Story written by Ammu Santhosh
========================
പ്രസവിക്കാൻ കഴിവില്ലാത്തവളെയെനിക്ക് വേണ്ടന്ന് നന്ദൻ എന്റെ മുഖത്ത് നോക്കി പറയുമ്പോൾ എനിക്ക് ഇരുപത് വയസ്സാണ്.
മൂന്ന് വർഷം പിന്നാലെ നടന്ന് ഒടുവിൽ വീട്ടുകാരെ ധിക്കരിച്ചു നന്ദന്റെ കൂടെ പോന്നിട്ട് രണ്ടു വർഷം ആയതേയുള്ളായിരുന്നു.
രണ്ടു വർഷം കൊണ്ട് നന്ദന് മടുത്തത് കൊണ്ടാണ് കുഞ്ഞുണ്ടാകില്ല എന്ന കാരണം പറഞ്ഞു എന്നേ ഉപേക്ഷിച്ചു കളഞ്ഞതെന്ന് വർഷങ്ങൾക്ക് ശേഷം നന്ദന്റെ കൂട്ടുകാരന്റെ ഭാര്യ പറഞ്ഞപ്പോഴാണ് ഇനിയൊരിക്കലും നന്ദനെ ഓർക്കില്ലന്ന് ഞാൻ ഉറച്ച തീരുമാനം എടുത്തത്
ഒരേ കോളേജിൽ അഞ്ചാം വർഷ നിയമ ബിരുദ വിദ്യാർത്ഥിയായ നന്ദനും മൂന്നാം വർഷ ബിരുദവിദ്യാർത്ഥിനിയായിരുന്ന ഞാനും പിന്നീട് ഒരുപാട് തവണ കണ്ടെങ്കിലും ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ പരസ്പരം പരിചയഭാവം പോലും കാണിച്ചില്ല
വീട്ടുകാരെ ധിക്കരിച്ചു നന്ദന്റെ കൂടെ പോയ എന്നേ തിരിച്ചു വന്നപ്പോഴും ഒന്നും സംഭവിക്കാത്തത് പോലെ വീട്ടുകാർ സ്വീകരിച്ചപ്പോൾ മാത്രം ആണ് ഞാൻ ആർത്തലച്ചു കരഞ്ഞു പോയത്. പലയാവർത്തി പോകരുത് എന്ന് ആവർത്തിച്ചത് ഓർത്തു ഞാൻ പിന്നെയും ഒരുപാട് കരഞ്ഞു
പിന്നീട് പലവഴിക്കായി തിരിഞ്ഞു.
ഓരോ പ്രണയവും മുന്നിൽ വരുമ്പോൾ കണ്ണും പൂട്ടി ഞാൻ നോ പറഞ്ഞു. പിന്നെ ആലോചനകൾ വന്നപ്പോഴും ഞാൻ അത് ആവർത്തിച്ചു
പുരുഷന്റെ തണലൊന്നും സ്ത്രീക്ക് വേണ്ടന്ന് മനസിലാക്കാൻ വീണ്ടും വർഷങ്ങൾ ഒറ്റയ്ക്ക് കഴിയേണ്ടി വന്നുവെന്ന് മാത്രം
പക്ഷെ ഒരിക്കൽ ആ വാശി അവസാനിച്ചു
കുഞ്ഞുങ്ങൾ അല്ല നീയാണ് ശ്രീലക്ഷ്മി എനിക്ക് വലുത് എന്ന് ക്രിസ്റ്റി വാശി പിടിച്ചപ്പോൾ…
നിനക്ക് എന്താടി എന്നേ മനസിലാകാത്തത് എന്ന് ദേഷ്യം കാണിച്ചപ്പോൾ…
നീ ഒരാളുടെ കൂടെ ജീവിച്ചതൊന്നും എന്നേ ബാധിക്കില്ല ശ്രീ എന്ന് രോഷം കൊണ്ടപ്പോൾ….
എന്നേ വേണ്ടെങ്കിൽ ഇനി മുന്നിൽ വരില്ലെടി എന്ന് വാശി പിടിച്ചു പോയിട്ടും പെരുമഴ നനഞ്ഞു കൊണ്ട് എന്റെ വീടിന്റെ ഗേറ്റിൽ വന്നപ്പോൾ….
അങ്ങനെ അങ്ങനെ ഒടുവിൽ ക്രിസ്റ്റിയിൽ എന്റെ വാശി അവസാനിച്ചു
പാലക്കാരൻ അച്ചായന്മാർക്ക് പെണ്ണുംപി, ള്ള എന്ന് വെച്ചാൽ ജീവനാടി എന്ന് മിന്നുകെട്ടുമ്പോൾ കാതിൽ പറഞ്ഞ ക്രിസ്റ്റിയോടെനിക്ക് പ്രണയം തോന്നിയത് ആ നേരമായിരുന്നു
പിന്നീട് അങ്ങോട്ട് കാടിളക്കി മറിക്കുന്ന കൊമ്പനെ പോലെ എന്നിലെ പെണ്ണിനെ ഉഴുതു മറിച്ചു പാകമാക്കുമ്പോൾ ക്രിസ്റ്റിയിൽ ഞാൻ അലിഞ്ഞു പോയി
നാട്ടുകാർ കുഞ്ഞിനെ കുറിച്ച് ചോദിച്ചു വരുമ്പോൾ എനിക്ക് പിള്ളേർ ഉണ്ടാവില്ലടോ എന്നൊരു മറുപടിയിൽ വാ അടപ്പിക്കുന്ന ക്രിസ്റ്റി
“കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ നിന്നെ എനിക്ക് ഇത് പോലെ പ്രേമിക്കാൻ പറ്റുമായിരുന്നോ” എന്ന് ചോദിച്ചു ഉമ്മ വെച്ച് ശ്വാസം മുട്ടിക്കുന്ന ക്രിസ്റ്റി
ഞങ്ങൾക്കുള്ളിൽ വസന്തങ്ങളും ശിശിരങ്ങളും ഗ്രീഷ്മവും കഴിഞ്ഞു പോയി
ഞാൻ ഹൈ കോടതി ജഡ്ജി ആയി ചാർജ് എടുത്ത ദിവസം
ക്രിസ്റ്റി എന്നിൽ ഒരു മഴയായി പെയ്തു തോർന്നങ്ങനെ കിടക്കുമ്പോൾ ഞാൻ ചോദിച്ചു
“ക്രിസ്റ്റിക്ക് ഒരിക്കൽ പോലും നഷ്ടബോധം തോന്നിയിട്ടില്ലേ?”
“എന്തിനാ കൊച്ചുങ്ങൾ ഇല്ലാത്തതിന് ആണോ?”
“ആ “
“ഇല്ലടി… കൊച്ചുങ്ങൾ നഷ്ടം ആണോ ലാഭം ആണോന്ന് ആർക്കറിയാം. നമുക്ക് അറിയാമോ.. നിന്നോടുള്ള ഭ്രാന്ത് മാത്രം ആണെടി എനിക്ക് സത്യം ആയിട്ട് തോന്നിട്ടുള്ളു. നീ മാത്രം ആണ് എനിക്ക് അങ്ങനെ.. ഒരു.. നിന്നെ നഷ്ടം ആയിരുന്നെങ്കിൽ നീയി പറയുന്ന നഷ്ടബോധം തോന്നിയേനെ “
വെറുതെ ആ കണ്ണിൽ നോക്കി കിടന്നു
ആ കണ്ണിൽ അപ്പോഴും അണയാത്ത പ്രണയത്തിന്റെ ജ്വാല
ക്രിസ്റ്റി പറഞ്ഞ ആ ലാഭനഷ്ടകണക്കുകൾ കൃത്യമായി എനിക്ക് മനസ്സിലായ ദിവസം ആയിരുന്നു പിറ്റേന്ന്
അമ്മയെ കൊ, ന്ന മകന്റെ കേസിൽ വിധി പ്രഖ്യാപിക്കേണ്ടി വന്ന ദിവസം
മകന് ജീവപര്യന്തം വിധി വായിച്ചിട്ട് കോടതിയിൽ നിന്ന് വരുമ്പോൾ മുന്നിൽ നന്ദൻ
ഒരു പടുവൃദ്ധനെ പോലെ
ദേഷ്യം ഒന്നും തോന്നിയില്ല
“എന്താ ഇവിടെ?”
കണ്ണിൽ നിന്ന് ഒഴുകുന്ന ജലം
“അത് എന്റെ മകനായിരുന്നു “
നടുങ്ങി നിൽക്കുമ്പോൾ നന്ദൻ നടന്നു മറഞ്ഞു
കാലം…
എന്തിനായിരുന്നു എനിക്ക് ഈ വിധി കാത്തു വെച്ചത് എന്ന് ചോദിച്ചു പോയ നിമിഷം…
അല്ലെങ്കിൽ ഇത് എന്റെ മുന്നിൽ കാണിക്കേണ്ടായിരുന്നു എന്ന് ഞാൻ പ്രാർത്ഥിച്ചു പോയ നിമിഷം
അതായിരുന്നു അവസാനകാഴ്ചയും….

