മംഗല്യ താലി, ഭാഗം 22,23,24– എഴുത്ത്: കാശി നാഥൻ

മംഗല്യ താലി  ഭാഗം 22.

ആഹ്, അമ്മയോ, ഇതെപ്പോ വന്നു, ഞാനോർത്തത് ഭദ്രയാണെന്ന, സോറിയമ്മേ… ഞാൻ കണ്ടില്ലായിരുന്നു.

അവൻ മറ്റെവിടെയോ നോക്കിക്കൊണ്ട് അമ്മയോട് പറയുകയാണ്.

ഇതെല്ലാം കേട്ട് ഭദ്ര വാ പൊളിച്ച് കുറച്ചപ്പുറത്ത് മാറിനിൽപ്പുണ്ട്.

നേരം കുറെയായില്ലേ, രണ്ടാളെയും കാണാഞ്ഞത് കൊണ്ട് ഞാൻ കയറി വന്നതാ.അതിപ്പോ വേണ്ടിയിരുന്നില്ലന്നു ഇവിടെ വന്നു കഴിഞ്ഞാ തോന്നിയെ.

മഹാലക്ഷ്മി അത്ര താൽപര്യമില്ലാത്ത മട്ടിൽ മകനോടായി പറഞ്ഞു.

അതെന്തു വർത്താനമാണമ്മേ.. ഇന്നലെ കല്യാണം കഴിഞ്ഞവരല്ലേ ഞങ്ങൾ, ചിലപ്പോൾ ഉണരാൻ ഒക്കെ ഒന്ന് വൈകും, അമ്മയോട് ഇതൊക്കെ പറഞ്ഞു തരേണ്ട കാര്യമുണ്ടോ, ഈ പ്രായമൊക്കെ കഴിഞ്ഞല്ലേ അമ്മയും ഇവിടെ വരെ എത്തിയത്….ആ ഒരു സെൻസിൽ ഇതങ്ങ് കണ്ടാൽ മതി.
പറഞ്ഞുകൊണ്ട് അവൻ ഭദ്രയുടെ അടുത്തേക്ക് വന്നു. എന്നിട്ട് അവളെ തന്നോട് ചേർത്തുനിർത്തിക്കൊണ്ട് മഹാലക്ഷ്മിക്ക് മറുപടി നൽകി.

ഭദ്രയാണെങ്കിൽ അവനിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ ആയി ശ്രമിച്ചപ്പോൾ, ഹരിയുടെ പിടുത്തം മുറുകി വന്നു.

ഈ അമ്മയുടെ ഒരു കാര്യം അല്ലേ ഭദ്രേ…. ആഹ് പോട്ടെ, സാരമില്ല, അമ്മ ഒരുപാട് കാട് കയറി ചിന്തിക്കുന്ന കൂട്ടത്തിൽ അല്ല, ഈ വളഞ്ഞ കുരുട്ടു ബുദ്ധി ഒന്നും അമ്മയ്ക്കൊട്ടും വശമില്ലന്നേ,  അതുകൊണ്ട് നേരെ ഇങ്ങോട്ട് കയറി പോന്നത്… അല്ലേ അമ്മേ..

ഹരി അവരെ നോക്കി പുച്ഛഭാവത്തിൽ പറഞ്ഞു. മഹാലക്ഷ്മിക്ക്  അവരുടെ മുന്നിൽ താൻ ചെറുതാക്കപ്പെട്ടത് പോലെ തോന്നി ഹരിയെ ഒട്ടൊരു ദേഷ്യത്തോടെ അവർ മുഖമുയർത്തി നോക്കി

ദേ ഞങ്ങളുടെ അടുത്തയതു കൊണ്ട് കുഴപ്പമില്ല, ഈ ഭദ്ര ഒരു പാവമാണ്, അമ്മ പറഞ്ഞപോലെ ഇവൾക്ക് ചോദിക്കാനും പറയാനും  ഒന്നുമാരുമില്ല താനും,പക്ഷേ നമ്മുടെ ഐശ്വര്യയുടെ അടുത്തേക്ക്, ഇങ്ങനെ കയറി ചെല്ലരുതേ അവളെ ഐറ്റം വേറെയാണ്, ആട്ടിയോടിക്കും, ഒരുപക്ഷേ ഈ മംഗലത്ത് വീട്ടിൽ നിന്ന് തന്നെ…

ദൃഢമായ സ്വരത്തിൽ അവനത് പറഞ്ഞപ്പോൾ അപമാന ഭാരത്താൽ മഹാലക്ഷ്മിയുടെ മുഖം കുനിഞ്ഞു.

പെട്ടെന്ന് തന്നെ അവർ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി 

ടി… ഭദ്രേ,,, നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ട് കേട്ടോ, എന്തൊരു നീറ്റലായിരുന്നു,

ഹോ… ഈ പെണ്ണിന്റെ പിടിത്തം…എനിക്ക് വേദനിച്ചത് പോലെ, ഇന്ന് രാത്രിലേ ഇതിനുള്ള മറുപടി നിനക്ക് ഞാൻ തന്നിരിക്കും.

അമ്മയ്ക്ക് കേൾക്കാൻ പാകത്തിന് ശബ്ദം ഉയർത്തി അവൻ ഭദ്രയോട് പറഞ്ഞു..

അമ്മേ ആ വാതിൽ ഒന്ന് അടച്ചേക്കു കേട്ടോ….ഹരി ഉറക്കെ വിളിച്ചു പറഞ്ഞതും മഹാലക്ഷ്മിക്ക് അത് ചെയ്യാണ്ടിരിക്കാനായില്ല.

അവർ ഇറങ്ങി പോകുന്നത് നോക്കി അവൻ ഒന്ന് ചിരിച്ചു. അപ്പോഴും ഭദ്രയാണെങ്കിൽ ഹരിയോട് ചേർന്ന് നിൽക്കുകയാണ്

ഹരിയൊന്നു മുഖം തിരിച്ചതും കണ്ടു പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങി നിൽക്കുന്നവളെ..

അവൻ കൈയുടെ പിടുത്തം അയച്ചതും ഭദ്ര വേഗം ഒഴിഞ്ഞു മാറി.

ഹരിയേട്ടാ.. ഇതെന്തൊക്കെയാണ് ഈ വിളിച്ചു പറഞ്ഞത്., ഞാൻ അതിനു എപ്പോളാ ഹരിയേട്ടനോട്…

ശോ,ലക്ഷ്മിയമ്മ എന്ത് കരുതിക്കാണും..

അവൾ ഹരിയുടെ മുഖത്തേക്ക് ഉറ്റു നോക്കി.

അവൻ ആണെകിൽ ഊരിയിട്ടിരുന്ന ടീഷർട്ട് വീണ്ടും എടുത്തു ഇടുകയാണ്..

ഇതെന്തിനാ ഈ ഷർട്ട്‌ അഴിച്ചു മാറ്റിയിട്ടത്, എന്ത് വിവരക്കേടൊക്കെയാ പറഞ്ഞേ..അവൾ പിന്നെയും പുലമ്പി.

നീ പിച്ചിയില്ലേ പെണ്ണേ…? അവൻ അവളെ നോക്കി കുസൃതിചിരി ചിരിച്ചു

അതിനു ഞാൻ എപ്പോളാ ഹരിയേട്ടനെ പിച്ചിയത്, എവിടെയാ എന്റെ നഖം കൊണ്ടത്. ഈ സെറ്റിയിൽ അല്ലേ ഞാൻ കിടന്നതുപോലും…ഇതെന്താ ഇങ്ങനെയൊക്കെ കളവ് പറഞ്ഞേ..നാണക്കേട് ആയിട്ടൊ.

ഭദ്ര വീണ്ടും അവനെനോക്കി പറയുകയാണ്.

നാണക്കേടോ….അതെങ്ങനെ.

ലക്ഷ്മിയമ്മ വേറെന്തെങ്കിലും ഒക്കെ കരുതിക്കാണില്ലേ…?

വേറെന്ത്..

അവൻ അവളുടെ അരികിലേക്ക് അല്പം കൂടി ചേർന്ന് വന്നു.

അവർക്ക് കോമൺ സെൻസില്ലേ ഹരിയേട്ടാ.. അതുകൊണ്ട് ഞാൻ പറഞ്ഞത്.

ഹ്മ്മ്… അങ്ങനെ… പക്ഷെ ഞാനേ അമ്മയോട്  ചുമ്മാ പറഞ്ഞതാണന്നെ.. അമ്മയ്ക്ക് ഇത്തിരി മിസ്സണ്ടർ സ്റ്റാൻഡിങ് വരുവാനായിട്ട് എന്തേ, എന്റെ ഭദ്രക്കുട്ടിയ്ക്കു സങ്കടംമായോ.
അവൻ അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.

ഇനിയും എന്തിനാ ഹരിയേട്ടാ എന്നേ സങ്കടപ്പെടുത്തുന്നെ, ഞാനതിന് എന്ത് തെറ്റാ ചെയ്തേ.

ഹരി നോക്കിയപ്പോൾ അവളുടെ മുഖത്തു വേദന നിഴലിച്ചു നിന്നു..

ഇനി എന്റെ ഭദ്രക്കുട്ടി സങ്കടപ്പെടേണ്ട കെട്ടോ… ഈ ഹരിയേട്ടൻ നിന്നെ വേദനിപ്പിക്കുകയുമില്ല….

അവളുടെ കവിളിൽ തട്ടികൊണ്ടവൻ പറഞ്ഞു. എന്നിട്ട് ഭദ്രയെ പിടിച്ചു കണ്ണാടിയുടെ മുന്നിൽ നിറുത്തി. സിന്ദൂരം ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ നെറുകയിൽ ഇട്ടു.

ദേ…. എന്നും ഇതിങ്ങനെ വേണം..ഒഴിഞ്ഞു കിടക്കാൻ പാടില്ല കേട്ടോ . ഇങ്ങനെയീ സീമന്തം നിറഞ്ഞു നിൽക്കണം,അപ്പോളല്ലേ നീ ഹരിയേട്ടന്റെ പെണ്ണാകുന്നത്,….

അവന്റെ പറച്ചില് കേട്ടതും ഭദ്ര ഞെട്ടിവിറച്ചു കൊണ്ട് അവനെ നോക്കി.

മംഗല്യ താലി 23

ഭദ്രയുടെ നോട്ടം കണ്ടതും ഹരിയ്ക്ക് ചിരി വന്നു.

ഹ്മ്മ്.. എന്ത് പറ്റി, എന്തിനാ ഇങ്ങനെ നോക്കുന്നെ?

ഹരി അല്പം കൂടി ചേർന്ന് വന്നതും ഭദ്ര കുറച്ചു പിന്നിലേക്ക് നീങ്ങിപ്പോയിരുന്നു.എന്നിട്ട് പേടിയോടെ വീണ്ടും അവനെ നോക്കി.

താൻ വാ, നമ്മുക്ക് താഴേക്ക്പോകാം അല്ലേ… തനിക്ക് വിശക്കുന്നുണ്ടോ.

ഇല്ല…

ഹ്മ്മ്… നമ്മൾക്ക് ഫുഡ്‌ കഴിച്ചിട്ട് ഒന്ന് പുറത്തു പോണം കെട്ടോ, ഉച്ച കഴിഞ്ഞു റിസപ്ഷന് പോകുമ്പോൾ ഇടാൻ വേണ്ടി എനിയ്ക്കൊരു കുർത്ത വാങ്ങണം.

പുറത്തേക്ക് ഇറങ്ങുമ്പോൾ ഹരി പറഞ്ഞു.

ഹരിയേട്ടൻ ഒറ്റയ്ക്ക് പൊയ്ക്കോളൂ, ഞാൻ വരുന്നില്ല.

അതെന്താ ഭദ്രക്കുട്ടി അങ്ങനെ പറയുന്നേ,നമ്മൾക്കു രണ്ടാൾക്കും കൂടി പോകാമെന്നെ..

വേണ്ട ഹരിയേട്ടാ, ഞാൻ വരുന്നില്ല. അതൊന്നും ശരിയാവില്ല അതാണു.

അതെന്താ ശരിയാവാത്തത്…?

എനിക്ക് ഇന്ന് മടങ്ങണം,അത് ഞാൻ തീർച്ചപ്പെടുത്തിയത,ഈ വീട്ടിൽ നിൽക്കുമ്പോൾ എനിക്ക് വല്ലാത്ത പരവേശം പോലെ തോന്നുവാ.

അങ്ങനെ പറഞ്ഞാൽ പറ്റുമോ, ഇവിടെ നിൽക്കേണ്ട ആളല്ലേ, അപ്പൊ എല്ലാം ഇട്ടെറിഞ്ഞു ഓടിപോയാൽ എങ്ങനെ ശരിയാവും.

ഞാൻ അല്ല ഹരിയേട്ടാ ഇവിടെ നിൽക്കേണ്ടത്, മദുലയാണ്., ആ കുട്ടി ഇന്ന് വരുമ്പോൾ എന്നേ കണ്ടാൽ ശരിയാകില്ല, നിങ്ങളുടെ future നെ പോലും അത് ബാധിക്കും..

സ്റ്റെപ്സ് ഇറങ്ങവേ അവൾ പതിയെ അവനോട് മന്ത്രിച്ചു..

എന്റെ future…. അത് തീരുമാനിക്കേണ്ടത് ഞാനാണ്,ഞാൻ മാത്രം….അതുകൊണ്ട് താൻ ഇതെല്ലാം ആലോചിച്ചു നേർവസ് ആകേണ്ട കാര്യമില്ല.എനിയ്ക്ക് അറിയാം, എന്താ വേണ്ടതെന്നുള്ളത് പോലും…

അവൻ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് മുന്നോട്ട് ഇറങ്ങിപ്പോയ്.

താഴെ എത്തിയപ്പോൾ മഹാലക്ഷ്മി കുത്തി വീർപ്പിച്ച മുഖവുമായി അവിടെക്കിടന്ന ഒരു സെറ്റിയിൽ ഇരിപ്പുണ്ട്. ഹരിയെ കണ്ടതും അവരുടെ ദേഷ്യം പിന്നെയും കൂടി. അവൻ പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെകൊണ്ട് ഊണ് മുറിയിലേക്ക്പോയി. മഹാലക്ഷ്മിയുടെ മുഖത്തേക്ക് നോക്കുവാൻ ഭദ്രയ്ക്ക് വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു.  കാരണം ഉള്ളിൽ കപടത നിറച്ചു കൊണ്ടുള്ള തന്നോടുള്ള അവരുടെ പെരുമാറ്റം. സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഇവർക്ക് ഇങ്ങനെ ഒരു മുഖമുണ്ടെന്നുള്ളത് അതവളെ ഒരുപാട് വിഷമിപ്പിച്ചു. ഹരിയുടെ പിന്നാലെ ഭദ്രയും അകത്തേക്ക് പോയി.

സൂസമ്മചേച്ചി ഭക്ഷണമൊക്കെ എടുത്തു ടേബിളിൽ വെച്ചിട്ടുണ്ട്.
ഇടിയപ്പവും കടല കറിവെച്ചതും ആയിരുന്നു അന്നത്തെ ബ്രേക്ക്‌ഫാസ്റ്റ് 

ഒരു ഇടിയപ്പവും കുറച്ചു കറിയും ഭദ്ര തന്റെ പ്ലേറ്റിലേക്ക് എടുത്തു,എന്നിട്ട്  കഴിച്ചു തുടങ്ങി. ഹരി അതൊക്കെ നോക്കിക്കൊണ്ട് അവളുടെ അരികിലായി ഇരുന്നു.

പെട്ടെന്ന് തന്നേ കഴിച്ചു എഴുന്നേറ്റ് പോകാൻ തുനിഞ്ഞവളുടെ ഇടം കൈയിൽ പെട്ടന്ന് അവൻ കയറിപ്പിടിച്ചു.

ഇവിടെയിരിക്കു, എന്തിനാ ഓടിപ്പിടിച്ചു എഴുന്നേൽക്കുന്നെ. ചോദിച്ചുകൊണ്ട് രണ്ട് ഇടിയപ്പം കൂടി അവൻ എടുത്തു അവളുടെ പ്ലേറ്റിൽ വെച്ചു. കുറച്ചു കറിയും മീതെ ഒഴിച്ചു.

എനിക്ക് വയറു നിറഞ്ഞതാണു ഹരിയേട്ടാ… ഇനി വേണ്ട….

മറുപടിയായി അവളെയൊന്നു കനപ്പിച്ചു നോക്കിക്കൊണ്ട് കസേരയിൽ ഇരിയ്ക്കാൻ അവൻ ആംഗ്യം കാണിച്ചു.

വേണ്ടാഞ്ഞിട്ടാരുന്നു…..സത്യായിട്ടും വയറു നിറഞ്ഞു.

അതൊക്കെ പിന്നെ ഞാൻ നോക്കികൊള്ളാം, ഇപ്പൊ തത്കാലം താനിരുന്നു കഴിയ്ക്ക്.. അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം, ഞാൻ വാരി തരാം..അപ്പൊ ഈ മടിയൊക്കെ മാറും..

വേണ്ട വേണ്ട… ഞാൻ ഒറ്റയ്ക്ക് കഴിച്ചോളാം.

കസേരയിലേക്ക് വേഗം ഇരുന്ന്കൊണ്ട് അവൾ വീണ്ടും കുറേശെ കഴിച്ചു തുടങ്ങി.

ഇതെല്ലാം കണ്ട്കൊണ്ട് മഹാലക്ഷ്മി അപ്പുറത്ത് ഇരിപ്പുണ്ട്. അവരുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി.
വല്ലാത്തൊരു ഭാവത്തിൽ അവർ അവിടെയിരുന്നു പല്ലിറുമ്മി.

അമ്മയെ മനഃപൂർവം കേൾപ്പിക്കുവാൻ ഹരി പിന്നെയും ആക്ട് ചെയ്തു.

അപ്പോളാണ് അനിരുദ്ധന്റെ വരവ്.

ആഹ് ഏട്ടാ ഗുഡ്മോണിംഗ്.

ഗുഡ്മോണിംഗ് ഹരി…. നീയിന്നു ഓഫീസിൽ പോകുന്നില്ലേ

ഹ്മ്മ്.. ജസ്റ്റ്‌ പോയിട്ട് ഞങ്ങൾക്കൊന്നു പുറത്തു പോണം…ഭദ്രയ്ക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ട്..

അതെയോ… എങ്കിൽ പിന്നെ നിങ്ങള് കാലത്തെ പൊയ്ക്കോ, ഓഫീസിലേയ്ക്ക് ഞാൻ പോകാം..

അതൊന്നും വേണ്ട, ഞങ്ങൾ രണ്ടാളും കൂടി പോകാം, ഏട്ടന് ഇന്ന് റിസപ്ഷൻ ഉള്ളത് അല്ലേ..

അത് മൂന്നു മണി മുതലല്ലേ, ഞാൻ ജസ്റ്റ്‌ പോയിട്ട് പെട്ടെന്ന് വരാം…അനിരുദ്ധൻ വീണ്ടും പറഞ്ഞു.

ആഹ് എന്തായാലും ഞാനൊന്നു ആലോചിച്ചു പറയാമേട്ടാ,,

ഹ്മ്മ്…..ശരി.

ഭദ്രയെ നോക്കി അനിയൊന്നു പുഞ്ചിരിച്ചു.

ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ അനിയേട്ട..

വളരെ പതിഞ്ഞ ശബ്ദതിൽ ഭദ്ര ചോദിച്ചു.

ഹ്മ്മ്… കഴിച്ചു, ഐശ്വര്യംയ്ക്ക് പാർലറിൽ പോണമായിരുന്നു. അതുകൊണ്ട് നേരത്തെ കഴിച്ചു.

ഒരു ഫോൺ കാൾ വന്നതും അവൻ അതുമായി ഇറങ്ങി പോയിരിന്നു.

തനിയ്ക്ക് ഒരുങ്ങാൻ പോണോടോ. ഞാൻ ഡ്രോപ്പ് ചെയ്യാം, പറഞ്ഞാൽ മതി കേട്ടോ.

അമ്മയ്ക്ക് കേൾക്കാൻ പാകത്തിന് ശബ്ദം ഉയർത്തി അവൻ പറഞ്ഞു.

ഇവളെങ്ങോട്ട് പോകാന്, അതിനു നിന്നെയൊക്കെ ആരാടാ റിസപ്ഷന് ക്ഷണിച്ചത്..

മഹാലക്ഷ്മി പാഞ്ഞുവന്നിട്ട് എടുത്തടിച്ചത് പോലെ ഹരിയോട് ചോദിച്ചു.

ആർക്കും വേണ്ടാതെ ഇട്ടിട്ടു പോയ ഈ നാശംപിടിച്ചവളെഎങ്ങാനും നീ വലിച്ചോണ്ട് വരാൻ നോക്കിയാൽ വിവരം അറിയും കേട്ടോ ഹരി… ഈ മഹാലഷ്മി ആരാണെന്ന് നിനക്ക് ശരിക്കും അറിഞ്ഞുകൂടാ..എന്നേ തോൽപ്പിക്കാൻ ആണ് നിന്റെ ഭാവം എങ്കിൽ രണ്ടിനെയും ഞാൻ വെറുതെ വിടില്ല..

അവർ അലറി

മംഗല്യതാലി ഭാഗം 24
രചന കാശിനാഥൻ.

ആർക്കും വേണ്ടാതെ ഇട്ടിട്ടു പോയ ഈ നാശംപിടിച്ചവളെഎങ്ങാനും നീ വലിച്ചോണ്ട് വരാൻ നോക്കിയാൽ വിവരം അറിയും കേട്ടോ ഹരി… ഈ മഹാലഷ്മി ആരാണെന്ന് നിനക്ക് ശരിക്കും അറിഞ്ഞുകൂടാ..എന്നേ തോൽപ്പിക്കാൻ ആണ് നിന്റെ ഭാവം എങ്കിൽ രണ്ടിനെയും ഞാൻ വെറുതെ വിടില്ല..

അവർ അലറി

നിനക്ക് വേണ്ടി..നിനക്ക് വേണ്ടി മാത്രമാണ് ഞാൻ ഇങ്ങനെ ഒരു തരംതാഴ്ന്ന കളി കളിയ്ക്കാൻ ഇറങ്ങിയത്. നിന്റെ ജീവിതത്തിൽ 2 വിവാഹങ്ങൾ ഉണ്ടെന്ന്  പല ജോത്സ്യന്മാരും ഒരുപോലെ ഉറപ്പിച്ചു പറഞ്ഞപ്പോൾ, ഇതല്ലാതെ വേറൊരു വഴിയും എന്റെ മുന്നിലില്ലായിരുന്നു.
അതുകൊണ്ടാണ് ഇവളെ ഇങ്ങോട്ട് നിന്റെ ഭാര്യയായി കൂട്ടിക്കൊണ്ടു വരുവാൻ ഞാൻ തീരുമാനിച്ചത്. അതും നിനക്കിവളെ ഒരിക്കലും ഇഷ്ടമാവില്ല എന്ന് എനിക്ക് 100% അറിയാമായിരുന്നതുകൊണ്ട് മാത്രമാണ്. നിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ മറ്റാരെക്കാൾ നന്നായി എനിക്കറിയാം. അതുപോലെതന്നെ  നിന്റെ സങ്കല്പത്തിലുള്ള ഒരു പെണ്ണല്ല ഇവൾ എന്നുള്ളതും. പല കാര്യങ്ങൾ ആലോചിച്ച ശേഷമാണ്, ഒടുക്കം ഈ വിവാഹത്തിന് പോലും ഞാൻ നിന്നെ നിർബന്ധിച്ചത്. മൃദുല മോള് എത്ര തവണ ഇവിടേക്ക് വരാനായി ഒരുങ്ങിയതാണെന്ന് അറിയാമോ, ഓരോ തവണയും എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് ഞാനാണ് അവളെ വിലക്കിയത്. എന്നിട്ട് ഒടുക്കം നീയ്.. M നിനക്ക് നാണമില്ലേടാ  കണ്ട പുറമ്പോക്കിൽ കിടന്ന   ഇവളെയൊക്കെ എടുത്ത് തലയിൽ വയ്ക്കാൻ….

മഹാലക്ഷ്മിയുടെ പറച്ചിൽ കേട്ടതും ഹരി തരിച്ചു നിന്നുപോയി.

ഇത്രമാത്രം തരം താഴ്ന്ന രീതിയിൽ  തന്റെ അമ്മ സംസാരിക്കും എന്നുള്ളത് സ്വപ്നത്തിൽ പോലും അവൻ കരുതിയില്ല. അവനെന്നല്ല അവിടെ കൂടിയ ആരും…

ഒരുപാട് വിഐപിസ് വരുന്ന റിസപ്ഷനാണ് ഇന്ന്.  അവരുടെയൊക്കെ മുൻപിലേക്ക്  കാൽ കാശിനു ഗതിയില്ലാത്ത ഇവളെയും എഴുന്നള്ളിച്ചു കൊണ്ട് നീ വന്നാൽ….പിന്നെ ഈ മഹാലക്ഷ്മിയ്ക്ക് ഒന്നും നോക്കാനില്ല പറഞ്ഞേക്കാം..

ഹരി പതിയെ ഒന്ന് മുഖം തിരിച്ചു നോക്കി.

പൊട്ടിക്കരഞ്ഞുകൊണ്ട് നിൽക്കുകയായിരിക്കും ഭദ്ര എന്നായിരുന്നു അവൻ കരുതിയത്..

പക്ഷേ അവനെ തെറ്റുപറ്റി പോയി.

വളരെ ശാന്തയായി, ഇതെല്ലാം കേൾക്കുവാൻ താൻ വിധിക്കപ്പെട്ടവൾ ആണ് എന്ന ഭാവത്തിൽ അനങ്ങാതെ നിൽക്കുകയാണ് ഭദ്ര.

അമ്മയ്ക്ക് എന്താ ഭ്രാന്ത് പിടിച്ചോ, എന്തു വെളിവില്ലായ്മയാണ് ഇങ്ങനെ വിളിച്ചു കൂവുന്നത്,, അതും ഈ പാവം പെൺകുട്ടിയെ കുറിച്ചു, ഇത്രമാത്രം അധപ്പതിച്ചു പോയോ അമ്മ..

ബഹളം കേട്ടു കൊണ്ടുവന്ന അനിരുദ്ധൻ മഹാലക്ഷ്മിയുടെ നേർക്ക് കയർത്തു..

നീ മിണ്ടരുത് അനി… ഇത് ഞാനും ഹരിയും ആയിട്ടുള്ള ഇടപാടാണ്.

അവർ അവന് നേരെയും ക്ഷോഭിച്ചു.

എന്ത് ഇടപാട് നടത്തിന്നു.. എന്നാപ്പിന്നെ അത് ഞാനും കൂടി അറിയണമല്ലോ.

അവനും വിട്ടുകൊടുക്കാൻ ഭാവം ഇല്ലാരുന്നു.

നീ അറിയേണ്ടകാര്യങ്ങൾ മാത്രം തത്കാലം അറിഞ്ഞാൽ മതി. ഇതിൽ ഇടപെടുകയും വേണ്ട..

അതെയോ ഹരി… അങ്ങനെയാണോ കാര്യങ്ങൾ അനിരുദ്ധൻ ഹരിയെ നോക്കി

ഹ്മ്മ്… ഞാനും എന്റെ ഭാര്യയും ഏട്ടന്റെ വിവാഹ റിസപ്ഷൻ ചടങ്ങിൽ പങ്കെടുക്കണ്ട എന്നാണ് അമ്മയുടെ തീരുമാനം.അമ്മയ്ക്ക് നാണക്കേട് ആണെന്ന്

നാലാളറിഞ്ഞു തന്നേയാണ് ഞാൻ ഭദ്രയെ വിവാഹം കഴിച്ചത്.ഇനിയിപ്പോ അമ്മേടെ ഏത് വി ഐ പിസ് ആണ് അത് അറിയാതെ വരുന്നതെന്ന് എനിക്കൊന്ന് അറിയണം. അതുകൊണ്ട് എന്തായാലും ഈ റിസപ്ഷന് ഞാൻ വന്നിരിക്കും. ഒപ്പം ഈ നിൽക്കുന്ന എന്റെ ഭാര്യയും കൂടെ കാണും.

അതു പറഞ്ഞു കൊണ്ട് ഹരി മുകളിലേക്ക് കയറിപ്പോയ്.

ലക്ഷ്മിയമ്മേ…. എന്നേ ഓർഭനേജിലേക്ക് അയച്ചോളു, എനിക്ക് അവിടെ താമസിക്കാനാണ് ഏറെ ഇഷ്ട്ടം, അതുകൊണ്ട് ദയവ് ചെയ്തു എന്നേ അവിടെയൊന്നു എത്തിച്ചു തരാൻ മനസ് ഉണ്ടാവണം.

പറഞ്ഞു തീരും മുൻപെ മഹാലക്ഷ്മിയുടെ വലം കൈ അവളുടെ കവിളിൽ പതിഞ്ഞു.

മതിയെടി.. നിർത്തിക്കൊണം നിന്റെ അഭിനയം…

ഞാനെന്താ പൊട്ടിആണെന്ന നീ കരുതിയെ അല്ലേ…..എന്റെ മകനെ ഒറ്റ രാത്രികൊണ്ട് പറഞ്ഞു മയക്കി മാറ്റി എടുത്തിട്ട്, ഒടുക്കം നീയ്,,,

അവർ വന്നു ശക്തിയിൽ ഭദ്രയുടെ തോളിൽ പിടിച്ചു കുലുക്കി.

ആഹ്…. അമ്മേ…അവൾ വിതുമ്പി.

പാഞ്ഞു വന്നു അമ്മയെ പിടിച്ചു മാറ്റി, ഭദ്രേയെ തന്നിലേക്ക് ചേർത്തു നിറുത്തിയിരുന്നു ഹരിയപ്പോൾ.

അവൻ അവരെ അടിമുടി നോക്കി.

ഇവളുടെ നേർക്ക് ഇനി അമ്മയുടെ ചെറു വിരൽ എങ്ങാനും അനങ്ങിയാൽ….പിന്നെ അമ്മയാണെന്നൊന്നും ഞാൻ നോക്കില്ല..വെച്ചേക്കില്ല ഞാന് ഈ ഹരിയെ ശരിക്കും അറിഞ്ഞുകൂടാ….മര്യാദയാണെങ്കിൽ മര്യാദ… അല്ലെങ്കിലുണ്ടല്ലോ..

അത്രമേൽ ദേഷ്യത്തിൽ ഹരിയെ എല്ലാവരും ആദ്യമായി കാണുകയായിരുന്നു.

എനിയ്ക്ക് അറിയാം എന്ത് വേണമെന്ന് ഉള്ളത്.മുൻപോട്ട് എങ്ങനെ ആവണമെന്നും എനിക്ക് വ്യക്തമായ ധാരണ ഉണ്ട്.. അങ്ങനെ തോന്നുമ്പോൾ കെട്ടാനും, കുറച്ചു കഴിഞ്ഞു തിരികെ കൊണ്ട് വിടാനുമൊക്കെ പറഞ്ഞു അമ്മ തള്ളുമ്പോൾ അനുസരിക്കാൻ ഞാനൊരു പാവയൊന്നുമല്ല..

അമ്മ കേൾക്കാൻ വേണ്ടി ഒന്നൂടെ പറയുവാ….എന്റെ ഭാര്യ എന്റെ കൂടെ ക്കാണും.. ഈ ഹരി എവിടെയാണോ അവിടെ….

ഹരി……അവര് പിന്നെയും അലറി.

നീ ആരോടാണ് സംസാരിക്കുന്നത് നിനക്കറിയാമോടാ..

എന്റെ അമ്മയോട്…അല്ലാതെ പിന്നെ വേറെ ആരെങ്കിലും ആണോ…

നീ എന്റെ മകനാണെങ്കിൽ നിന്നെക്കൊണ്ട് അനുസരിപ്പിക്കാൻ എനിക്കറിയാം ഹരി.

അമ്മ പറയുന്നതൊക്കെയും അക്ഷരംപ്രതി അനുസരിച്ചിട്ടുള്ളൂ, അതുകൊണ്ടാണ്ഭദ്ര ഇന്ന് ഇവിടെ എന്റെ അരികിൽ നിൽക്കുന്നത്.
ഇനി എന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ഇവളാണ്,  അമ്മയുടെ സ്ഥാനമൊക്കെ തൽക്കാലം ഞാൻ കുറച്ചു മാറ്റിവച്ചിരിക്കുവാ, എന്ന് കരുതി എന്റെ മനസ്സിൽ നിന്നും അമ്മയെ പടിയിറക്കി വിട്ടു എന്നൊന്നുമല്ല, ഇനി ഹരിനാരായണൻ എന്തെങ്കിലും തീരുമാനം എടുക്കുന്നുണ്ടെങ്കിൽ,  അതിൽ ഭദ്രയ്ക്കും പങ്കുണ്ട്.. അത്രമാത്രം……

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ