഇടയാകരുത്…

ഇനി അതല്ല, നിനക്കിവിടെ നിൽക്കാൻ വയ്യ…നിനക്കിവിടെ നിന്ന് പുറത്ത് പോയേ പറ്റൂ എന്നുണ്ടെങ്കിൽ അതും നിനക്കെന്നോട് പറയാം.. എന്നോട് മാത്രം…നമുക്ക് അപ്പോൾ അതിനൊരു വഴി ആലോചിച്ച് കണ്ട് പിടിയ്ക്കാം..

ഞാൻ പറയുന്നത് മനസിലാകുന്നുണ്ടോ നിനക്ക്…”

നവമി തലയാട്ടി.

“എന്താടീ നിനക്കൊരു ഉത്സാഹം ഇല്ലാത്തത്.. എന്ത് പറഞ്ഞാലും ഒന്നുകിൽ തലയാട്ടും അല്ലെങ്കിൽ ഒന്ന് മൂളും..ഇതൊന്നും അവിടെ പറ്റില്ല..അനുവാണെങ്കിൽ ഏത് നേരവും കല പിലാന്ന് വർത്താനം പറയുന്ന കൂട്ടത്തിലാ…പ്രവീണ പിന്നെ അധികം ആരോടും അടുക്കില്ലെങ്കിലും അടുത്ത് കഴിഞ്ഞാൽ പിന്നെ അരികിൽ നിന്ന് മാറുകയേ ഇല്ല…നീയും അങ്ങനൊക്കെ വേണം അവരോട് ഇടപെടാൻ..

അല്ലാതെ ചെന്നാലുടൻആരോടും ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് പോയി ഇരുന്നേക്കല്ലേ…”

തനിയ്ക്ക് മനസിലായെന്ന മട്ടിൽ അവൾ വീണ്ടും തലയാട്ടി.

“ദേ വീണ്ടും അത് തന്നെ…” അയാൾ പറയുന്നത് കേട്ട് അവൾ ഒന്ന് ചിരിയ്ക്കാൻ ശ്രമിച്ചെങ്കിലും ആ ചിരി വികൃതമായി പോയി.

“ഇത്രയൊക്കെയേ ഉള്ളൂ എനിയ്ക്ക് പറയാൻ…ബാക്കിയൊക്കെ നമ്മൾ വീട്ടിലേക്ക് പോവല്ലേ അവിടെ ചെല്ലുമ്പോൾ കാണാം… പോകാം…”

അയാൾ എണീറ്റു. അവർ പുറത്ത് വന്നു കാറിലേക്ക് കയറുമ്പോൾ വിജയകൃഷ്ണൻ അവളെയൊന്നു നോക്കി.

താൻ പറഞ്ഞതെല്ലാം കേട്ട് വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തി പോയിട്ടുണ്ടോ അവൾഎന്ന് അയാൾക്ക് സംശയമായി, ഒരു മുൻ കരുതൽ എന്ന നിലയ്ക്ക് പറഞ്ഞു പോയതാണ് അത്…അതുകൊണ്ടാണ് രണ്ട് വശങ്ങളും വിശദമായി പറഞ്ഞു കൊടുത്തത്.

പതിനഞ്ചു മിനിറ്റ് തികച്ചെടുത്തില്ല ചങ്ങനാശേരിയിൽ നിന്ന് കാർ ഓടി കോട്ടയത്ത്‌ എത്താൻ.

കോട്ടയം ടൗണിൽ നിന്ന് കാർ എം സി റോഡിലൂടെ ഓടി നാഗമ്പടം പാലം കടന്ന് നൂറ്‌ മീറ്റർ മുൻപോട്ട് ചെന്ന് ഇടതു വശത്തെ ഭംഗിയുള്ള ഒരു ഗേറ്റിന് മുൻപിൽ നിന്നു. വിജയ കൃഷ്ണൻ ഹോൺമുഴക്കിയപ്പോൾ മുറ്റത്തെ ചെടിതോട്ടത്തിൽ നിൽക്കുകയായിരുന്ന ഗേറ്റ് കീപ്പർ അച്യുതൻ വന്ന് ഗേറ്റുകൾ തുറന്ന് കൊടുത്തു.

വിജയ കൃഷ്ണൻ കാർ ഓടിച്ച് അകത്തേയ്ക്ക് പോകുമ്പോൾ അതിനുള്ളിൽ അയാളുടെ ഇടതുവശത്തായി സുന്ദരിയായ ഒരു പെൺകുട്ടി ഇരിയ്ക്കുന്നത് അച്യുതൻ കണ്ടു.

ഷെഡ്‌ഡിൽ കൊണ്ടുപോയി കാർ നിർത്തിയ ശേഷം അയാൾ നവമിയെയും കൂട്ടി പുറത്തിറങ്ങി സിറ്റൗട്ടിലേക്ക് കയറി ചെന്നു.

സിറ്റൗട്ടിൽ നിന്നു കൊണ്ട് അയാൾ വേലക്കാരി ജഗദമ്മയെ വിളിച്ചു. ജഗദമ്മ വന്നപ്പോൾ അവരോട് പോയി പ്രവീണയെയും, അനുറാണിയേയും കൂട്ടിക്കൊണ്ട് വരാൻ അയാൾ ആവശ്യപ്പെട്ടു.

വിജയകൃഷ്ണന്റെ പിന്നിൽ പേടിച്ചരണ്ട മട്ടിൽ നിൽക്കുന്ന സുന്ദരിയായ ആ പെൺകുട്ടിയെ ഒന്ന് കൂടി തിരിഞ്ഞു നോക്കിയ ശേഷം ജഗദമ്മ പോയി അനുവിനെയും, പ്രവീണയെയും കൂട്ടിക്കൊണ്ട് വന്നു.

അച്ഛന്റെ അരികിൽ നിൽക്കുന്ന പെൺകുട്ടിയെ അനു റാണി കൗതുകത്തോടെയാണ് നോക്കിയതെങ്കിൽ പ്രവീണയുടെ കണ്ണുകളിൽ കാണാൻ കഴിഞ്ഞത് ഒരു സംശയ ഭാവമാണ്.

“മക്കളേ.. ഇത് നവമി… നവമി ഇതുവരെ ജീവിച്ചത് കൊല്ലത്താണ്. ഇനി മുതൽ ഇവൾ നമ്മളോടൊപ്പം ഇവിടെയാണ്‌ താമസിയ്‌ക്കുന്നത്…നിങ്ങളുടെ മൂത്ത സഹോദരി കൂടിയാണ് ഇവൾ…

അനൂ.. നീ ഇവൾക്ക് താമസിയ്‌ക്കാൻ ഒരു റൂം കാണിച്ചു കൊടുക്ക്‌. നിന്റെ റൂമിന്റെ തൊട്ടരികിൽ മതി. കേട്ടോ.. ഇവളെ കൂട്ടിക്കൊണ്ട് പോ…”

അച്ഛൻ പറഞ്ഞത് അതേപടി അനുസരിയ്ക്കാനായി അനു റാണി മുന്നോട്ട് വരവേ പ്രവീണ അവളെ തടഞ്ഞു.

“അവിടെ നിൽക്കെടീ..” പ്രവീണ അവളുടെ കൈക്ക് പിടിച്ചു നിർത്തി. പിന്നെ അവൾ വിജയ കൃഷ്ണന് നേരെ തിരിഞ്ഞു.

“എന്താ അച്ഛാ ഇതെല്ലാം.. അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്…എവിടുന്നോ ഒരു പെണ്ണിനെ പിടിച്ചു മുൻപിൽ കൊണ്ട് നിർത്തിയിട്ട് പറയുവാ ഇവൾ ഇനി മുതൽ ഇവിടെയാ തസ്മസിയ്ക്കുന്നതെന്ന്..അച്ഛനിതെന്തു പറ്റി…”

പ്രവീണ അയാളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു.

ഭാഗം 10

“മോളേ.. നീ മാറി നിൽക്ക്. അനു അവളെ അകത്തേയ്ക്ക് കൊണ്ട് പോകട്ടെ..ആ പാവം യാത്രചെയ്ത് ആകെ ക്ഷീണിച്ചു വന്നതാ..അവളൊന്നു കുളിച്ചു ഫ്രെഷായി വിശ്രമിയ്ക്കട്ടെ. അപ്പോൾ നിങ്ങൾക്ക് അവളെ കൂടുതൽ പരിചയപ്പെടാം…”

വിജയകൃഷ്ണൻ, പ്രവീണയോട് പറഞ്ഞു.

“കുളിച്ചു ഫ്രഷ് ആയി വിശ്രമിയ്ക്കാനോ..വഴിയേ പോകുന്നവർക്കെല്ലാം കയറി വിശ്രമിച്ചു ഇതെന്താ വഴിയമ്പലം ആണോ അച്ഛാ..അതോ സത്രമോ…” പ്രവീണ പക്ഷേ അച്ഛൻ പറയുന്നത് അനുസരിയ്ക്കാൻ തയ്യാറായിരുന്നില്ല. പെട്ടന്നൊരു നിമിഷം എവിടെ നിന്നോ ഒരു പെണ്ണിനെ അച്ഛൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ട് ഇനി മുതൽ ഇവൾ ഇവിടെയാണ്‌ താമസിയ്‌ക്കുന്നതെന്ന് പറഞ്ഞാൽ അവളുടെ മനസ്സ് അതങ്ങോട്ട് അംഗീകരിച്ചു കൊടുക്കാൻ സമ്മതിയ്ക്കുന്നില്ല എന്നതാണ് നേര്.

“മോളേ നീ ഞാൻ പറയുന്നത് അനുസരിയ്ക്ക് കുട്ടീ..ചോദ്യം ചെയ്യാനും വിചാരണ നടത്താനുമൊക്കെ ധാരാളം സമയമുണ്ടല്ലോ…”

“എന്ത്‌ സമയം അച്ഛാ..അച്ഛനെന്താ ബോധമില്ലേ..അതോ ഇവിടെ അച്ഛൻ മാത്രമാണോ താമസിയ്‌ക്കുന്നത്.. ഈ നിൽക്കുന്ന പെണ്ണ് നിങ്ങളുടെ ചേച്ചിയാണ് എന്ന് അച്ഛൻ ഞങ്ങളോട് പരിചയപ്പെടുത്തണമെങ്കിൽ എന്താ അച്ഛാ അതിന്റെ അർത്ഥം..ഇവൾ അച്ഛന്റെ മോളാണെന്നോ..അതോ അമ്മയുടെ മോളാണെന്നോ.ഇത് രണ്ടുമല്ലെങ്കിൽ അച്ഛൻ ഞങ്ങളോട് അങ്ങിനെ പറയില്ലല്ലോ…”

പ്രവീണ പൊരുതാൻ തന്നെ ഉറച്ചു നിൽക്കുകയാണെന്ന് അയാൾക്ക് തോന്നി.

ഇന്നലെവരെയും താൻ കണ്ട തന്റെ മകളുടെ മുഖമല്ല ഇപ്പോൾ അവളിൽ കാണുന്നത്.

എന്തിനും ഏതിനും അച്ഛാ.. അച്ഛാ.. എന്ന് വിളിച്ചു തന്റെ പിന്നാലേ നടന്ന കൊച്ച് പെൺകുട്ടിയിൽ നിന്നും പ്രവീണ നിമിഷനേരം കൊണ്ട് മറ്റൊരാൾ ആയി മാറിയി രിയ്ക്കുന്നു.

നവമിയ്ക്കും തോന്നി തുടങ്ങിയിരുന്നു താൻ ഇവിടേയ്ക്ക് വരേണ്ടിയിരുന്നവൾ അല്ലെന്ന്..താൻ മൂലം ഇവിടെ ഒരപസ്വരം ഉയർന്നു തുടങ്ങുകയാണ്.

“അച്ഛാ..” നവമി അയാൾക്ക് മുമ്പിലേക്ക് ചെന്ന് വിളിച്ചു. വിജയ കൃഷ്ണൻ മുഖം തിരിച്ച് അവളെ നോക്കി.

“ഞാൻ.. ഞാൻ പൊയ്ക്കോളാം അച്ഛാ..ഞാൻ മൂലം ഇവിടെ നിങ്ങൾക്കിടയിൽ ഒരു പ്രശ്നമുണ്ടാകാൻ പാടില്ല..പ്രവീണ പറയുന്നതാണ് ശരി…അച്ഛൻ എന്നേ പോകാൻ അനുവദിക്കണം…” അവൾ അച്ഛനെ നോക്കി ദയനീയ സ്വരത്തിൽ പറഞ്ഞു.

“അച്ഛനോ..ആരാ, ടീ നിന്റെ അച്ഛൻ..ഈ നിൽക്കുന്ന വിജയ കൃഷ്ണൻ വക്കീലിനെയാണ് നീ അങ്ങനെ വിളിച്ചതെങ്കിൽ അത് നിന്റെ അച്ഛനല്ല..ഞങ്ങളുടെ മാത്രം അച്ഛനാണ്..എന്റെയും അനു മോളുടെയും, സന്ദീപേട്ടന്റെയും അച്ഛൻ..

എവിടുന്നോ വലിഞ്ഞു കേറി വന്ന നീ എന്റെ അച്ഛനെ അങ്ങനെ വിളിയ്ക്കരുത്..
എനിക്കിഷ്ടമല്ല അത്.. എനിയ്ക്ക് മാത്രമല്ല, ഞങ്ങൾക്കാർക്കും ഇഷ്ട്ടമല്ല..”

പ്രവീണയുടെ കണ്ണിൽ നിന്ന് തീ പറക്കുന്നുണ്ടായിരുന്നു. അവളുടെ ആ ഭാവം നവമിയെ ഭയപ്പെടുത്തുക തന്നെ ചെയ്തു.

“മോളേ.. ഇവിടെ വാ..” അയാൾ അനു റാണിയെ നോക്കി വിളിച്ചു. അനു അയാളുടെ അടുത്തേക്ക് വന്നു.

“നീ ഇവളെ കൊണ്ട് പോയി നിന്റെ റൂമിനോട് ചേർന്നുള്ള റൂം തുറന്ന് അതിൽ കൊണ്ടിരുത്ത്‌. എന്നിട്ട് ഇവൾക്ക് എന്തെങ്കിലും വേണമെങ്കിൽ അത് കൊടുക്ക്. കേട്ടോ മോളേ…”

അനു വന്ന് നവമിയുടെ കയ്യിൽ പിടിച്ചു.

“വാ ചേച്ചീ..” അവൾ വിളിച്ചു..

“അനൂ.. നിന്നോടാ ഞാൻ പറഞ്ഞത് ഇവളെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകാൻ പറ്റില്ലെന്ന്…ഞാൻ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ അമ്മ വരുമ്പോൾ ഇതിനുള്ള കൂലി നിനക്ക് എണ്ണിയെണ്ണി ഞാൻ മേടിച്ചു തന്നിരിയ്ക്കും…”

തന്റെ വാക്കുകൾക്ക് ഏവരും പുല്ല് വിലയാണ് നൽകുന്നതെന്ന് കണ്ടതോടെ പ്രവീണയ്ക്ക് ദേഷ്യം കൂടി.

പ്രവീണ ചെന്ന് അനുവിനും നവമിയ്ക്കും മുൻപിൽ കയറി നിന്നു.

“ഇവളെ ഇവിടെ താമസിപ്പിയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല.. അല്ലെങ്കിൽ അമ്മയും സന്ദീപേട്ടനും ഒക്കെ വരട്ടെ. അതിന് ശേഷം ആലോചിക്കാം…”

“പ്രവീണേ..നിന്നോട് അവർക്ക് മുൻപിൽ നിന്ന് മാറി നിൽക്കാനാ പറഞ്ഞത്..നിന്റെ അമ്മയോട് ഞാൻ പറഞ്ഞോളാം.. പോരേ.. നിന്റെ സന്ദീപേട്ടനുള്ള മറുപടിയും ഞാൻ കൊടുത്തോളാം. തീർന്നല്ലോ നിന്റെ പ്രശ്നം…
ഇനി അവർക്ക് വഴിയൊഴിഞ്ഞു കൊടുക്ക്..”

“അച്ഛനെന്നെ വെല്ലുവിളിയ്ക്കുവാണോ… എങ്കിൽ അച്ഛന് ഇവളെ ഇവിടെ താമസിപ്പിയ്ക്കാൻ എന്നോട് മാത്രം പൊരുതി ജയിച്ചാൽ പോര അച്ഛാ..
ഞാൻ മുത്തശ്ശിയെ വിളിച്ചു വരുത്തും..അങ്കിൾ മാരേ രണ്ട് പേരെയും ഞാനിവിടെ വിളിച്ചു വരുത്തും..അവരുടെയൊക്കെ മുൻപിൽ വച്ചു അച്ഛന് പറയാമോ ആരെതിർത്താലും ഞാൻ ഇവളെ ഈ വീട്ടിൽ തന്നെ താമസിപ്പിയ്ക്കും എന്ന്..എങ്കിൽ അതെനിയ്ക്കൊന്നു കാണണം.

അനൂ.. മോഹൻ അങ്കിളിന്റെ സ്വഭാവം നിനക്ക് ശരിയ്ക്ക് അറിയാമല്ലോ… അച്ഛന് കൂട്ട് നിൽക്കാനാ നിന്റെ പ്ലാനെങ്കിൽ നീയിതിന് അനുഭവിയ്ക്കുമെ കുഞ്ഞേ..”

ഒരു താക്കീതിന്റെ സ്വരത്തിൽ പ്രവീണ പറയുന്നത് കേട്ട് അനു റാണി അച്ഛനെ നോക്കി.

“അച്ഛനാണ് പറയുന്നത്. മോൾ അവളെ കൊണ്ട് പോയി റൂം കാണിച്ചു കൊടുക്ക്..” അയാൾ അനു റാണിയോടായി അത്രയും പറഞ്ഞിട്ട് പ്രവീണയ്ക്ക് നേരെ തിരിഞ്ഞു.

“നിന്റെ അങ്കിൾമാരുണ്ടല്ലോ അവര് ഷോ കാണിയ്ക്കേണ്ടത് ഇവിടെ ഈ വീട്ടിൽ എന്റെ മക്കളുടെ അടുത്തല്ല..അതിന് വിജയ കൃഷ്ണൻ ജീവനോടിരിയ്ക്കുമ്പോൾ സമ്മതിയ്ക്കത്തുമില്ല..അതിന് അവർക്ക് സ്വന്തം വീടുണ്ട്…അവിടെ അവർക്ക് മക്കളും ഭാര്യമാരും ഒക്കെയുണ്ട്.. അവരോട് വേണം തകർക്കാൻ..അല്ലാതെ ഇവിടെ വേണ്ട…” കേട്ടല്ലോ..നീ അവരെ വിളിച്ചു വരുത്തിക്കളയും എന്ന് ഭീഷണി മുഴക്കിയത് കൊണ്ട് അച്ഛൻ പറഞ്ഞു പോയതാ…”

“അച്ഛൻ ഞങ്ങളെയൊക്കെ വെല്ലുവിളിച്ചു കൊണ്ട് എത്ര നാൾ അവളെ ഇവിടെ താമസിപ്പിയ്ക്കും അച്ഛാ…അച്ഛൻ ഒറ്റപ്പെട്ടു തോറ്റു പോകെയുള്ളൂ.”

“ആരെയും വെല്ലുവിളിയ്ക്കാനോ, യുദ്ധം ചെയ്തു നേടാനോ ഒന്നുമല്ല മോളേ ഞാൻ അവളെ ഇവിടേയ്ക്ക് കൊണ്ട് വന്നിരിയ്ക്കുന്നത്..അവൾക്ക് പോകാൻ ഒരിടമില്ല..അവൾക്ക് അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു സ്ഥലമില്ല..അവൾക്ക് ഉണ്ണാനോ, ഉടുക്കാനോ, മാറിയുടുക്കാൻ ഒരു വസ്ത്രമോ പോലുമില്ല… അവളും ആഗ്രഹിച്ചിട്ടുണ്ടാവുക ആർക്കും ഉപദ്രവമാകാതെ ഒന്ന് കണ്ണടയ്ക്കാൻ സുരക്ഷിതമായ ഒരിടം മാത്രമാ മോളേ..

നിനക്കത് പറഞ്ഞാൽ ചിലപ്പോൾ മനസിലാകില്ല… സുഭിക്ഷതയുടെ മടിത്തട്ടിലേക്ക് പിറന്നുവീണവർക്ക് ഒന്നുമില്ലാത്തവന്റെ വേദന മനസിലാകണമെന്നില്ല.”

“ഒന്നുമില്ലാത്തവർക്ക് കയറി വന്ന് അന്തിയുറങ്ങാനുള്ളതാണോ അച്ഛാ നമ്മുടെ വീട്..അതെനിയ്ക്കൊരു പുതിയ അറിവാണല്ലോ..അങ്ങനെയുള്ളവർക്ക് ചെന്ന് താമസിയ്‌ക്കാനല്ലേ സർക്കാർ അഗതി മന്ദിരങ്ങൾ പണിതിട്ടിരിയ്ക്കുന്നത്..ഈ ലോകത്ത്‌ എത്രയോ അനാഥ മന്ദിരങ്ങളുണ്ട്..അവിടെ എവിടെയെങ്കിലും അച്ഛന് അവളെ കൊണ്ട് പോയി താമസിപ്പിയ്ക്കാൻ വയ്യാരുന്നോ…അച്ഛന്റെ മകളായാലും ശരി അവളെ ഈ വീട്ടിൽ തന്നെ താമസിപ്പിയ്ക്കണമെന്ന് എന്താ ഇത്ര നിർബന്ധം…”

“എന്റെ നിർബന്ധം, അവൾക്ക് കൂടി അവകാശപ്പെട്ടതാണ് ഈ വീട് എന്നത് കൊണ്ട്…തൽക്കാലം നീ അത്രയും അറിഞ്ഞാൽ മതി… കൂടുതൽ ചോദിച്ചാലും എന്റെ കയ്യിൽ നിനക്ക് തരാൻ മറുപടിയില്ല മോളേ…”

വിജയ കൃഷ്ണൻ പ്രവീണയുടെ മുൻപിൽ നിന്ന് നടന്നു തന്റെ റൂമിലേക്ക് പോന്നു…

=================

കുറച്ച് ദിവസമായി അടഞ്ഞു കിടന്നതിന്റെ ഒരു മുഷിഞ്ഞ മണമുണ്ടായിരുന്നത് കൊണ്ട് അനു റാണി റൂമിന്റെ രണ്ട് വശത്തെയും ജനാലകൾ തുറന്നിട്ടു.
പിന്നെ ഫാൻ ഫുൾ സ്പീഡിലിട്ടു.

“ആഴ്ചയിൽ ഒരു തവണ ജഗദമ്മ ചേച്ചി വന്ന് തൂത്ത്‌ തുടച്ചിടും.. എന്നിട്ടും അപ്പടി പൊടിയാ. കണ്ടില്ലേ..” അവൾ ബെഡ് മൂടിയിട്ടിരുന്ന ബെഡ് ഷീറ്റ് വലിച്ചു മാറ്റി മൂലയ്ക്ക് ഇട്ട ശേഷം അലമാരയിൽ നിന്ന് പുതിയൊരു ബെഡ് ഷീറ്റ് എടുത്ത്‌ ബെഡിൽ വിരിച്ചു. അതിന് ശേഷം പില്ലോ കവറുകൾ കൂടി മാറ്റിയിട്ടു.

നവമി തുറന്നിട്ട ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുകയാണ്. എം സി റോഡിലൂടെ ഇടതടവില്ലാതെ പായുന്ന വാഹനങ്ങളിൽ ആയിരുന്നു അവളുടെ കണ്ണുകൾ.

“ചേച്ചിയ്ക്ക് മാറി ഇടാൻ ഡ്രസ്സ്‌ വേണ്ടേ..എന്റേത് പാകമാകുമോ എന്തോ..”

“അച്ഛൻ വാങ്ങി തന്ന ഡ്രസുകൾ കാറിനുള്ളിൽ ഇരിപ്പുണ്ട്..ഇറങ്ങി വരുമ്പോഴുള്ള ടെൻഷനിൽ അതെല്ലാം എടുക്കാൻ മറന്നു..”

“സാരമില്ല ചേച്ചീ.. ഞാൻ പോയി എടുത്തോണ്ട് വരാം…”

അനുറാണി ബാത്ത് റൂം തുറന്ന് ടാപ്പിൽ വെള്ളം വരുന്നുണ്ടോ എന്ന് പരിശോധിച്ചു. അതിന് ശേഷം വന്ന് റിമോട്ട് എടുത്ത്‌ എ സി ഓൺ ചെയ്ത ശേഷം അതിന്റെ തണുപ്പ് കൂട്ടുന്നതും കുറയ്ക്കുന്നതും ഒക്കെ എങ്ങിനെ വേണമെന്ന് കാണിച്ചു കൊടുത്തു.

“താൽക്കാലത്തേയ്ക്ക് മാറ്റിയിടാൻ പ്രവീണ ചേച്ചിയുടെ ഡ്രസ്സ്‌ എടുക്കാമായിരുന്നു . പക്ഷേ തരില്ല.. കണ്ടില്ലേ പി, ശാ, ചിനിയെ പോലെ ഉറഞ്ഞു തുള്ളി നിൽക്കുന്നത്…
ചേച്ചി ഇവിടിരിയ്ക്കേ..ഞാൻ പോയി കാറിൽ നിന്ന് ചേച്ചിയുടെ ഡ്രസ്സ്‌ എടുത്തുകൊണ്ട് വരാം.ചേച്ചിയ്ക്ക് കഴിയ്ക്കാൻ എന്തെങ്കിലും വേണോ. കുറെ ദൂരം യാത്ര ചെയ്തു വന്നതല്ലേ….”

“വേണ്ട മോളേ.. ഞങ്ങൾ വരുന്ന വഴിയ്ക്ക് കഴിച്ചു.. ചങ്ങനാശേരിയിലോ മറ്റോ ആണെന്ന് തോന്നുന്നു.” നവമി പറഞ്ഞു.

അനുറാണി റൂമിന് പുറത്തേയ്ക്ക് ഇറങ്ങിയ ശേഷം വാതിൽ ചാരി….

=================

പള്ളിയ്ക്കത്തോട് വില്ലേജിലെ നാലാം വാർഡിലെ താമസക്കാരനായ ഒരു ഭൂവുടമ നൽകിയ പരാതിയിൻ പ്രകാരം ഭൂമിയുടെ സർവേ നമ്പർ പരിശോധിയ്ക്കാനായി ഫീൽഡിൽ നിൽക്കുകയാണ് സുമംഗല.

ഭൂരേഖകൾ അടങ്ങിയ ബുക്കിൽ പരാതിക്കാരന്റെ ഭൂമിയും സർവേ നമ്പറും തിരയുന്നതിനിടയിലാണ് വില്ലേജ് അസിസ്റ്റന്റ് സുമംഗലയുടെ ഫോണിലേക്ക് കോൾ വരുന്നത്.

ജോലി തിരക്കായതിനാൽ കോൾ ആരുടേതെന്ന് നോക്കുക പോലും ചെയ്യാതെ സുമംഗല കട്ട് ചെയ്തു.അടുത്ത നിമിഷം വീണ്ടും ഫോൺ റിംഗ് ചെയ്തു തുടങ്ങി. ഇത്തവണ സുമംഗല ശ്രദ്ധിയ്ക്കാനേ പോയില്ല. എന്നാൽ മൂന്നാം തവണയും ഫോൺ ബെല്ലടിച്ചു തുടങ്ങിയതോടെ സുമംഗലയ്ക്കൊപ്പം ഫീൽഡിലേക്ക് വന്ന കൃഷ്ണൻ കുട്ടി ചേട്ടൻ മാഡത്തിനെ ഫോൺ അടിക്കുന്ന വിവരം ഓർമിപ്പിച്ചു.

സുമംഗല ബുക്ക് കൃഷ്ണൻ കുട്ടിയ്ക്ക് കൈമാറിയ ശേഷം ഫോണെടുത്ത്‌ ഡിസ്‌പ്ലെയിലേക്ക് നോക്കി. മൂന്ന് വിളികളും പ്രവീണയുടേതാണ്. എന്തെങ്കിലും കാര്യമില്ലാതെ അവൾ തന്നെ ഇങ്ങനെ വിളിക്കില്ലല്ലോ എന്നോർത്തുകൊണ്ട് കുറച്ചപ്പുറത്തേയ്ക്ക് മാറി നിന്ന് സുമംഗല കോൾ അറ്റന്റ് ചെയ്തു.

“എവിടെയാ അമ്മാ..എത്രനേരമായി ഞാൻ വിളിയ്ക്കുന്നു..അമ്മ പെട്ടന്ന് വീട്ടിലേക്ക് വാ.. പെട്ടന്ന് വരണം…”

“എന്താ മോളേ..എന്താ കാര്യം.അനു വീട്ടിൽ ഇല്ലേ..” പ്രവീണയുടെ സ്വരത്തിൽ എന്തോ ഒരാപാകത ഉള്ളത് പോലെ അവർക്ക് തോന്നി.

“അനുവൊക്കെ ഇവിടുണ്ട്.. അമ്മ ഇങ്ങോട്ടൊന്ന് വാ…”

“നീ കാര്യം പറയെടീ അമ്മയെ ഭയപ്പെടുത്താതെ.”

“അമ്മാ, അച്ഛൻ ഇവിടൊരു പെൺകുട്ടിയെ കൊണ്ട് വന്നിട്ടുണ്ട്. നവമിയെന്നോ മറ്റോ ആണ് പേര് പറഞ്ഞത്. അച്ഛൻ പറയുവാ ഇനി മുതൽ അവൾ ഈ വീട്ടിലാണ് താമസിയ്‌ക്കയെന്ന്. ഞാനും അനുവും, സന്ദീപേട്ടനുമെല്ലാം അവളെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കാണണം എന്ന്… അമ്മയ്ക്കറിയോ അവൾ ആരാണെന്ന്..അച്ഛന്റെ മകളാണോ അമ്മേ അവൾ…”

പ്രവീണ അവസാനം ചോദിച്ച ചോദ്യമൊന്നും സുമംഗലയുടെ കാതിലേക്ക് വീഴുന്നുണ്ടായിരുന്നില്ല.

ഇരുപത്തിരണ്ടു വർഷം മുമ്പ് കെട്ടടങ്ങി പോയ ഒരു ചുഴലി കാറ്റ് വീണ്ടും പൂർവാധികം കരുത്തോടെ തന്റെ ജീവിതത്തിനു മേൽ ആഞ്ഞു വീശാൻ എത്തിയിരിയ്ക്കുകയാണെന്ന് സുമംഗലയ്ക്ക് തോന്നി.

ഇത്രയും നാൾ ആ കാറ്റ് എവിടെ ഒളിച്ചിരുന്നതാണ്…ഇപ്പോൾ എങ്ങിനെ അത് വീണ്ടും ഇവിടേയ്ക്ക് തന്നെ തിരിച്ചെത്തി..

ആ തണുത്ത അന്തരീക്ഷത്തിലും സുമംഗലയെ കുടുകുടെ വിയർത്തു തുള്ളി. അവർ സാരിത്തുമ്പുയർത്തി മുഖം തുടച്ചു.

“അച്ഛനെവിടെ മോളേ…” സുമംഗല ചോദിച്ചു.

“ഇവിടുണ്ട്..”

“വിജയേട്ടൻ കൊണ്ട് വന്ന ആ പെണ്ണോ…”

“അവളിവിടെ കയറി അപ്പോഴേ പൊറുതി തുടങ്ങി. അവളെ സഹായിയ്ക്കാൻ ഇവിടൊരുത്തിയുണ്ടല്ലോ. അവളുമുണ്ട് കൂട്ടിന്..”

“ആര്.. ജഗദമ്മയോ “

“ജഗദമ്മ ചേച്ചിയല്ല. അമ്മയുടെ ഇളയ മോൾ…”

“അനുവോ… അവൾക്ക് ആ പെണ്ണിനെ പരിചയമുണ്ടായിരുന്നോ…”

“ആ.. എനിയ്ക്കറിയില്ല. എന്നേ പോലും ധിക്കരിച്ചു കൊണ്ട് അനുവാ അവൾക്ക് ഇവിടെ വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുന്നത്.അമ്മ വെറുതേ ഫോണിൽ സംസാരിച്ചു സമയം കളയാതെ ഇങ്ങോട്ട് വരാൻ നോക്ക്. എനിയ്ക്ക് വയ്യ അവളെ പോലെ പിഴച്ചുണ്ടായ ഒരു ജന്മത്തിന്റെ കൂടെ ഈ വീട്ടിൽ അന്തിയുറങ്ങാൻ…അമ്മ വന്ന് ഇതിനൊരു പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ഞാനിറങ്ങി തറവാട്ടിലേക്ക് പോകും. പിന്നെ തിരിച്ച് ഞാൻ ഈ വീടിന്റെ പടി ചവിട്ടില്ല. ഓർത്തോ..”

പ്രവീണ ഫോൺ കട്ട് ചെയ്തതോടെ അൽപ്പനേരം സുമംഗല എന്തോ ആലോചിച്ച് നിന്നു.

പിന്നെ തിരിഞ്ഞു പരാതിക്കാരനായ ഭൂവുടമയോട് പറഞ്ഞു

“സർവേ നമ്പരൊക്കെ ശരിയാക്കിയിട്ടുണ്ട്. നാളെ വില്ലേജിലേക്ക് പോരേ. വസ്തുവിന്റെ കരം കെട്ടാം.”

സുമംഗല തിരികെ നടന്നു ചെന്ന് തങ്ങൾക്കായി വെയിറ്റ് ചെയ്തിരുന്ന ഓട്ടോയിൽ കയറി ഇരുന്നു.

പരാതിക്കാരന് എന്തോ പറഞ്ഞു കൊടുത്ത ശേഷം കൃഷ്ണൻ കുട്ടിയും വന്ന് ഓട്ടോയിൽ കയറി. വില്ലേജ് ഓഫീസിലേക്ക് തിരികെ എത്തുമ്പോഴേയ്ക്കും ടെൻഷൻ മൂലം സുമംഗലയ്ക്ക് തല വേദന തുടങ്ങിയിരുന്നു.

പ്രവീണ പറഞ്ഞത് ശരിയാണോ എന്ന് ഉറപ്പിയ്ക്കാനായി അവർ വിജയ കൃഷ്ണന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച്ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു.

തുടരും……