നിന്നെ ഇഷ്ടപ്പെട്ടു പോയതിന്റെ പേരിൽ നീ പറയുന്നത് എല്ലാം കേട്ടുനിൽക്കുമെന്ന് കരുതരുത് ദൃശ്യ

പെണ്ണൊരുത്തി
എഴുത്ത്: ദേവാംശി ദേവ
==============

“ടി.. ദേ ഇന്നും വന്നിട്ടുണ്ടല്ലോ…”

കൂട്ടുകാരി വിളിച്ചു കാണിക്കുമ്പോഴാണ് ബസ്‌റ്റോപ്പിന്റെ ഓപ്പോസിറ്റായി നിൽക്കുന്നവനെ ദൃശ്യ കാണുന്നത്..

പതിവ് പോലെ രണ്ടാമതൊന്നുകൂടി അവനെ നോക്കാൻ നിൽക്കാതെ അവൾ ബസിലേക്ക് കയറി..ആറു മാസത്തിൽ കൂടുതലായി അവൻ അവളുടെ പുറകെ നടക്കുന്നു..ഇന്നുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും അവൻ്റെയുളളിലെന്താണെന്ന് എല്ലാവർക്കും അറിയാം..അതിന്റെ പേരിൽ കൂട്ടുകാരികൾ ദൃശ്യയെ കളിയാക്കാറും ഉണ്ട്…

ഫെബ്രുവരി 14..പ്രണയദിനം…

കുറെയധികം ചുവന്ന റോസാപൂക്കളുമായാണ് അവൻ അവളെ കാണാൻ എത്തിയത്..

“ഐ ലവ് യു ദൃശ്യ..” ഞെട്ടലോ പതർച്ചയോ ഇല്ലാതെ അവൾ അവനെ നോക്കി നിന്നു..

“സീരിയസ് ആണോ… ” ശാന്തമായി അവൾ ചോദിച്ചു..

“അതെ..”

“വിവാഹം കഴിക്കാൻ….”

“അതെ ദൃശ്യ… എന്റെ മരണം വരെയും നീയെന്റെ കൂടെ വേണം..”

“ശരി….മറുപടി നാളെ പറയാം..”

അവന്റെ കൈയ്യിൽ നിന്നും പൂക്കൾ വാങ്ങാതെ അവൾ തിരിഞ്ഞു നടന്നപ്പോൾ അവനു നന്നായി ദേഷ്യം വന്നെങ്കിലും അവളുടെ മറുപടി പോസിറ്റീവ് ആകും എന്ന വിശ്വാസത്തിൽ ഒരു പുഞ്ചിരിയോടെ അവൻ തിരികെ നടന്നു…

“ഏട്ടാ… ഏട്ടനെ കാണാനൊരു ചേച്ചി വന്നിട്ടുണ്ട്..”

രാവിലേ അനിയത്തി വന്നു വിളിച്ചുണർത്തിയപ്പോഴാണ് സുധീഷ് ഉണർന്നത്…

“ചേച്ചിയോ… ഏത് ചേച്ചി..”

“അറിയില്ല… ഏട്ടനെ കാണാൻ വന്നതാ..”

“നീ ചെല്ല്… ഞാനിതാ വരുന്നു..”

ഇത്ര രാവിലെ ആരാ വന്നതെന്ന് ആലോചയോടെ അയയിൽ കിടന്ന ഷർട്ടും എടുത്തിട്ട് അവൻ ഹാളിലേക്ക് ചെന്നു…അവിടെ നിൽക്കുന്ന ദൃശ്യ കണ്ടതും അവനൊന്നു പതറി..

“ദൃശ്യ.. താനെന്താ ഇവിടെ…”

“മറുപടി വേണ്ടേ തനിക്ക്…”

“അതിന് വീട്ടിലേക്ക് വരണോ… നമുക്ക് പുറത്ത് വച്ച് കാണാം..”

“നോക്ക് സുധീഷ്…. പ്രേമം എന്ന് പറഞ്ഞ് കറങ്ങി നടക്കാനും അവസാനം ബ്രേക്കപ്പ് എന്നൊരു വാക്കിൽ എല്ലാം അവസാനിപ്പിച്ചു തേപ്പുകാരി ആകാനും എനിക്ക് താല്പര്യം ഇല്ല…പ്രേമിച്ചാൽ വിവാഹം കഴിക്കണം…അതും എത്രയും വേഗം…വിവാഹം കഴിഞ്ഞാൽ ഞാൻ തന്റെ വീട്ടിൽ വീട്ടുകാരോടൊപ്പമല്ലേ കഴിയേണ്ടത്..അപ്പൊ ഒരു മറുപടി തരും മുൻപ് തന്റെ വീടും വീട്ടുകാരെയും ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി…

എന്താ നടക്കുന്നതെന്ന് മനസിലാകാതെ സുധീഷിന്റെ അച്ഛനും അമ്മയും ചേച്ചിയും അനിയത്തിയും അവനെ നോക്കി..

“ഇവിടെ രണ്ട് റൂമേ ഉള്ളു അല്ലെ..”

അവളുടെ ചോദ്യം കേട്ടതും ദേഷ്യത്തോടെ സുധീഷ് അവളെ നോക്കി..

“ചോദിച്ചത് കേട്ടില്ലേ സുധീഷ്… ഇവിടെ രണ്ട് റൂമേ ഉള്ളോ..”

“ങും….” അതെ എന്ന അർത്ഥത്തിൽ അവനൊന്നു മൂളി..

“വീടിന്റെ പേരിൽ കടമെന്തെങ്കിലും ഉണ്ടോ…”

ചോദ്യം സുധീഷിന്റെ അമ്മയോടായിരിന്നു..

“ലോൺ ഉണ്ട്..”

“Ok….സുധീഷിന്റെ ചേച്ചി എന്ത് ചെയ്യുന്നു..”

“എനിക്ക് ചെറിയൊരു ജോലിയുണ്ട്..ഇവിടെ അടുത്ത ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ആണ്..”

“അനിയത്തിയൊ…”

“പ്ലസ് ടു…” അനിയത്തിയുടെ മറുപടി കിട്ടിയതും ദൃശ്യ സുധീഷിന്റെ നേർക്ക് തിരിഞ്ഞു..

“അപ്പൊ സുധീഷ് എന്റെ തീരുമാനം പറയാം..എനിക്ക് തന്നോട് ഇഷ്ടക്കുറവൊന്നും ഇല്ല… ബട്ട്‌ വിവാഹം നടക്കുന്നതിന് മുൻപ് വീടിന്റെ ലോൺ തീർക്കണം..ഒരു മുറി കൂടി കെട്ടണം..പിന്നെ ചേച്ചിയുടെ വിവാഹം കഴിയാതെ നമ്മുടെ വിവാഹം നടത്തുന്നത് മോശമല്ലെ…അതുകൊണ്ട് ചേച്ചിയുടെ വിവാഹം നടത്തണം…അനിയത്തിയുടെ പഠിത്തം പൂർത്തിയാകണം…ഇത്രയൊക്കെ ഓക്കെ ആണെങ്കിൽ..”

“നിർത്തെടി…നീ എന്താ എന്നെ പറ്റി വിചാരിച്ചത്..നിന്നെ ഇഷ്ടപ്പെട്ടു പോയതിന്റെ പേരിൽ നീ പറയുന്നത് എല്ലാം കേട്ടുനിൽക്കുമെന്ന് കരുതരുര് ദൃശ്യ…”

“ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലല്ലോ സുധീഷ്…നമ്മൾ ഒരുമിച്ച് ജീവിക്കുമ്പോൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ വേണ്ടി പറഞ്ഞതാ..”

“മതി… കൂടുതലൊന്നും വിശദീകരിക്കേണ്ട നീ…എനിക്ക് ഇനി നിന്നെ വേണ്ട…”

“എന്നെ വേണ്ടെന്ന് വെച്ച് എന്നെക്കാളും നല്ലൊരു പെണ്ണിനെ കണ്ടെത്താനാണോ…” ചിരിയോടെ അവൾ ചോദിച്ചു..

“എന്താ നിന്നെക്കാളും നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടില്ലെന്ന്‌ തോന്നുന്നുണ്ടോ നിനക്ക്..”

“തീർച്ചയായും കിട്ടും..പക്ഷെ ഞാൻ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും തന്നെക്കൊണ്ട് ചെയ്യാൻ പറ്റില്ല..പിന്നെ ഇതിന്റെ ദേഷ്യത്തിൽ ആസിഡും പെട്രോളും ഒന്നും കൊണ്ട് എന്റെ പിന്നാലെ വന്നേക്കരുത്..”

അവൾ തിരികെ പോകുമ്പോൾ നഷ്ടപ്പെട്ട പ്രണയത്തേക്കാളും തന്റെ വീട്ടുകാരുടെ മുൻപിൽ വെച്ച് തനിക്ക് ഒന്നും പറ്റില്ലെന്ന് വെല്ലുവിളിച്ച ദൃശ്യയോടുള്ള വാശിയായിരുന്നു സുധീഷിന്റെ മനസ്സിൽ…

ആ വാശി അവനെ കൊണ്ടെത്തിച്ചത് ദുബായിൽ ആണ്. കഷ്ടപ്പാടുകൾക്കിടയിലും ദൃശ്യയോടുളള വാശി മാത്രമായിരുന്നു അവന്റെ മനസ്സിൽ..വീടിന്റെ ലോൺ തീർത്ത് ബാങ്കിൽ നിന്നും പ്രമാണം തിരികെ എടുത്തപ്പോൾ അച്ഛന്റെ സന്തോഷത്തിൽ ഇടറിയ ശബ്ദം അവന്റെ കണ്ണ് നിറച്ചു..പുതിയ വീട് പണിതപ്പോൾ അമ്മയുടെ സന്തോഷം അവനെയും സന്തോഷിപ്പിച്ചു..

വിവാഹം ഉറപ്പിച്ചപ്പോൾ ചേച്ചിയുടെ കണ്ണുകളിൽ കണ്ട തിളക്കം അവന് അഭിമാനമാണ് ഉണ്ടാക്കിയത്..അനിയത്തിയെ അവൾക്കിഷ്ട്ടപ്പെത് പോലെ പഠിപ്പിച്ചപ്പോൾ അവന്റെ ഹൃദയം നിറഞ്ഞു…

കുടുംബത്തിന്റെ സന്തോഷത്തിൽ അവന്റെ കഷ്ടപ്പാടുകളൊക്കെ അവൻ മറന്നു..കൂട്ടത്തിൽ ദൃശ്യയോടുള്ള വാശിയും ദൃശ്യയെയും….

*************

“പെങ്ങമ്മാരുടെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു… ഇനി എത്രയും പെട്ടെന്ന് നിന്റെ വിവാഹം നടത്തണം..” അമ്മ സുധീഷിനെ നോക്കി..

“എനിക്ക് എതിർപ്പൊന്നും ഇല്ല.. അമ്മ നോക്കിക്കോളൂ എനിക്ക് പറ്റിയ പെണ്ണിനെ..”

“നോക്കാൻ ഒന്നും ഇല്ല ബാബുവേട്ടന്റെ അനിയത്തി സുധിക്ക് നല്ല ചേർച്ചയാ..നമുക്ക് അത് നോക്കാം അമ്മേ..” സുധീഷിന്റെ ചേച്ചി പറഞ്ഞു…

“ചേച്ചിയുടെ നാത്തൂനേ കൊണ്ട് എന്റെ ഏട്ടനെ കെട്ടിക്കാമെന്ന് ചേച്ചി സ്വപനം കാണേണ്ട.. സുധിയേട്ടന് ചേരുന്നത് എന്റെ ഫ്രണ്ട് സോനാ തന്നെയാ…അവള് മതി അമ്മേ ഏട്ടന്..”?അനിയത്തിയും വിട്ടുകൊടുക്കാൻ തയാറായില്ല..

“രണ്ടുപേരും ഒന്നും നിർത്തുന്നുണ്ടോ…അവനുള്ള പെണ്ണിനെ അവൻ തന്നെ നേരത്തെ കണ്ട് വെച്ചിട്ടുള്ളതാ…”

“അതാരാ ഞങ്ങൾ അറിയാത്തൊരു പെണ്ണ്..”

സുധീഷിന്റെ ചേച്ചി സംശയത്തോടെ അമ്മയെ നോക്കുമ്പോൾ അവനും അതെ സംശയമായിരിന്നു.

“ദൃശ്യ…”

“അടിപൊളി…ഈ വീട്ടിൽ കേറി വന്ന് ഏട്ടനെ അപമാനിച്ചിട്ട് പോയവളാ… അവളാണോ അമ്മ ഏട്ടന് വേണ്ടി കണ്ടുപിടിച്ചേക്കുന്നത്..”

“മിണ്ടാതിരിക്കെടി…ആ കൊച്ച് ഇവനെ എന്ത് അപമാനിച്ചെന്നാ നീ പറയുന്നത്..അത് ഇവനെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിൽ അവളെയും കെട്ടി പിള്ളേരും ആയി പ്രാരാബ്ധവും കടവും കഷ്ടപ്പാടുമായി അവളും ഇവനും കൂടെ നമ്മളും കഷ്ടപ്പെട്ട് ജീവിക്കേണ്ടി വന്നേനെ. ഇനി ഇഷ്ടം അല്ലെന്ന് പറഞ്ഞാൽ കുറച്ച് വിഷമം തോന്നിയാലും കുറെ കഴിയുമ്പോ ഇവൻ വേറെ ഏതെങ്കിലും പെണ്ണിനെ കെട്ടും.. അപ്പോഴും ജീവിതം ഇങ്ങനെ ഒക്കെ ആയിരിക്കും..ഇതിപ്പോ അവളോടുള്ള വാശിക്കാണ് ഇവൻ ജീവിക്കാൻ തന്നെ തീരുമാനിച്ചത്. മോനെ….
നീ ആരെ വിവാഹം കഴിച്ചാലും ആ കുട്ടി അമ്മക്കും അച്ഛനും മകൾ തന്നെ ആണ്..എങ്കിലും അമ്മ ഒന്ന് പറയാം ദൃശ്യ മോളേ നീ ഇഷ്ടപ്പെട്ടപ്പോൾ തന്നെ നിന്റെ ജീവിതം ഉയരങ്ങളിലേക്കാണു പോയത്.. നീ അവളെ വിവാഹം കഴിച്ചാൽ ഇനിയും ഉയരങ്ങിലേക്ക് തന്നെ പോകും..അത് അമ്മക്ക് ഉറപ്പാണ്..”

“പക്ഷെ വർഷം അഞ്ച് കഴിഞ്ഞില്ലേ അമ്മേ..അവളിപ്പോ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലോ..”

“കുറെ കാലം അവളുടെ കോളേജിന്റെ മുൻപിൽ പോയി നിന്നതല്ലേ…ഇന്നൊരു ദിവസം ഇവിടെ അടുത്തുള്ള ഹയർ സെക്കണ്ടറി സ്കൂളിന്റെ മുന്നിൽ പോയൊന്ന് നിൽക്ക്…” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു…

സുധീഷ് ഒന്നും മനസിലാകാതെ അമ്മയെ നോക്കി..

വൈകുന്നേരം സ്കൂൾ വിടുന്ന സമയത്ത് അവൻ ഗവൻമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് മുൻപിൽ പോയി നിന്നു..സ്കൂൾ വിട്ട് കുട്ടികളും ടീച്ചേഴ്സും സ്കൂളിന് പുറത്തേക്ക് വരുന്നുണ്ടായിരുന്നു…ആ കൂട്ടത്തിൽ ദൃശ്യയും ഉണ്ടായിരുന്നു..അല്പം വണ്ണം വെച്ചിട്ടുണ്ട്…വേഷം ചുരുദാറിൽ നിന്ന് സാരിയിലേക്ക് മാറിയിട്ടുണ്ട്… മുഖത്തൊരു കണ്ണാടിയും വന്നിട്ടുണ്ട്..ഒരു അധ്യാപികയുടെ പക്വത അവളുടെ മുഖത്തുണ്ടായിരുന്നുവെങ്കിലും വിവാഹിതയുടെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല…

സുധീഷിനെ കണ്ടതും പുഞ്ചിരിയോടെ അവൾ അവന്റെ അടുത്തേക്ക് വന്നു..

“എപ്പോ എത്തി നാട്ടിൽ…”

“കുറച്ചു ദിവസമായി…”

“ഇവിടെ എന്താ… പണ്ട് കോളേജിന്റെ മുന്നിൽ വന്നു നിന്നതിന്റെ ഓർമ പുതുക്കൽ ആണോ..”

“ഏയ്‌… ഞാനൊരു കാര്യം ചോദിക്കാൻ വന്നതാ..”

“എന്താ കാര്യം….”

“വീടിന്റെ പേരിലെ കടമൊക്കെ തീർത്തു..പുതിയ വീട് വെച്ചു…പെങ്ങമാരുടെ വിവാഹവും നടത്തി…എല്ലാം ok ആണ്… പക്ഷെ ഒരു കുറവ് ഇപ്പോഴും ഉണ്ട്..”

“എന്ത് കുറവ്..”

“ഒരു വീട്ടുകാരിയുടെ കുറവ്…അത് നികത്താൻ പറ്റുമോന്ന് ചോദിക്കാൻ വന്നതാ…”

“എന്തെ എന്നെക്കാളും നല്ല പെണ്ണിനെ കിട്ടിയിലേ…”

“കിട്ടില്ലെന്നാ അമ്മ പറയുന്നത്..”

“മോന് എന്ത് തോന്നുന്നു..”

“എനിക്കും ഏതാണ്ട് അങ്ങനെ ഒക്കെ തന്നെയാ തോന്നുന്നത്..”

“എന്നാൽ അച്ഛനെയും അമ്മയെയും കൂട്ടി വീട്ടിലേക്ക് വാ…പിന്നെ എത്രയും പെട്ടെന്ന് വിവാഹം നടത്തണം…എനിക്ക് പ്രേമിച്ചു നടക്കാനൊന്നും താല്പര്യം ഇല്ല…”

“കെട്ടി കഴിഞ്ഞെങ്കിലും എന്നെ ഒന്ന് പ്രേമിക്കണേ…”

അവൾ തിരിഞ്ഞു നടന്നതും അവൻ വിളിച്ച് പറഞ്ഞു..

“ആലോചിക്കാം.”

തിരിഞ്ഞു നോക്കാതെ അവൾ മറുപടി പറഞ്ഞു..രണ്ടുപേരുടെ ചുണ്ടിലും ഹൃദയം നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു..