മംഗല്യ താലി, ഭാഗം 13,14,15 – എഴുത്ത്: കാശി നാഥൻ

മംഗല്യ താലി ഭാഗം 13

ചോദിച്ചുനോക്കൂ പുന്നാര മരുമകളോട്, ആരാണ് ഇത് പൊട്ടിച്ചതെന്ന്.. അമ്മ കണ്ടു പിടിച്ചുകൊണ്ട് വന്ന സാധനം…എന്റെ കൺമുന്നിൽ നിന്ന് മാറിപ്പോകാൻ പറയുന്നുണ്ടോ ഇവളോട്..

അവൻ അലറിയതും ഭദ്രയും മഹാലക്ഷ്മിയും ഒരുപോലെ നടുങ്ങി.

ഐശ്വര്യയുടെ വീട്ടുകാരുടെ മുന്നിൽ അമ്മ കുറേ കാര്യങ്ങൾ എഴുന്നള്ളിയ്ക്കുന്നത് കേട്ടല്ലോ..നാണമില്ലല്ലോ അമ്മേ… ഞാൻ അപ്പോൾ കൂടുതൽ ഒന്നും പറയാതിരുന്നത് അമ്മയെ വെറുതെ നാണം കെടുത്തണ്ടല്ലോ എന്ന് കരുതിയാണ്..

ഹരി…….

അതേ ഹരി തന്നേ… അമ്മ കൂടുതൽ ശബ്ദമുയർത്തി എന്നെ പേടിപ്പിക്കാൻ നോക്കണ്ട.അങ്ങനെ പേടിക്കുന്നവനും അല്ല ഈ ഹരിനാരായണൻ. അറിയാല്ലോ അല്ലേ..

എടാ….

അവർ വീണ്ടും അലറി

ഞാൻ ഇവിടുന്ന് പോവുകയാണ്, എനിക്ക് സ്വസ്ഥതയും സമാധാനവും വേണം,ഇവളെ കാണുന്നതുപോലും എനിക്ക് ദേഷ്യമാണ്, അറപ്പാണ്. എവിടെയോ കിടന്ന സാധനം.. ജനിപ്പിച്ച തന്തയും ത, ള്ളയും വലിച്ചെറിഞ്ഞു പോയതും പോരാ… എന്നിട്ട് ഒടുക്കം..

മഹാലക്ഷ്മിയുടെ കൈ വായുവിൽ ഒന്നു ഉയർന്നതും, ഭദ്ര കരഞ്ഞുകൊണ്ട് അവരുടെ കാലിലേക്ക് വീണു.

അമ്മേ…. ഹരിയേട്ടനെ ഒന്നും ചെയ്യല്ലേ.
എനിക്ക് പോണം, എനിക്ക് ഇവിടന്നു പോണം..പ്ലീസ്…. ഞാൻ അമ്മേടെ കാല് പിടിക്കുവാ, ഇനി ഇവിടെ തുടരാൻ എനിക്ക് കഴിയില്ലമ്മേ.ഹരിയെട്ടന് ഒരിക്കലും എന്നേ സ്നേഹിക്കാൻ കഴിയില്ല, അതെനിക്ക് ഉറപ്പാണ്. ഇഷ്ട്ടം ഉള്ള പെൺകുട്ടിയുടേ കൂടെ ഹരിയേട്ടൻ വിവാഹം കഴിച്ചു ജീവിക്കട്ടെ. ഞാൻ എവിടേക്കെങ്കിലും പൊയ്ക്കോളാം.

അവൾ വീണ്ടും വീണ്ടും പൊട്ടിക്കരഞ്ഞപ്പോൾ, മഹാലക്ഷ്മി വല്ലാതെയായി.

മോളെ…. ഭദ്രേ.

അമ്മ ഇനി ഈ കാര്യത്തെക്കുറിച്ച് ഒന്നും എന്നോട് ഒന്നും പറയരുത്, എനിക്ക് മടങ്ങി പോണംഅമ്മേ..അരുതന്നു മാത്രം എന്നോട് പറയരുത്..

അവൾ കണ്ണീർ തുടച്ചു കൊണ്ട് അവരെ നോക്കി.

എന്നിട്ട് കൈയിൽ കിടന്ന വളകൾ ഊരി മേശമേൽ വെച്ചു. കഴുത്തിൽ താലിമാല കൂടാതെ മറ്റൊരു മാലയുണ്ട്. അതും ഊരി, കമ്മൽ അഴിക്കാൻ തുടങ്ങിയതും മഹാലക്ഷ്മി അവളുടെ കൈയിൽ കയറി പിടിച്ചു.

എന്റെ മകന്റെ ഭാര്യ ആയതിന്റെ പേരിൽ, തന്നതാണെന്ന് കരുതിയാണോ മോള് ഇതൊക്കെ അഴിച്ചു മാറ്റുന്നത്.

അവർ ചോദിച്ചതും ഭദ്ര മുഖമുയർത്തി ഒന്ന് നോക്കി.

എനിക്ക് ഇതൊന്നും വേണ്ട..അർഹിക്കാത്തത് ഇന്നോളം മോഹിച്ചിട്ടില്ല. ആഗ്രഹിച്ചിട്ടില്ല. ആകെക്കൂടി ഓർത്തത്, എന്റെ അച്ഛനും അമ്മയും എന്നെങ്കിലും ഒരു ദിവസമൊന്ന് മടങ്ങി വന്നിരുന്നങ്കിൽ എന്ന് മാത്രമാണ്. കൂടെക്കൊണ്ട് പോയ്‌ സംരക്ഷിക്കാൻ ഒന്നുമല്ല, എന്നാലും ഒരിയ്ക്കലെങ്കിലും ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം പോലെ… അത് മാത്രമായിരുന്നു എന്റെ മനസ്സിൽ ഉള്ളത്.

അല്ലാണ്ട് ഇന്നോളം ഭദ്ര ഒന്നും മോഹിച്ചിട്ടില്ല.

പറയുമ്പോൾ ആ പാവം പെൺകുട്ടിയുടെ ശബ്ദം പുറത്തേക്ക് വന്നത് പോലും വളരെ ബുദ്ധിമുട്ടിയാണ്. അത്രയ്ക്ക് സങ്കടം ആയിരുന്നു അവൾക്ക്.

കമ്മൽ അഴിച്ചു മാറ്റി വെച്ച ശേഷം അവൾ ഹരിയെ ഒന്ന് നോക്കി.

എന്നിട്ട് താലിമാല അഴിക്കാൻ തുടങ്ങിയതും മഹാലക്ഷ്മി അത് തടഞ്ഞു.

അഗ്നി സാക്ഷിയായി ഇവൻ അണിയിച്ചു തന്നത് അല്ലേ.. നീ ഇതു അഴിച്ചു മാറ്റണ്ട മോളെ, അത് ഹരി തന്നെ ചെയ്തോളും.

അവർ പിടിച്ച് അവളെ ഹരിയുടെ മുന്നിലേക്ക് നിർത്തി.

നീ അഴിച്ചെടുത്തോളൂ,നിനക്കല്ലേ ഇവളെ വേണ്ടാത്തത്,ഞാനായിട്ട്,ഈ താലിമാല സ്വീകരിക്കുന്നുമില്ല. പറ്റുമെങ്കിൽ വൈകുന്നേരം ക്ഷേത്രത്തിൽ പോകുമ്പോൾ നീയത് നേർച്ച ഭണ്ടാരത്തിൽ ഇട്ടേക്കൂ..

തന്റെ മുൻപിൽ നിറഞ്ഞ മിഴികളോടെ നിൽക്കുന്ന ഭദ്രയെ അവനൊന്നു നോക്കി.

അരുതേ എന്നൊരു യാചനയായിരുന്നു അവളുടെ മുഖത്ത് പ്രതിഫലിച്ചത്.

വൈകുന്നേരം അമ്പലത്തിൽ പോയേക്കാം.. അതല്ലേ അമ്മയുടെ പ്രശ്നം…

ചവിട്ടിത്തുള്ളി അവൻ അവിടെ നിന്നും ഇറങ്ങി വെളിയിലേക്ക് പോയി.

മഹാലക്ഷ്മി ഭദ്രയുടെ തോളിൽ പിടിച്ചതും അവൾ തിരിഞ്ഞവരുടെ നെഞ്ചോട് ചേർന്നു, കുറെയേറെ നേരം പൊട്ടിക്കരഞ്ഞു.

മോള് ക്ഷേത്രത്തിൽ പോയി തൊഴുതു പ്രാർത്ഥിക്കു, നിനക്ക് നല്ലതേ വരൂ, എനിക്ക് 100% ഉറപ്പാണ് മോളെ, ഒരിക്കലും ഭഗവതി നിന്നെ കൈവെടിയില്ല, എന്റെ ഹരിയോടൊപ്പം ഈ താലിമാല അണിഞ്ഞ് അവന്റെ ഭാര്യയായി നീയൊന്ന് അവിടെ ചെന്നാൽ മാത്രം മതി, ഉറപ്പായും അവന് മാറ്റം വരും. വിശ്വസിച്ച് ഒന്ന് പ്രാർത്ഥിക്കു മോളെ… പ്ലീസ്.

ലക്ഷ്മിയമ്മേ…. ഹരിയേട്ടനും, അനിയേട്ടനും ഒരുപോലെ വിവാഹം കഴിച്ചവരാണ്. എത്ര സന്തോഷമായിട്ടാണ് അനിയേട്ടൻ കഴിയുന്നത്,  ഈ കുടുംബത്തിന് ഒത്തുചേർന്ന ഒരു പെൺകുട്ടിയാണ് ഐശ്വര്യ, അതുപോലെതന്നെ ഐശ്വര്യയുടെ കുടുംബവും. എന്നിരുന്നാലും അനിയേട്ടന് കിട്ടിയത് നല്ലൊരു ജീവിതമല്ലേ, പക്ഷേ ഹരിയേട്ടന്റെ അവസ്ഥ അങ്ങനെയാണോ, അച്ഛനുഅമ്മയും ആരെന്നറിയാത്ത,മംഗലത്ത് തറവാടിന്റെ അധീനതയിലുള്ള ഓർഫനേജിൽ വളർന്ന, ഒരു പെൺകുട്ടിയാണ് ഞാന്. ഒരിക്കലും, ഈ കുടുംബത്തിന് ഒത്തുചേർന്നവളല്ല, പണവും പ്രതാപവും ഒന്നുമില്ലാത്തവളാണ്, വെറുതെ എന്തിനാ ഹരിയേട്ടന്റെ ജീവിതം, എല്ലാവരും കൂടി നശിപ്പിച്ചു കളയുന്നത്.  പാവമല്ലേ ഹരിയേട്ടൻ അദ്ദേഹത്തിന് ഇഷ്ടമുള്ള പെൺകുട്ടിയോടൊപ്പം, സന്തോഷമായിട്ട് കഴിയട്ടെ. ഞാൻ ഓർഫനേജിലേക്ക് മടങ്ങി പൊയ്ക്കോളാം, ഇനി ഇവിടെ നിൽക്കുന്ന ഓരോ ദിവസവും, ലക്ഷ്മി അമ്മയ്ക്കും ഈ കുടുംബത്തിൽ എല്ലാവർക്കും ഞാൻ ഒരു കരടായി മാറും. അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ പോകുവാൻ അനുവദിക്കണം. ഹരിയേട്ടൻ അഴിച്ചു മാറ്റാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ തന്നെ ഇത് അഴിച്ചോളാം, എന്നിട്ട് ലക്ഷ്മിയമ്മ ക്ഷേത്രത്തിൽ പോകുമ്പോൾ, ഇത് അവിടെ നിക്ഷേപിച്ചാൽ മതി.

പറഞ്ഞുകൊണ്ട് അവൾ തന്റെ കഴുത്തിൽ അണിഞ്ഞിരുന്ന താലിമാല മേൽപ്പോട്ട് ഉയർത്താൻ തുടങ്ങിയതും,  ഹരിയുടെ പിടുത്തം അവളുടെ കൈത്തണ്ടയിൽ മുറുകി.

ഒരുവേള മഹാലക്ഷ്മിയും ഭദ്രയും സംശയത്തോടെ അവനെ നോക്കി.

ക്ഷേത്രത്തിൽ പോയിട്ട് വന്നിട്ട് മതി ബാക്കി കാര്യങ്ങളൊക്കെ, നിന്നെ ഇവിടെ കെട്ടിലമ്മയായി വാഴിയ്ക്കാൻ ഒന്നുമല്ല, വേറെ ചിലതിനാണന്നു ഓർത്തോളൂ.

ശബ്ദം ഉയർത്തി പറഞ്ഞു കൊണ്ട് അവൻ അവളെ നോക്കി.

മോളെ… പോയ്‌ കുളിച്ചു റെഡി ആവൂ, നേരം പോകുന്നു..മഹാലക്ഷ്മി കൂടി പറഞ്ഞതും അവള് വല്ലാതെയായി.

ഈ കമ്മലും വളയും ഒക്കെ എടുത്തു ഇട്ടേ മോളെ… എന്തിനാണ് ഇതെല്ലാം അഴിച്ചു മാറ്റിയത്.

അവർ സ്നേഹത്തോടെ ശാസിക്കുന്നത് കേട്ട് ഹരി പുച്ഛഭാവത്തിൽ മുഖം തിരിച്ചു

മംഗല്യത്താലി.14

ലക്ഷ്മി അമ്മയോട് യാത്രപറഞ്ഞ് ഭദ്ര ഹരിയോടൊപ്പം അമ്പലത്തിലേക്ക് പുറപ്പെട്ടു.

അവനോടൊപ്പം യാത്ര ചെയ്യാൻ അവൾക്ക് വല്ലാത്ത ഭയമായിരുന്നു. തന്റെ ശരീരം വിറ കൊള്ളുന്നത് പോലും അവൾ അറിയുന്നുണ്ട്..

അമ്പലത്തിലേക്കുള്ള വഴിയൊന്നും  നിശ്ചയം ഇല്ലാത്തതിനാൽ, ഹരി എവിടേക്കാണ് പോകുന്നതെന്ന് പോലും അവൾക്കറിയില്ലായിരുന്നു. 15 മിനിറ്റ് കൊണ്ട് ക്ഷേത്രത്തിൽ എത്തുമെന്ന് അമ്മ പറഞ്ഞതാണ് പക്ഷേ ഇതിപ്പോൾ അരമണിക്കൂർ കഴിഞ്ഞു.  എന്നിട്ടും പിന്നെയും അവൻ വണ്ടി മുന്നോട്ടു ഓടിച്ചു പോയി കൊണ്ടേയിരുന്നു.

ഭദ്രയ്ക്ക് ചെറുതായി പേടിയാവാൻ തുടങ്ങി..

അവൾ മുഖം തിരിച്ച് ഹരിയെ ഒന്നു നോക്കി.

ഹ്മ്മ്… എന്താടി.

പെട്ടെന്ന് അവന്റെ ശബ്ദം അവിടെ മുഴങ്ങി.

അമ്പലത്തിലേക്ക് അല്ലേ പോകുന്നത്.
ഭയത്തോടെ അവൾ അവനോട് ചോദിച്ചു.

അല്ല…..

പിന്നെങ്ങോട്ടാണ്…

അത് നിന്നെ ബോധിപ്പിക്കാൻ എനിക്കിപ്പോൾ മനസ്സില്ല..

ഹരി പുച്ഛഭാവത്തിൽ അവളെ നോക്കി പറഞ്ഞു.

എന്നെ എന്റെ ഓർഫനേജിൽ ആക്കിയാൽ മതി,ഞാൻ അവിടെ നിന്നോളാം ഹരിയേട്ടാ. ലക്ഷ്മി അമ്മയുടെ വിവരങ്ങളൊക്കെ മീര ടീച്ചറെ കൊണ്ട് ഞാൻ പറയിച്ചോളാം.

അതിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല.

എവിടേക്കാണ് പോകുന്നത് ഒന്നു പറയുമോ… ഇക്കുറി ഭദ്രയുടെ ശബ്ദം ഇടറി.

മിണ്ടാതിരിക്കെടി….അവൻ വീണ്ടും ഉച്ചത്തിൽ പറഞ്ഞു.

എനിക്ക് പേടിയാവുന്നു, പറ ഹരിയേട്ടാ എവിടേക്കാ പോകുന്നേ, ഇല്ലെങ്കിൽ ഞാൻ ടീച്ചറിനെ ഫോൺ വിളിക്കും.

പറയുന്നതിനൊപ്പം അവൾ അവന്റെ ഫോൺ ഒന്ന് എടുക്കുവാൻ ഒരു ശ്രമം നടത്തി.

പെട്ടെന്ന് ഹരി വണ്ടി ഒതുക്കി നിർത്തി.

ഒരെണ്ണം ഇപ്പോൾ പൊട്ടിച്ചത് ഉള്ളൂ, ഇനി അടുത്തതും കൂടി എടുത്താൽ നിനക്ക് സമാധാനമാകുവൊള്ളൂ അല്ലേ?

അവൻ ഭദ്രയുടെ കൈത്തണ്ടയിൽ കയറി ബലമായി പിടിച്ചു.

എനിക്ക് വണ്ടിക്കൂലിയ്ക്കു ഇത്തിരി പൈസ തന്നാൽ മതി. ഞാൻ തിരിച്ചു പോയ്കോളാം. എനിക്ക് പേടിയാവുന്നു..കരഞ്ഞു കൊണ്ട് അവൾ ഹരിയെ നോക്കി കേണു.

ഒരു നിമിഷത്തേയ്ക്ക് അവൻ അവളുടെ മുഖത്തേക്ക് നോക്കി.

എത്ര വയസ് ഉണ്ട്, ഏറിയാൽ ഒരു 23….അതിൽ കൂടുതലൊന്നും കാണില്ല. ഇരു നിറത്തെക്കാൾ കൂടുതൽ നിറമുണ്ട്, അവളുടെ വിടർന്ന മിഴികളിളാണ് ആദ്യം അവന്റെ നോട്ടം ഉടക്കിയത്. കൂട്ടിമുട്ടിയ പുരികക്കൊടികൾ, യാതൊരു വിധ ചമയങ്ങളും ഇല്ല, ആകെയുള്ളത് നെറുകയിൽ അല്പം സിന്ദൂരം മാത്രം.

നിറ മിഴികളോട് അല്ലാതെ താൻ ഇവളെ കണ്ടിട്ടില്ലന്നു അവൻ ഓർത്തു.

അവന്റെ ഇടതു കൈയിൽ കൂട്ടിപിടിച്ചു കൊണ്ട് വിങ്ങി കരയുകയാണ്….

എന്തോ…അവനു ആ പെൺകുട്ടിയോട് സഹതാപം തോന്നിപ്പോയ്.

അമ്മ കാരണമാണ് എല്ലാം..ചേ…വേണ്ടിയിരുന്നില്ല.

ഹരിയേട്ടൻ സ്നേഹിക്കുന്ന പെൺകുട്ടിയോട് ഞാൻ എന്റെ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞോളാം,ആ കുട്ടിക്ക് എന്നെ മനസ്സിലാക്കാൻ പറ്റും, എന്നിട്ട് എത്രയും വേഗം നിങ്ങള് വിവാഹം കഴിക്ക്,സന്തോഷത്തോടെ ജീവിയ്ക്ക്..ഞാൻ പോയ്കോളാം.. പ്ലീസ്….എന്നേയൊന്നു വിശ്വസിക്കുമോ..ഹരിയേട്ടന്റെ ജാതകത്തിൽ ഒരു അനാഥ പെണ്ണിന് ജീവിതം കൊടുക്കുമെന്നുണ്ടെന്ന് ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് ലക്ഷ്മിയമ്മ, ഈ വിവാഹത്തിന് മുൻകൈയെടുത്തത്. അല്ലെങ്കിൽ ഒരിക്കലും സ്വന്തം മകനോട് ഇങ്ങനെ ഒരു ചതി ചെയ്യില്ലായിരുന്നു, ഒരു പക്ഷെ വിവാഹം കഴിക്കുമെന്ന് ജാതകത്തിൽ കാണും അതുകൊണ്ടായിരിക്കും  ഇങ്ങനെയൊക്കെ നടന്നത്, എന്ന് കരുതി ഒരുമിച്ച് ജീവിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല,  എങ്ങനെയെങ്കിലും ഹരിയേട്ടൻ ഇതിൽ നിന്ന് ഒഴിവായി പോയിട്ട്, അമ്മാവന്റെ മകളെ സ്വീകരിക്കു. എനിക്കെന്റെ ജീവിതത്തിൽ കുറച്ച് ലക്ഷ്യങ്ങളൊക്കെയുണ്ട്, ഞാനിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയും ഒരു വർഷം കൂടി വേണം എന്റെ പഠനം പൂർത്തിയാകുവാൻ,  സ്വന്തമായി ഒരു ജോലിയൊക്കെ നേടിയെടുത്തിട്ട്, എന്റെ ഓർഫനേജിൽ എന്തെങ്കിലുമൊക്കെ സഹായം ചെയ്യണമെന്ന്, എനിക്ക് ആഗ്രഹമുണ്ട്. അതോടൊപ്പം എന്റെ അച്ഛനോ അമ്മയോ ആരെങ്കിലും ഒരാൾ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയണം. അതിനോടിടയ്ക്ക് മീര  ടീച്ചറും ദേവിയമ്മയും അവിടെ ഓർഫനേജിലെ എല്ലാ അമ്മമാരും എന്നെ ഈ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ എനിക്ക് വേറൊരു മാർഗ്ഗവും ഇല്ലാതായിപ്പോയി. അവരൊക്കെ പറയുന്നത് അനുസരിച്ച് എനിക്ക് ഇന്നോളം ശീലം ഉള്ളൂ, എന്നാലും ഞാൻ എന്നെക്കൊണ്ട് പറ്റാവുന്ന രീതിയിൽ ഒക്കെ എതിർത്തതാണ്, പക്ഷേ ലക്ഷ്മിയമ്മ..

ലക്ഷ്മിയമ്മ പറഞ്ഞതുകൊണ്ട് എനിക്ക് ഈ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. അല്ലാണ്ട് ഞാൻ അറിഞ്ഞു കൊണ്ട് ഒരിക്കലും, ഹരിയേട്ടനോട് ചതി ചെയ്തിട്ടില്ല. ഹരിയേട്ടന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നുള്ളത് സത്യമായിട്ടും എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ  യാതൊരു കാരണവശാലും ഞാനിന്ന് ഹരിയേട്ടൻ അണീയിച്ച താലിയും അണിഞ്ഞു   ഇവിടെ ഉണ്ടാവില്ല…

ദയവുചെയ്ത് എന്നെ ഒന്ന് വിശ്വസിക്കുമോ,,, ഞാൻ ഹരിയേട്ടന്റെ കാലു പിടിക്കാം

പൊട്ടിക്കരഞ്ഞുകൊണ്ട് തന്നെ നോക്കി പറയുന്നവളെ കാണും തോറും ഹരിയ്ക്കും സങ്കടം തോന്നി.

മംഗല്യത്താലി 15

ദയവുചെയ്ത് എന്നെ ഒന്ന് വിശ്വസിക്കുമോ,,, ഞാൻ ഹരിയേട്ടന്റെ കാലു പിടിക്കാം
പൊട്ടിക്കരഞ്ഞുകൊണ്ട് തന്നെ നോക്കി പറയുന്നവളെ കാണും തോറും ഹരിയ്ക്കും സങ്കടം തോന്നി.

ഹരിയേട്ടാ….. എന്റെ അച്ഛനെയും അമ്മയെയും ഒന്നും ഞാൻ കണ്ടിട്ടു പോലുമില്ല, ഒരിക്കൽപോലും അവരെ വെച്ചെന്നും ഞാൻ ഒരു സത്യം ചെയ്തിട്ടു പോലുമില്ല,എന്റെ അമ്മയാണേൽ സത്യമാ ഞാനിപ്പോ പറയുന്നത്. എന്നെ ആ ഓർഫനേജിലോന്നു എത്തിച്ചു തന്നാൽ മാത്രം മതി, അല്ലെങ്കിൽ എനിക്ക് വണ്ടിക്കൂലിക്ക് ഇത്തിരി പൈസ തന്നാൽ മതി, ഞാൻ അവിടേക്ക് പൊയ്ക്കോളാം, പ്ലീസ്..

നീ അവിടെ ചെന്ന് കഴിയുമ്പോൾ, അവരു നിന്നെ സ്വീകരിച്ചില്ലെങ്കിലോ. ലക്ഷ്മി അമ്മയുടെ അധീനതയിലുള്ള ഓർഫനേജ് അല്ലേയത്, ഒരുപക്ഷേ അമ്മ പറയുവാ ഇനി നിന്നെ അവിടെ  നിർത്തണ്ട എവിടേക്കെങ്കിലും പറഞ്ഞുവിട്ടോളൂന്നു, അങ്ങനെയായാൽ ഭദ്ര ഇനി എന്ത് ചെയ്യും..അവളെ നോക്കിക്കൊണ്ട് ഹരി സാവധാനം ചോദിച്ചു..

ആ പാവം പെൺകുട്ടിക്ക് പെട്ടെന്ന് ഒരു മറുപടി പറയാൻ ഇല്ലായിരുന്നു. സത്യത്തിൽ ഹരിയുടെ ആ ചോദ്യം, അവളെ ഒരു നിമിഷത്തേക്ക് ആകമാനം ചിന്തിപ്പിച്ചു..

ശരിയാണ്, ചിലപ്പോൾ ലക്ഷ്മിയമ്മ അങ്ങനെ പറയും, അതിനും സാധ്യതയുണ്ട്.. പക്ഷെ തനിയ്ക്ക് പോകാനൊരു ഇടമില്ല..

പറയൂ ഭദ്ര…. അങ്ങനെ അമ്മയൊരു കടുത്ത തീരുമാനമെടുത്താൽ താൻ എന്ത് ചെയ്യും.

ദയനീയമായി അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയശേഷം അവൾ മുഖം താഴ്ത്തി.

അപ്പോഴും അവളുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുകയാണ്.

അവളുടെ ഈ നിസ്സഹായാവസ്ഥയെയാണ് അമ്മ ചൂഷണം ചെയ്തത്, പിന്നെയും ഓർക്കും തോറും ഹരിയ്ക്ക് മഹാലക്ഷ്മിയോട് തീർത്താൽ തീരാത്ത ദേഷ്യവും പകയും തോന്നിയിരുന്നു.

അവൻ സാവധാനം വണ്ടി മുന്നോട്ട് എടുത്തു.
പിന്നീട് ഒരക്ഷരം പോലും ഭദ്ര അവനോട് ചോദിച്ചതേയില്ല.

മീരടീച്ചർക്ക് തന്നെ കാണണമെന്ന് എന്നോട് വിളിച്ചുപറഞ്ഞു, അതുകൊണ്ട് അവിടെ വരെയൊന്ന് പോകാം.പക്ഷെ തിരിച്ച് എന്റെ ഒപ്പം ഇങ്ങു പോന്നേക്കണം കേട്ടോ, അങ്ങനെയൊരു ഉറപ്പ് തരുവാണെങ്കിൽ മാത്രമേ  ഞാൻ തന്നേ കൊണ്ടുപോകുവൊള്ളു.

എന്താ ഭദ്രേ സമ്മതമാണോ….ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഹരി മുഖം തിരിച്ച് അവളെയൊന്ന് നോക്കി ചോദിച്ചു.

ഞാൻ പോന്നോളം,,, എനിക്ക് അവരെയൊക്കെയൊന്ന് കണ്ടാൽ മാത്രം മതി..ഹ്മ്മ്…… എങ്കിൽ ഓക്കേ…

കുറച്ചു സമയങ്ങൾക്കുള്ളിൽ ഓർഭനേജിലേയ്ക്കുള്ള വഴിയെത്തുന്നത് ഭദ്ര അറിഞ്ഞു..

അവളുടെ മിഴികളിൽ അതുവരെ അവൻ കാണാത്ത ഒരു തിളക്കംമൊട്ടിട്ടു.

ഹരി ഒരു ബേക്കറിയുടെ മുന്നിലായി ഒതുക്കി നിർത്തി, എന്നിട്ട് വണ്ടിയിൽ നിന്നുമിറങ്ങി.

40കുട്ടികളാണ് അവിടെയുള്ളത്.
ബാക്കിയുള്ള അന്തേവാസികളെയൊക്കെ ചേർത്ത് 52 ആളുകൾ..

എല്ലാവർക്കും മധുര പലഹാരങ്ങൾ വാങ്ങിക്കൊണ്ട് ആയിരുന്നു അവൻ ഇറങ്ങിവന്നത്…

എല്ലാം കൊണ്ടുവന്ന കാറിന്റെ പിൻ സീറ്റിലേക്ക് വെച്ച ശേഷം,  അവൻ വീണ്ടും മുൻപിലേക്ക് കയറിയിരുന്നു.

തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു കവർ അവൻ അവളുടെ നേർക്ക് നീട്ടി.

സന്ദേഹത്തോടെ അവൾ തിരിച്ച് അവനെയും.

താൻ എടുത്തോളൂ,,ഹരി വീണ്ടും പറഞ്ഞു.

ഭദ്ര ആ പായ്ക്കറ്റ് തന്റെ മടിയിലേക്ക് വെച്ചു..

അത് പൊട്ടിച്ചു നോക്കടോ…എന്തിനാ ഇങ്ങനെ വെച്ചിരിക്കുന്നത്.
പറയുമ്പോൾ ഭദ്രയതു പൊട്ടിച്ചു.

മിൽക്കിബാറിന്റെ വലിയൊരു പാക്കറ്റ്.

അതിലൊന്ന് വിരലോടിച്ചശേഷം, അത് അടച്ചു വീണ്ടും മടിയിലേക്ക് തന്നെ അവൾ വച്ചു.

അത് കഴിച്ചോളൂ……

കുറച്ചു കഴിഞ്ഞു കഴിച്ചോളാം

ഹ്മ്മ്… എന്തെ…

അവൻ ചോദിച്ചുവെങ്കിലും ഭദ്ര മറുപടിയൊന്നും പറഞ്ഞില്ല.

താൻ കഴിച്ചോളൂ അവർക്കൊക്കെ ഉള്ളത് ഞാൻ മേടിച്ചിട്ടുണ്ട്.

ഹരി പിന്നെയും നിർബന്ധിച്ചു എങ്കിലും ഭദ്ര അത് കഴിക്കാൻ കൂട്ടാക്കിയില്ല.

അപ്പോഴേക്കും അവർ ഓർഫനേജിന്റെ വാതിലിന്റെ വലിയ ആർച്ച് കണ്ടിരുന്നു.

അത്യാഹ്ലാദത്തോടെ അവൾ അവിടേക്ക് നോക്കി പുഞ്ചിരി തൂകി.

അപ്പോൾ പറഞ്ഞത് മറക്കണ്ട, എന്റെ കൂടെ മടങ്ങിപ്പോന്നോണം  കേട്ടല്ലോ ഭദ്രേ.

ഹരിയെ നോക്കി തലയാട്ടിയ ശേഷം അവൾ ഒരു മന്ദഹാസത്തോടെ വെളിയിലേക്ക് ഇറങ്ങി.

ടീച്ചർ ഉമ്മറത്ത്ത്തന്നെ ഉണ്ടായിരുന്നു.,.

ഇവരുടെ വരവ് പ്രതീക്ഷിച്ചുന്നോണം..
ഓടി ചെന്നിട്ട് ടീച്ചറിനെ അവൾ കെട്ടിപ്പിടിച്ചു.

ഇരുവരും പരസ്പരം കരഞ്ഞുകൊണ്ട് ഇറുക്കി പുണർന്നു നിൽക്കുന്നതാണ് ഹരി അവിടേക്ക് വന്നപ്പോൾ കണ്ടത്.

ഭദ്ര വന്നറിഞ്ഞ് കുട്ടികളിൽ ചിലരൊക്കെ ഓടി വരുന്നുണ്ട്. എല്ലാ മുഖത്തും സന്തോഷം, ഒപ്പം ആനന്ദ കണ്ണീരും.

ദേവിയമ്മ എവിടെ? ഭദ്ര നാലു പാടും നോക്കി…

അപ്പുറത്തുണ്ട് മോളെ, നീ വരുന്നതറിഞ്ഞു നീനക്കിഷ്ടപ്പെട്ട മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുവാണ്.

ഓഹ്.. ഈ ദേവിയമ്മേടെ കാര്യം…അവൾ തന്റെ കൂടെ നിന്നിരുന്ന കുട്ടിപ്പട്ടാളങ്ങളുമായി അകത്തേക്ക് ഓടി പോകുന്നത് ഹരി ഒന്നെത്തി നോക്കിയപ്പോൾ കണ്ടു.

മോനേ… ഹരി കയറി വാ മോനേ.

ടീച്ചർ അവന്റെ കൈക്ക് പിടിച്ചു.
അവൻ തന്റെ കൈയിൽ ഇരുന്ന കവറുകൾ ഒക്കെ മീരടീച്ചറെ ഏൽപ്പിച്ചു.

കുറച്ചു സ്വീറ്റ്സ് ആണിത്.. കുട്ടികൾക്ക് കൊടുത്തേയ്ക്ക് കേട്ടോ ടീച്ചർ..

ഹ്മ്മ്… കൊടുത്തോളം മോനേ.

വരൂ.. നമ്മൾക്ക് അകത്തേയ്ക്ക് ഇരിക്കാം.

ടീച്ചറിന്റെ ഒപ്പം ഹരി ഉള്ളിലേക്ക് കയറി പോയി.

ദേവിയമ്മേ….ഓയ് ദേവിയമ്മേ…

ഭദ്ര ഉറക്കെ വിളിക്കുന്നത് അവൻ കേട്ടു.

ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ