കുറച്ച് കഴിഞ്ഞപ്പോൾ അവർ മനോഹരമായ നിദ്രയിൽ അമർന്നു കഴിഞ്ഞിരുന്നു.  അപ്പോഴും ആരും…

Story written by Hazoo Riya

============

നല്ല മഴയുള്ള രാത്രി ജനലുകൾ തുറന്നിട്ട്  ഭാര്യയും ഭർത്താവും  കിടക്കുകയാണ്.

”ചേട്ടാ…ആ ജനാലയടക്ക് എനിക്ക് പേടിയാ വല്ല പാമ്പോ മറ്റോ കേറി വന്നാലോ.. ” അവൾ പറഞ്ഞു.

”പിന്നെ…പാമ്പ് ജനാലേ കൂടി  കയറിവരികയല്ലെയിപ്പോ..? ഒന്നു പോടി പെണ്ണേ..ഈ മഴ ആസ്വദിക്കണമെങ്കിൽ ജനാല തുറന്നിടണം.”  അയാൾ പറഞ്ഞു.

“ഞാൻ ഫേസ് ബുക്കിൽ ഒരു വീഡിയോ കണ്ടല്ലോ ജനാലേകൂടി വലിയൊരു പാമ്പ് കേറുന്നത്..” അവൾ തന്റെ ഭാഗം ന്യായീകരിച്ചു.

“നിനക്ക് വട്ടാണ് ” എന്ന് പറഞ്ഞ് അയാൾ അവളെ കെട്ടിപിടിച്ച് കിടന്ന് ഇരുട്ടിലൂടെ പെയ്യ്ത് മാവിലകളിലൂടെ ഒലിച്ചിറങ്ങുന്ന മഴ  ആസ്വദിച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ അവർ മനോഹരമായ നിദ്രയിൽ അമർന്നു കഴിഞ്ഞിരുന്നു.  അപ്പോഴും ആരും ആസ്വദിക്കാനില്ലാതെ മാവുകൾക്കിടയിലൂടെയും കാട്ടുചെടികൾക്കിടയിലൂടെയും മഴക്കാഴ്ച അരങ്ങേറിക്കൊണ്ടിരുന്നു. നാഴികകൾ കടന്നു പോയി. പെട്ടെന്നയാൾ ചെവി പൊത്തി കൊണ്ട് ചാടിയെണീറ്റു.

“അയ്യോ എന്റെ ചെവിയേ…എടീ എണീക്കെടി എന്റെ ചെവിയിൽ എന്തോ കേറീ… ” അയാൾ അലറി

അവൾ ഉറക്കച്ചടവോടെ എണീറ്റു…എന്താ ചേട്ടാ എന്താ പറ്റിയത്..?

എടീ എന്റെ ചെവിയിൽ എന്തോ വലിയ പ്രാണി കേറി. ചെവിയിൽ ഭയങ്കര ശബ്ദവും വേദനയും…അയാൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതിനിടയിൽ പറഞ്ഞു.

അവൾ വേഗം എണീറ്റ് ജഗ്ഗിൽ നിന്ന് ഇത്തിരി വെള്ളമെടുത്ത് അയാളുടെ ചെവിൽ ഒഴിച്ചു. കൊറച്ച് നേരം വെള്ളം പിടിച്ചിട്ട് തല ചെരിച്ചു. വെള്ളം ഊർന്ന് പോയതല്ലാതെ പ്രാണിപോയില്ല.

“എടീ ഹോസ്പിറ്റലിൽ പോവാം “

അപ്പോഴാണ് അവൾ സമയം നോക്കിയത് മൂന്ന് മണി, അർദ്ധരാത്രി…അവൾ പറഞ്ഞു ചേട്ടാ ഒരു മിനിറ്റ്..അവൾ ഫോണെടുത്ത് യൂട്യൂബിൽ സർച്ച് ചെയ്യ്തു.

”ചെവിയിൽ പ്രാണി കയറിയാൽ…”

എന്നടിച്ചപ്പോഴേക്കും ഒരു പാട് വീഡിയോസ് വന്നു .

അതിലൊന്നവൾ play ചെയ്യ്തു…

അയാൾ ചെവിയും പൊത്തി അക്ഷമയോടെ നോക്കിയിരുന്നു.

യൂട്യൂബിലെ ചേച്ചി വളരെ മനോഹരമായി അവതരണം തുടങ്ങി ..

“ചെവിയിൽ പ്രാണി കേറിയാൽ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നാണ് ഞാൻ ഈ വീഡിയോയിലൂടെ കാണിക്കാൻ പോവുന്നത്. ഒരു പാട് പേര് എനിക്ക് requst തന്നിട്ടുണ്ടായിരുന്നു…ചേച്ചി ചെവിയിൽ പ്രാണി കേറിയാൽ എന്തു ചെയ്യണമെന്ന വീഡിയോ ചെയ്യാമോ എന്ന് ചോദിച്ച്..എന്തായാലും നമ്മുക്ക് വീഡിയോയിലേക്ക് പോവാം…” എന്റെ ചാനൽ subscrib ചെയ്യാത്തവരാ…”

അവൾ വീഡിയോ ഓടിച്ചിട്ട് വീണ്ടും Play  ചെയ്യ്തു.

അപ്പോൾ ചാനൽ ചേച്ചി…പറയുവാ..

“പ്രാണി ചെവിയിൽ കയറാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം…കാരണം നിവാരണം നന്ന് ചിത്സയേക്കാൾ എന്നാണല്ലോ…പറഞ്ഞു വന്നത് ചെവിയിൽ പ്രാണി കയറിയാൽ….”

അവൾ വീണ്ടും വീഡിയോ ഓടിച്ചിട്ട് play ചെയ്യ്തു. അപ്പോൾ ചേച്ചി പറയുവാ പ്രാണി കയറിയാൽ നിങ്ങൾ പേടിക്കേണ്ട ആവശ്യമൊന്നുമില്ല…ചെവിയിൽ ഒരു മൂളലും ചീറ്റലുമൊക്കെ സ്വാഭാവികമാണ്…”

മസ്തിഷ്ക്കത്തിൽ ഉറുമ്പ് കേറിയ ആന യെപ്പോലെ നിൽക്കുന്ന അയാൾക്ക് ദേഷ്യം ഇരച്ചു കയറി .

നിർത്തെടി…നിന്റെ ഫോണ്  ഞാൻ തല്ലി പൊട്ടിക്കും മനുഷ്യനിവിടെ ചാവാറാവുമ്പോഴാ..അവളുടെയൊരു യൂട്യൂബ് അയാൾ അലറി…അവൾ വീഡിയോ Pause  ചെയ്യ്തിട്ടു ഭർത്താവിനോട് പറഞ്ഞു…

”മനുഷ്യാ നിങ്ങളോട് ഞാൻ നൂറു തവണ പറഞ്ഞതാ ആ ജനാല അടച്ച് കെടക്കാൻ..എന്നിട്ടിപ്പോ എന്നോട് ചാടി കടിക്കാൻ വരണതെന്തിനാ “

അവൾ അരമണിക്കൂർ ദൈർഘ്യമുള്ള ആ വീഡിയോയുടെ ലാസ്റ്റ് ഭാഗം Play ചെയ്യ്തു..ചേച്ചി തുടർന്നു…

“നമ്മൾ എന്താ ചെയേണ്ടതെന്ന് വെച്ചാൽ പച്ച വെള്ളം എടുത്ത് ചെവിയിൽ ഒഴിച്ചിട്ട് ചെവിയിൽ വെള്ളം അല്പനേരം പിടിച്ച് നിർത്തീട്ട് തല ചെരിച്ച്…

അവൾ വീഡിയോ stop ചെയ്യ്ത് ഒരു വളിച്ച ചിരിയോടെ ഭർത്താവിനെ നോക്കി. ചെവിയിലെ കോലാഹലവും വേദനയും സഹിക്കാൻ വയ്യാതെ തുറിച്ച കണ്ണുമായി അയാൾ അസ്വസ്ഥനായി നിൽക്കുകയാണ്.

അവൾ അയാളെ പിടിച്ചിരുത്തി വീണ്ടും ഇത്തിരി വെള്ളം ചെവിയിൽ ഒഴിച്ച് അല്പ നിമിഷങ്ങൾക്ക് ശേഷം തല ചെരിച്ചപ്പോൾ ചെവിയിലെ വെളളത്തോടൊപ്പം ദേ വരണു ഇത്രയും നേരം, വീരശൂര പരാക്രമിയായ തന്റെ ഭർത്താവിനെ മുൾമുനയിൽ നിർത്തിയ  യോദ്ധാവ് .! ഒരു  ഇയ്യാം പാറ്റയായിരുന്നു അത് …!

ഒരു പ്രസവം കഴിഞ്ഞ ആശ്വാസത്തോടെ..ദീർഘനിശ്വാസത്തോടെ…സമാധാനത്തോടെ…അയാൾ അവിടെയിട്ട ആ ചാരുകസേരയിൽ ചാഞ്ഞുകിടന്നു..

~Hazoo Riya