Story written by Saji Thaiparambu
==============
അർച്ചനയെ തന്നെ ഞാൻ വിവാഹം കഴിക്കാൻ കാരണം അവൾ ആദിയുടെ ക്ളാസ് മേറ്റായത് കൊണ്ട് മാത്രമായിരുന്നില്ല, അവളെ കുറിച്ച് പറയുമ്പോൾ അവന് എപ്പോഴും നൂറ് നാവായിരുന്നു.
പക്ഷേ, ആദ്യരാത്രിയിലാണ് അവൾ എന്നോട് ഞെട്ടിക്കുന്ന ആ സത്യം തുറന്ന് പറഞ്ഞത്…
അവൾക്ക് ആദിയെ ഒരു പാട് ഇഷ്ടമായിരുന്നത്രേ, പക്ഷേ അത് അവനോട് പറയുന്നതിന് മുമ്പ് തന്നെ ആദി തന്റെ വിവാഹാലോചനയുമായി അവളുടെ അടുത്ത് ചെന്നത് കൊണ്ട് മാത്രമാണ് അവളുടെ ഇഷ്ടം തുറന്ന് പറയാതിരുന്നതെന്ന്…
“എന്നാലും നിന്റെ ഉള്ളിലുള്ളത് അവനോട് പറയാമായിരുന്നില്ലേ അച്ചൂ, അവന് താല്പര്യമുണ്ടായിരുന്നെങ്കിൽ ഞാൻ ഒഴിഞ്ഞു തരുമായിരുന്നല്ലോ?”
ഉള്ളിലെ നീറ്റൽ പുറത്ത് കാട്ടാതെ ഞാൻ അവളോട് ചോദിച്ചു
“ഉം, പറയണമെന്നുണ്ടായിരുന്നു, പക്ഷേ ഏട്ടനോട് അവനുള്ള സ്നേഹം എത്രത്തോളമാന്നെന്ന് എനിക്ക് നന്നായറിയാം..ആത്മാർത്ഥമായിട്ടാണ് ഏട്ടന് വേണ്ടി അന്ന് അവൻ എന്നെ സജസ്റ്റ് ചെയ്തത് “
അവളുടെ സംസാരം കേട്ടപ്പോൾ, എനിക്ക് ആത്മനിന്ദ തോന്നി.
വിളിക്കാത്ത കല്യാണത്തിന് സദ്യയുണ്ണാൻ വലിഞ്ഞ് കേറി ചെന്നപ്പോൾ പിടിക്കപ്പെട്ടവന്റെ അവസ്ഥയായിരുന്നു എനിക്കപ്പോൾ.
“ങ്ഹാ ഇനിയിപ്പോൾ അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം വിധിച്ചതല്ലേ നടക്കൂ”
കയിച്ചിട്ടെറക്കൊനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത രീതിയിൽ നില്ക്കുന്ന എന്നെ നോക്കിയിട്ടവൾ പറഞ്ഞു.
എന്റെ എല്ലാ മൂഡും പോയിരുന്നു, അപ്പോൾ മനസ്സില്ലാ മനസ്സോടെ ആയിരുന്നോ, അവൾ എനിക്ക് താലികെട്ടാനായി തല കുനിച്ച് തന്നത്.
എന്റെ ചിന്തകൾ ലക്ഷ്യമില്ലാതെ അലഞ്ഞ് തിരിഞ്ഞു. അപ്പോഴേക്കും അവൾ കട്ടിലിൽ കയറി എതിർ വശത്തേക്ക് ചരിഞ്ഞ് കിടന്നിരുന്നു.
നിർവ്വികാരനായി ഞാനും അവളുടെ അരികിലായ് ഉറക്കം വരാതെ കറങ്ങുന്ന ഫാനിൽ കണ്ണ് നട്ട് കിടന്നു.
ഏതോ യാമത്തിൽ നിദ്രയെന്നെ പുണർന്നു..
പിറ്റേന്ന് ഏട്ടാ എന്ന വിളി കേട്ടാണ് ഞാൻ ഉണർന്നത്…
കണ്ണ് തുറന്നപ്പോൾ മുന്നിൽ കുളിച്ചിട്ട് നീലക്കരയുള്ള തൂവെള്ള കോട്ടൻസാരിയുടുത്ത് ചുണ്ടിൽ നിറപുഞ്ചിരിയും കൈയ്യിൽ ചായക്കപ്പുമായി അവൾ നില്ക്കുന്നു.
“സോറി ഏട്ടാ…ആദിയാ എല്ലാം പ്ളാൻ ചെയ്തത് അവനാ പറഞ്ഞത് നമുക്ക് ഏട്ടനിട്ടൊരു പണികൊടുക്കണമെന്ന്…ഞാൻ പറഞ്ഞതാ അതൊന്നും വേണ്ടാ
ഏട്ടനോട് അങ്ങനൊക്കെ ചെയ്യുന്നത് കഷ്ടമല്ലേ എന്ന് അപ്പോൾ അവൻ പറയുവാ ചെറുപ്പത്തിലവൻ എന്തേലും കുരുത്തക്കേട് കാണിക്കുമ്പോൾ ഏട്ടനായിരുന്നു അച്ഛനോട് പറഞ്ഞ് അവന് തല്ല് മേടിച്ച് കൊടുത്തിരുന്നതെന്ന്…അന്നേ അവൻ മനസ്സിൽ കുറിച്ചിട്ടിരുന്നതാ അവസരം വരുമ്പോൾ ഏട്ടനൊരു പണി കൊടുക്കണമെന്ന്, അത് കൊണ്ട് ഇതിലും വലിയൊരു അവസരം ഇനി കിട്ടില്ലെന്ന് പറഞ്ഞാ അവനീ കടുംകൈ എന്നെ കൊണ്ട് ചെയ്യിച്ചത്…എന്നോട് പൊറുക്കു ഏട്ടാ..”
അതും പറഞ്ഞവൾ എല്ലാം കേട്ട് കൊണ്ട് കട്ടിലിൽ കിടക്കുകയായിരുന്ന എന്റെ നെഞ്ചിലേക്ക് കമിഴ്ന്ന് വീണ് എന്നെ ഇറുകെ പുണർന്നു.
അവളുടെ ഈറൻ മുടികളിൽ നിന്ന് ഇറ്റ് വീണ ജലകണങ്ങൾ എന്റെ നെഞ്ചിലെ നെരിപ്പോട് അണയ്ക്കാൻ മാത്രം പര്യാപ്തമായിരുന്നു.
~സജിമോൻ തൈപറമ്പ്