ആഹ്.. ഇത് എഴുത്തുകാരി സേതുലക്ഷ്മിയുടെ മകൾ അല്ലേ, അമ്മയെപ്പോലെ മകളും എഴുത്തിന്റെ ലോകത്തിലേക്ക് മിക്കവാറും കടക്കും എന്നാണ് തോന്നുന്നത്.അയാൾ പറഞ്ഞു.
ഇല്ല…
എന്നാൽ, താൻ കുറച്ചു നേരം കൂടി സ്വപ്നലോകത്തിലൂടെ നടക്ക്. ഞാൻ പോയേക്കാം…
അയാൾ വീട്ടിലേക്ക് നടന്നു.
മഴ പെയ്തു തോർന്നനേരത്തിന് ഒരു പ്രേത്യേക ഭംഗിയാണ്.അമ്മു പതിയെ നടന്നു.
തളം കെട്ടിനിൽക്കുന്ന മഴ വെള്ളത്തിലേക്ക് ഇടയ്ക്കിടെ ഓരോ തുള്ളികൾ പതിക്കുന്നുണ്ട് മതിയാവാത്ത പോലെ അടർന്നു വീഴുന്ന മഴത്തുള്ളികൾ.
മഴ പെയ്തു നനഞ്ഞു കിടക്കുന്ന തൊടിയിലൂടെ അവൾ പതിയെ നടന്നു
അടിമുടി നനഞ്ഞ് പ്രണയാതുരമായ മനസ്സുമായി വൃക്ഷത്തലപ്പുകൾ
ചെറിയൊരു കാറ്റു മതി മരക്കൊമ്പുകളിൽ പറ്റിച്ചേർന്നിരിക്കുന്ന മഴത്തുള്ളികളത്രയും തന്നെ പുണരാൻ. ഒരു അഞ്ചുവയസ്സുകാരിയുടെ കൗതുകത്തോടെ അവൾ മരം പിടിച്ചുലച്ചു. പെയ്യാൻ വിതുമ്പിനിന്ന ജലകണങ്ങൾ അവളുടെ ശരീരത്തിൽ വീണു ചിതറി.
അവൾ പതിയെ മിഴികൾ ചേർത്ത് അടച്ചു. ഉള്ളിലെവിടെയോ പ്രണയത്തിന്റെ വിത്തുകൾ മുളപൊട്ടിയിരിക്കുന്നു എന്നവൾക്ക് തോന്നി.താൻ പോലും അറിയാതെ എവിടെനിന്നോ വന്നു വീണ പ്രണയത്തിന്റെ വിത്ത്. താനത് നട്ടു നനച്ചില്ല,കാത്തു പരിപാലിച്ചില്ല.എന്നിട്ടും ഉള്ളിന്റെയുള്ളിൽ അത് വളര്‍ന്നു തുടങ്ങിയിരിക്കുന്നു.
മഴ വീണ്ടും പൊഴിയാൻ തുടങ്ങിയിരുന്നു.
ഈ മഴത്തുള്ളികൾ എന്താണ് തന്നോട് പറയാൻ ശ്രമിക്കുന്നത് ? ഒരുപക്ഷേ തനിക്കായി പിറന്നവൻ തന്റെ അടുത്തെത്തിയിരിക്കുന്നു എന്നാണോ?
ഹേയ് അമ്മു….വിളിയൊച്ച കേട്ടവൾ തിരിഞ്ഞുനോക്കി.
ഹർഷ് നടന്നു വരുന്നുണ്ട്. മഴയിൽ നിന്നും രക്ഷപ്പെടാൻ എന്നവണ്ണം കൈ തലയ്ക്ക് മുകളിൽ പിടിച്ചിട്ടുണ്ട്.
എന്താ മഴ പെയ്തു തുടങ്ങിയിട്ടും ഇവിടെ നിൽക്കുന്നത് ?അയാൾ ചോദിച്ചു.
ഒന്നുമില്ല.
അപ്പോഴാണ് അയാൾ അവളുടെ മുഖം ശ്രദ്ധിച്ചത്.അവളുടെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു. അവൾ കരയുകയായിരുന്നുവോ? ആ കണ്ണുകളിൽ നിന്നും ഒഴുകിപടർന്ന കൺമഷി, മഴയിൽ അവളുടെ ചുണ്ടുകളിൽ വീണുടയുന്ന മഴത്തുള്ളികൾ പോലും ഒരുവേള ഒഴുകിപ്പോകാതെ പറ്റിപ്പിടിച്ചിരിക്കുവാൻ മോഹിക്കുന്നതുപോലെ അയാൾക്ക് തോന്നി.
അയാൾ അവളുടെ മിഴികളിലേക്ക് നോക്കി.ആത്മാവോളം ഇറങ്ങിച്ചെല്ലുന്ന നോട്ടം.
അവൾ പൊടുന്നനെ മിഴികൾ താഴ്ത്തി കളഞ്ഞു.
മഴ നനയാതെ വരൂ… അയാൾ അവളുടെ കൈകളിൽ പിടിച്ചു.
അയാളുടെ കൈകളിലെ നേർത്ത ചൂട് തന്റെ കൈകളിലേക്ക് പടരുന്നത് അവൾ തിരിച്ചറിഞ്ഞു.
ഉള്ളിൽ ഇതുവരെ തോന്നാത്ത സുഖമുള്ള എന്തോ ഒന്ന് തോന്നുന്നു.
എനിക്ക് ഇയാളോട് പ്രണയമാണോ ? വിവാഹത്തിന് പറ്റി ഇതുവരെ ആലോചിച്ചിട്ട് കൂടിയില്ല.ആരോടും ഇതുവരെ പ്രണയവും തോന്നിയിട്ടില്ല. പക്ഷേ ഇപ്പോൾ ഒരു ഇഷ്ടം തോന്നുന്നു.
ഇയാൾ എന്നും കൂടെ വേണം എന്നൊരു മോഹം.
അയാൾ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.
താൻ ഇത്രയ്ക്ക് പാവമാണെന്ന് കണ്ടാൽ പറയില്ല. താൻ ഒരു സംഭവമാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഹർഷ് പറഞ്ഞു
അങ്ങനെ പെട്ടന്നൊന്നും എന്നെ ആർക്കും മനസ്സിലാവില്ല.അവൾ പറഞ്ഞു
അവർ വീട്ടിലെത്തുമ്പോൾ സേതുലക്ഷ്മി എവിടേക്കോ പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു അമ്മ ഇത് എവിടെ പോകുന്നു
മോളെ പുതിയ കഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് ഇടങ്ങളിൽ പോകാനുണ്ട്.
ഞാനും കൂടി വരാം.അമ്മയ്ക്ക് കൂട്ടിന്.
വേണ്ടമ്മൂ…ഞാൻ പോയിട്ട് വരാം.
എന്താ ആന്റി പുതിയ കഥയുടെ പേര് ഹർഷ് ചോദിച്ചു.
“രാമന്റെ കുഞ്ഞുപെണ്ണ് “അതാണ് പേര്.സേതുലക്ഷ്മി പറഞ്ഞു
പ്രകാശന്റെ ഡ്രൈവർ മനോഹരൻ കാറുമായി മുറ്റത്തെത്തി.
വരൂ…മേഡം. അയാൾ ഡോർ തുറന്നു കൊടുത്തു.
പോയിട്ട് വരാം സേതുലക്ഷ്മി യാത്ര പറഞ്ഞു,കാറിൽ കയറി.
*****************
രാത്രി എല്ലാവർക്കും ഒപ്പം അത്താഴം കഴിക്കുമ്പോൾ ഷൈലയുടെ മുഖത്ത് വല്ലാത്തൊരു വിഷമം പ്രകടമായിരുന്നു.
എന്തുപറ്റി ഷൈലേ മുഖം വല്ലാതെ വാടി ഇരിക്കുന്നല്ലോ ?പ്രകാശൻ ചോദിച്ചു.
നാളെ സേതുലക്ഷ്മിയും അമ്മുവും പോകുമെന്ന് ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു വിഷമമാണ് ഷൈല പറഞ്ഞു.
പോകാതെ പറ്റില്ലല്ലോ,നന്ദേട്ടന്റെ തിരക്ക് അറിയാവുന്നതല്ലേ സേതുലക്ഷ്മി പറഞ്ഞു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ ഹർഷ് ഒളികണ്ണിട്ട് അമ്മുവിനെ നോക്കി.
അവൾ വളരെ ശ്രദ്ധിച്ചു,പതുക്കെയാണ് കഴിക്കുന്നത്. നീതുവിനോട് എന്തോ പറഞ്ഞു ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴി. വല്ലാത്തൊരു നിഷ്കളങ്കതയുണ്ട് അവളുടെ മുഖത്ത്.
ഉള്ളിൽ പ്രണയം പടരുന്നത് ഹർഷ് തിരിച്ചറിഞ്ഞു.
ഇടയ്ക്ക് എപ്പോഴോ കണ്ണുകൾ കൊരുത്തപ്പോൾ അമ്മു മുഖം താഴ്ത്തി.
അത്താഴം കഴിഞ്ഞ് എല്ലാവരും ഹാളിൽ ഒത്തുകൂടി
ഇനിയെന്നാണ് ഇങ്ങനെ നമ്മൾ ഒത്തുകൂടുന്നത് ? ഇനി നിങ്ങൾ പോയാൽ പിന്നെ വരുമോ? മാധവൻ ചോദിച്ചു
ഞങ്ങൾ വരും മുത്തശ്ശാ അമ്മു പറഞ്ഞു.
ഇനി നിങ്ങൾ വരുമ്പോൾ ഈ കിഴവന്മാർ ജീവനോടെ ഉണ്ടായിരിക്കണമെന്ന് തന്നെയില്ല. ശങ്കരൻ പറഞ്ഞു
എല്ലാവരുടെയും മുഖത്ത് മ്ലാനത പരന്നു.
അത് മാറ്റാൻ എന്നോണം ഹർഷ് സേതുലക്ഷ്മിയോടായി പറഞ്ഞു. ആന്റി ഇന്നെന്തായാലും ഒരു കഥ പറയണം.
ശരിയാ…പ്രകാശനും അത് ശരിവെച്ചു
സേതുവിന്റെ ഒരു കഥ കേൾക്കണം എന്നുള്ളത് ഞങ്ങളുടെ ഒരു ആഗ്രഹമാണ് അയാൾ പറഞ്ഞു.
അത് വളരെ നല്ലൊരു കാര്യമാണ് കഥാകാരി തന്നെ കഥ പറയുന്നത് കേൾക്കാൻ കഴിയുന്നത് മഹാഭാഗ്യമാണ്. കസേരയിലിരുന്ന ശങ്കരൻ ഉറക്കെ പറഞ്ഞു
അവരെല്ലാവരും നിർബന്ധിച്ചതോടെ സേതുലക്ഷ്മിക്ക് മറ്റു വഴികൾ ഇല്ലാതെയായി
കഥ കേൾക്കാൻ തയ്യാറെന്നവണ്ണം എല്ലാവരും കാത്തിരുന്നു
ഇതാണ് എല്ലാം തുറന്നു പറയാൻ പറ്റിയ അവസരമെന്ന് സേതുലക്ഷ്മി കരുതി. ശരി ഞാൻ പറയാം സേതു സമ്മതിച്ചു
.എല്ലാവരും അവളുടെ മുഖത്തേക്ക് ആകാംക്ഷയോടെ മിഴികളൂന്നി…
****************
ശരി ഞാൻ പറയാം.സേതു ലക്ഷ്മി സമ്മതിച്ചു
പക്ഷേ ഞാൻ പറയുന്നത്, പഴയ ഒരു കഥയാണ്.വാഹനങ്ങൾ നിരത്തിലൂടെ ഓടാൻ തുടങ്ങിയിരുന്നുവെങ്കിലും കാളവണ്ടി ഉപയോഗിച്ചിരുന്ന സാധാരണക്കാരായ പഴയ ആളുകളുടെ കഥ. അങ്ങനെയൊരു നാട്ടിലെ ഒരു പെണ്ണിന്റെ കഥ.
ഞാൻ പറയുന്നത് ചെല്ലക്കുട്ടിയുടെ കഥയാണ്.
നാട്ടിലെ പേര്കേട്ട തറവാട്ടിലെ ജന്മിയായ ഒരാളുടെ രണ്ടാമത്തെ കുഞ്ഞായിട്ടായിരുന്നു അവളുടെ ജനനം. ചുവന്നു തുടുത്ത മുഖവും തലനിറയെ മുടിയുമുള്ള അവളെ കണ്ടാൽ ആരും എടുത്തൊന്നുമ്മ വയ്ക്കും.
അവളുടെ മൂത്ത സഹോദരൻ നാലുവയസ്സുകാരനായിരുന്നു അവളെ ഏറെ ഇഷ്ടം.
സമ്പന്നതയുടെ നടുവിലേക്ക് പിറന്നുവീണ ചെല്ലക്കുട്ടിയെ പരിചരിക്കാൻ വീട്ടിൽ ധാരാളം ജോലിക്കാർ.
അവളെ കുളിപ്പിക്കാനും,ഒരുക്കാനും, കൊഞ്ചിക്കാനും,ജോലിക്കാരികൾ മത്സരിച്ചു.അവളുടെ ഒന്നാം പിറന്നാൾ ആ നാട്ടിലെ ഉത്സവത്തെക്കാൾ അതിഗംഭീരമായിട്ടായിരുന്നു ആഘോഷിച്ചത്. എല്ലാവർക്കും സദ്യ ഒരുക്കി, നാടുനീളെ വിളിച്ചാഘോഷിച്ച ആ പിറന്നാൾ ആയിരുന്നു അന്ന് എല്ലാവരുടെയും സംസാരവിഷയം.
അങ്ങനെ എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങി ചെല്ലക്കുട്ടി വളർന്നു.
അവൾക്ക് അഞ്ച് വയസ്സ് പ്രായമായി അവളെ അവർ സഹോദരനോടൊപ്പം സ്കൂളിലേക്ക് പറഞ്ഞയച്ചു
പ്രമാണിയായ അവളുടെ അച്ഛനെ ബഹുമാനിക്കുന്നവരായിരുന്നു സ്കൂളിലെ അധ്യാപകർ.
അധ്യാപകർക്ക് പോലും അവളോട് ആയിരുന്നു ഏറെ ഇഷ്ടം.
കൊച്ചു ചെല്ലക്കുട്ടിയുടെ ചേലൊത്ത കണ്ണുകളിൽ നിറയെ കൗതുകമായിരുന്നു . ചെല്ലക്കുട്ടിക്ക് അവളുടെ അച്ഛനോട് വലിയ സ്നേഹമായിരുന്നു.അവളുടെ അച്ഛനെ കാണുമ്പോൾ ആളുകൾ അച്ഛന് വഴിമാറി കൊടുക്കും. നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരും അച്ഛന്റെ അടുത്താണ് വരുന്നത്. അതുകൊണ്ടുതന്നെ അച്ഛൻ ദൈവമാണെന്നാണ് കൊച്ചു ചെല്ലക്കുട്ടി കരുതിയിരുന്നത്.
ചെല്ലക്കുട്ടി രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയം. സ്കൂൾ വിട്ടുവന്ന ചെല്ലക്കുട്ടിയും സഹോദരനും കണ്ടത് കണ്ണീരോടെ ഇരിക്കുന്ന അവരുടെ അമ്മയെയാണ്
ജോലിക്കാരികൾ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്
കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലുംചെല്ലക്കുട്ടിക്ക് വല്ലാത്ത സങ്കടം തോന്നി .
രാത്രിയായപ്പോൾ ആദ്യമായി അച്ഛനും അമ്മയും തമ്മിൽ വഴക്കിടുന്നത് ചെല്ലക്കുട്ടി കണ്ടു. അവൾക്ക് വല്ലാത്ത ഭയം തോന്നി.ജോലിക്കാരുടെ സംസാരത്തിൽ നിന്നും തന്റെ അച്ഛന് പല സ്ത്രീകളുമായി ബന്ധമുണ്ടെന്നും, അതറിഞ്ഞ് അമ്മ വഴക്കിട്ടെന്നും ചെല്ലക്കുട്ടിയുടെ സഹോദരന് മനസ്സിലായി.
നാട്ടിലെ പ്രമാണിയെ ആര് ചോദ്യം ചെയ്യാൻ
ദിവസങ്ങൾ കഴിയുംതോറും വഴക്ക് കൂടി കൂടി വന്നു.ചെല്ലക്കുട്ടി വല്ലാതെ പേടിച്ചു വിറച്ചു
ഒരു ദിവസം അച്ഛന്റെ പണിക്കാർ അമ്മയെ ബലമായി മുറ്റത്തേക്ക് വലിച്ചിഴച്ച് ഇറക്കി വിട്ടു..
എന്റെ കുഞ്ഞുങ്ങളെ എനിക്ക് വേണം എന്ന് പറഞ്ഞ് കരഞ്ഞ അമ്മയെ അച്ഛൻ അന്ന് വല്ലാതെ ഉപദ്രവിച്ചു.
ഇറങ്ങിപ്പോ…എന്നു പറഞ്ഞു.
കണ്ണീരോടെ തന്റെ കുഞ്ഞുങ്ങളെ തിരിഞ്ഞു നോക്കി തിരിഞ്ഞുനോക്കി നടന്നു പോകുന്ന അമ്മക്കൊപ്പം പോകാൻതുടങ്ങിയ ചെല്ലക്കുട്ടിയെ അച്ഛന്റെ ജോലിക്കാർ ബലമായി അകത്തേക്ക് കൊണ്ടുപോയി.
ആദ്യമായി ചെല്ലക്കുട്ടിക്ക് അച്ഛനോട് വല്ലാത്ത ദേഷ്യം തോന്നി.തന്റെ അമ്മയെ കാണാനും ആ മടിയിൽ തലചായ്ച്ചുറങ്ങുവാനും അവളുടെ മനസ്സ് കൊതിച്ചു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജോലിക്കാരിൽ നിന്നും അവൾ മറ്റൊരു വാർത്ത അറിഞ്ഞു. തന്റെ അമ്മ മരിച്ചിരിക്കുന്നു
മക്കളെ കുറിച്ചോർത്ത് ആധിപിടിച്ചാണ് ആ അമ്മ മരിച്ചതെന്ന് ജോലിക്കാരികൾ അടക്കം പറഞ്ഞു
അമ്മയെ കാണണമെന്ന് പറഞ്ഞ് വാശിപിടിച്ച ചെല്ലക്കുട്ടിയെയും സഹോദരനെയും അച്ഛൻ നിസംഗതയോടെയാണ് നോക്കിയത്.
അമ്മയെ അവസാനമായി കാണാൻ സമ്മതിക്കാത്ത അച്ഛനെ അവൾക്ക് വെറുപ്പായി
അച്ഛനെ കാണുമ്പോഴെല്ലാം കൊച്ചുചെല്ലക്കുട്ടിക്ക് പേടിയായി തുടങ്ങി.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു കൊണ്ടു വന്നു.അതോടെ ചെല്ലക്കുട്ടിയുടെ ജീവിതംദുരിത പൂർണമായി.
ചെല്ലക്കുട്ടി നാലാം ക്ലാസ്സിൽ എത്തിയപ്പോൾ, രണ്ടാനമ്മയ്ക്ക് ഒരു ആൺകുട്ടി ജനിച്ചു അതോടെ രണ്ടാനമ്മ അവളുടെ പഠിപ്പ് മുടക്കി
അങ്ങനെ കണ്ണീരോടെ ആ പത്തു വയസ്സുകാരി പഠിത്തം നിർത്തി
ആൺകുട്ടി ആയതുകൊണ്ടും പഠിക്കണമെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയതുകൊണ്ടും ചെല്ലക്കുട്ടി യുടെ മൂത്ത സഹോദരനെ അവർ പഠിക്കാൻ അയച്ചു.
പ്രതാപം അല്പം മങ്ങിയ കാലമായിരുന്നതിനാൽ, രണ്ടാനമ്മ ജോലിക്കാരികളെ ഒക്കെ പറഞ്ഞയച്ചിരുന്നു. വീട്ടിലെ ജോലികളൊക്കെ ചെല്ലക്കുട്ടിയുടെ ചുമലിൽ ആയി.
കുഞ്ഞിനെ നോട്ടവും വീട്ടിലെ ജോലിയും ചെല്ലക്കുട്ടിക്ക് വല്ലാത്ത ഭാരമായിരുന്നു
എല്ലാം കണ്ടിട്ടും അവളുടെ അച്ഛൻ ഒന്നുമറിയാത്ത മട്ടിലിരുന്നു.
അങ്ങനെ ദുരിതങ്ങളോടു മല്ലടിച്ച് ചെല്ലക്കുട്ടി വളർന്നു
ചെല്ലക്കുട്ടിക്ക് പതിനഞ്ചു വയസ്സ് പ്രായമായി.
ആരും നോക്കി നിന്നു പോകുന്ന സുന്ദരിയായിരുന്നു അവൾ. നീലിമ പടർന്ന കണ്ണുകളും, വെളുത്ത സുന്ദരമായ മുഖവും,അരയ്ക്കു താഴെ നീണ്ടുകിടക്കുന്ന കരുത്തുള്ള മുടിയും. കാണുംതോറും സൗന്ദര്യം ഏറി വരുന്ന ഒരു അപ്സരസായിരുന്നു അവൾ.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവർ പോലും ചെല്ലക്കുട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി പടികടന്നു വന്നു. പക്ഷേ സ്ത്രീധനം കൊടുത്തു വിവാഹം കഴിപ്പിച്ചയക്കാൻ അവളുടെ രണ്ടാനമ്മക്ക് സമ്മതമായിരുന്നില്ല. അത്കൊണ്ട് തന്നെ വരുന്ന വിവാഹാലോചനകൾ എല്ലാം അവർ മുടക്കി കൊണ്ടിരുന്നു.
ഒടുവിൽ വീട്ടിൽ കാളവണ്ടി ഓടിക്കാൻ നിർത്തിയിരുന്ന രാമൻ എന്ന ചെറുപ്പക്കാരൻ നല്ലവനാണെന്നും ചെല്ലക്കുട്ടിക്ക് അവനോട് അടുപ്പമുണ്ടെന്നും രണ്ടാനമ്മ ഭർത്താവിനെ പറഞ്ഞു ധരിപ്പിക്കുന്നു. നുണ പറഞ്ഞ്ഫലിപ്പിക്കുന്നതിൽ അവർ വിജയിച്ചു.
അങ്ങനെ രണ്ടാം ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി ചെല്ലക്കുട്ടിയുടെ അച്ഛൻ അവളെ രാമൻ എന്ന കാളവണ്ടിക്കാരന് വിവാഹം ചെയ്തുകൊടുത്തു.
രാമന്റെ കൈപിടിക്കുമ്പോൾ ചെല്ലക്കുട്ടിക്ക് പതിനാറു വയസ്സ് പ്രായം.
സ്വന്തം മകളെ കാളവണ്ടിക്കാരനൊപ്പം വിവാഹം കഴിപ്പിച്ച പ്രമാണിയായ അച്ഛനെതിരെ അന്നാട്ടുകാർ അന്ന് ആദ്യമായി പ്രതികരിച്ചു.
ചെല്ലക്കുട്ടിയെ അത്രയേറെ സ്നേഹിച്ചിരുന്നു ആ നാട്ടുകാർ.
പ്രതാപിയായ അച്ഛന് ചെല്ലക്കുട്ടിയും ഭർത്താവും ആ നാട്ടിൽ നിൽക്കുന്നത് നാണക്കേടായി തോന്നി
അങ്ങനെ അല്പം പണം രാമന്റെ കയ്യിൽ ഏൽപ്പിച്ചിട്ട് ആ നാട്ടിൽ നിന്നും നിങ്ങൾ പോകണമെന്ന് അയാൾ അവരോട് അഭ്യർത്ഥിച്ചു.
അഭിമാനിയായ രാമൻ ആ പണം തിരിച്ചു കൊടുത്തിട്ട്,ചെല്ലക്കുട്ടിയുടെ കയ്യും പിടിച്ച് അവിടെ നിന്നും ഇറങ്ങി.
ചെല്ലക്കുട്ടിയുടെ ഇരുപതുകാരനായ മൂത്ത സഹോദരൻ സ്വന്തം കാര്യം നോക്കാൻ അന്നേ ശീലിച്ചിരുന്നു.
അങ്ങനെ മറ്റൊരു നാട്ടിൽ രാമനും ചെല്ലക്കുട്ടിയും, കയ്യിൽ ഉണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കി ഒരുതുണ്ടു ഭൂമി സ്വന്തമായി വാങ്ങി.
അതിലൊരു നാല് കാൽ പുരയും പണിത് അവിടെ താമസം തുടങ്ങി.
രാമൻ നന്നായി അധ്വാനിക്കുന്ന ആൾ ആയിരുന്നു. അങ്ങനെ നന്നായി ജോലിയെടുത്ത് അയാൾ കുറച്ചു നാളുകൾ കൊണ്ട് നാലേക്കർ കൃഷി ഭൂമി സ്വന്തമാക്കി.
ചെല്ലക്കുട്ടി സന്തോഷിച്ച നാളുകളായിരുന്നു അത്. അവരുടെ സന്തോഷത്തിന് ഇരട്ടിമധുരം എന്നോണം ചെല്ലക്കുട്ടി ഗർഭിണിയായി. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം ജനിക്കാനിരിക്കുന്ന കുഞ്ഞിലായിരുന്നു.
ആ നാട്ടിൽ ആദ്യമായി വൈദ്യുതി എടുത്ത വീട് രാമന്റെതായിരുന്നു. എന്ത് കാര്യത്തിനും മുന്നിൽ നിൽക്കുന്ന രാമനെയും നിഷ്കളങ്കയായ ചെല്ലക്കുട്ടിയെയും ആ നാട്ടിലുള്ളവർക്ക് ഒരുപാട് ഇഷ്ടമായിരുന്നു.
പക്ഷേ സന്തോഷത്തിന്റെ നല്ല നാളുകൾ അധികം നീണ്ടുനിന്നില്ല.പ്രസവിച്ച നാലാം നാൾ ആദ്യത്തെ കണ്മണിയായ ആൺകുഞ്ഞ് മരണപ്പെട്ടു
ചെല്ലക്കുട്ടിയെ ആശ്വസിപ്പിക്കാൻ രാമന് കഴിഞ്ഞില്ല അവളുടെ മാനസികനില തെറ്റി.
അങ്ങനെ പ്രാർത്ഥനയും ചികിത്സയുമായി കുറെ നാൾ…
പതിയെ പതിയെ ചെല്ലക്കുട്ടി ജീവിതത്തിലേക്ക് മടങ്ങി വന്നു.
വീട്ടിലിരുന്ന് മുഷിയാൻ അവൾക്ക് ഇഷ്ടമായിരുന്നില്ല,അവളും രാമനോടൊപ്പം മണ്ണിൽ പണിയെടുത്തു.
ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ട വേദന അവളെ ഇടയ്ക്കിടെ തളർത്തുമായിരുന്നെങ്കിലും, വർഷങ്ങൾക്കിപ്പുറം ചെല്ലക്കുട്ടി രണ്ടാൺകുഞ്ഞുങ്ങൾക്കും,രണ്ട് പെൺകുഞ്ഞുങ്ങൾക്കും കൂടി ജന്മം നൽകി
കാലങ്ങൾ അതിവേഗം കടന്നുപോയി
ചെല്ലക്കുട്ടിയുടെ മൂത്ത മകൻ വിവാഹിതനായി.
രാമൻ അവർക്കൊരു വീട് നിർമ്മിച്ചവരെ മാറ്റി പാർപ്പിച്ചു
അവരുടെ രണ്ടാമത്തെ മകളായ ജലജ പത്താം ക്ലാസിൽ പഠിക്കുന്ന സമയം.
ഒരു ദിവസം അവൾ സ്കൂളിൽ നിന്നും മടങ്ങിവന്നത് കടുത്ത പനിയുമായിട്ടായിരുന്നു.
ആശുപത്രികൾ തോറും കയറിയിറങ്ങിയിട്ടും അവളുടെ പനിക്ക്ശമനം ഉണ്ടായിരുന്നില്ല.
ഒടുവിൽ ഒരു ഡോക്ടർ പറഞ്ഞു അവൾക്ക് കടുത്ത മഞ്ഞപ്പിത്തം ആണെന്നും തെറ്റായ ചികിത്സ മൂലം മഞ്ഞപ്പിത്തം കൂടി പ്രധാന അവയവങ്ങളെ ബാധിച്ചിരിക്കുന്നു എന്നും.അധികം വൈകാതെ അവൾ മരണപ്പെടുമെന്നും
ആ വാർത്ത ആർക്കും താങ്ങാൻ കഴിയുമായിരുന്നില്ല. ജലജയുടെ രോഗം ദിനംപ്രതി വർദ്ധിച്ചു വന്നു
ജലജിയുടെ അനുജത്തി എട്ടാം ക്ലാസിൽ പഠിക്കുന്ന വത്സയ്ക്കായിരുന്നു ജലജയോട് ഏറ്റവും അടുപ്പം. അവരെപ്പോഴും ഒരുമിച്ചായിരുന്നു.
ഒരേ പാത്രത്തിൽ ആഹാരം കഴിക്കുകയും ഒരുമിച്ചുറങ്ങുകയും ചെയ്യുന്ന ആ സഹോദരിമാർ എല്ലാക്കാര്യത്തിലും ഐക്യമുള്ളവർ ആയിരുന്നു.
വത്സ ഇരുനിറക്കാരിയായിരുന്നു ജലജയെ പോലെ അധിക സംസാരമൊന്നും വത്സക്കില്ലായിരുന്നു. ആവശ്യത്തിനുമാത്രം സംസാരിക്കുന്ന വളരെ ഒതുങ്ങിയ സ്വഭാവമായിരുന്നു വത്സക്ക്.
ചേച്ചി ജലജയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് വത്സക്ക് ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു.
അവർക്ക് ഒരു കുഞ്ഞനിയൻ കൂടിയുണ്ട്.
അവനെ വിവാഹിതനായി മാറി താമസിക്കുന്ന മൂത്ത ചേട്ടനും ഭാര്യയും കൂടിയാണ് നോക്കുന്നത് .
ചെല്ലക്കുട്ടിയും രാമനും ജലജയോടൊപ്പം ആശുപത്രിയിലായിരുന്നു.
ജലജയില്ലാത്ത വീടിനെക്കുറിച്ച് ഓർത്തപ്പോൾ വത്സക്ക് തോന്നി തന്റെ സഹോദരിക്കില്ലാത്ത ജീവിതം തനിക്കും വേണ്ടെന്ന്.
ഒന്നും ആലോചിക്കാൻ നിൽക്കാതെ അവൾ റബ്ബർ തോട്ടത്തിലെത്തി. റബർ പാലിനൊഴിക്കാൻ വെച്ചിരുന്ന ആസിഡ് എടുത്തു കുടിച്ചവൾ ആ. ത്മ. ഹത്യയ്ക്ക് ശ്രമിച്ചു.
അവളെ കാണാതെ തേടി ഇറങ്ങിയ സഹോദരന്മാരും നാട്ടുകാരും കണ്ടത്
ര. ക്തം ഛ. ർദിച്ച് അവശനിലയിൽ കിടക്കുന്ന വത്സയെയാണ്.
ആശുപത്രിയിൽ എത്തിച്ച ഉടനെ അവളെ I C U വിലേക്ക് മാറ്റി.
മരണത്തിന്റെ വക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ജലജ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
ജലജയെ കാണാൻ ആരെയും അനുവദിക്കുന്നില്ലായിരുന്നെങ്കിലും ചേച്ചിയെ കാണണമെന്ന് വത്സ ശാഠ്യം പിടിച്ചു . അസുഖം കുറഞ്ഞിട്ട് കാണിക്കാം എന്ന് പറഞ്ഞവളെ ആശ്വസിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ വത്സ മരണത്തിന് കീഴടങ്ങി.
അങ്ങനെ അനുജത്തിയുടെ ജീവൻ പകരം എടുത്ത് ദൈവം ജലജയെ ജീവിക്കാൻ അനുവദിച്ചു
മൂത്തമകളുടെ രോഗവും,ഇളയ മകളുടെ മരണവും നിർഭാഗ്യവതിയായ ചെല്ലമ്മയെ തളർത്തി.
അവൾ വീണ്ടും മാനസിക രോഗിയായി മാറി.ആരോടും അവൾ സംസാരിക്കാതെ ആയി. ഇടയ്ക്കിടെ അവൾ വീട് വിട്ട് ഇറങ്ങി പോകാൻ തുടങ്ങിയതോടെ സഹിക്കെട്ട രാമൻ ചെല്ലമ്മയെ മുറിയിൽ അടച്ചു.
എന്നാൽ ദൈവത്തിനോട് നിരന്തരം കേണപേക്ഷിച്ചും ആയുർവേദ ചികിത്സയിലൂടെയും രാമനവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു
ഇക്കാലത്തൊന്നും ചെല്ലക്കുട്ടിയുടെ വീട്ടുകാർ ആരും തന്നെ അവരെ അന്വേഷിക്കുക പോലും ചെയ്തില്ല
ഒരു ദിവസം വളരെ യാദൃശ്ചികമായി രാമൻ ചെന്ന കുട്ടിയുടെ സഹോദരനെ കണ്ടുവെങ്കിലും അയാൾ പരിചിതഭാവം കാണിച്ചില്ല.
മാസങ്ങൾക്ക് ശേഷം ഒരു ദിവസം ചെല്ലക്കുട്ടിയുടെ സഹോദരൻ അവരുടെ വീട്ടിൽ എത്തുന്നു. അച്ഛൻ മരണപ്പെട്ടുവെന്നും ചെല്ലക്കുട്ടിയെ അറിയിക്കാൻ കഴിഞ്ഞില്ല എന്നും ക്ഷമാപണം നടത്തി.
അതായിരുന്നു അവസാനത്തെ കൂടി കാഴ്ച.
രാമനും ചെല്ലമ്മയും ഒരേ ഒരു മകളായി ജലജ വിവാഹം കഴിപ്പിച്ചയച്ചു
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ജലജ ഭർത്താവിനോടൊപ്പം വിദേശത്തേക്ക് പോയി.
അങ്ങനെ രാമനും ചെല്ലക്കുട്ടിയും ഇളയ മകനും മാത്രമായി വീട്ടിൽ
ചെല്ലക്കുട്ടി ധാരാളം മൃഗങ്ങളെ വളർത്തിയിരുന്നു. ഒഴിവു വേളകൾ കിട്ടുമ്പോൾ വത്സയുടെ ഓർമ്മകൾ മനസ്സിലേക്ക് ഓടി വരുന്നത് ചെല്ലക്കുട്ടിക്ക് തടയണമായിരുന്നു..
താൻ നെഞ്ചിൽ ചേർത്തുപിടിച്ചു നടന്ന തന്റെ പൊന്നുമകളെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ അമ്മയ്ക്ക് ഹൃദയം നുറുങ്ങുന്ന വേദന തോന്നും. അതുകൊണ്ടുതന്നെ ചെല്ലക്കുട്ടി എപ്പോഴും തിരക്കുകളിൽ മുഴുകാൻ ശ്രദ്ധിച്ചു.
പക്ഷേ അവരുടെ ജീവിതത്തിലേക്ക് വീണ്ടും വീണ്ടും ദുരിതങ്ങൾ പടി കയറി വന്നു.
എന്തോ വാശി പോലെ ഓരോരോ ദുരിതങ്ങളും ആ കുടുംബത്തിൽ തന്നെ കൃത്യമായി എത്തി.
പത്താം ക്ലാസിൽ തോറ്റ ഇളയ മകൻ നാടുവിട്ടതോടെ ആ വലിയ വീട്ടിൽ രാമനും ചെല്ലക്കുട്ടിയുംമാത്രമായി.
അവർ ഇളയ മകനെ ഓർത്ത് കണ്ണീരൊഴുകി.
ഒരുപാട് തിരഞ്ഞുവെങ്കിലും അവനെ കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല.
കണ്ണീരോടെയുള്ള അവരുടെ ആ കാത്തിരിപ്പ് വർഷങ്ങളോളം നീണ്ടു.
ഒടുവിൽ അവന് എന്തെങ്കിലും അപകടം പിണഞ്ഞോ എന്നുപോലും അവർ ചിന്തിച്ചു.
മകനെ കുറിച്ചോർത്ത് എന്നും വിഷമിച്ച രാമൻ തല ഞരമ്പ് പൊട്ടി ആശുപത്രിയിലായി.
ആർത്തലച്ച് നെഞ്ചുപൊട്ടി കരയുന്ന ചെല്ലക്കുട്ടിയെ പോലും രാമൻ തിരിച്ചറിഞ്ഞില്ല.
എന്നും മക്കളെ ഓർത്ത് വേദന തിന്ന ആ നല്ല മനുഷ്യന്റെ ആയുസ്സ്, ആശുപത്രിയിലായഏഴാമത്തെ ദിവസം ദൈവം മടക്കിയെടുത്തു.
വെള്ളത്തുണിയിൽ പൊതിഞ്ഞ തന്റെ ഭർത്താവിന്റെ രൂപത്തിലേക്ക് ചെല്ലക്കുട്ടി ഒന്നേ നോക്കിയുള്ളൂ.
എന്നും താങ്ങും തണലുമായി നിന്ന ആളാണ്. തന്റെ മക്കളുടെ അച്ഛനാണ്.
രണ്ടാനമ്മയുടെ ക്രൂരതയിൽ നിന്നും തന്നെ രക്ഷിച്ച, പരിപാലിച്ച,തന്റെ പുരുഷനാണ് ജീവനില്ലാത്ത തണുത്തുറഞ്ഞ ശരീരവുമായി കിടക്കുന്നത്
ഭർത്താവിനൊppamഎരിഞ്ഞടങ്ങാൻ അവൾ വല്ലാതെ മോഹിച്ചു.
വീണ്ടും അവൾ ഭ്രാന്തിയായി മാറുമോ എന്ന് മക്കൾ വല്ലാതെ പേടിച്ചു പക്ഷേ തളർന്നു വീണില്ല
എപ്പോഴും ദുരിതങ്ങൾ മാത്രം തരുന്ന ദൈവത്തെ അവൾ വെറുത്തു .
ഇനി താൻ ജീവിതത്തിൽ കരയില്ല എന്ന് അവൾ പ്രതിജ്ഞയെടുത്തു.
ദിവസങ്ങൾ കഴിഞ്ഞ് അവൾ പറമ്പിൽ ഇറങ്ങി പണിയെടുത്തു, ഭാരപ്പെട്ട ജോലികൾ പണിക്കാരെ വെച്ച് ചെയ്യിപ്പിച്ചു. അവൾക്ക് തോൽക്കാൻ മനസ്സിലായിരുന്നു.
അമ്മയെ ഇനിയും ഒറ്റയ്ക്ക് ആക്കാൻ പറ്റില്ല അതുകൊണ്ട് വിദേശവാസം മതിയാക്കി നാട്ടിൽ കൂടാനുള്ള ജലജയുടെ നിർബന്ധപ്രകാരം ജലജയുടെ ഭർത്താവ് അവിടുത്തെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് തിരികെ വന്നു..
വർഷങ്ങൾ കടന്നുപോയി ചെല്ലക്കുട്ടിക്ക് വയസ്സായി.
മുടി മുഴുവനും നരച്ചു പക്ഷേ ആ പ്രായത്തിലും ചെല്ലക്കുട്ടിയുടെ മുഖത്ത് നല്ല തേജസ് ആയിരുന്നു. അക്കാലങ്ങളിൽ ജലജയുടെ ഭർത്താവ് ഡൽഹിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജലജ ഡൽഹിയിലും നാട്ടിലുമായി മാറി മാറി നിന്നു.
ജലജ നാട്ടിൽ ഇല്ലാത്തദിവസങ്ങളിൽ ജലജയുടെ മൂത്ത സഹോദരൻ ചെല്ലക്കുട്ടിക്ക് കൂട്ടുകിടന്നു.
ഒരു ദിവസം പ്രതീക്ഷിക്കാത്ത ഒരാൾ ആ വീട്ടിലേക്ക് കടന്നുവന്നു.
****************
നാടുവിട്ട ഇളയ മകൻ…
അവനിതാ തിരിച്ചു വന്നിരിക്കുന്നു.
പഴയ പതിനഞ്ചുകാരനിൽ നിന്നും അവൻ ഒരുപാട് വളർന്നിരിക്കുന്നു.
മുടി നീട്ടി വളർത്തി മെലിഞ്ഞു പൊക്കമുള്ള മുപ്പത്തിരണ്ടു വയസ്സുകാരനായി അവൻ മാറിയിരിക്കുന്നു.
അവന്റെ ശരീരത്തിൽ ധാരാളം ത . ല്ലുകൊണ്ട് പാടുകളും വെ . ട്ടുകൊ. ണ്ടതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു.
തന്റെ മകന്റേത് നല്ലൊരു ജീവിതമായിരുന്നില്ല എന്ന് ചെല്ലക്കുട്ടിക്ക് മനസ്സിലായി. ഒരുപക്ഷേ അവനൊരു ഗു. ണ്ടാ നേതാവോ, കൊ . ലപാതകിയോ ആണോ എന്ന് വരെ ചെല്ലക്കുട്ടിക്ക് സംശയം തോന്നി. പക്ഷേ അതേക്കുറിച്ച് മകനോട് ചെല്ലക്കുട്ടി ഒന്നും ചോദിച്ചില്ല
ഒരുപാട് നാളുകൾക്ക് ശേഷം ചെല്ലക്കുട്ടി അന്ന് ദൈവത്തിന്റെ മുന്നിൽ, തന്റെ മകനെ തിരിച്ചു തന്നതിന് നന്ദി പറഞ്ഞു.
ഇനിയെന്നും തന്റെ മകൻ തനിക്കൊപ്പം ഉണ്ടാകും എന്ന് ചെല്ലക്കുട്ടി കരുതി.
ഇനിയൊരിക്കലും അവൻ തന്നെ വിട്ടു പോകരുതെന്ന് അവർ ആഗ്രഹിച്ചു
കൃഷിയൊക്കെ അവൻ നന്നായി നോക്കി നടത്തി.ചെല്ലക്കുട്ടിക്ക് അതൊരു ആശ്വാസം തന്നെയായിരുന്നു.
ചെല്ലക്കുട്ടി അവന്റെ വിവാഹം നടത്തി.
മരുമകളായി കടന്നുവന്ന പെണ്ണിന് പക്ഷേ ചെല്ലക്കുട്ടിയെ ഇഷ്ടമല്ലായിരുന്നു.
അവളുടെ ആഗ്രഹം ഭർത്താവ് മാത്രമുള്ള ഒരു ജീവിതമായിരുന്നു .
അവൾ ഭർത്താവിനെയും അമ്മയെയും തമ്മിൽ തെറ്റിച്ചു.
അയാൾ ഭാര്യ പറയുന്നത് വിശ്വസിച്ചു.
ഭക്ഷണം പോലും കൊടുക്കാതെ അവർ ചെല്ലക്കുട്ടിയെ പട്ടിണിക്കിട്ടു. ഭക്ഷണം കാര്യമായി ലഭിക്കാതെ ആയതോടെ ചെല്ലക്കുട്ടി വല്ലാതെ ക്ഷീണിച്ചു.
വിവരമറിഞ്ഞ് മറ്റു മക്കൾ എല്ലാവരും ചേർന്ന് ഇളയവനോട് അവിടെ നിന്നും മാറണം എന്നു പറഞ്ഞു. സ്വത്ത് ഭാഗം വച്ചു.
വീടും വീടിനോട് ചേർന്നു കിടക്കുന്ന നാല്പത് സെന്റ് വസ്തുവും ചെല്ലമ്മയുടെ പേരിലാണ്.ബാക്കി ആൺമക്കൾ പങ്കിട്ടെടുത്തു. ഇളയ മകനും ഭാര്യയും അവിടെ നിന്നും താമസം മാറി.
ആ വീട്ടിൽ ചെല്ലമ്മ മാത്രമായി.
ഈ പ്രായത്തിൽ അമ്മ ഇനി ഒറ്റയ്ക്ക് കിടക്കണ്ടാ എന്ന് പറഞ്ഞ് ജലജ അമ്മയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. മകളുടെ കൂടെ ജീവിച്ച നാളുകൾ സന്തോഷത്തിന്റേതായിരുന്നു
ഒരു ദിവസം ചെല്ലക്കുട്ടി പറഞ്ഞു തനിക്ക് തന്റെ വീട്ടിൽ പോകണമെന്നും തന്നെ ഭർത്താവ് പണിത വീട്ടിൽ അദ്ദേഹത്തിന്റെ ഓർമ്മകളോടൊപ്പം കഴിയണമെന്നും
ചെല്ലക്കുട്ടിയുടെ നിർബന്ധം സഹിക്കവയ്യാതെരണ്ട് ദിവസത്തേക്ക് സ്വന്തം വീട്ടിൽ നിർത്താൻ തീരുമാനിക്കുന്നു.
അങ്ങനെ ജലജയും ചെല്ലക്കുട്ടിയും ആ വീട്ടിൽ തിരിച്ചെത്തി.
രണ്ടുദിവസത്തിനുശേഷം മടങ്ങാൻ ആയിരുന്നു തീരുമാനം.
പക്ഷേ അവിടെയെത്തിയ ചെല്ലക്കുട്ടി വീണു കാലിന് പരിക്ക് പറ്റി.
ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല എന്നും പറഞ്ഞവർ മടക്കി.
പക്ഷേ മുറിവുകൾ ഒന്നും ഇല്ലാഞ്ഞിട്ടും ചെല്ലക്കുട്ടിയുടെ ഇടം കാൽ മുട്ടിനൊപ്പം പഴുത്ത് വ്രണം തിരിഞ്ഞു.വിരലുകൾ അറ്റു പോകാറായി.
ജലജ ഒരു കുഞ്ഞിനെ പോലെ അമ്മയെ നോക്കി. ഒരു മാസം കൊണ്ട് ചെല്ലക്കുട്ടിക്ക് അല്പം ഭേദപ്പെട്ടു. കാൽ ഉണങ്ങി തുടങ്ങി.തനിയെ അല്പം നടക്കാൻ ഒക്കെ തുടങ്ങി
അങ്ങനെയിരിക്കെ ഒരു ദിവസം ജലജയുടെ ഭർത്താവിന്റെ അച്ഛന് അപകടം പറ്റി ആശുപത്രിയിലായി രണ്ടുദിവസം ചെല്ലക്കുട്ടിയുടെ അടുത്തുനിന്നും ജലജയ്ക്ക് മാറി നിൽക്കേണ്ടതായി വന്നു.
മൂത്ത സഹോദരനെ ചെല്ലക്കുട്ടിയുടെ അടുത്താക്കിയ ശേഷമാണ് ജലജ പോയത്.
രണ്ടാമത്തെ ദിവസം പുലർച്ചെ സഹോദരന്റെ വിളി വന്നു അമ്മയ്ക്ക് അസുഖം കൂടുതലാണ്.
വെപ്രാളത്തോടെ ഓടി വന്ന മകൾ കണ്ടത് തീരെ അവശനിലയിൽ ആയ ചെല്ലക്കുട്ടിയെയാണ്.
മകൾ വന്നതറിഞ്ഞ് ചെല്ലക്കുട്ടി പതിയെ മിഴികൾ തുറന്നു . നീ വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ… അച്ചായി വിളിക്കുന്നുണ്ട് ഞാൻ പോകുവാ…വ്യക്തമല്ലാത്ത സ്വരത്തിൽ ചെല്ലക്കുട്ടി പറഞ്ഞു.
ജലജയ്ക്ക് മനസ്സിലായി തന്റെ അമ്മ മരണത്തിന്റെ വക്കിൽ ആണെന്ന്.
മകളുടെ കയ്യിൽ നിന്നും അവസാന തുള്ളി വെള്ളവും കുടിച്ച് ചെല്ലക്കുട്ടി മകളുടെ മുഖത്തേക്ക് നോക്കി. ഒരു കുഞ്ഞിനെ പോലെ തന്നെ നോക്കിയ തന്റെ മകളോടുള്ള നന്ദി ആ മിഴികളിൽ തിളങ്ങുന്നുണ്ടായിരുന്നു. ചെല്ലക്കുട്ടി മകളുടെ കയ്യിൽ പിടിച്ചു. പറയാൻ എന്തോ ബാക്കിയുള്ളത് പോലെ….മകളുടെ മുഖത്തേക്ക് നോക്കിക്കിടന്ന് അമ്മ എന്നെന്നേക്കുമായി കണ്ണുകൾ അടച്ചു.
എന്തിനായിരുന്നു ചെല്ലക്കുട്ടി ജീവിച്ചത്?
എന്തിനായിരുന്നു ആരെയും നോവിക്കാത്ത അവൾക്ക് ദൈവം ഇത്രയും ദുരിതങ്ങൾ നൽകിയത് ?
ഒരേ വയറ്റിൽ പിറന്നിട്ടും സ്വന്തം സഹോദരൻ അവളോട് നീതി കാണിച്ചോ ?
എന്തിനേറെ പറയുന്നു സ്വന്തം പിതാവ് അവളോട് നീതി കാണിച്ചോ ?
ഇല്ല…അച്ഛന് മറ്റൊരു സ്ത്രീയിൽ ഉണ്ടായ കുഞ്ഞിനെ അവൾ ആണ് വളർത്തി വലുതാക്കിയത്. ആ കുട്ടി അവളോട് നീതി കാണിച്ചോ?
മക്കൾ പോലും അവളോട് അപരാധമല്ലേ ചെയ്തത്?
ഒരു പരാതിയും പറയാതെ ഭർത്താവിനൊപ്പം നിഴലായി ജീവിച്ച ആ പാവത്തിനോട് ദൈവം പോലും കരുണ കാണിച്ചില്ല.
രാജകുമാരിയായി ഒന്നുമില്ലാത്തവളായി മരിക്കേണ്ടിവന്നു അവൾക്ക്
എന്തിനായിരുന്നു ദൈവം അവൾക്ക് ഇങ്ങനെ ഒരു ജന്മം നൽകിയത് ?
സേതുലക്ഷ്മി ഉച്ചത്തിൽ കരഞ്ഞു എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
എന്താ അമ്മേ ഇത്? അമ്മു സേതുവിന്റെ ചുമലിൽ പിടിച്ചു.
മാധവൻ അവരുടെ അരികിലെത്തി . അയാളുടെ കണ്ണുകൾ ചുവന്ന് കണ്ണുനീർ പുറത്തേക്കു കുതിക്കുന്നുണ്ടായിരുന്നു
സേതു… മോളെ നീ പറഞ്ഞത് എന്റെ സഹോദരി ചെല്ലമ്മയെ കുറിച്ചല്ലേ? മാധവൻ കിതപ്പോടെ ചോദിച്ചു .
അതെ ഞാൻ ആ ചെല്ലമ്മയുടെ മകളാണ്
മോളെ…സ്നേഹത്തോടെ വിളിച്ചുകൊണ്ട് ശങ്കരനും അവളുടെ അടുത്തേക്ക് വന്നു
വേണ്ട എന്റെ അമ്മയോട് ഇല്ലാത്ത സ്നേഹമൊന്നും എന്നോട് വേണ്ട. അവളുടെ മുഖം ചുവന്നിരുന്നു
അവൾ മാധവന് നേരെ തിരിഞ്ഞു.
എന്തുകൊണ്ടാണ് നിങ്ങളുടെ കൂടെപ്പിറപ്പിനെ നിങ്ങൾ അന്വേഷിക്കാതിരുന്നത് ? അവൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചു എന്നുപോലും നിങ്ങൾക്കറിയില്ലായിരുന്നു അല്ലേ?
രക്ത ബന്ധത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ലേ ഇവിടുള്ളവർ?
ഒരിക്കൽ ഞാൻ അമ്മയോട് ചോദിച്ചു അമ്മയ്ക്ക് ജനിച്ചു വളർന്ന വീട്ടിൽ പോകാൻ ആഗ്രഹമുണ്ടെങ്കിൽ കൊണ്ടുപോകാമെന്ന്
പക്ഷേ അമ്മ പറഞ്ഞു അങ്ങനെ ഒരു ആഗ്രഹമില്ലെന്ന്
പക്ഷേ ഒന്നു മാത്രം അമ്മ പറഞ്ഞിരുന്നു. ഒരിക്കൽ അമ്മ ഒരുപാടു മോഹിച്ചിരുന്നു. ഈ വീട്ടിലേക്ക് ഒന്ന് വരണമെന്ന്.
വയ്യാതായപ്പോൾ അമ്മ പറഞ്ഞു.അമ്മയുടെ കാലം കഴിഞ്ഞതിനു ശേഷം ഒരിക്കൽ നീ ആ വീട്ടിലൊന്ന് പോകണമെന്ന്.മറ്റൊന്നിനും വേണ്ടിയല്ല പറയാനുള്ളത് ഇത്രമാത്രം,നിങ്ങൾ ആരുമില്ലെങ്കിലും അമ്മ നല്ല അന്തസ്സോടെയാണ് ജീവിച്ചത് എന്നും. ആർക്കും മുൻപിൽ കൈ നീട്ടേണ്ട ഗതികേട് വന്നിട്ടില്ലെന്ന് നിങ്ങളോടൊക്കെ പറയണമെന്നും മാത്രം പറഞ്ഞു അമ്മ.
ഇവിടെ ജീവിച്ച കാലത്ത് ഒറ്റയ്ക്കിരുന്ന് കരയുമ്പോഴെല്ലാം ആശ്വാസവാക്കുകളുമായി സഹോദരനെപ്പോലെ സ്നേഹിച്ച നാരായണൻ എന്തൊരു കൂട്ടുകാരനുണ്ടെന്ന് പറഞ്ഞിരുന്നു. അയാളോട് മാത്രം ഒരു നന്ദി പറയണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.അവർക്ക് എന്തെങ്കിലും സഹായം ആവശ്യമുള്ള ഒരു അവസ്ഥ വരികയാണെങ്കിൽ നിനക്ക് അവരെ സഹായിക്കാൻ പറ്റുമെങ്കിൽ നീ സഹായിക്കണമെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. ഈ യാത്രയുടെ ലക്ഷ്യവും അതാണ്. അമ്മയുടെ കളിക്കൂട്ടുകാരനായ നാരായണൻ ചേട്ടനെ സഹായിക്കണം. ഒറ്റക്കിരുന്നപ്പോൾ.. കൂട്ടായി ഇരുന്ന ആൾ അല്ലേ…
അമ്മയോട് അൽപ്പം പോലും കരുണ കാണിക്കാൻ വേറെ ആരും ഇല്ലായിരുന്നല്ലോ.സ്വന്തം കാര്യത്തിന് മാത്രം മുൻഗണന കൊടുക്കുന്ന കൂടപ്പിറപ്പാണല്ലോ അമ്മക്ക് ഉണ്ടായിരുന്നത്
അവളുടെ കത്തുന്ന നോട്ടത്തെ നേരിടാൻ മാധവനായില്ല.അയാൾ തളർച്ചയോടെ കസേരയിലേക്ക് ഇരുന്നു.
ഷൈല സാരിത്തലപ്പുകൊണ്ട് കണ്ണുനീർ ഒപ്പി.
സേതുലക്ഷ്മി എഴുന്നേറ്റു.
എത്രയും വേഗം മടങ്ങി പോകണം നന്ദേട്ടന്റെ മാറിൽ മുഖം ചേർത്ത് തനിക്കൊന്നു പൊട്ടിക്കരയണം.
****************
മാധവൻ ഇടറുന്ന പാദങ്ങളോടെ സേതുലക്ഷ്മിയുടെ അടുത്ത് എത്തി.
മോളെ എനിക്ക് നിന്റെ കൈവിട്ടിച്ച് ഈ തൊടിയിലൂടെ ഒന്ന് നടക്കണം.
ഈ വൃദ്ധന്റെ ഒരേയൊരു ആഗ്രഹമാണ്.
സേതുലക്ഷ്മി എതിരൊന്നും പറഞ്ഞില്ല
അവൾക്കൊപ്പം പാടവരമ്പിലൂടെ നടക്കുമ്പോൾ, നീണ്ട മുടിയുള്ള തന്റെ അനിയത്തി ഒരു നീളൻ ചോറ്റു പാത്രവും കയ്യിൽ പിടിച്ച് ഓടിവരുന്നത് അയാൾ മനസ്സിൽ കണ്ടു.
എന്തിനായിരുന്നു അവളെ കണ്ടില്ലെന്ന് ഇത്രയും കാലം നടിച്ചത്?രണ്ടാനമ്മയുടെ ക്രൂ, ര, തയിൽ നിന്നും അവൾ രക്ഷപ്പെടട്ടെ എന്നൊരു ചിന്തയായിരുന്നു തനിക്ക്.
അവളുടെ മുന്നിൽ ചെല്ലാനുള്ള ധൈര്യമില്ലായിരുന്നു
പിന്നെപ്പിന്നെ തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ അവളെ മറന്നു.
ഒരിക്കൽ അവളെ തിരക്കി നാട്ടിൽ ചെന്നപ്പോഴാണ് അവളുടെ ജീവിതത്തിലെ ദുരിതങ്ങൾ അറിഞ്ഞത്.
രാമനെ കണ്ടപ്പോൾ താൻ കാണാത്ത മട്ടിൽ മാറിപ്പോയി.
ദുരിതകാലത്ത് പോലുമൊന്ന് കയറിച്ചെല്ലാത്ത ഈ ആങ്ങളയെ അവൾക്ക് എന്തിനാണെന്ന് മനസ്സാക്ഷി ചോദിച്ചപ്പോൾ തകർന്നു പോയിരുന്നു അങ്ങനെയുള്ള താനെങ്ങനെ രാമന്റെ മുൻപിൽ പോയി നിൽക്കും.
കുടുംബം, കുഞ്ഞുങ്ങൾ… താനവളെ മനപ്പൂർവ്വം മറന്നു.
രണ്ടാനമ്മയിൽ പിറന്നതാണെങ്കിലും അനുജൻ ശങ്കരനെ വളർത്തിയത് ചെല്ലമ്മ ആയിരുന്നു.
അയാളും അവളെ അന്വേഷിച്ചില്ല.
ഒരുപക്ഷേ ചെല്ലമ്മയുടെ ശാപമായിരിക്കും രണ്ടാനമ്മ പുഴുത്താണ് മരിച്ചത്.അച്ഛനും…
ശങ്കരന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുത്തു.
ഒരിക്കൽ പ്രകാശനോട് ചെല്ലമ്മയെ കാണണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു കൊണ്ടുപോകാമെന്ന് അവൻ പറഞ്ഞതുമാണ്.പക്ഷേ ഞങ്ങൾക്ക് മുൻപേ അവളീ ഭൂമി ഉപേക്ഷിച്ചു പോകുമെന്ന് താൻ കരുതിയില്ല.
ദൈവമേ…ഈ ഭൂമിയിലെ ഏറ്റവും മോശം സഹോദരനാണ് താൻ. സ്വാർത്ഥൻ.
എന്റെ ചെല്ലമ്മ വെറും പാവമായിരുന്നു ആ മുഖം ഇനി കാണാൻ കഴിയില്ല. ആ ശബ്ദം ഇനി കേൾക്കാൻ കഴിയില്ല.
വൃദ്ധന്റെ മെലിഞ്ഞ ശരീരം വിറച്ചു. നമുക്ക് തിരിച്ചു പോകാം. അയാൾbസേതു ലക്ഷ്മിയോട് പറഞ്ഞു.
തിരികെ നടക്കുമ്പോൾ അവർ ഒന്നും സംസാരിച്ചില്ല
വീടിനടുത്തുള്ള കുളക്കടവിലെ, പായൽ ഉണങ്ങിയ പഴയ പടവുകളിൽ ഒന്നിൽ അയാൾ ഇരുന്നു.
കുട്ടി പൊയ്ക്കോളൂ ഞാൻ ഇത്തിരി നേരം ഇവിടെ ഒറ്റയ്ക്ക് ഇരിക്കട്ടെ…
ഉം…സേതുലക്ഷ്മി വീട്ടിലേക്ക് നടന്നു
നീണ്ട മുടിയിൽ താളിതേക്കുന്ന തന്റെ അനിയത്തിയുടെ ചിത്രം അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
സേതു വീട്ടുമുറ്റത്തെത്തിയതും നീതു പരിഭ്രാന്തിയോടെ അടുത്തേക്ക് വന്നു.
ആന്റി മുത്തച്ഛൻ എവിടെ?
താഴെ ഇരിപ്പുണ്ട്. പണ്ട് ഒന്നിച്ചിരുന്ന പടവുകളിൽ , ഇന്ന് ഒറ്റക്കിരുന്ന്, ചെല്ലമ്മയോട് മാപ്പ് ചോദിക്കുകയായിരിക്കും.
****************
ഹർഷ് മാധവന്റെ അടുത്തെത്തി
മുത്തശ്ശാ…
എന്താ മോനെ?
എനിക്കൊരു കാര്യം പറയാനുണ്ട്.
എന്താണ് ?
എനിക്ക്…എനിക്ക്…സേതുവാന്റിയുടെ മോൾ അമ്മുവിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്.
ഇക്കാര്യം അമ്മുവിനോട് പറഞ്ഞോ?
ഉവ്വ്.കുറച്ചുനാളുകളായി എനിക്ക് ആ കുട്ടിയോട് സ്നേഹമാണ് ഞാനത് ആദ്യം പറഞ്ഞപ്പോൾ ആ കുട്ടിക്ക് താല്പര്യമില്ലെന്നാണ് പറഞ്ഞത്. പക്ഷേ ഇപ്പോൾ ഇഷ്ട കുറവ് ഒന്നുമില്ലെന്ന് എനിക്ക് തോന്നുന്നുണ്ട്.
മുത്തശ്ശൻ സേതുവാന്റിയോട് ഒന്ന് സംസാരിക്കണം.
സംസാരിച്ചിട്ട് കാര്യമില്ല മോനേ… അവളുടെ അമ്മയുടെ കണ്ണുനീർ വീണ മണ്ണാണിത്. ഇവിടേക്ക് ഒരിക്കലും അമ്മുവിനെ തരില്ല
ഹർഷിന്റെ മുഖം കുനിഞ്ഞു.
വിഷമമായോ മോന്?
സാരമില്ല മുത്തശ്ശാ.എനിക്ക് വിദേശത്തെ ജീവിതം മടുത്തു.ഞാൻ ഇവിടെ നിന്നോളാം. ഈ മണ്ണും കൃഷിയും നോക്കി ഒരു കൊച്ചു ജീവിതം മതി എനിക്ക്.
ശങ്കരൻ മുത്തശ്ശൻ വിവാഹിതൻ അല്ലല്ലോ ഒറ്റയ്ക്കല്ലേ.. ഞാനും അങ്ങനെ ജീവിച്ചോളാം.
അയാൾ മുറിവിട്ട് പുറത്തിറങ്ങി.
മാധവൻ കസേരയിലേക്ക് ചാരിയിരുന്നു.
ഈ വീട് മൂത്ത മകനായ പ്രശാന്തിന് താൻ എഴുതി കൊടുത്തതാണ്. പ്രകാശിന് ടൗണിന്റെ അടുത്തുള്ള ബിൽഡിംഗ് എഴുതി കൊടുത്തിരുന്നു. എന്റെയും ശങ്കരന്റെയും കാലം കഴിയുന്നതുവരെ എങ്കിലും എല്ലാവരും തറവാട്ടിൽ തന്നെ താമസിക്കണം എന്നുള്ള ആഗ്രഹപ്രകാരമാണ് പ്രകാശനും കുടുംബവും ഇവിടെ നിൽക്കുന്നത്.
പ്രശാന്തനും ഭാര്യയും വിദേശത്ത് തന്നെ ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രശാന്ത് ഈ വീടും സ്ഥലവും ഹർഷിന്റെ പേരില്‍ എഴുതി കൊടുത്തിരിക്കുകയാണ്. അവനു വിദേശത്ത് ജീവിക്കാൻ ഇഷ്ടമില്ല ഈ മണ്ണിനെയും മനുഷ്യനെയും മഴയെയും മഞ്ഞിനെയും അറിഞ്ഞു ജീവിക്കാനാണ് അവനിഷ്ടം.
ജീവിതം വളരെ ചെറുതാണ് അവനവന്റെ ഇഷ്ടത്തിന് അനുസരിച്ച് അത് ജീവിച്ചു തീർക്കണം എന്നാണ് അവൻ പറയുന്നത്. കൊച്ചുമക്കളിൽ വച്ച് എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും ഒക്കെയുള്ള മനസ്സ് കൂടുതലുള്ളവൻ അവനാണ്.
അവന് ചേരുന്ന ഒരേ ഒരാൾ അമ്മു തന്നെയാണ്
ഒരുപക്ഷേ അമ്മു അല്ലാതെ മറ്റൊരു പെണ്ണിനെ അവൻ കൂടെ കൂട്ടില്ലെന്നു വരാം.
നന്ദനോടും സേതുവിനോടും ചോദിക്കണം ചെല്ലക്കുട്ടി പിറന്ന ഈ വീടിന്റെ അവകാശിയായി ഈ വീടിന് വിളക്കായി സകല ശാപങ്ങളും മാറ്റി ഇവിടെ പുണ്യം വിതറാൻ ഞങ്ങൾക്ക് സ്നേഹിക്കാൻ ചെല്ലക്കുട്ടിയുടെ മകളുടെ മകളെ തരുമോ എന്ന്.
****************
സേതുലക്ഷ്മി ബാഗുമായി പുറത്തേക്ക് ഇറങ്ങി.
അമ്മു ഹർഷിന്റെ മുൻപിൽ ചെന്നു നിന്നു.
അയാളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു .
ഞാൻ ഇനിയും വരും.ഇവിടെ കാത്തിരിക്കാൻ ഇയാൾ ഉള്ളപ്പോൾ വരാതിരിക്കാൻ പറ്റില്ലല്ലോ.അവൾ മെല്ലെ പറഞ്ഞു.
അയാളുടെ മുഖം സന്തോഷത്താൽ വിടർന്നു.
അയാൾ അവളുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു.
അമ്മുവും സേതുവും എല്ലാവരോടും യാത്ര പറഞ്ഞു.
മാധവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ശങ്കരനും വിഷമമായിരുന്നു.
എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞവർ മുന്നിലേക്ക് നടന്നു.
ഇപ്പോൾ അവിടമാകെ ഒരിളം കാറ്റുവീശി അതിലെങ്ങും ചെല്ലമ്മയുടെ നിശ്വാസം അലയടിച്ചിരുന്നുവോ…
****************
ശുഭം
