“അമ്മ വരുന്നോ.. വെറുതെ ഒരു ഡ്രൈവ് “
അമ്മ അടുക്കളയിൽ ആയിരുന്നു. കാശി വന്നു ചോദിച്ചപ്പോൾ അവർ തിരിഞ്ഞു നോക്കി. പുറകിൽ പാർവതി ഉണ്ട്
“പോയിട്ട് വാ. ഒത്തിരി ഇരുട്ടരുത് കേട്ടോ ” കാശി പുഞ്ചിരിച്ചു
“ഇല്ല.. കുറച്ചു ഇരുട്ടിയാൽ കുഴപ്പം ഉണ്ടോ?”
“പോടാ ” അവർ ചിരിച്ചു കൊണ്ട് കയ്യൊങ്ങി
“പോയിട്ട് വരട്ടെ അമ്മേ. ലേറ്റ് ആകുവാണേൽ അച്ഛനോട് പറഞ്ഞേക്കമോ?”
“പറഞ്ഞേക്കാം. രണ്ടാളും സന്തോഷം ആയിട്ട് പോയി വാ “
പാർവതിയും പരമശിവനും പോലെ..അവർ തമ്മിലെ ചേർച്ച ആരും കണ്ണ് വെക്കരുത് എന്ന് പ്രാർത്ഥിച്ചു പോയി അവർ.
കാർ ഓടി കൊണ്ടിരുന്നു..അവൻ അനാമിക നേരിട്ട കൊടിയ വേദനകൾ പറഞ്ഞു. പാർവതി നിശബ്ദമായി കരഞ്ഞു പോയി
ഞാൻ ഫെലിക്സ് വിവേക്..
“ഞങ്ങൾക്ക് മുംബൈ പോലീസിന്റെ സഹായം ഉണ്ടായിരുന്നു. ലൊക്കേഷൻ കണ്ടെത്തി. ആദ്യം രണ്ടു പേരെ മാറ്റി. ആർസനികിന്റെ ഒരു കോമ്പൗണ്ട് ഉണ്ട്. ഇൻജെക്ഷൻ ഫോമിൽ ആക്കാൻ പറ്റും. അത് നമ്മൾ ഉണ്ടാക്കുന്നതാണ്. കാരണം വാങ്ങാൻ കിട്ടില്ല. ആർസനിക് കിട്ടും. പക്ഷെ തെളിവാണ്. ഇത് ഞങ്ങളുടെ ടീം ഞാനും ഫെലിക്സും പിന്നെ ഒരാളും ചേർന്ന് ഉണ്ടാക്കിയതാണ്.ആദ്യം ക്ളോറോഫോം ഉപയോഗിച്ച് മയക്കി പിന്നെ ഇൻജെക്ഷൻ. അതിന്റെ സൈഡ് എഫക്ട് പതിയെ വരൂ. കുറെ ദിവസങ്ങൾ എടുക്കും. ചെറിയ വൃണം ആയിട്ട് ചിക്കൻ പോക്സ് പോലെ.. Heal ആകും വീണ്ടും വരും.. പിന്നെയും ഹീൽ ആകും വീണ്ടും വരും. അങ്ങനെ ജീവിതം മുഴുവൻ പൊട്ടിയളിഞ്ഞു ജീവിക്കും “
“നന്നായി. കുറഞ്ഞു പോയെ ഉള്ളു. കൊ, ല്ലണമായിരുന്നു “
“കൊ, ന്നാൽ ശിക്ഷ കുറയും.. പെട്ടെന്ന് പോവും.. അത് വേണ്ടാ. കിടക്കട്ടെ “
പാർവതി ദീർഘമായി ശ്വസിച്ചു
“ബ്ലഡ് ടെസ്റ്റ് നടത്തിയാൽ അറിയുമോ?”
“ഇല്ല അത് ഇതിനോടകം രക്തത്തിൽ ചേർന്നു കഴിഞ്ഞു. അത് കൊണ്ട് തന്നെ അറിയില്ല..”
അവൾ ആ തോളിൽ ചാരി
“വേഗം കല്യാണം കഴിക്കാമോ?” അവൻ ആ നിറുകയിൽ ഉമ്മ വെച്ചു
“പേടിയാണോ?”
“ഉം “
“ഇപ്പോൾ കൊണ്ട് പോയി കല്യാണം കഴിക്കട്ടെ?”
അവൾ നാണത്തിൽ കുതിർന്ന ഒരു ചിരി കൊടുത്തു. Restaurent ൽ വണ്ടി പാർക്ക് ചെയ്ത് അവർ അകത്തേക്ക് നടന്നു
“മസാലദോശ പോരെ?” അവൾ തലയാട്ടി..അവൾ കൈ കഴുകാൻ പോയപ്പോ അവൻ വെറുതെ ചുറ്റും നോക്കി. ഇരുന്നു
മൂലയ്ക്ക് ഉള്ള ടേബിളിൽ ഇരിക്കുന്ന ആളെ നല്ല പരിചയം. ഇത് എവിടെയോ കണ്ടു മറന്ന ഒരു മുഖം ആണല്ലോ. പിന്നെ അവൾ വന്നപ്പോൾ അവന്റെ ശ്രദ്ധ മാറി. ഒന്നിച്ചിരുന്നു കളി പറഞ്ഞു കഴിക്കുമ്പോൾ പിന്നെയത് പൂർണമായും മറന്നു പോയി.
പക്ഷെ തീരെ അപ്രതീക്ഷിതമായി ആ ആൾ അവന്റെ അരികിൽ വന്നു
“ഡോക്ടർ കാശി നാഥൻ അല്ലേ?”
“അതെ “
“എന്റെ മോളെ ഇവിടെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ആലിയ മുഹമ്മദ് “
“ഓ “
“ഞങ്ങൾ ഫാമിലി കുറെ വർഷം ആയി പുറത്താണ്.. ഇപ്പോൾ മോൾക്ക് ഇങ്ങനെ..”
അയാൾ പാതിയിൽ നിർത്തി. കണ്ണുകൾ തുടച്ചു
“മോൾക്ക് ബ്രെയിൻ ട്യൂമർ ആണ്..ക്രിട്ടിക്കൽ ആണ്. കൊണ്ട് വന്നപ്പോഴ ഡോക്ടർ ലീവ് ആണെന്ന് അറിഞ്ഞത് “
“ആ ഞാൻ ഒരാഴ്ച ലീവ് ആണ്. വേറെ നല്ല ഡോക്ടർസ് ഉണ്ട് “
“എന്റെ ഫ്രണ്ട് ന്റെ മോളുടെ സർജറി ഡോക്ടർ ആയിരുന്നു. അവനാണ് ഡോക്ടർനെ കുറിച്ച് പറഞ്ഞു തന്നത്. എന്റെ മോളെ ഡോക്ടർ നോക്കാമോ.. പ്ലീസ് “
“ഞാൻ ഇനി മൂന്ന് ദിവസം കൂടി കഴിയും.. “
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
“ഡോക്ടർ ഇപ്പോൾ ഇവിടെ വെച്ചു ഡോക്ടർ നെ കാണിച്ചു തന്നത് പടച്ചോനാണ്.. എന്റെ ഫ്രണ്ട് ഫോട്ടോ അയച്ചു തന്നത് കൊണ്ട് മാത്രം ആണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. ഞാൻ എന്ത് വേണേൽ തരാം “
കാശിയുടെ മുഖം ഇരുണ്ടു. പാർവതി ഭീതിയോടെ നോക്കി
“എന്ത് തരും?”
“ഒരു കോടി രൂപ?”
“അത്രേ ഉള്ളോ മോളുടെ വില?”
“ഡോക്ടർ പറഞ്ഞാൽ മതി. എന്തും തരും “
കാശി അയാളുടെ നെറ്റിയിലെ മുറിപ്പാട് നോക്കി. ഈ പാട്
“ആദ്യം നിങ്ങളെ പോലുള്ളവർ ഡോക്ടർമാർക്ക് വിലയിടാതിരിക്കുക ” അയാളുടെ മുഖം താഴ്ന്നു
“ഞാൻ ലീവ് ആണ്. വേറെ ഡോക്ടർ അറ്റൻഡ് ചെയ്യും. ചെല്ല് “
അയാൾ പാർവതിയേ നോക്കി
“വൈഫ് ആണോ?”
“അതെ “കാശി പറഞ്ഞു
“മക്കൾ ഉണ്ടെങ്കിൽ മാഡത്തിന് അത് മനസിലാകും.. ഓരോ നിമിഷവും വേദന തിന്നു ജീവിക്കുകയാ ഞാൻ.. ദയവ് ചെയ്തു വരണം..”
കാശി അയാളുടെ മുറിപ്പാടിൽ തന്നെ ഉറ്റു നോക്കി
“നിങ്ങളുടെ പേരെന്താ?”
“ഹക്കിം മുഹമ്മദ് ” അവൻ ഗ്ലാസിൽ മുറുകെ പിടിച്ചു
“നാടെവിടെയ നാട്ടിൽ?”
“തൃശൂർ.”
“തൃശൂർ എവിടെ?”
“വടക്കാഞ്ചേരി “
അവൻ ദീർഘമായി ശ്വസിച്ചു
“അവിടെ നല്ല ഡോക്ടർസ് ഇല്ലേ?”
“കേരളത്തിലെ നമ്പർ one ഡോക്ടർ ഇതാണെന്ന് എല്ലാർക്കും അറിയാമല്ലോ..” കാശി ഒന്ന് ചിരിച്ചു
“ഞാൻ വരാം ” അയാൾ വിശ്വസിക്കാൻ വയ്യാതെ നോക്കി
“കാശിന്റെ കണക്കുകൾ പറയരുത്. എങ്കിൽ വരാം “
“ഇല്ല. സോറി.. വിഷമം കൊണ്ട്. പറഞ്ഞു പോയതാ “
“ഞാൻ നാളെ വരാം “
“നമ്പർ?”
“അതൊന്നും വേണ്ട ഞാൻ എത്തും ഹക്കിം.. എത്തിയല്ലേ പറ്റു ” അവൻ ഒരു ചിരി ചിരിച്ചു
ക്രൂരവും കുടിലത നിറഞ്ഞതും ആണ് ആ ചിരി എന്ന് അവനെ ഏറ്റവും കൂടുതൽ അറിയുന്ന പാർവതിക്ക് മാത്രേ മനസിലായുള്ളു
തുടരും…..
