കാശിനാഥൻ – ഭാഗം 49, എഴുത്ത്-മയിൽപീലി

ആലിയയുടെ സർജറി വിജയം ആയിരുന്നു. ഹക്കിം ഇല്ലായിരുന്നു എന്നത് കൊണ്ട് സർജറി മാറ്റി വെച്ചാൽ പിന്നീട് അത് ബുദ്ധിമുട്ട് ആയിരിക്കുമെന്ന് അവൻ അവരെ പറഞ്ഞു മനസിലാക്കി

അയാൾ ഡോക്ടറെ കാണാനാണ് വന്നതെന്ന് ഭാര്യ പറഞ്ഞപ്പോൾ അവൻ അത് നിഷേധിച്ചു. ഞാൻ അങ്ങനെ രോഗികളുടെ ബന്ധുക്കളെ വീട്ടിൽ വന്നു കാണാൻ അനുവദിക്കാറില്ല, എന്ന് മാത്രം പറഞ്ഞു

ഹക്കിമിന് പണ്ടെങ്ങോ മാനസിക പ്രശ്നം ഉണ്ടായി ഇത് പോലെ ഇറങ്ങി പോയിട്ടുണ്ടെന്ന് അകന്ന ബന്ധുക്കളിൽ ചിലർ പറഞ്ഞു. അങ്ങനെ അയാളെ അന്വേഷിച്ച് ആൾക്കാർ നാലു പാടും പാഞ്ഞു തുടങ്ങി

അന്ന് കേസിൽ നിന്ന് ഊരിപ്പോരാൻ അയാൾ കാണിച്ച കാരണങ്ങളാൽ ഒന്ന് മാനസിക വെല്ലുവിളി നേരിടുന്ന ആളെന്നത് ആയിരുന്നു. അത് തന്നെ ഇപ്പോൾ അയാൾക്ക് എതിരെ തിരിച്ചടിച്ചു

കാശിനാഥൻ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്നുള്ള ഭാവത്തിൽ ജോലി തുടർന്നു….

ഹക്കിംമിന്റെ ബോഡി ഫെലിക്സ് പണിയുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ അടിസ്ഥാനത്തിൽ ഭദ്രമായി മറവു ചെയ്യപ്പെട്ടിരുന്നു. പോലീസ് കേസ് അന്വേഷിച്ചു തുടങ്ങി. അയാൾ ഒരു ടാക്സിയിൽ വിഴിഞ്ഞത്ത് പോയതായി തെളിവുകൾ ലഭിച്ചു. പക്ഷെ ടാക്സി വിട്ടിട്ട് അയാൾ കടലിന്റെ ഭാഗത്തേക്ക്‌ പോയതായി ഡ്രൈവർ മൊഴി നൽകി. കടലിന്റെ ഭാഗത്ത് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതിനാൽ അന്വേഷണം അവിടെ വഴി മുട്ടി. അയാളുടെ ഫോണിന്റെ ലാസ്റ്റ് ലൊക്കേഷനും വിഴിഞ്ഞം കടപ്പുറം ആയിരുന്നു.

ആലിയയും അമ്മയും ഡിസ്ചാർജ് ന് മുൻപ് കാശിയുടെ മുറിയിൽ വന്നു..അവൻ വാത്സല്യത്തോടെ കുട്ടിയെ നോക്കി

“ഡിസ്ചാർജ് ആണല്ലേ?”

“അതെ ഡോക്ടർ. മോളുടെ വാപ്പയുടെ കാര്യം ആണ് ആകെയുള്ള മനസമാധാനക്കേട്. എങ്ങോട് പോയതായിരിക്കും?” അവർ വേദനയോടെ പറഞ്ഞു

“ഇതിന്റെ മുന്നേ ഇങ്ങനെ പോയിട്ടുണ്ടോ?”

“ഒന്ന് രണ്ടു തവണ. പിണങ്ങി പോയിട്ടുണ്ട്.. പിന്നെ ഇത് പോലെ കുറച്ചു നാളുകൾ കഴിഞ്ഞു വരും. മോളുണ്ടായതിനു ശേഷം അങ്ങനെ പോയിട്ടില്ല. പക്ഷെ മോൾക്ക് അസുഖം ആയതിനു ശേഷം വലിയ വിഷമത്തിൽ ആയിരുന്നു.. വല്ലയിടത്തും പോകുമെന്ന് പറയുമായിരുന്നു.. പക്ഷെ ഇത്..”

മോള് വാടിയ മുഖത്തോടെ നിൽക്കുന്നത് കണ്ടു കാശി അടുത്ത് പിടിച്ചു ചേർത്ത് നിർത്തി

“നന്നായി പഠിക്കണം.. മിടുക്കി ആവണം “

അവൾ തലയാട്ടി

“മരുന്ന് കൃത്യമായി കഴിക്കണം. നിങ്ങൾ എങ്ങോട്ട് ആണ് ഇനി?”

“തിരിച്ചു പോകുകയാണ്. പേരെന്റ്സ് എല്ലാം അവിടെയാ.. അദേഹത്തിന്റെ വിവരങ്ങൾ അറിഞ്ഞു തരാൻ പോലീസിൽ പറഞ്ഞിട്ടുണ്ട്”

“ഹക്കിംമിന്റെ റിലേറ്റീവ്സ് ആരും ഇല്ലേ നാട്ടിൽ?”

അവർ കുറച്ചു നേരം മിണ്ടാതെ ഇരുന്നു. പിന്നെ മോളെ കൊണ്ട് ബന്ധുക്കളുടെ അരികിൽ ഇരുത്തി വന്നു

“ഡോക്ടർ.. ഞാൻ പറയാൻ പോകുന്ന കാര്യം ഒരിക്കലും പോലീസ് അറിയരുത്.. ഡോക്ടർ ആയത് കൊണ്ട് പറയുകയാണ്,”

“പറയു “

കാശി നിവർന്നു ഇരുന്നു

“എന്റെ ഭർത്താവിന്റെ രണ്ടാമത്തെ വിവാഹം ആയിരുന്നു ഞാനും ആയിട്ടുള്ളത്. ആദ്യത്തെത് ബന്ധം പിരിഞ്ഞു.. കല്യാണം കഴിഞ്ഞു കുറെ വർഷങ്ങൾ കഴിഞ്ഞാണഅദ്ദേഹത്തിന് മാനസികമായി പ്രോബ്ലം ഉണ്ടെന്ന് അറിഞ്ഞത്. അവരുടെ വീട്ടുകാർ എല്ലാവരും ഓരോ വര്ഷങ്ങളുടെ കാലയളവിൽ ദുർമരണം സംഭവിച്ചു. അദ്ദേഹം പണ്ട് ചെയ്ത ഒരു തെറ്റിന്റെ ഫലം ആണെന്നാണ് ആൾക്കാർ പറയുന്നത്.. ആ തെറ്റിന്റെ ശിക്ഷ എന്റെ കുഞ്ഞിനും കിട്ടി. ഇതൊക്കെ ആലോചിച്ചു ആയിരിക്കും അങ്ങനെ ഇദ്ദേഹത്തിന് മാനസിക അസുഖം കൂടി ഹോസ്പിറ്റലിൽ ആയിരുന്നു. പിന്നെ ഞങ്ങൾ ഗൾഫിൽ പോയി. നാട്ടിലേക്ക് വരരുത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അപ്പോഴാണ് മോളുടെ അവസ്ഥസീരിയസ് ആയത് അത് കൊണ്ടാണ് വന്നത്… “

അവൻ വെറുതെ കേട്ട് കൊണ്ടിരുന്നു. ഇതൊന്നും അവൻ അറിഞ്ഞിരുന്നില്ല.

“ഒരു ശാപം പിന്തുടരുന്നുണ്ട് ഡോക്ടറെ.. എല്ലാമൊന്നും നമുക്ക് ആരോടും പറയാൻ വയ്യല്ലോ… പോട്ടെ “

അവൻ തലയാട്ടി

“നാട്ടിൽ അദ്ദേഹത്തിനിനി ആരുമില്ല. അവസാനത്തെ കണ്ണി ആയിരുന്നു.. എവിടെ ആണോ ആവോ?”

അവർ നടന്നു പോകുന്നത് അവൻ നോക്കിയിരുന്നു. അന്നത്തെ പ്രതികളുടെ എല്ലാവരുടെയും അവസ്ഥ ഇത് തന്നെ ആയിരുന്നു.

പ്രതികളെ മാത്രം ആണ് കാശിനാഥൻ ടാർഗറ്റ് ചെയ്തതെങ്കിലും അകാലത്തിൽ പൊലിഞ്ഞു പോയ ഒരു ആത്മാവ് തന്റെ പ്രതികാരം പൂർത്തിയാക്കി കൊണ്ടിരുന്നു. അവൻ കണ്ണുകൾ അടച്ചു മേശയിൽ കമിഴ്ന്നു കിടന്നു. പിന്നെ എഴുനേറ്റു

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ ശിവ വന്നു

“ഞാൻ നാട്ടിൽ ഒന്ന് പോകുകയാണ്..ഫെലിക്സ്ന്റെ കാര്യം അവതരിപ്പിക്കണം. ഒരു ധൈര്യം ഇല്ല ഇപ്പോൾ.. പണ്ടൊക്കെ എന്ത് പറയുന്നതിനും. ഒരു പേടിയുമില്ല. ഇപ്പോഴെന്താ എന്ന് അറിയില്ല
വീട്ടുകാരെ കുറിച്ച് കൂടുതൽ കരുതൽ ആയി “

“ഫെലിക്സ്നേക്കാൾ സ്നേഹം ഉള്ള ഒരാളെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ട് ആണ് ശിവ. Don’t lose him “

ശിവ പുഞ്ചിരിച്ചു

“ഒരു കാര്യം ചോദിച്ചോട്ടെ?”

“Yes..”

“പാർവതി..? അത് ശരിക്കും സീരിയസ് ആണോ?”

അവൻ പുഞ്ചിരിച്ചു

“അടുത്ത പൗർണമിക്ക് ഞങ്ങളുടെ കല്യാണം ആണ്. വിളിക്കും. വരണം..”

ശിവയുടെ കണ്ണുകൾ വിടർന്നു

തുടരും…….