അച്ഛൻ എന്റെ കൈയ്യും പിടിച്ച് ചായിപ്പിലേക്ക് നടക്കുമ്പോൾ അകത്ത് ഏട്ടത്തിയെ..

എഴുത്ത് : ദേവാംശി ദേവ
===================

“പറ്റില്ല… എന്നെ കൊന്നാലും ഇതിന് ഞാൻ സമ്മതിക്കില്ല…എവിടുന്നോ വിളിച്ചോണ്ട് വന്നവൾക്ക് വേണ്ടി വീടും പറമ്പും പണയം വെയ്ക്കണമെന്ന് പറയാൻ അച്ഛനെങ്ങനെ തോന്നി..”

ഗോപന്റെ സംസാരം കേട്ട് ഞെട്ടി നിൽക്കുകയിരുന്നു ഭാസ്കരനും മകൾ ദിവ്യയും…

“മാധവാ…അവൾ നിന്റെ അനിയത്തി അല്ലെ…അവളെ പഠിപ്പിക്കാൻ വേണ്ടിയല്ലേ ഞാൻ വീടിന്റെ ആധാരം പണയം വയ്ക്കുന്നത്..എൻട്രസ് കിട്ടി നിക്കുവല്ലേ മോനെ അവള്… അവളെ പഠിപ്പിച്ചൊരു ഡോക്ടർ ആക്കുക എന്നത് നമ്മുടെ കടമയല്ലേ..”

“എന്ത് കടമ…അവള് അച്ഛന്റെ കൂട്ടുകാരന്റെ മകൾ അല്ലെ… അല്ലാതെ സ്വന്തം മകളല്ലല്ലോ..അപ്പൊ പിന്നെ ഇല്ലാത്ത കടമകളൊന്നും അച്ഛൻ ഉണ്ടാക്കാൻ നോക്കണ്ട….”

“എന്നു മുതലാടി അവള് നിനക്ക് അച്ഛന്റെ കൂട്ടുകാരന്റെ മകൾ ആയത്…സ്വത്തിന്റെ കാര്യം വന്നപ്പോഴാണോ നിനക്കവള് സ്വന്തം പെങ്ങളല്ലാതായത്…നീ ഇതൊന്നും കേൾക്കുന്നില്ലേ ദേവകി..” അയാൾ തിരിഞ്ഞു ഭാര്യയെ നോക്കി..

“നിങ്ങൾ എന്തിനാ വെറുതെ അവനെ പറയുന്നത്…ഇതുവരെ അവൾക്കിവിടെയൊരു കുറവില്ലാതെ അല്ലെ നമ്മൾ നോക്കിയത്..വീടും സ്ഥലവും അവന് അവകാശപ്പെട്ടത് അല്ലെ.. അപ്പൊ അവന്റെ ഇഷ്ടം കൂടി നോക്കണ്ടേ…”

“ഓഹോ പ്പോ നിന്റെ പിന്തുണയോടെ ആണല്ലേ ഇവനോരോന്നും വിളിച്ചു പറയുന്നത്…എന്നാൽ എല്ലാവരും കേട്ടോ…ഇത് ഞാൻ ആധ്വാനിച്ചുണ്ടാക്കിയ വീടും സ്ഥലവുമാണ്… ഇത് വിറ്റിട്ടാണെങ്കിലും ഞാനെന്റെ മോളേ പഠിപ്പിക്കും.”

“എന്നാൽ എനിക്കതൊന്ന് കാണണം..”

മാധവനും വിട്ടു കൊടുക്കാൻ തയാറായില്ല..

“ദിവ്യ… ഈ വീടോ വീട്ടുകാരോ നിനക്ക് സ്വന്തമല്ല.. എന്നിട്ടും ഇതുവരെ അവർ നിന്നെ പൊന്നുപോലെ നോക്കി വളർത്തി… ഇനിയും നീ പഠിക്കാൻ വാശിപിടിച്ചാൽ അച്ഛനും മാധവേട്ടനും തമ്മിൽ വലിയ വഴക്കാവും..ദയവ് ചെയ്ത് ഈ വീട്ടിലെ മനഃസമാധാനം കളയരുത്.”

ഏട്ടത്തി മുന്നിൽ വന്നു നിന്ന് കൈ കൂപ്പി പറയുമ്പോൾ ചിരിക്കാനാണ് തോന്നിയത്…

അമ്മ മരിച്ച കൈ കുഞ്ഞിനെ നോക്കാൻ തറവാട്ടിലുള്ളവർക്ക് ബുദ്ധിമുട്ടാണെന്ന് മനസിലായപ്പോഴാണ് ഒരു ജോലി കണ്ടെത്തി എന്നെയും കൊണ്ട് എന്റെ അച്ഛൻ ഈ നാട്ടിലേക്ക് വന്നത്..ഇവിടെ അച്ഛന് കിട്ടിയ സുഹൃത്തായിരുന്നു ഭാസ്കരൻ അച്ഛൻ..പെട്ടെന്നൊരു ദിവസം ഒരു നെഞ്ച് വേദനയുടെ പേരിൽ അച്ഛനങ്ങ് പോയപ്പോൾ ഭാസ്കരച്ഛനും കുടുംബവും എന്നെ ഏറ്റെടുക്കുകയായിരുന്നു..അങ്ങനെ എനിക്ക് അച്ഛനും അമ്മയും ഏട്ടനുമുണ്ടായി…

മാധവേട്ടനായിരുന്നു എന്നെ കൂടുതൽ ഇഷ്ടം.കുട്ടിക്കാലം മുതൽ എന്നെ ഡോക്ടറാക്കും എന്ന് പറഞ്ഞ് പറഞ്ഞ് എന്നിൽ ആ മോഹം വളർത്തിയത് ഏട്ടനായിരുന്നു…പക്ഷെ ഏട്ടന്റെ വിവാഹത്തോടെ എല്ലാം മാറി….ഏട്ടൻ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണ് രമ്യേടത്തിയെ…ഏട്ടത്തി വന്നതുമുതൽ ഏട്ടൻ മാറി തുടങ്ങി….അതോടെ അമ്മയും..

ഈ പ്രശ്നത്തിന് പിന്നിലും ഏട്ടത്തി ആണെന്നുള്ളത് ഉറപ്പാണ്..

“രമ്യേ…” അച്ഛൻ ദേഷ്യത്തോടെ വിളിച്ചതും ഏട്ടത്തി ഒന്ന് ഞെട്ടി..

“അച്ഛാ വേണ്ട.. ഇനി ഇതിനെ കുറിച്ചൊരു സംസാരം വേണ്ട..ഞാൻ മെഡിസിന് പോകുന്നില്ല… ഡിഗ്രിക്ക് ചേർന്നോളം..”

“മോളെന്താ ഇവരെ പേടിച്ചാണോ ഇങ്ങനെ പറയുന്നത്..”

“അല്ല… എനിക്ക് അർഹതപ്പെട്ടതല്ലാത്തതു കൊണ്ട്…ഇനി ഇതിന്റെ പേരിലൊരു പ്രശ്നം നടന്നാൽ എന്നെ പിന്നെ ആരും ജീവനോടെ കാണില്ല..”

ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ഞാൻ അകത്തേക്ക് കയറി..

“എന്നാൽ പിന്നെ ഈ വീടും പറമ്പും മാധവന്റെ പേരിൽ എഴുതാം അല്ലെ…”

അമ്മ പറഞ്ഞതും അച്ഛന്റെ കൈ അമ്മയുടെ കവിളിൽ പതിഞ്ഞു..

പിന്നെ അതിന്റെ പേരിൽ പ്രശ്നങ്ങളായി..അമ്മയും ഏട്ടനും ഏട്ടത്തിയും ഒറ്റക്കെട്ടായി നിന്നതുകൊണ്ട് അച്ഛന് വീടും പറമ്പും ഏട്ടന്റെ പേരിൽ എഴുതി കൊടുക്കേണ്ടി വന്നു…

“മാധവാ… നീ വീടും പറമ്പും പണയം വെച്ച് ലോൺ എടുത്തോ.”

രാവിലെ പുറത്തേക്ക് പോയ ഏട്ടനും ഏട്ടത്തിയും കൈയ്യിലൊരു ബാഗുമായി വീട്ടിലേക്ക് കയറി വരുമ്പോഴാണ് അച്ഛനത് ചോദിച്ചത്..

ഞാനും അമ്മയും ഞെട്ടലോടെ അവരെ നോക്കി…

“എടുത്തു… ഞാനൊരു ബിസിനസ്സ് തുടങ്ങാൻ പോകുവാ.. അതിനു കാശിന്റെ ആവശ്യമുണ്ട്..”

“ബിസിനസോ.. എന്ത് ബിസിനസ്സ്…നിനക്ക് ബിസിനസ്സിനെ കുറിച്ച് എന്തെങ്കിലും അറിയോ…”

“അത്…”

“അച്ഛനെന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്..മാധവേട്ടൻ ബിസിനസ്സ് തുടങ്ങിയാൽ എന്താ…. ഏട്ടന് ബിസിനസ്സിനെ കുറിച്ച് അറിയില്ലെങ്കിലും എനിക്ക് അറിയാം..എന്റെ അച്ഛനൻ കുറേ കാലം ബിസിനസ്സൊക്കെ ചെയ്തതാ…”

ഏട്ടനൊന്ന് പതറിയപ്പോൾ ഏട്ടന് വേണ്ടി ഏട്ടത്തി സംസാരിച്ചു തുടങ്ങി..

പിന്നെ അച്ഛനൊന്നും മിണ്ടിയില്ല.. അമ്മ വലിയ സന്തോഷത്തിൽ ആയിരുന്നു..

പിറ്റേ ദിവസം രാവിലെ ഏട്ടന്റെ നിലവിളികെട്ടാണ് ഓടി പോയത്…

“എന്താടാ… എന്ത് പറ്റി…” അമ്മ ചോദിച്ചു..

“അവള്.. ആ രമ്യ എന്നെ ചതിച്ചമ്മേ…ലോണെടുത്ത കാശും കൊണ്ട് അവള് അവളുടെ കാമുകന്റെ കൂടെ ഒളിച്ചോടി.
ദേ… കത്തെഴുതി വെച്ചിട്ടുണ്ട്…”

ഏട്ടൻ കത്ത് ഞങ്ങൾക്ക് നേരെ നീട്ടി …

കാശിന്റെ കാര്യമൊന്നും എഴുതിയിട്ടില്ലെങ്കിലും ഇഷ്ടപ്പെട്ട ആളോടൊപ്പം പോകുന്നു എന്ന് എഴുതിയിട്ടുണ്ടായിരുന്നു.. കാശ് കാണാത്തതുകൊണ്ട് ഏട്ടത്തി കൊണ്ട് പോയതാണെന്ന് ഉറപ്പായി…

കത്ത് വായിച്ച് അമ്മ നെഞ്ചത്തടിച്ചു കരയാൻ തുടങ്ങിയോ..

ഞാൻ സംസാരിക്കാൻ തുടങ്ങിയതും അതിനു സമ്മതിക്കാതെ അച്ഛൻ എന്റെ കൈയ്യും പിടിച്ച് തൊടിയിലേക്ക് ഇറങ്ങി..

അവരോടുള്ള ദേഷ്യം കൊണ്ട് പോകുന്നതാണെന്ന് അവര് കരുതി…

“അച്ഛാ… ആ കാശ് ഏട്ടത്തി കൊണ്ട് പോയിട്ടില്ല… എന്റെ കൈയ്യിലുണ്ട്.”

“അച്ഛനറിയാം…” ഞാൻ ഞെട്ടലോടെ അച്ഛനെ നോക്കി..

“കുട്ടിക്കാലത്ത് പോലും ഒരു കള്ളവും ചെയ്യാത്ത എന്റെ മോള് അവരുടെ മുറിയിൽ കയറി ആ കാശെടുക്കുന്നത് കണ്ടപ്പോൾ അതിനു പിന്നിൽ തക്കതായ എന്തോ കാരണമുണ്ടെന്ന് അച്ഛനറിയാമായിരുന്നു..അതുകൊണ്ടാണ് അച്ഛൻ അതിനെ പറ്റി ചോദിക്കാത്തത്..”

“കുറച്ചു ദിവസമായി ഏട്ടത്തിയുടെ രഹസ്യമായുള്ള ഫോൺ വിളി ഞാൻ ശ്രദ്ധിക്കുന്നു..ഇന്നലെ രാത്രി ആരോടോ പണമൊക്കെ റെഡിയാണ്.. പുലർച്ചെ തന്നെ പോകാമെന്നൊക്കെ പറയുന്നത് കേട്ടപ്പോൾ ഒരു സംശയം തോന്നി..അതുകൊണ്ടാ ഏട്ടത്തി കുളിക്കാൻ കയറിയ സമയത്ത് റൂമിൽ കയറി ബാഗിൽ ഏട്ടത്തിയുടെ ഡ്രെസ്സിന്റെ കൂടെ കൊണ്ടുപോകാൻ റെഡിയാക്കി വെച്ചിരുന്ന കാശ് എടുത്ത് മാറ്റിയത്..പകരം രണ്ട് മൂന്ന് ബെഡ് ഷീറ്റ് മടക്കി വെച്ചു…പോകും മുമ്പ് ഏടത്തി അത് ഒരിക്കൽ കൂടി നോക്കി കാണില്ല…”

“ആരുടേയും കണ്ണിൽ പെടാതെ രക്ഷപ്പെടണ്ടേ… ആ വെപ്രാളത്തിൽ പിന്നെ ബാഗൊന്നും നോക്കി കാണില്ല..എന്തായാലും മോളു ചെയ്തത് നന്നായി..”

“ആ കാശ് നമ്മുടെ ചായിപ്പിൽ ഉണ്ട്..ഞാനതെടുത്ത് ഏട്ടന് കൊടുക്കട്ടെ..”

“വേണ്ട മോളേ… അത് അവനർഹതപ്പെട്ടതല്ല… മോൾക്ക് അവകാശപ്പെട്ടതാ…അതുകൊണ്ടാണ് ഈശ്വരൻ അത് മോളുടെ കൈയ്യിൽ കൊണ്ടെത്തിച്ചത്…ആ കാശ് പോയെന്നല്ലേ അമ്മയും മോനും കരുതിയേക്കുന്നത്.. അത് അങ്ങനെ തന്നെ ഇരിക്കട്ടെ..ആ രമ്യയുടെ വാക്കും കേട്ട് പണത്തിനു വേണ്ടി ബന്ധങ്ങളെ മറന്നവർക്കുള്ള ദൈവം കൊടുത്ത ശിക്ഷയാണിത്..ഇത് മോൾക്ക് പഠിക്കാൻ എടുക്കാം..”

“അയ്യോ.. അതൊന്നും വേണ്ടച്ചാ…”

“വേണം… ഈ കാശ് ഞാൻ തരുന്നതാ എന്റെ മോൾക്ക്…മോളത് വാങ്ങണം….നിന്നെ പഠിപ്പിക്കാൻ എന്റെയൊരു കൂട്ടുകാരൻ റെഡിയാണെന്ന് ഞാൻ അവരെ രണ്ടുപേരെയും പറഞ്ഞ് വിശ്വസിപ്പിച്ചോളാം…”

“പക്ഷെ ഏട്ടത്തി തിരികെ വന്നാൽ…”

“വന്നാൽ എന്നല്ല… വരും…പണം പോയെന്ന് അറിയുമ്പോൾ അവൾ എന്തായാലും തിരികെ വരും..പക്ഷെ ഈ അമ്മയും മോനും ഇനി ഒരിക്കലും അവളെ വിശ്വസിക്കില്ല…മോള് വാ…എത്രയും പെട്ടെന്ന് ആ കാശ് അവിടുന്ന് മാറ്റാം..”

അച്ഛൻ എന്റെ കൈയ്യും പിടിച്ച് ചായിപ്പിലേക്ക് നടക്കുമ്പോൾ അകത്ത് ഏട്ടത്തിയെ പ്രാകികൊണ്ടുള്ള അമ്മയുടെ പതം പറച്ചിൽ തുടരുന്നുണ്ടായിരുന്നു….