ദേ… നിങ്ങടെ മോൾക്ക് ഇവിടുത്തെ ഡ്രൈവറുമായിട്ടുള്ള കിന്നാരം പറച്ചിൽ കുറച്ച് കൂടുന്നുണ്ട്
നീയെന്തൊക്കെയാ മേനകെ ഈ പറയുന്നത്. അവൾ കുഞ്ഞല്ലേ
ഉവ്വ്…പ്രായം പതിനെട്ടായിപെണ്ണിന് . പതിനെട്ടെന്ന പാലം കടക്കാൻ കുറച്ച് പാടാണ്. ഉള്ള വേഗത്തിൽ അവന്റെ കൂടെ തന്നെ കെട്ടിച്ചു വിടാൻ നോക്ക്. ഇല്ലേൽ കുടുംബത്തിന് തന്നെ നാണക്കേടാണ്.
ഓ… പിന്നേ, മംഗലത്തെ മാധവന്റെ മകളെ കെട്ടാൻ ആളുകൾ ക്യു നിൽക്കും. അന്നേരമല്ലേ വീട്ടിലെ ഡ്രൈവറിന്റെ കൂടെ കെട്ടിക്കുന്നത്.
ഞാൻ നിങ്ങളോട് പറഞ്ഞില്ലന്നേ ഉളളൂ. പെണ്ണ് ഈ മാസം മെ, ൻസസായിട്ടില്ല….ആൾക്കാർ അറിയുന്നതിന് മുൻപ് അവന്റെ കൂടെ തന്നെ കെട്ടിച്ചു വിടുന്നതാ നല്ലത്.
മാധവൻ ഇടർച്ചയോടെ കസേരയിലേക്ക് ഇരുന്നു.
നിങ്ങള് വിഷമിക്കാൻ പറഞ്ഞതല്ല. ആ ചെറുക്കന് ബന്ധുക്കൾ ആരും ഇല്ല.
അതുകൊണ്ടുതന്നെ ഒരു ബാധ്യതയും ഇല്ല. രണ്ടാൾക്കും ചിലവിനുള്ളത് ഉണ്ടാക്കിയാൽ മതി. എന്തുകൊണ്ടും ഇത് തന്നെയാ നല്ലത്.
എന്നാലും എന്റെ ചിന്നുവിന് വീട്ടിലെ ഡ്രൈവറോട് ഇങ്ങനൊരു മോഹമുണ്ടോ അവളുടെ നിലയും വിലയും അവൾ മറന്നുവോ? ചിന്മയി എന്നാണ് പേരെങ്കിലും അവൾ വീട്ടിൽ ചിന്നുക്കുട്ടിയാണ്. നാട്ടുകാരും അവളെ ചിന്നുക്കുട്ടി എന്നാണ് വിളിക്കുന്നത്.അത്രയ്ക്കും കാര്യമാണ് അവളെ എല്ലാവർക്കും.
അയാൾക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.
മേനക പറഞ്ഞത് പോലെ അയാളെ കൊണ്ട് തന്നെ കെട്ടിക്കുന്നതാണ് ഉചിതം.
അവൾക്ക് ഇരുപത്തിയേഴ് വയസുള്ള ഒരു സഹോദരൻ ഉണ്ട്,കൂടാതെ അവൾക്കു താഴെ രണ്ടനിയന്മാർ വളർന്നു വരുന്നുണ്ട്, മൂത്തവന് നല്ല വിവാഹാലോചനകൾ വരുന്ന സമയമാണ്. പെങ്ങൾ കാരണം അവർക്ക് ചീത്തപ്പേര് ഉണ്ടാകരുത്.
അയാൾ എന്തോ തീരുമാനിച്ചുറപ്പിച്ചു.
നരേന്ദ്രൻ വണ്ടി കഴുകിക്കൊണ്ട് നിൽക്കുമ്പോഴാണ് മാധവൻ അയാൾക്കരികിൽ ചെന്നത്.
എന്താ മാധവേട്ട….?
ഉം… ഞാൻ ചില കാര്യങ്ങൾ അറിഞ്ഞു. നീ കൂടെ നിന്ന് ചതിക്കുന്നവൻ ആണെന്ന് കരുതിയില്ല. അയ്യോ ഞാൻ എന്ത് തെറ്റ് ചെയ്തെന്നാണ്? അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല.
ഇല്ലേ… ചിന്നുക്കുട്ടിയുമായി നിനക്ക് എന്താ ബന്ധം?
ചിന്നുക്കുട്ടിയുമായോ? ആ കുട്ടി എന്റെ അരികിലേക്ക് വരിക പോലും ചെയ്യാറില്ല. അതൊരു പാവമാണ്.
എന്നെ കണ്ടാൽ അകത്തേക്ക് പോകും. ഞാൻ ഇതുവരെ ഒന്ന് മിണ്ടിയിട്ട് പോലുമില്ല.
പിന്നെ എങ്ങനാടാ അവൾക്ക്….
അവൾക്ക്….??
ഇല്ല ഞാനൊന്നും പറയുന്നില്ല. ഈ വരുന്ന പതിനാലാം തിയതി അവളുടെയും നിന്റേയും വിവാഹമാണ്. നീ തന്നെ അവളെ എടുത്തോ, ഈ കുടുംബത്തിൽ കയറിപ്പറ്റാൻ വേണ്ടിയാണ് നീയീ ചീ, ഞ്ഞ വഴി കണ്ടെത്തിയതെന്നു എനിക്കറിയാം.
മാധവട്ടൻ എന്തൊക്കെയാ ഈ പറയുന്നത് ഒന്നുകിൽ തെളിച്ചു പറ. അല്ലാതെ തലയും വാലുമില്ലാതെ പറഞ്ഞാൽ ഞാൻ എങ്ങനെ മനസിലാക്കാനാണ്.
അവളുടെ അപ്പനായ ഞാൻ തന്നെ നിന്നോടത് തെളിച്ചു പറയണം അല്ലേ? മംഗലത്തെ പെൺകുട്ടിയെ നേരെ നിന്ന് നോക്കാൻ പോലും യോഗ്യതയില്ലാത്ത നീ എന്റെ മകളെ വശത്താക്കി, അയാളുടെ മുഖം ദേഷ്യത്തിൽ വിറച്ചു, കവിളുകൾ രോഷം കൊണ്ട് ചുവന്നു.
ഇല്ല…. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ആ കുട്ടിയെ ഞാൻ ഇതുവരെ അടുത്ത്കണ്ടിട്ട് കൂടിയില്ല.
നാ, യേ… പാതി വഴിയിൽ എന്റെ കുട്ടിയെ ഇട്ടിട്ടു പോകാനാണ് ഉദ്ദേശമെങ്കിൽ നീ പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല. എന്നെ നിനക്ക് അറിയില്ല.
നരേന്ദ്രൻ ആകെ പകച്ചു പോയി.
രണ്ടോ മൂന്നോ വട്ടമേ ആ കുട്ടിയെ കണ്ടിട്ടുള്ളൂ.. അതും പുഴക്കരയിൽ എന്തോ ചിന്തയിൽ മുഴുകി ഇരിക്കുന്നത്.
വലിയ വീട്ടിലെ കുട്ടിയാണെങ്കിലും അതിന്റെ ഒരു ഭാവവും കാണിക്കാത്ത പാവം കുട്ടിയാണ്. ഒരു തവണ അമ്പലത്തിൽ പോയിട്ട് വരുന്ന അവളെ കണ്ണെടുക്കാതെ നോക്കി നിന്നിട്ടുണ്ട്. ഇരുനിറത്തിൽ മെലിഞ്ഞ, വിഷാദം നിറഞ്ഞ നീലക്കണ്ണുകളും, ചിരിക്കുമ്പോൾ ഇടത്തെകവിളിൽ വിരിയുന്ന നുണക്കുഴിയും,നീളമേറിയ മുടിയുമുള്ള ആ കുട്ടിയെ കണ്ടാൽ ഒന്നൂടെ ഒന്ന് നോക്കാൻ തോന്നും. ഒരുപരിചരണവും കിട്ടിയില്ലെങ്കിലും നിറഞ്ഞു പൂത്തുനിൽക്കുന്ന കാട്ടുപൂക്കളുടെ ചേലാണവൾക്ക്.
ഇന്നലെ ഇത്തിരി വെള്ളം കുടിക്കാൻ പിന്നാമ്പുറത്തെ പൈപ്പിനരുകിൽ എത്തിയപ്പോൾ, നീളൻ വരാന്തയിൽ അടിച്ചു വാരി വച്ചിരുന്ന വേസ്റ്റ് എടുത്ത് അമ്മ അവളുടെ തലയിൽ ഇടുന്നത് കണ്ടപ്പോൾ എന്തോ വല്ലാത്ത വേദന തോന്നി.
പിന്നെയാണ് അറിഞ്ഞത് അതവളുടെ അമ്മയല്ല എന്ന്. മാധവന്റെ രണ്ടാമത് വിവാഹം കഴിച്ചതാണ് മേനകയെ.
ഒരു പക്ഷെ ഇനി ആ കുട്ടി എന്തെങ്കിലും കുഴപ്പത്തിൽ ചെന്ന് ചാടിയിട്ട് തന്നെ പഴി ചാരുകയോ മറ്റോ ചെയ്തിരിക്കുമോ? ഹേയ്.. അങ്ങനെ ഉളള ഒരാളല്ല ആ കുട്ടി,വെറും പാവമാണ്.
എന്തായാലും ഒന്ന് സംസാരിക്കണം, അവരുടെ വീട്ടിലെ ഡ്രൈവർ ജോലി ചെയ്യുന്നു എന്ന് കരുതി എന്തും തന്റെ തലയിൽ കെട്ടിവയ്ക്കാമെന്നവർ കരുതിയെങ്കിൽ അവർക്ക് തെറ്റി.
അന്ന് വൈകുന്നേരം അവളെ കാണാൻ തന്നെ തീരുമാനിച്ച്, അയാൾ പുഴക്കരുകിൽ കാത്തു നിന്നു.
വെള്ളികൊലുസുകളുടെ കിലുക്കം അടുത്ത് വന്നു. പെട്ടന്ന് മുൻപിൽ അയാളെ കണ്ടതും അവൾ പരിഭ്രമത്തോടെ ചുറ്റിലും നോക്കി.
ചിന്നുക്കുട്ടിയുടെ അച്ഛൻ എന്നോട് ഇന്നൊരു കാര്യം പറഞ്ഞു. തന്നെ ഞാൻ വിവാഹം ചെയ്യണമെന്ന്. എനിക്കറിയണം സത്യമെന്താണെന്ന്. മാധവേട്ടൻ എന്നോട് വല്ലാതെ ദേഷ്യപ്പെട്ടു ഞാൻ പറയുന്നത് കേൾക്കാൻ പോലും തയ്യാറായില്ല.
കുട്ടി ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ പറ ഞാൻ കൊണ്ടാക്കാം കുട്ടിയെ അയാളുടെ അടുത്ത്.
മിണ്ടാതെ തലകുനിച്ചുള്ള നിൽപ്പ് മാത്രമായിരുന്നു അവളുടെ മറുപടി.
ഓഹ് നിങ്ങൾ വലിയവീട്ടിലെ കുട്ടികൾക്ക് എന്തുവേണേലും ആകാമല്ലോ അല്ലേ.ആരാ അയാൾ? കുട്ടിയെ അയാൾ സംരക്ഷിക്കുമോ?
അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അയാൾക്ക് വല്ലാതെ ദേഷ്യം തോന്നി.
ഇതിനിടയിൽ എന്റെ പേര് എങ്ങനെ വന്നു. അതെനിക്കറിയണം. അയാളുടെ ശബ്ദം ദേഷ്യത്താൽ ഉയർന്നു.
എനിക്കൊന്നും അറിയില്ല.
അറിയില്ലേ, അയാളെ ഇഷ്ട്ടപ്പെടുന്നകാര്യം അച്ഛനോട് പറയണം. അല്ലാതെ എന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുവല്ല വേണ്ടത്
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ചേട്ടന്റെ പേര് പോലും എനിക്കറിയില്ല.ഒക്കെ അമ്മ പറഞ്ഞുണ്ടാക്കുന്നതാണ്. എന്നെ എങ്ങനെയെങ്കിലും ഇവിടെനിന്ന് ഒഴിവാക്കണം. കാശ് മുടക്കില്ലാതെ ആരുടെയെങ്കിലും കൂടെ പറഞ്ഞയക്കണംഅത്രേ ഉളളൂ അവർക്ക്.
കുട്ടിക്ക് ഇത് അച്ഛനോട് പറഞ്ഞൂടെ…?
അവളുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു. ഉറങ്ങുന്നവരെയല്ലേ ഉണർത്താൻ പറ്റൂ, ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റോ…
പതിയെ പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു, പെട്ടന്ന് എന്തോ ഓർത്തവൾ തിരികെ വന്നു.
ചേട്ടൻ പറഞ്ഞത് സത്യമാണോ, എന്നെ അയാളുടെ അടുത്ത് എത്തിക്കാമോ?ചിന്മയി ചോദിച്ചു.
ഉം അയാൾ ഒന്നമർത്തി മൂളി.
എപ്പോൾ?
ഇന്ന് വൈകുന്നേരം വീട്ടിൽ നിന്ന് എല്ലാവരും ദീപാരാധന തൊഴാൻ പോകുമ്പോൾ ചിന്നു പോകണ്ട, ആ സമയം ഞാൻ കുട്ടിയെ ഇവിടുന്ന് അയാൾക്കരികിൽ വിടാം.
ചേട്ടന്റെ ഇവിടുത്തെ ജോലി നഷ്ട്ടമാകില്ലേ?
അതിന് ആരിവിടെ ജോലിക്ക് നിൽക്കുന്നു. ആത്മാർത്ഥമായിട്ട് ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ അങ്ങനെയുള്ള എന്നെ ഒന്ന് കേൾക്കാൻ പോലും തയ്യാറാവാത്ത ഒരാളുടെ അടുത്ത് ഇനി ജോലി ചെയ്യില്ല,എനിക്ക് എവിടെയെങ്കിലും ജോലി കിട്ടും. കുട്ടി അതോർത്തു വിഷമിക്കണ്ട.
ഇപ്പോൾ ഇവിടുന്നു കുട്ടി പോയില്ലെങ്കിൽ എന്നെപ്പോലെ ഏതെങ്കിലും ഒരു തെമ്മാടിക്കൊപ്പം ഇയാളെ കെട്ടിച്ചൊഴിവാക്കാൻ ആ താ, ടക ശ്രെമിക്കും അതിലും ഭേദം ഇഷ്ട്ടപ്പെടുന്ന ആളോടൊപ്പം ഇറങ്ങി പോകുന്നതാ. ഞാൻ എന്നും പ്രണയത്തിനൊപ്പമേ നിൽക്കൂ.,
ശരി ഞാൻ പോട്ടേ… അവൾ തിരിഞ്ഞു നടന്നു.
വൈകുന്നേരം എല്ലാവരും അമ്പലത്തിൽ പോയ സമയം അയാൾ കൂട്ടുകാരന്റെ വാഹനവുമായി എത്തി. മുറ്റത്ത് അവളെ കാത്തുനിന്ന അതേ നിമിഷം തന്നെ അവൾ ഇറങ്ങി വന്നു.
ഇതെന്താ വെറും കൈയോടെ, ഒന്നും എടുക്കുന്നില്ലേ?
ഇല്ല ചേട്ടാ… ഒന്നും എടുക്കുന്നില്ല. ഒന്നും ഇനി ആവശ്യം വരില്ല.
ഓഹ്… ആവശ്യമുള്ളതെല്ലാം വാങ്ങിത്തരാൻ ഇനി അയാൾ ഉണ്ടല്ലോ അല്ലേ,അയാൾ ഊറിച്ചിരിച്ചു.
ഉം അതെ.
അയാൾക്കൊപ്പം വണ്ടിയിൽ കയറവെ അവൾ വീടിനു നേർക്ക് തിരിഞ്ഞു നോക്കി. ഒരുപാട് പേരുടെ കണ്ണുനീരും, വിതുമ്പലും കേട്ട് ഉറങ്ങിയ കുട്ടിക്കാലം അവളുടെ ഓർമ്മയിൽ ഓടിയെത്തി. ഇത് രക്ഷപെടലാണ്. അവരിൽ ഒരാളാവാൻ നിൽക്കാതെ രക്ഷപ്പെടുകയാണ് തിരിച്ചുവരവില്ലാതെ.
അവൾ വണ്ടിയിൽ കയറി.
ഇവിടുന്നു ഒത്തിരി ദൂരമുണ്ടോ അയാളുടെ വീട്ടിലേക്ക്?നരേന്ദ്രൻ ചോദിച്ചു.
ഇല്ല.. ഒരു ഇരുപത് കിലോമീറ്റർ ദൂരമുണ്ടാകും.
ഉം..അയാളുടെ വീട്ടിൽ ആരൊക്കെയുണ്ട്?
അറിയില്ല.
അറിയില്ലേ? സ്നേഹത്തിൽ ആയിരുന്നിട്ടും അതൊന്നും ചോദിച്ചില്ലേ
ഇല്ല.
അയാൾ അവളെ തറപ്പിച്ചു നോക്കി.
അയാളുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപെടാൻ ആവണം അവൾ പുറത്തേക്കു നോക്കിയിരുന്നു.
അവൾ പറഞ്ഞ വഴിയിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. അധികം വാഹനങ്ങൾ ഇല്ലാത്ത മൺവഴിയിലേക്ക് വണ്ടി തിരിഞ്ഞു. മൺവഴിയുടെ ഒരു വശത്ത് അവിടിവിടെയായി രണ്ടോ മൂന്നോ വീടുകൾ മാത്രമേ ഉളളൂ. മറുവശത്ത് തലയുയർത്തി നിൽക്കുന്ന ഗിരിനിരകൾ.
കുറച്ചുകൂടി മുന്നിലേക്ക് ചെന്നപ്പോൾ വലിയൊരു ആൾക്കൂട്ടം നടന്നു പോകുന്നത് കണ്ടു.
ഇവിടെന്താ പോലും ഇത്രയും ജനങ്ങൾ.
ഇവിടുത്തെ അമ്പലത്തിൽ ഉത്സവമാണ് അവൾ പറഞ്ഞു.
ഓഹ്… അതൊക്കെ അറിയാം അല്ലേ
ഇനി ഒത്തിരി ദൂരമുണ്ടോ അയാളുടെ വീട്ടിലേക്ക്
ഇല്ല എന്നെ ഈ അമ്പലത്തിൽ വിട്ടാൽ മതി. ഇവിടെ അടുത്താണ് വീട്. അമ്പലത്തിലുണ്ടാകും ആൾ. ഞാൻ കൂടെ പൊയ്ക്കോളാം.
അതുവേണ്ട… അയാളുടെ അടുത്താക്കിയിട്ടേ ഞാൻ പോകുന്നുള്ളൂ.
വേണ്ട,ചേട്ടൻ പൊയ്ക്കോളൂ…
അവൾ പതിയെ മുന്നോട്ട് നടന്നു.
നരേന്ദ്രൻ അൽപ്പനേരം ആലോചനയോടെ നിന്നിട്ട് വണ്ടിയിൽ കയറി.
അവൾ പതിയെ തിരിഞ്ഞു നോക്കി. നരേന്ദ്രൻ വണ്ടി തിരിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ആരും തന്നോട് ഇത്രയും സംസാരിച്ചിട്ടില്ല, തനിക്ക് വേണ്ടി ഒരൽപ്പസമയം പോലും മാറ്റിവച്ചിട്ടില്ല. ഇന്നിതാ ഏറെ നാളുകൾക്കു ശേഷം തന്നോട് അനുകമ്പയോടെയും, സ്നേഹത്തോടെയും പെരുമാറിയ ഒരേയൊരാളാണ് കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ നോക്കി നിന്നു.
പിന്നെ അമ്പലത്തിലേക്ക് കയറി.
ഉത്സവലഹരിയിലാണ് ജനങ്ങൾ.
അവൾ അമ്പലത്തിന്റെ വലതു വശത്തൂടെ ഉളള ചെറിയ ഇടവഴിയിലൂടെ കുറച്ച് ദൂരം മുന്നോട്ട് നടന്ന് വലിയൊരു മലയിൽ എത്തിച്ചേർന്നു താഴെ ചെങ്കുത്തായ പാറയിടുക്കാണ് ഏറ്റം താഴെയായി പുഴ ഇരുളിൽ മുങ്ങി പതഞ്ഞൊഴുകുന്നുണ്ട്.
അവൾ കണ്ണുകൾ അടച്ചു.
മോളേ…എന്നൊരു വിളി കാറ്റിൽ ചിതറിത്തെറിക്കുന്നത് അവൾ കേട്ടൂ….കരഞ്ഞ് കരഞ്ഞ് അടഞ്ഞുപോയ ശബ്ദത്താൽ, എന്റെ കുഞ്ഞേ നീയിങ്ങു വായെന്ന് ഏറെ കരുതലോടെ ഇരുകരങ്ങൾ നീട്ടി അമ്മ വിളിക്കുകയാണ്.
ചിന്മയിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
ഇത് ജീവിതത്തിൽ നിന്നുള്ള മടക്കമാണ്. ആരോടും പരാതിയില്ലാത്ത, ആരെയും ദ്രോഹിക്കാൻ അറിയാത്ത എന്നെപ്പോലെ ഒരാൾക്ക് പറ്റിയ ഇടമല്ല ഈ ഭൂമി.
ഹൃദയം അതിദ്രുതം മിടിക്കുന്നുണ്ട്. ശരീരമാകെ ഒരു വിറയൽ പടർന്നിരിക്കുന്നു. ഒരു പറവയെ പോലെ താഴേക്കവൾ പറന്നു
*********
നരേന്ദ്രൻ ആലോചിക്കുകയായിരുന്നു എന്തൊരു ഉത്തരവാദിത്വമില്ലായ്മയാണ് താൻ കാണിച്ചത്. ചിന്നുവിനെ അയാളുടെ കൈകളിൽ ഏൽപ്പിച്ചിട്ട് താൻ മടങ്ങി പോന്നാൽ മതിയായിരുന്നു.
ഇനി അയാളെ കാണാൻ അവൾക്ക് സാധിച്ചില്ലെങ്കിൽ ഈ രാത്രിയിൽ അവൾ എന്ത് ചെയ്യും
താൻ കുറച്ചുകൂടി പക്വത കാണിക്കേണ്ടതായിരുന്നു.
അയാൾ പെട്ടന്ന് വണ്ടി തിരിച്ചു.ഇപ്പോൾ അവളുടെ വീട്ടുകാർ അവളെ തിരക്കുന്നുണ്ടാകുമോ? ഹേയ് അതിന് വഴിയില്ല അവൾ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയെന്ന് പറയും.
മേനക എന്ന അവളുടെ ഇളയമ്മ എരിവും പുളിയും ചേർത്ത് നാട്ടിലാകെ ഓരോന്നും പറഞ്ഞു പരത്തും. അത്രേ ഉണ്ടാവൂ…
പക്ഷെ മാധവേട്ടന് ചിന്നുവിനെ ഇഷ്ട്ടമാണ് മൂന്ന് ആങ്ങളമാർക്കും കൂടെ അവൾ ഒരു പെങ്ങളെ ഉളളൂ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ചിന്നുവിനെ അധികം പുറത്തേക്കു കണ്ടിട്ടില്ലെങ്കിലും, അവളെ ചീത്തപറയുന്നതും, അവളുടെ കരച്ചിലും എല്ലാദിവസവും താൻ കേൾക്കാറുണ്ട്.
അതുകൊണ്ടാണ് ആ കുട്ടി രക്ഷപ്പെടുന്നെങ്കിൽ രക്ഷപെടട്ടെ എന്ന് വിചാരിച്ചത്.
നിറഞ്ഞു പുഷ്‌പ്പിച്ച കനകാമ്പര പൂവിന്റെ ചേലുള്ള ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു കാണാൻ കൊതി തോന്നി
ആ പെൺകുട്ടിക്ക് നല്ലത് മാത്രേ വരാൻ പാടുള്ളൂ. അവൾ സന്തോഷമായിരിക്കണം.
അവളെ അവനോടൊപ്പം ഒന്ന് കാണണം വെറുതെ…
അയാൾ വണ്ടി തിരിച്ചു.
പ്രഭയിൽ മുങ്ങിനിൽക്കുന്ന അമ്പലത്തിലും, പരിസരത്തും അവളെ തിരഞ്ഞു. കണ്ടില്ല.
ഒരു പക്ഷെ അവർ വീട്ടിലേക്ക് പോയിട്ടുണ്ടാകും..വലത് വശത്തെ തിരക്കൊഴിഞ്ഞ സ്ഥലത്തെ മരത്തിനു ചുവട്ടിൽ അയാൾ നിന്നു. മനസ്സിൽ എന്തോ ഒരു ഭാരം പോലെ….
പെട്ടന്നാണ് അയാൾ പൊടിമണ്ണിൽ കിടക്കുന്ന വെള്ളി പാദസരങ്ങൾ കണ്ടത്. ഇത് ചിന്നുവിന്റേതാണ് അയാൾ അത് കൈയിൽ എടുത്തു. ഈ വഴിയിലായിരിക്കും അവൾ പോയത്.
അയാൾ കൊലുസ് പോക്കറ്റിൽ ഇട്ടു.
അവളെ കണ്ട് ഇതും കൊടുത്തിട്ട് വരാം.
അയാൾ ഇടവഴിയിലൂടെ മുന്നോട്ടു നടന്നു..വഴിയിലെവിടെയും ഒറ്റ വീട് പോലും ഇല്ല.
എന്നിട്ടും അയാൾ മുന്നിലേക്ക് തന്നെ നടന്നു.
നടന്നു നടന്നയാൾ പാറക്കൂട്ടത്തിന് മുകളിൽ എത്തി താഴെ അഗാധമായ പാറയിടുക്ക്..അയാൾ പാറയുടെ മുകൾഭാഗത്തെ ഇത്തിരി നിരപ്പിൽ ഇരുന്നു.
മനസ്സിൽ വല്ലാത്തൊരു ശൂന്യത നിറഞ്ഞിരിക്കുന്നു.എന്തോ ഒന്ന് ഉള്ളിൽ തിക്കുമുട്ടി തന്നെ വേദനിപ്പിക്കുന്നു.
തനിക്ക് വഴി തെറ്റിയിരിക്കുന്നു.അവൾ ഇത് വഴിയല്ല വന്നത്.
ഇനി എന്നെങ്കിലും കണ്ടാൽ അവൾ തന്നോട് മിണ്ടുമോ, അയാൾ പോക്കറ്റിൽ നിന്നും പാദസരം പുറത്തെടുത്തു. കനകാംമ്പര പൂവിന്റെ ചേലുള്ള അവളുടെ പാദങ്ങളിൽ ചുംബിച്ചു കിടന്ന പാദസരം…
അയാൾ പതിയെ എഴുന്നേറ്റൂ…
പെട്ടന്നാരോ ചുമലിൽ തട്ടിയത് പോലെ അയാൾക്ക് തോന്നി..അയാൾ ഞെട്ടി തിരിഞ്ഞു നോക്കി.
ആരുമില്ല.അയാൾ ചുറ്റിലും നോക്കി.
എന്റെ മകൾ… എന്റെ മകൾ…എന്നൊരു വിതുമ്പൽ കേട്ടപോലെ.
അയാൾക്കൊരു ഉൾഭയം തോന്നി. നെറ്റിയിൽ വിയർപ്പുകണങ്ങൾ ഉരുണ്ടുകൂടി. അയാൾ തിടുക്കത്തോടെ മുന്നിലേക്കാഞ്ഞുനടക്കാൻ ശ്രെമിച്ചെങ്കിലും അയാൾക്ക് നടക്കാൻ കഴിഞ്ഞില്ല.
അയാൾ തിരിഞ്ഞു നോക്കി. ഇല്ല എല്ലാം തന്റെ തോന്നലാണ്.
പെട്ടന്ന് അയാളെ ആരോ കൈയിൽ പിടിച്ച് വലിച്ചത് പോലെ അയാൾക്ക് തോന്നി. അയാൾ പാറയുടെ അറ്റത്തു നിന്ന് താഴേക്ക് നോക്കി.
അവിടെ കണ്ട കാഴ്ച്ചയിൽ അയാൾ ഞെട്ടി വിറച്ചു.
താഴെ പാറയുടെ ചെറിയൊരു നിരപ്പ് പോലുള്ള ഭാഗത്ത് ബോധരഹിതയായ് തടഞ്ഞുകിടക്കുകയാണ് ചിന്നു.
ഒരൽപ്പം നീങ്ങിയാൽ പോലും അഗാധതയിലേക്ക് വീണ് പോകാം.
എന്ത് ചെയ്യണമെന്ന് അയാൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
നിലാവിന്റെ വെളിച്ചത്തിൽ അയാൾ ചുറ്റിലും തിരിഞ്ഞു നോക്കി. രക്ഷിക്കാൻ ഒരാൾ പോലും ഇങ്ങോട്ട് വരാൻ പോകുന്നില്ല. ഇടതു വശത്തായി അൽപ്പം ചരിഞ്ഞു നിൽക്കുന്ന ഭാഗത്ത് കൂടെ
അയാൾ ശ്രദ്ധയോടെ താഴെക്കിറങ്ങി.
സൂക്ഷ്മതയോടെ,ഒരാൾക്ക് നിൽക്കാൻ കഴിയുന്ന പാറയിടുക്കിൽ അയാൾ കാലുകൾ ഉറപ്പിച്ചു. ബോധരഹിതയായ ചിന്നുവിനെ എടുത്തുയർത്താൻ മാത്രമുള്ള ശക്തിയെടുക്കാനാവില്ല.
ഭാരമെടുക്കുമ്പോൾ ഒരുപക്ഷെ താനും താഴേക്ക് വീണ് പോയേക്കാം.
ആകെയുള്ള വഴി അവളെ വലിച്ചു തന്റെ കാൽച്ചുവട്ടിൽ എത്തിക്കുക എന്നതാണ്. താൻ നിൽക്കുന്നിടം, ചരിഞ്ഞ,മുകളിലേക്ക് കയറാൻ ബുദ്ധിമുട്ടില്ലാത്ത ഭാഗമാണ്. ഇവിടെ എത്തിച്ചു കഴിഞ്ഞാൽ അവളെ എടുത്തുയർത്തി മുകളിലേക്ക് അൽപ്പം ബുദ്ധിമുട്ടിയാലും നടന്നു കയറാം.
വലിക്കുമ്പോൾ ഒരുപക്ഷെ അവൾ ബോധം തെളിയുകയോ,ചരിയുകയോ ചെയ്താൽ താഴേക്ക് പോകും. അവളെ ഇവിടെനിന്നു ഇരു കൈകൾ കൊണ്ട് കൈയെത്തിച്ചു പിടിക്കാനും സാധിക്കില്ല.ഒരു കൈകൊണ്ടു പാറയുടെ ഒരു സൈഡിൽ പിടിച്ചില്ലെങ്കിൽ ബലം കൊടുത്ത് അവളെ വലിച്ചെടുക്കുമ്പോൾ താനും താഴേക്ക് വീണ് പോയേക്കാം.
വിധി അങ്ങനെയെങ്കിൽ അങ്ങനെതന്നെ നടക്കട്ടെ.
പാറയിടുക്കിൽ കാലുകൾ ഉറപ്പിച്ചു നിന്ന് അയാൾ അവളെ പതിയെ അരികിലേക്ക് വലിച്ചു നിരക്കി. പതിയെ അവളെ കൈകളിൽ പിടിച്ച് വലിച്ചെടുക്കുമ്പോൾ പാറയുടെ അരികുകളിൽ ഉരഞ്ഞ് അവളിൽ ഇടത് കൈയും, ഡ്രസ്സ് കാൽ മുട്ടിനുമുകളിലേക്ക് ഉയർന്നു പോയതിനാൽ ഇടതുകാലും മുറിഞ്ഞു. ര, **ക്തം കിനിയുന്നുണ്ട്.
അവളെ വലുച്ചെടുത്തു തോളിൽ കിടത്തി,മുകളിൽ എത്തിച്ചതും അയാൾ തളർന്നു വീണു.
ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുതോന്നുന്നുണ്ട്.അല്പ്നേരം അയാൾ ആ നിരപ്പിൽ കിടന്നു.
കൈകലുകൾക്കൊന്നും ഒരു ബലവും ഇല്ലാത്തതു പോലെ. അരികിൽ കിടക്കുന്ന ചിന്നുവിനെ അയാൾ കുലുക്കി വിളിച്ചിട്ടും അവൾ ഉണരുന്നില്ല. ഈശ്വരാ ഈ പറയിടുക്കിൽ ഇത്തിരി വെള്ളം എവിടെ കിട്ടും.
അയാൾ പതിയെ അവളുടെ കവിളിൽ പിടിച്ചുലച്ചു.
ചിന്നൂ…..
ഇല്ല അനങ്ങുന്നുപോലുമില്ല.
എന്ത് ചെയ്യണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു.
അയാൾ അവളുടെ ഇരുകവിളിലും മാറി മാറി പതിയെ അ **ടിച്ചു…
ചിന്നൂ….മോളേ കണ്ണ് തുറക്ക്….
ചിന്നൂ….
അവൾ മെല്ലെ കണ്ണുകൾ ചിമ്മി തുറന്നു.
പെട്ടന്ന് ചാടിയെഴുന്നേറ്റ് ചുറ്റിലും നോക്കി. ഒടുവിൽ അയാളിൽ അവളുടെ കണ്ണുകൾ തറഞ്ഞു.
എന്നോട് എന്തിനീ ചതി ചെയ്തു. രക്ഷപെടാനുള്ള എന്റെ അവസാന ശ്രമം നിങ്ങളായിട്ട് ഇല്ലാതാക്കി.
എന്തിനാണ് എന്നെ രക്ഷിച്ചത്?
ഭ്രാന്തമായി അയാളെ പിടിച്ചുലച്ചു കൊണ്ട് അവൾ ചോദിച്ചു. പെട്ടന്നവളുടെ മുഖം വേദന കൊണ്ട് ചുളിയുന്നതും, ഇടത്തെ കൈ പതിയെ നേരെ വയ്ക്കുന്നതും നരേന്ദ്രൻ ശ്രെദ്ധിച്ചു.
എന്ത് പറ്റി കൈ കാണിച്ചേ..
മാറിപ്പോ…. അവൾ ചീറി.
പിന്നെ പൊട്ടിപ്പൊട്ടി കരഞ്ഞു.
നിമിഷങ്ങൾ കടന്ന് പോയി.
ചിന്നൂ…ആർദ്രമായി അയാൾ വിളിച്ചു.
എന്താ കുട്ടിക്ക് ഇങ്ങനെ തോന്നാൻ?
അതിനും മാത്രം എന്ത് സംഭവിച്ചു?
അവൾ തലയുയർത്തി… ഇനിയും അടർന്നു തീർന്നിട്ടില്ലാത്ത കണ്ണുനീർ തുള്ളികൾ നിലാവിൽ തിളങ്ങുന്നത് അയാൾ കണ്ടു.
ആരെയോ ഇഷ്ട്ടപെടുന്നു എന്നും ഇവിടെ കൊണ്ടാക്കണമെന്നും കുട്ടിയല്ലേ പറഞ്ഞത് എന്നിട്ട് ഇപ്പോൾ എന്ത് പറ്റി?
ഞാൻ ആരെയും സ്നേഹിക്കുന്നില്ല. അങ്ങനൊരാൾ ഉണ്ടെന്ന് പറഞ്ഞത് കൊണ്ടല്ലേ എനിക്കവിടെ നിന്നും പോരാൻ കഴിഞ്ഞത്. അല്ലെങ്കിൽ അവർ എന്നെ ആരുടെയെങ്കിലും കൂടെ കെട്ടിച്ചയക്കും, ചിലപ്പോൾ നിങ്ങൾ, അല്ലെങ്കിൽ വീട്ടിൽ പശുവിനെ കറക്കാൻ വരുന്ന രാമുവേട്ടൻ,അങ്ങനെ ആരുമാകാം.
ഇന്നാ…എന്റെ വീട്ടിൽ ഒരുപയോഗവും ഇല്ലാത്ത ഒരു വസ്തുവുണ്ട് വേണമെങ്കിൽ നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ ഇതിനെ എടുത്തോ എന്ന ലാഘവത്തോടെ എന്നെ കാശ് മുടക്കില്ലാതെ ആക്രി കൊടുക്കും പോലെ നൽകും.
അവൾ ഒന്ന് ചിരിച്ചു.
നിങ്ങൾക്കറിയുമോ പത്തു വയസുവരെ രാജകുമാരിയെ പോലെയാണ് ഞാൻ ജീവിച്ചത്. വീട്ടിൽ ധാരാളം ജോലിക്കാർ. പണക്കാരനായ അച്ഛൻ, അച്ഛനെ അനുസരിക്കാൻ മാത്രം അറിയുന്ന അമ്മ, ജീവന് തുല്യം ഞാൻ സ്നേഹിക്കുന്ന എന്റെ ഏട്ടൻ.
തിരിച്ചറിവ് തുടങ്ങിയ കാലത്തെ എന്റെ ഏറ്റവും വലിയ സംശയം ,എന്തിനാണ് അച്ഛന്റെ മുറിയിൽ നിന്നും ചില ജോലിക്കാരി ചേച്ചിമാർ കരഞ്ഞു കൊണ്ട് ഇറങ്ങി വരുന്നത് എന്നാണ്
അമ്മയോട് ചോദിക്കുമ്പോൾ കണ്ണ് നിറച്ചമ്മയെന്നെ നോക്കും.
അങ്ങനെയിരിക്കെ പാടത്തെ പണിക്ക് വന്ന ഒരു സ്ത്രീ വീട്ടിൽ അമിത സ്വാതന്ത്രം എടുക്കുന്നത് എനിക്കു ഇഷ്ടമായില്ല.
അതിന്റെ പേരിൽ അമ്മ അച്ഛനോട് കയർത്തു സംസാരിക്കുന്നത് ആദ്യമായി ഞാൻ കണ്ടു. പിന്നെപ്പിന്നെ വഴക്ക് നിത്യ സംഭവമായി. ഒരു ദിവസം സ്കൂൾ വിട്ട് വന്ന ഞാൻ കാണുന്നത് അച്ഛന്റെ തൊ, ഴി കൊണ്ട് മുറ്റത്തേക്ക് തെറിച്ചു വീഴുന്ന അമ്മയെയാണ്.
അമ്മയ്‌ക്കരികിലേക്ക് ഓടി എത്തിയ എന്നെയും ഏട്ടനേയുംഅച്ഛൻ പിടിച്ച് മാറ്റി.
ഇറങ്ങി പോ, ടീ… എന്ന അലർച്ചയിൽ ഞെട്ടിവിറച്ച് പാവം എന്റെ അമ്മ .
എന്റെ കുഞ്ഞുങ്ങൾ… എന്റെ കുഞ്ഞുങ്ങളെ എനിക്ക് വേണം എന്ന് പറഞ്ഞമ്മ കരഞ്ഞത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
ഇവരെ ഞാൻ വിട്ടുതരില്ല, നീ പോകാൻ നോക്ക് എന്ന് പറഞ്ഞ് അച്ഛൻ ഞങ്ങളെ അകത്തു കയറ്റി. കുതറിപ്പിടഞ്ഞു കരയുന്ന ഞങ്ങളെ അച്ഛൻ ബലമായി പിടിച്ച് നിർത്തി.
വീടിന്റെ നേർക്കു തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി അമ്മ കരഞ്ഞു കൊണ്ട് പോകുന്നത് ഇപ്പോഴും എന്റെ കണ്ണിലുണ്ട്.
അന്ന് പോയ അമ്മ ഇവിടെ അമ്മയുടെ നാട്ടിൽ, ഇതാ ഇവിടുന്നു ചാടി ജീവിതം അവസാനിപ്പിച്ചു. പാവപ്പെട്ട കുടുംബത്തിലെ സുന്ദരിയായ അമ്മയെ കണ്ടിഷ്ടപ്പെട്ടു സ്വന്തമാക്കിയതാണ് അച്ഛൻ.എന്നിട്ട് ഒരു പണിക്കാരി പെണ്ണിൽ മയങ്ങി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ആ മനുഷ്യനോട് അന്ന് വെറുപ്പ് തോന്നി.
പിന്നെ മേനകയെന്ന ആ സ്ത്രീ വീട്ടിൽ താമസമാക്കി.
എന്റെ ഒരേ ഒരു ആശ്വാസം എന്റെ ഏട്ടനായിരുന്നു. പക്ഷെ തുടർപഠനത്തിന്റെ പേരും പറഞ്ഞ് ഏട്ടൻ ദൂരെയുള്ള കോളേജിൽ ചേർന്ന്, ഹോസ്റ്റലിൽ തമാസവുമാക്കി. സ്വന്തം കാര്യം നോക്കാൻ ഏട്ടൻ അന്നേ ശീലിച്ചിരുന്നു. പക്ഷെ ഒരു പത്തുവയസുകാരിക്ക് എന്ത് ചെയ്യാൻ പറ്റും, എങ്ങോട്ട് പോകാൻ കഴിയും.
പിന്നീട് അച്ഛന് മേനകയിൽ ഒരാൺകുട്ടി ജനിച്ചു ഗൗതം… എന്റെ അച്ഛന്റെ കുഞ്ഞല്ലേ ഞാനവന് ചേച്ചിയായി. രണ്ടു കൊല്ലം കഴിഞ്ഞ് ഗോകുൽ ജനിച്ചു.അപ്പോൾ അവനെ നോക്കാനായി ആ സ്ത്രീ എന്റെ പഠിപ്പ് വരെ നിർത്തി. കുഞ്ഞിനെ ജോലിക്കാരികൾ നോക്കിയാൽ ഒക്കില്ലത്രേ.
സ്കൂളിൽ നിന്നും ടീച്ചർ വന്ന് പറഞ്ഞതുകൊണ്ട് മാത്രം ഗോകുലിനു നാല് മാസം പ്രായം ആയതോടെ എന്നെ തുടർന്ന് പഠിക്കാൻ അയച്ചു. പക്ഷെ പ്ലസ്ടു കഴിഞ്ഞ്എന്നെ പഠിക്കാൻ വിട്ടില്ല.
അതൊക്കെ ഞാൻ ക്ഷമിച്ചു. വീട്ടിൽ തന്നെ ഒതുങ്ങി കൂടി. അല്ലെങ്കിലും എത്രയോ പണ്ടേ എന്റെ ആഗ്രഹങ്ങൾ എല്ലാം അവസാനിച്ചതാണ്. മരിക്കാൻ പേടിയുള്ളത് കൊണ്ട് മാത്രം അതിന് തുനിയാതെ, പഴികൾ മാത്രം കേൾക്കാനായി ജീവിച്ചു.
ചിന്നുവിന് നല്ലത് പറഞ്ഞൂടാരുന്നോ അവരോട്. ഒന്നും മിണ്ടാതെ ഇരുന്നതുകൊണ്ടാണ് ക്ഷമിക്കും തോറും അവർ തലയിൽ കയറിയത്.
ശരിയായിരിക്കും .ഒരാള് പോലും മനസിലാക്കാനില്ലാത്ത, ഒന്ന് മിണ്ടാൻ പോലും ആരുമില്ലാത്ത, ഒരിത്തിരിപോന്ന സ്നേഹത്തിന്റെ കണിക പോലും കിട്ടാത്ത ഒരു മനുഷ്യന്റെ വേദന ഒരാൾക്കും പറഞ്ഞാൽ മനസിലാകില്ല.
ഒന്നും ആരോടും പറഞ്ഞ് നേടാനുള്ള കഴിവൊന്നും എനിക്കില്ല.
കഴിഞ്ഞ ആഴ്ച്ച.അച്ഛൻ അച്ഛമ്മയുടെ കുറേ ആഭരണങ്ങൾ എന്നെ കാണിച്ചു.എല്ലാം നിന്റെ വിവാഹത്തിനാണ്.നിനക്ക് വിവാഹലോചനകൾ തുടങ്ങി എന്ന്.
പക്ഷെ മേനക എന്ന ആ സ്ത്രീക്ക് എനിക്കായി അച്ഛൻ കരുതിയ ആഭരണങ്ങൾ എങ്ങനെയെങ്കിലും കൈക്കലാക്കണം.അച്ഛന്റെ സ്വത്തുക്കൾ അവരുടെ മക്കൾക്കായി മാത്രം കിട്ടണം.
അതിന് വേണ്ടിയാണ് അവർ എന്നെ മോശക്കാരിയാക്കിയതും.ആരുടെയെങ്കിലും കൂടെ ഒരു ചിലവും ഇല്ലാതെ, എങ്ങനെയെങ്കിലും കെട്ടിച്ചയക്കാൻ നോക്കുന്നതും
അതിനായി അവർ കണ്ടെത്തിയ കാരണം അച്ഛനോടവർ പറയുന്നത് ഞാൻ നേരിട്ട് കേട്ടു.ഞാൻ…. ഞാൻ… ചീത്ത പെൺകുട്ടിയാണെന്ന്. അതും കൂടി താങ്ങാൻ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് എന്റെ അമ്മ ജീവിതം അവസാനിപ്പിച്ച ഇതേ ഇടത്തിൽ, ഞാൻ എന്റെ ജീവിതവും തീർക്കാൻ നോക്കിയത്.
അതാണ് നിങ്ങൾ കാരണം നടക്കാതെ പോയത്.
പറഞ്ഞു കഴിഞ്ഞതും അവൾ വീണ്ടും പൊട്ടിക്കരഞ്ഞു….
അയാൾ ഒന്നും മിണ്ടിയില്ല.കരയട്ടെ സങ്കടങ്ങൾ അല്പ്പമെങ്കിലും കുറയട്ടെ
ഏങ്ങലടിയിൽ വിറക്കുന്ന അവളുടെ ഉടൽ… അവളെ ചേർത്തണച്ച് കരയരുത് എന്ന് പറയാൻ അയാൾക്ക് തോന്നി.
പാടില്ല… ഒരു കൊച്ചു പെൺകുട്ടിയാണ്. അവളെ കൺനിറയെ നോക്കുവാനുള്ള യോഗ്യത പോലും തനിക്കില്ല.അത് താൻ മറക്കാൻ പാടില്ല.
ചിന്നൂ… അയാൾ മെല്ലെ വിളിച്ചു.
ഇപ്പോൾ ചിന്നു മരിക്കാൻ കാണിച്ച ഈ ധൈര്യം ഇല്ലേ അത് മതി ജീവിക്കാൻ
തന്റെ അമ്മയെ ഇല്ലാതാക്കാൻ കാരണക്കാരായ, തന്നെ ജീവിക്കാൻ അനുവദിക്കാത്ത ആളുകളോട് തനിക്ക് ഒന്നും തോന്നുന്നില്ലേ…വെറുതെയങ്ങ് മരിച്ച് കളയുന്നത് മണ്ടത്തരമല്ലേ….
ചിന്നു ഒന്നും മനസിലാകാതെ അയാളുടെ മുഖത്തേക്ക് നോക്കി.
പക വീട്ടാനുള്ളത് വീട്ടുക തന്നെ വേണം.അല്ലാതെ മടിച്ചിയായി സ്വയം അങ്ങ് ഒടുങ്ങുവല്ല വേണ്ടത്.
തന്റെ വീടിന്റെ അവകാശിയായി അവരങ്ങനെ വിലസാൻ പാടുണ്ടോ. അവരെ വന്ന വഴിയിലൂടെ ഓടിക്കണം. അവർ പണ്ട് എന്തായിരുന്നുവോ അതിൽ തന്നെ അവർ എത്തണം.
അവളുടെ മുഖത്ത് ഒരു ധൈര്യം നിറയുന്നത് നിലാവിൽ അയാൾ വ്യക്തമായി കണ്ടു
കുട്ടി വാ..അയാൾ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.
നടക്കുമ്പോൾ വേദന കൊണ്ട് അവളുടെ മുഖം ചുളിയുന്നുണ്ടായിരുന്നു.
വേദനയുണ്ടല്ലേ,സാരമില്ല.
ചേട്ടനത് പറയാം, വേദനിക്കുന്നത് എനിക്കല്ലേ
വേണ്ടാത്ത പണിക്കു നിന്നിട്ടല്ലേ. അയാൾ പിറുപിറുത്തു.
എന്താ പറഞ്ഞത്…?
ഒന്നുമില്ല. വേഗം നടക്ക്.
അയാൾ പതിയെ അവളുടെ കൈയിൽ പിടിച്ച് നടത്തി.
വണ്ടിയിൽ കയറിയിരിക്കുമ്പോൾ അവൾ ആയാളുടെ മുഖത്തേക്ക് നോക്കി. മുഖത്ത് അവിടവിടെയായി ര, ക്തം പൊടിഞ്ഞിട്ടുണ്ട്.
അയ്യോ മുഖത്ത് മു, റിവ് ഉണ്ടല്ലോ.
പിന്നെ പത്തമ്പത്തിരണ്ട് കിലോയോളം ഭാരവും തോളിലിട്ട് അവിടുന്ന് രക്ഷപെടാൻ പെട്ട പാട് എനിക്കെ അറിയൂ. പാറയുടെ മൂർച്ചയുള്ള ഭാഗം ഉരയുമ്പോൾ ചോ, ര പൊടിഞ്ഞെന്നിരിക്കും.
ഞാൻ പറഞ്ഞില്ലല്ലോ എന്നെ രക്ഷിക്കാൻ.
അല്ല… ഈ..തലയൊക്കെ പൊട്ടി, എല്ലൊക്കെ ഒടിഞ്ഞു നുറുങ്ങി, ചുമ്മാ ചിത്തറിത്തെറിച്ച് പോകുന്നതാണോ നല്ലത്. വല്ല കുറുക്കന്മാരും ക, ടിച്ചു വ, ലിച്ചു തിന്നും. പിന്നെ ബാക്കിയുള്ളത് വല്ല ക, ഴുകൻമാരും കൊ, ത്തിവലിച്ച്….
ഓഹ്…ഒന്ന് മിണ്ടാതിരിക്ക് അവൾ ചെവി പൊത്തിപ്പിടിച്ചു.
അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അവളുടെ വീടിനു മുന്നിൽ വണ്ടി നിർത്തിയതും. മാധവൻ ഓടിവന്നു
എടാ നാ, * യെ….എന്റെ മകളെ നീ എവിടെയാടാ കൊണ്ടുപോയത്, എന്താടാ നീയവളെ ചെയ്തത്…..
അയാൾ നരേന്ദ്രന്റെ കഴുത്തിനു കുത്തിപ്പിടിച്ചു.
നരേന്ദ്രൻ ബലമായി മാധവന്റെ കൈകൾ പിടിച്ച് മാറ്റി.
ഞാൻ ഒന്നും ചെയ്തില്ല.അമ്മ ജീവനൊടുക്കിയിടത്തു തന്നെ മകളും പോയി, സ്വന്തം ജീവൻ കളയാൻ.
ചിന്നൂ… മാധവൻ ഇടർച്ചയോടെ അവളെ വിളിച്ചു.
മരിക്കാൻ പോയ നിങ്ങളുടെ മകളെ രക്ഷിക്കുകയാണ് ഞാൻ ചെയ്തത്.
അല്ലാതെ പെണ്ണിനെ കണ്ടാലുടൻ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന ചില വൃത്തിക്കെട്ടവന്മാരുടെ ചിന്താഗതിയല്ല എനിക്കുള്ളത്.
ഇടയ്ക്കൊക്കെ കണ്ണ് തുറന്ന് വീട്ടിലുള്ളവരെ കൂടി ഒന്ന് നോക്കണം.
നരേന്ദ്രൻ വെട്ടിത്തിരിഞ്ഞു നടന്നു പോയി.
ചിന്മയി അയാളെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു.
ഓഹ്…വന്നോ എവിടെ അഴിഞ്ഞാടാൻ പോയിട്ട് വന്നതാടി?
മേനക അവൾക്കരികിലേക്ക് പാഞ്ഞടുത്തു.
നിനക്ക് തോന്നുമ്പോൾ ഇറങ്ങി പോകാനും, കയറി വരാനും ഇത് സത്രമല്ല.
അറിയാം.ഇത് സത്രമല്ല എന്റെ വീടാണ്.ഇവിടെ എപ്പോൾ വരണം എപ്പോൾ പോകണം എന്ന് ഞാൻ തീരുമാനിക്കും.അതോർത്ത് ആരും വിഷമിക്കണ്ട. അവളുടെ മുഖത്തെ കൂസലില്ലായ്മ മേനകയെ ഞെട്ടിച്ചു.
ചിന്മയി തന്റെ മുറിയിലേക്ക് നടന്നു. ശരീരമാകെ നല്ല വേദന തോന്നുന്നുണ്ട്. കൈകളിലെ മുറിവ് അല്പം വലുതാണ്. അവൾ മരുന്നെടുത്തു പുരട്ടി
കട്ടിലിലേക്ക് കിടന്നു.വയ്യാ ഇനിയൊന്നിനും വയ്യ. കിടന്നതും അവൾ ഉറങ്ങി പോയി.അത്രമേൽ അവൾ തളർന്നിരുന്നു.
**********
നേരം നന്നായി പുലർന്നിട്ടാണ് അവൾ എഴുന്നേറ്റത്.
ക്ഷീണമൊക്കെ നന്നായി മാറിയിട്ടുണ്ട്. ഒരുപാട് നാളുകൾക്കു ശേഷം ഇന്നലെയാണ് ഒന്നുമോർക്കാതെ ബോധം കെട്ടപോലെ കിടന്നുറങ്ങിയത്.
പല്ല് തേച്ച്,ഇളം ചൂടുവെള്ളത്തിൽ കുളിച്ച് കഴിഞ്ഞപ്പോൾ ഒരുന്മേഷം തോന്നുന്നുണ്ട്.
അവൾ അടുക്കളയിലേക്ക് നടന്നു
ഓഹോ തമ്പുരാട്ടി എഴുന്നെള്ളിയോ മേനക ദേഷ്യത്തോടെ ചോദിച്ചു.
കറവക്കാരൻ പാല് പിന്നാമ്പുറത്തെ വരാന്തയിൽ വച്ചിട്ടുണ്ട്.അത് വീടുകളിൽ കൊടുക്കാനുള്ളത് അളന്നു മാറ്റി വയ്ക്ക്. അവർ പറഞ്ഞു.
അത് നിങ്ങൾക്ക് ചെയ്തു കൂടെ…അവൾ ചോദിച്ചു.
എന്നോട് എതിര് പറയാറായോ നീ?
അതിന് നിങ്ങൾ ഏതാ? പാടത്തെ പണിക്ക് വന്ന പണിക്കാരി വീട്ടിൽ ഭരണം നടത്തണ്ട.
അവൾ പറഞ്ഞത് കേട്ട് മേനകയുടെ കണ്ണ് മിഴിഞ്ഞു.
ചിന്മയി അവരെ ശ്രദ്ധിക്കാനേ പോയില്ല. രാധചേച്ചി ചൂടോടെ ഒരു ഗ്ലാസ്സ് കട്ടൻ തന്നേ. അടുക്കളയിൽ സഹായത്തിനു നിൽക്കുന്ന രാധയോട് അവൾ പറഞ്ഞു.
രാധേ…നിന്നെ ജോലിക്കു നിർത്തിയത് എന്നെ സഹായിക്കാൻ വേണ്ടിയാണ്. ഞാൻ പറയുന്നത് നീ കേട്ടാൽ മതി മേനക പറഞ്ഞു.എന്നോട് എതിര് പറഞ്ഞ അവൾക്ക് ഇന്ന് ചായ വേണ്ടാ
ഇതെന്റെ വീടാണ് ഇവിടെ ഞാൻ പറയുന്നതാണ് കേൾക്കേണ്ടത്.
അല്ലാത്തവർക്ക് ഇവിടുത്തെ ജോലി മതിയാക്കി തിരിച്ചു പോകാം.ചിന്മയി പറഞ്ഞു.
രാധ ചെറു ചിരിയോടെ ചായ അവൾക്കു കൊടുത്തു. അത് കണ്ടതും മേനക ചവിട്ടിത്തുള്ളി മുറിയിലേക്ക് പോയി.
കലക്കി മോളേ. രാധ അവളോട് പറഞ്ഞു. ഇത് ഇച്ചിരി നേരത്തെ ആകാമായിരുന്നു.
ഓരോന്നിനും ഒരു സമയമുണ്ട് രാധേച്ചി. അവൾ പുഞ്ചിരിയോടെ പറഞ്ഞു.
ഗൗതം ഇരുന്ന് പഠിക്കുകയാണ്, ഗോകുൽ മോൻ മുറ്റത്തൂടെ ഓടിക്കളിക്കുകയാണ്.
ചിന്മയിയെ അവർക്ക് ജീവനാണ്. തിരിച്ചു് ചിന്മയിക്കും അങ്ങനെ തന്നെയാണ്.അമ്മ വേറെയെങ്കിലും അവരും തന്റെ അച്ഛന്റെ കുഞ്ഞുങ്ങളാണ്. മേനകയുടെ സ്വഭാവം ഒന്നും കുട്ടികൾക്കു കിട്ടിയിട്ടില്ല.അത് തന്നെ ഭാഗ്യം.
അവൾ ഗൗതമിനെ പഠിക്കാൻ സഹായിച്ചു.
ഗോകുൽ മോന് ഏത്തപ്പഴം നെയ്യിൽ വാട്ടി പഞ്ചസാര ചേർത്ത് നൽകി. അവൾ കൊടുത്താലേ അവൻ കഴിക്കൂ…
രാവിലെ എന്താ രാധേച്ചി കഴിക്കാൻ?
ഇന്ന് ദോശയാ മോളേ ചഡ്ഡ്നിയും, സാമ്പാറും ഉണ്ട് മോൾക്ക് ഏതാ വേണ്ടത്.
രണ്ടും എടുത്തോ. ഞാൻ ഇപ്പോൾ വന്നേക്കാം.
അവൾ മുറ്റത്തെ തുളസി ചെടിക്ക് വെള്ളം ഒഴിച്ചിട്ട് കയറി വന്നപ്പോഴേക്കും.
പതിവ് പോലെ മേനക അവൾക്കുള്ളത് വിളമ്പി അടുക്കളയിൽ വച്ചിരുന്നു.
സാദാരണ അവൾ അടുക്കളയിൽ തന്നെയിരുന്നാണ് കഴിക്കുന്നത്.
മേനക വിളമ്പി വച്ചത് അവൾ നോക്കിയത് പോലുമില്ല.
അച്ഛനൊപ്പം കസേര വലിച്ചിട്ടിരുന്നു.
രാധേച്ചി എനിക്കുള്ള ഭക്ഷണം എടുത്തോളൂ കേട്ടോ. അവൾ വിളിച്ചു പറഞ്ഞതും.രാധ ഭക്ഷണം കൊണ്ടുവന്ന് വിളമ്പി അവൾക്കു കൊടുത്തു.
അത് കണ്ടതും മേനകയ്ക്ക് ദേഷ്യം ഇരച്ചുകയറി. മാധവൻ ഇരിക്കുന്നത് കൊണ്ട് മാത്രം അവൾ ഒന്നും പറഞ്ഞില്ല.
നരന്ത് പെണ്ണിന് ഇപ്പോൾ എന്തൊരു ധൈര്യമാണ്.
അവൾ ഒന്നും ശ്രദ്ദിക്കാതെ കഴിച്ചുകൊണ്ടിരുന്നു.
മാധവൻ തലയുയർത്തി അവളെ നോക്കി. അവൾ തന്നോട് സംസാരിച്ചിട്ട് എത്രയോ നാളുകൾ ആയി. അവളുടെ അമ്മ പോയതിൽ പിന്നെ അച്ഛാ എന്ന് തന്നെ വിളിച്ചിട്ട് പോലുമില്ല. തനായിട്ട് എന്തെങ്കിലും പറഞ്ഞാലും അവൾ ശ്രദ്ദിക്കാറുമില്ല.
പലപ്പോഴും മേനക അവളെ ശക്കാരിക്കുന്നത് കേട്ടിട്ടും, അതൊക്കെ അവഗണിക്കുകയായിരുന്നു തന്റെ പതിവ്.
പക്ഷെ അവൾ സഹിക്കാവുന്നതിലും അപ്പുറം നോവുകൾ അനുഭവിക്കുന്നുണ്ടെന്നു താനറിഞ്ഞില്ല. മോൾ പറഞ്ഞതും ഇല്ല.
അവൾ അച്ഛാ എന്നൊന്ന് വിളിക്കുന്നത് കേൾക്കാൻ അയാൾക്ക് പെട്ടന്ന് കൊതി തോന്നി.
അവൾ വേഗം കഴിച്ചെഴുന്നേറ്റൂ…അയാളുടെ മുഖത്ത് പോലും നോക്കാതെ അവൾ കഴിച്ച പാത്രവും എടുത്ത് അടുക്കളയിലേക്ക് നടന്നു.
മേനക അടുക്കളയിൽ രാധക്ക് നിർദേശങ്ങൾ കൊടുക്കുകയായിരുന്നു.
ഉച്ചക്കത്തേക്ക് പോർക്ക് റോസ്റ്റ് ചെയ്തതും, പുഴമീൻ കറിവച്ചതും വേണം. കൂടാതെ കുറച്ച് രസം കൂടി ഉണ്ടാക്കണം.
ശരി. രാധ പറഞ്ഞു.
രാധേച്ചീ….ഇന്ന് ഈ പറഞ്ഞതൊന്നും ഉണ്ടാക്കേണ്ട. പച്ചക്കറി മാത്രം ഉണ്ടാക്കിയാൽ മതി. ഓരോ ദിവസവും വേണ്ടുന്നത് എന്താണെന്നു ഞാൻ പറഞ്ഞു തന്നോളാം. അതനുസരിച്ചുണ്ടാക്കിയാൽ മതി.
എടീ… നീയാരാടി ഇതൊക്കെ പറയാൻ. ഞാൻ പറയുന്നതേ ഇവിടെ നടക്കൂ
മേനക ഉറഞ്ഞു കൊണ്ട് അവൾക്കു മുന്നിൽ നിന്നു.
ചിന്മയി കൈകൾ കെട്ടി അവർക്ക് മുന്നിൽ നിന്നു.
ഇതൊക്കെ പറയാൻ നിങ്ങൾ ആരാ?അവൾ ചോദിച്ചു.
ഞാൻ നിന്റെ അച്ഛന്റെ ഭാര്യയാണ്.
ചിന്മയി ഉറക്കെ പൊട്ടിച്ചിരിച്ചു. അതിന് നിങ്ങളെ എന്റച്ഛൻ വിവാഹം കഴിച്ചിട്ടുണ്ടോ? എന്ററിവിൽ അങ്ങനൊരു വിവാഹം നടന്നിട്ടില്ല.
വിവാഹം നടന്നില്ലെങ്കിലും ഞാൻ മാധവേട്ടന്റെ ഭാര്യയാണ്.അവർ ഉറക്കെ പറഞ്ഞു.
നിങ്ങൾ ഭാര്യയല്ല. വെറും വെ, പ്പാ, ട്ടിയാണ്. ചിന്മയി മേനകയുടെ ചെവിക്കരുകിൽ പതിയെ പറഞ്ഞു
മേനകയുടെ മുഖം വിവർണ്ണമായി. അതുകൊണ്ട് നിങ്ങൾ മംഗലത്തുതറവാട്ടിൽ കയറി കൊച്ചമ്മ ചമയണ്ട മനസിലായില്ലേ….
ചിന്മയി മുറിയിലേക്ക് നടന്നു.
കട്ടിലിൽ ഇരുന്നതും അവൾ ഒരു ദീർഘനിശ്വാസം വിട്ടു. ഇത്രയൊക്കെ ഒരാളോട് പറയാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നോ. ഇല്ല ഇത് മറ്റൊരാൾ പകർന്നു തന്ന ധൈര്യമാണ്.
മരണത്തിൽ നിന്ന് പോലും കൈപിടിച്ച് കയറ്റാൻ മാത്രം അയാൾക്ക് താൻ ആരായിരുന്നു?
അറിയില്ല.
പക്ഷെ അയാളെ ഓർക്കുമ്പോൾ, മഴനനഞ്ഞു തൂവൽ കുതിർന്ന കുഞ്ഞിക്കിളിക്ക് വെയിൽ കായുമ്പോൾ തോന്നുന്ന ആ ഒരു സുഖംതോന്നുന്നു , തൂവലുകൾ ചിക്കിയുണക്കി അകലേക്ക് പറക്കാൻ മോഹിക്കുന്ന ആ കുഞ്ഞിക്കിളിയാണ് താനെന്ന് അവൾക്ക് തോന്നി.
****************
മേനക മുറിയിലൂടെ ഉഴറി നടക്കുകയായിരുന്നു. ചിൻമയിയെ ഇങ്ങനെ വിട്ടാൽ ശരിയാകില്ല. എല്ലാം തന്റെ കൈവിട്ടു പോകും.
പാടില്ല. ഒന്നും നഷ്ട്ടപ്പെടാൻ പാടില്ല. ഇന്നലെ കൊണ്ട് അവളുടെ ശല്യം തീർന്നെന്നു കരുതി. പക്ഷെ….
എന്റെ കുഞ്ഞുങ്ങൾക്ക് മാത്രമുള്ളതാണ് മംഗലത്തു തറവാടും സ്വത്തുക്കളും, അതിന് മറ്റൊരു അവകാശി വേണ്ടാ.
അതിന് വേണ്ടി എന്ത് വേണമെങ്കിലും താൻ ചെയ്യും
വഴിയരുകിലെ കണ്ണായസ്ഥലത്തെ പതിനാല് ഏക്കർ സ്ഥലം മാധവേട്ടന്റെ അമ്മ മരിക്കും മുൻപ് ചിന്മയിയുടെ പേരിൽ എഴുതി വച്ചിട്ടുണ്ട്. അത് കൈവിട്ട് പോയതിൽ താൻ ഒത്തിരി വിഷമിച്ചിട്ടുണ്ട്.
പക്ഷെ അത് പോട്ടേ, ഈ വീടും ചുറ്റിലുമുള്ള സ്ഥലവും കോടികൾ വിലമതിക്കുന്നതാണ്. അതിന് അവകാശം തന്റെ രണ്ട് മക്കൾക്കും മാത്രമുള്ളതാണ്.
അതിൽ അവൾ പിടിമുറുക്കൻ പാടില്ല.വേണമെങ്കിൽ അവളെ തീർത്തു കളയാനും താൻ മടിക്കില്ല.
എന്തോ വീഴുന്ന ശബ്‌ദം മേനകയെ ചിന്തയിൽ നിന്നുണർത്തി. പണിക്കാർ തേങ്ങ കൊണ്ടുവന്ന് പിന്നാമ്പുറത്ത് കൂട്ടിയിടുന്ന ശബ്‌ദമാണ്.
പണിക്കാർക്ക് നിർദേശങ്ങൾ നൽകിക്കൊണ്ട് രഘു നിൽപ്പുണ്ട്. അവനാണ് തെങ്ങിൻതോപ്പിലെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങൾ ആയി അവൻ ഇവിടെയുണ്ട്.
പിന്നിലെ വരാന്തയിൽ നിന്ന ചിന്മയിയോട് ദേ… പെണ്ണേ ഈ കൊണ്ടുവന്ന് ഇടുന്ന തേങ്ങ എണ്ണി എത്രയുണ്ടെന്ന് എന്നോട് പറയണം. ഞാനൊന്നു കുളിച്ചിട്ട് വരാമെന്ന് പറഞ്ഞു രഘു മുഖത്തെ വിയർപ്പ് ഒപ്പിക്കൊണ്ട് കിണറ്റിൻ കരയിലേക്ക് നടന്നു
അതേ.. നിങ്ങൾ അവിടൊന്നു നിന്നേ. അവൾ ഉറക്കെ പറഞ്ഞു.
എന്താടി…
എന്നെ എ, ടീ പോ, ടീ എന്ന് വിളിക്കാൻ തനിക്ക് എന്തവകാശം. മേലിൽ ആവർത്തിക്കരുത്. പിന്നെ നിങ്ങൾ ഈ തേങ്ങകൾ എത്രയുണ്ടെന്ന് എണ്ണി എന്നോട് പറയണം. മാത്രമല്ല കഴിഞ്ഞ പ്രാവിശ്യത്തെ കണക്കുകൾ എല്ലാം എന്നെ കാണിക്കുകയും വേണം.
അതൊക്കെ ഞാൻ എന്റെ ചേച്ചിയെ കാണിച്ചോളാം.അയാൾ ദേഷ്യത്തോടെ പറഞ്ഞു.
ഇതൊന്നും നിന്റെ ചേച്ചിയുടെ അല്ല. കണക്കുകൾ എന്നെ കാണിച്ചാൽ മതി.
അത് പറയാൻ നീയാരാടീ…
അവൾ വരാന്തയിൽ ഇരുന്ന വാ ക്ക, ത്തി കൈയിൽ എടുത്തു.
ഇനിയൊരിക്കൽ കൂടെ എന്നെ എടീ എന്ന് വിളിച്ചാൽ തന്റെ നാവ് ഞാൻ അ രി യും. ഇറങ്ങി പൊക്കോണം ഇവിടുന്ന്. അതല്ല മര്യാദക്കാണെങ്കിൽ മൂക്ക് മുട്ടെ നാല് നേരം തിന്നിട്ട് പറയുന്ന ജോലി ചെയ്‌തോളണം.
ഒച്ചയും ബഹളവും കേട്ട് മാധവനും, മേനകയും ഇറങ്ങി വന്നു.
എന്താ…. എന്തായിവിടെ?
ചേച്ചീ ഇവൾ എന്നോട് ഇറങ്ങി പോകാൻ പറയുന്നു.
അവൻ എന്റെ സഹോദരനാണ്, അവനോടു പോകാൻ പറയാൻ നീയാരാ.
ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയില്ലേ? നിങ്ങളുടെ സ്ഥാനമെന്താണെന്ന് ഞാൻ പറഞ്ഞത് നിങ്ങൾ മറന്നിട്ടില്ലല്ലോ.
ഇയാളോട് ഇറങ്ങി പോകാനാണ് പറഞ്ഞത്. ചിന്മയി വിരൽ ചൂണ്ടി.
ഞാൻ പോകുവാ ചേച്ചി…. എന്റെ സാധനങ്ങൾ എടുക്കട്ടെ അയാൾ അകത്തേക്ക് കയറാൻ ഭാവിച്ചു.
നിൽക്ക്….നിങ്ങൾ വന്ന ദിവസം ഞാൻ ഓർക്കുന്നുണ്ട്. അന്ന് ഇട്ട വസ്ത്രമല്ലാതെ ഒന്നും കൊണ്ടുവന്നിട്ടില്ലായിരുന്നു. ഇറങ്ങുമ്പോഴും അങ്ങനെ തന്നെ മതി.അവൾ പറഞ്ഞു.
എടീ….മേനക അലറിക്കൊണ്ട് അവൾക്കരികിലേക്ക് വന്നു.
ചിന്മയി കൈയിലിരുന്ന വാക്ക, ത്തി ഉയർത്തി.
ഇവിടെ മര്യാദക്ക് നിൽക്കാൻ പറ്റുമെങ്കിൽ നിങ്ങൾ നിന്നാൽ മതി. ഇല്ലെങ്കിൽ സഹോദരനൊപ്പം ഇറങ്ങിക്കോണം.
മേനക തറഞ്ഞുനിന്നു.
ഉം… കടന്നു പോകാനാ പറഞ്ഞത്. അവൾ രഘുവിനോട് പറഞ്ഞു
അണപ്പല്ലുകൾ ഞ്ഞെരിച്ചമർത്തി അവളെ ഒന്ന് നോക്കിയിട്ട് അയാൾ നടന്നു പോയി.
ഒരു പുഞ്ചിരിയോടെ ചിന്മയി അകത്തേക്കും.
ദേ… നോക്കിക്കേ അവളുടെ അഹങ്കാരം. ഇത് കണ്ട് നിന്നിട്ടും നിങ്ങൾ ഒരക്ഷരം മിണ്ടിയില്ലല്ലോ മേനക മാധവനെ നോക്കി കണ്ണുനിറച്ചു.
ചിന്നു ചെയ്തത് തന്നെയാണ് ശരി. കഴിഞ്ഞ മൂന്ന് വർഷമായിട്ട് നാളികേരം വിറ്റ വകയിൽ അവൻ എന്നെ ഏൽപ്പിക്കുന്നത് ചെറിയ തുകയാണ്. ബാക്കി അവൻ കൈക്കലാക്കും.
മാത്രമോ, എണ്ണയാട്ടുന്നതിൽ നിന്നും അവൻ മറിച്ചു വിൽക്കും. എല്ലാം അറിഞ്ഞിട്ടും ഞാൻ ക്ഷമിച്ചു നിന്നതാണ്. അതുകൊണ്ട് നീ കൂടുതൽ ഒന്നും പറയണ്ട.
മാധവൻ അകത്തേക്ക് കയറി പോയി.
എടീ ചിന്മയി… നിന്റെ സമയം അടുത്തു. അണയാൻ പോകുന്ന തിരി ആളിക്കത്തുമെന്നാണല്ലോ.അതാണ് നിനക്കിത്ര നെഗളിപ്പ്. അതവസാനിപ്പിക്കാൻ ഈ മേനകയ്ക്ക് അറിയാം.
നീ നോക്കിക്കോ… മേനക മനസ്സിൽ എന്തോ ഉറപ്പിച്ചു .
മേനകയുടെ മുഖത്ത് ഒരു ഗൂഡ്ഢമായൊരുചിരി വിരിഞ്ഞു.
എടീ ചിന്നൂ… നീ കരുതിയിരുന്നോ
നിനക്കുള്ളത് മേനക തരും.
എനിക്ക് നീയൊരു തടസമേ അല്ല,ഈ കുടുംബത്തിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞെങ്കിൽ. ഇത് സ്വന്തമാക്കാനും ഈ മേനകക്ക് കഴിയും.അവർ മനസ്സിൽ പറഞ്ഞു
*****************
ചിന്നൂ….
എന്താ രാധേച്ചീ..
മേനകയെ പേടിക്കണം മോളേ, എന്ത് ചെയ്യാനും മടിയില്ലാത്ത കൂട്ടത്തിലാ
എനിക്കറിയാം രാധേച്ചി.
പിന്നെ ഒന്നൂടെ ഉണ്ട് മോളേ…
എന്താ രാധേച്ചീ?
ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങി പോയ,രഘു അവരുടെ അനിയൻ ആണെന്ന് തോന്നുന്നില്ല മോളേ..അവരുടെ കൊഞ്ചലും, കിന്നാരം പറച്ചിലും ഒന്നും ഒരു സഹോദരന്റെയും, സഹോദരിയുടെയും അല്ല. എന്റെ തോന്നൽ ആണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പക്ഷെ അങ്ങനെയല്ല മോളേ..
ഓഹോ… അങ്ങനെയും ഉണ്ടോ, അപ്പോൾ അവർ ചതിക്കുന്നത് അച്ഛനെയും കൂടിയാണ്.
അല്ല, അച്ഛന് ഇത് തന്നെ വേണം. സ്വന്തം ഭാര്യയെ
തൊഴിച്ചിറക്കിയവനാണ്. ഇവൾക്ക് വേണ്ടി. പക്ഷെ മേനക ഒറ്റയ്ക്കല്ല എങ്കിൽ തീർച്ചയായും താൻ കരുതിയിരുന്നേ പറ്റൂ. എന്തായാലും വരുന്നിടത്തു വച്ച് കാണാം
***********
പിറ്റേന്ന് രാവിലെ ചിന്നു നേരത്തെ റെഡിയായി പുറത്തേക്ക് ഇറങ്ങി.
ചിന്നൂ… നീയിതെവിടെ പോകുന്നു. മാധവൻ ചോദിച്ചു.
ഇനി തുടർന്ന് പഠിക്കണം. കോളേജിൽ ഡിഗ്രിക്ക് ചേരുകയാണ്. അവൾ അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
ഞാൻ കൂടെ വരണോ?
വേണ്ടാ… എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ ശീലമായി എനിക്ക്. അല്ലെങ്കിലും ഞാൻ എന്നും ഒറ്റക്കാരുന്നല്ലോ. അയാളെ ഒന്ന് നോക്കിയിട്ട് അവൾ നടന്നകന്നു.
അവൾക്ക് ആവശ്യമുള്ളപ്പോൾ ഒന്നും ഒരച്ഛന്റെ സ്നേഹമോ, കരുതലോ താൻ നൽകിയില്ല. അപ്പോൾ ഇത് കേൾക്കാനും താൻ ബാധ്യസ്ഥനാണ്. അയാളിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു
******************
അവൾ കോളേജിൽ പോയി തുടങ്ങി.
കോളേജിൽ പോകുന്ന വഴിയിൽ അവൾ ചുറ്റിലും കണ്ണോടിക്കാറുണ്ട് എവിടെയെങ്കിലും നരേന്ദ്രനെ ഒന്ന് കണ്ടിരുന്നെങ്കിൽ….
എന്താണെന്ന് അറിയില്ല…ഇടയ്ക്കൊക്കെ അയാൾ മനസ്സിൽ നിറയും .
തിളങ്ങുന്ന ആ മിഴികളും, ആരെയും കൂസാക്കാത്ത തന്റേടഭാവവും. തന്നോട് സംസാരിക്കുമ്പോൾ ആ കണ്ണുകളിൽ അലിവ് നിറയുന്നത് പോലെ തോന്നും.
ഒരുപക്ഷെ അതൊക്കെ തന്റെ തോന്നലാകുമോ, അറിയില്ല.
ഒന്നറിയാം താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ്.
അന്നൊരു ബുധനാഴ്ചയായിരുന്നു. രാവിലെ കാളിംഗ് ബെൽ ശബ്‌ദിക്കുന്നത് കേട്ട് ചിന്മയി വാതിൽ തുറന്നു.
തന്റെ ഏട്ടൻ. നന്ദൻ.
അവളെ ഒന്ന് നോക്കിയിട്ട് അയാൾ അകത്തേക്ക് കയറി. അവൾ നിറകണ്ണുകളോടെ അയാളെ നോക്കി. കഴിഞ്ഞ കുറച്ച് മാസങ്ങൾ ആയി ഏട്ടൻ ഇങ്ങോട്ട് വരാറേ ഇല്ല.
അല്ലെങ്കിലും ഏട്ടൻ പഠനകാലത്തും ഹോസ്റ്റലിലാണ് നിന്നത്. ജോലി കിട്ടിയപ്പോൾ,കുറച്ച് സുഹൃത്തുക്കൾ ചേർന്ന് അടുത്തു തന്നെ വീട് വാടകക്ക് എടുത്ത് അവിടെയായി താമസം.
ഇവിടെ വന്നാലും ഏട്ടൻ അധികം മിണ്ടുകയൊന്നും ഇല്ല. എങ്കിലും ഏട്ടനെ കാണുമ്പോൾ മനസ് നിറയും.തന്റെ കൂടപ്പിറപ്പാണ്.
ഏട്ടൻ വന്ന് കഴിഞ്ഞാൽ മേനക ഇത്തിരിയൊന്ന് ഒതുങ്ങും. ഏട്ടനോട് അവർ സംസാരിക്കാറൊന്നും ഇല്ല.
വൈകുന്നേരം അച്ഛനും ഏട്ടനും ഒപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ്. ഏട്ടൻ അച്ഛനോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്.
എന്താ നന്ദൻ,എന്താ പറയാനുള്ളത്?
അച്ഛാ… എനിക്ക് എന്റെ ഷെയർ തരണം.
എന്താ..പറഞ്ഞത്?
അതല്ല അച്ഛാ എനിക്ക് അവകാശപ്പെട്ടത് എന്നായാലും തരേണ്ടതല്ലേ?
ഇപ്പോൾ ചോദിക്കാൻ എന്താ കാരണം ?
അച്ഛന് ഞാനും, ചിന്നുവും മാത്രമല്ലല്ലോ മക്കളായി.രണ്ടാൺകുട്ടികൾ കൂടെ ഉണ്ടല്ലോ ഇപ്പോൾ.
എനിക്ക് ഉള്ളതൊക്കെ എന്റെ നാല് മക്കൾക്കും തുല്യ അവകാശം ആണുള്ളത്. അത് സമയം ആകുമ്പോൾ ഞാൻ പങ്കിട്ടു തരും.
നാല് പേർക്കോ? ചിന്നുവിന് അച്ഛമ്മ, അച്ഛമ്മയുടെ പതിനാല് ഏക്കർ എഴുതി കൊടുത്തതല്ലേ അതുകൊണ്ട് അവൾക്ക് ഇനി സ്ഥലം വേണ്ടല്ലോ.
അത് ഞാൻ സമ്പാദിച്ച സ്ഥലമല്ല. അതെന്റെയമ്മയുടെ സ്ഥലമാണ്. അമ്മക്ക് അവസാനകാലത്തു സ്നേഹവും പരിചരണവും കൊടുത്ത ചിന്നുവിന് അമ്മ മനസറിഞ്ഞു കൊടുത്തതാണ് ആ സ്ഥലം.
എന്നും പറഞ്ഞ് ഞാൻ ഉണ്ടാക്കിയ സമ്പത്തിൽ അവൾക്ക് അവകാശം ഇല്ലാതാകുന്നില്ല.
ഈ വീടും മുപ്പതേക്കർ സ്ഥലവും ഞാൻ ഉണ്ടാക്കിയതാണ്. അത് എപ്പോൾ വീതം വയ്ക്കണമെന്ന് ഞാൻ തീരുമാനിക്കും.
പറ്റില്ല അച്ഛാ. അച്ഛന്റെ സ്വത്തിന് മക്കൾക്ക് അവകാശം ഉണ്ട്. എനിക്കത് കിട്ടണം. ഞാൻ എന്തായാലും ഈ വീട്ടിൽ താമസിക്കാൻ പോണില്ല. എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ് അവൾക്കൊപ്പം ഹൈദ്രാബാദിലേക്ക് താമസം മാറ്റുകയാണ്. അതുകൊണ്ട് എനിക്കുള്ളത് ഇങ്ങ് തന്നേക്ക്.
ഓഹോ എല്ലാം സ്വയം തീരുമാനിക്കാറായി അല്ലേ.
ഉവ്വ്..അയാൾ ഉറച്ചു തന്നെ പറഞ്ഞു.
ശരി, തന്നേക്കാം.
അത് നിനക്ക് സമയം ആകുമ്പോൾ തരും. ചോദിച്ചു മേടിക്കണ്ട കാര്യമില്ല. ഇടക്ക് കയറി മേനക പറഞ്ഞു.
മിണ്ടരുത് നിങ്ങൾ…. നന്ദൻ ദേഷ്യത്തോടെ അവരുടെ നേർക്ക് വിരൽ ചൂണ്ടി.
മേനക വിളറി വെളുത്ത മുഖത്തോടെ മാധവനെ നോക്കി.
മര്യാദക്ക് അപ്പുറത്തെങ്ങാനും പോയി ഇരുന്നോണം.നന്ദൻ ടേബിളിൽ അടിച്ചു കൊണ്ട് പറഞ്ഞു.
പോ… സ്ത്രീയെ…..അയാൾ ദേഷ്യത്തോടെ നോക്കിയതും. മേനക അടുക്കളയിലേക്ക് പോയി.
അടുക്കളയിൽ നിന്ന് അവർ പറയുന്നതിന് ചെവിയോർത്തു.
എന്താ അച്ഛന്റെ തീരുമാനം?
ശരി… നിനക്കുള്ളത് തന്നേക്കാം.
മതി.
ഉം… ജനിപ്പിച്ചു പോയില്ലേ.നിങ്ങള് പറയും പോലെ നടക്കട്ടെ.മാധവൻ പറഞ്ഞു
ഹൈദ്രബാദിൽ താമസമാക്കാൻ തീരുമാനിച്ച സ്ഥിതിക്ക് നിനക്കുള്ള ഓഹരി വിൽക്കാനായിരിക്കുംതീരുമാനം അല്ലേ?
അതെ.സ്ഥലം മേടിക്കാനുള്ള ആളും റെഡിയാണ്.
ഓഹോ എന്റെ മോൻ എല്ലാം മുൻകൂട്ടി കണ്ടു.മിടുക്കൻ.
അയാൾ എഴുന്നേറ്റു.
നന്ദനും കൈകഴുകി മുറിയിലേക്ക് പോയി.
ചിന്മയി അവിടെ ഒരേ ഇരുപ്പ് ഇരുന്നു.
ഏട്ടൻ പറഞ്ഞത് സ്വത്തിനെ കുറിച്ച് മാത്രമാണ്. ഒരിക്കലും ഈ അനിയത്തിയെ കുറിച്ച് ഒന്നും സംസാരിച്ചില്ല. എല്ലാവർക്കും പണം മാത്രം മതി. മനുഷ്യർക്ക് ഒരു വിലയും ഇല്ലേ?
അവളുടെ ചുണ്ടിൽ ഒരു നൊമ്പര ചിരി വിരിഞ്ഞു.
നന്ദനുള്ളത് അയാൾക്ക് എഴുതി കൊടുത്തതിന്റെ പിറ്റേന്ന് തന്നെ അയാൾ ജോലിസ്ഥലത്തേക്ക് പോകാൻ തുടങ്ങി.
പോകും മുൻപ് അയാൾ ചിൻമയിയുടെ അടുത്തു ചെന്നു.
ചിന്നൂ….നീ എനിക്കൊപ്പം വരുന്നുണ്ടോ നിനക്ക് അച്ഛമ്മ എഴുതി തന്ന സ്ഥലത്തുനിന്നുള്ള ആദായം മാത്രം മതി നിനക്ക് രാജകുമാരിയായി കഴിയാൻ. അത് മാത്രമല്ല അച്ഛന്റെ സ്ഥലത്ത് നിന്ന് നിനക്ക് അഞ്ചേക്കർ കിട്ടും. പിന്നെന്തിന് നീ ഇവിടെ ഇവരോടൊപ്പം കഴിയണം. എടുക്കാനുള്ളത് എന്താന്ന് വച്ചാൽ എടുത്തോ ഞാൻ നിന്നെ കൊണ്ടുപോകുകയാണ്.
അവൾ അയാൾക്ക് മുന്നിൽ എത്തി ആ കണ്ണുകളിലേക്ക് നോക്കി. ഇപ്പോഴും ഏട്ടൻ സ്വത്തിനെ കുറിച്ച് മാത്രേ ചിന്തിക്കുന്നുള്ളൂ അല്ലേ?
അന്ന് ഏട്ടൻ ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ പോയപ്പോൾ ഞാൻ ഒത്തിരി കരഞ്ഞു. പക്ഷെ അപ്പോഴൊക്കെ ഞാൻ കരുതും എന്റെ ഏട്ടൻ പഠിപ്പ് കഴിഞ്ഞ് ഒരു ജോലി ആകുമ്പോൾ എന്നെ വന്ന് കൊണ്ടുപോകും.
ഏട്ടന്റെ വീട്ടിൽ നിർത്തി എന്നെ പഠിപ്പിക്കും, എന്നെ സംരക്ഷിക്കും എന്നൊക്കെ. പക്ഷെ ഒരിക്കൽ പോലും ഏട്ടൻ ഈ അനിയത്തിയെ കുറിച്ച് ചിന്തിച്ചു പോലുമില്ല അല്ലേ, ഇപ്പോഴും എന്റെ പേരിലുള്ള സ്ഥലത്തെക്കുറിച്ച് ഏട്ടൻ ചിന്തിക്കുന്നുണ്ട്. പക്ഷെ എന്നെക്കുറിച്ച്….
ഇല്ല.ഏട്ടാ ഈ ചിന്നു എങ്ങോട്ടും ഇല്ല. എനിക്ക് ഞാൻ മാത്രം മതി. ഏട്ടന് പോകാം.
അവളുടെ ഒഴുകി പടർന്ന കണ്ണുനീർ അയാളുടെ ഉള്ളിൽ ചെറു മുറിവുകൾ തീർക്കുന്നുണ്ടായിരുന്നു
എങ്കിലും അയാൾ ഒന്നും പറയാതെ കാറിൽ കയറി ഓടിച്ചു പോയി.
***********
മേനക ഫോണിൽ രഘുവിനെ വിളിച്ചു.
രഘൂ…നീയിതെവിടെയാണ് എല്ലാം കൈവിട്ട് പോകുകയാണ്.
എന്താ എന്ത് പറ്റി?
ആ നന്ദൻ അഞ്ചേക്കർ സ്ഥലവും എഴുതി വാങ്ങി സ്ഥലം വിട്ടു. അതെന്തോ ആകട്ടെ,ബാക്കിയുള്ളത് മാധവേട്ടൻ ചിന്നുവിന് എഴുതികൊടുത്താൽ നമ്മളീ കഷ്ടപ്പെട്ടത് വെറുതെയാകും. അറിയാമല്ലോ നമ്മുടെ മക്കൾക്ക് ഒന്നും കിട്ടാതെ ആകും.
ഇല്ലടി നീ പേടിക്കാതെ…
എനിക്ക് ഇനിയെങ്കിലും നിന്റേയും നമ്മുടെ പിള്ളേരുടെയും കൂടെ ജീവിക്കണം. അതും ഈ മംഗലത്തു തറവാട്ടിൽ.നീയെന്തെങ്കിലും ചെയ്യണം രഘൂ..
അവൾ രാവിലെ കോളേജിൽ പോകുന്നത് ഒറ്റയ്ക്കാണ്. അതുകൊണ്ട് രാവിലെ അവളെ അങ്ങ് തീർക്കണം രഘൂ. അവള് തീർന്നാൽ ആ പതിനാല് ഏക്കറും, പിന്നെ ഇവിടുള്ള വീടും സ്ഥലവും എല്ലാം നമ്മുടെ മക്കൾക്ക് മാത്രം കിട്ടും.
വേണ്ടാ വേണ്ടാ എന്ന് വച്ചിരുന്നതാ രഘൂ, പക്ഷെ അവൾക്ക് ഇച്ചിരി നെഗളിപ്പ് കൂടുതലാ. അവളെ കാലപുരിക്കയച്ചാലേ എനിക്ക് സമാധാനം ആകൂ.
ഉം.. അങ്ങനെ ചെയ്യാം.അല്ലെങ്കിലും എന്നെ ഇറക്കി വിട്ട അന്ന് അവളെ ഞാൻ നോക്കി വച്ചതാ. പിന്നെ നമ്മുടെ മക്കളെ ഓർത്താണ് ഞാൻ അവളെ വെറുതെ വിട്ടത്.
എത്ര ദിവസമായി അവരെ ഒന്ന് കണ്ടിട്ട്. അവർ എന്തിയേ
ഗൗതം സ്കൂളിൽ പോയി. ഗോകുൽ മോൻ അവളുടെ അടുത്തുണ്ട്. അവളുടെ അച്ഛന്റെ മക്കൾ ആണെന്ന് കരുതി പിള്ളേരോട് അവൾക്ക് വല്യ സ്നേഹമാണ്.
അത് നന്നായി..അതുപോട്ടെ,നിന്നെ ഒന്ന് കാണാൻ കൊതിയാവുന്നുണ്ട്.
അയ്യടാ മോനെ… ആദ്യം നീയവളെ തീ, ർത്തിട്ട് വാ,എന്നിട്ട് നീ കൊതി തീരെ കണ്ടോ.
അതിന് നിന്നെ കണ്ടാൽ കൊതി തീരില്ല എന്റെ പൊന്നേ… ഫോണിലൂടെ അയാളുടെ ചിരി മുഴങ്ങി.
രഘൂ…. മേനകയുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു.
നാളെ അവൾ തിരുച്ചു വരുന്നത് ജീവനോടെ ആയിരിക്കരുത്.
ഇല്ലടി അവളുടെ കാര്യം ഞാൻ തീർക്കും. നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽ ചിന്മയി തീർന്നിരിക്കും.
ഉം.. ശരി. മേനക കാൾ കട്ടാക്കി.
അവൾ അണപ്പല്ലുകൾ ഞെരിച്ചമർത്തി. എടീ ചിന്നൂ നീ തീർന്നു. എന്നെ അപമാനിച്ചതിന്, എന്റെ രഘുവിനെ ഇറക്കി വിട്ടതിന്, നിനക്കുള്ള ശിക്ഷ ഈ മേനക വിധിച്ചിരിക്കുന്നു…..
അടുത്ത ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ ഭാഗം 02
