ആദ്യരാത്രി ഭാര്യയും ഭർത്താവും ഉറങ്ങൂല, ഭർത്താവ് ഭാര്യക്ക് ഉമ്മ കൊടുക്കും എന്നൊക്കെ രമണിചേച്ചി പറഞ്ഞുലോ…

തിരിച്ചറിവ്

എഴുത്ത്: അച്ചു വിപിൻ

അതേയ് ഈ പാൽ എവിടാ വെക്കുവാ…

ചോദ്യം കേട്ട് അരുൺ മുഖം ഉയർത്തി നോക്കി…അവിടെ വെച്ചേക്കു…പെങ്ങളെ കെട്ടിച്ചു അയക്കാൻ നിവൃത്തി ഇല്ലാത്ത കൊണ്ട് വീടുകാർ തലയിൽ എടുത്തു വെച്ച് തന്ന സാധനം ആണല്ലോ പാലുമായി മുന്നിൽ നിക്കുന്ന ഈ വീപ്പക്കുറ്റി എന്ന് അവൻ മനസ്സിൽ വിചാരിച്ചു…തന്റെ സിക്സ് പാക്ക് ശരീരത്തിന് ഇവൾ ഒട്ടും ചേരുന്നില്ല എന്ന് കൂട്ടുകാർ പറഞ്ഞത് വേദനയോടെ അവൻ ഓർത്തു…

പാൽ കുടിക്കുന്നില്ലേ അരുണെട്ടാ…?

ഓ എനിക്ക് വേണ്ട. എനിക്ക് പാൽ ഇഷ്ടമില്ല…

ആണോ!!…

അത് കേൾക്കണ്ട താമസം അവൾ അത് ഒറ്റവലിക്ക് കുടിച്ചു..പശു കാടിവെള്ളം കുടിക്കുന്ന രംഗം അരുണിന്റെ മനസ്സിലേക്ക് കടന്നു വന്നു..,അതേയ് ഫുഡ് കളയരുതെന്നു എന്റെ അച്ഛൻ എപ്പഴും പറയും..ഇതൊന്നും കിട്ടാത്ത ഒരുപാട് കുട്യോൾ ഇണ്ട് അപ്പൊ നമ്മൾ ഭാഗ്യം ചെയ്തവർ അല്ലെ…

പിന്നെ ഒടുക്കത്തെ ഭാഗ്യം അല്ലെ അവൻ പറഞ്ഞു…

മ്മ്മ് ഞാൻ ഇവിടെ ഇരുന്നോട്ടെ…

ആ ഇരുന്നോ…താൻ ഏതു വരെ പഠിച്ചു…

ഞാനോ ഡിഗ്രി വരെ പോയി…പിന്നെ പോയില്ല…

അതെന്താ പോകാഞ്ഞത്…

അത് അപ്പഴക്കും എന്റെ അമ്മക്ക് സുഖം ഇല്യാണ്ടായി നോക്കാൻ ആൾ ഇല്ലാരുന്നു അതാ പോകാഞ്ഞത്….ഒരുപാടു കല്യാണം ഒക്കെ എനിക്ക് വന്നതാ..പക്ഷെ ആർക്കും എന്നെ ഇഷ്ടായില്ല…അപ്പഴാ അരുണെട്ടന്റെ ആലോചന വന്നത് എനിക്ക് ഫോട്ടോ കണ്ടപ്പഴേ ഇഷ്ടായി…അരുണേട്ടന് എന്നെ ഇഷ്ടപ്പെടാൻ എന്താ കാരണം… ?

അതോ നിനക്ക് ഒരുപാട് സ്വത്തുണ്ട് പിന്നെ അതിൽ കുറച്ചു നിന്റെ അച്ഛൻ എനിക്ക് തന്നു സ്ത്രീ ധനം ആയി …അത് കൊണ്ട് എന്റെ പെങ്ങളെ കെട്ടിച്ചു വിടാൻ പറ്റി…

ഏട്ടൻ വല്ലോം പറഞ്ഞോ…

ഏയ് താൻ സുന്ദരി ആണെന്നു പറയുവാരുന്നു…

ഉവ്വോ ശരിക്കും!!! എന്റെ മുഖത്തു നോക്കി ആദ്യായിട്ട ഒരാൾ ഇങ്ങനെ പറയുന്നത്…

ഈ പെണ്ണിന്റെ വാ അടയില്ലേ ഒരു നിമിഷം പോലും…അവൻ ഓർത്തു പോയി…അതേയ് താൻ ഉറങ്ങിക്കോ…

അയ്യോ എനിക്ക് ഉറക്കം വരുന്നില്ല..ആദ്യരാത്രി ഭാര്യയും ഭർത്താവും ഉറങ്ങൂല. ഭർത്താവു ഭാര്യക്ക് ഉമ്മ കൊടുക്കും എന്നൊക്കെ രമണിചേച്ചി പറഞ്ഞുലോ…

അത് രമണിച്ചേച്ചിടെ ആദ്യരാത്രി അങ്ങനെ ആയിരുന്നു കാണും അതാ അവർ അങ്ങനെ പറഞ്ഞത്…താൻ ഉറക്കം വന്നില്ലങ്കി അവിടെ ഇരുന്നോ എനിക്ക് നല്ല ക്ഷീണം ഉണ്ട്..ഞാൻ കിടക്കുവാ…

മ്മ് ന്നാ ഞാനും കിടക്കാം…

നേരം വെളുത്തു അവൾ എണീറ്റ് ആരും പറയാതെ തന്നെ പണിയൊക്കെ ചെയ്തു…..അരുൺ കുളിച്ചു ഉമ്മറത്തേക്ക് വന്നു..എവിടെയോ പോകാൻ ആണ് എന്ന് വ്യക്തം.

അനുപമ ഞാൻ രാത്രിയെ വരുള്ളൂ നോക്കി ഇരിക്കേണ്ട ചിലപ്പോ വരാൻ വൈകും…അമ്മെ ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം…

ഡാ മോനെ അനുകുട്ടിയെ കൂടി കൊണ്ട് പോട..ഇന്നലെ വന്നു കേറിയെ ഉള്ളു അപ്പഴേക്കും അനുകുട്ടീ എന്ന് വിളിയും തുടങ്ങിയോ അവൻ ചിന്തിച്ചു…മ്മ് എന്തിനു…. അവൾ ഇവിടെ ഇരുന്ന മതി വെറുതെ പോകുന്നിടത്തോക്കെ കൊണ്ട് പോണോ…

സാരോല്ല അമ്മെ ഏട്ടൻ പൊക്കോട്ടെ…എനിക്ക് ഇനിം പോവാലോ…അവൻ പോകുന്നത് നിറകണ്ണുകളോടെ അവൾ നോക്കി നിന്നു…

അളിയാ എങ്ങനെ ഉണ്ടാരുന്നു ഫസ്റ്റ് നൈറ്റ്…

ദേ കിരണേ ചുമ്മാ ഊതല്ലേ…എന്റെ ഗതികേടു കൊണ്ട…ഇല്ലേ അവളെ ഞാൻ കെട്ടില്ലായിരുന്നു…

ഡാ അരുണെ അനുപമക്ക് വണ്ണം ഉണ്ടെങ്കിലും അവൾ കാണാൻ തരക്കേടില്ല എന്ന എന്റെ ഒരിത്…പിന്നെ നിനക്ക് ഇപ്പോ എന്താ കുഴപ്പം…

എന്തോ എനിക്കവളെ ഉൾകൊള്ളാൻ കഴിയുന്നില്ലളിയാ…വീട്ടിലേക്കു പോകാൻ തന്നെ തോന്നുന്നില്ല…

അവൻ എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ലാ സമയo പോയ്‌കൊണ്ടിരുന്നു…………..

ഗേറ്റ്കടന്നു അകത്തേക്ക് കയറിയപ്പൊ ഉമ്മറത്തു തന്നെ അവൾ ഇരിക്കുന്നത് കാറിന്റെ വെളിച്ചത്തിൽ അവൻ കണ്ടു…കാർ ഒതുക്കി നിർത്തി അവൻ വണ്ടിയിൽ നിന്നും ഇറങ്ങി…അനു ഓടി ചെന്ന് ഗേറ്റ് അടച്ചു.

താൻ ഉറങ്ങീലെ…

ഇല്യ ഏട്ടൻ വന്നിട്ടാവാം എന്ന് കരുതി…

അമ്മ എന്തേ…?

അമ്മ ഉറങ്ങി..ഏട്ടന് ചോറ് എടുക്കട്ടേ …..

വേണ്ട ഞാൻ പുറത്തു നിന്നും കഴിച്ചു..താൻ കഴിച്ചോ…

ഇല്ല വന്നിട്ടാവാം എന്ന് കരുതി.

ഇനി എന്നെ നോക്കി ഇരിക്കേണ്ട വിശക്കുംപോൾ എടുത്ത് കഴിച്ചോളണം…

ഉം ശരി ഏട്ടാ….

ഞാൻ ഒന്ന് കുളിക്കട്ടെ….

അകത്തേക്ക് കയറിയ അരുൺ ഞെട്ടി തന്റെ വീട് തന്നെ ആണോ ഇത് ..ഒക്കെ അടക്കി ഒതുക്കി വൃത്തി ആക്കി ഇട്ടിരിക്കുന്നു..പെങ്ങൾ പിശാശ് ഇവിടെ ഉണ്ടായിരുന്നപ്പോൾ പോലും ഈ വീട് ഇങ്ങനെ കണ്ടിട്ടില്ല…ബെഡ് റൂം പോലും മാറ്റി മറിച്ചിരിക്കുന്നു എന്ന് അവൻ ചിന്തിച്ചു..ഇപ്പോ ഒരു അടുക്കും ചിട്ടയും ഒക്കെ വന്നിരിക്കുന്നു…

കുളിക്കാൻ ചൂട് വെള്ളം വേണോ ഏട്ടാ…?

അവളുടെ ഒരു ഏട്ടൻ വിളി കേൾക്കുമ്പോ എനിക്ക് ചൊറിഞ്ഞു കയറുന്നുണ്ട്.. തണുത്ത വെള്ളത്തിൽ കുളിക്കുന്നത എനിക്ക് ഇഷ്ടം…താൻ പോയി ഫുഡ് കഴിച്ചോ…

അവൻ കുളികഴിഞ്ഞു ഇറങ്ങിയപ്പഴേക്കും അനു ഫുഡ് കഴിച്ചു വന്നിരുന്നു…താൻ കിടന്നോ എനിക്കു കുറച്ചു പണിയുണ്ട്…മറുത്തു ഒന്നും പറയാതെ അവൾ കിടന്നുറങ്ങി…

അങ്ങനെ പല പല രാത്രികൾ അവൻ അവളെ ഗൗനിക്കാതെ ഇരുന്നു…അവളുടെ ഒരു കാര്യങ്ങളും അവൻ ശ്രദ്ധിച്ചില്ല…ഇതിനിടയിൽ വീട്ടുകാർക്കും അയൽക്കാർക്കും അനു പ്രിയപ്പെട്ടവൾ ആയി മാറി…അരുൺ അവന്റെതായ കാര്യങ്ങളിൽ എപ്പഴും വ്യാപൃതൻ ആയിരു ന്നു…അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം അവനു വസൂരി പിടിച്ചു…

സുഖം ഇല്ലാത്ത അമ്മ അമ്മാവന്റെ വീട്ടിലേക്കു പോയി..അനു അവനെ നോക്കാനുള്ള ചുമതല ഏറ്റെടുത്തു…വേദന ഉണ്ടോ അരുണേട്ടാ..ഒക്കെ മാറും ഈ കഞ്ഞി കുടിച്ചെ…ദേ ഈ കഷായം കൂടി കഴിച്ചേ..രാത്രിയിൽ ഉറക്കം ഇല്ലാതെ അവൾ അവനെ നോക്കിയിരുന്നു…അവന്റെ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചു…അവന്റെ അസുഖം മാറിയതു തെല്ലൊന്നുമല്ല അവളെ ആശ്വസിപ്പിച്ചത്….അസുഖം പിടിപെട്ട ദിവസങ്ങളിൽ അരുൺ അനുവിനെ അടുത്തറിയുകയായിരുന്നു…ഓരോ കാര്യങ്ങൾ അനു ചെയ്യുന്നത് അതിശയതോടെ അവൻ നോക്കിയിരുന്നു..എത്രയോ അകലം അവൻ കാട്ടിയിട്ടും അവൾ അവനെ വെറുത്തില്ല എന്നത് അവൻ ചിന്തിച്ചു…എത്ര സ്നേഹം ആണ് ഇവൾക്കു…

കല്യാണം കഴിഞ്ഞിട്ട് മാസം അഞ്ചായി അവളെ പുറത്തു കൊണ്ട് പോകാത്തതിലോ ഒന്നും മേടിച്ചു കൊടുക്കാത്തതിലോ ഒരു പരാതി പോലും പറഞ്ഞിട്ടില്ല…എന്തിനു എന്നെ ഇങ്ങനെ സ്നേഹിക്കുന്നു…

അസുഖം പൂർണമായും മാറി രാത്രി ഉറക്കത്തിലെപ്പോഴോ അവളുടെ കൈകൾ തന്നെ ചുറ്റിയതു അരുൺ അറിഞ്ഞു.അവളുടെ കൈകൾ എടുത്തു മാറ്റുന്നതിനിടയിൽ അവൻ അവളുടെ മുഖം ശ്രദ്ധിച്ചു…ഇവൾക്കു ഇത്രേം ഭംഗി ഒക്കെ ഉണ്ടോ…ഉണ്ടായിരുന്നിരിക്കണം അതിനു ഇവളെ ഇതിനു മുൻപ് ഞാൻ ശ്രദ്ധിച്ചിട്ടു വേണ്ടേ…അവൻ ചിന്തിച്ചു..അവളുടെ മുഖത്തേക്ക് നോക്കി കിടന്നു അവനും എപ്പഴോ ഉറങ്ങി പോയി…

മോളെ അനു ഇവിടെ വന്നേ…എന്തോ അമ്മ വിളിച്ചോ…അരുൺ എണീറ്റില്ലേ മോളെ..ഇല്ല അമ്മെ ഇന്നും നാളെയും അവധി ആണ്..അമ്മ ഒന്ന് ഓപ്പയുടെ അടുത്ത് പോവാ ഓപ്പക്ക് തീരെ വയ്യ..രണ്ടു ദിവസം കഴിഞ്ഞേ അമ്മ വരു..അവനോട്‌ പറഞ്ഞേക്കുട്ടോ…ശരി അമ്മെ…

അരുണേട്ടാ എണീക്കു 10 മണിയായി…എന്ത് ഉറക്കം ആണിത്…അവൻ മടിച്ചു മടിച്ചു എണീറ്റിരുന്നു…..അതേയ് അമ്മ അമ്മാവന്റെ വീട്ടിൽ പോയി …ചായ ഇപ്പോ ഞാൻ എടുക്കാംട്ടോ ഏട്ടൻ മുഖം കഴുകി വന്നോളൂ.അവൻ വന്നപ്പോ മേശപ്പുറത്തു എല്ലാം റെഡി ആയിരുന്നു…അവൻ അതെല്ലാം രുചിയോടെ കഴിച്ചു…

അരുണേട്ടാ 11 മണിയായി ഞാൻ ഒന്ന് കുളി ച്ചിട്ടു വരാം…മഴക്കാർ ഉണ്ട് മഴ പെയ്ത ആ തുണി ഒന്ന് എടുത്തു വെക്കോ…ഉം ശരി…അവൾ കുളിക്കാൻ ആയി പോയി..കുറച്ചു കഴിഞ്ഞപ്പോൾ അനുവിന്റെ ഉച്ചത്തിൽ ഉള്ള നിലവിളി കേട്ടു അരുൺ അകത്തേക്ക് ഓടി…അയ്യോ എന്ന് കരഞ്ഞു അവൾ കുളിമുറിയുടെ കതകു തുറന്നു പുറത്തെക്ക് ഓടി ഇറങ്ങി …അവനെ കണ്ടതും അവൾ പേടിച്ചു അവനെ കെട്ടിപ്പിടിചു…അവൻ കുളിമുറിയിലേക്ക് നോക്കി അവിടെ ഒരു കുഞ്ഞെലി ഓടി നടക്കുന്നു..അവനു ചിരി വന്നു പോയി…ഇതിനെ കണ്ടിട്ടാണോ പേടിച്ചത് …മ്മ് അതെ എനിക്ക് എലിയെ പേടിയാ…അത് കടിക്കും അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു………

എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല…അവൻ അവളുടെ മുഖത്തേക്ക് നോക്കി നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന സിന്തുരം കണ്മഷി പടർന്നു തുടങ്ങിയ വിടർന്ന കണ്ണുകൾ…. വിറയ്ക്കുന്ന ചുണ്ടുകൾ….അന്നാദ്യമായി അവനു അവളോട് ഇഷ്ടം തോന്നി…

ഇങ്ങനെ എന്നെ കെട്ടിപിടിച്ചു നിന്ന മതിയോ തല തോർത്തണ്ടേ…പിന്നെ താൻ ഉടുത്തിരിക്കുന്ന ഈ മുണ്ടു എന്റെയ…ഇത് നനഞ്ഞിരിക്കുന്നു ….പെട്ടെന്നാണ് അവൾക്കു ബോധോദയം ഉണ്ടായത്…അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു…അവൻ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങി പോയി…രാത്രി ആകുന്ന വരെ അവർ പരസ്പരം മിണ്ടിയില്ല…അന്ന് രാത്രി മഴ പെയ്തു…അവൻ അതും നോക്കി ഇരിക്കുവായിരുന്നു…ഉറങ്ങുന്നില്ലേ എന്ന പതിവ് ചോദ്യം എത്തി..ഉം താൻ ഒരു ഗ്ലാസ് പാൽ എടുത്തോ….അതിനു പാൽ ഇഷ്ടമല്ലല്ലോ…ആ ഇപ്പൊ എനിക്ക് ഇഷ്ടാണ്….പോയി എടുത്തോണ്ട് വാ……

വാതിൽ ചാരി പാലുമായി അവൾ വന്നു…ഇന്നാ പാല്…ഇവിടെ ഇരിക്ക് അവൾ കട്ടിലിൽ ഇരുന്നു…പകുതി പാൽ അവൻ കുടിച്ചിട്ടു ബാക്കി അവൾക്ക്‌ നേരെ നീട്ടി…

ഇത് കുടിക്കു തന്റെ രമണി ചേച്ചി പറഞ്ഞ ആദ്യരാത്രി നമ്മൾ ഇന്ന് ഇവിടെ തുടങ്ങാൻ പോണു…അവൾ നെഞ്ചിടിപ്പോടെ അവന്റെ നേരെ നോക്കി…അവൾ സതോഷത്തോടെ അതിലേറെ നാണത്തോടെ ആ പാൽ വാങ്ങി കുടിച്ചു…താൻ ഇങ്ങു നീങ്ങി ഇരിക്ക്… അവൾ പതുക്കെ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു…എന്നെ പേടി ആണോ അവൻ ചോദിച്ചു…ഇല്ല എന്ന് അവൾ തലയാട്ടി..പിന്നെ എന്നോട് എന്താ തോന്നണത്….അത് അത് എനിക്ക്….ഇഷ്..ടം ആണ് അവൾ വിക്കി വിക്കി പറഞ്ഞു……

അവൻ അവളുടെ മുടിയിലൂടെ വിരൽ ഓടിച്ചു…അവളുടെ അനുവാദത്തിനു കാത്തു നിക്കാതെ അവൻ അവളുടെ ചുണ്ടുകളിൽ ചുംബിച്ചു…അവൾ അവനെ കെട്ടിപിടിച്ചു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു ….അവളുടെ കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി…അവൻ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു…

എന്നോട് ക്ഷമിക്കു മോളെ എനിക്ക് നിന്റെ മനസ്സിലെ നന്മ കാണാൻ കഴിഞ്ഞില്ല..നിന്നെ ഒരുപാടു ഞാൻ വേദനിപ്പിച്ചു.

ഇപ്പോൾ എന്തിനാ അരുണേട്ടാ അതൊക്കെ പറയുന്നത്…എന്റെ വിഷമം ഒക്കെ മാറി….അവൻ ലൈറ്റ് ഓഫ് ചെയ്തു…അവളെ കെട്ടിപിടിച്ചു മതിയാവോളം ചുംബിച്ചു…അവളെ കട്ടിലിലേക്ക് കിടത്തി നെറ്റിയിൽ ചുംബിച്ച ശേഷം അവൻ അവളുടെ കാതിൽ മെല്ലെ ചോദിച്ചു…അതേയ് ഈ അരഞ്ഞാണം എത്ര മീറ്ററാ? പ്രത്യേകം പണിയിച്ചതാണോ? …ഹും അരുണേട്ടാ…അവളുടെ ആ വിളി അവന്റെ ചുംബനത്തിൽ മുറിഞ്ഞു…

ശുഭം…