ഋഷികേശിന്റെ ഓഫീസിലെ വലിയ വെളുത്ത ബോർഡ് ഇപ്പോൾ പേരുകളും അമ്പടയാളങ്ങളും കൊണ്ട് നിറഞ്ഞിരുന്നു.
നടുവിൽ ‘ഗ്രീൻ എർത്ത് ഫോറം, 1998’ എന്ന് വലുതായി എഴുതി അതിനുചുറ്റും ചുവന്ന വൃത്തം വരച്ചിരുന്നു.
അന്വേഷണത്തിന്റെ ദിശ മാറിയിരിക്കുന്നു. ഓറിയോൺ ഗ്രൂപ്പ് ഇപ്പോഴും ചിത്രത്തിലുണ്ടെങ്കിലും, കൊ. ലപാതകങ്ങളുടെ യഥാർത്ഥ വേരുകൾ വർഷങ്ങൾ പഴക്കമുള്ള ആ കോളേജ് കാലഘട്ടത്തിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഋഷികേശിന് ഉറപ്പായിരുന്നു.
“പ്രകാശ്, നമുക്ക് വേണ്ടത് ആ ഫോറത്തിലെ മറ്റംഗങ്ങളെയാണ്. കൊല്ലപ്പെട്ട മൂന്നുപേർ അതിന്റെ തലപ്പത്തുണ്ടായിരുന്നവരാണ്. അങ്ങനെയെങ്കിൽ, അവരുടെ കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഒന്നുകിൽ അടുത്ത ഇരകളാകാം, അല്ലെങ്കിൽ അവർക്ക് ഇതിൽ പങ്കുണ്ടായിരിക്കാം. ഏറ്റവും പ്രധാനമായി, അന്നവിടെ എന്ത് സംഭവിച്ചുവെന്ന് പറയാൻ കഴിയുന്ന ഒരു സാക്ഷിയെ നമുക്ക് വേണം.”
ഋഷികേശിന്റെ നിർദ്ദേശപ്രകാരം പ്രകാശിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മഹാരാജാസ് കോളേജിന്റെ ആർക്കൈവ്സിലേക്ക് തിരിച്ചു.
പൊടിപിടിച്ച പഴയ ഫയലുകളും വാർഷികപ്പതിപ്പുകളും അവർ ക്ഷമയോടെ മറിച്ചുനോക്കി.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ, 1998-ലെ കോളേജ് മാഗസിന്റെ മങ്ങിയ താളുകളിൽ നിന്ന് അവർക്കത് ലഭിച്ചു.
‘പ്രകൃതിക്കായി ഒരു യുവശക്തി’ എന്ന തലക്കെട്ടിൽ ‘ഗ്രീൻ എർത്ത് ഫോറ’ത്തെക്കുറിച്ചുള്ള ഒരു ലേഖനം. അതിനോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോയുമുണ്ടായിരുന്നു. ചിരിച്ചുനിൽക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ. മുൻനിരയിൽ അധ്യാപകനായ ജോൺ കുര്യൻ. തൊട്ടടുത്ത് പ്രസിഡന്റ് ആനന്ദ് മേനോനും സെക്രട്ടറി ശ്രീധർ നായരും. ഫോട്ടോയ്ക്ക് താഴെ ഭാരവാഹികളുടെ പേരുകൾ അച്ചടിച്ചിരുന്നു.
ആ പേരുകളിൽ നാലാമതൊരാൾ കൂടിയുണ്ടായിരുന്നു. ട്രഷറർ – സാബിൻ മാത്യു.
അതൊരു പുതിയ തുടക്കമായിരുന്നു. പ്രകാശ് ഉടൻ തന്നെ സാബിൻ മാത്യുവിനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. വിവരങ്ങൾ ശേഖരിക്കാൻ അധികം സമയമെടുത്തില്ല.
സാബിൻ മാത്യു ഇപ്പോൾ ഡോ. സാബിൻ മാത്യുവാണ്. പ്രഗത്ഭനായ ഒരു സസ്യശാസ്ത്രജ്ഞൻ. ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം അയാൾ തിരഞ്ഞെടുത്തത് നഗരജീവിതത്തിൽ നിന്നൊഴിഞ്ഞുമാറിയുള്ള ഒരു വഴിയായിരുന്നു. ഇപ്പോൾ ഇടുക്കിയിലെ ഒരു വിദൂര വനമേഖലയിൽ, ഒരു സ്വകാര്യ ഗവേഷണ സ്ഥാപനത്തിലെ ഇൻ-ചാർജ്ജായി പ്രവർത്തിക്കുന്നു.
അയാളുടെ ഡിജിറ്റൽ ലോകത്തെ സാന്നിധ്യം വളരെ കുറവായിരുന്നു. സോഷ്യൽ മീഡിയയിലോ മറ്റ് പൊതുവേദികളിലോ അയാളുണ്ടായിരുന്നില്ല. മനഃപൂർവ്വം ഒതുങ്ങിക്കൂടുന്ന ഒരു ജീവിതം.
“പ്രകാശ്, അയാൾ സ്വയം ഒളിച്ചിരിക്കുകയാണ്,” വിവരങ്ങൾ കേട്ട ഋഷി പറഞ്ഞു.
“എന്തോ ഒന്നിനെ അയാൾ ഭയക്കുന്നുണ്ട്. നമ്മുടെ കൊ. ലയാളിക്ക് ഈ നാലാമനെക്കുറിച്ചും അറിയാമായിരിക്കും. ഒരുപക്ഷേ, അടുത്ത ലക്ഷ്യം അയാൾ തന്നെയാകാം. നിങ്ങൾ ഉടൻ ഇടുക്കിയിലേക്ക് പോകണം. അവർ അയാളെ കണ്ടെത്തുന്നതിന് മുൻപ് നമ്മൾ കണ്ടെത്തണം.”
ആ വാക്കുകളിലെ അപകടസൂചന പ്രകാശിന് മനസ്സിലായി. സമയം ഒട്ടും കളയാതെ, വിശ്വസ്തരായ രണ്ട് പോലീസുകാരുമായി അയാൾ ഇടുക്കിയിലേക്ക് തിരിച്ചു.
പ്രകാശ് യാത്രയിലായിരിക്കുമ്പോൾ ഋഷികേശ് വെറുതെയിരുന്നില്ല. ഓറിയോൺ ഗ്രൂപ്പിന്റെ ചെയർമാൻ വിശ്വനാഥന്റെ ഓരോ നീക്കവും അയാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിശ്വനാഥന്റെ ഫോൺ കോളുകൾ രഹസ്യമായി നിരീക്ഷിക്കാൻ അയാൾ സൈബർ സെല്ലിന് നിർദ്ദേശം നൽകി.
അന്ന് വൈകുന്നേരത്തോടെ സൈബർ സെല്ലിൽ നിന്ന് ഒരു റിപ്പോർട്ട് വന്നു. വിശ്വനാഥൻ ദുബായിലുള്ള ഒരു നമ്പറിലേക്ക് പലതവണ വിളിച്ചിരിക്കുന്നു. സംഭാഷണം കോഡുഭാഷയിലായിരുന്നു. അതിൽ ഒരു വാക്ക് ഋഷികേശിന്റെ ശ്രദ്ധയിൽപ്പെട്ടു
‘പാക്കേജ്’
“അടുത്ത ‘പാക്കേജ്’ റെഡിയാണ്. പഴയതുപോലെ ക്ലീനായിരിക്കണം.”
ഇതൊരു കൊട്ടേഷനാണെന്ന് ഋഷികേശിന് ഉറപ്പായി. അടുത്ത ഇര ഡോ. സാബിൻ മാത്യു തന്നെയാകാം.
അയാൾ ഉടൻ തന്നെ പ്രകാശിനെ വിളിച്ച് വിവരം കൈമാറി.
“പ്രകാശ്, എത്രയും പെട്ടെന്ന് അവിടെയെത്തണം. അയാളുടെ ജീവൻ അപകടത്തിലാണ്. ആവശ്യമെങ്കിൽ ലോക്കൽ പോലീസിന്റെ സഹായം തേടണം.”
എറണാകുളത്തെ നഗരത്തിരക്കിൽ നിന്ന് വ്യത്യസ്തമായി, ഇടുക്കിയിലെ വഴികൾ ശാന്തവും എന്നാൽ വന്യവുമായിരുന്നു. കോടമഞ്ഞിനാൽ മൂടപ്പെട്ട മലമ്പാതകളിലൂടെ പ്രകാശിന്റെ ജീപ്പ് മുന്നോട്ട് കുതിച്ചു. രാത്രിയുടെ തണുപ്പ് അസ്ഥികളെ തുളയ്ക്കുന്നതായിരുന്നു.
മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം അവർ ഡോ. സാബിൻ മാത്യു ജോലി ചെയ്യുന്ന റിസർച്ച് സ്റ്റേഷന്റെ ഗേറ്റിന് മുന്നിലെത്തി. വിജനമായ ഒരിടത്ത്, വനത്തിനോട് ചേർന്നായിരുന്നു ആ സ്ഥാപനം.
ഗേറ്റ് തുറന്നു കിടന്നിരുന്നു. പ്രകാശിനും സംഘത്തിനും എന്തോ പന്തികേട് തോന്നി. അവർ വാഹനത്തിൽ നിന്നിറങ്ങി, തോക്കുകൾ കയ്യിലെടുത്ത് അതീവ ജാഗ്രതയോടെ മുന്നോട്ട് നടന്നു.
പ്രധാന കെട്ടിടത്തിന്റെ വാതിൽ പാതി തുറന്നു കിടപ്പുണ്ടായിരുന്നു. അകത്ത് വെളിച്ചമുണ്ടായിരുന്നില്ല. ടോർച്ചിന്റെ വെളിച്ചത്തിൽ അവർ അകത്തേക്ക് പ്രവേശിച്ചു.
ഓഫീസ് മുറിയിലും ലാബിലുമെല്ലാം സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കുന്നു. ആരോ എന്തോ തിരഞ്ഞതിന്റെ വ്യക്തമായ ലക്ഷണങ്ങൾ. പ്രകാശിന്റെ നെഞ്ചുടിപ്പ് വർധിച്ചു.
അവർ വൈകിപ്പോയോ?
ഗവേഷണ കേന്ദ്രത്തിന്റെ പിന്നിലായി സ്റ്റാഫുകൾക്ക് താമസിക്കാനുള്ള ചെറിയൊരു കോട്ടേജ് അവർ കണ്ടു. അങ്ങോട്ട് ഓടിച്ചെല്ലുമ്പോൾ ആ കാഴ്ചയാണ് അവർ കണ്ടത്.
കോട്ടേജിന്റെ വാതിൽ മലർക്കെ തുറന്നു കിടക്കുന്നു. അകത്തെ മുറിയിൽ, കമിഴ്ന്നു കിടക്കുന്ന ഒരു രൂപം. പ്രകാശ് ടോർച്ച് ആ ശരീരത്തിനുനേരെ തെളിച്ചു. ര..ക്തത്തിൽ കുളിച്ചുകിടക്കുന്ന ആൾ ഡോ. സാബിൻ മാത്യു ആയിരിക്കുമെന്ന് അവർ ഊഹിച്ചു.
പ്രകാശ് പതിയെ ആ ശരീരത്തിനടുത്തേക്ക് ചെന്നു. തട്ടിവിളിച്ചപ്പോൾ അനക്കമുണ്ടായിരുന്നില്ല. എന്നാൽ കഴുത്തിലെ ഞരമ്പിൽ വിരൽ വെച്ചപ്പോൾ പ്രകാശ് ഞെട്ടി. നേരിയതോതിൽ ജീവന്റെ തുടിപ്പുണ്ട്.
“വേഗം വണ്ടി എടുക്ക്! ഹോസ്പിറ്റലിൽ എത്തിക്കണം!” പ്രകാശ് അലറി.
അവർ സാബിൻ മാത്യുവിനെ താങ്ങിയെടുത്ത് ജീപ്പിലേക്ക് കിടത്തുമ്പോൾ, പ്രകാശ് ആ മുറി ഒന്നുകൂടി പരിശോധിച്ചു. മേശപ്പുറത്ത്, രക്തം പുരണ്ട ഒരു ഡയറിയുടെ തുറന്നുവെച്ച താളിൽ വിറയ്ക്കുന്ന കൈയക്ഷരത്തിൽ രണ്ടേരണ്ടു വാക്കുകൾ കുറിച്ചിട്ടിരിക്കുന്നത് അവൻ കണ്ടു.
“തേയിലത്തോട്ടത്തിലെ പെൺകുട്ടി.”
അതൊരു പേരായിരുന്നില്ല, ഒരു ഓർമ്മപ്പെടുത്തലായിരുന്നു. ഇരുപത്തിനാല് വർഷം പഴക്കമുള്ള ഒരു രഹസ്യത്തിലേക്കുള്ള വാതിൽ.
ചുവന്ന പാതകളിലെ നാലാമത്തെ ഇരയാകേണ്ടിയിരുന്ന ആ മനുഷ്യൻ, ഒരുപക്ഷേ, ആ രഹസ്യത്തിന്റെ അവസാനത്തെ സാക്ഷിയായിരിക്കാം…….
തുടരും…..
