ശിശിരം 118
നേരം വെളുപ്പിന് നാല് മണി ആയിരുന്നു. ആ സമയത്ത് എങ്ങനെയാ എല്ലാവരെയും വിളിക്കുന്നത് എന്നോർത്ത് അവൻ മെസ്സേജ് ഇട്ടത്.
ഒപ്പം സ്റ്റാറ്റസ് കൂടി ഇട്ടു.
അത് കണ്ട ശേഷം ആദ്യം വിളിച്ചത്, കിച്ചൻ ആയിരുന്നു.
അങ്ങനെയൊരു ഫോൺ സംഭാഷണം ഒന്നും അവർ തമ്മിലില്ലത്താതാണ്.
കിച്ചന് കുഞ്ഞു ജനിച്ചപ്പോഴും, പിന്നെ നൂലുകെട്ടിന്റെ ചടങ്ങ് വിളിക്കുവാനും ഒക്കെയായിട്ടാണ് അവൻ നകുലനെ വിളിച്ച് സംസാരിച്ചിരുന്നത്. .
Hello…..കിച്ചാ.
അമ്മു പ്രസവിച്ചോടാ,,,,
ആഹ്, പെൺകുഞ്ഞു… കുറച്ച് സമയമായതേയുള്ളൂ, ഈ നേരമായതിനാൽ ഞാൻ ആരെയും വിളിച്ചില്ല, ജസ്റ്റ് സ്റ്റാറ്റസ് ഇട്ടതേയുള്ളൂ.
ഇവിടെ വാവ ഉണർന്ന് കിടക്കുവായിരുന്നു, അതുകൊണ്ട് ഞാനും ശ്രുതിയും ഉറങ്ങിയില്ല. വെറുതെ ഫോണിൽ നോക്കി കൊണ്ടിരുന്നപ്പോഴാണ് നിന്റെ സ്റ്റാറ്റസ് കണ്ടത്.
ഹമ്…. കുഞ്ഞ് സുഖമായിരിക്കുന്നോടാ.
മ്മ്… രണ്ടുദിവസമായിട്ട് ചെറിയ പനിയും ജലദോഷവും ഒക്കെ. അതുകൊണ്ട് ഉറക്കം ഒന്നും ശരിക്കും അങ്ങട് നടക്കുന്നില്ല…അതിന്റെ ക്ഷീണവും കരച്ചിലും ഒക്കെ.. അതൊക്കെപോട്ടെ അമ്മുവിനെ കണ്ടോടാ.
ഇല്ല.. കണ്ടില്ല… കുഞ്ഞിനെ മാത്രമേ അവരു കാണിച്ചുള്ളൂ..
ഹമ്… വേറെ വിശേഷം ഒന്നും ഇല്ലല്ലോ അല്ലേ.
ഇല്ല കുഴപ്പമൊന്നുമില്ല… കുറച്ചുകഴിയുമ്പോൾ അമ്മുവിനെയും കുഞ്ഞിനെയും റൂമിലേക്ക് കൊണ്ടുവരുമെന്നാണ് ഒരു സിസ്റ്റർ വന്നു പറഞ്ഞിട്ട് പോയത്.
മ്മ്… എന്നാൽ ശരിയെടാ ഞാൻ പകല് വിളിച്ചോളാം കേട്ടോ..
ഹമ്.. ശരി കിച്ചാ…
നകുലൻ ഫോൺ കട്ട് ചെയ്തു.
ശ്രീജ ആണെങ്കിൽ അമ്മയെ വിളിച്ച് സംസാരിക്കുന്നുണ്ട്. ബിന്ദുവിന് ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്കുന്നില്ലന്നു പറഞ്ഞു ആകെ ബഹളം കൂട്ടുകയാണ്..
എന്റെ പൊന്നമ്മേ,, ഈ വയ്യാത്ത കാലുമായിട്ട് അമ്മ എങ്ങനെ വരും, അതൊന്നും ഇപ്പോൾ നടപടിയില്ല, ദൈവത്തെ ഓർത്ത് അമ്മ അവിടെ അടങ്ങി കിടക്കാൻ നോക്ക്, ഇല്ലെങ്കിൽ ഇനി അമ്മയ്ക്കുകൂടി വയ്യാതെ വന്നാൽ, ഞങ്ങൾ എന്തോ ചെയ്യും.
എനിക്കിനി ഒരു കുഴപ്പവും വരില്ലെടീ,,,, കുഞ്ഞിനെ ഒരു നോക്ക് കണ്ടാൽ മാത്രം മതി. എങ്ങനെയെങ്കിലും ഒരു വണ്ടി അറേഞ്ച് ചെയ്ത് താ… കണ്ടിട്ട് ഞാൻ വേഗം തിരിച്ചു പോന്നോളാം.
ശോ.. M എന്റെ ഏട്ടാ ഈ അമ്മ പറയുന്നതൊക്കെ കേൾക്കുന്നുണ്ടോ…
ശ്രീജ ഫോണുമായി നകുലന്റെ അടുത്തേക്ക് വന്നു..
ഹമ്… എന്താടി… എന്ത് പറ്റി.
അമ്മയ്ക്ക് ഇങ്ങോട്ട് വരണമെന്ന്. ഏട്ടനോട് ഒരു വണ്ടി അറേഞ്ച് ചെയ്തു കൊടുക്കാൻ.
അതൊന്നും ശരിയാവില്ല ശ്രീജേ.. ഇത്രയും ദൂരം കാറിൽ ഇരുന്നു വരുമ്പോൾ അമ്മയ്ക്ക് കാലൊക്കെ ഇളകും…
ഇതാ….ഇത് ഏട്ടൻ തന്നെ അങ്ങ് പറഞ്ഞാൽ മതി,ഞാൻ മടുത്തു.
അവൾ വീണ്ടും നകുലിന്റെ കൈയിലേക്ക് ഫോൺ കൊടുത്തു…
അമ്മേ….. അമ്മ ഇത് എന്തൊക്കെയാണ് ഈ ആലോചിയ്ക്കാതെ പറഞ്ഞു കൂട്ടുന്നത്.. ഇതെന്നാ ഭാവിച്ചാ അമ്മേ.
എടാ മോനെ നീ ഇങ്ങോട്ട് കൂടുതൽ ഒന്നും പറയണ്ട.. എനിക്ക് കുഞ്ഞിനെ കണ്ടേ തീരൂ
കൊച്ചു കുട്ടികളെപ്പോലെ ബിന്ദു വാശിപിടിക്കുകയാണ്. സ്വന്തം മകന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ കാണുവാനുള്ള അമ്മയുടെ ആ ഒരു മനസ്സ് അത് നകുലിനും ശ്രീജയ്ക്കുമൊക്കെ നന്നായി അറിയാം .. പക്ഷേ ഈ സാഹചര്യത്തിൽ അതൊരിക്കലും നടക്കുന്ന കാര്യമല്ലായിരുന്നു.ഒരു പ്രകാരത്തിലാണ് നകുലനും ശ്രീജയും അമ്മയെ ആശ്വസിപ്പിച്ചത്.
ഇത്രയും നേരം പ്രാർത്ഥനയോട് ഇരുന്നുവെങ്കിലും ഇനിയുള്ള കുറച്ചു നേരം.. അത് നകുലന് ഏറെ വിലപ്പെട്ടതായിരുന്നു.
അമ്മുവിനെയും കുഞ്ഞിവാവയെയും റൂമിലേക്ക് കൊണ്ട് വരുന്നത് നോക്കി അവൻ കാത്തിരുന്നു.
തന്റെ പൊന്നിന്റെ മുഖം മറന്ന് പോയോ ഈശ്വരാ… അവൻ വീണ്ടും വീണ്ടും ഓർത്തെടുക്കാൻ നോക്കുകയാണ്.
ആ കാര്യം ശ്രീജയോട് പറയുകയും ചെയ്തു.
നമ്മുടെ ഉള്ളിൽ നിറയെ കുഞ്ഞിനോടുള്ള സ്നേഹം അല്ലേ ഏട്ടാ.. അതാ മറന്ന് പോയെ.. സാരമില്ല.. ഇനിയങ്ങോട്ട് അച്ചേടെ ഒപ്പം അല്ലേ… പിന്നെന്താ…
അവൾ ചിരിയോടെ പറഞ്ഞു.
എടി.. എന്നാലും അമ്മുനെ എന്താ ഒന്ന് കാണിക്കാത്തത്. നിന്റെ ഡെലിവറി കഴിഞ്ഞ് നേരത്തെ ഞാനും അമ്മയും ഒക്കെ കേറി വന്ന് കണ്ടായിരുന്നു നീ ഓർക്കുന്നില്ലേ അത്….
ഓർക്കുന്നുണ്ടേട്ടാ അതൊക്കെ ഓരോ ഹോസ്പിറ്റലിലും ഓരോ റൂളുകൾ ആണ്.ഇവിടെ അങ്ങനെയൊന്നും പറ്റില്ലായിരിക്കും..
ഹമ്… അവനൊന്നു മൂളി.
ഇത്രേം കാത്തിരുന്നില്ലെ ചേട്ടാ ഇനി ഇത്തിരി നേരം കൂടി ഇരിക്കുന്നേ..
ശ്രീജ തന്റെ കയ്യിലിരുന്ന് പാറുക്കുട്ടിയെ ഒന്നൂടെ മാറോട് അടക്കിപ്പിടിച്ചുകൊണ്ട് കസേരയിൽ അമർന്നിരുന്നു.
അങ്ങനെ ആറു മണി കഴിഞ്ഞു നേരം… പതിയെ ലേബർ റൂമിന്റെ ഡോർ തുറക്കപ്പെട്ടു.
രണ്ടു സിസ്റ്റർമാർ ച്ചേർന്നു
ഒരു സ്ട്രക്ച്ചറിൽ കിടത്തിക്കൊണ്ട് വരികയാണ് അമ്മുവിനെ..
അത് കണ്ടതും നകുലന്റെ ഇട നെഞ്ചു വല്ലാണ്ട് തുടിച്ചു.. ഒപ്പം നുറുങ്ങുന്ന വേദനയും.
ഭാഗം 119
അമ്മുവിനെ കൊണ്ട് വന്നപ്പോൾ നകുലൻ തന്റെ മിഴികൾ തുടച്ചു
കൊണ്ട് അവളെ നോക്കി നിന്നു
അമ്മു….. മോളെ വേദനയുണ്ടോടാ.
ശ്രീജ വന്നിട്ട് അവളുടെ വലം കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
കുഴപ്പമില്ല ശ്രീജേച്ചി.. എല്ലാം കഴിഞ്ഞല്ലോ
അവൾ ഒന്ന് പുഞ്ചിരിച്ചു.
.
അതേ സത്യം… എത്ര നാളായിട്ടുള്ള കാത്തിരിപ്പു ആണോ.
ശ്രീജയും പറഞ്ഞു.
നകുലന്റെയും അമ്മുവിന്റെയിം മിഴികൾ തമ്മിലൊന്നു കോർത്തു വലിച്ചു.
എന്തൊക്കെയോ പറയണമെന്നുണ്ട് രണ്ടാൾക്കും…
അവളനുഭവിച്ച വേദനയും സങ്കടവുമൊക്കെ ഒന്ന് ചോദിക്കാൻ ആഗ്രഹമുണ്ട്. അവളെയൊന്നു സമാധാനിപ്പിച്ചു കൊണ്ട് തന്നോട് ചേർത്ത് ഇരുത്തുവാൻ നകുലൻ ആഗ്രഹിച്ചു.
അപ്പോളേക്കും സിസ്റ്റർമാര് രണ്ട് പേരും ചേർന്ന്
റൂമിലേക്ക് അവളെ സ്‌ട്രെക്ച്ചറിൽ കൊണ്ട്പോയിരിന്നു..
ബെഡ്ഷീറ്റൊക്കെയെടുത്തു വൃത്തിയായിട്ട് വിരിച്ചിട്ടിരുന്നു ശ്രീജ.
തൊട്ടരികിലായുള്ള ഒരു ബെഡിൽ ശ്രീജയുടെ കുഞ്ഞു കിടന്നുഉറങ്ങുന്നുണ്ട്.
അമ്മുവിനെ എഴുന്നേൽപ്പിച്ചു ബെഡിലേക്ക് കിടത്തിയത് നകുലൻ ആയിരുന്നു.
അവളെ ചേർത്ത് പിടിക്കുമ്പോൾ പാവം അമ്മു വല്ലാണ്ട് വിറകൊള്ളുന്നുണ്ടായിരുന്നു.
തറയിലേക്ക് കാലെടുത്തു വെച്ചപ്പോൾ അവൾക്ക് അടിവയറിന്റെ താഴേക്ക് വല്ലാത്ത വേദന തോന്നി.
ആഹ്…..
അവൾ കരഞ്ഞു പോയിരിന്നു.
സ്റ്റിച് വലിഞ്ഞു കാണും.. സാരമില്ല കേട്ടോ ചേച്ചി.. സൂക്ഷിച്ചാൽ മതി.
ഒപ്പമുണ്ടായിരുന്ന സിസ്റ്റർ അമ്മുനോട് പറഞ്ഞു.
ഹമ്…..
അവൾ നിറമിഴികളോട് തല കുലുക്കി..
വിഷമിക്കണ്ട.. ഒരുപാട് വേദനയുണ്ടെങ്കിൽ പറഞ്ഞാൽ മതി. മരുന്ന് തരാം കെട്ടോ.
അമ്മുവിനെ ബെഡിലേയ്ക്ക് ചായിച്ചു കിടത്താൻ നകുലനും ഭയമായിരുന്നു.
വേദനകൊണ്ട് ചുളിഞ്ഞാണ് അവളുടെ മുഖം.
നകുലന്റെ തോളിൽ അമർത്തി പിടിക്കുമ്പോൾ അവളുടെ വേദനയുടെ ആഴം എത്രത്തോളം ഉണ്ടെന്ന് അവനും മനസിലായി.
ചേച്ചിയ്ക്ക് ചായ മേടിച്ചു കൊടുക്കാം കേട്ടോ.. പിന്നെ റസ്ക്കൊ ബിസ്‌ക്കറ്റൊ.. അങ്ങനെ എന്തേലും.
രാവിലെ ബ്രേക്ക്‌ഫാസ്റ്റ് ദോശയൊ, ഇഡലിയൊ അപ്പവോ.. അങ്ങനെ കട്ടി കുറഞ്ഞ ആഹാരം കഴിച്ചാൽ മതി.
എന്ത് വേണമെങ്കിലും കഴിയ്ക്കാം കേട്ടോ.അങ്ങനെ പ്രേത്യേകിച്ചു നിയന്ത്രണമൊന്നുമില്ല.പിന്നെ വെള്ളം നന്നായി കുടിച്ചോണം.കുഞ്ഞിനെ കൂടെ കൂടെ മുലയൂട്ടണം.അമ്മയുടെ ആഹാരമാണ് കുഞ്ഞിന് ചെല്ലുന്നത്.അതുകൊണ്ട് ചേച്ചി നന്നായി ശ്രെദ്ധിച്ചോണം കേട്ടോ
വേണ്ട നിർദ്ദേശങ്ങൾ ഒന്നൊന്നായി പറഞ്ഞു കൊടുക്കുകയാണ് സിസ്റ്റർമാര്.
ദെ.. ഞങ്ങൾ അപ്പുറത്തു കാണും കേട്ടോ.എന്താവശ്യം വന്നാലും വിളിച്ചാൽ മതി.. പറഞ്ഞ ശേഷം സിസ്റ്റർമാര് ഇറങ്ങി പോയത്.
കുഞ്ഞിനെ എപ്പോ കൊണ്ട് വരും..
പെട്ടെന്ന് അവരുടെ പിന്നാലെയോടി ചെന്നിട് നകുലൻ ചോദിച്ചു.
NICU വിൽ ആണ് വാവ.അവിടെ യുള്ള സിസ്റ്റർ ഉടനെ കൊണ്ട് വരും കേട്ടോ.
ഹമ്….
നകുലൻ തിരികെ റൂമിലേക്ക് വന്നപ്പോള് അമ്മുനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് ശ്രീജ.
ഏട്ടാ.. ഇത്തിരി ചായ വാങ്ങിക്കൊണ്ട് വരാമോ. അമ്മുന് പരവേശം പോലെ.
ശ്രീജ എഴുന്നേറ്റ് വന്നു ഫ്ലാസ്ക് കഴുകി അവനെ ഏൽപ്പിച്ചു.
സമയം അപ്പോൾ ആറര കഴിഞ്ഞു.
അവൻ കാന്റീനിലേക്ക് പോയ്.
ഫുഡ് ആകുന്നതേയൊള്ളു.. ഏഴു മണി മുതലാണ് ഫുഡ് കൊടുക്കുന്നത്.
അതുകൊണ്ട് ചായയും മിൽക്ക്റസ്ക്കും, ബിസ്‌ക്കറ്റും ഒക്കെ വാങ്ങി അവൻ വേഗം മടങ്ങി വന്നു.
അപ്പോളേക്കും കുഞ്ഞുവാവയെ റൂമിലേക്ക് കൊണ്ട് വന്നിരുന്നു.
അവൻ ഓടി അവരുടെ അടുത്തേക്ക് വന്നു.
ശ്രീജയുടെ കയ്യിലാണ് വാവ.
ദെ.. കുഞ്ഞിന്റെ അച്ഛ വന്നുല്ലോ.. നോക്ക്യേടാ പോന്നേ.
അവൾ നകുലനെ നോക്കി പറഞ്ഞു.
ഏട്ടന് പിന്നെ കുഞ്ഞിനെ എടുക്കാനൊക്കേ നല്ല വശമാ. പാറുട്ടിയെ എടുത്തു പരിചയമുണ്ട്.
നകുലൻ കൈ നീട്ടിയതും കുഞ്ഞിനെ കൈമാറിക്കൊണ്ട് ശ്രീജ പറഞ്ഞു..
എടാ മുത്തുമണി.. അച്ചേടെ പൊന്നൂസ്…
നകുലൻ വിളിച്ചതും കുഞ്ഞുവാവയൊന്നു കണ്ണ് ചിമ്മിതുറന്നു.
ആഹാ…. അച്ഛനെ മനസിലായല്ലോ വാവച്ചിയ്ക്ക്.. ഇതാണോ അമ്മുസേ രക്തബന്ധമെന്ന് പറയുന്നത്.
.
ശ്രീജ പറയുന്നത് കേട്ട് കൊണ്ട് പുഞ്ചിരിയോട് കിടക്കുകയാണ് അമ്മു..
നകുലൻ കുഞ്ഞിനെയുംമായിട്ട് അമ്മുന്റെ അരികിൽ വന്നു.
എന്നിട്ട് അവളുടെ അടുത്തേക്ക് ചേർത്തു കിടത്തി.
ഒരുപാട് വേദനിപ്പിച്ചോടാ ഈ പാവം അമ്മക്കുട്ടിയെ.
നകുലൻ ശബ്ദം താഴ്ത്തി കുഞ്ഞിനോടായി പറഞ്ഞപ്പോൾ അമ്മു ഒന്ന് പുഞ്ചിരിച്ചു.
വല്യ പ്രശ്നമൊന്നുമില്ലായിരുന്നു.പിന്നെ നോർമൽ ആയതു ഭാഗ്യം.
അവൾ പറഞ്ഞപ്പോൾ നകുലൻ അവളുടെ നെറുകയിൽ ഒന്ന് തഴുകി.
അമ്മായിയെ വിളിച്ചോ ശ്രീജേച്ചി, കുഞ്ഞിനെ കണ്ടില്ലലോ ഇതുവരെആയിട്ടും.
അമ്മു പറയുമ്പോൾ ആയിരുന്നു ശ്രീജയും നകുലനും ആ കാര്യം പോലും ഓർത്തത്.
ശോ.. അമ്മ പ്രേത്യേകം പറഞ്ഞതാ അമ്മുനെ റൂമിൽ കൊണ്ട് വന്നാൽ ഉടനെ വിളിക്കണമെന്ന്. ഞാനാ കാര്യമങ്ങട് മറന്ന് പോയ്‌ന്നേ…
ശ്രീജ വേഗം തന്നെ ബിന്ദുവിനെ ഫോണിൽ വിളിച്ചു.
രണ്ടാമത്തെ ബെല്ലിന് അവർ ഫോൺ എടുത്തിരുന്നു.
Hello അമ്മേ…
ആഹ് എടി മോളെ, അമ്മുനെ ഇറക്കിയോടി.
ഉവ്വ്.. കൊണ്ട് വന്നു കിടത്തി. ഞാൻ കൊടുക്കാം.
ആഹ് ശരിടി.
ശ്രീജ ഫോൺ കൊണ്ട് വന്നു അമ്മുന് കൈമാറി.
Hello അമ്മായി..
അവളുടെ ശബ്ദം കേട്ടതും ബിന്ദു കരഞ്ഞു പോയിരിന്നു.
അമ്മുവും കരഞ്ഞപ്പോൾ ശ്രീജയും നകുലനും അവളെ വഴക്ക് പറയുന്നത് ബിന്ദു കേട്ടു.
പെട്ടന്ന് അവർ കണ്ണീരു തുടച്ചു മാറ്റിക്കൊണ്ട് അവളോട് സംസാരിച്ചു.
എടി മോളെ…. എങ്ങനെയുണ്ടെടി.. ഒരുപാട് കഷ്ടപ്പെട്ടോ കുഞ്ഞേ നീയ്.
ഹേയ്.. അങ്ങനെ വല്യ ബുദ്ധിമുട്ട് ഒന്നുമില്ലരുന്ന്..അവസാനമിത്തിരി വേദന കൂടുതലാരുന്ന് അതേ ഒള്ളു.
അമ്മായിയ്ക്ക് ഒന്ന് വരാൻ പോലും കഴിയുന്നില്ലല്ലോ മോളെ. നിന്നേം കുഞ്ഞിനേം കാണാൻ കൊതി ആവുന്നുണ്ട് മോളെ.. സത്യമായിട്ടും..
പറഞ്ഞു കൊണ്ട് അവർ പിന്നെയും കരഞ്ഞു
തുടരും…
