വീടെത്തുമ്പോഴേക്കും അവൾക്ക് വീണ്ടും വയ്യായയായി തിരികെ ആശുപത്രിയിൽ കൊണ്ടോവേണ്ടി വരുമോ…

ഭർത്താവിന്റെ ഗേൾ ഫ്രണ്ട്

Story written by Remya Bharathy

================

ഭർത്താവിന്റെ മാസങ്ങളായി രോഗാഗ്രസ്ഥയായി ചികിത്സയിൽ ആയിരുന്ന കാമുകിയെ ഇന്ന് ഞങ്ങള് രണ്ടാളും കൂടെ പോയി വീട്ടിലേക്ക് കൊണ്ടു വന്നു…അസുഖം നല്ലോണം മാറിയിട്ടുണ്ട്…

വണ്ടി ഒരോ ഗട്ടറു ചാടുമ്പോഴും മൂപ്പരുടെ ചങ്ക് പിടഞ്ഞു. ഇടക്കിടെ പുറകിലെ സീറ്റിൽ ഇരിക്കുന്ന അവളെ ശ്രദ്ധിക്കുകയായിരുന്നു..

വീടെത്തുമ്പോഴേക്കും അവൾക്ക് വീണ്ടും വയ്യായയായി തിരികെ ആശുപത്രിയിൽ കൊണ്ടോവേണ്ടി വരുമോ എന്ന് ഇരുന്ന് ആത്മഗതം പറയുന്നു…

വീടെത്തിയപ്പോൾ ഞാൻ കാറിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ മൂപ്പര് പറയാ…ഞാൻ അവളെ എടുത്തിട്ട് വരാം എന്ന്…സൂക്ഷിച്ചു ഡോർ തുറന്ന് പതിയെ പുറത്തേക്ക് എടുത്തു തൂക്കി പിടിച്ചു ലിഫ്റ്റിൽ കയറ്റി കൊണ്ട് വന്നു…

ഞാൻ ശ്രദ്ധിക്കാനൊന്നും പോയില്ല…നല്ല വിശപ്പുണ്ടായിരുന്നു. രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങി പോയതാ…വന്ന വഴി രാവിലത്തെ നൂൽപ്പുട്ടും സ്റ്റൂവും കഴിച്ചു… ‘അച്ഛന് കഴിക്കണ്ടേന്ന് ചോദിക്കു’ എന്ന് അമ്മുനോട് പറഞ്ഞപ്പോൾ, അവള് പറയാ അച്ഛൻ അച്ഛന്റെ ഫസ്റ്റ് ലവിന്റെ കൂടെ ഇരിക്കാ ന്ന്….

ബെഡ്റൂം തുറന്നു അകത്തു കേറി നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച….മൂപ്പരുടെ മുഖത്തെ ഒരു സന്തോഷം….ആവേശത്തോടെ അവളുടെ മേൽ വിരലുകൾ ഓടിക്കുന്നു….അവള് മനോഹരമായി പാടുന്നു…പണ്ടത്തെ ക്രീ ക്രീ ഒച്ചകൾ ഒക്കെ പോയിട്ടുണ്ട്….ഞാനൊരു ചെറിയ സഹായം ചോദിച്ചപ്പോൾ എന്നോട് പറയാ അമ്മുനോട് പോയി പറഞ്ഞോളാൻ….മൂപ്പര് ഗേൾ ഫ്രണ്ട് ന്റെ കൂടെ തിരക്കിലാ ന്ന്….നേരം പോലെ അല്ലേൽ നാളെ രാവിലേക്ക് അവളെ വെട്ടി കീറി നാലു കഷണമാക്കും എന്നു പറഞ്ഞപ്പോ മൂപ്പര് ചിരിക്കുന്നു….ന്നാ നിന്നേം ബാക്കി വെക്കില്ല എന്ന മട്ടിൽ…

ന്നിട്ട് വീണ്ടും അവരോട് ശൃംഗരിക്കാ….ഇന്ന് രണ്ടാളും ഇനി ക്ലബ് ഹൗസിൽ ഇരുന്ന് നേരം വെളുപ്പിക്കും….ഞാനും മോളും ഒറ്റക്ക് ഉറങ്ങേണ്ടി വരും…

തമാശക്ക് പറഞ്ഞതല്ല…രണ്ടൂസം എങ്ങോട്ടേലും മാറി നിൽക്കണേൽ അവളേം കൊണ്ടു പോണം. കാറില് മൂപ്പരുടെ നേരെ പുറകിലെ സീറ്റ് അവൾക്ക് ഉള്ളതാണ്…ഞാൻ സമ്മതിക്കാത്തോണ്ടാ. അല്ലേൽ മുൻ സീറ്റ് തന്നെ കൊടുത്തേനെ……

മൂപ്പരും മൂപ്പരുടെ ഹാർമോണിയവും കൂടെ കൂടിയാൽ ഞാനും മോളും ഒക്കെ മൂപ്പർക്ക് രണ്ടാമതാ….