കെട്ടിപിടിച്ചുറങ്ങുന്ന മകന്റെ കൈകൾ വിടർത്തി രാത്രി വണ്ടിയിലുള്ള മടക്കയാത്ര…

ഒരു ട്രാൻസ്ഫർ കഥ

Story written by Nisha Pillai

==============

ആരെങ്കിലും ചോദിച്ചാൽ എന്താ ഗമ?സർക്കാർ ഉദ്യോഗസ്ഥ. ഗസറ്റഡ് ഓഫീസർ , അഞ്ചക്ക ശമ്പളം. കോളേജ് അദ്ധ്യാപിക.

നാലുവർഷമായി വീട്ടിൽ നിന്ന് വളരെ അകലെ, ആറ് ജില്ലകൾക്ക് അപ്പുറം ജോലി ചെയ്യുന്നു.

ഒരു ട്രാൻസ്ഫെറിനു ഏറെ നാളുകളായി ശ്രമിക്കുന്നു. സീനിയർ അധ്യാപകർ എല്ലാം സ്വന്തം ജില്ലകളിൽ ജോലി ചെയ്യുന്നതിനാൽ എന്നെ പോലുള്ള ജൂനിയർ അധ്യാപകർക്ക് എത്ര വര്ഷം കഴിഞ്ഞാൽ നാട്ടിലെത്താൻ കഴിയും ?

വിദേശത്തു ജോലി ചെയ്യുന്ന ഭർത്താവു,.അഞ്ചു വർഷമായി വിവാഹം കഴിഞ്ഞിട്ടു..അധികം നാൾ ഒന്നിച്ചു പാർക്കാൻ കഴിഞ്ഞിട്ടില്ല. പുതിയതായി പണി കഴിപ്പിച്ച സ്വപ്ന ഭവനം , അവിടെ ഉറങ്ങാൻ കഴിഞ്ഞത് തുച്ഛമായ ദിവസങ്ങളിൽ മാത്രം..അവിടെ അമ്മയും മൂന്നു വയസുകാരനായ മകനും മാത്രം.

ഒറ്റമകൾ ആയതുകൊണ്ടും അച്ഛൻ നേരത്തെ മരിച്ചത് കൊണ്ടും അമ്മക്ക് താൻ മാത്രമേ ഉള്ളു. അച്ഛന്റെ ആഗ്രഹം ആയിരുന്നു തന്നെ ഒരു അദ്ധ്യാപിക ആക്കണമെന്ന്…അതിനു മുൻപേ അച്ഛൻ ലോകത്തോട് വിട പറഞ്ഞു

വാരാന്ത്യങ്ങളിലുള്ള യാത്ര അതി കഠിനം ആയിരുന്നു. കെട്ടിപിടിച്ചുറങ്ങുന്ന മകന്റെ കൈകൾ വിടർത്തി രാത്രി വണ്ടിയിലുള്ള മടക്കയാത്ര. അവന്റെ കുഞ്ഞു നെറ്റിയിൽ അമർത്തി ചുംബിക്കുമ്പോൾ പൊടിയുന്ന കണ്ണുനീർ അമ്മ കാണാതെ തോളുകൾ കൊണ്ട് തുടച്ചു മാറ്റും. അമ്മയുടെ കവിളിലും ഉമ്മ കൊടുത്തു വർക്കി ചേട്ടന്റെ ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്ക്…

വിരസമായ ഹോസ്റ്റൽ ജീവിതത്തിനു എന്റെ കൂട്ടുകാരായി ടി.ഡി.രാമകൃഷ്ണനും ലാജോ ജോസും വി ജെ ജെയിംസും ഒക്കെ വന്നു. വിരസമായ ആ അഞ്ചു ദിവസങ്ങൾ സരസമായി വന്നു. പക്ഷെ മകനെ പിരിഞ്ഞിരിക്കുന്ന അമ്മയുടെ നൊമ്പരം കഠിനമായി തുടർന്നു.

നാട്ടിലേക്കൊരു ട്രാൻസ്ഫർ എന്ന  സ്വപ്നം..നാട്ടിലെത്തിയാൽ ഭർതൃ മാതാവ് കൂടെ താമസമാകുമെന്ന ഒരു പേടി. അമ്മയുമായി ഒത്തു പോകാനുള്ള ബുദ്ധിമുട്ട്. എല്ലാത്തിലും കുറ്റം മാത്രം കണ്ടെത്തുന്ന പ്രകൃതം. കൂടെ താമസമാകുമ്പോൾ സ്വസ്ഥത തരില്ല. ഇപ്പോൾ അതൊന്നും മനസിലില്ല. മകനെ കുറിച്ചുള്ള ചിന്തകൾ. അവനു നഷ്ടമാകുന്ന ബാല്യം , മാതൃസ്നേഹം…അകെ കുറ്റബോധം….ആകുലതകൾ…മനസ്സ് കേന്ദ്രികരിക്കാൻ പറ്റുന്നില്ല. ക്ലാസ്സിൽ പോയാൽ ഒന്നും പഠിപ്പിക്കാൻ പറ്റുന്നില്ല.

ട്രാൻസ്ഫർ അപ്ലിക്കേഷൻ വിളിച്ചിരിക്കുന്നു അപ്ലൈ ചെയ്തു. കിട്ടാൻ സാധ്യതയില്ല. ഇതിലൊക്കെ കുറെ കളികൾ ഉണ്ടെന്നു പണ്ടൊരു സഹപ്രവർത്തകൻ പറഞ്ഞത് ഓര്മയി വന്നു. അനുകമ്പാർഹ സ്ഥലം മാറ്റത്തിനു അപേക്ഷിക്കണം. ഹസ്ബൻഡ് കൊടുക്കാൻ നിർബന്ധിക്കുന്നു.

എന്ത് അനുകമ്പയാണ് ലഭിക്കാൻ പോകുന്നത്?

പിന്നെ കൂടെ ജോലി ചെയ്യുന്ന രേഖയാണ് പറഞ്ഞത് അമ്മായിയമ്മയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ. രണ്ടു ദിവസം ലീവെടുത്തു പോകണം. അമ്മയെയും കൂട്ടി മെഡിക്കൽ ബോർഡിന് മുമ്പാകെ ഹാജരാകണം. അവിടുന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി തലസ്ഥാന നഗരിയിലുള്ള ഡയറക്ടറേറ്റിൽ പോകണം. അപേക്ഷ കൊടുക്കണം. ഒരു പക്ഷെ അങ്ങനെ ചെയ്താൽ വീടിനടുത്തുള്ള കോളേജിലേക്ക് ട്രാൻസ്ഫർ  കിട്ടുമായിരിക്കും.

ബാക്കിയുള്ള അഞ്ചു കാഷ്വൽ ലീവിൽ നിന്ന് രണ്ടെണ്ണം എടുത്തു നാട്ടിലേക്കു വണ്ടി കയറി. അമ്മയെയും മകനെയും കാണാൻ പോകാതെ ഭർതൃ ഗൃഹത്തിലേക്ക് പോയി. ട്രാൻസ്ഫർ ലഭിച്ചാൽ ഉദ്ധിഷ്ഠ കാര്യത്തിന് ഉപകാര സ്മരണാർത്ഥം ആജീവനാന്ത കാലം പൊന്നു പോലെ നോക്കാമെന്നു വാക്കാൽ ഒരു അഫിഡവിറ്റു സമർപ്പിച്ചു.

രാത്രി മുഴുവൻ ഉറക്കമൊഴിച്ചു കാലിൽ എണ്ണയിട്ടു തടവി നന്നായി ഭർതൃ മാതാവിനെ സ്നേഹിച്ചു. ജീവിതത്തിൽ ഒരിക്കൽ പോലും ഇത്ര സ്വാർത്ഥമായി ചിന്തിച്ചിരുന്നില്ല എന്നോർത്തപ്പോൾ സ്വയം പുച്ഛം തോന്നി. രാവിലെ തന്നെ ആ അമ്മയെയും കൂട്ടി മെഡിക്കൽ ബോർഡിൻറെ മുന്നിലേക്ക്…മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാൻ പിന്നെയും കാത്തിരുപ്പ്. ഒടുവിൽ പ്രതീക്ഷകൾ അസ്തമിച്ചു എന്ന് തുടങ്ങിയപ്പോൾ ഒരു ദൂതനെ പോലെ പ്യുണിന്റെ വിളി വന്നു.

അപേക്ഷ ഉന്നതാധികാരികൾക്കു സമർപ്പിച്ചു വീണ്ടു കാത്തിരിപ്പ്.

ട്രാൻസ്ഫർ ഇപ്പോൾ നടക്കും അല്ല ട്രാൻസ്ഫർ ഓർഡർ മരവിപ്പിക്കും എന്നുള്ള കിംവദന്തികൾ എൻ്റെ ഉറക്കം കെടുത്തി.

കാത്തിരിപ്പ് തുടരുമ്പോഴും പതിയെ പതിയെ ഞാൻ ആ തീരദേശത്തെ ആ കലാലയത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എന്നെ ആകർഷിച്ച ചില ഘടകങ്ങൾ സ്നേഹമുള്ള കുട്ടികളും സമാന ചിന്താഗതിയുള്ള ചില അധ്യാപക സുഹൃത്തുക്കളും ആയിരുന്നു. അതൊഴിച്ചാൽ ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിന് തുല്യമാണ്.

പരാതികളുടെ  അഗാധ ഗർത്തത്തിലായി എൻ്റെ ജീവിതം. മകന്റെ കൊച്ചു കൊച്ചു പരാതികൾ, ഭർതൃ മാതാവിന്റെ പരാതികൾ , കുട്ടികളുടെ പരാതികൾ , പി ടി എ യുടെ പരാതികൾ. പരാതികൾ എൻ്റെ ചെന്നികുത്തു വർധിപ്പിച്ചു. മെല്ലെ മെല്ലെ ഞാൻ എൻ്റെ ജീവിതത്തെ വിധിയുടെ കുത്തൊഴുക്കിൽ എറിഞ്ഞു കൊടുത്തു .

ഒരു ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞു വിശ്രമിക്കുമ്പോൾ  കൂട്ടുകാരി രേഖയുടെ ഫോൺ. ട്രാൻസ്ഫർ ലിസ്റ്റ് ഇറങ്ങി, ആകാംഷ ഉണ്ടായിട്ടും നോക്കിയില്ല. കാരണം പ്രതീക്ഷയില്ല. പ്രിൻസിപ്പൽ പറഞ്ഞാണ് അറിഞ്ഞത്  തനിക്കു വീടിനടുത്തേക്കു ട്രാൻസ്ഫർ ആയെന്നു…പ്രിൻസിപ്പൽ റിലീവ് ചെയ്യാൻ വിസമ്മതം പ്രകടിപ്പിച്ചു. ടീച്ചറിന്റെ ട്രാൻസ്ഫർ ആ കലാലയത്തിനു ഒരു നഷ്ടമാണ് പോലും….നാലു വർഷമായി ഒരു നല്ല വാക്ക് പോലും പറയാത്ത മനുഷ്യൻ….ഞാനും നന്നായി ദുഃഖം അഭിനയിച്ചു.

നേരെ നാട്ടിലേക്കു വച്ച് പിടിച്ചു. പിറ്റേ ദിവസം തന്നെ പുതിയ കോളേജിൽ ജോയിൻ ചെയ്തു. ചുറ്റും അന്വേഷണങ്ങളുമായി പുതിയ സഹപ്രവർത്തകർ. എല്ലാര്ക്കും അറിയേണ്ടത് ഒന്ന് തന്നെയായിരുന്നു. ടീച്ചർക്ക് എങ്ങനെ ട്രാൻസ്ഫർ കിട്ടിയെന്നു…ടീച്ചറിനേക്കാൾ സീനിയർസ് പുറം ജില്ലകളിൽ ജോലി ചെയ്യുമ്പോൾ ടീച്ചർ എങ്ങനെ ഇവിടെ എത്തി. അവർക്കു എൻ്റെ റൂട്ട് മാപ് ആണ് വേണ്ടത്

കംപാഷനേറ്റ് സ്ഥലം മാറ്റം ആണെന്ന് അറിഞ്ഞപ്പോൾ “ആഹാ അതാണല്ലോ ഇപ്പോൾ എളുപ്പ വഴി” എന്ന്  ഒരു അദ്ധ്യാപകൻ കളിയാക്കുകയും ചെയ്തു

“ശെരിക്കും അർഹതയുള്ളവർ എത്രകാണും?”

“എന്തായാലും ഹരിത ടീച്ചറിന്റെ മരണം മൂലം ഉണ്ടായ വാക്കാൻസി അല്ലെ “

ഞാൻ ഞെട്ടി പോയി  “മരണ വേക്കൻസി “

തനിക്കു കാണിച്ചു തന്ന ടേബിളിനടുത്തേക്കു നേരെ നടന്നു. അവിടെ ഉള്ള കസേരയിൽ ഇരുന്നു. ലോകം മുഴുവൻ തനിക്കു ചുറ്റും കറങ്ങുന്ന ഒരു ഫീൽ. മേശയുടെ വലിപ്പ തുറന്നു. പേപ്പർ ഫയലുകളുടെ ഒപ്പം സുന്ദരിയായ ഒരു കുട്ടിയുടെ ഫോട്ടോ. ഹരിത ടീച്ചറിന്റെ മകളാണെന്ന് അടുത്തിരുന്ന സിന്ധു ടീച്ചർ പറഞ്ഞു. ആ കുട്ടി ബ്രെയിൻ ട്യൂമർ ബാധിച്ചു മരിച്ചു. അതിനു ശേഷം ടീച്ചർ ഡിപ്രെഷനിൽ ആയിരുന്നു. ഭർത്താവും കൂടെ ഉപേക്ഷിച്ചപ്പോൾ ടീച്ചർ തകർന്നു പോയി. ടീച്ചറിന്റെ ലോകം കോളേജും കുട്ടികളും മാത്രമായി. ഇപ്പോൾ ഞാനിരിക്കുന്ന സീറ്റിൽ വച്ചാണ് ഉറക്ക ഗുളികകൾ കഴിച്ചത്.

ഈ സീറ്റിൽ ഞാനിനി എത്രനാൾ ഇരിക്കേണ്ടിവരും. ഇനി ഒരു ട്രാൻസ്ഫർ ഉടനെ ഉണ്ടാകുമോ ? ഈ ട്രാൻസ്ഫർ വേണ്ടിയിരുന്നില്ല. അപശകുനം പോലെ ലഭിച്ച ഒരു ട്രാൻസ്ഫർ…മേശമേൽ തലകുനിച്ചു വച്ച് കിടന്നു. മേശമേൽ കിടന്ന ട്രാൻസ്ഫർ ഓർഡറിന് മുകളിൽ കണ്ണുനീർ തുള്ളികൾ ഉരുണ്ടു വീണു.

~നിശീഥിനി