തുണി വിരിക്കുകയാണ് റിയ. ഗായത്രി മതിലിനരികിൽ വന്നു
“മോളെ ഡിസ്ചാർജ് ചെയ്തു “
റിയ പുഞ്ചിരിയോടെ നിന്നു
“എവിടെ എന്നിട്ട്?”
“നല്ല ഉറക്കം “
“നല്ല ഭേദം ഉണ്ടോ? എപ്പോഴാ വന്നത്?”
“രാവിലെ വന്നു. മോള് ഓഫീസിൽ പോയിരുന്ന സമയത്തു വന്നു. വന്ന ഉടനെ ചേച്ചിയേ വിളിക്ക് എന്നൊക്കെ മോള് എന്നോട് പറഞ്ഞു. ഞാൻ നോക്കിയപ്പോ ഇല്ല”
“ഞാൻ അങ്ങോട്ട് വന്നാൽ സാറിന് ഇഷ്ടം ആവില്ല അതാണ് വരാത്തത് “
അവർ എന്ത് പറയണമെന്ന് അറിയാതെ നിന്നു
“ചിന്നു മോള് കുഞ്ഞല്ലേ.. അതിനൊന്നും അറിയില്ല. അതിന്റെ അപ്പ കീ കൊടുക്കുമ്പോൾ തിരിയുന്ന പാവ പോലെയാ കുഞ്ഞ്.. അതിന് മോളെ വലിയ ഇഷ്ടം ആണ്. ആ ജനലിൽ പിടിച്ചോണ്ട് നോക്കി നിൽക്കും ചിലപ്പോൾ. അമ്മയില്ല കൂടപ്പിറപ്പുകൾ ഇല്ല.. ഈ വയസ്സി ഇനി എത്ര നാൾ.. സിദ്ധു ഒരു മോശം മനുഷ്യൻ അല്ല..അവന്റെ ജീവിതം അങ്ങനെ ആയിപോയി.. അവൻ ഇല്ലാത്തപ്പോ വരാല്ലോ.. ഇത് മോളുടെ വീടല്ലേ “
അവൾ മിണ്ടാതെ നിന്നു. അവർ അവിടെ നിന്ന് പോകുമെന്ന് പറഞ്ഞത് അവൾ ഓർത്തു. തന്നെ ഇനി അവിടെ കണ്ടാൽ അവൻ മോളെയും കൊണ്ടു പോകും. ഇതാവുമ്പോൾ ഇപ്പുറം നിന്ന് കാണാം
വെറുതെ, സിദ്ധുവിനോടുള്ള ഇഷ്ടം..
അത് അവൾ മറക്കാൻ ശ്രമിച്ചു
ചിന്നു കണ്ണ് തുറന്നപ്പോൾ റിയ
കുഞ്ഞ് അവളുടെ ദേഹത്തേക്ക് ചാടി വീണു കഴുത്തിൽ കൈ ചുറ്റി
“പൊന്നൂസ് ” റിയ സങ്കടത്തിൽ വിളിച്ചു
പിന്നെ കുഞ്ഞിനെ മാറോട് ചേർത്ത് ഇരുന്നു. കയ്യിൽ കൊണ്ടു വന്ന കേക്കും മുട്ടായിയും കൊടുത്തു. മോള് അതെല്ലാം തിന്നു. ഇടയ്ക്ക് അവളുടെ വായിൽ വെച്ചു കൊടുത്തു
“എന്നും വരണേ “
“നിന്റെ അപ്പൻ എന്നേ കൊല്ലും.”
ചിന്നു കൈ കൊട്ടി പൊട്ടിച്ചിരിച്ചു
അവൾ വേദന ഉള്ളത് തൊട്ട് കാണിച്ചു
കുറച്ചു ബാം എടുത്തു തടവി കൊടുത്തു ചിന്നു. മുറിവിൽ മരുന്ന് പുരട്ടി. കഴിക്കാൻ ഉള്ള മരുന്ന് കൊടുത്തു. പിന്നെ കുറെ കഥ പറഞ്ഞു കൊടുത്തു. സമയം പോയത് അറിഞ്ഞില്ല
ഇനി നാളെ വരാം ട്ടോ
ചിന്നു തലയാട്ടി. കുഞ്ഞ് മുഖം വാടി
“നാളെ നിന്റെ അപ്പൻ പോയിട്ട് വരാം “
ചിന്നു ചിരിച്ചു കൊണ്ടു തലയാട്ടി. അവൾ പോരുന്നു
🌹🌹🌹
“സർ ഫ്ലാറ്റ് ഏകദേശം റെഡി ആണ് “
ഫെലിക്സ് വന്നു പറഞ്ഞു. സിദ്ധാർഥ് വെറുതെ മൂളി
“വൈകുന്നേരം ഫ്രീ ആണെങ്കിൽ ഒന്ന് പോയി നോക്കാം “
“ശരി ” അവൻ പറഞ്ഞു
ഫെലിക്സ് പോയി. അവൻ ഫോൺ എടുത്തു ഗായത്രിയേ വിളിച്ചു
“മോള്?”
“ഒരു പുസ്തകം വായിക്കുവാ “
“ക്ഷീണം വല്ലതും?”
“കുളിപ്പിചായിരുന്നു.. ദേഹത്ത് വേദന ഉണ്ട്. സോപ് തെയ്ക്കുമ്പ ഭയങ്കര കരച്ചിൽ. പിന്നെ വെള്ളം ഒഴിച് എടുത്തു “
അവൻ വേദനയോടെ കണ്ണുകൾ അടച്ചു
“എന്തെങ്കിലും വാങ്ങണോ അവൾക്ക്?”
“വയർ നിറച്ചു കേക്ക് കഴിച്ചു.. ഇനി ഉടനെ വേണ്ട “
“കേക്കോ”
ഗായത്രി നാക്ക് കടിച്ചു പോയി..എന്റെ ദൈവമേ
“അവള് വന്നോ “
“സഞ്ജു കുഞ്ഞിന് ഒരു സന്തോഷം ആണ് ആ കൊച്ചിനെ കാണുന്നത്. ഇന്ന് അത് വന്നിരുന്നു.. അത് ഉള്ള സമയം വേദന പറഞ്ഞേയില്ല. കഥ പറഞ്ഞു കൊടുത്തു ഭക്ഷണം കൊടുത്തു.. പിന്നെ ബാം ഇട്ട് തടവി കൊടുത്തു.. മിണ്ടാതെ ഇരുന്നോളും. കുഞ്ഞിന് വയ്യല്ലോ. അതിനെ വഴക്ക് പറയരുത്. അതിനാരുമില്ല കളിക്കാൻ.. ഒറ്റ അല്ലേ. റിയ ചിന്നുനെ പോലെ തന്നെ ആണ്. കുഞ്ഞിന്റെ കൂടെ കളിക്കും.. പാവം കുട്ടിയ.. അത് വന്ന് പൊയ്ക്കോട്ടെ. സ്കൂളിൽ പോയി തുടങ്ങുന്ന വരെ അല്ലേ ഉള്ളു?”
അവൻ ഒന്നും പറഞ്ഞില്ല
“മോൻ ഒന്ന് ക്ഷമിക്ക് “
അവൻ ഒന്ന് മൂളി. വൈകുന്നേരം ഫെലിക്സ്നൊപ്പം ഫ്ലാറ്റിൽ പോയി അവൻ
3bhk ആണ്..നല്ല മുറികൾ..മൂന്നാം നില. Furnished. നഗരം മുഴുവൻ കാണാം.
“റെന്റ് കുറച്ചു കിട്ടും. നമ്മുടെ പരിചയക്കാരനാ “
അവൻ മൂളി
ഫ്ലാറ്റിൽ നിന്ന് ഇറങ്ങുമ്പോൾ റിയ. കൂടെ രണ്ടു പെൺകുട്ടികൾ
“ഹായ് ഫെലിക്സ് സർ “
അവൾ സംസാരിക്കാൻ വന്നപ്പോൾ സിദ്ധാർഥ് കാറിൽ പോയിരുന്നു. അവൻ സ്റ്റിയറിങ്ങ് വീലിൽ താളം പിടിച്ചു
ഫെലിക്സ് വന്ന് കയറിയപ്പോൾ അവൻ നോക്കി
“റിയയോട് ഞാൻ പറഞ്ഞു. പ്രശ്നം ഇല്ലല്ലോ “
“ഇല്ല “
“എന്നെത്തേക്ക് മാറാം എന്ന് പറയണേ “
അവൻ മൂളി
“റിയയുടെ ഫ്രണ്ട്സ് താമസിക്കുന്ന ഫ്ലാറ്റിന്റെ ഓപ്പോസിറ്റ് ആണ് നമ്മൾ മേടിക്കാൻ നോക്കുന്ന ഫ്ലാറ്റ്. ചുരുക്കി പറഞ്ഞാൽ സാറിന് റിയയിൽ നിന്ന് രക്ഷ ഇല്ലാ “
സിദ്ധാർഥ് കാറ് സ്റ്റാർട്ട് ചെയ്തു
തുടരും…..
