രണ്ട് വയസുകാരി മകൾക്ക് സംഭവിച്ച ദാരുണമായ അന്ത്യത്തെ തുടർന്ന് അമ്മ അറസ്റ്റിൽ…അതിന് പിന്നിൽ ആൺ സുഹൃത്തിന്റെ സാന്നിധ്യം ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു..
മാധ്യമങ്ങളിൽ ആ വാർത്ത നിറഞ്ഞു നിന്നു..
“എങ്ങിനെ കഴിഞ്ഞെടി നിനക്ക് ആ കുഞ്ഞിനോട് ഇങ്ങനെ ചെയ്യാൻ. വേണ്ടെങ്കിൽ എന്നെ ഏൽപ്പിച്ചിട്ട് പൊയ്ക്കൂടായിരുന്നോ..ഞാൻ വളർത്തുമായിരുന്നല്ലോ…”
തെളിവെടുപ്പിനായി കൊണ്ടുവന്ന സിതാരയുടെ നേരെ അവളുടെ അമ്മ കൈ ഉയർത്തി..
അതുവരെ മോളേ എന്ന് മാത്രമേ വിളിച്ചിരുന്ന അയൽക്കാരി ജലജ ചേച്ചി അവളെ രൂക്ഷമായി നോക്കി..
“ദയവ് ചെയ്തു നിങ്ങൾ മാറി നിൽക്കണം. പ്രതിയെ ഉപദ്രവിക്കരുത്..” വനിതാ പോലീസ് ഇടപെട്ടു..
വീടിന്റെ തിണ്ണയിലിരുന്ന് പൊട്ടി കരയുകയായിരുന്നു സിതാരയുടെ ഭർത്താവ് വിജീഷ്..അവന്റെ കൂട്ടുകാരൊക്കെ അവളെ പകയോടെ നോക്കി അടുത്ത് തന്നെ നിൽപ്പുണ്ട്..
തെളിവെടുപ്പിനായി കൊണ്ട് വന്നെങ്കിലും ചോദ്യം ചെയ്യലിലൊന്നും സഹകരിക്കാതെ, ഒരക്ഷരം മിണ്ടാതെ നിൽക്കയായിരുന്നു സിതാര..
ഇന്നലെ രാവിലെ വിജീഷിന്റെ നിലവിളിയും ബഹളവും കേട്ട് ആദ്യം ഓടിയെത്തിയത് ജലജ ചേച്ചിയും മകൻ അനൂപും ആയിരുന്നു..അവർ അകത്തേക്ക് വരുമ്പോൾ കാണുന്നത് സിതാരയോട് ദേഷ്യപ്പെടുന്ന വിജീഷിനെയാണ്..അനൂപ് വേഗം അവനെ പിടിച്ചു മാറ്റി..
“എന്താ വിജീഷേ ഇത്… എന്താ പ്രശ്നം..”
എന്നും സ്നേഹത്തോടെ മാത്രം കണ്ടിരുന്ന അവരെ അങ്ങനെ കണ്ടപ്പോ ജലജക്കും വല്ലതെ തോന്നി..
“അനൂപേ.. രാവിലെ മോള് ഉണർന്ന് കരഞ്ഞപ്പോൾ ഉറങ്ങാൻ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു ഇവൾ ദേഷ്യപ്പെട്ടു..ഞാനത് കാര്യമാക്കിയില്ലെടാ..ഇവൾക്ക് ശല്യമാകാതെ മോളെ ഉറക്കി കിടത്തിയിട്ടാ ഞാൻ പോയത്..
ആ സമയത്ത് ഇവളും ഉറങ്ങുകയായിരുന്നു..പക്ഷെ ഞാൻ ജിമ്മിൽ പോയിട്ട് വന്നപ്പോ എന്റെ മോള്..ബാത്റൂമിൽ…എല്ലാം കഴിഞ്ഞിട്ട് ഇവള് കിടന്ന് ഉറങ്ങുന്നു..” അവൻ പൊട്ടിക്കരഞ്ഞു..
അനൂപ് ഞെട്ടലോടെ കട്ടിലിലേക്ക് നോക്കി..അനക്കമില്ലാതെ കിടക്കുന്ന കുഞ്ഞ്..ശരീരമാകെ നനഞ്ഞിട്ടുണ്ട്..അനൂപ് ഓടി പോയി കുഞ്ഞിനെ എടുത്തു..
“വിജീഷേ.. വാ.. മോളേ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം..”
അനൂപ് മോളെയും എടുത്ത് പുറത്തേക്ക് ഓടിയപ്പോൾ വിജീഷും പുറകെ പോയി..ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും കുഞ്ഞ് നമ്മെ വിട്ടു പോയിട്ട് ഒത്തിരി സമയം കഴിഞ്ഞിരുന്നു..
പോലീസ് എങ്ങനെയൊക്കെ ചോദിച്ചിട്ടും സിതാര ഒരു മറുപടിയും പറഞ്ഞില്ല..വീട്ടിലും നാട്ടിലും സിതാരക്ക് നേരെ പ്രതിഷേധങ്ങൾ ഉയർന്നു..
സോഷ്യൽ മീഡിയ സിതാരയെ രൂക്ഷമായി വിമർശിക്കുന്ന രീതിയിലാണ് പ്രതിഷേധിച്ചത്..
കുഞ്ഞിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ സിതാര ലോക്കപ്പിൽ ആയിരുന്നു..
“നിനക്ക് നിന്റെ കുഞ്ഞിനെ കാണാൻ തോന്നുന്നുണ്ടോ..” എസ് ഐ മേരി വർഗീസ് അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു..
“ഇല്ല..” കാറ്റുപോലെ അവൾ മറുപടി പറഞ്ഞു..
“നീയൊക്കെ ഒരു പെണ്ണാണോടി..മറ്റൊരാളുടെ കൂടെ പോയി സന്തോഷിക്കാനാടി നീ ആ പൊടി കൊച്ചിനെ ഇങ്ങനെ ചെയ്തത്..”
സിതാര ഒന്നും മിണ്ടാതെ തറയിലേക്ക് നോക്കി ഇരുന്നു..
എസ് ഐ അവളെ ശകാരിച്ചതും അവൾ മറിഞ്ഞു വീണു..
“കോടതിയിൽ ഹാജരാക്കുമ്പോൾ നിന്റെ ശരീരത്തിൽ പാടുകളോ മുറിവുകളൊ ഒന്നും പാടില്ല.. ഇല്ലെങ്കിൽ നിന്നെ ഇവിടെ ഇട്ട് ഞാൻ ചവുട്ടി കൂട്ടിയേനെ..”
അവർ ദേഷ്യത്തോടെ പുറത്തേക്ക് പോകുമ്പോൾ സിതാര അങ്ങനെ തന്നെ കിടന്നു..
പിറ്റേ ദിവസം രാവിലെ തന്നെ സിതാരയെ കോടതിയിലേക്ക് കൊണ്ടു പോയി..കോടതിയിലേക്ക് എത്തും മുന്നേ അവൾ കുഴഞ്ഞു വീണു…പോലീസ് അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി..
“എന്ത് പറ്റിയതാ ഡോക്ടറെ അവൾക്ക്.. രണ്ട് ദിവസമായി ആഹാരമൊന്നും കഴിക്കുന്നില്ല..അതുകൊണ്ടാണോ..” എസ് ഐ ഡോക്ടറോട് ചോദിച്ചു..
“അതും ഒരു പ്രശ്നമാണ്..പക്ഷെ പ്രധാന പ്രശ്നം അതല്ല.. ആ കുട്ടി ഗർഭിണിയാണ്..”
“എത്രയോ പേര് കുഞ്ഞുങ്ങൾക്കായി നേർച്ചയും വഴിപാടുമൊക്കെയായി കാത്തിരിക്കുന്നു. ഈശ്വരൻ ഇവളെ പോലുള്ളവർക്ക് വീണ്ടും വീണ്ടും കൊടുക്കുന്നുണ്ടല്ലോ..” എസ് ഐ മുഷ്ടി ചുരുട്ടി പിടിച്ച് ദേഷ്യം കൺട്രോൾ ചെയ്തു.
“അവൾക് ബോധം വന്നല്ലോ.. ഇനി അവളെ കൊണ്ടു പോകാലോ ഡോക്ടർ..”
“ഇപ്പൊ പറ്റില്ല മാഡം.. ആ കുട്ടിയൊരു കുറ്റവാളി ആയിരിക്കാം.. പക്ഷെ ഇവിടെ അതൊരു രോഗിയാണ്..ട്രീറ്റ്മെന്റ് കൊടുക്കാതെ പറഞ്ഞയക്കാൻ പറ്റില്ല..ട്രിപ്പ് ഇടാം.. വൈകുന്നേരത്തോടെ കൊണ്ടുപോകാം.” വേറെ വഴി ഇല്ലാത്തതുകൊണ്ട് എസ് ഐ സമ്മതിച്ചു.
എന്നാൽ ഉച്ച കഴിഞ്ഞതും പോലീസുകാരുടെയെല്ലാം കണ്ണ് വെട്ടിച്ച് സിതാര രക്ഷപ്പെട്ടു..
പോലീസ് നാലുപാടും തിരച്ചിൽ ആരംഭിച്ചു..നാട്ടുകാർ അവരുടെ രീതിക്കും അന്വേഷണം തുടങ്ങി..മാധ്യമങ്ങൾ കിട്ടിയ വാർത്തയുടെ പ്രാധാന്യം ഒട്ടും കുറയാതെ ആഘോഷിച്ചു..
രാത്രി ഏഴു മണിയോടെ സോഷ്യൽ മീഡിയയിൽ സിതാരയുടെ മകളുടെ പേരിലൊരു അക്കൗണ്ട് ക്രീയേറ്റ് ചെയ്യപ്പെട്ടു..അതിൽ നിന്നും ഇരുപത് മിനിട്ടുള്ളൊരു വീഡിയോ പോലീസിന്റെ സൈറ്റിൽ പോസ്റ്റ് ചെയ്തു..
ആ പോസ്റ്റിൽ സിതാരയുടെ മുഖം തെളിഞ്ഞു..
“എല്ലാവർക്കും നമസ്കാരം.എന്നെ പരിചയപ്പെടുത്താതെ തന്നെ നിങ്ങൾക്ക് അറിയുമല്ലോ..ഞാനിപ്പോ ഒളിവിൽ ആണ്…ഇപ്പൊ ഞാൻ നിങ്ങൾക്ക് മുന്നിൽ വന്നത് രണ്ട് വീഡിയോ കാണിക്കാൻ ആണ്..
സിതാരയുടെ മുഖം മാറി സ്ക്രീനിലൊരു വീഡിയോ വന്നു..
വിജീഷും അവന്റെ കൂടെ ജോലി ചെയ്യുന്ന കാവ്യയുമായിരുന്നു..കാവ്യയുടെ ബെഡ്റൂമായിരുന്നു സ്ഥലം..
“എന്താ വിജീഷ് നിന്റെ തീരുമാനം.. എന്നും ഇങ്ങനെ പോകാനാണോ..എത്രയും പെട്ടെന്ന് സിതാരയെ ഒഴിവാക്കണം..”
“എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ കാവ്യാ… അവളെ എങ്ങനെ ഒഴിവാക്കണം എന്നാ ഞാനും ആലോചിക്കുന്നത്..”
“അതിനൊരു വഴി ഞാൻ പറഞ്ഞു തരാം..”
“എന്ത് വഴി..” അവൻ പ്രതീക്ഷയോടെ അവളെ നോക്കി..
“നിന്റെ കുഞ്ഞിനെ നീയങ്ങ് ഇല്ലാതാക്കണം..എന്നിട്ട് അത് അവളുടെ തലയിൽ വെച്ചു കൊടുക്കണം..”
“കുഞ്ഞിനെ ഇല്ലാതാക്കണോ.. നീ എന്താ കാവ്യാ പറയുന്നത്..” അമ്പരപ്പോടെ അവൻ അവളെ നോക്കി..
“പിന്നെ അതിനെയും കൊണ്ടാണോ നീ എന്നോടൊപ്പം ജീവിക്കാൻ വരുന്നത്..നിനക്ക് വേണ്ടിയാണു വിജീഷ് ഞാനിതുവരെ ഒരു കുഞ്ഞിന്റെ അമ്മയാകാത്തതും പ്രശ്നം എന്റെ ഭർത്താവിനാണെന്ന് വരുത്തി തീർത്തതും..അയാൾ അത് വിശ്വസിക്കുന്നത് കൊണ്ട് തന്നെ എനിക്ക് ഡിവോഴ്സ് കിട്ടും. നീ നിന്റെ ഭാര്യയെയും കുഞ്ഞിനേയും ഒഴിവാക്കിയാൽ നമുക്ക് ഒരുമിച്ചു ജീവിക്കാം..അതല്ല.. എന്നെക്കാളും നിനക്ക് അവരാണ് വലുതെങ്കിൽ എന്ത് വേണമെങ്കിലും ആയിക്കോ..” അവൾ ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു..
“ഹാ.. പിണങ്ങാതെ മോളേ..നീ തന്നെയാ എനിക്ക് വലുത്.. നീ പറയുന്നത് പോലെ ഞാൻ അനുസരിച്ചോളാം..”
അവളെ തിരിച്ചു കിടത്തി അവൻ അവളിലേക്ക് ചേർന്നു..
സ്ക്രീനിൽ സിതാരയും കൂടെ ഒരു ചെറുപ്പക്കാരനും പ്രത്യക്ഷപ്പെട്ടു..
“എന്റെ പേര് അഖിൽ…കാവ്യാ എന്റെ ഭാര്യയാണ്..വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്..കഴിഞ്ഞ കുറച്ചുനാളായി അവളിൽ എന്തൊക്കെയോ വ്യത്യാസങ്ങൾ ഞാൻ കാണുന്നുണ്ടായിരുന്നു..എന്നിൽ നിന്നും എന്തൊക്കെയോ ഒളിക്കുന്നപോലെ..അതെന്റെ സംശയം മാത്രമാണോ എന്നറിയാനാണ് അവളെറിയാതെ ബെഡ്റൂമിൽ ഞാൻ ക്യാമറ വെച്ചത്..അതിന്റെ ഫലമാണ് നിങ്ങൾ ഇപ്പൊ കണ്ട വീഡിയോ..സിതാരയെ ഹോസ്പിറ്റലിൽ നിന്ന് കടത്തിയതും ഞാനാണ്..” ആ ചെറുപ്പക്കാരൻ പറഞ്ഞു..
“ഇനി നിങ്ങൾക്ക് മറ്റൊരു വീഡിയോ കാണാം..”
സിതാരയാണ് അത് പറഞ്ഞത്..അടുത്ത് വീഡിയോ വന്നു..
ഒരു മുറിയിൽ രണ്ട് കസേരയിൽ കൈയ്യും കാലും കെട്ടിയിട്ട വിജീഷും കാവ്യയും..അവരുടെ മുന്നിലേക്ക് അഖിലും സിതാരയും വന്നു നിന്നു..അവരുടെ രണ്ടുപേരുടെയും കൈയ്യിൽ നീളമുള്ള വാളുണ്ടായിരുന്നു..
വിജീഷും കാവ്യയും പേടിയോടെ അവരെ നോക്കി എന്തോ പറയാൻ വന്നതും സിതാര വിജീഷിനെയും അഖിൽ കാവ്യയെയും ആക്രമിച്ചു..
അവരുടെ നിലവിളി വീഡിയോയിലൂടെ ഉയർന്നു കേട്ടു..പതിയെ പതിയെ അത് നിലച്ചു..
സ്ക്രീനിൽ വീണ്ടും സിതാരയുടെയും അഖിലിന്റെയും മുഖം തെളിഞ്ഞു..
സിതാര :- ഈ ശിക്ഷ നടപ്പാക്കേണ്ടത് ഞങ്ങളാണ്..
അഖിൽ :- അത് ഞങ്ങൾ നടപ്പിലാക്കി..
വീഡിയോ പൂർത്തിയായി..
പോലീസും നാട്ടുകാരും മാധ്യമങ്ങളും ആ വാർത്ത ഏറ്റെടുക്കുമ്പോൾ അഖിലും സിതാരയും എസ് ഐ മേരി വർഗീസിന് മുൻപിൽ കീഴടങ്ങിയിരുന്നു..
