ശിശിരം – ഭാഗം 122, 123, എഴുത്ത്: മിത്ര വിന്ദ

ശിശിരം ഭാഗം 122

മീനാക്ഷി… നീ റെഡി ആയില്ലേ..യദു ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടുകൊണ്ട് മീനാക്ഷി തിടുക്കത്തിൽ ഇറങ്ങി വന്നു.

ഞാൻ റെഡിയായി  ഏട്ടാ… പോയേക്കാം..

ഹ്മ്മ്…
അവനൊന്നു മൂളി.

എന്നിട്ട് ഇരുവരും മുറ്റത്തേക്ക് ഇറങ്ങി.?ബാഗ്, എടുത്തുവെച്ചതല്ലേ, എല്ലാം ഉണ്ടല്ലോ അല്ലെ..

രണ്ടു ജോഡി ഡ്രസ്സ് പോരെ, അതുണ്ട്.. പിന്നെ എക്സ്ട്രാ ഒന്നുകൂടി എടുത്തിട്ടുണ്ട്, എന്തെങ്കിലും ആവശ്യം വന്നാലോ.

ആഹ് അത് മതി…

പിന്നെ യദുവേട്ടാ ഞാൻ പറഞ്ഞ കാര്യം എങ്ങനെയാ….

അതൊന്നും നടക്കില്ല മീനാക്ഷി നീ വേറെ വല്ല പണിയും നോക്ക്..

പ്ലീസ് ഏട്ടാ, എന്റെ ഒരാഗ്രഹമല്ലേ..

നമ്മൾ ഇപ്പോൾ എന്ത് കാര്യത്തിനാണ് പോകുന്നത്, ഗുരുവായൂര് കുളിച്ചു തൊഴാനല്ലേ. അപ്പൊ അത് നല്ലതായിട്ട് പൂർത്തി യാക്കി,മടങ്ങിവരികഎന്നതാണ് പ്രധാനം..

ഇതും പ്രധാനമല്ലേ.. പ്ലീസ്…
മീനാക്ഷി കെഞ്ചി.

ദേ മീനാക്ഷി.. വെറുതെഎന്നെ ദേഷ്യം പിടിപ്പിക്കല്ലേ..നിനക്കിയടെആയിട്ട് ഇത്തിരി കൂടുന്നുണ്ട്..പറഞ്ഞില്ലെന്നു വേണ്ട.സമയം വൈകി.. നീ കേറാൻ നോക്ക്.

അവൻ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.

അമ്മേ വിളിച്ചു പറഞ്ഞില്ലാലോ ഏട്ടാ…ഇനി പറഞ്ഞില്ലെന്ന് വെച്ച് പിണക്കം വല്ലതും ആകുമോ.

അവനോടൊപ്പം കയറവേ മീനാക്ഷി മുഖം ചിരിച്ചു നോക്കി കൊണ്ട് ചോദിച്ചു.

ഇങ്ങനെയൊക്കെ തുന്നിച്ചു നോക്കാൻ നിന്നാൽ ഒരു കാര്യവും നടക്കില്ല, അമ്മ അമ്മയുടെ മൂത്ത മകന്റെയൊപ്പം അല്ലേ നിൽക്കുന്നത്, ഗുരുവായൂര് പോകുന്ന കാര്യം നമ്മൾ പെട്ടെന്ന് തീരുമാനിച്ചു, അത്ര തന്നെ, തൽക്കാലം ആരോടും കൊട്ടിഘോഷിക്കാൻ നിൽക്കുന്നില്ല.. എനിക്കത് താല്പര്യവുമില്ല.

യദു ഗൗരവത്തിൽ പറഞ്ഞു.പിന്നീട് മീനാക്ഷി അതിനെക്കുറിച്ച് ഒന്നും അവനോട് ചോദിച്ചതുമില്ല.

വിവാഹം കഴിഞ്ഞിട്ട് ഇത്ര നാളായിട്ടും കുഞ്ഞുങ്ങൾ ആവാത്തതിനാൽ, ഗുരുവായൂര് പോയി, കൃഷ്ണനാട്ടം നടത്തുവാൻ, യദുവിനോട് ഏതോ ഫ്രണ്ട് പറഞ്ഞതാണ്.  അതിപ്രകാരം ഇരുവരും നാലഞ്ചു മാസം മുന്നേ, മീനാക്ഷിയുടെ ബന്ധത്തിൽപ്പെട്ട  ഏതോ ഒരു  മാമൻ വഴിക്ക് ഗുരുവായൂര് സന്താനഗോപാലം കൃഷ്ണനാട്ടം ബുക്ക് ചെയ്തു .

എന്തോ ഭാഗ്യത്തിന് അവർക്ക്, പെട്ടെന്ന് തന്നെ  എല്ലാം റെഡിയായി.  അങ്ങനെ ഇരുവരും പുറപ്പെടുന്നതാണ്.  ഈ കാര്യം തത്കാലം ആരോടും, പറയേണ്ടെന്ന് യദു മീനാക്ഷിയോട് സൂചിപ്പിച്ചു. അതുകൊണ്ട് അവൾ ആരെയും അറിയിച്ചതുംമില്ല.  ഗിരിജ ഒന്ന് രണ്ട് ദിവസമായിട്ട് കിച്ചന്റെ വീട്ടിലാണ് എങ്ങനെയൊക്കെയാലും ഒരാഴ്ച കഴിയാതെ വരില്ലെന്നാണ് അവരുടെ നിഗമനം. അങ്ങനെ ഗുരുവായൂർ പുറപ്പെടുന്ന കാര്യം പറഞ്ഞപ്പോൾ മീനാക്ഷിക്ക് മറ്റൊരു ആഗ്രഹം,. അമ്മുവിന്റെ കുഞ്ഞിനെ കൂടി ഒന്ന് കണ്ടിട്ട് വരാം അവിടെ വരെ പോകുന്നതല്ലേ എറണാകുളത്തേക്ക് അധിക ദൂരം ഇല്ലല്ലോ.. ഇക്കാര്യത്തെക്കുറിച്ച് തലേരാത്രി മുതൽ അവൾ അവനോട് ആവശ്യപ്പെടുന്നതാണ്. എന്നാൽ യദു അടുക്കുന്നില്ല…

ഒന്നുകൂടി അവനോട് ചോദിച്ചതാണ്, പുറപ്പെടും മുന്നേ. പക്ഷേ അവന്റെ ഉത്തരം , പോകേണ്ട എന്നതായിരിന്നു.

******

നാകുലേട്ടാ.. ഒന്നിങ്ങു വരോ.

അമ്മുവിന്റെ വിളിയൊച്ച കേട്ട് നകുലൻ തിടുക്കത്തിൽ ഹോളിലേക്ക് വന്നു.

എന്താ അമ്മുസേ..

ജയന്തി ചേച്ചി കുറച്ചു ലിസ്റ്റ് എഴുതി വെച്ചിട്ടുണ്ട്. അതൊക്കെയൊന്നു വാങ്ങുവോ.

കുഞ്ഞിനെ പാലൂട്ടിക്കൊണ്ട് കട്ടിലിന്റെ ക്രാസയിൽ ചാരി ഇരിക്കുകയാണ് അമ്മു.

ഹ്മ്മ്…. എന്നതൊക്കെയാണെന്ന് പറഞ്ഞാൽ മതി.. ഞാൻ ടൗണിൽ പോയിട്ട് വരാം.

അത് മോനെ….ഇന്നിപ്പോ കുഞ്ഞുണ്ടായിട്ട് 9ദിവസമായി.. ഇനി മുതല്  അമ്മയെയും കുഞ്ഞിനെയും ഒക്കെ വേതു വെള്ളത്തിൽ തിരുമ്മി കുളിപ്പിക്കണം , അതിന് അങ്ങാടി കടയിൽ നിന്ന് കുറച്ച് മരുന്നുകൾ ഒക്കെ വാങ്ങുവാൻ ഉണ്ട്, എല്ലാം ചേച്ചി എഴുതിയിട്ടുണ്ട്,,, പിന്നെ നല്ല ആട്ടിയ വെളിച്ചെണ്ണ കിട്ടുമായിരുന്നുവെങ്കിൽ,  അത് കാച്ചിയിട്ട് ഈ മോളെ തേപ്പിക്കാം.. മുടിയൊക്കെ തഴച്ചു വളരും..

ജയന്തി അവനോട് വിശദീകരിച്ചു.

എന്തൊക്കെ വേണേലും ഞാൻ വാങ്ങിക്കൊണ്ടുവന്നോളാം. ചേച്ചി പറഞ്ഞാൽ മതി….

നകുലൻ പറഞ്ഞതും അവർ തലകുലുക്കി.
എന്നിട്ട് മുറിയിൽ നിന്ന് പുറത്തേക്ക് പോയി.

എപ്പോളും ഉറക്കം തന്നെയാണോ അച്ചേടെ തംബുരുക്കുട്ടി..

പാലുകുടിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞിന്റെ കവിളിൽ നകുലൻ ഒന്ന് അരുമയായി വിരൽ ഓടിച്ചു. എന്നിട്ട് അറിയാത്ത മട്ടിൽ അമ്മുവിന്റെ നഗ്നമായി മാറിലും  ഒന്ന് വിരൽതൊട്ടു.

എന്തായിതു നകുലേട്ടാ… കുറുമ്പ് കൂടുന്നുണ്ട് കേട്ടോ. അവൾ അവനെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു.

ഒന്നുമില്ലെടി ഒരു മനസ്സുഖം അത്രയുള്ളൂ..

അധികം സുഖിക്കേണ്ട മര്യാദയ്ക്ക് അടങ്ങിഒതുങ്ങി ഇരുന്നോണം…

ഹ്മ്മ്… എത്ര നാളായി… കോഴി അടയിരുക്കുന്ന പോലെ ഇരുപ്പു തുടങ്ങിട്ട്… ഇനിയെന്നാടി അതൊക്കെ…

അവൻ ശബ്ദം താഴ്ത്തി ചോദിയ്ക്കുകയാണ്.

ഏതൊക്കെ…. ഒന്ന് മിണ്ടാണ്ട് ഇരിയ്ക്ക്.. ആ ച്ചേച്ചിഎങ്ങാനും കേൾക്കും കേട്ടോ..

അവര് അടുക്കളയിലാ പെണ്ണെ.. കേൾക്കത്തൊന്നുമില്ല..
അവൻ ഇത്തിരികൂടി ശബ്ദം താഴ്ത്തി.

എന്നിട്ട് അമ്മുവിന്റെ കവിളിൽ ഒരു മുത്തം കൊടുക്കാൻ വന്നതും കുഞ്ഞി മറന്നതും ഒരുമിച്ചു ആയിരുന്നു.

നകുലന്റെ അപ്പോഴത്തെ എക്സ്പ്രഷൻ കണ്ടതും അമ്മുവിന് ചിരി വന്നു…

എന്താടി.. നിനക്ക് ഒരു കൊലച്ചിരിയൊക്കെ..

അച്ഛന്റെ വിളച്ചിലൊന്നും ഇനി മുതലാവില്ല.. ദേ.. ഇവിടെ ഒരാൾ എല്ലാം കേട്ടു കിടപ്പുണ്ട്… മൂന്ന് മാസം കഴിയാണ്ട് എന്നോട് ഇനി ഇമ്മാതിരി ഡയലോഗ് പറഞ്ഞു വന്നാല്.. വിവരം അറിയും നിങ്ങൾ.

അവൾ നാകുലനെ ഭീഷണിപ്പെടുത്തി.

ഓഹ്.. എന്റെ പൊന്നോ… അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ… ഞാൻ വേഴാമ്പലിനെപോലെ ഇനിയും കാത്തിരിക്കേണ്ടി വരും അല്ലെ അമ്മുട്ടാ…

നകുലേട്ടാ ഞാനൊന്നും നേരെ ഇരിക്കാറ് പോലും ആയിട്ടില്ല,, ഇങ്ങനെയൊക്കെ പറഞ്ഞു എന്നുള്ളത് ആരെങ്കിലും അറിഞ്ഞാൽ ഉണ്ടല്ലോ,, നിങ്ങടെ പേരിൽ മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുക്കും..

ഞാൻ നിന്നോട് പറയുന്ന കാര്യങ്ങളൊക്കെ ആരു കേൾക്കാനാ,, എന്തെങ്കിലും നേരമ്പോക്ക് വേണ്ടെഎന്ന് കരുതി ഞാൻ വെറുതെ പറഞ്ഞൂന്നേയുള്ളൂ, അപ്പോഴേക്കും നീ ഇത്രയ്ക്ക് സീരിയസ് ആയോ…. എന്റെ പൊന്നോ പറഞ്ഞതും മുഴുവൻ തിരിച്ചെടുത്തിരിക്കുന്നു…

അമ്മുവിനെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് നകുലൻ വെളിയിലേക്ക് ഇറങ്ങി പോയി.

എന്റെ സ്റ്റിച്ചില് കുറച്ച് ഓയിൽമെന്റ് പുരട്ടി തരാൻ പറഞ്ഞിട്ട് പേടിയുള്ള ആളാ,, എന്നിട്ട് വലിയ ഡയലോഗുമായിട്ട് വന്നേക്കുന്നു…
  വാതിൽക്കൽ എത്തിയപ്പോൾ അമ്മു പറയുന്നതവൻ കേട്ടു..എന്നിട്ടൊന്നു തിരിഞ്ഞു..

എനിക്ക് പേടിയാടാ അമ്മുസേ,,, ജയന്തി ചേച്ചി ചയ്തു തരുന്നില്ലേ..

ഹ്മ്മ്.. ഉണ്ട്,,, ഇത്രേം പേടിയുള്ള ആളാണോ വീണ്ടും വീണ്ടും എന്നെ പ്രലോഭിപ്പിയ്ക്കുന്നത്..

പോടീ…….അവളെ ഒന്നുടോന്നു നോക്കി പേടിപ്പിച്ചു ഒരു ചിരിയോടെ നകുലൻ ഹോളിലേക്ക് പോയി.

ഒരു നീണ്ട ലിസ്റ്റ്ആയിട്ട് ജയന്തി ചേച്ചി അവന്റെ അടുത്തേയ്ക്ക് അപ്പോൾ വന്നു.

ആദ്യം എഴുതിയത് എണ്ണ ആയിരുന്നു.
പിന്നെ കുഴമ്പ്,  തൈലം , നാൽപാമരക്കട്ട, കസ്തൂരി മഞ്ഞൾ ചെറുപയറുപൊടി … അങ്ങനെ നീണ്ടു പോകുന്നു നിര 

ഈ കുളിയൊക്കെ കഴിയുമ്പോൾ അമ്മുമോള് അടിമുടി മാറും.. വേദനയും നീരുമൊക്കെ വലിഞ്ഞു പോകണേൽ കുളി നിർബന്ധമാ 

അവൻ വായിക്കുന്നത് കണ്ടതും ചേച്ചി പറഞ്ഞു.

ഹ്മ്മ്.. എല്ലാം മേടിച്ചോണ്ട് വരാം ചേച്ചി.. എന്തായാലും ഞാൻ അങ്ങാടിക്കടയിൽ ചെന്നിട്ട് ചേച്ചിയെ വിളിക്കാം കേട്ടോ.

അവൻ അപ്പോൾ തന്നെ ടൗണിലേക്ക് പോകാൻ റെഡിയായിറങ്ങി.

ശിശിരം 123

ജയന്തി ചേച്ചി എഴുതിക്കൊടുത്ത ലിസ്റ്റിൻ പ്രകാരമുള്ള മുഴുവൻ സാധനങ്ങളും വാങ്ങിക്കൊണ്ടാണ് നകുലൻ മടങ്ങിവന്നത്. വലിയൊരു മൺകലത്തിൽ അമ്മുവിന് കുളിക്കുവാനുള്ള വെള്ളമൊക്കെ, മരുന്നുകളും പച്ചിലകളും ഒക്കെ ചേർത്ത് തിളപ്പിച്ച്, രാത്രിയിൽ തന്നെ ഇട്ടിരുന്നു അവർ. അതിനുശേഷം കലം മൂടിവെച്ച് , മുകളിലായി ഒന്ന് രണ്ട് കത്തികളൊക്കെ എടുത്തു വയ്ക്കുന്നത്  നകുലൻ കണ്ടു.പെട്ടെന്ന് അവന്റെ നെറ്റി ചുളിഞ്ഞു.

ഇതെന്താ ചേച്ചി ഇങ്ങനെ ചെയ്യുന്നത്..?

അത് പിന്നെ മോനേ പണ്ടുള്ളവർ ,  പറയുന്നത്, രാത്രികാലങ്ങളിൽ ഒക്കെ  ഓരോ ചീത്ത ആത്മാക്കളുടെ ഉപദ്രവമുണ്ടാകും എന്നാണ്., ഇങ്ങനെ പ്രസവിച്ചു കിടക്കുന്ന പെൺകുട്ടികളൊക്കെ ഉള്ള വീട്ടിൽ പാണലിന്റെയും ഈന്തിന്റെയുമൊക്കെ ഇലകൾ കൊണ്ട് വന്നു, പുരപ്പുറത്തിടും. അമ്മയ്ക്കും കുഞ്ഞിനും ഒരു ദോഷോം വരാതിരിക്കാനാണ് പിന്നെ കുളിപ്പിക്കുന്ന വെള്ളത്തിന്റെ മുകളിലും ഇങ്ങനെ കരിക്കട്ടയും കത്തിയും എടുത്തു വെയ്ക്കും. ഒക്കെ ഓരോ വിശ്വാസമാണ്.

ഹ്മ്മ്…… അവനൊന്നു നീട്ടി മൂളി. ഈ ആത്മാക്കളുടെ കാര്യമൊന്നും ചേച്ചി അമ്മുവിനോട് പറയരുത് കേട്ടോ അവൾക്ക് പേടിയാവും.

ഹേയ്..ഒരിക്കലുമില്ല മോനെ, മോന് ഇത് ചോദിച്ചതിന്റെ പേരിൽ ചേച്ചി പറഞ്ഞതാണ്…

ആഹ്…ആയിക്കോട്ടെ.
ഒന്ന് തലയാട്ടിക്കൊണ്ട് നകുലൻ അടുക്കളയിൽ നിന്നിറങ്ങി മുറിയിലേക്ക് പോയി.

ബെഡ്റൂമിൽ ചെന്നപ്പോൾ അമ്മയും മകളും സുഖമായ ഉറക്കത്തിലാണ്.

ആ കിടപ്പു നോക്കി അവൻ അല്പനിമിഷം അങ്ങനെ നിന്നു. പോക്കറ്റിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ, അതുമായി നകുലൻ പുറത്തേക്ക് പോന്നു..

ശ്രീജയായിരുന്നു മറുതലക്കൽ.

ഹലോ ശ്രീജെ.

ആഹ്, ഏട്ടാ അമ്മുവും കുഞ്ഞുമൊക്കെ എന്തുപറയുന്നു,.

സുഖമായിരിക്കുന്നു,, പാറുക്കുട്ടി എന്തിയേടി . കുഞ്ഞിന് പനിയൊക്കെ മാറിയോ ?

കുറഞ്ഞുവരുന്നു,,, പനിയങ് വിട്ടു പക്ഷേ ജലദോഷം, നല്ല കഫക്കെട്ട് ഉണ്ട് കേട്ടോ.

ഒന്ന് രണ്ട് തവണ കൂടി ഹോസ്പിറ്റലിൽ പോയി കാണിക്ക്, നീ അമ്മ പറയുന്നത് കേട്ട് ചെപ്പടിവിദ്യ കാണിച്ച് കുഞ്ഞിനെ വെച്ചുകൊണ്ടിരിക്കരുത്.

ഇന്നും കൂടി ഹോസ്പിറ്റലിൽ പോയിട്ട് വന്നതാണ്.. മൂന്നാമത്തെ ബോട്ടിൽ ആന്റിബയോട്ടിക് ആണ് ഡോക്ടർ തന്നത്. അഡ്മിറ്റ് ആക്കാൻ ആവുന്ന പറഞ്ഞതാണ്. അതിനെ ഇഞ്ചക്ഷൻ എടുക്കുന്നത് ഓർക്കാൻ വയ്യ..

കുറഞ്ഞോളൂടി.. നീ ടെൻഷൻ അടിക്കേണ്ട, അമ്മയെവിടെ. അടുത്തുണ്ടോ..?

അമ്മ, നമ്മുടെ അപ്പുറത്തെ സുശീല ചേച്ചി വന്നിട്ടുണ്ട് അവരോട് സംസാരിച്ചു  ഇരിയ്ക്കുന്നു.

ഹ്മ്മ്…..

അമ്മു ഉറങ്ങുവാണോ ഏട്ടാ…

അതേടി…. ഞാൻ അങ്ങാടി മരുന്നൊക്കെ വാങ്ങിക്കുവാനായി പുറത്തേക്ക് പോയതായിരുന്നു..ജയന്തി ചേച്ചി കുറച്ച്, ലിസ്റ്റ് ഒക്കെ തന്നാണ് വിട്ടത്. അതൊക്കെയായിട്ടു  വന്നിട്ട് ഞാൻ ഇത്തിരി നടക്കാനൊക്കെ പോയി.

ഹ്മ്മ്…. നാളെ മുതൽ കുളി തുടങ്ങും അല്ലേ ചേട്ടാ…

ആഹ്…  അങ്ങനെയാ ചേച്ചി പറഞ്ഞത്

പാറുക്കുട്ടിക്ക് ഒട്ടും വയ്യാണ്ട് ആയതുകൊണ്ടാണ് അല്ലെങ്കിൽ ഞാൻ എങ്ങനെയെങ്കിലും വന്നു നിന്നേനെ.

അതൊന്നും സാരമില്ല ശ്രീജേ,,,ജയന്തിചേച്ചി ആളൊരു പാവമാണ് വേറെ കുഴപ്പമൊന്നുമില്ല.. ചേച്ചി ആകുമ്പോൾ കാര്യങ്ങളൊക്കെ എല്ലാം അറിയാമല്ലോ… ഞാൻ ജോലിക്ക് പോയാലും, പ്രോബ്ലം ഇല്ല. ഇവിടെ വന്ന് നിൽക്കാൻ പറ്റിയില്ലല്ലോ
എന്നൊന്നുമോർത്തു നീ വിഷമിക്കുവൊന്നും വേണ്ട കേട്ടോ..  ഹോസ്പിറ്റലില് എന്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഓർത്തുനിന്ന സമയത്തല്ലേ നീ വന്നത്. അതുതന്നെ ധാരാളം.കുഞ്ഞിനെയും കൊണ്ട് രാത്രിയിൽ ട്രാവൽ ചെയ്തു വന്നതുകൊണ്ടാണ് അവൾക്ക് പനി പിടിച്ചത്. നീ കുഞ്ഞിന്റെ കാര്യം മാത്രം നോക്കിയാൽ മതി. ഇപ്പോഴത്തെ പനിയാണ്.

നകുലൻ സഹോദരിയെ സമാധാനിപ്പിച്ചു.

ഏട്ടാ, ബാംഗ്ലൂരിൽ നിന്നും അമ്മ വിളിക്കുന്നുണ്ട്.
എങ്കിൽ പിന്നെ ഞാൻ വെച്ചോട്ടെ..

ആഹ് ശരിടി. നകുലൻ ഫോൺ കട്ട് ചെയ്തു. ഒന്നൂടെ റൂമിന്റെ വാതിൽക്കൽ ചെന്ന് അകത്തേക്ക് നോക്കി. അപ്പോഴും ഉണ്ട് കുഞ്ഞുവാവ ഉണർന്നു കിടപ്പുണ്ട്. അമ്മു നല്ല ഉറക്കത്തിലും.

അവൻ ഒരു ചിരിയോടെ അകത്തേക്ക് കയറി ചെന്നു.

ചക്കരെ…. അഛെടെ പൊന്നെ..
അവന്റെ ശബ്ദം തിരിച്ചറിഞ്ഞതും കുഞ്ഞുസ് കണ്ണ് വെട്ടിച്ചു.

യ്യോ.. ഉണർന്നോ… അമ്മു ചാടി എഴുന്നേൽക്കാൻ തുടങ്ങിയതും നകുലൻ അവളെ തടഞ്ഞു.
നീ കിടന്നോടി… ഞാൻ വാവയെ എടുത്തോളാം.

കുഞ്ഞുവാവയെ എടുത്തുകൊണ്ട് നകുലൻ റൂമിൽ നിന്നും ഇറങ്ങിപ്പോന്നു..

*****
യദു ആണെങ്കിൽ  ഗുരുവായൂരിൽ ഹോട്ടൽ എലൈറ്റിൽ  ആയിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്. അതുകൊണ്ട് കിഴക്കേനടയിലേക്ക് പോകുവാൻ അവർക്ക് വളരെ എളുപ്പമായി.

റൂമിൽ എത്തിയ ശേഷം  അൽപ്പം ഒന്ന് കിടന്നു റസ്റ്റ്‌ എടുത്തു. എന്നിട്ട് കുളിച്ച് ഫ്രഷായി ഇരുവരും ക്ഷേത്രത്തിലേക്ക് പോയി. മീനാക്ഷിയാണെങ്കിൽ വീതി കസമുള്ള ഒരു സെറ്റുമുണ്ട്മായിരുന്നു ഉടുത്തത്. ബോട്ടിൽ ഗ്രീൻ നിറമുള്ള ഒരു ബ്രോക്കേഡ് ബ്ലൗസും, അതിനോട് മാച്ച് ചെയ്യുന്ന വിധത്തിൽ പാലയ്ക്ക മാലയും, വലിയ ജിമ്ക്കി കമ്മലും  . ചുവപ്പു നിറമുള്ള വട്ടപ്പൊട്ടുമൊക്കെ തൊട്ട്, ഒരുങ്ങി ഇറങ്ങിയപ്പോൾ അവൾ അതിമനോഹരിയായിരുന്നു.

ഹോട്ടലിന്റെ വാതിൽക്കൽ തന്നെ മുല്ലപ്പൂവ് വിൽക്കുന്ന ചേച്ചിയെ കണ്ടു. നാലഞ്ചു മുഴം പൂവ് കൂടി അവൾ യദുവിനെകൊണ്ട് വാങ്ങിപ്പിച്ചു.. മുല്ലപ്പൂവും ചൂടി അവൾ യദുവിന്റെ വലം കയ്യിൽ പിടിച്ച്  കിഴക്കേ നടയിലേക്ക് നടന്നു..

കദളിപ്പഴവും മഞ്ഞപ്പട്ടുടയാടയും താമരപ്പൂവ് കൊണ്ടുള്ള മാലയും ഒക്കെയാണ് കണ്ണനു സമർപ്പിക്കുവാനായി ഇരുവരും വാങ്ങിയത്..

യദുവിന്റെ പരിചയത്തിൽ ഒരാൾ ഉള്ളതുകൊണ്ട്, ക്ഷേത്രത്തിൽ കയറുവാൻ അധികം തിക്കുംതിരക്ക് ഒന്നും കൂട്ടേണ്ടി വന്നില്ല..

അന്നത്തെ ചന്ദനംചാർത്തിൽ അസ്സൽ ഒരു അമ്പാടി കണ്ണൻ ആയിരുന്നു.. നെറുകയിൽ ഒരു കുഞ്ഞിമയിൽപ്പീലിയും, നെറ്റിമേൽ ഗോപക്കുറിയും,വാലിട്ടെഴുതിയ മിഴികളും, വലം കയ്യിൽ വെണ്ണയുമായി കുറുമ്പോടെ നിൽക്കുന്ന സുന്ദരനായ അമ്പാടികണ്ണനെ, മതിയാവോളം  മീനാക്ഷിയും യദുവും നോക്കി കണ്ടു..

ഇതുപോലൊരു ഉണ്ണിക്കണ്ണനെ തങ്ങൾക്കും നൽകണേ എന്ന് ഇരുവരും മനമുരുകി പ്രാർത്ഥിച്ചു.. തങ്ങൾക്ക് ഒരു ഉണ്ണി പിറന്നാൽ ആദ്യമായി, കുഞ്ഞിന്റെ  ചോറൂണ് നടത്തുന്നത്, ഗുരുവായൂരപ്പന്റെ തിരുനടയിൽ ആയിരിക്കുമെന്നും , കൊടിമരച്ചോട്ടിൽ വച്ചിരിക്കുന്ന, ഓട്ടുരളിയിൽ നിന്നും,  മഞ്ചാടി വാരിപ്പിച്ചേക്കാമെന്നും,  തുളസിമാല കൊണ്ട് കുഞ്ഞിന് തുലാഭാരം നടത്താമെന്നുമൊക്കെ അവർ ഇരുവരും ആ നടയിൽ നിന്ന് നേർച്ച നേർന്നു പ്രാർത്ഥിച്ചു..

അപ്പോളൊക്കെ യദുവിന്റെയും മീനാക്ഷിയുടെയും മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.

ഒക്കെയും കേട്ടുകൊണ്ട് നിറപുഞ്ചിരിയോടെ ശ്രീലകത്തു കുടികൊള്ളുകയായിരിന്നു കണ്ണൻ..

അത്രമേൽ ദുഃഖത്തോടെ ആയിരുന്നു അവിടെ വന്നതെങ്കിലും, ഭഗവാനെ കണ്ടു തൊഴുത ശേഷം   ഒരു വല്ലാത്ത ആനന്ദനിർവൃത്തിയിലായിരുന്നു അവരിവരും..

താൻ കൂടെയുണ്ടെന്ന്, കണ്ണൻ മന്ത്രിക്കും പോലെ അവർക്ക് തോന്നി.ഒരാപത്തിലും കൈവെടിയുകയില്ലെന്നും, അനുഭവിച്ച ദുഃഖങ്ങൾക്കൊക്കെ, പകരമായി ഇനിയുള്ള കാലം, സന്തോഷത്തോടെ കഴിയാമെന്നു, മീനാക്ഷി താമസിയാതെ ഒരമ്മയാകുമെന്നുമെല്ലാം യദുവിന്റെ മനസ്സിൽ ആരോ വീണ്ടും വീണ്ടും പറഞ്ഞു.

അത് സാക്ഷാൽ ഭഗവാൻ തന്നെയാണെന്ന് അവൻ കരുതി.

ധർമ്മശാസ്താവിന്റെ മുൻപിലും അത്പോലെ സരസ്വതിദേവിയുടെ അരികിലും പുറത്തെ ഗണപതിയമ്പലത്തിലും ഒക്കെ തൊഴുതു സന്തോഷമായിട്ട് അവർ അതിലൂടെ നടന്നു.

കൃഷ്ണനാട്ടം രാത്രി ഏറെ വൈകി ആയതിനാൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ മോഹിനിയാട്ടം നടക്കുന്നത് കാണാൻ വേണ്ടി മീനാക്ഷി യദുവിനെയും കൂട്ടി അവിടേക്ക് പോയി.

തുടരും…