നെറ്റ് ഓണാക്കിയാൽ തുടങ്ങുന്ന വീഡിയോ കാളുകൾ ആണ് ഏറ്റവും വലിയ ശല്യം. കുറച്ചു നാൾ ഇതെല്ലാം ഒഴിവാക്കാം എന്നോർത്ത്….

Story Written by ANU BEN

മൂന്ന് വർഷം മുൻപ് മുഖപുസ്തകം വഴിയാണ് ഞാൻ അവനെ പരിചയപ്പെടുന്നത്. അത്യാവശ്യം മോശം അല്ലാത്ത ഒരു തേപ്പ് കിട്ടിയിരിക്കുന്ന എനിക്ക് പ്രേമത്തോട് ഒക്കെ വല്ലാത്തൊരു വെറുപ്പായിരുന്നു. പ്രേമത്തോട് വെറുപ്പാണെങ്കിലും ഇപ്പോഴും നമ്മുടെ പഴയ ആളുടെ ഫേസ്‌ബുക്ക് പ്രൊഫൈലും ലാസ്റ്റ് സീൻ നോക്കലും സ്ഥിരം കലാപരിപാടി തന്നെയാണ്. അങ്ങനെ ഇരിക്കെയാണ് നമ്മുടെ ആളുടെ ഫ്രണ്ട് ലിസ്റ്റിലെ ഒരു സന്ദീപ് നമുക്കും ഒരു റിക്വസ്റ്റ് വിടുന്നത്. എന്തായാലും നമ്മുടെ ആളുടെ വിവരങ്ങൾ അറിയാൻ എങ്കിലും ഉപകാരപ്പെട്ടാലോ എന്നോർത്ത് ഒന്നും നോക്കാതെ ഞാൻ അത് അങ്ങു അക്സെപ്റ്റ് ആക്കി.

സന്ദീപിനോട് എങ്ങനെ എങ്കിലും മിണ്ടണം എന്നോർത്ത് ഇരുന്നപ്പോഴാണ് ഒരു വെളിച്ചം നമ്മുടെ തലയ്ക്ക് ഉദിച്ചത്- ചറപറ ലൈക്. പിന്നേ ഒന്നും നോക്കിയില്ല ആദ്യം മുതൽ അവസാനം വരെയുള്ള എല്ലാ പോസ്റ്റിനും കൊടുത്തു ഓരോ ലൈകും കമന്റും. പക്ഷെ സന്ദീപിന്റെ ഫോട്ടോ മാത്രം ഒന്നും കിട്ടിയില്ല, അഹ് എന്തേലും ആവട്ടെ നമുക്ക് ആളെ അല്ലല്ലോ നമ്മുടെ പഴയ കാമുകനെ പറ്റി അല്ലേ അറിയേണ്ടത് അതിനുള്ള വഴി നോക്കാം എന്ന് ആലോചിച്ചു ഫോണും വച്ചു ഉറങ്ങാൻ പോയി.

രാവിലെ എഴുന്നേറ്റ് വല്ല വിധത്തിലും ഒരുങ്ങി കോളേജിലേക്ക് പോവാനായി നേരെ ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു. നേരത്തിനും കാലത്തിനും എഴുന്നേൽക്കുന്ന കൊണ്ട് രാവിലെ ഫോണ് നോക്കാനുള്ള സമയം ഒന്നും കിട്ടാറില്ല അതുകൊണ്ട് ബസ് സ്റ്റോപ്പിൽ നിന്നാണ് രാവിലെയുള്ള ഫോണിൽ തോണ്ടൽ. വാട്സാപ്പിൽ നമുക്ക് അങ്ങനെ മെസ്സേജ് അയയ്ക്കാൻ മാത്രം ആരുമില്ലാത്ത കൊണ്ട് ആകെയുള്ള രണ്ട് ഗ്രൂപ്പിലെ മെസ്സേജ് സീൻ ആക്കി നേരെ ഫ്ബിയിലേക്ക് വച്ചുപിടിച്ചു. അപ്പോഴേക്കും ബസ് വന്നു. ബസ്സിൽ കയറി ഫേസ്ബുക്ക് തുറന്നു നോക്കിയപ്പോൾ ദേ കിടക്കുന്നു ഒരു ലോഡ് നോട്ടിഫിക്കേഷൻ. ഇതെന്താ ഇത്രയ്ക്ക് ഉള്ളത് എന്നോർത്ത് എടുത്തു നോക്കിയപ്പോൾ ഇന്നലത്തെ നമ്മുടെ ആശാൻ തിരിച്ചും തന്നിരിക്കുന്നു കുറെ ലൈകും കമന്റും. ഇനിയിപ്പോ ഇതിൽ പിടിച്ചു കയറാം എന്നോർത്തു കമന്റിൽ ഓരോന്നായി റിപ്ലൈ ഇട്ടു നോക്കി. അവിടുന്നും ഇങ്ങോട്ട് കമന്റുകൾ വരുന്നുണ്ട്. ഒരു വിധത്തിൽ കമന്റ് ബോക്‌സിൽ തന്നെ ആളെ പരിചയപ്പെട്ടപ്പോൾ ആണ് മനസ്സിലായത് നമ്മുടെ നാട്ടിൽ തന്നെയുള്ള ആളാണെന്നും ഞാൻ കോളേജിലേക്ക് പോകുന്ന വഴിയാണ് ജോലിയും താമസവും എന്ന്. പിന്നെ ഒന്നും നോക്കിയില്ല നേരെ ഇൻബോക്സിലേക്ക് വച്ചു പിടിച്ചു. നോക്കിയപ്പോൾ ദേ കിടക്കുന്നു ആശാന്റെ മെസ്സേജ്. ചാറ്റ് ചെയ്തു ഒന്ന് പരിചയപ്പെട്ടപ്പോഴേക്കും ദേ എത്തി നമ്മുടെ കോളേജ് പിന്നെ ആളോട് ബൈ പറഞ്ഞു നേരെ ചെന്ന് ക്ലാസ്സിലേക്ക്.

ക്ലാസ്സിൽ ഇരിക്കുമ്പോഴും മനസ്സ്‌ മുഴുവൻ നമ്മളെ പഴയ ആളെ പറ്റി അറിയാനുള്ള ത്വര ആയിരുന്നു. കിട്ടുന്ന സമയം മുഴുവൻ സന്ദീപിനോട് ചാറ്റ് ചെയ്യാൻ തുടങ്ങി, പക്ഷെ എത്ര ശ്രമിച്ചിട്ടും സന്ദീപ് നമ്മളെ തേച്ചിട്ട് പോയ ആളെ പറ്റി ഒരക്ഷരം മിണ്ടിയില്ല. പതുക്കെ സന്ദീപിനോട് തന്നെ ചോദിച്ചു അറിയാമെന്ന് ഓർത്തു ആ ചാറ്റ് അങ്ങു തുടർന്ന് കൊണ്ടേയിരുന്നു. ഇതിനിടയ്ക്ക് ആളുടെ ഫോട്ടോയും മിണ്ടാൻ തോന്നിയാൽ വിളിക്കാൻ നമ്പറും തന്നിരുന്നു. പ്രണയത്തോട് പുച്ഛം തോന്നി തുടങ്ങിയ നമ്മുക്ക് ഈ നമ്പർ ഒക്കെ കിട്ടിയിട്ട് എന്തിനാ എന്നാലും എന്നെങ്കിലും ആവശ്യം വന്നാലോ എന്നോർത്തു ഞാൻ അത് അങ്ങു സേവ് ആക്കി. പിന്നെയും ആ ചാറ്റ് അങ്ങു തുടർന്ന് കൊണ്ടേയിരുന്നു.

വഴിയെ പോവുന്ന റിക്വസ്റ്റ് എല്ലാം എടുക്കുന്ന കൊണ്ട് നമ്മുടെ ഫ്രണ്ട് ലിസ്റ്റിൽ ഞരമ്പന്മാരും പകൽ മാന്യന്മാരും നിറഞ്ഞു നിന്നിരുന്നു. നെറ്റ് ഓണാക്കിയാൽ തുടങ്ങുന്ന വീഡിയോ കാളുകൾ ആണ് ഏറ്റവും വലിയ ശല്യം കുറച്ചു നാൾ ഇതെല്ലാം ഒഴിവാക്കാം എന്നോർത്ത് ഫ്ബി അങ്ങു ഡിയാക്ടിവേറ്റ് ആക്കി സമാധാനം ആയിട്ടിരുന്നു. കുറെ കഴിഞ്ഞപ്പോഴാണ് സന്ദീപിന്റെ കാര്യം ഓർത്തത് ഇത്രയും നാളിലെ പരിചയം വച്ചു ആളും എന്നെപ്പോലെ മോശമല്ലാത്ത ഒരു തേപ്പും കിട്ടി പ്രണയത്തെ പുച്ഛിച്ചു നടക്കുന്ന ആളാണെന്ന് മനസ്സിലായി. എന്തായാലും കൈയിൽ നമ്പർ ഉണ്ടല്ലോ വാട്സാപ്പിലേക്ക് ചേക്കേറാം എന്നുവച്ചു.

വാട്സാപ്പ് സന്ദേശങ്ങൾ പതുക്കെ പരസ്പര അനുവാദത്തോടെയുള്ള കോളുകൾ ആയി മാറാൻ അധികനാൾ വേണ്ടി വന്നില്ല. അപ്പോഴും എന്റെ ഒരു ഫോട്ടോ പോലും ചോദിക്കാതെ ഇരുന്നതും ഓരോ തവണയും സമ്മതം ചോദിച്ചു മാത്രം വിളിക്കുന്നതും എന്നെ സന്ദീപിലേക്ക് കൂടുതൽ ആകർഷിച്ചു. അങ്ങനെ സംസാരിക്കുന്ന ഇടയ്ക്കാണ് സന്ദീപിന്റെ ആ ചോദ്യം വന്നത്

“നമുക്കൊന്ന് നേരിൽ കണ്ടാലോ?”

പെട്ടെന്നുള്ള ചോദ്യത്തിന് ഒന്നും ആലോചിക്കാതെ കാണാമെന്ന മറുപടി കൊടുത്തെങ്കിലും പിന്നെയാണ് കപ്പേളയിലെ ജെസ്സിയെ ഓർമ്മ വന്നത്. ദൈവമേ പണിപാളിയോ ഇനി ഏതെങ്കിലും ലോഡ്ജിലേക്ക് എങ്ങാനും വിളിച്ചു കൊണ്ടുപോവോ. ഒരു നൂറായിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിച്ചു. വെപ്രാളപ്പെട്ട് സന്ദീപിനെ വിളിച്ചു ഫോണ് എടുത്തപ്പാടെ ചോദിച്ചു

“അതെ നമ്മൾ എപ്പോഴാ കാണുന്നത് ? എവിടെ വച്ചാ കാണുന്നത്?”

“ഇതെന്താ കാണാൻ ധൃതി ആയോ ?”

ഒരു കള്ളച്ചിരിയോടെ അവനത് ചോദിച്ചു നിർത്തിയപ്പോൾ ഒരു ചമ്മൽ അനുഭവപ്പെട്ടെങ്കിലും അതിന്റെ ഒരംശം പോലും പുറത്ത് കാണിക്കാതെ ഞാൻ തുടർന്നു

“അല്ല അറിയാൻ വേണ്ടി ചോദിച്ചതാണ്. ഇനി ചോദിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങളെ സൗകര്യത്തിന് സ്ഥലവും തീയതിയും തീരുമാനിച്ചു അറിയിച്ചാൽ മതി”

കൂടുതൽ ചമ്മാതെ അത്രയും പറഞ്ഞു ഒരു കള്ള പിണക്കം കാട്ടി ഫോണ് കട്ടാക്കി. രണ്ട് മൂന്ന് വട്ടം ഇങ്ങോട്ട് വിളിച്ചിട്ടും നമ്മൾ മൈൻഡ് ആക്കാതെ ആയപ്പോൾ ആളോടി വാട്സാപ്പിലേക്ക് വന്നു.

“താൻ എങ്ങും വരണ്ട താൻ രാവിലെ കോളേജിൽ പോകുന്ന വഴി ഇവിടെ എന്റെ വീടിന്റെ അടുത്ത് എത്താറാവുമ്പോ എന്നെ ഒന്ന് വിളിച്ചാൽ മതി ഞാൻ പുറത്തേക്ക് ഇറങ്ങി നിൽക്കാം പിന്നെ സൈഡ് സീറ്റിൽ ഇരുന്നിട്ട് വേണം വിളിക്കാൻ കേട്ടോ”

മെസ്സേജ് കണ്ടതും ആശ്വാസമായി ജെസ്സി ആവേണ്ട അവസ്ഥ ഉണ്ടാവില്ല അതോടെ എന്റെ മനസ്സിൽ ഓടി കളിച്ചിരുന്ന ചിന്തകളെല്ലാം ഒറ്റ നിമിഷം കൊണ്ട് അപ്രത്യക്ഷമായി. അങ്ങനെ അടുത്ത ദിവസം തന്നെ കാണാമെന്ന് ഉറപ്പിച്ചു രാവിലെ ബസ് കയറിയതും ആളെ വിളിച്ചു. തിരക്ക് ഇല്ലാത്ത ബസ് ആയകൊണ്ടും ആ സൈഡിൽ എന്റെ പ്രായത്തിലെ വേറെ പെണ്കുട്ടികൾ ഇല്ലാതിരുന്ന കൊണ്ടും സന്ദീപിന് എന്നെ കണ്ടുപിടിക്കാൻ വലിയ പ്രയാസം ഒന്നും ഉണ്ടായില്ല. പക്ഷേ എന്റെ അവസ്‌ഥ നേരെ വിപരീതമായിരുന്നു ബുദ്ധിമാനായ അവൻ തിരക്കിനിടയിൽ ഒളിച്ചു നിന്ന് കഴിയുമെങ്കിൽ കണ്ടുപിടിക്കാൻ പറഞ്ഞു നല്ലൊരു പണി തന്നു. ആ കൊരങ്ങനെ കണ്ടുപിടിക്കുന്ന വരെ ബസ്സ് അവിടെ നിൽക്കില്ലല്ലോ ആളുകൾ കയറിയതും ബസ്സ്‌ അതിന്റെ പണി നോക്കി പോയി. സന്ദീപിനെ കാണാൻ പറ്റാത്തതിന്റെ സങ്കടം കടിച്ചു അമർത്തി ഞാൻ കോളേജിലേക്ക് പോയി.

ക്ലാസ്സിൽ ഇരുന്നപ്പോഴും മനസ്സ് നിറയെ സന്ദീപിനെ കാണാൻ കഴിയാത്തതിന്റെ വിഷമം ആയിരുന്നു. അതുകൊണ്ട് തന്നെയാണ് പല തവണ സന്ദീപ് വിളിച്ചപ്പോഴും ഫോണ് എടുക്കാൻ കൂട്ടാക്കാതെ ഇരുന്നതും. സങ്കടം ഒക്കെ ഒളിപ്പിച്ചു പിണക്കം മറന്നു സംസാരിച്ചു തുടങ്ങിയപ്പോഴും ഉള്ളിലെ സങ്കടം ഒരു തരി പോലും സന്ദീപിന് മുൻപിൽ കാണിച്ചിരുന്നില്ല. പലപ്പോഴും അന്ന് കാണാത്തതിൽ സങ്കടമുണ്ടോ എന്ന് ചോദിക്കുമ്പോഴും എനിക്ക് ഒരു സങ്കടവുമില്ല എന്ന് പറഞ്ഞു ഒഴിയുമായിരുന്നു. പിന്നെയും പിണക്കങ്ങളും പരിഭവങ്ങളും കുഞ്ഞു കുഞ്ഞു കുസൃതികളുമായി ആ സൗഹൃദം വളർന്നു വലുതായി.

സ്ഥിരമായുള്ള സംഭാഷണങ്ങൾ മനസ്സിലേക്ക് പ്രണയമായി പൊട്ടിമുളച്ചു തുടങ്ങി എന്ന് പതുക്കെ മനസ്സിലായി തുടങ്ങി എങ്കിലും നല്ലൊരു സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭയം ആ ആഗ്രഹത്തെ മനസ്സിൽ തന്നെ ഒളിപ്പിക്കാൻ പ്രേരിപ്പിച്ചു. മറ്റുള്ളവരുടെ മുൻപിൽ ധൈര്യത്തോടെ നിൽക്കുന്ന ഞാൻ അവന്റെ ചെറിയ വഴക്കിടലിന് പോലും കരയാൻ തുടങ്ങുന്ന തൊട്ടാവാടി ആയി മാറിയത് എന്റെ ഉള്ളിലെ പ്രണയത്തെ അവൻ എളുപ്പത്തിൽ മനസ്സിലാക്കി.

“പ്രണയമാണോ പെണ്ണേ എന്നോട് ” എന്ന് അവൻ പലയാവർത്തി ചോദിച്ചപ്പോഴും
“നിന്നെ പ്രേമിക്കാൻ മാത്രം എന്റെ നാട്ടിൽ ചെക്കന്മാർക്ക് അത്ര ദാരിദ്ര്യം ഒന്നുമില്ല” എന്ന് പറഞ്ഞു കളിയാക്കി ചിരിക്കുമായിരുന്നു.

ഒടുവിൽ വിവാഹാലോചനകൾ വന്നു തുടങ്ങിയ നാളിൽ എന്റെ മോളുടെ മനസ്സിൽ ആരെങ്കിലുമുണ്ടോ എന്ന് അച്ഛനും അമ്മയും ചോദിച്ചപ്പോൾ മനസ്സിൽ കൊണ്ടുനടക്കുന്ന പ്രണയത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം ഏറെയായി. അടുത്ത ദിവസം തന്നെ സന്ദീപിനെ കാണാൻ ഇറങ്ങുമ്പോൾ പ്രണയം നിരസിച്ചാലും അതിന്റെ പേരിൽ സൗഹൃദം നഷ്ടപ്പെടരുത് എന്ന പ്രാർത്ഥന മാത്രം ആയിരുന്നു മനസ്സിൽ. പലതും പറയണം എന്ന് മനസ്സിൽ കണക്കുകൂട്ടിയെങ്കിലും സന്ദീപിന്റെ അടുത്ത് എത്തിയതും പരിസരം മറന്നു കെട്ടിപ്പിടിച്ചു കരയാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്തെന്നറിയാതെ അന്ധാളിച്ചു നിൽക്കുന്ന അവനെ കണ്ടു ചിരിക്കണോ കരയണോ എന്നറിയാതെ ഞാനും നിന്നുപോയി.

“വീട്ടിൽ കല്യാണാലോചന തുടങ്ങിയിട്ടുണ്ട് പണ്ട് തേച്ചിട്ട് പോയവൾ ഇപ്പോ മനസ്സിൽ ഇല്ലെങ്കിൽ എനിക്ക് അവിടേക്ക് ഒരു സ്ഥാനം തരാമോ?”

ഒരു നിമിഷം മൗനമായി നിൽക്കുന്ന സന്ദീപിനെ കണ്ടു അവന്റെ മനസ്സിൽ അങ്ങനെ ഒന്നുമില്ലെന്ന് തോന്നി.

“മനസ്സിൽ തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞെന്നേ ഉള്ളൂ ഇതിന്റെ പേരിൽ മിണ്ടാതെ ഒന്നും ഇരിക്കല്ലേ”

എന്നും പറഞ്ഞു ഉള്ളിലെ സങ്കടം മറച്ചു പിടിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് എന്റെ കൈയിലേക്ക് അവന്റെ പിടുത്തം വീണത്. എന്തെന്ന് അറിയാതെ തിരിഞ്ഞു നോക്കിയ എന്നെ നെഞ്ചോട് ചേർത്തു നിർത്തി

“ഇത് കേൾക്കാൻ അല്ലേ പെണ്ണേ ഞാൻ ഇത്രയുംനാൾ കാത്തിരുന്നത്”

എന്ന് പറയുമ്പോൾ എനിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു ആ ഹൃദയമിടിപ്പ്. വൈകിക്കാതെ തന്നെ വീട്ടുകാരെയും കൂട്ടി വീട്ടിൽ വന്ന് കല്യാണം ഉറപ്പിച്ചു പോകുമ്പോൾ ആരും കാണാതെ അടുത്തു വന്നു ചോദിച്ചു

“ഈ നാട്ടിൽ ചെക്കന്മാർക്ക് ഒക്കെ വലിയ ദാരിദ്ര്യം ആണല്ലേ”

മൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്ന് ഈ കതിർമണ്ഡപത്തിൽ ഇരിക്കുമ്പോൾ എന്റെ കണ്ണുകൾ ആരെയോ തിരയുന്നത് സന്ദീപ് ശ്രദ്ധിച്ചിരുന്നു. താലി കെട്ടാൻ നേരം ചെവിയോട് ചുണ്ടടുപ്പിച്ചു ഒരു കള്ളച്ചിരിയോടെ സന്ദീപ് പതുക്കെ പറഞ്ഞു

“ആൾക്കൂട്ടത്തിനിടയിൽ വെറുതെ തിരയണ്ട നിന്റെ പഴയ കാമുകനെ ഞാൻ കല്യാണം വിളിച്ചിട്ടില്ല”

ചമ്മിയ മുഖം ക്യാമറാമാൻ കാണാതിരിക്കാൻ ഒരു ചിരി അങ്ങു പാസ്സാക്കിയപ്പോഴും മനസ്സിൽ ദൈവത്തിന് ഒരായിരം നന്ദി പറയുന്നുണ്ടായിരുന്നു അന്ന് അവൻ എന്നെ തേച്ചിട്ട് പോയതിനും സന്ദീപിനെ എനിക്ക് തന്നതിനും…..