ശിശിരം 141
വൈകുന്നേരം നകുലൻ മടങ്ങിയെത്തിയത് കുറച്ചു താമസിച്ചായിരുന്നു.
ബിന്ദു കുഞ്ഞുവാവയെയും കളിപ്പിച്ചുകൊണ്ട് ഉമ്മറത്ത് തന്നെയാണ്.ഒപ്പം ശ്രീജയുമുണ്ട്. അമ്മു അകത്തെ സെറ്റിയിൽ ഇരിക്കുന്നു.
നീ ഇത് എവിടെയായിരുന്നു ഇത്രനേരം… നിന്നെ ഫോൺ വിളിച്ചിട്ട് എന്താടാ എടുക്കാഞ്ഞത്? ബിന്ദു മകനെ നോക്കി ചോദിച്ചു.
എന്റെ ഒന്ന് രണ്ട് ഫ്രണ്ട്സ്നെകണ്ടു അവരോടൊക്കെ സംസാരിച്ചിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല.. ഇങ്ങോട്ട് തിടുക്കപ്പെട്ടു വന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. അല്പം ഗൗരവത്തിൽ അമ്മയെ നോക്കി പറഞ്ഞ ശേഷം നകുലൻ അകത്തേക്ക് കയറിപ്പോയ്.
നിന്റെ അഭിപ്രായം എന്താണ്, ചെറിയമ്മേം മക്കളെയും വിളിക്കണോ, നീ പറഞ്ഞാൽ ഞാൻ അവരെ അമ്മയെക്കൊണ്ട് നൂലുകെട്ട് ചടങ്ങിനുവേണ്ടി വിളിപ്പിയ്ക്കാം..
അന്ന് രാത്രിയിൽ കിടക്കാനായി റൂമിലെത്തിയപ്പോൾ അമ്മുവിനോടായി നകുലൻ ചോദിച്ചു.
വേണ്ട നകുലേട്ടാ.. അവരെ ആരെയും വിളിക്കേണ്ട.. ഏട്ടൻ പറഞ്ഞിട്ട് പോയതു പോലെ എനിക്കും കഴിഞ്ഞ കാര്യങ്ങളൊക്കെ മറക്കുവാൻ ബുദ്ധിമുട്ടുണ്ട്.. എത്രയോ നാളുകളായി ആ കുടുംബവുമായി ഇഴുകിച്ചേർന്ന് നടന്നിരുന്ന ഞാനാണ്,, കണ്ണടച്ച് തുറക്കും മുന്നേ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ,,, അമ്മായിയുടെ ഓരോ കുത്തുവാക്കുകൾ, അവരൊക്കെ എന്നോട് കാണിച്ചു കൂട്ടിയ ക്രൂരതകൾ. ഇതൊക്കെ അത്ര കണ്ട് പെട്ടെന്നങ്ങട് എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോവില്ല. പിന്നെ മീനാക്ഷി, അവളെ ആ സ്ഥിതിക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്നേയുള്ളൂ, മനസാക്ഷിയുള്ള ആരും ചെയ്തു പോകുന്ന പ്രവർത്തി. അതു മാത്രമേ ഞാനും ചെയ്തുള്ളൂ. അവൾ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി, പിന്നെ അമ്മായി അവളോട് പെരുമാറിയ രീതികൾ ഒക്കെ കേട്ടപ്പോൾ, ചെറിയൊരു സങ്കടം… അത് സ്വാഭാവികമായി ആർക്കും തോന്നുന്നത്. ആ കാര്യങ്ങളൊക്കെ കഴിഞ്ഞ് അവളുടെ റിസൾട്ട് പോസിറ്റീവ് ആയപ്പോൾ ഞാനും ഒരു വേള എല്ലാം മറന്നു പോയിരുന്നു. എന്നാലും നമ്മുടെ കുഞ്ഞിന്റെ നല്ലൊരു ചടങ്ങ്, അതും വാവയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്,,,, അതിന് ആ ദുഷ്ടരായ മനുഷ്യരാരും ഇവിടേക്ക് വരണ്ട.. എനിക്ക് അത് ഇഷ്ടമല്ല…
മുഖം വെട്ടി തിരിച്ചുകൊണ്ട് അമ്മു പറഞ്ഞതും,നകുലൻ അവളെ വാരി പുണർന്നു.
യ്യോ…ഓർക്കാപ്പുറത്തുള്ള അവന്റെ പ്രവർത്തിയിൽ അമ്മു ഉച്ചത്തിൽ നിലവിളിച്ചു പോയി.
എന്റെ നകുലേട്ടാ… പേടിപ്പിച്ചു കളഞ്ഞല്ലോ.
എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് നീയാടി പെണ്ണെ. അവൻ കാതോരം മൊഴിഞ്ഞു.
നിനക്കറിയാമോ… നമ്മുടെ നാട്ടിലെ, മിക്കവാറും എല്ലാ ആളുകളോടും ഗിരിജ ചെറിയമ്മ, എന്തോരം തോന്നിവാസം പറഞ്ഞ നടന്നിട്ടുണ്ടെന്നോ.. അത് കേട്ടിട്ട് കിച്ചനും യദുവും ഒക്കെ ഒരു പ്രത്യേക മനോഭാവത്തിൽ ആയിരുന്നു എന്നെ നോക്കുന്നത്. ഞാൻ കള്ളുകുടിയനാണ്,കഞ്ചാവ് വിൽപ്പനക്കാരൻ ആണ്.പെണ്ണ് പിടിയനാണ്… എന്തൊക്കെ പരദൂഷണം ആയിരുന്നന്നൊ.. ഇതെല്ലാം എന്റെ തള്ളക്ക് വ്യക്തമായിട്ട് അറിയാവുന്ന കാര്യമാണ്. എന്നിട്ട് അവരുടെ വർത്താനം കേട്ടില്ലേ.. ചൊറിയമ്മേനെ വിളിക്കാൻ.. ആ പെണ്ണുമ്പിള്ളേനെ വിളിച്ച് സൽക്കരിയ്ക്കാത്ത കുഴപ്പം കൂടിയേ ഉള്ളൂ…
പറയുമ്പോൾ നകുലനെ വിറഞ്ഞു കയറി.
നീ എന്നെ കാണുമ്പോൾ എന്തുമാത്രം ഓടിയിരിക്കുന്നു,അതിനു കാരണക്കാർ ആരാടി അമ്മു.. നല്ല പിള്ള ചമഞ്ഞ്, നിന്നവന്മാരുടെ തനിക്കൊണം നീ മനസ്സിലാക്കിയതല്ലേ..
ഹ്മ്…അവൾ തല കുലുക്കി.
എല്ലാവരും എന്നെ ഒരു തെറ്റുകാരനായി കണ്ടപ്പോഴും, ഈ ലോകത്തിൽ ഒരേയൊരു വ്യക്തി മാത്രമേ,നകുലൻ അത്തരക്കാരൻ അല്ല , അവൻ പാവമാണെന്ന് പറഞൊള്ളൂ.. അതു എന്റെ സതിയപ്പച്ചി മാത്രമാ..
കഴിഞ്ഞതെല്ലാം മറന്ന്, കുടുംബക്കാർ എല്ലാവരും കൂടി ഇനി ഒന്ന് ചേർന്ന് പോകാനും, അതിനുവേണ്ടിയുള്ള ഒരു പഴുതായി എന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് കാണുവാനും ഒന്നും, എന്റെ അമ്മ വെറുതെ ധാര കോരി ഇരിക്കേണ്ട… അതു നടക്കില്ലമ്മു.. അമ്മ വല്യ ആളുകളിച്ചിട്ടുണ്ടെങ്കിൽ, നാളെ കാലത്ത് നമ്മൾ എറണാകുളത്തേക്ക് പോകും. പറഞ്ഞില്ലെന്നു വേണ്ട.
ഹേയ്.. അതൊന്നും സാരമില്ലെ നകുലേട്ടാ. അമ്മായി പറയാനുള്ളത് പറഞ്ഞു. നകുലേട്ടൻ മറുപടിയും കൊടുത്തില്ലേ. ഇനിയിപ്പോ അങ്ങോട്ടുമിങ്ങോട്ടും മുഷിയണ്ട.
അമ്മു അവനെ സമാധാനിപ്പിച്ചു.
ചടങ്ങ് കഴിഞ്ഞിട്ട് ഒന്ന് രണ്ടാഴ്ച കൂടി കഴിഞ്ഞ് ഇവിടുന്ന് പോകാമെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ വേണ്ടമ്മു.. എത്രയും പെട്ടെന്ന് മടങ്ങണം. അവിടെ ചെന്നിട്ട് എനിക്ക് കുറെ കാര്യങ്ങളൊക്കെ ചെയ്ത് തീർക്കുവാൻ ഉണ്ട്.
അവൻ പറഞ്ഞതും അമ്മു സമ്മതിച്ചു.
നകുലേട്ടാ… ഇവിടെ എല്ലാവർക്കും വാങ്ങിയ ഡ്രസ്സ് കൊടുത്തില്ലല്ലോ, അമ്മയ്ക്കും ശ്രീജയ്ക്കും ഒക്കെ ബ്ലൗസ് സ്റ്റിച്ചു ചെയ്യേണ്ടതല്ലേ.അതങ്ങട് കൊടുത്താലോ..
ഹ്മ്.. നാളെ ആവട്ടെ. ഇപ്പോൾ നേരം ഇത്രേം ആയില്ലേ.
നകുലൻ പറഞ്ഞത് പ്രകാരം അമ്മു അടുത്ത ദിവസം കാലത്തെയാണ് അമ്മായിക്കും ശ്രീജയ്ക്കും ഒക്കെയുള്ള സാരി അവർക്ക് കൊടുത്തത്. ഒപ്പം പാറുക്കുട്ടിക്ക് വാങ്ങിയ ഫ്രോക്കും. നൂലുകെട്ട് ചടങ്ങിന് ധരിയ്ക്കുവാൻ വേണ്ടിയുള്ളതാണ് എന്ന് പറഞ്ഞു ആയിരുന്നു അവൾ അവരെ ഏൽപ്പിച്ചത്.
രണ്ടാൾക്കും സാരീ ഇഷ്ട്ടമായി.
മുറിയിലേക്ക് വന്നപ്പോളാണ് അമ്മുവിന് സർപ്രൈസ് ആയി വാങ്ങിവച്ച സാരി അവളെ കാണിച്ചതും.
യ്യോ.. ഇതെന്തിനാണ് നകുലേട്ടാ ഇത്രയും വില കൂടിയ സാരിയൊക്കെ എനിക്ക് വാങ്ങിയത്..
നിനക്ക് ഇഷ്ടായൊ
ഹ്മ്..
അതിൽ വിത്ത് ബ്ലൗസ് ഒക്കെ ഉണ്ട്.. ശ്രീജയുടെ കൂടെ എവിടെയാണെന്ന് വെച്ചാൽ കൊണ്ടുപോയി തയ്ക്കാൻ കൊടുക്കു.
**
അങ്ങനെ ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു പോയി.
ഇന്നാണ് കുഞ്ഞുവാവയുടെ നൂലുകെട്ടും പേരിടീലും ഒക്കെ ചടങ്ങായി നടത്തുന്ന ദിവസം.
വേണ്ടപ്പെട്ട ആളുകളൊക്കെ എത്തിച്ചേർന്നിട്ടുണ്ട്. കുഞ്ഞിനെ അണീയിക്കുവാനുള്ള അരഞ്ഞാണവും പാദസരവും ഒക്കെ,അമ്മു ബിന്ദുവിനെ ഏൽപ്പിച്ചു.
അമ്മു ആണെങ്കിൽ ഉടുത്തോരുങ്ങി സുന്ദരിയായി നിൽക്കുകയാണ്. നകുലൻ ഒരു കുർത്തയും മുണ്ടും ആയിരുന്നു വേഷം.
എല്ലാവരും ആകെ സന്തോഷത്തിലാണ്.
പതിനൊന്നു മണിക്ക് ആയിരുന്നു ചടങ്ങ്.
മുറ്റത്തായി പന്തലൊക്കെ ഇട്ടിട്ടുണ്ട്. ഒരു സ്റ്റേജ് ക്രമീകരിച്ചിട്ടുണ്ട്.
നിറയെ മുല്ലപ്പൂവൊക്കെ ചൂടി അമ്മു കുഞ്ഞിനേയും ആയിട്ട് ഇറങ്ങി വന്നു.
ബിന്ദുവിന്റെ കൈലേക്ക് അവൾ കുഞ്ഞിനെ കൊടുത്തു. നകുലനും അമ്മയും അമ്മുവും ഒക്കെ ചേർന്ന് അരഞ്ഞാണവും പാദസ്വരവുമിടുവിച്ചത്. ഇരു കൈകളിലും ഓരോ വളയും നകുലൻ ഇട്ടു കൊടുത്തു.
കുഞ്ഞിനെ പേര് ചൊല്ലി വിളിച്ചത് ആധ്യാത്മിക എന്നായിരുന്നു. നകുലന്റെ കണ്ടു പിടിത്തം.എന്റെ മോനേ.. വല്യ പാടല്ലേ ഈ പേര് വിളിക്കാന്…. ബിന്ദു പറയുന്ന കേട്ട് എല്ലാവരും ചിരിച്ചു.
സരസ്വതി എന്നാണ് വീട്ടിൽ വിളിക്കുന്നത്.. അതു വിളിക്കാൻ അമ്മയ്ക്ക് ബുദ്ധിമുട്ട് ഉണ്ടോ.
അവൻ അവരോട് ചോദിച്ചു.
ഇല്ല… സരസ്വതി മോളെ….അച്ഛമ്മ അങ്ങനെ വിളിക്കുട്ടൊ. അവർ കുഞ്ഞിനെ എടുത്തു മടിയിലേക്ക് വെച്ചു.
അതിനു ശേഷം ബിന്ദു അവരുടെ വകയായി ഓരോ വളകൾ ഇട്ടു കൊടുത്തു.പ.പിന്നീട് ശ്രീജയും. അങ്ങനെ വന്നു കൂടിയ ആളുകളൊക്കെ കുഞ്ഞിന് സമ്മാനം കൊടുത്തു.ജയന്തി ചേച്ചി കൊടുത്ത കുഞ്ഞികമ്മൽ കണ്ടപ്പ്പോൾ അമ്മുന് കണ്ണു നിറഞ്ഞു.
ചേച്ചി.. എന്തിനാ ഇത് വാങ്ങിയേ…
എന്റെ കൊച്ചുമോളല്ലേട… അതുകൊണ്ട് വാങ്ങി.. ജയന്തി അമ്മുവിന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
ആകെ മൊത്തത്തിൽ എല്ലാവർക്കും സന്തോഷം.
ചിലരൊക്കെ ഗിരിജയും മക്കളും വന്നില്ലേഎന്ന് ബിന്ദുനോട് ചോദിച്ചു.
ഇല്ല. ചില അസൗകര്യം…അവർ മറുപടിയും കൊടുത്തു.
അമ്മു….ഇടയ്ക്ക് നകുലൻ അവളെ കൈ കാട്ടി വിളിച്ചു.
അമ്മു ജയന്തിചേച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്തു. എന്നിട്ട് അവന്റെ അടുത്തേക്ക് ചെന്നു.
എന്താ നകുലേട്ടാ.
എനിക്ക് കണ്ട്രോൾ കിട്ടില്ല കേട്ടോ.. എത്ര നാളായി.. നീയിങ്ങനെ ചുവന്നു തുടുത്തു നടന്നോ….കുറുമ്പോട് കൂടി പറയുന്നവനെ നോക്കി അമ്മു കണ്ണിറുക്കി കാണിച്ചു.
അതേയ് അമ്മു… മാസം മൂന്നായി കേട്ടോ.. ഇതൊക്കെ മതി. ഇനി നീണ്ടു പോയാൽ ശരിയാവില്ല.
അവൻ പറഞ്ഞു നിറുത്തി.
142
നകുലേട്ടന് വായ തുറന്നാൽ ഇതേ ഒള്ളു പറയാന്.. നാണമില്ലല്ലേ അമ്മു അവനെ നോക്കി പിറു പിറുത്തു.
എന്റെ നാണമൊക്കെ ഒരുത്തി കവർന്നെടുത്തില്ലേ, ഇനി പറഞ്ഞിട്ടെന്താ കാര്യം.
നകുലൻ വിഷമത്തോടെ പറഞ്ഞപ്പോൾ അമ്മു അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
.
പൂർവാധികം ശക്തിയോടെ തിരിച്ചു വരണേ പെണ്ണെ.. ആ ഒരു നിമിഷത്തിനായി കാത്തിരിക്കുവാ ഞാന്.
എറണാകുളത്തു ചെല്ലട്ടെ നകുലേട്ടാ..
എടി… അപ്പൊ കുളമോ.
എറണാകുളത്തിനും ഒരു കുളം ഉണ്ടല്ലോ.. തത്കാലം അതു മതി.
മോളെ അമ്മു… കുഞ്ഞ് കരയുന്നു. ഇത്തിരി പാല് കൊടുക്ക് കേട്ടോ. അമ്മായി വിളിച്ചു പറഞ്ഞു.
ദ.. വരുന്നു അമ്മായി. അവൾ ഓടാൻ ഭാവിച്ചതും നകുലൻ പിന്നിൽ നിന്നും അമ്മുവിനെ പിടിച്ചു, അവനോട് ചേർത്തു.
അമ്മു.. എനിയ്ക്കും വിശക്കുന്നുണ്ട് കേട്ടോടി.
പോയി ചോറെടുത്തു കഴിക്ക് മനുഷ്യ…. കിന്നരിച്ചോണ്ട് നില്ക്കുന്ന നിൽപ്പ് കണ്ടില്ലേ.
അവൾ പോകുന്നതും നോക്കി നകുലൻ ചിരിച്ചു.
എന്റെ വിശപ്പ് നീ മാറ്റിയാലെ മാറു…
******
മീനാക്ഷിയ്ക്ക് വിശേഷം ഉണ്ടെന്ന് ഉള്ളത് അറിഞ്ഞു അവളുടെ വീട്ടിൽ നിന്നും എല്ലാവരും എത്തി ഒരുപാട് പലഹാരങ്ങൾ ഒക്കെ മേടിച്ചു ആയിരുന്നു അച്ഛനും അമ്മയും അനിയത്തിയും ഓടി വന്നത്. അവർക്കൊക്കെ കഴിക്കുവാ ഉള്ള ഫുഡ് ഒക്കെ യദു പുറത്തുനിന്നും മേടിച്ചു.. മീനാക്ഷിയെ അവൻ അടുക്കളയിൽ കയറ്റിയതുമില്ല.
ഗിരിജയോട് പറയുന്നുണ്ടോ എന്ന് മീനാക്ഷിയുടെ അമ്മ ചോദിച്ചപ്പോൾ യദുവേട്ടൻ സമ്മതിക്കില്ലന്നു അവൾ പറഞ്ഞു.
അന്ന് രാത്രിയിൽ കിടക്കാൻ നേരവും മീനാക്ഷി ഈ കാര്യം യദുവിനോട് പറഞ്ഞു.
അവൻ പക്ഷെ എതിർത്തു..
വേണ്ട മീനാക്ഷി…. ആരെങ്കിലും പറഞ്ഞു അമ്മ ഇതിപ്പോ അറിഞ്ഞു കാണും. എന്നിട്ട് നമ്മളെ വിളിച്ചു പോലുമില്ലല്ലോ. പിന്നെ എന്തിനാ വെറുതെ.
അതൊന്നും ഏട്ടൻ നോക്കേണ്ട, വിളിച്ചു പറയേണ്ടത് കടമയല്ലേ യദുവേട്ട..
നിന്നോട് ഞാൻ മലയാളത്തിലല്ലേ ഇത്ര നേരമായായിട്ടും പറയുന്നത്. എന്നിട്ടും മനസ്സിലാകുന്നില്ലല്ലേ നിനക്ക്.
അവൻ ദേഷ്യപ്പെട്ടതും മീനാക്ഷി പിന്നെയൊന്നും പറയാനും തുനിഞ്ഞില്ല.
*************
ഒരാഴ്ച വേഗം കടന്നു പോയി.
നകുലനും അമ്മുവുമൊക്കെ ഇന്ന് തിരിച്ചു എറണാകുളത്തെയ്ക്ക് മടങ്ങുകയാണ്. ബിന്ദുവിനെ ആകുന്നത്ര വിധത്തിൽ തന്റെയൊപ്പം കൊണ്ട് പോകാൻ അവൻ ശ്രെമിച്ചു. പക്ഷെ അവർ സമ്മതിച്ചില്ല..
എന്റെ മോനേ. അമ്മയ്ക്ക് ഇവിടം വിട്ടു പോകാൻ തീരെ മനസ്സില്ലടാ. മറ്റൊന്നും കൊണ്ടുമല്ല,,, ഞാനീ നാട്ടിൻപുറത്തൊക്കെ ജീവിച്ചതുകൊണ്ടാണ്.. എന്റെ കുഞ്ഞിനെ പിരിഞ്ഞിരിക്കുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല, എന്നാലും അങ്ങോട്ടൊക്കെ, വന്നു താമസിക്കാൻ എനിക്ക് വയ്യട..
കുഞ്ഞിനെയും മാറോടു ചേർത്ത്കൊണ്ട് അവർ പറയുകയാണ്.
അമ്മുവിനും സങ്കടമുണ്ട്. അവളും ഒരുപാട് തവണ അമ്മായിയോട് വരാൻ നിർബന്ധിച്ചു.. മകനോടുള്ള മറുപടി ആയിരുന്നു അവളോടും പറഞ്ഞത്.
ജയന്തി ചേച്ചിയു നകുലനും കൂടി എല്ലാ സാധനങ്ങളും വണ്ടിയിൽ കയറ്റി വെച്ചു.
വാഴക്കുലയും കപ്പയും, ചേനയും, നാളികേരവും, പച്ചക്കറികളും ഒക്കെ ഉണ്ട്…
ശ്രീജെ….നകുലൻ വിളിച്ചപ്പോൾ അവൾ പാറുക്കുട്ടിയെയും കൂട്ടി അവന്റെ അടുത്തേക്ക് വന്നു.
എന്താ ഏട്ടാ…?
അടുത്ത മാസം ഏഴാം തീയതി അല്ലേ നീ പോകുന്നത്.
ഹമ് അതെ ഏട്ടാ…
അതിനു മുൻപ് നീ എറണാകുളത്തേയ്ക്ക് വാടി. എന്നിട്ട് അവിടുന്ന് പോകാം കേട്ടോ.
നോക്കട്ടെ.. ഞാൻ ഏട്ടനെ വിളിച്ചോളാം.
ആഹ്…. അളിയനോട് സംസാരിക്കു.
പാറുകുട്ടിയെ മേടിച്ചു അവൻ മുകളിലേക്ക് ഉയർത്തി. എന്നിട്ട് വാവയുടെ കുഞ്ഞിവയറ്റിൽ ഉമ്മ വെച്ചു കൊണ്ട് കളിപ്പിയ്ക്കുകയാണ്..
സരസ്വതിമോളെ…. വാടാ ചക്കരെ. ശ്രീജ ബിന്ദുവിന്റെ കൈയിൽ ഇരുന്ന കുഞ്ഞിനെയും മേടിച്ചു പിടിച്ചു.
യാത്ര പറച്ചിൽ എന്നത്തേയും പോലെ സങ്കടം നിറഞ്ഞത് തന്നെയാണ്. ആ കാര്യത്തിൽ ബിന്ദുവിനു ഒരു മാറ്റവും ഇല്ലാ…
അമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു കൊണ്ടു നകുലൻ കാറിലേക്ക് കയറി.
പിന്നാലെ അമ്മുവും ജയന്തിചേച്ചിയും. കുഞ്ഞിനെ അമ്മുവിന് കൈ മാറുമ്പോൾ ബിന്ദു വിങ്ങി പൊട്ടി.
അമ്മായി.. ഞങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ വരാം. അമ്മായി വിഷമിക്കാതെ.
അമ്മു പറഞ്ഞപ്പോൾ അവർ അവളുടെ കവിളിൽ ഒന്ന് തലോടി
അമ്മേ…
ആഹ്.. പോയിട്ട് വാടാ. മകന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് ബിന്ദു പറഞ്ഞു
പാറുക്കുട്ടാ…ടാറ്റ കൊടുത്തേട. ശ്രീജ പറഞ്ഞപ്പോൾ കുഞ്ഞി എല്ലാവരേം കൈ വീശി കാണിച്ചു.
പടിപ്പുര കടന്നു അവരുടെ വാഹനം ഇരമ്പിനീങ്ങി.
***************
അന്നും പതിവ് പോലെ യദു ഓഫീസിലേക്ക് പോയതാണ്. മീനാക്ഷി ഒറ്റയ്ക്ക് ഒള്ളു.
അവൾക്ക് പ്രേത്യേകിച്ചു കുഴപ്പം ഒന്നും ഇല്ലാത്ത കാരണം തനിച്ചിരിക്കാനും പ്രശ്നമില്ല
യദുവും മീനാക്ഷിയുടെ അമ്മയും ഒക്കെ കൂടെ കൂടെ വിളിക്കും.
നേരം ഉച്ചയായി. ഊണ് കഴിച്ച ശേഷം വെറുതെ ഇത്തിരി നേരം ടീവി കണ്ടു കൊണ്ട് ഇരിക്കുകയാണ് മീനാക്ഷി.
ആ സമയത്ത് ആയിരുന്നു മുറ്റത്തൊരു ആട്ടോ വന്നു നിന്നത്.
നോക്കിയപ്പോൾ ഗിരിജയാണ്.
പെട്ടന്ന് അവരെ കണ്ടതും മീനാക്ഷിയ്ക്ക് ഒരു ബുദ്ധിമുട്ട് തോന്നി.
വിശേഷം അറിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇന്നാണ് അമ്മ വന്നത് പോലും.
നേരെ അവർ അകത്തേക്ക് വന്നു.
ഞാനിവിടെ ഇല്ലാരുന്നു. പാലക്കാട് സ്വസ്തിയിലാരുന്നു. ഒരു ആത്മീയ ബോധക്ലാസ്സ്..സ്വാമി സ്വരുപാനന്ദ..മൊബൈൽ ഒന്നും കൊണ്ട് പോകാൻ പറ്റില്ലത്രെ. മടങ്ങി വന്നത് ഇന്നലെയാ.. പ്രിയ പറഞ്ഞു വിവരം അറിഞ്ഞത്..
ആരോടെന്നല്ലാതെ പറഞ്ഞു കൊണ്ട് അവർ കൈയിലിരുന്ന പൊതി എടുത്തു, അവൾക്ക് നേർക്ക് നീട്ടി.
ചൂടുണ്ട്.. നെയ്യപ്പോം ഉഴുന്ന് വടേം ഒക്കെയാ… പോറ്റിസ്വാമിടെ ചായക്കടേലേയാ. കഴിച്ചോ.
അവർ പറഞ്ഞതും മീനാക്ഷി അതു മേടിച്ചു പിടിച്ചു.
.
അമ്മ ഇരിക്ക്. ഞാന് ഊണെടുക്കാം.
എടുത്തു തരുവോന്നും വേണ്ട.. ഞാൻ കഴിച്ചോളാം. നിനക്ക് ക്ഷീണം ഇണ്ടോ മീനാക്ഷി….
ഇല്ല്യ… ഇതുവരെ കുഴപ്പമില്ല.
പ്രിയക്കോ.
അവൾക്കും വല്യ പ്രശ്നമില്ല. അങ്ങനെയൊക്കെ പോകുന്നു. യദു പോയല്ലേ.
ഹമ് പോയി….
ആഹ്.. ഞാനിത്തിരി നേരം ഒന്ന് കെടക്കട്ടെ. വല്ലാത്ത ഉഷ്ണം..
അവർ തന്റെ മുറിയില്ക്ക് പോയി.
നെയ്യപ്പം കഴിച്ചോളൂ. നിനക്ക് ഇഷ്ടല്ലെ..
വാതിൽക്കൽ എത്തിയതും അവളെയൊന്നു തിരിഞ്ഞു നോക്കിക്കൊണ്ട് അവർ പറഞ്ഞപ്പോൾ മീനാക്ഷി തല കുലുക്കി
ശിശിരം 143
മേടയിൽ വീട്ടിൽ കയറികൂടിയ ബാധകളും മെല്ലെ വിട്ട് പോകുകയായിരുന്നു..
ഗിരിജയുടെ ബാധ ഒഴിഞ്ഞു പോയതോടെ അവിടെയും സമാധാനവും സന്തോഷവും.
സാവധാനം എല്ലാം ഒന്ന് കര കേറി വന്നു.
മീനാക്ഷിയ്ക്ക് സന്തോഷമായി, ഒപ്പം യദുവിനും. കിച്ചനെ വിളിച്ചു വിവരം പറഞ്ഞപ്പോൾ സംഭവിച്ചതെല്ലാം നല്ലതിനെന്ന് അവൻ പറഞ്ഞു.
പെട്ടന്ന് അങ്ങട് വിശ്വസിക്കേണ്ടന്നും നോക്കീം കണ്ടും നിന്നോണം എന്നും ശ്രുതി മീനാക്ഷിയെ ഉപദേശിച്ചു. എന്നാലും ഗിരിജയിൽ പ്രകടമായ മാറ്റങ്ങൾ ആയിരുന്നു പിന്നീട് എന്നും അങ്ങോട്ട് സംഭവിച്ചത്.
ജയന്തി ചേച്ചിയുടെ കുഞ്ഞമ്മ മരിച്ചു പോയി. അതുകൊണ്ട് അവർക്ക് അത്യാവശ്യമായിട്ട് വീട് വരെ ഒന്ന് പോണം..
മോളെ… എന്താ ഇപ്പൊ ചെയ്ക.എനിക്ക് ഒന്ന് പോയി കാണാണ്ട് വേറെ നിവർത്തി ഇല്ലാലോ
അതിനെന്താ ചേച്ചി പൊയ്ക്കോളൂ.നകുലേട്ടൻ ഇവിടെ ഉണ്ടല്ലോ.അതുകൊണ്ട് പ്രശ്നം ഇല്ലന്നെ. അമ്മു അവരെ സമാധാനിപ്പിച്ചു..
എനിക്ക് വേറൊരു നിവർത്തിയും ഇല്ലാഞ്ഞിട്ടാണ് മോളെ. കുഞ്ഞമ്മയുടെ കൂടെയായിരുന്നു ഞാൻ ചെറുപ്പത്തിലെ വളർന്നത്. ഒരുപാട് ചോറ് തന്ന് ആളാ.. ഒന്നു പോയി കണ്ടില്ലെങ്കിൽ ആ ആത്മാവ് എന്നെ ശപിക്കും.
ചേച്ചി ധൈര്യമായിട്ട് പോയിട്ട് വന്നേ… ഇവിടെ ഒരു പ്രശ്നവുമില്ല, അല്ലെങ്കിൽ തന്നെ എനിക്കിപ്പോ മാസം മൂന്നു കഴിഞ്ഞില്ലേ. ഇനി ചെറിയ ചെറിയ ജോലികളൊക്കെ ചെയ്താലും തരക്കേടില്ലന്നേ.
രണ്ടാളും സംസാരിച്ചുകൊണ്ട് നിന്നപ്പോൾ നകുലൻ അവരുടെ അടുത്തേക്ക് വന്നു. അവന്റെ കയ്യിൽ സരസ്വതി മോളും ഉണ്ടായിരുന്നു.
എന്താണ് ഇവിടെ ചൂട് പിടിച്ച ചർച്ച…..?
അവൻ ചോദിച്ചതും അമ്മു കാര്യങ്ങളൊക്കെ പറഞ്ഞു.
ചേച്ചി റെഡി ആയിക്കോ.. ഞാൻ ബസ്സ് കേറ്റി വിടാം പോരെ…
അല്ല മോനെ… അമ്മുവിനെയും കുഞ്ഞുവാവയെയും ഒറ്റയ്ക്കാക്കിയിട്ട് എങ്ങനെയാണ്.. വല്ലാത്തൊരു ധർമ്മസങ്കടത്തിൽ ആണ് മോനെ ഞാനിപ്പോൾ..
അമ്മൂനെയും കുഞ്ഞിനെയും ഒറ്റയ്ക്കാക്കിയിട്ടല്ലല്ലോ ചേച്ചി പോകുന്നത്. ഞാൻ ഇല്ലേ ഇവിടെ?
മോനു പുറത്തേയ്ക്ക് എവിടെയെങ്കിലും പോകേണ്ടി വന്നാലോ..
പോകേണ്ടിവന്നാൽ ഞാൻ ഇവരെയും കൂട്ടിക്കൊണ്ടു പൊയ്ക്കോളാം.. അതു പോരെ
ചേച്ചി പെട്ടെന്ന് റെഡി ആയിക്കോ കുറെ ദൂരം യാത്ര ചെയ്യേണ്ടതല്ലേ. ഒന്നോ രണ്ടോ ദിവസം അവിടെ നിന്നിട്ട് വന്നാലും ഞങ്ങൾക്ക് യാതൊരു കുഴപ്പവുമില്ല.
ഇന്ന് ഒരു ദിവസത്തേക്ക് നിൽക്കുവൊള്ളൂ മോനെ,നാളെ വൈകുന്നേരത്തേക്ക് ഞാൻ മടങ്ങിയെത്തും..
ആഹ്… അതൊക്കെ പിന്നത്തെ കാര്യമല്ലേ ഇപ്പോൾ പെട്ടെന്ന് റെഡി ആയിക്കോളൂ.
അവൻ പറഞ്ഞതും ജയന്തി ഒരുങ്ങാനായി പോയി. കുഞ്ഞിനെ മേടിച്ചു അമ്മു റൂമിലേക്കും നടന്നു.
അര മണിക്കൂറിനുള്ളിൽ ജയന്തി ചേച്ചിയെയും കൂട്ടി നകുലൻ യാത്രയായി.
ഇറങ്ങാൻ നേരം അമ്മുന്നും കുഞ്ഞുവാവയ്ക്കും കെട്ടിപ്പിടിച്ച് ഉമ്മയൊക്കെ കൊടുത്തിട്ടാണ് അവർ പോയത്. അമ്മുവിനും സങ്കടമായി
എന്റെ പൊന്നു ചേച്ചി നാളെ ഇങ്ങോട്ട് വരുന്ന കേസല്ലേ, ഇത്രമാത്രം ആറ്റിട്യൂട് ഇടണോ രണ്ടാളും കൂടി. കണ്ണ് തുടച്ചുകൊണ്ട് വണ്ടിയിൽ കയറിയ ചെയ്തു ചേച്ചി നോക്കി ദേഷ്യത്തിൽ ചോദിച്ചു. മറുപടിയൊന്നും പറയാതെ അവർ മുഖം കുനിച്ചിരുന്നതേയുള്ളൂ.
ഞങ്ങൾക്കറിയാം ചേച്ചിക്ക് എത്രമാത്രം സ്നേഹം ഞങ്ങളോട് രണ്ടാളോടും ഉണ്ടെന്നുള്ളത്. അതുപോലെതന്നെ തിരിച്ചും.. പോയിട്ട് വാ ചേച്ചി.
കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവരുടെ കയ്യിലേക്ക് കുറച്ചു നോട്ടുകൾ വെച്ചുകൊടുത്തുകൊണ്ട് നകുലൻ പറഞ്ഞു.
മോനെ പൈസ ഒന്നും വേണ്ടന്നേ ചേച്ചിയുടെ കയ്യിൽ ഉണ്ട്..
ഇരിക്കട്ടെ.. ഇതും കൂടി വെച്ചോളൂ. മനുഷ്യന്റെ കാര്യമല്ല ചേച്ചി എന്തെങ്കിലും ആവശ്യം വന്നാലോ.
അവരെ ബസ് കയറ്റി വിട്ട ശേഷം അവൻ വീണ്ടും വന്നു കാറിൽ കയറി..
വീട്ടിലേക്ക് തിരിച്ചു എത്തിയപ്പോൾ അമ്മു ബിന്ദു അമ്മായിയെ വീഡിയോ കാൾ ചെയ്യുകയാണ്. കുഞ്ഞിനെ കാണിക്കാൻ.
ബിന്ദുവിന്റെ ശബ്ദം കേട്ടു കുഞ്ഞ് കയ്യും കാലും ഇട്ടിളക്കിയപ്പോൾ നകുലനും അമ്മുവും ചിരിയോടെ അതു നോക്കി നിന്നു.
കുറേ നേരം അവരുമായി ഓരോ നാട്ടു വിശേഷം പറഞ്ഞു. വാവയ്ക്ക് ഉറക്കം വന്നു തുടങ്ങിയപ്പോൾ അമ്മു ഫോൺ കട്ട് ചെയ്തു.
അങ്ങനെ അന്നത്തെ ദിവസം ചേച്ചിയില്ലാതെ ഇരുവരും ചേർന്ന് വീട്ടു കാര്യങ്ങളൊക്കെ കൈകാര്യം ചെയ്തു പോന്നു.
നിനക്ക് ഈയിടെ ആയിട്ട് എന്നോട് ഒട്ടും സ്നേഹമില്ല കേട്ടോടി അമ്മുവേ?
വാവയ്ക്ക് പാല് കൊടുത്തു കൊണ്ടിരുന്ന അമ്മുനെ നോക്കി നകുലൻ പറഞ്ഞു.
അവൾക്ക് കുടിക്കുവാൻ ഒരു ഗ്ലാസ് ചായയും ആയിട്ട് വന്നതാണ് അവൻ
ഹ്മ്… മനസിലായി… എന്തോ കൂടോത്രം ചെയ്തു പാവം ചേച്ചിയെ ഓടിച്ചു വിട്ടിട്ട് അടുത്ത് കൂടിയേക്കുവാ അല്ലെ….കള്ളൻ
കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ശേഷം അമ്മു അവനെയൊന്നു അടിമുടി നോക്കി.
എത്ര നാളായി പെണ്ണെ… ഇനി ഇങ്ങനെ കാത്തിരിക്കാൻ വയ്യന്നേ. അതോണ്ടല്ലേ..
ഇവിടെ ഇരുന്നോണം. ഞാനൊന്നു കുളിച്ചിട്ട് വിളക്ക് കൊളുത്തട്ടെ.
നകുലനെ നോക്കി പേടിപ്പിച്ചിട്ടു അമ്മു വാഷ് റൂമിലേക്ക് കയറി.
കുളിച്ചിറങ്ങി വന്ന ശേഷം അമ്മു നിലവിളക്ക് കൊളുത്തി, നാമം ജപിച്ചു..
അതിനു ശേഷം അടുക്കളയിൽ ചെന്നിട്ട് ചോറും കറികളും ചൂടാക്കി വെച്ചു.
ഏഴര മണി ആകുമ്പോൾ അമ്മുവും നകുലനും അത്താഴം കഴിക്കും. അപ്പോൾ ചേച്ചിയുടെ കൈയിൽ ആയിരിക്കും കുഞ്ഞ്. ഇന്ന് പക്ഷെ ആദ്യം അമ്മു കഴിച്ചെഴുന്നേറ്റു.അതിനുശേഷം ആണ് നകുലൻ ഭക്ഷണം കഴിക്കുവാനായി പോയത്..
കുറച്ചുദിവസമായിട്ട് രാത്രിയിൽ ഏകദേശം ഒരു ഒൻപത് ഒമ്പതര മണിയാകുമ്പോഴാണ് കുഞ്ഞുവാവ ഉറങ്ങുന്നത്,ആ കിടപ്പ് ഒരു, രണ്ടരമണിക്കൂറോളം സുഖമായി ഉറങ്ങും. മാസങ്ങൾ മുന്നോട്ടുപോകും തോറും കുഞ്ഞിനും കുറേയൊക്കെ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു.
അതുകൊണ്ട് വലിയ പ്രശ്നമില്ലാതെ വഴക്കൊന്നും ഇല്ലാതെ ഉറങ്ങും.
ജയന്തി ചേച്ചി ആണെങ്കിൽ രണ്ടുമൂന്നു തവണ അമ്മുവിനെയും നകുലനെയും ഫോണിൽ വിളിച്ചു.. കുഞ്ഞുവാവ വഴക്കുണ്ടോ എന്ന് അറിയുവാനാണ് വിളിക്കുന്നത്.
തുടരും….
