അന്നൊരിക്കല്‍ – ഭാഗം 03, എഴുത്ത്: അഞ്ജു തങ്കച്ചൻ

എന്നാലും എന്റെ മോള്…അയാൾ മധുവിന്റെ   ദേഹത്തേക്ക് തല ചേർത്ത് വച്ച്‌ തളർന്നിരുന്നു. ദൈവമേ എന്റെ കുഞ്ഞിനെ കാത്തോളണേ…

ഹൊ… ഇവനിങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും,എന്റെ പൊന്നു ഗിരി നീയൊന്ന് സമാധാനപ്പെട്……

നേരെ എമെർജെൻസി വിഭാഗത്തിലേക്കാണ് കൊണ്ടുവന്നതെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ കീർത്തിയെ റൂമിലേക്ക്‌ മാറ്റി.

പനി കുറച്ച് കൂടിപ്പോയി,സാരമില്ല രണ്ട് ദിവസം ഇവിടെ കിടക്കട്ടെ,വേറെ കുഴപ്പമൊന്നും ഇല്ല.ഡോക്ടർ പറഞ്ഞു.

അത് കേട്ടപ്പോഴാണ് ഗിരിക്ക് സമാധാനം ആയത്.

സിന്ധു കീർത്തിയുടെ കൂടെ റൂമിൽ ഇരുന്നപ്പോൾ ഗിരിയും മധുവും കൂടെ പുറത്തേക്കിറങ്ങി.

എടാ ഗിരി നിന്റെയീ ചെറിയ കാര്യങ്ങൾക്കുള്ള  പേടി അത്ര നല്ലതല്ല കേട്ടോ, കുറച്ച് ധൈര്യമൊക്കെ വേണം മനുഷ്യരായാൽ, ഇത്രേം പ്രായമായിട്ടും നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോടാ..

എനിക്കെന്തെങ്കിലും വന്നാലും കുഴപ്പമില്ലടാ,അന്നേരമെനിക്ക് പേടിയുമില്ല.പക്ഷെ എന്റെ പ്രിയപ്പെട്ടവർക്ക് വേദനിച്ചാൽ എനിക്കത് സഹിക്കാൻ കഴിയില്ല.ഈ ജന്മത്തിൽ ഇനി ഇങ്ങനൊക്കെ അങ്ങ് പോട്ടെടാ…

നിനക്കായി കൂടെ ജീവിക്കണം നീ. എന്നുമിങ്ങനെ മറ്റുള്ളവർക്കായി സ്വയം വേദനിച്ചു വേദനിച്ച്.. എന്തിനാടാ നീയിത്ര പാവമാകുന്നത്.

ആരൊക്കെ എന്നെ വേദനിപ്പിച്ചാലും നീ എന്നെ നോവിക്കില്ലെന്ന് എനിക്കറിയാം.എനിക്കതു മതി ഗിരി പറഞ്ഞു.

ഉവ്വാ… ഇങ്ങനെ പോയാൽ എന്റെ കൈ കൊണ്ടു തീരും നീ. മധു ചിരിയോടെ പറഞ്ഞു

ശരിക്കും കീർത്തിമോളോട് എനിക്ക് ആദ്യം ദേഷ്യമൊക്കെ തോന്നിയിരുന്നു. പക്ഷെ അതൊരു പാവം കൊച്ചാടാ..ഗിരി പറഞ്ഞു.

എനിക്കും തോന്നി. അവർ രണ്ടാളും കൂടെ എന്നെ കാണാൻ വന്നിരുന്നു.
എല്ലാകാര്യങ്ങളും എനിക്ക് പറയേണ്ടി വന്നു.

ഗിരി നടുക്കത്തോടെ മധുവിനെ നോക്കി. നീ എല്ലാം പറഞ്ഞോ?

ഉവ്വ് അങ്ങനെ വേണ്ടി വന്നു.

കീർത്തിക്കത് കേട്ടപ്പോൾ വിഷമം ആയിക്കാണും. ഒരു മോശം സ്ത്രീയുടെ മകളാണ് താനെന്നറിഞ്ഞാൽ ആർക്കെങ്കിലും സഹിക്കാൻ കഴിയുമോ
നീ ഒന്നും പറയേണ്ടിയിരുന്നില്ല..

എന്റെ മക്കളെ പോലെ തന്നെയല്ലേടാ ദേവൂട്ടൻ എനിക്ക്. അവൻ കുഞ്ഞിലെ എന്റെ തോളിൽ കടിച്ച പാട് ഇപ്പോഴും ഉണ്ട്.. അത് കണ്ണും നിറച്ച്‌ മുന്നിൽ വന്ന് നിന്ന് ചോദിച്ചപ്പോൾ ഞാൻ എല്ലാം പറഞ്ഞു പോയി.പിന്നെ ഒരു കണക്കിന് എല്ലാം അവർ അറിയുന്നത് തന്നെയല്ലേ നല്ലത്? നീയൊരു തെറ്റും ചെയ്തിട്ടില്ലല്ലോ നിന്നെ ചതിച്ചവൾ ഒരു കൂസലും ഇല്ലാതെ വേറൊരുത്തനെ കെട്ടി സുഖമായി ജീവിച്ചു.എന്നിട്ടിപ്പോൾ നിന്റെ മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്നില്ലേ, അതും മകളുടെ കല്യാണത്തിന്റെ അന്ന് തന്നെ. ഇതാടാ പറയുന്നത് കാലത്തിന് ഒരു നീതിയുണ്ട്.

ഉം… ഗിരി അമർത്തി മൂളി.

മോളെ മുറിയിലേക്ക് മാറ്റിയല്ലോ ഇനിയിപ്പോൾ ഞങ്ങൾ നിൽക്കുന്നില്ല, നിനക്കറിയാമല്ലോ സിന്ധുവിന് അധികനേരം നിന്ന് കഴിഞ്ഞാൽ നടുവിന് വേദന വരും. അസ്ഥികൾക്ക് തേയ്മാനം ഉള്ളതല്ലേ…

ഇനി നിങ്ങള് പൊയ്ക്കോ. മോളെ ഞാൻ നോക്കിക്കോളാം.

ദേവദത്ത് നാളെ വരില്ലേ?

വരും. മോൾക്ക്‌ പനിയാണെന്ന് അറിഞ്ഞത് കൊണ്ട് മിക്കവാറും നാളെ ഉച്ചയൊക്കെ ആകുമ്പോഴേക്കും എത്തും.

അവർ റൂമിലേക്ക്‌ ചെല്ലുബോൾ കീർത്തി നല്ല ഉറക്കമാണ്.

സിന്ധു കട്ടിലിൽ ഇരിക്കുകയാണ്സിന്ധുവിന്റെ കാൽപാദങ്ങൾ ചെറുതായി നീര് വച്ചിരിക്കുന്നത് അവർ ശ്രദ്ദിച്ചു.

കാലിൽ നീരായല്ലോ സിന്ധു??

ഓഹ് അതൊന്നും സാരമില്ലെന്നേ…

എന്നാൽ ഞങ്ങൾ അങ്ങ് പോയേക്കുവാടാ

ശരി. ഗിരി തലകുലുക്കി

കീർത്തി നല്ല ഉറക്കത്തിൽ ആണ്.

ഗിരി അടുത്തുള്ള ചെറിയ കട്ടിലിൽ കിടന്നു.

രാവിലെ ആയപ്പോഴേക്കും പനി ചെറുതായി കുറഞ്ഞിരുന്നു.

അയാൾ കാന്റീനിൽ പോയി ചായ വാങ്ങി കൊണ്ടുവന്ന് അവൾക്ക് കൊടുത്തു.

എന്താ മോൾക്ക്‌ കഴിക്കാൻ വേണ്ടത്?

എനിക്ക് ചൂട് ദോശയും സാമ്പാറും കഴിക്കാൻ തോന്നുവാ അച്ഛാ…

അയാൾ പോയി വാങ്ങി കൊണ്ടുവന്നപ്പോൾ അവൾ ഒരൽപ്പം കഴിച്ചിട്ട് മാറ്റി വച്ചു
എനിക്ക് വേണ്ടച്ചാ, വല്ലാതെ കയ്ക്കുന്നു…

ഭക്ഷണം കഴിച്ചില്ലെങ്കിൽ എങ്ങനെയാ മോളെ അച്ഛൻ വാരി തരാം. അയാൾ ഓരോ കഷ്ണങ്ങൾ മുറിച് സാമ്പാറിൽ മുക്കി അവൾക്കു കൊടുത്തു.

അവൾ മുഴുവനും കഴിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരിന്നു.

എന്തിനാ മോളെ കരയുന്നത്? ഇനി അച്ഛൻ വഴക്കൊന്നും പറയില്ല  കേട്ടോ..സങ്കടപ്പെടണ്ട.

അയാൾ അവളുടെ നിറുകിൽ തലോടി.

ഇത് സങ്കടം കൊണ്ടല്ല അച്ഛാ…സന്തോഷം കൊണ്ടാ,ഈ അച്ഛനെ എനിക്ക് തന്നെ കിട്ടിയല്ലോ.. എന്റെ പുണ്യമാ ഈ അച്ഛൻ.

അവൾ അയാളുടെ കൈ പിടിച്ച് തന്റെ കവിളോട് ചേർത്ത് വച്ചു…

ഒരു പിതാവിന് മാത്രം പകർന്നു നൽകാൻ കഴിയുന്ന സ്നേഹത്തിന്റെ  അമൃതകണങ്ങളുണ്ട്.അവളാ സ്നേഹത്തിൽ നിറഞ്ഞിരിക്കുകയാണ്…

സൗമിനി… നീ…ഇപ്പോൾ ശരിക്കും തോറ്റു പോയിരിക്കുകയാണ്. അയാൾ മനസ്സിൽ പറഞ്ഞു. ജയിച്ചത്‌ ഞാനാണ്. നീയറിയുന്നുണ്ടോ നിന്റെ മകൾ.. അല്ല എന്റെ മാത്രം മകൾ എന്നെ എത്രയധികം സ്നേഹിക്കുന്നുണ്ടെന്ന്. അവൾ നിന്റെ മുന്നിൽ വരും നിന്നോട് പലതും ചോദിക്കും,നിന്നെ കുറ്റപ്പെടുത്തും. നീയെന്ത് പറയുമപ്പോൾ?? കാലം ചിലതൊക്കെ കരുതി വച്ചിട്ടുണ്ട്. നീയത് ഉടനെ മനസിലാക്കും.

മോള് കിടന്നോ, ഞാൻ ദേവദത്തിനെ ഒന്ന് വിളിക്കട്ടെ, അയാൾ പറഞ്ഞു.

അവൾ കിടന്നു..പനിയുടെ കടുത്ത ക്ഷീണം കാരണം, കിടന്നതും അവൾ ഉറങ്ങി പോയി.

*********************

വൈകിട്ട് മൂന്ന് മണിയൊക്കെ ആയപ്പോഴേക്കും ദേവദത്ത് വന്നു.

ഇപ്പോൾ എങ്ങനെയുണ്ട് കീർത്തി??

കുഴപ്പമില്ല ദേവാ…

നാളെ ഡിസ്ചാർജ് ചെയ്യാമെന്നാ ഡോക്ടർ പറഞ്ഞത്. ഗിരി പറഞ്ഞു.

അച്ഛൻ വീട്ടിൽ പൊയ്ക്കോ, ഇന്നലെ മുതൽ ഉറക്കവും ഇല്ലാതെ നിൽക്കുവല്ലേ ,വീട്ടിൽ പോയി റസ്റ്റ് എടുത്തോ അച്ഛാ…

ആ… ശരി. എന്നാൽ ഞാൻ പോയിട്ട് നാളെ രാവിലെ വരാം.

വേണ്ടച്ഛാ…. ഞങ്ങൾ അങ്ങ് വന്നേക്കാം. എനിക്ക് കീർത്തിയെ ഓർത്തല്ലഅച്ഛനെ ഓർത്തായിരുന്നു പേടി. അച്ഛൻ ആകെ വിഷമിക്കും എന്ന് എനിക്കറിയാവുന്നതല്ലേ…

നീയൊന്നു പോടാ ചെറുക്കാ…

ചെല്ലച്ഛാ… വീട്ടിൽ പോയി, ഒന്ന് കിടന്നുറങ്ങ്.അയാൾ അച്ഛനെ തോളിൽ ചേർത്ത് പിടിച്ചു.

ദേ… എന്റെ കൊച്ചിനെ  നീ നല്ലോണം നോക്കിക്കോളാണം.പോകും മുൻപ് അയാൾ പറഞ്ഞു

ശരി… രാജാവേ…

ദേവദത്ത് ചിരിയോടെ പറഞ്ഞു.

***************

പിറ്റേന്ന് ഉച്ചയായപ്പോൾ കീർത്തിയെ ഡിസ്ചാർജ് ചെയ്ത് ദേവദത്ത് വീട്ടിലേക്കു കൊണ്ടുപോന്നു.

കീർത്തിയുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു. അവളുടെ കൺപോളകൾ ചുവന്നു വീർത്തിരുന്നു. മുഖമാകെ വിളറി, ചുണ്ടുകൾ കറുത്ത് ഉണങ്ങിയിരുന്നു..

മോൾക്ക്‌ ക്ഷീണം കുറഞ്ഞില്ലേ?

കുറഞ്ഞു…. എന്നാലും ആകെ ഒരു സുഖമില്ലായ്മയാണ് അച്ഛാ..കിടക്കണം കിടക്കണം എന്നൊരു ചിന്തയെ ഉള്ളൂ..

അത്ര കടുത്ത പനി അല്ലായിരുന്നോ മോളെ, ക്ഷീണം മാറാൻ കുറച്ച് ദിവസം പിടിക്കും. എന്തായാലും ഓഫീസിൽ വിളിച്ച് ഒരാഴ്ചത്തേക്ക് ലീവ് പറഞ്ഞേക്ക്

ശരി അച്ഛാ…

മോളിവിടെ ഇരിക്ക് അച്ഛൻ ഉണക്കലരി കഞ്ഞി വച്ചിട്ടുണ്ട്. ചെറു ചൂടോടെ അതിച്ചിരി കുടിച്ചിട്ട് പോയി കിടന്നാൽ മതി.

ഉം….

പെട്ടന്നാണ് കാളിങ് ബെൽ ശബ്ദിച്ചത്

ആരാണെന്നു നോക്കട്ടെ , ദേവദത്ത് പോയി വാതിൽ തുറന്നു.

കീർത്തിയുടെ അമ്മ…

അയാൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു.

ആരാടാ വന്നത് …??ഗിരി അങ്ങോട്ട് വന്നു.

സൗമിനിയെ കണ്ടതും അയാൾ തരിച്ചു നിന്നു.

ഞാ… ഞാൻ… മോളെ ഒന്ന് കാണാൻ..ഓഫീസിൽ പോയിരുന്നു അപ്പോഴാ അറിഞ്ഞത് മോൾക്ക്‌ പനി ആണെന്ന്.

ആരും ഒന്നും മിണ്ടിയില്ല.

ഞാൻ… ഞാനകത്തോട്ട് വന്നോട്ടെ അവർ അറച്ചറച്ച്‌ ചോദിച്ചു.

******************

ഞാ… ഞാൻ… അകത്തേക്ക് വന്നോട്ടെ? അവർ വിക്കി വിക്കി ചോദിച്ചു.

എന്തിന്? ഇനി ആരെ വേദനിപ്പിക്കാൻ വേണ്ടിയാ? ദേവദത്തിന്റെ അണപ്പല്ലുകൾ ഞെരിയുന്ന ശബ്‌ദം അവർ വ്യക്തമായി കേട്ടു.

വീട്ടിൽ വരുന്നവരോട് ഇങ്ങനെയാണോ ദേവാ സംസാരിക്കുന്നത്? ഗിരി ദേഷ്യത്തോടെ അവനോടു ചോദിച്ചു.

വീട്ടിൽ വരുന്നത് ശത്രുക്കൾ ആയാൽ പോലും മര്യാദ വിട്ട്സം സാരിക്കരുത്.അയാൾ താക്കീതോടെ പറഞ്ഞു.

ഉവ്വ്… ദേവദത്ത് തലകുനിച്ചു.

നിങ്ങൾ അകത്തേക്ക് ചെല്ല് മോൾ അകത്തുണ്ട്.ഗിരി  സൗമിനിയോടായി പറഞ്ഞു.

സൗമിനിയുടെ കണ്ണുകൾ നിറഞ്ഞു… “നിങ്ങൾ” എന്ന്. മിനിക്കുട്ടി എന്ന് മാത്രം വിളിച്ചിരുന്ന ആൾ വിളിച്ചത്,നിങ്ങൾ എന്ന്…

എത്ര അകൽച്ചയാണ് ആ വാക്കുകളിൽ

ഹൃദയം പൊടിയുന്ന വേദന തോന്നി അവൾക്ക്.

ഗിരി അയാളുടെ മുറിയിലേക്ക് പോയി.

ദേവദത്തിന് ഫോൺ കാൾ വന്നപ്പോൾ അയാൾ സംസാരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി

അകത്തേക്ക് ചെല്ലുമ്പോൾ കണ്ടു.

കീർത്തി അമ്മയെതന്നെ നോക്കി ഇരിക്കുകയാണ്..

ആ മുഖത്തെ ഭാവം എന്തെന്ന് തിരിച്ചറിയാൻ സൗമിനിക്ക് കഴിഞ്ഞില്ല.

മോളേ… അമ്മ കീർത്തിയുടെ അരികിൽ ഇരുന്നു.

അമ്മ എത്ര വട്ടം വിളിച്ചു നീയെന്താ കാൾ എടുക്കാത്തത്?

എടുക്കാൻ തോന്നിയില്ല.

ഞാൻ നിന്റെ ഓഫീസിൽ പോയിരുന്നു. അപ്പോഴാണ് അറിഞ്ഞത് മോൾക്ക്‌ പനിയാണ് എന്ന്.

വയ്യാഞ്ഞിട്ടും അമ്മയെ വിളിച്ചൊന്നു പറയാൻ തോന്നിയില്ലേ നിനക്ക്??

ഇല്ല.

എന്നോട് വെറുപ്പാണോ?

എന്തിന്?? ഞാൻ കാൾ എടുക്കാതെ ഇത്ര ദിവസം ഇരുന്നിട്ടും അമ്മ ഒന്ന് വന്ന് അന്വേഷിച്ചത് പോലുമില്ലല്ലോ?

ആരും നിന്നെ അന്വേഷിച്ചില്ലെങ്കിലും നീ ഇവിടെ സുരക്ഷിതയായിരിക്കും എന്നെനിക്കറിയാം.ദേവദത്ത് നിന്നെ ഒരു പക്ഷെ നോക്കിയില്ലെങ്കിലും ഇവിടുത്തെ അച്ഛൻ നിന്നെ പൊന്നു പോലെ കരുതുമെന്ന് എനിക്കറിയാം.

അതെങ്ങനെ അമ്മക്കറിയാം?

അത്… അത്പിന്നെ….

വേണ്ടാ… അമ്മയൊന്നും പറയണ്ട, ഇത്ര നല്ലൊരു മനുഷ്യനെ അമ്മക്ക് എങ്ങനെ ചതിക്കാൻ തോന്നി.അമ്മ ഭാഗ്യം ഇല്ലാത്തവളാണ്, ഇതുപോലൊരു മനുഷ്യന്റെ ഭാര്യ ആകാനുള്ള യോഗ്യത അമ്മക്ക് ഇല്ലായിരുന്നു… ഒരു കണക്കിന് നോക്കിയാൽ അച്ഛൻ ഭാഗ്യം ഉള്ളവനാ, ഇത്രയും നീചയായ ഒരാളെ താലി കെട്ടേണ്ടി വന്നില്ലല്ലോ.

സൗമിനിയുടെ ചുണ്ടിൽ ഒരു നൊമ്പരചിരി വിരിഞ്ഞു.

മതി അമ്മയെ കുറ്റപ്പെടുത്തിയത്.

മതിയായില്ല അമ്മേ… ഇത്രയും പറഞ്ഞാൽ പോരാ അമ്മയോട്.

അവർ തലകുനിച്ചു.

അൽപനേരം കഴിഞ്ഞപ്പോൾ അവർ പതിയെ പറഞ്ഞു.നിന്റെ മുത്തശ്ശിക്ക് ഇപ്പോൾ തീരെ സുഖമില്ല ഒന്ന് വന്ന് കണ്ടുകൂടെ മോൾക്കും ദേവദത്തിനും കൂടെ?

മുത്തശ്ശിയെ കാണാൻ വരണം എന്ന് കരുതി ഇരിക്കുകയായിരുന്നു.
ഇപ്പോൾ എന്ത് പറ്റി മുത്തശ്ശിക്ക്??

പ്രായമായില്ലേ,  കിടപ്പിലാണ്. എന്നാലും കൈപിടിച്ച് എഴുന്നേൽപ്പിച്ചിരുത്തിയാൽ കുറച്ച് നേരം ഇരിക്കും. നിന്നെ കാണണം എന്ന് പറഞ്ഞ് കരച്ചിൽ ആയിരുന്നു.

ഞങ്ങൾ വരാം അമ്മേ..

എന്നാൽ ഞാൻ ഇറങ്ങുവാ..

എന്തെങ്കിലും കഴിച്ചിട്ട് പോകാം അമ്മേ

വേണ്ടാ.അമ്മയെ ഒറ്റക്കാക്കിയിട്ടല്ലേ ഞാൻ പോന്നത്. വേഗം ചെല്ലണം.

ഉം…

അവൾ അമ്മ പോകുന്നത് നോക്കി ഇരുന്നു.

അവൾക്ക് സങ്കടം തോന്നി.അമ്മ തെറ്റുകാരി ആയിരിക്കും, പക്ഷെ അമ്മയെ വെറുക്കാൻ എനിക്ക് കഴിയില്ല. ഇത്രയധികം അമ്മയെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കേണ്ടിയിരുന്നില്ല.

അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.

പറഞ്ഞ് പോയി… അമ്മ ക്ഷമിക്കുമായിരിക്കും.

*****************

രണ്ട് ദിവസം കഴിഞ്ഞ് ക്ഷീണം കുറഞ്ഞപ്പോൾ, ദേവദത്തും അച്ഛനും കൂടെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കീർത്തി അങ്ങോട്ട് ചെന്നു.

ആഹാ… ഇപ്പോൾ മിടുക്കി ആയല്ലോ. ദേവദത്ത് പറഞ്ഞു.

ദേവാ… മുത്തശ്ശിക്കു തീരെ വയ്യ.കിടപ്പിലാണെന്നാ അമ്മ വന്നപ്പോൾ പറഞ്ഞത്.
ഒന്ന് കാണാൻ പോകണം.

സൗമിനിയുടെ അമ്മയെക്കുറിച്ചാണ് പറയുന്നത്, ഗിരി ഓർത്തു.

കുട്ടിക്കാലത്ത് സൗമിനിക്കും, മറ്റ് കൂട്ടുകാർക്കും ഒപ്പം കളിച്ചു തിമിർത്ത് മടുത്തുവരുമ്പോൾ എത്ര ഭക്ഷണം തന്നിട്ടുണ്ട്  ആ അമ്മ.

തൊടിയിലെ വാഴയിലയിൽ പൊതിഞ്ഞു തയ്യാറാക്കുന്ന ഒരുതരം മധുരമുള്ള വിഭവം ഉണ്ടാക്കി തരും മിക്കവാറും ദിവസങ്ങളിൽ. ചിലപ്പോൾ അവൽ വിളയിച്ചതും, അവലോസ് പൊടി പഞ്ചസാര ചേർത്തും തരും.

ആ അമ്മയുടെ മകൾ തന്നെ ചതിച്ചു എന്ന് വച്ച് അവരോട് ദേഷ്യമൊന്നും തനിക്കില്ല.

നീയും മോളും കൂടെ പോയി അവരെ കണ്ടിട്ട് വാടാ…അയാൾ പറഞ്ഞു.

ശരി അച്ഛാ…

***************

അവർ ചെല്ലുമ്പോൾ സൗമിനി, അമ്മയുടെ ശരീരം തുടച്ച് വൃത്തി ആക്കുകയായിരുന്നു.

തുടച്ച ശേഷം വൃത്തിയുള്ള  ഒരു നൈറ്റി അവരെ ധരിപ്പിച്ചു.

ഒരു  പിഞ്ചുപൈതലിനെ പരിപാലിക്കും പോലെ എത്ര സൂക്ഷ്മതടോടെയാണ് അമ്മ മുത്തശ്ശിയെ നോക്കുന്നത്.

നിങ്ങൾ ഇരിക്ക് കേട്ടോ, ഞാൻ വേഗം ഒന്ന് കുളിച്ചു ഡ്രസ്സ്‌ മാറ്റിയിട്ടു വരാം.

ശരി….

മുത്തശ്ശി…. ഇപ്പോൾ എങ്ങനുണ്ട്? കീർത്തി മുത്തശ്ശിയുടെ കൈ പിടിച്ചു.

എന്നാലും നീയൊന്നു വന്നില്ലല്ലോ ഇത്രേ ദിവസമായിട്ടും. അവർ കെറുവിച്ചു.

ഓഹ്…. എന്റെ പുന്നാര മുത്തശ്ശിയല്ലേ പിണങ്ങല്ലേ മുത്തശ്ശിക്കു വയ്യാതെ ആയത് ഞാൻ അറിഞ്ഞില്ല. പയർ പോലെ ഇരുന്ന ആളല്ലേ,

നിന്നെ കാണാതെ ഞാൻ അങ്ങ് മരിച്ചു പോയിരുന്നെങ്കിലോ?

ഒന്ന് പോയേ… ഇങ്ങനൊക്കെ പറഞ്ഞാൽ ഞാൻ കൂട്ട് കൂടില്ല കേട്ടോ

ആഹാ… രണ്ടാളും ഇത്രയും കൂട്ടായിരുന്നോ? ഇതെല്ലാം കണ്ട്   അൽപ്പം മാറി നിന്നിരുന്ന ദേവദത്ത് പറഞ്ഞു.

മോൻ ഇങ്ങ് വാ…. മുത്തശ്ശി കൈ നീട്ടി.

അയാൾ ആ കൈകളിൽ പിടിച്ച്, മുത്തശ്ശിയുടെ അരികിൽ ഇരുന്നു.

മുത്തശ്ശിക്ക് എണീറ്റിരിക്കണോ? അയാൾ
ചോദിച്ചു.

വേണം എഴുന്നേൽക്കണം.

അയാൾ പതിയെ അവരെ ചേർത്തുപിടിച്ച്‌ എഴുന്നേൽപ്പിച്ചിരുത്തി.

എന്റെ കൊച്ചിനെ നല്ലോണം നോക്കിക്കോളണം കേട്ടോ…

നന്നായി നോക്കിക്കോളാം മുത്തശ്ശി…

എന്റെ സൗമിനി ഒരു പാവമാ… അവളെ മോൾ വേദനിപ്പിക്കരുത്.

അവർ കീർത്തിയോടായി പറഞ്ഞു.

എന്റെ സൗമിനി എന്നും വേദനിച്ചിട്ടേ ഉളളൂ… ഒരു തെറ്റും ചെയ്യാത്ത എന്റെ കുഞ്ഞ്…. അവർ വിതുമ്പി..

അമ്മേ…. ചായയുമായി അങ്ങോട്ട് വന്ന സൗമിനി താക്കീതോടെ അവരെ വിളിച്ചു..

അമ്മക്കിപ്പോൾ ചെറിയ ഓർമ്മക്കുറവുണ്ട്. ഇങ്ങനെ ഓരോന്നൊക്കെ പറയും.

ഇളം ചൂടുള്ള ചായ സൗമിനി അമ്മയെ കുടിപ്പിച്ചു. ശേഷം പതിയെ കട്ടിലിലേക്ക്
അമ്മയെ കിടത്തി

വരൂ… ഞാൻ ചായ എടുത്ത് വച്ചിട്ടുണ്ട്. സൗമിനി പറഞ്ഞു.

അവർ ഡൈനിങ് റൂമിലേക്ക്‌ ചെന്നു.

ചൂടുള്ള ചായയും. കീർത്തിക്ക് ഏറെ ഇഷ്ട്ടമുള്ള ഉണ്ണിയപ്പവും, കായ വറുത്തതും,ഒരു പാത്രത്തിൽ പഴം പുഴുങ്ങിയതും എടുത്ത് വച്ചിട്ടുണ്ട്…

അവർക്കൊപ്പം ഇരുന്ന് സൗമിനിയും ചായ കുടിച്ചു.

ദേവദത്തിന് കുറച്ചൂടെ ചായ ഒഴിക്കട്ടെ?സൗമിനി ചോദിച്ചു.

വേണ്ടാ…  മതി.

കീർത്തിക്കോ??

വേണ്ടമ്മേ…

അമ്മേയെന്ന്…. എത്ര ദിവസമായി ഈ വിളിയൊന്നു കേട്ടിട്ട്. അവർക്ക് സ്നേഹം കൊണ്ട് നെഞ്ച് വിങ്ങുന്നത് പോലെ തോന്നി.

ഞങ്ങൾ ഇറങ്ങട്ടെ, കുറച്ച് ദിവസം കഴിഞ്ഞിട്ട്  ഇങ്ങോട്ട് ഇറങ്ങാം, ഇപ്പോൾ ഓഫീസിൽ കുറച്ചധികം തിരക്കുണ്ട്. കുറേ ലീവൊക്കെ എടുത്തതല്ലേ. ദേവദത്ത് പറഞ്ഞു.

ശരി… സൗമിനി തലയാട്ടി.

അവർ മുത്തശ്ശിയെ കണ്ട് യാത്ര പറഞ്ഞു.

അവർ കാറിൽ കയറുന്നത് സൗമിനി നോക്കി നിന്നു.

എന്നോട് ദേഷ്യവും, വെറുപ്പും ഉണ്ടായിട്ടും എത്ര മര്യാദയോടെയാണ് അവൻ സംസാരിച്ചത്. ഗിരിയേട്ടന്റെ മകനാണ്, അവന് അങ്ങനെയേ അറിയൂ…

എന്റെ മകനായി പിറക്കേണ്ടവനായിരുന്നു,അവനെ ഒന്ന്   ചേർത്തുപിടിക്കാൻ, ആ നിറുകയിൽ ഒന്ന് ചുംബിക്കുവാൻ ഈ ജന്മത്തിൽ എനിക്ക് കഴിയുമോ??

സൗമിനിയുടെ കണ്ണുകൾ നിറഞ്ഞു.

**************

ദേവദത്ത് ഓഫിസിലേക്ക് പോയി കഴിഞ്ഞപ്പോൾ, കീർത്തി അടുക്കളയിലേക്ക് നടന്നു.

നാളെ ജോലിക്ക് പോകണം, ഇന്നുകൂടിയേ വീട്ടിൽ ഇരിക്കാൻ ഒക്കൂ.
അച്ഛൻ അടുത്ത ആഴ്ച്ച വിദേശത്തേക്ക് മടങ്ങും.

ഇനി പോകണ്ടെന്ന് എത്രവട്ടം അച്ഛനോട് പറഞ്ഞു നോക്കി, ഇത്തവണ കൂടി പോയിട്ട് വരാം എന്നാണ് അച്ഛൻ പറയുന്നത്.

അച്ഛനെ കാണാതിരിക്കാൻ തനിക്കു കഴിയുമോ? ഇല്ല, ഓർക്കുമ്പോൾ പോലും സങ്കടം വരും.

താൻ പ്ലസ് ടു വിന് പഠിക്കുമ്പോൾ തന്റെ അച്ഛൻ മരിച്ചതാണ്. ഒരിക്കൽ നഷ്ട്ടപ്പെട്ട ആ സ്നേഹം വീണ്ടും കിട്ടിയത് ഗിരി അച്ഛനിൽ നിന്നാണ്

ഒരച്ഛന്റെ മുഴുവൻ സ്നേഹവും കരുതലും ഒക്കെ തരുന്നത് കൊണ്ടാകും ഇന്ന് മറ്റെന്തിനേക്കാളും തനിക്കു വലുത് ഗിരി അച്ഛനാണ്.

അച്ഛന് കൊണ്ടുപോകാനായി, അയൽവീട്ടിലെ ചേച്ചിയുടെ സഹായത്തോടെ അവൾ അച്ചാറുകൾ ഉണ്ടാക്കി, ചിപ്സ് ഉണ്ടാക്കി.

ഇനിയും എന്താണ് ഉണ്ടാക്കുക? പാചകത്തെക്കുറിച്ച് അത്ര അറിയില്ലാത്തതു കൊണ്ട് എളുപ്പം കേട് വരാത്ത വിഭവങ്ങൾ ഏതൊക്കെയാണെന്ന് അവൾക്ക് അറിയില്ലായിരുന്നു.

എങ്കിലും ആവുന്നത് പോലെ എന്തൊക്കെയോ ഉണ്ടാക്കി വച്ചു.

ഒരു തവണ കൂടി അച്ഛനോട് ചോദിച്ചു നോക്കണം പോകാതെ ഇരുന്നൂടെ എന്ന്.

എന്താ സ്പെഷ്യൽ ആയി അച്ഛനും മോളും കൂടെ ഉണ്ടാക്കുന്നത്. വഴിയിൽ വരുമ്പോഴേ നല്ല മണമാണല്ലോ?? മധു അകത്തേക്ക് കയറി വന്നു.

കീർത്തി മോള് എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട് എനിക്ക് കൊണ്ടുപോകാനായിട്ട്.

നീ പോകാൻ ഉറപ്പിച്ചോ?

ഉം പോകണം.

ഞാൻ കഴിഞ്ഞ തവണത്തെ പോക്കോട് കൂടി എല്ലാം അവസാനിപ്പിച്ചു. ഇനിയുള്ള കാലമെങ്കിലും ഈ മണ്ണിൽ ജീവിക്കണം.

അല്ലേലും ഇനി നീ പോകണ്ട, ഒന്നാമത് സിന്ധുവിനും വയ്യ. മക്കളൊക്കെ ഓരോ കുടുംബമായില്ലേ. ഇനി നീയും സിന്ധുവും കൂടെ അടിച്ചു പൊളിച്ചങ്ങു ജീവിക്ക്.

ഇനി അത്രേ ഉള്ളൂ. മധു പറഞ്ഞു.

കീർത്തി മോളെ അങ്കിളിന് ഒരു ഗ്ലാസ്സ് ചായ എടുത്തോ കേട്ടോ. മധു അടുക്കളയിലേക്ക് നോക്കി പറഞ്ഞു.

കീർത്തി ചായയും, കഴിക്കാൻ സ്നാക്സും എടുത്ത് കൊണ്ടു വന്നു.

അങ്കിളേ.. സിന്ധു ആന്റിയെ കൂടെ കൊണ്ടുവരാൻ മേലാരുന്നോ??

ഞാൻ ഇങ്ങോട്ട് വരാൻ ഇറങ്ങിയതല്ല മോളെ, ടൗണിലേക്ക് ഇറങ്ങിയതാ, അപ്പോഴാ ഓർത്തത്‌ ഇവനോട് ഒരു കാര്യം പറയാനുണ്ടല്ലോ എന്ന്, പിന്നെ ഇങ്ങോട്ട് പോന്നു.

ശരി അങ്കിൾ ചായ കുടിക്ക്.

എടാ ഗിരി നീ ഓർക്കുന്നുണ്ടോ നമ്മുടെ ശങ്കരേട്ടനെ??

ഏത് നമ്മുടെ കിഴക്കേലെ ശങ്കരേട്ടനോ?

ആ… അത് തന്നെ.

പിന്നെ ഓർമ്മ ഇല്ലാതിരിക്കുമോ, കുട്ടിക്കാലത്ത് നമുക്ക് എന്തോരം നാരങ്ങാ മിഠായി വാങ്ങി തന്നിട്ടുള്ളതാ. മറക്കാൻ പറ്റുവോടാ..

ശങ്കരേട്ടൻ മരിച്ചു പോയി.

അയ്യോ എന്ത് പറ്റിയതാ?

എന്ത് പറ്റിയതാന്നോ??  പ്രായം ആയില്ലേടാ, ഏതാണ്ട് നൂറ് വയസിനടുത്തു പ്രായം ഇല്ലേ, എന്നാലും കിടപ്പൊന്നും അല്ലാരുന്നു കേട്ടോ.

ഞാൻ പോയിരുന്നു കാണാൻ. നിന്നോട് പറഞ്ഞാലും ആ നാട്ടിലേക്കു നീ വരില്ലെന്ന് അറിയാം. അതാ വിളിക്കാത്തത്.

ഉം…..

എടാ… ഞാൻ ഹരിയേട്ടനെ കണ്ടിരുന്നു.

ഗിരി ഒന്നും മിണ്ടിയില്ല.

എടാ… ആളിപ്പോൾ പഴയതുപോലൊന്നും അല്ല. വല്ലാത്തൊരു അവസ്ഥയിലാ ഇപ്പോൾ.നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു.

ഗിരി ഒന്നും മിണ്ടുന്നില്ല, അയാൾ അതൊന്നും കേൾക്കുന്നത് പോലുമില്ലാത്തതു പോലെ ഇരുന്നു.

ഗിരി… മധു അയാളുടെ തോളിൽ പിടിച്ചു. നീയൊന്നു ചെന്ന് കാണണം. ഇല്ലെങ്കിൽ പിന്നീടൊരിക്കൽ നിനക്ക് കുറ്റബോധം തോന്നും. അത്രക്കും വയ്യ പുള്ളിക്ക്. ഒന്നുവല്ലേലും  നിങ്ങൾ ഒരമ്മയുടെ വയറ്റിൽ പിറന്നവർ അല്ലേ…

എനിക്കാരെയും കാണണ്ട മധു.

വേണം… കാലം ഇത്രയും കടന്നു പോയില്ലേടാ, എല്ലാം മറക്കണം പൊറുക്കണം എന്നൊന്നും ഞാൻ പറയില്ല. അത്രക്കും നിന്നെ വഞ്ചിച്ച ആളല്ലേ, പക്ഷെ ഒരുവട്ടം പോയി കാണണം. ഇന്നോ, നാളയോ എന്ന് അറിയില്ല അത്ര വയ്യെന്നായി .

എങ്കിൽ നീയും കൂടെ വാ….

ശരി ഞാനും വരാം. പറ്റുമെങ്കിൽ ഇന്ന് തന്നെ പോകാം.

ഇന്നോ…?

ഇന്ന് തന്നെ പോകണം ഗിരി.

ശരി നിന്റെ ഇഷ്ട്ടം പോലെ. ഉച്ചയാകുമ്പോഴേക്കും ഞാൻ അങ്ങ് വന്നേക്കാം.

എന്നാൽ ഞാൻ ഇറങ്ങുവാ..മധു പോയി.

ഗിരിക്ക് ആകെ ഒരു വെപ്രാളം തോന്നി.നീണ്ട ഇരുപത്തിയൊൻപത് വർഷങ്ങൾക്ക് ശേഷം ജനിച്ചു വളർന്ന നാട്ടിലേക്കു പോകുകയാണ്.

സർവ്വവും നഷ്ട്ടപ്പെട്ട ഒരു ഇരുപത്തിയഞ്ചുകാരൻ,കണ്ണീരോടെ നടന്നു നീങ്ങുന്നത് അയാൾ മനസ്സിൽ കണ്ടു. അവൻ ഇന്ന് വീണ്ടും ആ മണ്ണിൽ കാല് കുത്താൻ പോകുകയാണ്

കുളിച്ച്‌ വന്നപ്പോഴേക്കും കീർത്തി ഭക്ഷണം വിളമ്പിയിരുന്നു.

മോളെ ദേവദത്തിനോട് ഞാൻ നാട്ടിൽ പോയെന്നു പറഞ്ഞേക്ക്.
വിളിക്കുമ്പോൾ അവനോട് നേരത്തെ വരണം എന്ന് പറയണം,മോള് ഒറ്റക്കല്ലേ ഉള്ളൂ…

ശരി അച്ഛാ…

ഭക്ഷണം കഴിഞ്ഞ്  ഗിരി ഡ്രസ്സ്‌ ചെയ്ത്,വണ്ടിയുമായി മധുവിന്റെ വീട്ടിലെത്തി.

മധു കാത്തുനിൽക്കുകയായിരുന്നു.

അവർ യാത്ര തുടങ്ങി. ഏകദേശം നാലര മണിക്കൂർ കൊണ്ട് അവർ നാട്ടിലെത്തി.

ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറിയിരുന്നു.

മൺവഴികൾ  ടാറിട്ട റോഡുകൾ ആയിരിക്കുന്നു.

ചെറിയ കവലയും ചായക്കടയും ഒക്കെ,വലിയ സിറ്റിയായി പരിണമിച്ചിരിക്കുന്നു.

വഴിയരികിൽ പടുകൂറ്റൻ കെട്ടിടങ്ങൾ..

ഗിരിയുടെ മുഖം മങ്ങി.

വണ്ടി ഓടിക്കൊണ്ടിരുന്നു. ഇരുവശവും പാടം നിറഞ്ഞ റോഡിലേക്ക് വണ്ടി പ്രവേശിച്ചു. എങ്ങും പച്ചപ്പ്‌ കാണുമാറായി.

ചെറിയ വീടുകൾ ഇരുന്ന സ്ഥലത്തൊക്കെ ഒറ്റ നിലയും, ഇരുനിലയും ഉള്ള വലിയ വീടുകൾ.

മതിൽക്കെട്ടുകൾക്കിടയിൽ ആ വീടുകളൊക്കെയും മൗനം പുതച്ചു നിന്നു.

ഓടിക്കളിക്കാൻ, പാറി നടക്കാൻ ഒറ്റ കുസൃതിക്കൂട്ടങ്ങളെയും കാണുവാൻ ഇല്ല.

അൽപ്പം കൂടെ മുന്നോട്ട് ചെന്നതും,ഗിരി തന്റെ വീട് കണ്ടു.

കാലപ്പഴക്കം കൊണ്ട് അതിന്റെ പെയിന്റ് ഇളകി, പായാൽ പടർന്നിരിക്കുന്നു.
മേൽക്കൂരയിലെ ഓട് പൊട്ടി നനയുന്നതുകൊണ്ടാകും ഒരു പടുത വലിച്ചു കെട്ടിയിരിക്കുന്നു.

അവർ മുറ്റത്തേക്ക് ഇറങ്ങി.

വാതിൽ അടഞ്ഞു കിടന്നിരുന്നു.. മുറ്റമാകെ കരിയിലകൾ വീണുകിടപ്പുണ്ട്.

വരാന്തയിലെ ചാരുകസേരയിൽ കണ്ണുകൾ അടച്ച് ഹരിയേട്ടൻ കിടപ്പുണ്ട്..
നന്നേ ക്ഷീണിച്ച്‌, നെഞ്ചിലെ എല്ലുകൾ പെറുക്കി എടുക്കാൻ പാകത്തിന് ഉന്തി നിൽക്കുന്നു.

കൈകാലുകൾ ചുള്ളിക്കമ്പു പോലെയാണ്. ഒറ്റ മുണ്ടാണ് വേഷം..

ഹരിയേട്ടാ… മധു മെല്ലെ വിളിച്ചു.

അയാൾ പതിയെ കണ്ണുകൾ തുറന്നു.

മുന്നിൽ ഗിരിയെ കണ്ട്,അയാൾ ചാടി എഴുന്നേറ്റതും,വേച്ചു വീഴാൻ പോയി,
ഗിരിയുടെ കൈകൾ അയാളെ താങ്ങി.

മോനേ…. ഗിരിക്കുട്ടാ… അയാളുടെ കുഴിഞ്ഞ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു…

നീ വന്നല്ലോ… ഈ പാപിയായ ഏട്ടനെ കാണാൻ നീ വന്നല്ലോ..അയാൾ ഗിരിയുടെ കൈയിൽ പിടിച്ചു…

വരണമെന്ന് വിചാരിച്ചതല്ല,  മധു വന്ന് പറഞ്ഞപ്പോൾ നിരസിക്കാൻ തോന്നിയില്ല. അല്ലെങ്കിലും എന്നും തോറ്റുതന്ന് ആണല്ലോ എനിക്ക് ശീലം..ഗിരി പറഞ്ഞു

തെറ്റുകളത്രയും എന്റേത് തന്നെയായിരുന്നു. തോറ്റതും ഞാൻ തന്നെയാണ് ഗിരികുട്ടാ…ഹരി തല കുനിച്ചു.

നീ അകത്തേക്ക് ചെല്ല് ഹരി പറഞ്ഞു.

ഗിരി അകത്തേക്ക് നടന്നു

മധു ഹരിക്കൊപ്പം പൂമുഖത്തിരുന്നു.

പെരയൊക്കെ പൊളിഞ്ഞു വീഴാറായാല്ലോ ഹരിയേട്ടാ…

ഉം…പൊളിഞ്ഞു വീഴാറായിട്ടും ഇതിന് കാവലായി ഞാൻ ഇങ്ങനെ ജീവിച്ചിരിക്കുന്നത്, ഇത് ഗിരിക്കുട്ടനെ എൽപ്പിക്കുവാൻ വേണ്ടി മാത്രമാണ്.

അവനെന്തിനാ ഇന്നോ നാളയോ നിലം പതിക്കുന്ന ഈ വീട്?

ഈ വീട് ചിലപ്പോൾ നിലംപൊത്തുമായിരിക്കും പക്ഷെ ഈ വീടിനോട് ചേർന്ന് കിടക്കുന്ന ഒന്നരയേക്കർ സ്ഥലത്തിന് ഇന്ന് കോടികൾ വിലയുണ്ട്.

അവന് പണത്തിനോട് ഒരാർത്തിയും ഇല്ല. അതുള്ളത് ഹരിയേട്ടനായിരുന്നല്ലോ.

അതെ… എനിക്കായിരുന്നു സ്വത്തിനോട് ആർത്തി. ശരിയാ.. പക്ഷെ ഞാൻ ഒന്നും നേടിയില്ല മധു. ഓരോരോ ശാപങ്ങൾ എന്നെ വിടാതെ പിന്തുടർന്നു.

ആരെയും ചതിച്ച്‌ നമുക്ക് ഒന്നും നേടാൻ ആകില്ല ഹരിയേട്ടാ…

ശരിയാണ്. അത് മനസിലാക്കാൻ ഞാൻ വൈകിപ്പോയി. എന്റെ ഹരിക്കുട്ടൻ എനിക്ക് മാപ്പ് തരുമോ മധൂ…അയാളുടെ കണ്ണ് നിറഞ്ഞു.

മധു ഒന്നും പറഞ്ഞില്ല.

ഗിരി ആദ്യം പോയത് തന്റെ മുറിയിലേക്കാണ്

ചുമരുകൾ പൊളിഞ്ഞിട്ടിട്ടുണ്ട്, ഭിത്തിയിൽ തീർത്ത പഴയ തടി അലമാര  കുറച്ച് ഭാഗം ചിതൽ എടുത്തിട്ടുണ്ട്. എങ്കിലും അടിച്ചു വാരി വൃത്തിയിൽ ഇട്ടിരിക്കുന്നു.

മുറിയിൽ ,പഴയ കയർവരിഞ്ഞ കട്ടിൽ മാത്രമേ ഉളളൂ…

അയാൾ ഓരോ മുറിയും കയറി ഇറങ്ങി.

അച്ഛന്റെയും അമ്മയുടെയും മുറിയിൽ കയറിയപ്പോൾ ഒരുപാട് ഓർമ്മകൾ അയാളെ പൊതിഞ്ഞു…

പഴയ തടിപ്പെട്ടിക്ക് മുകളിൽ ഒരു പായ ചുരുട്ടി വച്ചിട്ടുണ്ട്.. രണ്ട് കട്ടിലുകൾ അടുപ്പിച്ച്‌ ഇട്ടിരുന്നത് ഇന്നും അങ്ങനെ തന്നെ…

അയാൾ അടുക്കളയിലേക്ക് ചെന്നു.

അമ്മ വിറകടുപ്പിൽ ഓരോന്നും പാകം ചെയ്യുന്നുണ്ടാകുമോ, ഗിരിക്കുട്ടാ നിനക്കിന്നും മൊരിഞ്ഞ ദോശ തന്നെയാണോ വേണ്ടത് എന്ന് അമ്മ ചോദിക്കുന്നുണ്ടോ?? അയാൾ കാതോർത്തു നോക്കി.

ഇല്ല… തീർത്തും മൗനത്തിലാണ് വീട്…

എങ്ങും ശൂന്യതകൾ…

ഗിരിക്കുട്ടാ… വിളിയൊച്ച കേട്ട് അയാൾ തിരിഞ്ഞു നോക്കി.

മധുവിന്റെ കൈ പിടിച്ച് ഹരിയേട്ടൻ അടുത്തേക്ക് വന്നു.

മധു ഒരു കസേര നീക്കിയിട്ട് അതിൽ ഹരിയെ ഇരുത്തി.

ഹരിയേട്ടന് എന്താ പറ്റിയത്? ഇത്രയും അവശനാകാൻ മാത്രം പ്രായമില്ലല്ലോ ഹരിയേട്ടന്, മധു ചോദിച്ചു.

പ്രായം കൂടിപ്പോയത് മനസിനാണ്. ഓരോരോ അസുഖങ്ങൾ പിടികൂടി..ഞാൻ രോഗി ആയതോടെ ഏകമകൻ എന്റെ പേരിൽ ഉണ്ടായിരുന്ന സ്ഥലം ബലമായി എഴുതി മേടിച്ചു. ഭാര്യ എങ്കിലും കൂടെ ഉണ്ടാകുമെന്ന് കരുതി. പക്ഷെ, ഈ രോഗിയായ എന്നെ നോക്കി തീർക്കാനുള്ളതല്ല അവളുടെ ജീവിതം എന്ന് പറഞ്ഞവൾ മകനോടൊപ്പം പോയി.

കർമ്മഫലം… മധു പറഞ്ഞു.

രവിയേട്ടന്റെ സ്ഥലം ഹരിയേട്ടൻ മേടിച്ചിരുന്നല്ലോ അതും മകൻ കൊണ്ടുപോയോ?

ഉവ്വ്… അതും , അച്ഛൻ എനിക്കായി എഴുതി തന്ന സ്ഥലവും, തടിമില്ലും,  അവൻ കൈക്കലാക്കി.

ചതിച്ചു നേടിയതല്ലേ അനുഭവിക്കാൻ യോഗം കിട്ടില്ല. മധു പറഞ്ഞു.

ശരിയാ… പക്ഷെ ഗിരിക്കുട്ടനിൽ നിന്നും ഞാൻ ചതിച്ചു വാങ്ങിയ ആ സ്ഥലം ഞാൻ എഴുതികൊടുത്തില്ല. അതിന്റെ ഉടമസ്ഥൻ ഗിരി ആണെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അതുകൊണ്ടാകും അവൻ കൂടുതൽ അന്വേഷിച്ചില്ല.

അത് നിന്നെ എൽപ്പിക്കാൻ വേണ്ടിയാ ഗിരിക്കുട്ടാ ഞാൻ കാത്തിരുന്നത്..

ഒരുപാട് നിന്നെ അന്വേഷിച്ചു.

നീ വിദേശത്താണെന്ന് ഒടുവിൽ അറിഞ്ഞു

നിന്റെ സ്ഥലത്തിന്റെ അവകാശി നീ മാത്രമാണ്. ഞാൻ ചെയ്ത ഒരു തെറ്റിനെങ്കിലും എനിക്ക് പ്രായിശ്ചിത്തംചെയ്യണം.

ഗിരി ഒരു മറുപടിയും പറഞ്ഞില്ല.

ഹരി തുടർന്നു…

ഈ വീട് അച്ഛനെ നോക്കുന്നവർക്കാണെന്ന് അച്ഛൻ പറഞ്ഞിരുന്നല്ലോ, നീ ജോലിക്ക് ആയി പോയത് കൊണ്ട് ഞാനാണല്ലോ അച്ഛനെ നോക്കിയത്, അതുകൊണ്ട് ഈ വീടും ഒന്നരയേക്കർ സ്ഥലവും എനിക്ക് ആണെന്നാണ് ഞാൻ കരുതിയിരുന്നത്.

പക്ഷെ, ഇത് അച്ഛൻ നിന്റെ പേർക്ക് നേരത്തെ എഴുതി വച്ചിരുന്നു.
ഒരുപക്ഷെ ഞാൻ നിന്നെ ചതിക്കുമെന്ന് അച്ഛൻ മുൻകൂട്ടി കണ്ടിരിക്കാം.
അതാകും ആരോടും പറയാതെ അച്ഛൻ ഇത് നിന്റെ പേരിൽ എഴുതി വച്ചത്.

കുടുംബവക്കീൽ പറയുമ്പോഴാണ് ഞാൻ അതറിഞ്ഞത്.

അതൊരുകണക്കിന് നന്നായി, അതുകൊണ്ട് തെരുവിൽ ഇറങ്ങേണ്ടി വന്നില്ലല്ലോ ഹരിയേട്ടന്.  അല്ലെങ്കിൽ മകൻ ഇതും എഴുതിമേടിച്ച്‌,നിങ്ങളെ ഇവിടുന്ന് ഇറക്കി വിട്ടേനെ. മധു അമർഷത്തോടെ പറഞ്ഞു.

ഗിരിക്കുട്ടാ… ഇതെല്ലാം നിന്നെ ഏൽപ്പിക്കുവാൻ വേണ്ടിയാണ് ഞാൻ ഇത്രനാൾ കാത്ത് നിന്നത്. ഇനി എനിക്ക് പോകാം.

എങ്ങോട്ട്?? ഗിരി ചോദിച്ചു.

രവിയേട്ടൻ ഇവിടെ വൃദ്ധസദനത്തിൽ ഉണ്ട്.ഏട്ടനെ മക്കൾക്ക്‌ വേണ്ടാതായി,അവരൊക്കെ വിദേശത്താണ്.നല്ല നിലയിലാണ്,രവിയേട്ടൻ അവർക്കൊരു ഭാരം ആണെന്ന് തോന്നിയപ്പോൾ ഇവിടെ വൃദ്ധസദനത്തിൽ കൊണ്ട് വന്നാക്കി

ഇനിയുള്ള കാലം  ഞാനും,രവിയേട്ടൻ ഉള്ളിടത്ത് അവരിൽ ഒരാളായി ജീവിക്കാം.
എനിക്കും ആരും ഇല്ലല്ലോ

ഗിരി ഹരിയേട്ടനെ നോക്കി.ചെയ്ത് പോയ തെറ്റിന്റെ കുറ്റബോധം ആ മുഖത്ത് തെളിഞ്ഞു കാണാം.

ഈ അവസ്ഥയിൽ ഹരിയേട്ടനെ ഉപേക്ഷിക്കാൻ തനിക്കാവുമോ??

മോനേ…. ഒന്ന് കൂടെ  എനിക്ക് നിന്നെ ഏൽപ്പിക്കാൻ ഉണ്ട്.

മധൂ.. മച്ചിന്റെ മുകളിൽ  പഴയ സാധനങ്ങൾ കൂട്ടി ഇട്ടിരിക്കുന്നതിന്റെ ഇടയിൽ ഒരു വലിയ ഓട്ട് ഉരുളിയുണ്ട് അതിന്റെ അടിയിൽ ഒരു പെട്ടിയുണ്ട്,അതിങ്ങ് എടുക്കാൻ പറ്റുമോ??

ഞാൻ എടുക്കാം..

അയാൾ പെട്ടിയുമായി ഇറങ്ങി വന്നു

തുറക്ക്… ഹരി പറഞ്ഞു.

തുറന്നതും ആഭരണങ്ങളുടെ തിളക്കം. അച്ഛൻ ഗിരിയെ ഏൽപ്പിച്ച,ഗിരിയുടെ അമ്മയുടെ ആഭരണങ്ങൾ.

ആ ആഭരണങ്ങളാണ്  ഗിരി സൗമിനിയെ ഏൽപ്പിച്ചതും, അന്ന് രാത്രിയിൽ സൗമിനിയെയും കൂട്ടി നാട് വിടാൻ ഗിരി തീരുമാനിച്ചതും

ഒരു നിമിഷം അത് നോക്കി നിന്നതും,ഗിരി ബോധമറ്റ് നിലത്തേക്ക് വീണു..

അയ്യോ… എടാ.. എന്താ പറ്റിയത് മധു അയാളെ കുലുക്കി

മധു… കുറച്ച്‌ വെള്ളം എടുത്തു കൊണ്ടുവാ…മുഖത്ത് തളിക്ക്.ഹരി വെപ്രാളത്തോടെ പറഞ്ഞു.

ചതിയാ…. നിങ്ങൾക്ക് മതിയായില്ലേ?? ഈ സ്വർണവും നിങ്ങൾ കൈക്കലാക്കിയതാണല്ലേ…

മധു വെറുപ്പോടെ അയാളെ നോക്കി.

എന്റെ ഗിരിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ ഞാൻ വെറുതെ വിടില്ല.
മധു കുറച്ച് വെള്ളമെടുത്ത് ഗിരിയുടെ മുഖത്ത് കുടഞ്ഞു..

കുറേ തവണ വെള്ളം കുടഞ്ഞപ്പോൾ ഗിരി കണ്ണ് തുറന്നു.

എന്താടാ… എന്താ പറ്റിയത്?മധു അയാളുടെ മുഖം തുടച്ചു.

നീ കണ്ടില്ലേടാ ഇത്… സ്വർണ്ണവുമായി സൗമിനി പോയതാണെന്ന് ഇത്ര നാൾ വിശ്വസിച്ചു…അല്ലെടാ… എന്റെ സൗമിനി ഒരു തെറ്റും ചെയ്തിട്ടില്ലാ,എല്ലാത്തിനും പിന്നിൽ ഇയാൾ മാത്രമാണ്…

ഗിരി ഹരിയുടെ നേർക്കു വിരൽ ചൂണ്ടി.

ഹരിയുടെ മുഖം കുനിഞ്ഞിരുന്നു.

എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക്? അത്രക്കും സ്നേഹിച്ചതല്ലേ ഞങ്ങൾ.വെറും നൽപ്പത് പവൻ സ്വർണ്ണമല്ലേ ഉളളൂ ,അതിന് വേണ്ടി നിങ്ങൾ കളഞ്ഞത് ഞങ്ങളുടെ ജീവിതം തന്നെയല്ലേ….എന്റെ സ്ഥലം പോലും നിങ്ങളെ വിശ്വസിച്ചു ഞാൻ എഴുതി തന്നതല്ലേ??

ജീവിക്കാൻ അനുവദിച്ചു കൂടായിരുന്നോ ഞങ്ങളെ?? ഇക്കണ്ട കാലമത്രയും എന്റെ മിനിക്കുട്ടി എന്നെ ചതിച്ചെന്നു കരുതി എത്ര വെറുത്തു ഞാൻ അവളെ…

ചതിയനാണ് നിങ്ങൾ… നിങ്ങൾക്ക് മാപ്പില്ല. ഗിരി വിറയലോടെ അയാൾക്ക്‌ നേരെ വിരൽ ചൂണ്ടി.

അല്ല… ഞാനല്ല ചതിച്ചത്.ഹരി പറഞ്ഞു.

പിന്നെ…? പിന്നെ ആരാണ് ? ഗിരി ചോദിച്ചു.

തുടർ ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക