രുദ്രാക്ഷം – ഭാഗം 58, എഴുത്ത്: വർണ്ണങ്ങൾ ആമി

അർജുനാണെങ്കിൽ പാഴ്സൽ വാങ്ങിയ ഭക്ഷണംമൊക്കെ എടുത്ത്  മേശപ്പുറത്തു വെച്ചു. ചിന്മയി ചെന്നിട്ട് ഒന്ന് രണ്ട് പ്ലേറ്റും ഗ്ലാസും വെള്ളവും ഒക്കെയായിട്ട് വന്നപ്പോൾ അവൻ എല്ലാം പൊട്ടിച്ചു വെച്ച്.

തീർത്തും നിശബ്ദമായിട്ട് ഇരുന്നാണ് അർജുൻ ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഇന്നലെ വരെ അച്ഛനും അമ്മയും ഒക്കെ ഇരുന്നപ്പോൾ ചിമ്മു ശരിക്കും സന്തോഷത്തിലായിരുന്നു കഴിച്ചത്. ഇന്നിപ്പോ ശ്മശാന മൂകതയാണെന്ന് അവൾക്ക് തോന്നി പോയി..

പാത്രത്തിലേക്ക് തന്നെ കണ്ണുനട്ടിരുന്നു അവൾ കഴിച്ച് എഴുന്നേറ്റു.

ടി…. ഇമ്മാതിരി വേഷം ധരിച്ചുകൊണ്ട് കാലത്തെ വെളിയിലേക്ക് ഇറങ്ങി പോയേക്കരുത്. അടുത്തൊക്കെ ആളുകൾ ഉള്ളതാണ്. കൈ കഴുകി വന്നശേഷം ഗൗരവത്തിൽ അർജുൻ പറയുകയാണ്. വെറുതെ ഒന്ന് തല കുലുക്കി കൊണ്ട് ചിമ്മു അടുക്കളയിലേക്ക് പോയി.

പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വെച്ച ശേഷം അവൾ ബെഡ്റൂമിലേക്ക് വന്നപ്പോൾ അർജുൻ ബാഗ് തുറന്നു ഒരു ഷീറ്റ് ഒക്കെ എടുക്കുന്നുണ്ട്. പില്ലോസും ബെഡ് ഷീറ്റും ഓക്കെ നീറ്റായി വിരിച്ച ശേഷം അർജുൻ വീണ്ടും വന്നിട്ട് ഒരു ബുക്ക് എടുത്ത് കസേരയിൽ പോയിരുന്നു..

ചിമ്മു വന്നു നോക്കിയപ്പോൾ അർജുൻ പുസ്തകവും വായിച്ച് കസേരയിൽ ചാഞ്ഞിരുന്നു മയങ്ങുന്നതാണ് കണ്ടത്.

അർജുനേട്ട…അവൾ മുഖംതാഴ്ത്തി അവന്റെ അടുത്തേക്ക് കുനിഞ്ഞ് പതിയെ വിളിച്ചു. പക്ഷേ അർജുനതൊന്നും അറിഞ്ഞിരുന്നില്ല.

അവൾ അവന്റെ തോളിൽ പതിയെ ഒന്ന് തട്ടി. അപ്പോഴേക്കും അർജുൻ ചാടി എഴുന്നേറ്റതും ചിമ്മു വിന്റെ നെറ്റിയിലേക്ക് പോയി ശക്തമായി അവന്റെ നെറ്റിയിടിച്ചു.

എന്താടി നിനക്ക് എന്ന്….ചോദിച്ചു കൊണ്ട് അവൻ അലറി…

സോറി.. ഞാൻ, അർജുനേട്ടൻ ഇരുന്നുറങ്ങുന്നത് കണ്ടപ്പോൾ…

അവളെ ഒന്ന് ദേഷ്യത്തിൽ നോക്കിയ ശേഷം അർജുൻ ബുക്ക് മടക്കി വെച്ചിട്ട് കട്ടിലിലേക്ക് കയറി കിടന്നു.

ലൈറ്റ് ഓഫ് ചെയ്യട്ടെ…ചിമ്മു അവനോട് ചോദിച്ചു..

അവൻ ഒന്ന് ഇരുത്തിയപ്പോൾ അവൾ ലൈറ്റ് ഓഫ് ചെയ്തിട്ട് അർജുന്റെ അരികിലായി വന്നു കിടന്നു. വീട്ടിലേക്ക് കിടയ്ക്കക്കു ആണെങ്കിൽ ഇത്തിരികൂടി സ്പേസ് ഉണ്ടായിരുന്നു.. ഇത് ചെറിയൊരു കട്ടിൽ ആയിരുന്നു അതുകൊണ്ട് ചിൻമയി അർജുനോട് ചേർന്ന് കിടന്നു.

എങ്കിലും അവന്റെ ശരീരത്തിൽ ഒന്ന് തട്ടുക പോലും ചെയ്യാതെ വളരെ സൂക്ഷിച്ചാണ് പെണ്ണിന്റെ കിടപ്പ്.

അർജുന്റെ ഏറിവരുന്ന നിശ്വാസം കേട്ടതും അവൻ നല്ല ഉറക്കത്തിലായി എന്ന് ചിമ്മു വിനു മനസ്സിലായി.

പതിയെ മുഖമുയർത്തി നോക്കിയപ്പോൾ കണ്ണുകൾ അടച്ചു കിടക്കുന്ന അർജുനെയാണ് ചിമ്മു കണ്ടത്.

ഓഹ്…. ഇങ്ങനെ ഒരു ദേഷ്യക്കാരൻ.. ഇതിനെ ഞാൻ എങ്ങനെ വെച്ചുകൊണ്ടിരിക്കും. പിറുപിറുത്തു കൊണ്ട് അവളും കണ്ണുകൾ അടച്ചു.

**************

പിറ്റേദിവസം അർജുൻ ഉണർന്നപ്പോൾ ചിന്മയി അവന്റെ അടുത്ത് ഇല്ലായിരുന്നു. കാലത്തെ ഇവൾ എണീറ്റോ എന്നോർത്ത് അവൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.

ചിന്മയി അടുക്കളയിൽ കട്ടൻ ചായ ഉണ്ടാക്കുകയായിരുന്നു..

തലേദിവസം ഇട്ടിരുന്ന ബനിയൻ ആണ്, പക്ഷേ ഷോട്ട്സ് മാറ്റിയിട്ട് ഒരു സ്കേർട്ട് ആണ് അവൾ ഇപ്പോൾ ഇട്ടിരിക്കുന്നത്.

അർജുൻ ഇത്തിരി നേരം ഒന്ന് നോക്കിയ ശേഷം ഫ്രഷ് ആവാനായി വീണ്ടും മുറിയിലേക്ക് പോയി.

ആ സമയത്ത് ആയിരുന്നു അടുത്ത വീട്ടിലെ സിന്ധുചേച്ചി വരുന്നത്…
തലേദിവസം അവരെ പരിചയപ്പെട്ടതുകൊണ്ട് ചിന്മയി അവർ വരുന്നത് കണ്ടതും ചിരിച്ചുകൊണ്ട് ഇറങ്ങിച്ചെന്നു. അവരുടെ കയ്യിൽ അരലിറ്റർ പാലും ഉണ്ടായിരുന്നു..

മോളെ… കുറച്ചു മാറിയുള്ള ഒരു വീട്ടിൽ നല്ല നാടൻ പാല് കൊടുക്കുന്നുണ്ട്. ഇത് ഉപയോഗിച്ചു നോക്കുകേട്ടോ. കൊഴുപ്പിത്തിരി കൂടിയ ഇനം പശുവാണ്. നിങ്ങൾക്ക് പറ്റുമെങ്കിൽ അവരോട് എന്നും അര ലിറ്റർ പാൽ വെച്ച് തരാൻ പറയാം.

ഞാൻ അർജുനേട്ടനോട് ചോദിക്കട്ടെ ചേച്ചി എന്ന് അവൾ മറുപടി കൊടുത്തു..

ഇത്തിരി നേരം ആ ചേച്ചിയോട് സംസാരിച്ചു നിന്നു. അർജുൻ വിളിച്ചതും പിന്നെ കാണാം എന്ന് പറഞ്ഞ് അവൾ അകത്തേക്ക് കയറിപ്പോയി.

ആരോടും അധികം ചങ്ങാത്തത്തിനൊന്നും പോകണ്ട. എങ്ങനെയുള്ള ആളുകളാണെന്ന് അറിയില്ല … കേട്ടല്ലോ. ചിമ്മു വന്നതും അവൻ ഗൗരവത്തിൽ പറഞ്ഞു..

ആ ചേച്ചി ആൾ ഒരു പാവമാണ്.. നമുക്ക് പാലുമായിട്ട് വന്നതാ.

അവരെന്തിനാണ് വന്നതെന്ന് ഞാൻ നിന്നോട് ചോദിച്ചോ. അർജുൻ ചിൻമയിയുടെ അടുത്തേക്ക് വന്നു..

പെട്ടെന്ന് അവൾ പേടിയോടെ പിറകിലേക്ക് മാറി.

ഞാൻ പറയുന്നത് നിനക്ക് അനുസരിച്ച് കൂടന്നുണ്ടോ. അവൻ ചോദിച്ചതും അവളും അർജുന്റെ  മുഖത്തേക്ക് നോക്കി..

അർജുൻഏട്ടൻ പറയുന്നത് ഞാൻ അനുസരിക്കുന്നുണ്ട്.. തിരിച്ചു ഞാൻ പറയുന്നത് എന്തെങ്കിലും ഒന്ന് കേൾക്കാനുള്ള മനസ്സ് പോലും അർജുനേട്ടnu ഇല്ലല്ലോ. ഒരു പാലമിട്ടാൽ അതിന്റെ ഇരുവശത്തേക്കും പോകണം. മുഖം വീർപ്പിച്ച് ഒരു വശത്തേക്ക് ചരിച്ചു പിടിച്ചു കൊണ്ടാണ് അവളുടെ പറച്ചിൽ.

എന്തോ കരിയുന്ന മണം വന്നതും ചിമ്മു അടുക്കളയിലേക്ക് പോയി. പാല് തിളപ്പിക്കാൻ വെച്ചത് കരിഞ്ഞ് അടിക്ക് പിടിച്ചിട്ടുണ്ടായിരുന്നു. അവൾ ഓടുന്നത് കണ്ടതും പിന്നാലെ അർജുനും പാഞ്ഞു വന്നു.

പാല് തിളപ്പിച്ച പാത്രം എടുത്ത്  സിങ്കിലേയ്ക്കു ഇട്ടിട്ട് അവൾ ടാപ്പ് തുറന്നു.

നിനക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലേടി എന്ന് ചോദിച്ചു അർജുൻ അവളെ വഴക്കും പറഞ്ഞു.

സോറി…ച്ചിമ്മു പതിയെ ചുണ്ടനക്കി.

തുടരും….