നൈർമല്യം ~ ഭാഗം 01 ~ എഴുത്ത് : NIDHANA S DILEEP

പിന്നെ….നിത്യ തൃപ്ത ….നക്ഷത്രം… കാർത്തിക

വഴിപാട് റെസീറ്റുമായി അമ്പലത്തിനുള്ളിലേക്ക് നടന്നു.ഉത്സവം കഴിഞ്ഞതോണ്ട് വിളക്കുകളൊന്നും ക്ലാവ് പിടിച്ചിട്ടില്ല.അതു കൊണ്ട് തന്നെ വിളക്കുകൾക്കെ നല്ല ശോഭ. ശോഭ തന്നെ ശ്രീ കോവിലിൽ പുഞ്ചിരിച്ചു നിൽക്കുന്ന കണ്ണനും

അത് പടിക്കൽ വച്ചോളൂ…

പൂജാരി അത് പറഞ്ഞതും വഴിപാട് രസീറ്റും തുളസി മാലയും മുല്ല മാലയും പൂക്കളും പടിക്കൽ വെച്ചു തൊഴുതു

ഈശ്വരാ…കൃഷ്ണാ….അച്ഛനും ചിറ്റയ്ക്കും അർജുവേട്ടനും നല്ലത് വരുത്തണേ…ആയുർ ആരോഗ്യങ്ങൾ കൊടുക്കണേ.പറ്റൂച്ച എല്ലാർക്കും നല്ലത് വരുത്തണേ…

അമ്മാളൂ….അച്ഛൻ സ്വയംവര പൂജ കഴിപ്പിച്ചാർന്നു.അതിന്റെ പ്രസാദം ഇങ്ങ് വന്ന് വാങ്ങിക്കോളൂ…

ചുറ്റംമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോ ഷാരടി വിളിച്ചു കൂവി

അല്ലേ വേണ്ടാ ഞാൻ അങ്ങ്ട് വരാ..നീ ആ കാലോണ്ട് ഏന്തി വരുമ്പോഴേക്കും നേരം ശ്ശീ ആവും.എനിക്ക് ഇവ്ടെ നൂറുകൂട്ടം പണികളൊണ്ടേയ്

കൊശവൻ ഷാരടീ…പന്ത് ഉരുളും പോലെ ഉരുണ്ട് വരണ നോക്ക്….ഇതിലും വേഗം ഞാനീ കാലോണ്ട് നടക്കും.ന്ന്ട്ടാ പറയേണേ….അല്ലേലും ന്നെ കണ്ടാ ഈ ജാതി വർത്താനം ഇത്തിരി കൂട്തലാ അങ്ങേർക്ക്.ഹും

വേളി നോക്കി തൊടങ്ങീലേ…നല്ലൊരു കൂട്ടര്ണ്ട് ന്റെ കൈയില്

അച്ഛനോട് പറഞ്ഞോളൂ അതൊക്ക

ആ..അതെന്നെ.അതൊക്കെ മൂത്തോരോടാ സംസാരിക്കേണ്ടത്.മും…നാദനെ കാണുമ്പോ സൂചിപ്പിക്കാം

അതും പറഞ്ഞ് ഷാരടി ഉരുണ്ടു ഉരുണ്ടു പോയി

കണ്ണാ ഞാൻ നേരത്തെ പറഞ്ഞ കൂട്ടത്തീന്നു ഈയാളെ ഒഴിവാക്കിയേക്ക് .എന്ന്ട്ട് ഇത്തിരി തടിയും കൂടങ്ങ് കൊടുത്തേക്ക്.കൂടെ ആ വയറു കൊറച്ചൂടെ ചാടിച്ചേക്ക്.ഘോഷയാത്രക്ക് ഗണപതിയാക്കി എഴുന്നള്ളിക്കാം.ന്നാലും ബാക്കി ഉള്ളോരെ കളിയാക്കും.ബബ്ലൂസൻ ഷാരടി.

എന്താ തൃപ്താ…ഒരുപാട് ഉണ്ടെന്നു തോന്നുന്നല്ലോ ഇന്ന് ഭഗവനെ കേൾപ്പിക്കാൻ

അയ്യോ….വിഷ്ണുവേട്ടൻ….കേട്ട് കാണുവോ

തിരിഞ്ഞ് നോക്കാതെ ആ ശബ്ദം കേട്ടാ മനസിലാവും.അത്ര ഗാംഭീരം ഇണ്ട് ആ ശബ്ദത്തിനു.നാട്ടിലെ എല്ലാ പരിപാടിക്കും സ്വാഗതം പറയാനോ പ്രസംഗിക്കാനോ ഒക്കെ ആള് ഇണ്ടാവും.നന്നായി പാടും.അതും പഴയ പാട്ട്.ചെല പാട്ടുകളൊക്കെ ആള് പാടുംമ്പോഴാ ആദ്യായിട്ട് കേൾക്കാ.ആള് പാടണ പാട്ട് സിനിമയിൽ ഉള്ളത് തന്നെ ആണോന്ന് സംശയിച്ച് പോവും.അത്രയും പഴയ പാട്ട്.ഉത്സവത്തിനു ഗാനമേളയ്ക്കൊക്കെ പാടും അതും പഴയ പാട്ട് തന്നെ.പക്ഷെ ആരും കേട്ടിരുന്നു പോവും.പിന്നെ വിഷ്ണുവേട്ടൻ മാത്രേ തൃപ്താന്നു വിളിക്കൂ.ബാക്കി ഉള്ളോർക്കൊക്കെ അമ്മാളുവാ.

ഞാൻ….വെറ്തേ…..വിഷ്ണുവേട്ടൻ ഇന്നു ലേറ്റായോ…

ചമ്മൽ മറക്കാനായി അങ്ങനെ ചോദിക്കാനാ തോന്നിയേ.ചിരിച്ചു കൊണ്ടുള്ള മറുപടി കേട്ടപ്പോൾ ചോദിക്കേണ്ടായിരുന്നൂന്നു തോന്നി.

ചിലർക്കൊക്കെ ഒരുപാടുണ്ടേ ഭഗവാനെ കേൾപ്പിക്കാൻ…ആരുടെയൊക്കെയോ തടി നന്നാക്കാനോ കുറക്കാനോ ഒക്കെ പ്രാർത്ഥിക്കാനുണ്ട്.നമുക്ക് ഒന്ന് കാണണം അത്രേ ഉള്ളൂ.ഭഗവാൻ ഇത്തിരി വിശ്രമിച്ചോട്ടേന്നു വെച്ചാ…

ജോലിക്കൊന്നും പോണ്ടേ…അതോ ആകാശവാണിക്കാർ പറഞ്ഞു വിട്ടോ.അല്ല ഉത്സവത്തിനു പത്ത് ദിവസോം അമ്പല പരിസരത്തുന്നു ചുറ്റി തിരിയണ കണ്ടു.

ചമ്മിയ ചിരിയോടെ ചോദിച്ചു

പോവണം.ഭഗവാനെ കണ്ടിട്ട് പോവാംന്നു വെച്ചു.ഉത്സവത്തിനു ലീവ് എട്ത്തു.നമ്മടെ ഉത്സവമല്ലേ

മ്ം…എന്നാ ഞാനങ്ങട്

ഓ…ആയിക്കോട്ടേ…

വിഷ്ണുവേട്ടാ….

ആരോടും പറയല്ലേ …നേരത്തെ കേട്ടത്…

വിഷ്ണുവേട്ടൻ തിരിഞ്ഞു നോക്കിയതും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു

എന്ത്…

ആൾക്ക് മനസിലാവാത്തതു പോലെ പറഞ്ഞു.ആ…കള്ളചിരി കണ്ടാലറിയാം.ഞാനെന്തിനെ പറ്റിയാ പറഞ്ഞേന്നു മനസിലായിന്നു

ഷാരടിയുടെ …തടി….കോടവയറ്

പറഞ്ഞോ കഴിഞ്ഞതും രണ്ട് കണ്ണും ചിമ്മി

ആ…ആലോചിക്കട്ടെ

അതും പറഞ്ഞ് ആള് നടന്നു പോയി.

ഹേയ്…വിഷ്ണുവേട്ടൻ ആരോടും പറയില്ലായിരിക്കും..കൃഷ്ണാ…ഇനി പറയോ….ഷാരടി അറിഞ്ഞ എന്നെ ചുറ്റമ്പലം മൊത്തം ഇട്ട് ഉരുട്ടും.

എന്തിയേന്തി നടന്ന് വീട്ടിലെത്തുമ്പോ അച്ഛൻ ഉമ്മറത്ത് ചാരു കസേരയിൽ ഇരിപ്പുണ്ട്.

അമ്മാളു വൈകിയോ….മോളു വരാൻ കാത്തിരിക്കയായിരുന്നു ചായ കുടിക്കാൻ

ആആ..സൂക്ഷിച്ച് കുട്ടിയേ…

അച്ഛൻ കാത്ത് നിൽക്കുവായിരുന്നു പറഞ്ഞോട്ട് ധൃതിയിൽ സ്റ്റെപ് കേറവേ കാലൊന്ന് ഇടറി.

വിഷ്ണുവേട്ടനെ കണ്ടപ്പോ ഇത്തിരി നേരം സംസാരിച്ചു.അതാ ലേറ്റായത്.

കൈയിലേ ഇലയിൽ നിന്നും വിരൽ കൊണ്ട് ചന്ദനമെടുത്ത് അച്ഛന്റെ നെറ്റിയിൽ വരച്ചു കൊണ്ട് പറഞ്ഞു.

കൃഷ്ണാ…അതും പറഞ്ഞ് അച്ഛൻ ഇലയിലെ പൂക്കൾ എടുത്ത് ചെവിയിൽ തിരുകി.എന്നിട്ട് പഴകിയ പൂണൂൽ ശരിയാക്കി.

ചിറ്റേ….

കുട്ടി വന്നോ…

എന്റെ ശബ്ദം കേട്ട് നേരിയതിന്റെ തുമ്പിൽ കൈ തുടച്ചു കൊണ്ട് അകത്തളത്തിലേക്ക് വന്നു

ഏട്ടൻ എത്രയായി നോക്കിയിരിക്ക്ന്നേന്നറിയോ.ഇനി ആഹാരം എട്ത്ത് വെക്കട്ടെ

ആ വച്ചോളൂ

ഞാനും ചിറ്റയുടെ കുടെ അടുക്കളയിലേക്ക് പോയി

അമ്മാളൂട്ടി വന്നോ…സാവിത്രിയമ്മയ്ക്ക് വേണ്ടി പ്രാർത്ഥിച്ചോ

എല്ലാർക്ക് വേണ്ടിയും പ്രാർത്ഥിച്ചു..യെന്റെ സാവിത്രിയമ്മേ….

സാവിത്രിയമ്മേടെ രണ്ട് കവിളും പിടിച്ച് വലിച്ച് മുഖം ആട്ടികൊണ്ട് പറഞ്ഞു.

അയ്യോ…കുട്ടി…പൊള്ളും…

ചായപാത്രം എടുക്കാൻ നോക്കിയതും ചിറ്റ പറഞ്ഞു. എനിക്ക് ഇതൊക്കെ ചെയ്യുന്നത് ഇഷ്ടാ.ന്താ കാര്യമംന്നുച്ചാ ഞാനെന്തെങ്കിലും ചെയ്യാൻ നോക്കുമ്പോ അയ്യോ പൊള്ളും..അയ്യോ മുറിയും അവിടെ തൊടല്ലേ…ഇവിടെ തൊടല്ലേന്നു പറഞ്ഞ് സാവിത്രിയമ്മയും ചിറ്റയും കൂടി കൂവിവിളിക്കാൻ തൊടങ്ങും.അവസാനം ഒന്നും ചെയ്യിക്കില്ല.പക്ഷേ അച്ഛനുള്ള ഭക്ഷണം വിളമ്പി കൊടുക്കുന്നത് ഞാൻ തന്നെയാ. അത് അച്ഛനും എനിക്കും നിർബന്ധാ.അതിനു വേണ്ടി ഞാൻ വരുന്ന വരെ കാത്തിരിക്കും.പിന്നെ വാസുമാമനും ഞാൻ തന്നെ ഭക്ഷണം കൊടുക്കും.വാസുമാമ ഉമ്മറത്തിരുന്നേ ഭക്ഷണം കഴിക്കൂ.നാട് മൊത്തം മാറിയിട്ടും വാസുമാമ മാത്രം മാറിയിട്ടില്ല.കാര്യസ്ഥൻമാർ അകത്തളത്തിരുന്ന് ഭക്ഷണം കഴിക്കില്ലാന്നാ മൂപ്പരുടെ പക്ഷം.എത്ര നിർബന്ധിച്ചാലും കഴിക്കില്ല.ആകെ അച്ഛന്റെ മുറിയിലെ കേറു.മുഴുവൻ സമയവും തൊടീലായിരിക്കും.പുറംപണിക്കാരോട് ബഹളം വെച്ച് നടക്കും. വാസുമാമയുടെ കണ്ണെത്താത്ത സ്ഥലമുണ്ടാവില്ല.അങ്ങനെ ബഹളം വെച്ച് നടക്കും. അച്ഛനും കൂടെ ഉണ്ടാവും.തൊടീലെത്ര മരങ്ങളുണ്ട്…ഇന്ന് എത്ര തേങ്ങ വിറ്റു…അങ്ങനെയുള്ള വീടിനു പുറത്തുള്ള കാര്യങ്ങൾ ഉറക്കത്തിൽ ചോദിച്ചാലും കിറുകൃത്യമായി പറയും.അകത്തുള്ള കാര്യവും അതേ.എന്ത് സാധനവും കണ്ടറിഞ്ഞ് വാങ്ങും.

അമ്മാളൂ…..ഇന്നാ….മുല്ലമൊട്ടുകളാ…വെള്ളം തളിച്ച് വെച്ചോളൂ…രാവിലെത്തേക്ക് വിടർന്നോളും.രാവിലെ മാല കോർക്കാൻ പൂ തെരഞ്ഞ് നടക്കണ്ട.

സന്ധ്യയ്ക്ക് ഒരു ഇലകുമ്പിളിൽ നെറയേ മുല്ല മൊട്ടുകൾ കൊണ്ട് തന്ന് വാസുമാമ പറഞ്ഞു.

അമ്മേടെ നേർച്ച ആയിരുന്നു എന്റെ കല്യാണം കഴിയും വരെ കണ്ണനു മുല്ല മാല ചാർത്താൻ

അമ്മാളുവേ…..

അച്ഛന്റെ കസേരയിൽ കൈ വച്ച് നിലത്ത് അച്ഛനെ കേൾക്കാനിരുന്നു.

അർജു അടുത്താഴ്ച വരണുണ്ട്.നിങ്ങളുടെ കല്യാണം നിശ്ചയിച്ചാലോന്ന്ണ്ട്.കുട്ടിക്ക് എതിർപ്പോന്നുല്ലാലോ.

അർജു ആവുമ്പോ ഒരു സമാധാനാ.അവനും എതിർപ്പുണ്ടാകാൻ തരല്ല്യാ.ഞാനല്ലേ പഠിപ്പിച്ചതൊക്കെ.

എന്ത് പറയണംന്നറിയാതെ നിന്നു.ചെവിയിൽ ചട്ടുകാലീന്നുള്ള വിളി മുഴങ്ങി കൊണ്ടിരുന്നു…

തുടരും….