ഉച്ച വെയിൽ താണ് തുടങ്ങിയെങ്കിലും സൂര്യന്റെ ചൂട് കുറഞ്ഞിട്ടില്ല..
ഇടതൂർന്ന ഇലചാർത്തുകൾ തണൽ വിരിച്ച റബ്ബർ മരക്കാടുകൾക്കിടയിൽ നിൽക്കുകയായിരുന്നിട്ടും അന്തരീക്ഷത്തിൽ ആവി പടർന്നു കിടക്കുകയാണെന്ന് സരോജിനിയമ്മയ്ക്ക് തോന്നി.ഒരു ചെറു കാറ്റ് വീശിയിരുന്നെങ്കിൽ പകുതി ആശ്വാസമായേനെ എന്ന് അവർ ഓർത്തു.
സരോജിനിയമ്മ ഒരു കൈകൊണ്ട് റബർ മരത്തിൽ പിടിച്ച് നിന്ന ശേഷം തോളിൽ കിടന്ന തോർത്ത് എടുത്ത് മുഖം തുടച്ചു.
ഈയിടെയായി കുറച്ച് നടക്കുമ്പോഴേയ്ക്കും തന്നെ നെഞ്ചിടിപ്പ് ഏറുകയും, ശ്വാസം മുട്ടൽ കൂടി വരികയും ചെയ്യാറുണ്ട്.മാത്രവുമല്ല, കൈകാലുകൾക്ക് ഒരു തളർച്ചയുണ്ടാകുന്നത് പോലെയും തോന്നും.
എന്തെങ്കിലും ജോലി ചെയ്തുപോയാൽ പിന്നെ പറയുകയും വേണ്ട..
‘എന്തൊക്കെയാണോ ഈ വയസാം കാലത്ത് ഈശ്വരൻ ഇനി തനിയ്ക്ക് കാത്ത് വച്ചേക്കുന്നത് ‘
അവരുടെ ആത്മഗതം അറിഞ്ഞിട്ടെന്നോണം തൊട്ടടുത്ത് നിന്ന് ബക്കറ്റിലേക്ക് തല പൂഴ്ത്തി കാടി വെള്ളം കുടിച്ചു കൊണ്ടിരുന്ന പൂവാലി പ്പയ്യ് തലയുയർത്തി അവരെ നോക്കി. അവളുടെ വായുടെ മൂന്നു വശങ്ങളിലൂടെയും കൊഴുത്ത കാടി വെള്ളം ഒലിച്ചു ബക്കറ്റിലേക്ക് വീണുകൊണ്ടിരുന്നു.
പൂവാലിയുടെ വയറിന് ഇപ്പോൾ ഒരു ചലനമൊക്കെ വച്ചിട്ടുണ്ടെന്ന് അവർക്ക് തോന്നി..അകിടിനും ഒരൽപ്പം വീക്കം വന്നിട്ടുണ്ട്. ഏഴു മാസം കഴിഞ്ഞപ്പോഴേയ്ക്കും വയറ്റിൽ കിടന്ന് കുമ്പൻ ചവിട്ടും തൊഴിയും തുടങ്ങിയിട്ടുണ്ടാകും.
സരോജിനിയമ്മ തോർത്ത് തോളിലേക്ക് തന്നെ ഇട്ട ശേഷം പൂവാലിയുടെ അടുത്തേയ്ക്ക് ചെന്ന് അവളുടെ ശരീരത്തിൽ തഴുകി.
“പെട്ടന്ന് കുടിച്ചോ.. അമ്മയ്ക്ക് തിരിച്ചു പോണ്ടേ… കുടിച്ചിട്ട് ഇവിടെ നിന്ന് എന്തെങ്കിലുമൊക്കെ കടിച്ചു പറിച്ച് തിന്ന് വയറ് നിറയ്ക്കാൻ നോക്ക്.. അമ്മ വൈകിട്ട് വന്നു കൊണ്ട് പോകാം മോളേ…” അവർ വാത്സല്യത്തോടെ പയ്യിനോട് പറഞ്ഞു.
അത് മനസിലായിട്ടോ എന്തോ, അവരെ നോക്കി തല കുലുക്കി, കഴുത്തിൽ കിടന്ന മണി ശബ്ദവും കേൾപ്പിച്ചു പൂവാലി വീണ്ടും കാടി വെള്ളം കുടിയ്ക്കാൻ തുടങ്ങി.
കുറച്ച് നേരമായിരുന്നു വീട്ടിൽ നിന്നും സരോജിനിയമ്മ പശുവിനെ കെട്ടിയിരുന്ന ഇടത്തേയ്ക്ക്അതിനുള്ള വെള്ളവുമായി പോന്നിട്ട്.പൂവാലി വെള്ളം കുടിയ്ക്കുന്ന നേരം കൊണ്ട് അവർ അവിടെ നിന്നെല്ലാം ഒരു കെട്ട് പുല്ല് അരിഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
അത് പൂവാലിയ്ക്ക് രാത്രിയിലേക്കുള്ള ആഹാരമാണ്.
പൂവാലി വെള്ളം കുടിച്ചു കഴിയും മുമ്പേ ആയിരുന്നു തങ്ങളുടെ പറമ്പിൽ നിന്നും അമ്മേ എന്നുള്ള വിളി അവർ കേട്ടത്. സുനിതയാണ് വിളിയ്ക്കുന്നതെന്ന് അവർക്കറിയാം.
സുനിത വീട്ടിലുണ്ടെങ്കിൽ ഇങ്ങനെയാണ് താൻ എങ്ങോട്ട് തിരിഞ്ഞാലും, അമ്മ ഇത് എങ്ങോട്ട് പോവാ എന്നും ചോദിച്ചു പിന്നാലേ കൂടും.
അവളുടെ പേടി വെറുതെയല്ല. ഒരറ്റാക്ക് കഴിഞ്ഞു ഉയിർത്തെഴുന്നേറ്റ് വന്ന തന്നെ പിന്നാലേ നടന്നു നോക്കേണ്ട ചുമതല അവൾക്കുള്ളതാണെന്നാണ് അവളുടെ വിചാരം.
മാത്രവുമല്ല ശ്രീലേഖ ജോലിയ്ക്ക് പോകും മുമ്പേ അവളെ അതെല്ലാം പറഞ്ഞേൽപ്പിയ്ക്കുകയും ചെയ്യുന്നതാണ്.
“അമ്മേ.. ഞാൻ അമ്മയെയാ വിളിച്ചത്. അമ്മയ്ക്കെന്താ ചെവി കേൾക്കില്ലേ…”
റബ്ബർ മരങ്ങൾക്കിടയിലൂടെ വെള്ളമൊഴുകി വഴിയായി മാറിയ ചാലിലൂടെ അവൾ ഇറങ്ങി അമ്മയുടെ അടുത്തേയ്ക്ക് വന്നു.
“നിന്നോട് ഞാൻപറഞ്ഞിട്ടല്ലെടീ പോന്നത്… പിന്നെന്തിനാ നീ കിടന്ന് വിളിച്ച് കൂവുന്നത്…” സരോജിനിയമ്മ തിരിഞ്ഞു മകളെ നോക്കികൊണ്ട് തിരക്കി.
“അമ്മയോട് ഞാൻ പറഞ്ഞതല്ലേ പയ്യിനെ ഞാൻ വന്ന് അഴിച്ചു വീട്ടിൽ കൊണ്ട് വരാമെന്ന്. എന്നിട്ട് അതുകേൾക്കാതെ ഒരു ബക്കറ്റ് കാടി വെള്ളവും എടുത്തോണ്ട് ഇത്ര ദൂരം നടന്നു വന്നേക്കുന്നു. അല്ലേ.. ഇന്ന് വൈകിട്ട് ചേച്ചി ഇങ്ങ് വരട്ടെ.. അമ്മയ്ക്കുള്ളത് ഞാൻ വാങ്ങിച്ചു തരുന്നുണ്ട്…”
“ഈ ഉച്ച ആയപ്പോഴേ ഇതിനെ അഴിച്ചു വീട്ടിൽ കൊണ്ട് കെട്ടിയിട്ട് എന്തോ കൊടുക്കുമെടീ.. പോയി ഒരു കൊട്ട പുല്ല് ചെത്തിക്കൊണ്ട് വരാൻ പറഞ്ഞാൽ നീ കേൾക്കത്തും ഇല്ലല്ലോ…എങ്കിൽ പിന്നെ ഒരു രണ്ട് മണിയ്ക്കൂറു കൂടി അതിവിടെ നിന്ന് എന്തെങ്കിലും കടിച്ചും, പറിച്ചും നിന്നോട്ടെ…
ഹല്ല..നീയിപ്പോൾ ഇതുപറയാനാണോ ഇങ്ങോട്ട് ഓടി വന്നത്…എങ്കിൽ നീ തിരിച്ചു പോകുന്ന പോക്കിന് ആ പുല്ല് കെട്ടും കൂടി എടുത്തുകൊണ്ട് പോയി മുറ്റത്ത് ഇട്ടേരെ…”
സരോജിനിയമ്മ അറുത്ത് കെട്ടി വച്ചിരുന്ന കെട്ടിന് നേർക്ക് വിരൽ ചൂണ്ടി.
“അതൊക്കെ അവിടിരിയ്ക്കട്ടെ. ഞാൻ പിന്നെ വന്ന് എടുത്തോളാം. അമ്മ പെട്ടന്ന് വീട്ടിലേക്ക് വാ…”
സുനിത പറഞ്ഞു.
“എന്താ മോളേ.. എന്താകാര്യം…” സുനിത ഈ നേരത്ത് വെറുതേ വന്ന് തന്നോട് അങ്ങനെ പറയില്ലെന്ന് തോന്നിയതിനാൽ അവരുടെ നെറ്റി ചുളിഞ്ഞു.
“അവിടെ അയാൾ വന്നേക്കുന്നു. അമ്മയെ കാണണമെന്നും പറഞ്ഞ്…”
“അയാളോ… ഏത് അയാൾ…”
“ആ കൃഷ്ണേട്ടൻ.. ബ്രോക്കറ് കൃഷ്ണൻ കുട്ടി…അമ്മ വന്ന് അയാളെ പറഞ്ഞുവിടാൻ നോക്ക്.. ഞാൻ കുറെ പറഞ്ഞ് നോക്കിയതാ അമ്മ പശുവിനെയും കൊണ്ട് പോയതാ ഇപ്പോഴെങ്ങും തിരിച്ചുവരില്ലെന്നൊക്കെ..എപ്പോൾ വന്നാലും ഇന്ന് അമ്മയെ കണ്ടിട്ടേ പോകുന്നുള്ളൂ എന്നും പറഞ്ഞ് ആ സിറ്റൗട്ടിൽ ഇരിപ്പുണ്ട്.അമ്മ വാ.. അമ്മ വന്ന് അയാളെ പറഞ്ഞ് വിട് .”
“പറഞ്ഞ് വിടാനോ…എങ്ങോട്ട് പറഞ്ഞ് വിടാൻ. ഞാൻ പറഞ്ഞിട്ടാടീ അയാള് വന്നത്. നീ കൃഷ്ണൻകുട്ടിയ്ക്ക് കുടിയ്ക്കാൻ എന്തെങ്കിലും കൊടുത്തിട്ടാണോ മോളേ എന്നെ തിരക്കി വന്നത്…”
“പിന്നേ.. ഞാനിപ്പോൾ അയാളെ പിടിച്ചിരുത്തി സൽക്കരിയ്ക്കാൻ പോവല്ലേ..അമ്മ എന്തിനാ അമ്മേ അയാളെ ഇങ്ങനെ ബുദ്ധിമുട്ടിയ്ക്കുന്നത്. അയാൾ ആനേരത്ത് എവിടെങ്കിലും പോയി ആർക്കെങ്കിലും കല്യാണ ആലോചന നടത്തി പത്തോ നൂറോ ഉണ്ടാക്കിക്കോട്ടെ.”
അതിന് മറുപടി പറയാതെ സരോജിനിയമ്മ അവളെ രൂക്ഷമായി ഒന്ന്.
താൻ അയാളെ പറഞ്ഞ് വിടാൻ പറഞ്ഞത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അവൾക്ക് മനസിലായി.
“അയാള് അയാളുടെ ജോലി ചെയ്യാനാ ഇങ്ങോട്ട് വന്നത്.. ഇവിടെ നിന്നും അയാൾക്ക് പത്തോ നൂറോ ഒക്കെ കിട്ടുമെന്ന് അയാൾക്കറിയാം.. നീ ആ പുല്ല് എടുത്ത് കൊണ്ട് വീട്ടിലേക്ക് വാ..
അല്ലെങ്കിൽ വേണ്ട. അതവിടെ ഇരിയ്ക്കട്ടെ..വൈകിട്ട് പശുവിനെ അഴിച്ചോണ്ട് പോരുമ്പോ എടുത്താൽ മതി…വാ. നമുക്ക് വീട്ടിലേക്ക് പോകാം…”
സരോജിനിയമ്മ പശുവിനു കാടി കൊണ്ടുവന്ന ബക്കറ്റും എടുത്തുകൊണ്ട് നടന്നു.
“അങ്ങോട്ട് ചെല്ല്.. അയാള് കൊണ്ട് വന്ന ആലോചനയ്ക്ക് അമ്മ വേറേ ആളേ നോക്കേണ്ടി വരും..ഞാൻ പറഞ്ഞില്ലെന്നു വേണ്ട.രണ്ടെണ്ണവും നാണം കെടേണ്ട എന്നുണ്ടെങ്കിൽ അമ്മ അയാളെ എന്തെങ്കിലും നല്ലവാക്ക് പറഞ്ഞ് ഒഴിവാക്കി വിടാൻ നോക്ക്..”
“ഞാൻ നാണം കെടുമോ ഇല്ലയോ എന്ന് നീയാണോ തീരുമാനിയ്ക്കുന്നത്.. നിനക്കുള്ള ആലോചനയും കൊണ്ടല്ല കൃഷ്ണൻകുട്ടി വന്നിരിയ്ക്കുന്നത്.. അതിനുള്ള ആൾ ഇവിടെ വേറെയുണ്ട്..”
“ആ ആൾ ഈ കല്യാണത്തിന് സമ്മതിയ്ക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ…പിന്നെന്തിനാ അമ്മേ നിങ്ങൾ ഇങ്ങനെ ബുദ്ധിമുട്ടുന്നത്…അയാളല്ല ഇനി ആര് കൊണ്ടുവരുന്ന ആലോചനയാണെങ്കിലും വരുന്നവർക്ക് മുമ്പിൽ വേഷം കെട്ടി ചേച്ചി വന്നു നിൽക്കുമെന്ന് ആണോ അമ്മകരുതിയേക്കുന്നത് …”
“അവള് നിൽക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം. നീ ഇതിൽ ഇടപെടേണ്ട. കേട്ടല്ലോ..മൊട്ടയിൽ നിന്ന് വിരിയുന്നതിനു മുമ്പ് അവള് കാര്യസ്ഥ കളിയ്ക്കാൻ വന്നിരിയ്ക്കുന്നു… ഇക്കാര്യത്തിൽ ശ്രീയ്ക്ക് എന്തെങ്കിലും പിൻ തുണയുമായി നീ നിൽക്കുന്നത് കണ്ടാൽ സത്യമായും നീയെന്റെ കയ്യിൽ നിന്നും വാങ്ങിച്ചു കെട്ടുമേ സുനിതേ.. ഞാൻ പറഞ്ഞില്ലെന്നു വേണ്ട.”
ഒരു താക്കീതിന്റെ മട്ടിൽ അത്രയും പറഞ്ഞശേഷം സരോജിനിയമ്മ ആവുന്നത്ര വേഗത്തിൽ വീട്ടിൽ വന്ന് തന്നെ കാത്തിരിക്കുന്ന കൃഷ്ണൻകുട്ടി യുടെ അടുത്തേയ്ക്ക് പോന്നു.
അമ്മയുടെ ഈ പോക്ക് വെറുതെയാണെന്ന കാര്യത്തിൽ സുനിതയ്ക്ക് സംശയമേ ഇല്ലായിരുന്നു. ഏത് രാജകുമാരന്റെ ആലോചന കൊണ്ട് വന്നാലും ശ്രീലേഖ ചേച്ചി അതിന് സമ്മതം മൂളാൻ പോകുന്നില്ല…
*****************
മാടവനയിലെ രാധാകൃഷ്ണക്കുറുപ്പിനും, സരോജിനിയമ്മയ്ക്കും മൂന്ന് മക്കളായിരുന്നു. മൂത്തവൾ ശ്രീലേഖ..അതിനിളയവൾ സുനിത..അവർക്ക് രണ്ടുപേർക്കും താഴെ ശ്രീക്കുട്ടൻ..
ശ്രീലേഖയ്ക്ക് ടൗണിലെ കോളേജിൽഡിഗ്രിയ്ക്ക് സീറ്റ് കിട്ടിയ അതേ ദിവസമാണ് ഓട്ടോ ഡ്രൈവർ ആയ രാധാകൃഷ്ണക്കുറുപ്പ് അപകടത്തിൽ പെട്ട് മരിക്കുന്നത്..
അതോടെ ശ്രീലേഖയ്ക്ക് മനസിലായി തന്റെ വഴി അടഞ്ഞു കഴിഞ്ഞിരിയ്ക്കുന്നു എന്ന്. സരോജിനിയമ്മ മകളോട് ഒരുപാട് പറഞ്ഞ് നോക്കിയതാണ് ‘അച്ഛന്റെ ആഗ്രഹമല്ലേ മോളേ ഒരു ഡിഗ്രി ക്കാരി ആക്കി കാണണമെന്ന്. അതുകൊണ്ട് നീ പഠിത്തം നിർത്തിക്കളയല്ലേ ‘എന്നൊക്കെ..
ഇനി അത് നടക്കാത്ത കാര്യമാണെന്ന് ശ്രീലേഖയ്ക്ക് ആരും പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ലായിരുന്നു. തനിയ്ക്ക് മാത്രം പഠിച്ചാൽ പോരാ..താഴെ സുനിതയുണ്ട്..അവൾക്ക് താഴെ തങ്ങളെക്കാൾ നന്നായി പഠിയ്ക്കുന്ന ശ്രീക്കുട്ടനുണ്ട്..
അമ്മകശുവണ്ടി ഫാക്ടറിയിൽ പോയി ജോലിചെയ്തുകൊണ്ടുവരുന്നത് കൊണ്ട് ചിലവുകഴിഞ്ഞു പോകാം എന്നല്ലാതെ മറ്റൊന്നും നടക്കില്ല..
അവൾ ആദ്യം ചെയ്തത് പെട്ടന്നൊരു തൊഴിൽ ലഭിയ്ക്കാൻ എന്ത് പ്രാക്ടിക്കലായി പഠിയ്ക്കണം എന്ന് സുകുമാരനോട് അന്വേഷിയ്ക്കുകയായിരുന്നു. അവനാണ് അവളോട് ലാബ് ടെക്നീഷ്യൻ കോഴ്സിന് ചേരാൻ നിർദേശിയ്ക്കുന്നത്. അത് നിർദേശിയ്ക്കുക മാത്രമല്ല അതിന് അവൾക്ക് വേണ്ടുന്ന എല്ലാ സഹായവും സുകുമാരൻ ചെയ്തു കൊടുക്കുകയും ഉണ്ടായി. പലപ്പോഴും ശ്രീലേഖയ്ക്ക് സാമ്പത്തികമായി ഉണ്ടാകാറുള്ള എല്ലാ ബാധ്യതകളും തീർത്തുകൊടുക്കുന്നതും സുകുമാരനായിരുന്നു.
കാലങ്ങളായി അവന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പെണ്ണാണ് അവൾ.
ശ്രീലേഖയ്ക്കാകട്ടെ അവനെയല്ലാതെ മനസ്സിൽ മറ്റൊരു പുരുഷനെ കരുതാൻ കൂടി ശക്തിയില്ല.
തമ്മിൽ തമ്മിൽ വാഗ്ദാനങ്ങളും, വാക്കാൽ കരാറും ഒന്നും നൽകിയിട്ടില്ലെങ്കിലും അവർക്ക് അന്യോന്യം അറിയാം ജീവിതത്തിൽ തങ്ങൾ ഒന്ന് ചെരേണ്ടവർ ആണെന്ന്.
ഒരുമിച്ചല്ലാതെ,അവർക്ക് ഈ ഭൂമിയിൽ പിരിഞ്ഞ് ജീവിയ്ക്കാൻ പറ്റില്ലെന്ന് അവരെ ക്കാൾ ഏറെ അറിയാവുന്നതും സുനിതയ്ക്കാണ്.
കുറച്ച് കുട്ടികൾക്ക് ട്യൂഷൻ എടുത്തും, അല്ലറ ചില്ലറ പണികളൊക്കെ വേറേ ചെയ്തും ലാബ് ടെക്നീഷ്യൻ കോഴ്സ് പാസായി ശ്രീലേഖ ഒരു ഹോസ്പിറ്റലിൽ ജോലിയും നേടി. സുകുമാരൻ ബി എഡ്ഡ് കോഴ്സ് കഴിഞ്ഞ് ഏതെങ്കിലും സ്കൂളിൽ കയറാൻ ശ്രമിച്ചു കൊണ്ടിരിയ്ക്കുകയാണ്.
അവൻ ആകട്ടെ ഡിഗ്രി പഠിയ്ക്കുമ്പോൾ തന്നെ സർവ്വ പി എസ്സ് സി പരീക്ഷകളിലും തിരക്കിയറിഞ്ഞു പങ്കെടുക്കാൻ പോകാറുണ്ട്.
ഈയിടെ അവന് പോലീസ് കോൺസ്റ്റബിൾ മാരുടെ റാങ്ക് ലിസ്റ്റിൽ പേരും വന്നു കിടപ്പുണ്ട്. ട്രെയിനിങ് പീരിയഡ് കഴിഞ്ഞു ജോലിയ്ക്ക് കയറിയാൽ ഉടൻ തന്നെ വീട്ടിൽ വന്ന് അമ്മയോട് താൻ പെണ്ണ് ചോദിച്ചോളാം എന്നാണ് സുകുമാരൻ ശ്രീലേഖയ്ക്ക് കൊടുത്തിട്ടുള്ള വാക്ക്.
ശ്രീലേഖയും, സുകുമാരനുമായുള്ള ബന്ധം എന്നോ ഒരവസരത്തിൽ സുനിതയുടെ നാവിൽ നിന്നും അറിയാനിടയായ സരോജിനിയമ്മ കേട്ട പാടേ കുഴഞ്ഞ് നിലത്തേയ്ക്ക് വീഴുകയായിരുന്നു.
സരോജിനിയമ്മയെ ഹോസ്പിറ്റലിൽ എത്തിച്ചു ചെക്കപ് നടത്തുന്നതിനിടയിലാണ് ഡോക്ടർ പറയുന്നത് അതൊരു മൈനർ അറ്റാക്ക് ആണെന്നും, മുൻപ് എപ്പോഴോ ഇതുപോലെ വന്നിട്ടുള്ളതാണെന്നും.
ഇനി ഒരു തവണ കൂടി അത് വരാതെ നോക്കുകയാണ് വേണ്ടതെന്ന് ഡോക്ടർ പറഞ്ഞതോടെ ധർമ സങ്കടത്തിലായത് ശ്രീലേഖ ആയിരുന്നു.
എന്നാലും അവൾ അമ്മയ്ക്ക് താൻ മൂലം ഒരു കേടും വരാതിരിയ്ക്കാൻ ബദ്ധ ശ്രദ്ധയായിരുന്നു.
സുനിതയ്ക്ക് ചേച്ചിയേ മനസിലാക്കാൻ കഴിഞ്ഞു. അവളായിരുന്നു ശ്രീലേഖയ്ക്ക് ധൈര്യം പകർന്നു കൊടുത്തത്.
“അമ്മ എന്തെങ്കിലും എതിര് പറഞ്ഞാൽ പിന്നെ ചേച്ചി ഇവിടെ നിന്നേക്കരുത്. സുകുവേട്ടന്റെ കൂടെ പൊക്കോണം. സുകുവേട്ടൻ എപ്പോൾ വിളിച്ചാലും പോകാൻ ചേച്ചി തയ്യാറായി ഇരുന്നോണം.. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം.. അമ്മയ്ക്ക് അത് മനസിലാക്കാൻ കഴിഞ്ഞാൽ ഒരസുഖവും വരില്ല. ചേച്ചി അതോർത്തു പേടിയ്ക്കയേ വേണ്ട…”
സുനിത ഇത് തന്നെ ആശ്വസിപ്പിയ്ക്കാൻ പറയുന്നതാണെന്ന് അവൾക്കറിയാം. താൻ അമ്മയുടെ സമ്മതമില്ലാതെ സുകുവേട്ടന്റെ കൂടെ ഇറങ്ങിപ്പോയി അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചു പോയാൽ ഈ ജന്മത്ത് പിന്നെ തനിയ്ക്ക് സമാധാനം എന്തെന്ന് അറിയാൻ കഴിഞ്ഞേക്കില്ല.
എന്നാൽ സുകുമാരനെ നഷ്ടപ്പെടുത്താനും അവൾ തയ്യാറല്ലായിരുന്നു.
ഇനിയും കാത്തിരുന്നാൽ ശ്രീലേഖ എന്തെങ്കിലും കന്നം തിരിവ് കാണിച്ചാലോ എന്നോർത്താണ് അവർ ബ്രോക്കർ കൃഷ്ണൻ കുട്ടിയോട് ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ ശ്രീലേഖയ്ക്ക് ഒരു ചെറുക്കനെ നോക്കിക്കോളാൻ അറിയിച്ചത്.
അതിൻ പടി ശ്രീലേഖയ്ക്ക് ഒത്തുവന്ന ഒരാലോചനയുമായി മാടവനയിലേക്ക് സരോജിനിയമ്മയെ കാണാൻ വന്നതാണ് കൃഷ്ണൻ കുട്ടി…
*************
സരോജിനിയമ്മ വരുമ്പോൾ സിറ്റൗട്ടിൽ ഇരുന്ന് പത്രം വായിച്ച് എന്തോ തന്നത്താൻ പറഞ്ഞ് കൊണ്ടിരിയ്ക്കുകയാണ് കൃഷ്ണൻ കുട്ടി.
വയസ്സ് അറുപത് ആയെങ്കിലും അൽപ്പം കണ്ണോട് അടുപ്പിച്ച് വച്ചാൽ കണ്ണട ഇല്ലാതെ തന്നെ കൃഷ്ണൻ കുട്ടിയ്ക്ക് പത്രം വായിയ്ക്കാൻ കഴിയും.
“കൃഷ്ണേട്ടൻ എന്താ ഇരുന്ന് തന്നത്താൻ പിറു പിറുക്കുന്നത്.. ലോട്ടറി എടുത്തിട്ട് അതിന്റെ ഫലം നോക്കുവാണോ കൃഷ്ണേട്ടൻ…” സരോജിനിയമ്മ വന്ന് സിറ്റൗട്ടിലേക്ക് കയറിക്കൊണ്ട് ചോദിച്ചു.
അയാൾ മുഖത്തിന് മുമ്പിൽ നിന്നും പത്രം മാറ്റിപ്പിടിച്ചു.
“ഓ.. ലോട്ടറിയൊക്കെ ഇക്കാലത്ത് ആരെടുക്കുന്നു സരോജിനിയമ്മേ. ഒക്കെ കളിപ്പീരല്ലേ. കയ്യിലിരിയ്ക്കുന്ന കാശ് കൊടുത്ത് എന്തിനാ വെറുതേ കടിയ്ക്കുന്ന പട്ടീനെ വാങ്ങിയ്ക്കുന്നത്. ഞാനാ ഏർപ്പാടൊക്കെ എന്നേ നിർത്തി.”
അയാൾ പത്രം മടക്കി സിറ്റൗട്ടിന്റെ അര മതിലിലേക്ക് വച്ചു.
“കുടിയ്ക്കാൻ എന്തെങ്കിലും എടുത്തോണ്ട് വരട്ടെ കൃഷ്ണേട്ടാ… നാരങ്ങാ വെള്ളമോ മറ്റോ…”
“ഒന്നും വേണ്ട.. സരോജിനിയമ്മ അങ്ങോട്ട് ഇരിയ്ക്ക്. ഞാനൊരു കാര്യം പറയാൻ വന്നതാ.. അത് പറഞ്ഞിട്ടുള്ള വെള്ളം കുടി മതി…”
അയാൾ മുമ്പിൽ കിടന്ന കസേര ചൂണ്ടി കാട്ടിയെങ്കിലും സരോജിനിയമ്മ ഭിത്തിയിലേക്ക് ചാരി നിന്നതേയുള്ളൂ.
“കുറെ അലയേണ്ടി വന്നെങ്കിലെന്താ.. നമ്മള് പ്രതീക്ഷിച്ച പോലൊരെണ്ണം ഒത്തു വന്നിട്ടുണ്ടേ സരോജിനിയമ്മേ…”
“നേരാണോ കൃഷ്ണേട്ടാ.. എവിടുള്ളതാ.. എന്താ ജോലി…”
സരോജിനിയമ്മ പ്രതീക്ഷിച്ചിരുന്ന കാര്യമാണെങ്കിലും പെട്ടന്ന് അവർക്ക് തന്റെ ഹൃദയം ഒന്ന് തുടിച്ചുയർന്നത് പോലെ തോന്നി.
“എല്ലാം പറയാം.. അതിനല്ലേ ഞാനിങ്ങോട്ട് ധൃതി വച്ചു വന്നത്. ഒള്ളത് പറയാമല്ലോ ഇത് നടന്നു കിട്ടിയാ നമ്മുടെ പെങ്കൊച്ചിന്റെ മാത്രമല്ല, ഈ കുടുംബത്തിന്റെ മൊത്തം ഭാഗ്യമാണെന്ന് കരുതിയാൽ മതി.. ഇത്ര കാലമായുള്ള നിങ്ങളുടെ നെഞ്ച് പൊട്ടിയുള്ള വിളി ദൈവം കേട്ടു സരോജിനിയമ്മേ.”
“ദൈവമേ “എന്ന് വിളിച്ച് കൊണ്ട് അവർ നെഞ്ചിൽ കൈ വച്ചു.
അമ്മ അരിഞ്ഞു വച്ചിരുന്ന പുല്ല് എടുത്തുകൊണ്ട് വന്ന് പശു തൊഴുത്തിൽ കൊണ്ടിട്ട ശേഷം സുനിതയും അവിടേയ്ക്ക് വന്നു.
കൃഷ്ണൻ കുട്ടി തന്റെ കയ്യിലിരുന്ന ബാഗ് തുറന്ന് അതിൽ നിന്നൊരു ഫോട്ടോ എടുത്ത് സരോജിനിയമ്മയ്ക്ക് നേരെ നീട്ടി.
“നോക്ക് കൊള്ളാമോ എന്ന്.. ഫോട്ടോയിൽ കാണുന്നതിനേക്കാൾ കേമമാ നേരിട്ട് കാണാൻ.നമ്മുടെ കൊച്ചിന് നന്നായിട്ട് ചേരും…”
സരോജിനിയമ്മ ആ ഫോട്ടോ വാങ്ങിച്ചു നോക്കവേ സുനിതയും അവർക്ക് പിന്നിൽ വന്നു നിന്ന് ഫോട്ടോയിലേക്ക് നോക്കി.
“കൊള്ളാം അല്ലേ മോളേ.. ഇത്രേം സൗന്ദര്യം വേണം ആൺകുട്ടികൾക്ക് നല്ല തന്റേടമുള്ള മുഖം…”
“പിന്നേ.. തന്റേടം മാത്രം മതിയല്ലോ അമ്മയ്ക്ക്…ചേച്ചീടെ ഏഴയലത്ത്നിൽക്കാൻ കൊള്ളില്ല ” സുനിത പിറു പിറുത്തുകൊണ്ട് അവിടെ നിന്നും മാറിപ്പോയി.
“ഇളയവൾക്ക് ഇഷ്ടപ്പെട്ടെന്ന് തോന്നുന്നല്ലോ. ചേച്ചിയ്ക്ക് ചേരുമെന്നല്ലേ പറഞ്ഞത്…”
സുനിത പറഞ്ഞത് ശരിയ്ക്ക് കൃഷ്ണൻ കുട്ടിയുടെ ചെവിയിൽ വീണില്ലായിരുന്നു.
“എല്ലാർക്കും ഇഷ്ട്ടമായെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ കൃഷ്ണേട്ടാ.. ഞാനൊരു കാര്യം പറഞ്ഞിരുന്നില്ലേ… എനിയ്ക്കാണെങ്കിൽ ഇന്ന് ഉറങ്ങാൻ കിടന്നാൽ നാളെ രാവിലെ എണീൽകുമെന്ന് ഒരുറപ്പും പറയാൻ പറ്റില്ല. അതിനിടയിൽ ശ്രീലേഖ ഇവിടുന്ന് അങ്ങ് പോയി ക്കഴിഞ്ഞാൽ ഇളയതുങ്ങടെ കാര്യം ഓർക്കുമ്പോഴാ എന്റെ നെഞ്ച് കത്തുന്നത്.. അതുകൊണ്ടാ ഞാൻ പറഞ്ഞത് കല്യാണം കഴിഞ്ഞാലും ഇവിടെ നിന്ന് ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കുമെന്ന് ഉറപ്പുള്ള ഒരാൾ ആയിരിയ്ക്കണം എന്ന്.”
അവർ പ്രതീക്ഷയോടെ കൃഷ്ണൻ കുട്ടിയുടെ മുഖത്തേയ്ക്ക് നോക്കി കൊണ്ട് പറഞ്ഞു.
(തുടരും)
എല്ലാവരും കൂടെയുണ്ടാവണം…
