രുദ്രാക്ഷം – ഭാഗം 59, എഴുത്ത്: വർണ്ണങ്ങൾ ആമി

ചിന്മയി അടുക്കളയിൽ കയറിജോലി ഒന്നും ചെയ്തു യാതൊരു പരിചയവും അവൾക്കില്ല. അങ്ങനെ ഒരു അവസരം വന്നിട്ടുമില്ല. ഇതിപ്പോ കാലത്തെ എന്ത് ചെയ്യണമെന്ന് അറിയാതെ പെണ്ണിന് ചെറിയൊരു അങ്കലാപ്പുണ്ട്.

അർജുൻ വന്നു നോക്കിയപ്പോൾ അവൾ എന്തോ ആലോചിച്ചു നിൽക്കുകയാണ്.

ഇവിടെ അടുത്ത് ഒരു ഹോട്ടൽ ഉണ്ട്. ബ്രേക്ഫാസ്റ്റിനുള്ളത് ഞാൻ വാങ്ങി കൊണ്ടു വരാം. നീ വാതിൽ അടച്ചിരുന്നോളൂ.

അവന്റെ ഗൗരവമേറിയ ശബ്ദം കേട്ടപ്പോൾ ചിമ്മു തിരിഞ്ഞുനോക്കി.

വാതിൽ അടയ്ക്ക്‌. അർജുൻ പറഞ്ഞതും അവന്റെ പിന്നാലെ ചിന്മയി നടന്നു.

ആ സ്ത്രീ വന്നിട്ടുണ്ടെങ്കിൽ നീ വാതിൽ തുറക്കാൻ ഒന്നും പോകണ്ട…

സിന്ധു ചേച്ചിയാണ് അർജുൻ ഉദ്ദേശിച്ചത് എന്ന് ചിമ്മുവിനു മനസ്സിലായി.

മ്മ്…..അവൾ മൂളി.

കുളിച്ച് റെഡിയായി നിന്നോണം ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് നമുക്ക് പുറത്തേക്ക് പോണം..

അവൻ വീണ്ടും പറഞ്ഞു..

എന്തിന്?

വീട്ടിലേക്ക് ആവശ്യത്തിനുള്ള സാധനങ്ങളൊക്കെ വാങ്ങിക്കാൻ…

മ്മ്..
അവൾ തല കുലുക്കി.

അർജുൻ പുറത്തേക്കിറങ്ങിയതും ചിന്മയി വാതിൽ അടച്ചു കുറ്റിയിട്ടു.

ശേഷം, അവൾ ബെഡ്റൂമിലേക്ക് പോയി. ഒരു സ്കേർറ്റും ഷർട്ട്‌ ഉം എടുത്തു വെച്ച്. പെട്ടെന്ന് തന്നെ കുളിച്ച് ഇറങ്ങി വന്നു, ഹെയർ ഡ്രയർ ഉപയോഗിച്ച് മുടി ഉണക്കി.

വേഷമമൊക്കെ മാറി റെഡിയായപ്പോഴേക്കും അർജുൻ എത്തി.

ചിമ്മു ചെന്ന് വാതിൽ തുറന്നു. അർജുൻ അകത്തേക്ക് കയറി വരുന്നതിനിടയിൽ അവളെ ഒന്നു നോക്കി.

ബ്രേക്ക് ഫാസ്റ്റ് കൊണ്ടുപോയി അവൻ ടേബിളിൽ വെച്ചു. ചിമ്മു ആണ് പ്ലേറ്റുകൾ എടുത്തുകൊണ്ടു വന്നത്. അർജുൻ അടുക്കളയിലേക്ക് പോകുന്നത് കണ്ടതും അവൾക്ക് സംശയം തോന്നി. പിന്നാലെ അവളും പോയി നോക്കിയപ്പോൾ അർജുൻ ചായ ഇടുകയാണ്.

ഞാൻ ഇട്ടു തരാം എന്ന് അവൾ പറഞ്ഞുവെങ്കിലും അവൻ അതൊന്നും കേട്ട ഭാവം നടിച്ചില്ല. രണ്ട് കപ്പുകളിലായി അർജുൻ ചായ പകർന്നു വെച്ച്.

അപ്പവും ഗ്രീൻപീസ് കറിയുമായിരുന്നു അവൻ ബ്രേക്ഫാസ്റ്റിന് വാങ്ങിക്കൊണ്ടു വന്നത്. ഒപ്പം രണ്ടു നേന്ത്രപ്പഴം പുഴുങ്ങിയതും ഉണ്ട്. ചിമ്മു ഒരു അപ്പത്തിന്റെ പകുതിയും  കുറച്ച് ഗ്രീൻപീസ് കറിയും എടുത്തു.

എന്നിട്ട് അർജുന്റെ എതിർവശത്തായി അവൾ കഴിക്കുവാനായി ഇരുന്നു.
മുറിച്ചുവെച്ച അപ്പത്തിന്റെ ബാക്കിഭാഗം അർജുൻ എടുത്ത് അവളുടെ പ്ലേറ്റിലേക്ക് ഇട്ടു.

എനിക്കിത് മതിയായിട്ടാണെന്ന് പറഞ്ഞ് അവൾ കൈപ്പത്തി കൊണ്ട് അത് തടയാൻ നോക്കി.

നീ കഴിച്ചതിന്റെ ബാക്കി കഴിക്കാൻ ഇവിടെ ആരുമില്ല. അവൻ ചിമ്മുവിനെ വഴക്ക് പറഞ്ഞു..

പിന്നീട് ഒരക്ഷരം പോലും പറയാതെ മുഴുവനും കഴിച്ചു തീർത്തു. അതിനുശേഷം ചായ കുടിച്ചപ്പോഴാണ് പെണ്ണ് ഞെട്ടിപ്പോയത്. വളരെ രുചികരമായ ചായ..ഒരു ഇറക്കു ഇറക്കിയ ശേഷം അവൾ വിടർന്ന മിഴികളോടെ അർജുനെ നോക്കി..

അടിപൊളി… അർജുനേട്ടന് കുക്കിംഗ് ഒക്കെ നല്ല വശം ഉണ്ടല്ലേ…ചോദിക്കാതിരിക്കാൻ ആയില്ല പെണ്ണിന്…

അവൻ പക്ഷേ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ല എന്ന മട്ടിൽ ഭക്ഷണം കഴിച്ച് എഴുന്നേറ്റു കൈകഴുവാനായി പോയി.

ഇതെങ്ങനെ മുന്നോട്ടു പോകും… അതും ഒരു വീട്ടിൽ ഇങ്ങനെ കഴിയുമ്പോൾ. എന്റെ ഗുരുവായൂരപ്പാ ഒരു പോംവഴി കാണിച്ചു തരണേ..

അർജുന്  കേൾക്കാൻ പാകത്തിന് ഉറക്കെയാണ് ചിമ്മു പറഞ്ഞത്..

ചിമ്മു ന്റെ അമ്മയും അച്ഛനും ഫോൺ വിളിച്ചപ്പോൾ അവൾ അവരോട് വീഡിയോ കോളിൽ സംസാരിക്കുന്നത് കണ്ടുകൊണ്ട് അർജുൻ റെഡിയായി ഇറങ്ങിവന്നു.

പോകാം..അവൻ ചോദിച്ചതും ചിമ്മു ഫോൺ കട്ട് ചെയ്തിട്ട്  അവനെ നോക്കി.

അതും ഇത്തിരി ദേഷ്യത്തിൽ തന്നെയാണ് അവളുടെ നോട്ടം.

അതെയ്.. ഞാന് ആളുകളോടൊക്കെ ഇത്തിരി സംസാരിക്കുന്ന കൂട്ടത്തിലാണ്. എനിക്കിങ്ങനെ മിണ്ടാതിരിക്കുന്നതൊക്കെ ബുദ്ധിമുട്ടുമുണ്ട്. അർജുനേട്ടൻ ഇങ്ങനെ തുടങ്ങിയാൽ എനിക്ക് മുന്നോട്ടു പോകാൻ പാടാണ് കെട്ടോ.

ആറുമാസം കഴിയട്ടെ എന്നിട്ട് ഡിവോസിനുള്ള കാര്യങ്ങൾ നോക്കാം.
അവൻ പറഞ്ഞതും ചിന്മയി ഞെട്ടിത്തരിച്ചു നിന്നു.

നീ വരുന്നുണ്ടോ അതോ ഇവിടെ ഇങ്ങനെ നിൽക്കുവാണോ…അർജുൻ നോക്കിയപ്പോൾ അവളുടെ മിഴികൾ ഒക്കെ നിറഞ്ഞ് തൂകി വരുന്നുണ്ട്. ഇപ്പൊ കരയുന്ന മട്ടിലാണ് അവളുടെ നിൽപ്പ്. അർജുൻ വെളിയിലേക്ക് ഇറങ്ങി പോയിട്ട് വണ്ടിയിലേക്ക് കയറി.

നീ വരുന്നുണ്ടോ എന്ന് അവൻ വീണ്ടും ഉച്ചത്തിൽ ചോദിച്ചു. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് വാതിൽ അടച്ചു കുറ്റിയിട്ട് ചിമ്മു കാറിലേക്ക് പോയി കയറി.

അർജുൻ വണ്ടി സ്റ്റാർട്ട് ചെയ്തു. പതിയെ അവനൊന്ന് ഇടത്തേക്ക് മുഖം തിരിച്ചപ്പോൾ അവളുടെ കവിളിലൂടെ കണ്ണീർ ചാലുകൾ തീർത്തു ഒഴുകി ഇറങ്ങുകയാണ്.

നീ ഇപ്പോ ഇവിടെ ഇരുന്നു മോങ്ങാന് എന്തെങ്കിലും സംഭവിച്ചോടി…
അർജുൻ വീണ്ടും ചോദിച്ചു..

അർജുനേട്ടന് എന്തുകൊണ്ടാണ് എന്നെ ഇഷ്ടമില്ലാത്തത്.. എനിക്ക് സൗന്ദര്യവും പഠിപ്പും കുറവായതുകൊണ്ടാണോ. അതോ ഏട്ടന്റെ സങ്കല്പത്തിലുള്ള ഒരു പെൺകുട്ടി അല്ലായിരുന്നോ ഞാൻ..

അവൾ ചുണ്ടനക്കി.

ചിമ്മു പറയുന്നത് അർജുൻ കേട്ടു..

നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഉറക്കെ പറഞ്ഞോണം..കേൾക്കാത്ത മട്ടിൽ അവൻ പ്രതികരിച്ചു.

ആറുമാസം അർജുനേട്ടനോടൊപ്പം നിൽക്കാൻ എനിക്ക് സമ്മതമാണ്. അത് കഴിഞ്ഞാൽ നമുക്ക് പിരിയാം.. നമ്മൾ രണ്ടാളും ഭാര്യാഭർത്താക്കന്മാരാണെന്ന് കോളേജിലും ആരോടും പറയണ്ട. അപ്പൊ പിന്നെ പ്രശ്നമില്ലല്ലോ…അവൾ പറഞ്ഞു നിറുത്തി

തുടരും…..

Guys… കൊള്ളാമോ