എന്തോ അവനിലേക്ക്‌ കൊത്തിവലിക്കുന്നൊരു കാന്തിക ശക്തിയുണ്ട് ആ കണ്ണുകളിൽ എന്നവൾ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്…

സ്വാതന്ത്രം ~എഴുത്ത്: Sampath Unnikrishnan

അവൻ മടിയിൽ കിടന്ന അവളുടെ നെറുകയിൽ മൃദുവായി ഒന്ന് തലോടി ….അവൾ തൽക്ഷണം അഘാത നിദ്ര വെടിഞ്ഞു കണ്ണുകൾ യാന്ത്രികമെന്ന പോലെ തുറന്ന് അവനെ നോക്കി …….

“അലോക് …. …”

അവളുടെ ചുണ്ടുകളിൽ പറഞ്ഞറിയിക്കാനാവാത്തൊരു സന്തോഷം ഉളവാക്കുന്ന മന്ദഹാസം വിടർന്നു …..

“ഞാൻ ഒന്ന് ചെറുതായി മയങ്ങി …”

“ചെറുതായോ…..??”

അവൻ ഒന്ന് ചിരിച്ചു …

“കളിയാക്കേണ്ട കുറച്ചധികം ഞാൻ മയങ്ങി പോയെന്നെറിയാം….. ഇന്ന് കൂടിയല്ലേ….നിന്റെ മടിയിൽ….!!!! നിന്റെ മടിയിൽ ഞാൻ…. അത്രയധികം സുരക്ഷിതയാണ്….

“ഇനി നമ്മൾ കാണുമോ ഈ കുന്നിൻ ചെരുവിൽ ഇനി നമ്മൾ ഇങ്ങനെ ഒത്തുചേരുമോ ….”

“തീരുമാനം നിന്റെയല്ലേ….. ഈ കുന്നിൻചെരിവ്‌ ദാ ആ കാണുന്ന തണൽ മരവും അതിൽ ചേക്കേറിയ കുഞ്ഞിക്കിളികളും എല്ലാം ഇങ്ങനെ തന്നെ കാണും നിന്നെ കാത്തു ഞാനും … പക്ഷെ തീരുമാനം……!!! അത് നിന്റെയാണ് ..നിന്റെ മാത്രമാണ് …..”

അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രേമം അലതല്ലി കാറ്റേറ്റു ശരീരം വിയർത്തു….ഞാൻ വരാം എന്ന് പറയാൻ വന്നതാണ് വാക്കുകൾ തൊണ്ട കുഴിയിൽ ഉടക്കി പിടഞ്ഞില്ലാതായി …..

കേവലമൊരു കുഞ്ഞു നോട്ടത്തിൽ കണ്ണുകൾ ഉടക്കി ഉണ്ടായൊരു പരിചയം സൗഹ്രദമായി വളർന്നു പിന്നീടെപ്പോഴോ പ്രണയമായി വഴി മാറി കുറച്ചു നാളത്തെ പ്രണയം കൊണ്ട് തന്നെ തമ്മിൽ പിരിയാനാവാതെ അടുത്തു പോയി പക്ഷെ ഒരിക്കലും അടുക്കാനാവില്ലെന്ന തിരിച്ചറിവിൽ രണ്ടു ധ്രുവങ്ങളിൽ ഇരുന്നു പ്രണയിക്കുന്നു …. ഇടക്കെ മാത്രം ഇങ്ങനൊരു കൂടിക്കാഴ്ച ……

എന്തൊരു വിധിയിത് എന്ന് പഴിച്ചു കൊണ്ടാണ് എഴുനേറ്റു യാത്ര പോലും പറയാതെ അവൾ നടന്നത് ……

തിരിഞ്ഞു നോക്കണമെന്നുണ്ട് പക്ഷെ അവന്റെ കണ്ണിലേക്കു നോട്ടം അറിയാതെ പതിക്കുമോ എന്ന ഭയം ….

എന്തോ അവനിലേക്ക്‌ കൊത്തിവലിക്കുന്നൊരു കാന്തിക ശക്തിയുണ്ട് ആ കണ്ണുകളിൽ എന്നവൾ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്……

ഊഴ്ന്നിറങ്ങുന്ന ചെറിയ കുന്നിൻ ചെരുവിൽ താഴത്തായി ഒരു കുളമുണ്ട് ….. അതിന്റെ അരികിലൂടെ നടക്കുമ്പോൾ അവളുടെ പ്രതിബിംബം പതിച്ചയാ തെളി നീരിൻ ആഴം മറയുന്നതു കാണാം കൂട്ടം കൂട്ടമായി കുഞ്ഞു മീനുകൾ എങ്ങോ ഓടി മറയുന്നു അവർക്കിടയിലും ഇണകൾ ഉണ്ട് ആണും പെണ്ണും അവർ ഇണ പിരിയാതെ ഓടി മറയുന്നു …… അവരെ പിരിക്കാൻ ആരും തന്നെയില്ല…..

പുറകെ നടന്നു വന്നവൻ അവളുടെ കയ്യിനു പിടിച്ചു ….തെളി നീരിൽ അവർ രണ്ടുപേരുടെ പ്രീതിബിംബവും കെട്ടി പുണർന്നു അവർ ആ കുളത്തിലെ ആഴങ്ങളിലേക്ക് മറിഞ്ഞു വീണു അവൻ അവളുടെ കറുത്ത ഉടുപടക്കുളിലേക്കു ചേക്കേറി …… അവനു കയ്യിട്ടടിക്കാൻ ആവതില്ലാതെ അവളോ അതിനു മുതിരാതെ .. .

പരസ്പരം മതിമറന്നു ചുംബിച്ചു …… അവർ ആഴങ്ങളിലേക്ക്‌ മറഞ്ഞു ……..വെള്ളം ഇരച്ചു കയറുന്നു…..രണ്ടു നെഞ്ചും ചേർന്നു ഇരച്ചു കയറിയ തനി തെളി നീര് അവരുടെ ചുംബനം അലോസരപ്പെടുത്തിയില്ല….

ശ്വാസം മുട്ടി എന്നിട്ടും അവർ കൈ പിരിയാൻ ഒരുക്കമായിരുന്നില്ല …നെഞ്ച് തകർന്നു അവർ ആഴങ്ങളിൽ തട്ടി നിലച്ചു നിന്നു

ഒന്നിച്ചങ്ങനെ ഇണചേർന്ന് എന്നെന്നേക്കുമായി ഒന്നായി അങ്ങനെ അവർ ആഴങ്ങൾ കീഴ്പെടുത്തി …. അവരുടേതായ ലോകത്തു ആരും പിരിക്കാനില്ല എന്ന വിശ്വാസത്തിൽ അവർ അങ്ങനെ അങ്ങനെ പാറി പറന്നു നടന്നു …..ചെറു മീനുകൾ അപ്പോഴും ഇണ പിരിയാതെ കൂട്ടം കൂടി അവർക്കു മുകളിൽ പരസ്പരം ഇണകളോടൊത്തു പ്രണയം പങ്കിട്ടു .

ദൂരെ എങ്ങോ സ്വതന്ത്ര ഗാനം ദിക്കുകളിൽ തട്ടി അവിടേക്കൊഴുകി വന്നു അവിടമാകെ അഹ് ഗാനം മുഴങ്ങി കേട്ടു .

ഫോട്ടോ കടപ്പാട് : binsil