ഋഷികേശിന്റെ ഓഫീസിലെ അന്വേഷണ ബോർഡ് ഇപ്പോൾ ഒരു യുദ്ധതന്ത്രം മെനയുന്ന ഭൂപടം പോലെയായിരുന്നു. ഒരു വശത്ത് വിശ്വനാഥൻ എന്ന അധികാരവും പണവും സ്വാധീനവുമുള്ള ശത്രു. മറുവശത്ത്, മുഖമോ മേൽവിലാസമോ ഇല്ലാത്ത, പ്രതികാരം മാത്രം ഇന്ധനമാക്കിയ ഡേവിഡ് എന്ന നിഴൽ. ഈ രണ്ടുപേരെയും ഒരേ സമയം നേരിടണം.
“രാജൻ, നിങ്ങൾ തിരികെ മൂന്നാറിലേക്ക് പോകണം,” ഋഷികേശ് ഡി.വൈ.എസ്.പി. രാജന് നിർദ്ദേശം നൽകി.
“ഡേവിഡിനെക്കുറിച്ച് നമുക്ക് ഒരു തുമ്പുമില്ല. ഇരുപത്തിനാല് വർഷം മുൻപ് അപ്രത്യക്ഷനായ ഒരാൾ. അവന്റെ ചിത്രം പോലുമില്ല. നിങ്ങൾ അന്ന് എസ്തറിന്റെ കുടുംബം താമസിച്ചിരുന്ന ആ ലയങ്ങളിലേക്ക് പോകണം. അവിടെ ഇപ്പോഴും പഴയ തലമുറയിൽപ്പെട്ട ആരെങ്കിലുമുണ്ടാകും. ഡേവിഡിനെ ഓർക്കുന്നവർ, അവന്റെ സ്വഭാവം അറിയുന്നവർ. നമ്മൾ അവിടെ നിന്ന് തുടങ്ങണം.”
രാജനും സംഘവും വീണ്ടും മൂന്നാറിലെ തേയിലക്കുന്നുകളിലേക്ക് യാത്രയായി.
റിച്ചാർഡ്സൺ എസ്റ്റേറ്റ് ഇപ്പോൾ ഓറിയോൺ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. പഴയ ലയങ്ങൾ പലതും പൊളിച്ചുമാറ്റി പുതിയവ പണിതിരുന്നു. എങ്കിലും, ഒരറ്റത്തായി കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച പഴയ ചില ലയങ്ങൾ അപ്പോഴും ബാക്കിയുണ്ടായിരുന്നു. അവിടെ താമസിക്കുന്ന പ്രായമായ ചില തൊഴിലാളികളെ അവർ കണ്ടെത്തി.
ആദ്യം സംസാരിച്ചവരെല്ലാം ഭയത്തോടെ ഒഴിഞ്ഞുമാറി. കരുണാകരമേനോന്റെയും വിശ്വനാഥന്റെയും പേര് കേൾക്കുമ്പോൾത്തന്നെ അവരുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.
എന്നാൽ, എസ്തറിന്റെയും ഡേവിഡിന്റെയും കാര്യം ചോദിച്ചപ്പോൾ, മറിയാമ്മ എന്ന എൺപതുകാരിയുടെ കണ്ണുകൾ നിറഞ്ഞു.
“എസ്തർ എന്റെ മോളെപ്പോലെയായിരുന്നു സാറേ… നല്ലൊരു കൊച്ച്. ആ ദുഷ്ടൻ…” അവർ വിശ്വനാഥനെ ശപിച്ചു.
“അവളുടെ സഹോദരൻ ഡേവിഡിനെ ഓർമ്മയുണ്ടോ?” രാജൻ ചോദിച്ചു.
“പിന്നെയില്ലാതെ… തീയായിരുന്നു മോനേ അവൻ. എടുത്തുചാട്ടക്കാരൻ. പെങ്ങളുടെ കാര്യത്തിൽ ജീവനായിരുന്നു. അവളെ കാണാതായതോടെ അവൻ തകർന്നുപോയി. ആരോടും മിണ്ടാതെ, പറയാതെ ഒരു ദിവസം രാത്രി അവൻ ഇവിടം വിട്ടുപോയി. ചിലര് പറഞ്ഞു, അവൻ പട്ടാളത്തിൽ ചേരാൻ പോയെന്ന്, മറ്റുചിലർ പറഞ്ഞു ബോംബെക്ക് വണ്ടി കയറിയെന്ന്. പിന്നെ അവനെക്കുറിച്ച് ആരും ഒന്നും കേട്ടിട്ടില്ല.”
ഡേവിഡിന്റെ ഒരു ചിത്രം പോലും ആരുടെ പക്കലും ഉണ്ടായിരുന്നില്ല. അന്വേഷണം വഴിമുട്ടുമെന്ന് രാജന് തോന്നിത്തുടങ്ങി.
എന്നാൽ, പോകുന്നതിന് മുൻപ് മറിയാമ്മ ഒരു കാര്യം കൂടി പറഞ്ഞു. “സാറേ, അന്ന് ഡേവിഡിന് ആകെയൊരു കൂട്ടുണ്ടായിരുന്നത് പള്ളിയിലെ മത്തായി അച്ചനായിരുന്നു. അവനോട് എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ അത് അച്ചൻ മാത്രമായിരിക്കും.”
അതൊരു പുതിയ വഴിയായിരുന്നു. രാജനും സംഘവും ഉടൻ തന്നെ ആ പഴയ പള്ളി അന്വേഷിച്ച് കണ്ടെത്തി.
ഫാദർ മത്തായിസ് ഇപ്പോൾ പ്രായാധിക്യം കാരണം അടുത്തുള്ള ഒരു റിട്ടയർമെന്റ് ഹോമിലായിരുന്നു താമസം. അവർ അവിടെയെത്തുമ്പോൾ, വീൽചെയറിലിരുന്ന് ബൈബിൾ വായിക്കുകയായിരുന്നു അദ്ദേഹം….
അതേസമയം, കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ, ഡോ. സാബിൻ മാത്യുവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായി. തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടർ പ്രകാശിനെ വിളിപ്പിച്ചു.
“മിസ്റ്റർ പ്രകാശ്, പേഷ്യന്റിന്റെ ബ്രെയിൻ ആക്ടിവിറ്റിയിൽ നല്ല മാറ്റമുണ്ട്. അദ്ദേഹം പതിയെ കോൺഷ്യസ് സ്റ്റേറ്റിലേക്ക് വരാൻ ശ്രമിക്കുന്നുണ്ട്. ചിലപ്പോൾ മണിക്കൂറുകൾക്കുള്ളിൽ, അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് ബോധം തെളിഞ്ഞേക്കാം.”
പ്രകാശ് ആ വാർത്ത ഋഷിന് കൈമാറി. സാബിൻ കണ്ണ് തുറക്കുന്ന ആ നിമിഷത്തിനായി അവർ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കാൻ തുടങ്ങി. കാരണം, തന്നെ ആക്രമിച്ചത് ആരാണെന്ന് പറയാൻ കഴിയുന്ന ഒരേയൊരാൾ സാബിനാണ്….
റിട്ടയർമെന്റ് ഹോമിൽ, ഫാദർ മത്തായിസ് ആദ്യം സംസാരിക്കാൻ വിസമ്മതിച്ചു. കുമ്പസാര രഹസ്യം പോലെ താൻ നെഞ്ചിലേറ്റുന്ന ഒന്നാണതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, നിരപരാധികളുടെ കൊ. ലപാതകങ്ങളെക്കുറിച്ചും, നീതിയെക്കുറിച്ചും രാജൻ സംസാരിച്ചപ്പോൾ ആ വൃദ്ധനായ പുരോഹിതന്റെ മനസ്സലിഞ്ഞു.
“അവനൊരു നല്ല ചെറുപ്പക്കാരനായിരുന്നു,” അച്ചൻ ഓർമ്മകളിൽ നിന്ന് സംസാരിച്ചു തുടങ്ങി.
“പെങ്ങളുടെ മരണം അവനെ ഒരു ഭ്രാന്തനാക്കി മാറ്റി. ഒരു ദിവസം രാത്രി അവൻ എന്റെയടുത്ത് വന്നു. അവന്റെ കൈയിൽ ആ കോളേജ് കുട്ടികൾ സൂക്ഷിച്ചിരുന്ന തെളിവുകളുണ്ടായിരുന്നു. അവരെ ഭീഷണിപ്പെടുത്തി അവൻ അത് കൈക്കലാക്കിയതാണ്. ‘ഇവന്മാർക്ക് നട്ടെല്ലില്ല അച്ചോ, ഇവന്മാർ ഈ സത്യം പുറത്തുവിടില്ല. പക്ഷേ, ഞാൻ വിടില്ല. എന്റെ പെങ്ങൾക്ക് നീതി ഞാൻ തന്നെ വാങ്ങും’ എന്ന് അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു.”
“എന്നിട്ട് അവൻ എന്തുചെയ്തു?” രാജൻ ആകാംഷയോടെ ചോദിച്ചു.
“അവൻ നാടുവിടുകയാണെന്ന് പറഞ്ഞു. കരുണാകരമേനോനെ നേരിടാൻ മാത്രം ശക്തനായി താൻ മടങ്ങിവരുമെന്നും പറഞ്ഞു. പോകുന്നതിന് മുൻപ് അവൻ ഒരുകാര്യം എന്നെ ഏൽപ്പിച്ചു. ‘ഇതെന്റെ കൈയിൽ വെച്ചാൽ അപകടമാണ്. അച്ചൻ സൂക്ഷിക്കണം. എന്നെങ്കിലും ഈ സത്യം പുറത്തുവരുന്ന ഒരു കാലമുണ്ടാകും. അന്ന് ഇത് പോലീസിനെ ഏൽപ്പിക്കണം’ എന്ന് പറഞ്ഞു.”
ഫാദർ മത്തായിസ് തന്റെ പഴയ പെട്ടി തുറന്ന്, ഒരു തൂവാലയിൽ പൊതിഞ്ഞ ഒരു സാധനം പുറത്തെടുത്തു. അതൊരു വെള്ളി നിറത്തിലുള്ള സിഗരറ്റ് ലൈറ്റർ ആയിരുന്നു. കാലപ്പഴക്കത്തിൽ അതിന്റെ തിളക്കം മങ്ങിയിരുന്നു. അതിൽ ഇംഗ്ലീഷിൽ രണ്ട് അക്ഷരങ്ങൾ കൊത്തിവെച്ചിരുന്നു – ‘KV’.
“കരുണാകരൻ വിശ്വനാഥൻ,” രാജൻ അറിയാതെ പറഞ്ഞുപോയി.
“അതെ,” അച്ചൻ പറഞ്ഞു.
“എസ്തറിന്റെ മൃതദേഹം അവർ ഒളിപ്പിക്കുന്നതിന് മുൻപ്, അവളുടെ കൈയിൽ ഈ ലൈറ്റർ മുറുകെ പിടിച്ചിരുന്നുവെന്ന് ഡേവിഡ് എന്നോട് പറഞ്ഞു. പിടിവലിക്കിടയിൽ വിശ്വനാഥന്റെ പോക്കറ്റിൽ നിന്ന് വീണതാകാം.”
ഡി.വൈ.എസ്.പി. രാജൻ ആ ലൈറ്റർ കൈയിലെടുത്തു. ഇരുപത്തിനാല് വർഷം പഴക്കമുള്ള ഒരു കൊ. ലപാതകത്തിന്റെ ആദ്യത്തെ ഭൗതികമായ തെളിവ്. വിശ്വനാഥന്റെ കഴുത്തിൽ മുറുകാൻ പോകുന്ന കുരുക്കിന്റെ ആദ്യത്തെ കണ്ണി. പക്ഷേ, ആ തെളിവ് അവരുടെ കൈകളിലെത്തിച്ചത് രണ്ടാമത്തെ കൊ. ലയാളിയാണ്. ഡേവിഡ് എന്ന നിഴൽ.
അവർക്ക് വിശ്വനാഥനെതിരെ തെളിവ് കിട്ടിയിരിക്കുന്നു. എന്നാൽ അതോടൊപ്പം മറ്റൊരു സത്യം കൂടി അവർ തിരിച്ചറിഞ്ഞു. ഡേവിഡ് തന്റെ പ്രതികാരം ഇരുപത്തിനാല് വർഷമായി ആസൂത്രണം ചെയ്യുകയായിരുന്നു. ആനന്ദിന്റെയും ജോണിന്റെയും ശ്രീധറിന്റെയും കൊ. ലപാതകങ്ങൾ ഒരുപക്ഷേ അവന്റെ കളിയുടെ ഭാഗം മാത്രമായിരിക്കാം. വിശ്വനാഥനെന്ന പ്രധാന ശത്രുവിനെ നേരിടുന്നതിന് മുൻപ്, സാക്ഷികളായ ‘വഞ്ചകരെ’ അവൻ ഇല്ലാതാക്കിയതാകാം…..
തുടരും…..
