അവസാനത്തിന്റെ ആരംഭങ്ങളിൽ ~ ഭാഗം 3, എഴുത്ത്: Shimitha Ravi

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കണ്ണു തുറക്കുമ്പോൾ താൻ ഹോസ്പിറ്റലിൽ ആയിരുന്നു എന്ന് ഒട്ടൊരു ഞെട്ടലോടെയാണ് മനസ്സിലായത്..ചുറ്റും നടക്കുന്ന ഒന്നും മനസ്സിലാവാതെ വെറുതെ പകച്ചുനിൽക്കുന്ന ഒരു കുട്ടിയുടെ മനസ്സായിരുന്നു എനിക്കപ്പോൾ…ഇടക്കെപ്പോഴോ ഓർമയിൽ കഴിഞ്ഞതെല്ലാം തെളിഞ്ഞുവന്നു…

ഡേവിഡിന്റെ കയ്യിലേക്ക് ഊർന്നുവീഴുന്ന നിമിഷം വരെ ഓർമയിൽ കൂടുതൽ തെളിച്ചത്തോടെ തെളിഞ്ഞു….എന്തായിരുന്നു എനിക്കപ്പോൾ തോന്നിയത് …അറിയില്ല…ഇപ്പോഴും ആ നിമിഷങ്ങളിൽ തന്നെ ജീവിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ…

വാതിൽ തുറന്നു ഡോക്ടർ പുഞ്ചിരിയോടെ അകത്തേക്ക് വന്നു…

“എഴുന്നേറ്റോ സ്വാതി…താൻ എന്തൊറക്കം ആയിരുന്നുടോ…ഈ അടുത്ത കാലത്തൊന്നും ഉറങ്ങാത്ത ആളെപോലെ….”

ഒരു ചമ്മലോടെ വെറുതെ ചിരിച്ചു… ശരിയാണ്…ഒന്നു ശാന്തമായ മനസ്സോടെ ഉറങ്ങിയിട്ട് നാളെത്രയായി…ഒന്നുമില്ലെങ്കിലും മയങ്ങിവീണത് ഡേവിഡിന്റെ കരവലയത്തിലാണല്ലോ… ആ സുരക്ഷിതത്വബോധം ആയിരിക്കാം അബോധാവസ്‌ഥയിലും തനിക്ക് സ്വസ്ഥത പകർന്നത്…

“ഇപ്പോൾ കുഴപ്പമൊന്നുമില്ല…മൂന്നു ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാം കേട്ടോ…” ഡോക്ടർ പറഞ്ഞതു കേട്ടു ആദ്യം ഞെട്ടൽ ആയിരുന്നു ഉണ്ടായത്..മൂന്നു ദിവസമോ… അത്രയും ദിവസം താനിവിടെ… അതും ഒറ്റക്ക്…വീണ്ടും അനാഥത്വം പിടിമുറുക്കുന്ന പോലെ…

“ഡോക്ടർ…എനിക്കിന്ന് തന്നെ പോണം…ഓഫീസിൽ ലീവ് പറഞ്ഞിട്ടില്ല…”

“അതെങ്ങനെ ശരിയാവും സ്വാതി..തന്റെ മുറിവൊന്നുണങ്ങണ്ടേ?”

മുറിവോ. ..? അമ്പരന്നു തന്നെയാണ് നോക്കിയത്…കാലിലെ പ്ലാസ്റ്റർ ആണ് ആദ്യം കണ്ടത്…മുഖത്തു തപ്പി നോക്കിയപ്പോൾ എവിടൊക്കെയോ നോവുന്ന പോലെ…

“എഡോ സ്റ്റിച്ച് ഇളക്കാതെ…” ഡോക്ടർ തമാശ രൂപേണ ചിരിച്ചു..”.ഞാനാദ്യം വിചാരിച്ചു വല്ല ഗാർഹിക പീഡനം വല്ലോം ആണെന്ന്…അല്ലാതെ ആരേലും ഇങ്ങനെ കയ്യും കാലും എല്ലാം ചതക്കുവോ….”

എന്തോ…എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറയാൻ തുടങ്ങിയിരുന്നു…ഇന്നലെ എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്… ഭ്രാന്തമായ ഏതോ ആവേശത്തിൽ…സ്വന്തം ശരീരം നോവിച്ചാണ് താനിപ്പോൾ എല്ലാത്തിനും പരിഹാരം കാണുന്നത്…ഇന്നലെ പക്ഷെ മരിക്കണം എന്നു മാത്രമായിരുന്നു…ഒന്നും ആലോചിക്കാതെ എന്തൊക്കെയോ ചെയ്തു..വേദന പോലും അറിഞ്ഞില്ലാരുന്നു… ഇപ്പോൾ പക്ഷെ എല്ലായിടവും നീറിപ്പുകയുന്നു… അകവും പുറവും…മനസ്സും ശരീരവും…ഈ കാലും മുറിവുകളും വച്ച് എങ്ങനെ മാനേജ് ചെയ്യും ഞാൻ…പണ്ടായിരുന്നെങ്കിൽ ഇതും അസ്വദിച്ചേനെ ഞാൻ…അമ്മയുടെ ചൂട് പറ്റി തലോടലേറ്റു വീട്ടിൽ പതുങ്ങികൂടിയ ആ നാളുകൾ ഇനിയൊരിക്കലും തിരിച്ചുവരില്ലേ..? ഉള്ളിൽ വല്ലാത്തൊരു നീറ്റൽ…

“ഡോക്ടർ…എനിക്കിന്ന് തന്നെ പോകണം…അവിടെ ചെന്നിട്ടു ഞാൻ മറ്റേതെങ്കിലും ഹോസ്പിറ്റലിൽ consult ചെയ്തോളാം…ഇവിടെ എനിക്ക് ഒറ്റക്ക് മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണ്….”

“എന്നു നീ മാത്രം തീരുമാനിച്ചാൽ മതിയോ…?”

ക്രുദ്ധമായ വാക്കുകൾ കേട്ട് ഡോക്ടറും ഞാനും ഒന്നിച്ചാണ് തിരിഞ്ഞു നോക്കിയത്… വാതിൽക്കൽ കനപ്പിച്ച മുഖവുമമായി ഡേവിഡ്…ഞാൻ പെട്ടെന്ന് നോട്ടം മാറ്റി…ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല…അവനെ നേരിടാൻ എനിക്കിനിയും കഴിയുന്നില്ലലോ…

“നിന്നോടാ ചോദിച്ചത്…എല്ലാക്കാലവും നിന്റെ തോന്യാസം മാത്രം നടന്നാൽ മതി യോന്ന്…” അവനെന്റെ നേരെ മുൻപിൽ വന്നു കുനിഞ്ഞു നിന്നെന്റെ കണ്ണുകളിൽ തറപ്പിച്ചു നോക്കി…

“അത്…ഞാൻ….”

അവനെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായിരുന്നു…വാക്കുകൾ തൊണ്ടയിൽ വീർപ്പ് മുട്ടി…ഞാൻ മിണ്ടുന്നില്ലെന്നു കണ്ടു അവനെണീറ്റു…

“ഇവ ളെങ്ങും പോകുന്നില്ല ഡോക്ടർ…പൂർണമായും സുഖമാവുന്ന വരെ ഇവളിവിടെ തന്നെ ഉണ്ടാവും…” അതൊരു വെല്ലുവിളി പോലെ എനിക്ക് തോന്നി…

“അത് ഞാനല്ലേ തീരുമാനിക്കുക…?”

“തളർന്നതെങ്കിലും ഉറപ്പുള്ള ശബ്ദം തന്നെയാണ് എന്നിൽ നിന്നുയർന്നത്…

“അല്ല…അത് ഞാൻ തീരുമാനിക്കും…”

“എന്ത് അധികാരത്തിൽ…” വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല….

“നീ എന്റെ…..”

മുഴുമിപ്പിക്കാതെ അവൻ നിർത്തി…അവന്റെ ശബ്ദം ഉയർന്നിരുന്നു…എന്തുകൊണ്ടോ എന്റെ മനസ്സും തുടികൊട്ടാൻ തുടങ്ങി…

ഇല്ല ഞാൻ പ്രതീക്ഷിച്ചതു പോലെ ഒന്നും സംഭവിച്ചില്ല…പറഞ്ഞുവന്നത് മുഴുമിക്കാതെ അവൻ പുറത്തേക്കിറങ്ങി പോയപ്പോൾ നിസ്സഹായയായി ഞാൻ അവിടെ ഇരുന്നു….

വീണ്ടും ചുറ്റും പടരുന്ന ഏകാന്തത എന്നെ വീർപ്പുമുട്ടുച്ചുകൊണ്ടിരുന്നു.. അടുത്ത മുറിയിൽ നിന്നു കേൾക്കുന്ന ഏതോ കുഞ്ഞിന്റെ കൊഞ്ചലുകളിൽ എന്നെത്തന്നെ വിസ്മരിക്കാൻ ശ്രമിച്ചുംകൊണ്ടു ഞാൻ കണ്ണടച്ചു കിടന്നു..എപ്പോഴോ ഞാൻ മായങ്ങിപോയിരുന്നു…

ഉറക്കത്തിൽ മധുരമുള്ളൊരു സ്വപ്നം എന്നെ തൊട്ടുവിളിച്ചു….എന്റെ കയ്യിലിരുന്നു പുഞ്ചിരി തൂകുന്ന ഒരോമൽ കുഞ്ഞ്… അവളെ…അതേ അതൊരു പെണ്കുഞ്ഞായിരുന്നു…അവളെ ഞാൻ തലോലിക്കുന്നു… ഉമ്മ വക്കുന്നു…അവളുടെ കുഞ്ഞിചുണ്ടുകൾ കൊണ്ടൊരുമ്മ എന്റെ കവിളിൽ പതിഞ്ഞപ്പോൾ അതെന്റെ മനസ്സിൽ കുളിർ വീഴ്ത്തിയപ്പോഴാണ് ഞാൻ കണ്ണുകൾ പതിയെ തുറന്നത്…

വീണ്ടും യാഥാർഥ്യത്തിലേക്കു തിരിച്ചുവന്നപ്പോൾ പ്രിയമുള്ളതെന്തൊക്കെയോ നഷ്ടപെട്ടപോലെ…. ആ സ്വപ്നത്തിൽ തന്നെജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…

ശരീരത്തിന് തോന്നാത്ത വേദന മനസ്സിന് തോന്നിയപ്പോൾ ഞാൻ ചുറ്റും പരതി… എനിക്കരികിൽ തന്നെ കസേരയിൽ ഇരുന്നുറങ്ങുന്ന ഡേവിഡിനെ കണ്ടപ്പോൾ എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു…കിടന്നുകൊണ്ട് തന്നെ കൈനീട്ടി ഞാനവന്റെ മുടിയിൽ തൊട്ടു…അവനെ ഉണർത്താതെ പതിയെ തലോടി…

ഇടതുകൈ സ്വയമറിയാതെ എന്റെ വയറിലേക്കു ചേർത്തുപിടിച്ചപ്പോൾ നെഞ്ചു വല്ലാതെ വിങ്ങി…സ്വപ്നത്തിൽ കണ്ട പോലൊരു കുരുന്ന്…. ഒരു സ്ത്രീ എന്നതിലുപരിയായി ഒരമ്മയാവാൻ തന്റെ മനസ്സു കൊതിച്ചു തുടങ്ങി എന്നു ഞാനറിയുകയായിരുന്നു…അങ്ങനെ വെറുതെ ഇരുന്നപ്പോൾ ഡേവിഡ് പതിയെ അനങ്ങി…ഞാൻ കൗതുകത്തോടെ അവന്റെ മുഖത്തേക്ക് നോക്കി… അവനിപ്പോൾ എനിക്കഭിമുഖമായിരിക്കുകയാണ്…അവന്റെ ശ്വാസം എന്റെ കവിളിൽ പതിയെ പതിക്കുന്നുണ്ട്…മനസ്സു ആർദ്രമാവുന്ന പോലെ…അവന്റെ മുഖം ഒരു കുഞ്ഞിനെയെന്നപോലെ നിഷ്കളങ്കമാണെന്നു എനിക്കപ്പോൾ തോന്നി…

അല്ലെങ്കിലും ഇന്ന് ഡോക്ടറിന് മുൻപാകെ മാത്രമല്ലേ അവൻ രൗദ്രഭാവം പൂണ്ടു ഞാൻ കണ്ടിട്ടുള്ളു… എനിക്കറിയാം അതും അഭിനയമാകാനേ തരമുള്ളൂ… അവനൊരിക്കലും ആരെയും വിഷമിപ്പിക്കാൻ കഴിയില്ല.. എനിക്കറിയാം..അതിനുള്ള ഉത്തമ ഉദാഹരണം ആണല്ലോ ഈ ഞാൻ….പാവം…എല്ലാവരെയും ചേർത്തു നിർത്തിയിട്ടും എല്ലാവരും തിരികെ വേദന മാത്രമേ കൊടുത്തുള്ളൂ അവന്… ഈ ഞാൻ പോലും….

ഉള്ളിലെന്തോ വല്ലാത്ത വേദന പരക്കുന്നപോലെ…ഞാൻ പോയപ്പോൾ അവനു എന്താകും തോന്നിയിട്ടുണ്ടാവുക?വേദനിച്ചു കാണുമോ? ഞാനിതുവരെ അങ്ങനെ ചിന്തിച്ചു പോലും നോക്കിയില്ലല്ലോ…ചിന്തിച്ചില്ല എന്നല്ല…മനപൂർവം അവനെ പറ്റിയുള്ള ചിന്തകളെ കൂച്ചുവിലങ്ങിട്ടു നിർത്തി എന്നു പറയുന്നതാവും ശരി… കാരണം ഓരോ ഓര്മയിലും വേവുന്നത് എന്റെ മനസ്സായിരുന്നല്ലോ….എല്ലാം ഉണ്ടായിട്ടും ഒറ്റയടിക്ക് നഷ്ടങ്ങൾ വന്നു കയറിയപ്പോൾ താങ്ങാൻ കഴിഞ്ഞില്ല…സ്‌നേഹത്തിന്റെ മാത്രം ലോകത്തുവസിച്ചിട്ടു പെട്ടെന്നൊരു നാൾ ചുറ്റും വെറുപ്പും ഒറ്റ പെടലും മാത്രമായപ്പോൾ മനസ്സു കൈവിട്ടുപോയി… അതുകൊണ്ടാണ് ഒരു വാക്ക് പോലും പറയാതെ….പറഞ്ഞാൽ വിടില്ലെന്ന് അറിയാമായിരുന്നു…എനിക്ക് വേണ്ടി വെറുതെ പാവത്തിനെ വിഷമിപ്പിക്കാൻ വയ്യായിരുന്നു…മുന്നോട്ടുള്ള ജീവിതത്തിന്റെ അവസാന പച്ചതുരുത്തും വിട്ടിറങ്ങി പോകുമ്പോൾ എനിക്ക് നൊന്തിരുന്നു ഡേവിച്ചാ…

അവനോട് മൗനമായിയാണ് ഞാൻ പറഞ്ഞതെങ്കിലും സ്വയമറിയാതെ സ്നേഹത്തിന്റെ നനവുള്ളൊരു ചുംബനം അവന്റെ കവിളിൽ പതിഞ്ഞു…ആ നിമിഷം എന്റെ മനസ്സിൽ മറ്റൊന്നുമില്ലായിരുന്നു…മറ്റാരുമില്ലായിരുന്നു.

അന്നത്തെ രാത്രി ഞാനുറങ്ങിയില്ല..ഉറക്കത്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള നൂൽപാലത്തിൽ മയങ്ങിയും അല്ലാതെയും ഞാനെന്റെ വിരലുകൾ മുറുകെ പിടിച്ചു…ഡേവിച്ചന്റെ വിരലോ ഷർട്ടോ അങ്ങനെയെന്തൊക്കെയോ എന്റെ കയ്യിൽ തടഞ്ഞിരുന്നു…കൈവിട്ടുപോവാൻ ഇഷ്ടമില്ലാത്ത കളിപ്പാട്ടം പോലെ ഇടക്കിടക്ക് അവനവിടെ തന്നെയുണ്ടോ എന്നു ഞാൻ തപ്പിനോക്കി…റൂമിലെ ഇരുട്ടിലും അവനെന്റെ അരികിൽ ഉണ്ടെന്നുള്ള വിശ്വാസം…അതെന്റെ മനസ്സിൽ ഏറെ നാളുകൾക്കു ശേഷം ആശ്വാസമായി നിലകൊണ്ടു…

എല്ലാം നൈമിഷികമായ ചാപല്യം എന്നു അറിയാമായിരുന്നിട്ടും നാളെ പടിയിറങ്ങി പോകണം എന്നുള്ള പൊള്ളുന്ന തിരിച്ചറിവിനെ ഞാൻ മനപൂർവം മറക്കാൻ ശ്രമിച്ചു…എപ്പോഴോ ഞാൻ ഉറങ്ങി…ഉണരുമ്പോൾ പുറത്തു വെളിച്ചം വീണിരുന്നു…അരികിൽ ഡേവിഡ് ഇല്ലായിരുന്നു… പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു..കാലുകൾ വേച്ചുപോയി… വീഴുന്നതിന് തൊട്ടുമുൻപ് ഡേവിഡ് വന്നു താങ്ങും എന്ന പതിവ് ക്ളീഷേ ഓർത്തു ഒരൽപ്പം പുച്ഛത്തോടെ തന്നെ ഞാൻചുവരിൽ പിടിച്ചു ബാലൻസ് ചെയ്തു…കണ്ണുകളിൽ വെറുതെ അവന്റെ മുഖം നിറച്ചു…

പുറത്തേക്കിറങ്ങുമ്പോൾ വരാന്തയുടെ അങ്ങേ ഓരത്ത് വെളുത്തു മേലിഞ്ഞൊരു പെണ്കുട്ടിയുമായി എന്തോ പറഞ്ഞു ചിരിക്കുന്ന അവനെ കണ്ടപ്പോൾ മനഃപൂർവമല്ലെങ്കിലും മനസ്സൊന്നു തേങ്ങി…തിരികെ വീണ്ടും വന്നു കിടന്നു…നഴ്‌സ് വന്നതും എന്തോ ഇഞ്ചക്ഷൻ എടുത്തതും അറിഞ്ഞെങ്കിലും കണ്ണു തുറക്കാൻ തോന്നിയില്ല…അതാവുമോ ആ പെണ്കുട്ടി…?

ഞാൻ കാണാൻ കൊതിച്ച അവന്റെ മണവാട്ടി….എത്രയൊക്കെ ഉൾകൊള്ളാൻ ശ്രമച്ചിട്ടും കണ്ണിൽ നിന്നും ആ രംഗം മായാത്തപോലെ…അവന്റെ ആ പുഞ്ചിരി…അതിൽ എന്റെ സന്തോഷം കണ്ടെത്താൻ ഞാൻ ശ്രമിച്ചു..ആ മുഖം വാടാതിരിക്കാൻ വേണ്ടിയായിരുന്നല്ലോ ഈ കാട്ടികൂട്ടലുകളൊക്കെ….അവൻ സന്തോഷമായിരിക്കട്ടെ…

ആത്മ നിന്ദയുടെ പുഞ്ചിരി എന്റെ മുഖത്തു വിരിയുമ്പോഴും മനസ്സ് പറയുന്നുണ്ടായിരുന്നു എന്റെ സന്തോഷം അവനിൽ ആരംഭിച്ചു അവനിൽ തന്നെ അവസാനിക്കുന്നു എന്ന്…സ്ത്രീസഹജമായ അസൂയ എനിക്കാ പെണ്കുട്ടിയോട് തോന്നിയിരുന്നു എന്ന്… എത്ര ആദര്ശവൽക്കരിച്ചാലും എന്റെയുള്ളിലും ഒരു പെണ്ണുണ്ട്…. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വെമ്പലുള്ള ഒരു പെണ്ണ്…
ഇനിയൊരിക്കലും മറ്റൊരാൾക്ക് തുറന്നുകൊടുക്കാൻ കഴിയാതിടത്തോളം ഭദ്രമായ ഒരു താഴിട്ടു ഞാൻ പൂട്ടിയിരിക്കുന്ന ആ മനസ്സിൽ ഒരേ ഒരു ചിത്രം മാത്രം…

തലകുനിഞ്ഞുപോയ ഒരു പെണ്ണിനെ താലി ചാർത്തിയ കൂട്ടുകാരന്റെ….അവന്റെ കണ്ണുകളിൽ കാണാതെ പോയ പ്രണയത്തെ…..അത് മനസ്സിലാകാതെ പടിയിറങ്ങിപോയ ഒരു മണ്ടി പെണ്ണിനെ…അനുസരണയില്ലാതെ നിറഞ്ഞ കണ്ണുകളെ മറക്കാൻ പാടു പെടുമ്പോൾ വാതിൽക്കൽ ഒരു കാല്പതനം കേട്ടു….തിരിഞ്ഞുനോക്കിയപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രണ്ടു അതിഥികൾ….ഒരേ നിമിഷം കണ്ണു നിറയുകയും അസ്വസ്ഥത പുകയുകയും ചെയ്യുന്ന പോലെ…

മോളേ….

മമ്മി വിളിച്ചു…ആ വാക്കുകളിൽ എവിടെയോ മറഞ്ഞിരിക്കുന്ന വെറുപ്പിനെ കണ്ടെത്താൻ വൃഥാ ശ്രമിക്കുകയായിരുന്നു അപ്പോഴെന്റെ മനസ്സ്….

മോളെ….

മമ്മി അടുത്തു വന്നു വിരലിൽ തൊട്ടു…ഞാൻ ദൈന്യതയോടെ അവരുടെ മുഖത്തേക്ക് നോക്കി..അടുത്ത നിമിഷം അവർ പൊട്ടിത്തെറി ച്ചേക്കുമെന്നും മനസമ്മതത്തെ കുറിച്ചു പറഞ്ഞു കരയുമെന്നും ഞാൻ ഭയന്നു…എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ എന്നെ നോക്കി പുഞ്ചിരിച്ചു…എന്റെ മനസ്സിൽ വല്ലാത്തൊരു കുഴക്കൽ അനുഭവപെട്ടു…

മാപ്പു ചോദിക്കാൻ കാത്തിരുന്ന എന്റെ മുഖത്തു എന്ത് ചെയ്യണം എന്നറിയാത്ത വേവലാതി പടർന്നു….ഞാൻ ബദ്ധപ്പെട്ടു ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് ദയനീയമായി പരാജയപെട്ടു…അവർ അലിവോടെ എന്റെ നെറുകയിൽ തലോടി..ഞാൻ മെല്ലെ കണ്ണുകളടച്ചു…

അമ്മ…..അമ്മയുടെ തലോടൽ പോലെ…..അല്ലെങ്കിലും മാതൃത്വത്തിനു എല്ലായ്‌പോഴും ഒരേ ഭാവം ആണല്ലോ…സ്നേഹത്തിന്റെ..കരുതലിന്റെ…

അന്ന് ഡേവിഡിനോടൊപ്പം വന്നു കയറുമ്പോൾ തനിക്കീ കരുതൽ കിട്ടിയെങ്കിൽ ഒരുപക്ഷേ….

ഒരു നെടുവീർപ്പിൽ എന്റെ ചിന്തകളെ ബന്ധനസ്ഥയാക്കി വെറുതെ കിടന്നു…ഇടക്ക് ഡേവിഡ് വരുന്നതും മമ്മിയോടും ആ പെണ്കുട്ടിയോടും സംസാരിക്കുന്നതും കേട്ടു…
അവനെ കാണാൻ തോന്നിയെങ്കിലും വെറുതെ കണ്ണുകൾ പൂട്ടിവച്ചു… ആ പെണ്കുട്ടിയുടെ സാനിദ്ധ്യത്തിൽ തന്റെ കണ്ണുകൾ അനുസ്സരണകേട് കാട്ടിയാലോ എന്ന ഭയം…

മൂന്നു ദിവസം പെട്ടെന്ന് കടന്നുപോയി..മമ്മിയും ആ പെണ്കുട്ടിയും മാറിമാറി തന്റെ കൂടെ നിന്നുവെങ്കിലും ഞാനവരോട് അധികം സംസാരിച്ചില്ല…എനിക്കെല്ലാവരെയും പേടിയായിരുന്നു….മനസമ്മതം മുടങ്ങി പോയതിനു ഞാനാണ് കാരണകാരി എന്നവർ ഏതു നിമിഷവും പറഞ്ഞേക്കുമെന്ന ഭയം…..ഇടക്കിടക്ക് ഡേവിഡ് വന്നും പോയുമിരുന്നു…അവനെ കാണുമ്പോഴെല്ലാം മനഃപൂർവ്വമെന്ന മട്ടിൽ ഞാൻ നോട്ടം മാറ്റി….എങ്കിലും ഞാൻ ഉറങ്ങുമ്പോൾ ഇടക്കൊക്കെ അവന്റെ സാമീപ്യം ഞാനറിയുന്നുണ്ടായിരുന്നു…പക്ഷെ കണ്ണുതുറന്നാൽ അതൊരു സ്വപ്നമായി മാഞ്ഞുപോയെക്കുമോ എന്ന ഭയം…അവന്റെ സാമീപ്യം ഞാൻ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു….അവന്റെ മാത്രമല്ല അമ്മയുടെ…അച്ഛന്റെ…ഏട്ടന്റെ…വാവയുടെ…പിന്നെ അടുത്തുണ്ടായിട്ടും ഏറെ ദൂരത്തായി തോന്നുന്ന ഡേവിഡിന്റെ മമ്മിയുടെ…

പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയതവരുടെ പെരുമാറ്റം ആയിരുന്നു…ഞാൻ കണ്ട ചുരുങ്ങിയ നാളുകളിൽ അവരുടെ കണ്ണിൽ കണ്ട ദുഃഖഭാവം പാടേ പോയ്മറഞ്ഞിരിക്കുന്നു…ആ കണ്ണുകളിൽ തിളക്കമുണ്ട്…ഇടക്കിടക്ക് തന്റെ നേരെ പാളി വീഴുന്ന കണ്ണുകളിൽ വാത്സല്യവും….

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…