ശിശിരം 111
ആഹ്.. മേടിക്കും നീയ്. യദു മീനാക്ഷിയുടെ ചൂണ്ടു വിരൽ അല്പം ബലത്തിൽ പിടിച്ചുകൊണ്ട് അതിലൊരു കടി വെച്ചു കൊടുത്തു.
ശ്രുതിയ്ക്ക് മാസം അഞ്ചായി, അവളുടെ അമ്മയേ അങ്ങോട്ട് കൂട്ടികൊണ്ട് പോകാനാണ് അവരുടെ പ്ലാൻ..
ആഹ് പോട്ടെ.. പിന്നെ പേടിക്കണ്ടല്ലോ, ശ്രുതിയ്ക്ക് കൂട്ടിനൊരാളായി.
മ്മ്…. അമ്മയ്ക്ക് പോകാൻ ആഗ്രഹമൊക്കെ ഉണ്ട്.. പിന്നെ അവിടെ ചെന്നു കഴിഞ്ഞു തനി സ്വഭാവം ഇറക്കിയാലേ പണി പാളും.. ഇല്ലെങ്കിൽ ഞാൻ അവളോട് പറഞ്ഞേനെ..
വേണ്ട… നീയായിട്ട് ഒന്നും പറയാൻ നിൽക്കണ്ട. അവര് ഇഷ്ടമുള്ള പോലെ ആരെ എങ്കിലും കൂടെ നിർത്തിക്കോളും
മ്മ്….. അതാ ഞാൻ ഒന്നും പറയാഞ്ഞത് യദുവേട്ട…ഇന്ന് നാമം ചൊല്ലി കഴിഞ്ഞു ഞങ്ങൾ രണ്ടാളും കൂടി വെറുതെ ഉമ്മറത്ത് ഇരിക്കെയാരുന്നു. അപ്പോളാ ശ്രുതി വിളിച്ചത്, അവൾടെ അമ്മയെ കൂട്ടിക്കൊണ്ട് വരാൻ ആണെന്ന് പറയുന്നത് ഗിരിജമ്മ കേട്ടു.
ഹ്മ്മ്…..
ആഹ് പിന്നെ, അമ്മുന് വിശേഷം ആയിന്ന്, പ്രിയ വിളിച്ചപ്പോൾ പറഞ്ഞതാ കേട്ടോ…
മ്മ്……അവനൊന്നു മൂളി.
യദുവേട്ട.. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാമോ..
എന്താ മീനാക്ഷി…അവൻ മുറിയിലെ അരണ്ട വെളിച്ചത്തിൽ അവളെ ഉറ്റു നോക്കി.
അല്ലാ….. അമ്മുനെ കിട്ടാത്തതിൽ ഏട്ടന് എന്തേലും നഷ്ടബോധമുണ്ടോ….
ഉണ്ടെങ്കിൽ നീയത് തീർത്തു തരുമോ മീനാക്ഷി..പെട്ടന്ന് അവൻ ചോദിച്ചു.
മറുപടി ഒന്നും പറയാതെ മീനാക്ഷി അങ്ങനെ കിടന്നതേയൊള്ളു.
എനിക്ക് വേണ്ടി ഈശ്വരൻ വിധിച്ചവളാണ് എന്റെ അരികിൽ ഇപ്പോൾ കിടക്കുന്നത്, അമ്മു നകുലന്റെ പെണ്ണായിരുന്നു, അതുകൊണ്ട് അവൾക്ക് അവനെകിട്ടി.
ഇനി നീ ഇതുപോലെ ഉള്ള സംശയങ്ങൾ ഒന്നും ചോദിച്ചു വന്നേക്കരുത് കേട്ടല്ലോ പറഞ്ഞേ.
അവന്റെ ശബ്ദം അല്പം ഗൗരവത്തിലായിരുന്നു.
യദുവേട്ടന് വിഷമമായോ ഇങ്ങനെ ചോദിച്ചത്.? മീനാക്ഷി പിറു പിറുത്തു.
എനിക്കെന്ത് വിഷമം,നീയല്ലേ വിഷമിച്ചു കിടക്കുന്നത്… അതുകൊണ്ടല്ലേ ഇങ്ങനെ ഓരോ പൊട്ട ചോദ്യം ചോദിക്കുന്നത്.
നിലവാരമില്ലാതെ..
സോറി….ഇനി ഒരിക്കലും ചോദിക്കില്ല…..
ഹ്മ്മ്… അങ്ങനെയായാൽ നിനക്ക് കൊള്ളാം.
യദു മുഖം തിരിച്ചു നോക്കിയപ്പോൾ മീനാക്ഷി അവനെ ഇറുക്കെ പുണർന്നിരുന്നു.
*******
നകുലൻ ഓഫീസിൽ പോയാൽ പിന്നെ സുകുമാരിയാന്റി വരും അമ്മുന്റെ അടുത്തേക്ക്.
അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും കേട്ട് കേട്ട് അമ്മു ആകെ മടുത്തു.
നകുലനോട് എന്തെങ്കിലും പറഞ്ഞാൽ അവൻ ദേഷ്യപ്പെടും. ചിലപ്പോൾ ആന്റിയെ ഈ പരിസരത്ത് പോലും കയറ്റുവാൻ അവൻ സമ്മതിക്കില്ല. പിന്നെ അവര് ഉള്ളതുകൊണ്ട് സത്യത്തിൽ അമ്മുവിന് ഒരു കൂട്ടായിരുന്നു.അതുകൊണ്ട് അവൾ ഒന്നും പറഞ്ഞതുമില്ല..
ദിവസവും വൈകുന്നേരം മടങ്ങി വരുമ്പോൾ അമ്മുവിന് എന്തെങ്കിലുമൊക്കെ സ്പെഷ്യൽ വാങ്ങിക്കൊണ്ടു വരും. വേണ്ടെന്ന് എത്ര പറഞ്ഞാലും അവൻ കേൾക്കില്ല.
നിനക്ക് ഇഷ്ടമില്ലെങ്കിൽ കഴിക്കേണ്ട ഇതൊക്കെ എന്റെ മോൾക്ക് വേണ്ടിയുള്ളതാ… അല്ലേടാ വാവേ..അമ്മുവിന്റെ വയറിന്മേൽ മെല്ലെ ഒന്ന് തോണ്ടി കൊണ്ട് അവൻ പറയും…
കാലത്തെ എണീക്കുമ്പോൾ അമ്മുവിന് ചെറിയ ക്ഷീണം ഒക്കെ കാണും, അടുക്കളയിൽ ഓരോന്ന് കുക്ക് ചെയ്യുമ്പോഴൊക്കെ ശർദ്ദിക്കുവാനുള്ള തോന്നൽ പോലെ ആയി വരുന്നുണ്ട്. അത് കാരണം നകുലൻ ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി വയ്ക്കും, എന്നിട്ട് അവൾക്ക് കുടിക്കുവാൻ ഒരു ഗ്ലാസ് കട്ടൻ ചായ കൂടി എടുത്ത് റെഡിയാക്കും.
ശർദ്ദി ഉണ്ടാവരുത് എന്നൊരു പ്രാർത്ഥന മാത്രമേ സത്യത്തിൽ അവനുണ്ടായിരുന്നുള്ളൂ… പക്ഷേ അത് വെറും വ്യാമോഹമായിരുന്നു.
ചുക്കില്ലാത്ത കഷായം പോലെയാണ് മോനെ ഛർദ്ദിക്കാത്ത ഗർഭിണി…
സുകുമാരിയാന്റി കളിയാക്കിയപ്പോൾ നകുലന് ദേഷ്യം വന്നു..
എങ്കിലും തല മൂത്തതാണല്ലോ എന്ന് കരുതി അവൻ പിടിച്ചു നിന്നു.
കാലത്തെ എഴുന്നേറ്റ് വന്നു കഴിഞ്ഞാൽ പിന്നെ അമ്മുന് ശർദി തുടങ്ങും. കുറച്ചു സമയം കഴിഞ്ഞു അങ്ങട് മാറും. വല്യ പ്രോബ്ലം ഒന്നുമില്ലങ്കിലും നകുലന് ടെൻഷൻ ആയിരുന്നു.
ഒരു ദിവസം അവൻ ലീവെടുത്തു അവളുടെ ഒപ്പം ഇരുന്നു.
ആ ഞായറാഴ്ച അവളെ കാണുവാൻ ബിന്ദു അമ്മായിയും ശ്രീജേച്ചിയും ഒക്കെ കൂടി സർപ്രൈസ് ആയിട്ടു വന്നിരുന്നു. അമ്മുന് സന്തോഷംമായി അവരെ കണ്ടപ്പോൾ.
പാറുട്ടിയെ എടുക്കാൻ വന്നപ്പോൾ
ശ്രീജ സമ്മതിച്ചില്ല.
വേണ്ടമ്മു.. ഇങ്ങനെ ഇരിക്കുന്നതല്ലേ.. നിനക്ക് ക്ഷീണമാകും കെട്ടോ. സ്നേഹത്തോടെ അവൾ തടഞ്ഞു.
രണ്ട് ദിവസം അവിടെ നിന്നശേഷം ആയിരുന്നു അവർ മടങ്ങിപോയത്.
അവര് വന്നിരുന്ന രണ്ട് ദിവസവും അമ്മുന് ക്ഷീണം ഒക്കെ ഇത്തിരി ക്കുറവ് ഉണ്ടായിരുന്നു.
അവൾക്കിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി കൊടുത്തിട്ടാണ് ബിന്ദു മടങ്ങിയത്.
മാങ്ങാ അച്ചാറും ചമ്മന്തിപ്പൊടിയുമൊക്കെ അവർ നാട്ടിൽ നിന്ന് കൊണ്ട് വന്നിരുന്നു. അരിയും ഗോതമ്പും പൊടിച്ചതും, അതുപോലെ അവലോസ് വറുത്തതും, പിന്നെ കണ്ണിമാങ്ങാ ഉപ്പിലിട്ടത്, അതുപോലെ ആട്ടിയ വെളിച്ചെണ്ണ…
ഇങ്ങനെ കുറെയേറെ സാധനങ്ങൾ ബിന്ദു തന്റെ മരുമകൾക്ക് കൊണ്ട് വന്നു കൊടുത്തണ് പോയത്.
നാട്ടിലേക്ക് വരാൻ അവര് നിർബന്ധിച്ചു, പക്ഷെ ഇത്ര ദൂരം യാത്ര ചെയ്യേണ്ടന്നു പറഞ്ഞു നകുലൻ ഒഴിവാക്കി വിടുകയാരുന്നു.
ആദ്യത്തെ സ്കാനിങ് കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ കുഞ്ഞുവാവ ഓക്കേയാണെന്ന് ഡോക്ടർ പറഞ്ഞു. അത് കേട്ടപ്പോൾ ആണ് ശരിക്കും അവർക്ക് രണ്ടാൾക്കും സമാധാനം ആയത്.
അങ്ങനെ അവരുടെ ജീവിതം സന്തോഷകരമായിട്ട് മുന്നോട്ട് പോയ്കൊണ്ടേയിരുന്നു.
താൻ അനുഭവിച്ച സങ്കടങ്ങൾ ഒക്കെ എങ്ങോട്ടോ പാറി പറന്നു പോകുന്നതായി അമ്മുവിന് തോന്നി.
എത്രയും പെട്ടന്ന് ഈ മാസങ്ങളൊക്കെ ഒന്നോടി പോകാൻ അവൾ പ്രാർത്ഥിച്ചു.
ശിശിരം 112
അമ്മുവിന് ആദ്യത്തെ ഒന്ന് രണ്ട് മാസങ്ങൾ വലിയ കുഴപ്പമില്ലതെ കടന്നു പോയി.കാലത്തെ എഴുന്നേറ്റു വരുമ്പോൾ ഒരല്പം ക്ഷീണം, വോമിറ്റിംഗ്.. അങ്ങനെയൊക്കെ. കുറച്ചു കഴിഞ്ഞു അവൾ ഓക്കേയാകും.
നകുലൻ പോകുന്ന നേരം ആകുമ്പോൾ അമ്മുന്റെ ക്ഷീണമൊക്കെ മാറി അവൾ ഉഷാറാകും. അത് കണ്ടിട്ട് അവൻ ഇറങ്ങുവൊള്ളൂ.
പിന്നെ ഉപദേശങ്ങൾ ഏറെ പകർന്നു കൊടുക്കുമെങ്കിലും സുകുമാരിയാന്റി ഉള്ളത് നല്ലോരു സഹായമായിരുന്നമ്മുവിന്.
അവർ സദാ നേരവും അവളുടെ അടുത്ത് കാണും. അതുകൊണ്ട് സത്യത്തിൽ നകുലനും ഒരു സമാധാനമായിരുന്നു
അങ്ങനെ മൂന്നാമത്തെ ചെക്ക്പ്പിന് വേണ്ടി അമ്മുവും നകുലനും കൂടി പോയിട്ട് വന്ന ശേഷമായിരുന്നു അവൾക്ക് പതിവില്ലാതെ ശർദി തുടങ്ങിയത്.
യാത്ര ചെയ്ത കൊണ്ട് ആവുമെന്ന് കരുതി രണ്ടാളും അതത്ര കാര്യമാക്കി എടുത്തില്ല.
എന്നാൽ പിന്നീട് അങ്ങോട്ട് അത്യാവശ്യം നല്ല രീതിയിൽ അമ്മുന് ശർദി ആരംഭിച്ചു.
കാലത്തെ എഴുന്നേറ്റ് കഴിഞ്ഞാൽ, നിർത്താതെ ശർദ്ദി തന്നെ. ക്ഷീണം കാരണം അവൾക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായി. ഒന്നിടവിട്ട ദിവസങ്ങളിൽ നകുലൻ അമ്മുവിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡ്രിപ് ഇട്ടു തിരിച്ചു കൊണ്ട് വരും.
സുകുമാരിയാന്റിയും അങ്കിളും കൂടി അവരുടെ മകളുടെ അടുത്തേക്ക് പോകുകയും കൂടി ചെയ്തപ്പോൾ അമ്മുന് ഒരു കൂട്ടിനു ആരും ഇല്ലാരുന്നു.
അങ്ങനെ നാട്ടിൽ നിന്നും ബിന്ദു മരുമകളെ നോക്കുവാനായി എത്തി.
അവർ വന്നപ്പോൾ അവൾക്കാശ്വാസം ആയത് പോലും.
മിക്കവാറും ദിവസങ്ങളിൽ അമ്മു ഹോസ്പിറ്റലിൽ ആയിരുന്നു.
രണ്ടാളെയും ഹോസ്പിറ്റലിൽ ഇറക്കിയ ശേഷം, നകുലൻ ഓഫീസിലേക്ക് പോകുന്നത്.
ഫ്ലൂയിഡ് ഒക്കെ കേറ്റി, എന്തെങ്കിലും ഭക്ഷണം ഒക്കെ കഴിച്ച് വൈകുന്നേരം ആകുമ്പോൾ നകുലൻ ഓഫീസിൽ നിന്നും മടങ്ങിയെത്തിയ ശേഷമാണ് വീട്ടിലേക്ക് പോകുന്നത്.
ഒരു മാസത്തോളം അങ്ങനെയായിരുന്നു കാര്യങ്ങൾ.
ഇടയ്ക്ക് ഒന്ന് രണ്ട് ദിവസത്തേക്ക് ശ്രീജ അമ്മുവിന്റെ അടുത്തു വന്നപ്പോൾ ബിന്ദു നാട്ടിലേക്ക് ഒന്ന് പോയിവന്നു.
അമ്മു ഭക്ഷണം ഒന്നും കഴിക്കാതെ ഒരുപാട് ക്ഷീണിച്ചു.. അവൾക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊണ്ടു വരുമെങ്കിലും മിട്ടായി പോലും വായിലിടാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അമ്മു.
ബെഡിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മുതൽ അവൾക്ക് ശർദ്ദിയാണ്..
ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ യൂറിൻ ടെസ്റ്റ് ചെയ്തു നോക്കും.. അസറ്റോൺ 2പ്ലസ്….
സിസ്റ്റർ പറയുമ്പോൾ അമ്മുവിന് അറിയാം കുറഞ്ഞത് ഒരു മൂന്നു ഫ്ലൂയ്ഡ് എങ്കിലും അവൾക്ക് ഇന്ന് എടുക്കേണ്ടി വരുമെന്ന്.
ഫുഡ് കഴിക്കാത്തത് കൊണ്ട് കൈയിലെ വെയ്ൻ ഒന്നും കാണാൻ പോലും കഴിയില്ല.അതുകൊണ്ട് ഏറെ പാട് പെട്ടായിരുന്നു കാനുലയൊക്കെ ഇടുന്നത് പോലും.
പാവം അമ്മു സുചി കാണുമ്പോൾ അവളെ വിറയ്ക്കാൻ തുടങ്ങും.
പക്ഷെ എല്ലാം തന്റെ കുഞ്ഞിന് വേണ്ടിയാണല്ലോ എന്നോർത്ത് അവൾ സമാധാനിച്ചു.
അങ്ങനെയിരിക്കെ നകുലന് രണ്ടുമൂന്നു ദിവസത്തെ അവധി കിട്ടി. എന്നാൽ പിന്നെ താൻ ഒന്ന് വീട് വരെ പോയിട്ട് വരാം, എല്ലാം ഇട്ടെറിഞ്ഞു പോന്നതല്ലേ,കിഴക്കേ പാടത്ത് നാളികേരം ഒക്കെ പിരിക്കാറായിട്ടുണ്ട്, അതൊക്കെ മമ്മദ് മാപ്പിളയ്ക്ക് പിരിച്ചു കൊടുത്തിട്ട് വരാം എന്ന് പറഞ്ഞ്എന്ന് പറഞ്ഞ് ബിന്ദു നാട്ടിലേക്ക് പോരുകയും ചെയ്തു.
വീടും കാര്യങ്ങളൊക്കെ നോക്കുവാനായി അയൽ വീട്ടിലെ സ്ത്രീയെ ബിന്ദു ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.
എല്ലാം അടിച്ചു വാരി വൃത്തിയാക്കി ഇട്ടിട്ട് പോകും. അതുകൊണ്ട് വലിയ കുഴപ്പമൊന്നുമില്ല എന്ന് കരുതിയാണ് ബിന്ദു വന്നതും.
നന്നായി മഴ പെയ്തു തോർന്നു കിടക്കുകയായിരുന്നു,ചായിപ്പിന്റെ ഒരു വശത്തായി അല്പം വെള്ളം വീണു കിടന്നത് ബിന്ദു കണ്ടില്ല…എന്തോ എടുക്കുവാനായി അവിടേക്ക് പോയ ബിന്ദു വെള്ളത്തിൽ തെന്നി വീണു.
സഹായത്തിനു ഉണ്ടായിരുന്ന പെൺകുട്ടി എല്ലാവരെയും വിളിച്ച് ബഹളം വെച്ചാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്.
അവിടെ ചെന്നപ്പോൾ അവരുടെ ഇടത് കൈക്ക് ഒടിവ് ഉണ്ടെന്ന് x ray എടുത്ത ഡോക്ടർ പറഞ്ഞു.
ഓപ്പറേഷൻ വേണമായിരുന്നു
അമ്മയ്ക്ക് വയ്യന്നറിഞ്ഞ് നകുലൻ അവരെ കാണുവാൻ വേണ്ടി എത്തി.
എന്നാൽ അവനു ഒപ്പം നിൽക്കുവാനൊന്നും പറ്റിയ സാഹചര്യമല്ലായിരുന്നു.
കാരണം അമ്മു അവിടെ ഒറ്റയ്ക്ക്.
അങ്ങനെ നാട്ടിലേക്ക് ശ്രീജയെ കൊണ്ടുവരുവാൻ തീരുമാനിച്ചു.
ഓപ്പറേഷൻ ചെയ്തതിനാൽ മൂന്നുമാസത്തെ റസ്റ്റ് വേണമായിരുന്നു ബിന്ദുവിന്.
അങ്ങനെ ആകെ കൂടി ഓരോരോ പ്രശ്നങ്ങൾ..
അമ്മുന്റെ കാര്യം ഓർക്കുമ്പോൾ ആയിരുന്നു ഏറെ വിഷമം.
സുകുമാരിയാന്റി ഇല്ലാത്തത് കൊണ്ട് പകലൊക്കെ അവൾ ഒറ്റയ്ക്ക് ആയി.
ഒരാഴ്ചയോളം അമ്മു അങ്ങനെ തനിച്ചായിരുന്നു.
പിന്നീട് നകുലൻ വർക്ക് ഫ്രം ഹോം എടുത്തു ജോലി തുടർന്നു.
അപ്പോൾപിന്നെ അമ്മുന് ഒരു സഹായത്തിനു നകുലൻ കൂടെ ഉണ്ടായിരുന്നു.
ദിവസംങ്ങൾ മുന്നോട്ട് പോയ്‌കൊണ്ടേയിരുന്നു.
രാത്രി ആകുമ്പോൾ അമ്മുന് ക്ഷീണം കൂടും.
കാലുകൾക്കൊക്കെ വല്ലാത്ത കടച്ചിലാണ്,ഒരുപാട് ബലം കൊടുക്കാതെ നകുലൻ അവൾക്ക് നന്നായി തിരുമ്മി കൊടുക്കും.
അമ്മുന് ഇത് അഞ്ചാം മാസം കഴിഞ്ഞിരിക്കുന്നു. അവളുടെ വീർത്ത വയറിൽ തലോടിക്കൊണ്ട് നകുലൻ അങ്ങനെ കിടക്കും.
കുഞ്ഞാണെങ്കിൽ ചെറുതായി അനക്കമൊക്കെ വെച്ചിട്ടുണ്ട്.
അവന്റെ ശബ്ദം കേൾക്കുമ്പോൾ കുഞ്ഞിന് അറിയാം.ആ ഒരു തുടിപ്പ് അമ്മുവും നകുലനും നോക്കി കാണും.
അതൊക്കെ കാണുന്നതായിരുന്നു രണ്ടാളുടെയും സന്തോഷം.
എത്ര വയ്യെങ്കിലും അമ്മുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയും.
അവളെയിം ചേർത്തു പിടിച്ചുകൊണ്ട് നകുലൻ അങ്ങനെ കിടക്കും.
അവന്റെ വിരലുകൾ അവളുടെ മുടിയിഴകളിലൂടെ മെല്ലെയോടി നടക്കും.
സത്യത്തിൽ അമ്മു പലപ്പോളും ഓർത്തിട്ടുണ്ട് നകുലേട്ടൻ എത്രമാത്രമാണ് തന്നേ സ്നേഹിക്കുന്നതെന്നു.
തന്റെ സതിയമ്മ ഉണ്ടായിരുന്ന്ങ്കിൽ ഇതുപോലെ ആയിരിക്കുമെന്ന് അവൾ ചിന്തിക്കും.
ഒരു സ്ത്രീയ്ക്ക് ഒരേ സമയം ഒരു നല്ല മകളാകാനും അമ്മയാകാനും സഹോദരിയാകാനും, ഭാര്യയാകാനും, മരുമകളാകനും ഓക്കേ കഴിയും….അതുപോലെ തന്നേയാണ് പുരുഷനും.
തന്റെ അമ്മ അല്ലെങ്കിൽ തനിക്കൊരു കൂടപ്പിറപ്പ് ഉണ്ടെകിൽ അവർ, ഒക്കെ ഈ സമയത്തു ചെയ്തു തരേണ്ട കാര്യങ്ങളാണ് നകുലേട്ടൻ തനിക്ക് ചെയ്ത് തരുന്നതും,തന്നേ ശുശ്രുഷിയ്ക്കുന്നതു…അതും ഈ ജോലിത്തിരക്കിന്റെ ഇടയിൽ പോലും
ചില ദിവസങ്ങളിൽ ഹോസ്പിറ്റലിൽ നിന്നും വന്നു കഴിഞ്ഞു ജോലിയ്‌ക്ക് കേറുന്നത്.
ആ ജോലി കഴിയുമ്പോൾ നേരം വെളുക്കും.താൻ സുഖമായി ഉറങ്ങുമ്പോളൊക്കെ പാവം ഏട്ടൻ ഉറക്കംവെടിഞ്ഞു ജോലിയിലാണ്.
എന്നിട്ടും ഒരു മടിയും കൂടാതെ അടുക്കളയിൽ കയറി തനിക്ക് കഴിക്കാനുള്ള ഫുഡ് ഉണ്ടാക്കി വെയ്ക്കും.
അത്രമേൽ തനിക്ക് വയ്യാത്തത് കൊണ്ടാണ്.അല്ലായിരുന്നുങ്കിൽ നകുലേട്ടനെ ഇങ്ങനെ കഷ്ടപ്പെടുത്തത്തില്ലായിരുന്നു.
അവനെക്കുറിച്ച് ഓർത്തപ്പോൾ അവളുടെ മിഴികൾ ഈറനണിഞ്ഞു.
അമ്മു…..നകുലൻ വിളിച്ചപ്പോൾ അവൾ കണ്ണു നിറച്ചുകൊണ്ട് അവനെ നോക്കി.
എന്താടാ… എന്ത് പറ്റി.
അവൻ അമ്മുനെ നോക്കി.
ഹേയ് ഒന്നുല്ല… വെറുതെ ഓരോന്ന് ഓർത്തു പോയ്.
അവൾ അവനെ നോക്കിയൊന്നു പുഞ്ചിരിക്കുവാൻ ശ്രമിച്ചു.
വെറുതെ നുണ പറയരുത്,എന്തുപറ്റി? എന്താണ് എന്റെ അമ്മൂസിനിത്ര സങ്കടം….
അവളുടെ താടി പിടിച്ച് മേൽപ്പോട്ടുയർത്തി..
നകുലേട്ടൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് അല്ലേ.. എനിക്ക് സത്യം പറഞ്ഞാൽ ഒട്ടും വയ്യാത്തതുകൊണ്ടാണ്, അല്ലായിരുന്നെങ്കിൽ നകുലേട്ടനെ ഇങ്ങനെയിട്ട് കഷ്ടപ്പെടുത്തത്തില്ലായിരുന്നു..
അത് പറയുകയും വീണ്ടും അവളുടെ മിഴികൾ നിറഞ്ഞു.
എനിക്ക് കഷ്ടപ്പാടും ബുദ്ധിമുട്ടും ഒക്കെ ഉണ്ടെന്ന് നിന്നോട് ആരാ അമ്മൂസെ പറഞ്ഞത്..
ശാസനയോടേ അവൻ അവളെ നോക്കി.
എന്റെ പ്രാണൻ അല്ലേടി നീയ്, എന്റെ രക്തത്തെയല്ലേ നീയീ ഉദരത്തിൽ പേറിയിരിക്കുന്നത്. എത്രമാത്രം വേദന സഹിച്ചാണ് നീ കടന്നു പോകുന്നത്, പച്ചവെള്ളം പോലും കുടിയ്ക്കാൻ പറ്റാതെ നേരെ ചൊവ്വേ ഒരു ഭക്ഷണം പോലും കഴിക്കാണ്ട് നിയ് വിഷമിക്കുന്നത് കാണുമ്പോൾ എനിക്ക് അതിലേറെ സങ്കടമാ… പിന്നെ എല്ലാം നമ്മുടെ കുഞ്ഞിന് വേണ്ടിയാണല്ലോ എന്നോർത്ത് ആണ് സമാധാനം.നമ്മുടെ മുത്തിന്റെ മുഖം ഒന്നു കാണാൻ വേണ്ടിയല്ലേ നമ്മൾ രണ്ടാളും കാത്തിരിയ്ക്കുന്നത്. അതിനിടയ്ക്ക് ഇങ്ങനെ വേണ്ടാത്ത ഒരു ചിന്തയും പാടില്ല കേട്ടോ..
അമ്മുനെ ചേർത്തു പിടിച്ചു ആ നെറുകയിൽ ചുണ്ടമർത്തികൊണ്ട് അവൻ പറഞ്ഞു
തുടരും……
